പൗരാണിക നാഗരികതകളുടെ മണ്ണാണ് ഇറാഖ്. യൂഫ്രട്ടീസ് – ടൈഗ്രീസ് നദീതടങ്ങളില്‍ തഴച്ചുവളര്‍ന്ന മെസോപ്പെട്ടേമിയന്‍ നാഗരികതകള്‍ മാനവരാശിക്ക് നല്‍കിയ സംഭാവനകള്‍ ചെറുതല്ല. പൗരാണിക അറബ് സാഹിത്യങ്ങളില്‍ പ്രധാനമായ ആയിരത്തൊന്നു രാവുകള്‍ നിലാവ് ചൊരിഞ്ഞത് ടൈഗ്രീസിന്റെ തീരങ്ങളിലാണ്. ആയിരത്തൊന്നു രാവുകളില്‍ വിവരിക്കുന്ന പ്രധാന നഗരമാണ് ടൈഗ്രീസിന്റെ തീരത്തെ ബാഗ്ദാദ്. അറബ് സാഹിത്യവും വാനശാസ്ത്രവും എല്ലാം വളര്‍ന്നതും വേരുറച്ചതും ഈ വളക്കൂറുള്ള മണ്ണിലാണ്. ക്രിസ്തുവിനു ശേഷമുള്ള ആദ്യ സഹസ്രാബ്ദത്തില്‍ വന്‍ തോതില്‍ ക്രിസ്തീയസഭകളുടെ കടന്നുകയറ്റം ഉണ്ടായെങ്കിലും തങ്ങളുടെ സമ്പന്നമായ സംസ്‌കാരത്തിന് വലിയ കേടൊന്നും വരാതെ നോക്കുന്നതില്‍ അറബികള്‍ വിജയിച്ചിരുന്നു.
എന്നാല്‍ എട്ടാം നൂറ്റാണ്ടില്‍ ഇസ്ലാമിക ആധിപത്യത്തിലേക്ക് വന്നതോടെ പശ്ചിമേഷ്യയിലെ ഈ സംസ്‌കാരം എന്നന്നേക്കുമായി ഇല്ലാതായി. ശാസ്ത്രവും, സാഹിത്യവും എല്ലാം മതമൗലികവാദത്തിന്റെ ബലിയാടുകളായി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് എം.ടി വാസുദേവന്‍ നായര്‍ എഴുതിയ ഒരു ലേഖനം ഓര്‍മ്മവരുന്നു. അദ്ദേഹത്തിന്റെ ഒരു പ്രിയസുഹൃത്തായ എഴുത്തുകാരന്‍ പ്രവാചകന്റെ ഭാര്യയെ കഥാപാത്രമാക്കി ഒരു നോവല്‍ എഴുതാന്‍ തുടങ്ങി പെട്ടെന്ന് ഉപേക്ഷിച്ചു. മതമൗലികവാദികള്‍ തന്റെ പിന്‍തലമുറകളെപ്പോലും വെറുതെ വിടില്ല എന്ന ഭയത്തില്‍ നിന്നാണ് അത് സംഭവിച്ചത്. പൗരാണികവും സമൃദ്ധവുമായ അറബി ഭാഷ, മരുഭൂമിയും നിലാവും എല്ലാം ചേര്‍ന്ന ഭ്രമിപ്പിക്കുന്ന പശ്ചാത്തലം, അവിടെ ജീവിക്കുന്ന തീഷ്ണവികാരങ്ങളുള്ള മനുഷ്യര്‍. എന്നിട്ടുമെന്തേ അറബിയില്‍ നിന്ന് മഹത്തായ സാഹിത്യങ്ങള്‍ ഉണ്ടാകുന്നില്ല? ഒരു ഷെല്ലിയോ കീറ്റ് സോ കാളിദാസനോ അറേബ്യന്‍ ഭൂമിയില്‍ നിന്നുമുണ്ടായില്ല? എത്ര ഭയാനകമായ അവസ്ഥയിലൂടെയാണ് അറബ് രാജ്യങ്ങള്‍ കഴിഞ്ഞ ഒന്നര സഹസ്രാബ്ദം കടന്നുപോയത്?
അപ്പോള്‍ അവിടെ ജീവിച്ച അന്യവിശ്വാസികളുടെ കാര്യമോ?അല്‍പ്പമെങ്കിലും ക്രിസ്ത്യാനികളും യസീദികളും ബാക്കിയുണ്ടായിരുന്നത് ഇറാഖില്‍ ആണ്. സദ്ദാം ഹുസൈന്‍ ഭരിച്ചിരുന്ന ഇറാഖില്‍ അയാളുടെ മുഖ്യ എതിരാളികള്‍ ക്രിസ്ത്യാനികള്‍ ആയിരുന്നില്ല. ഷിയാ വംശജരായ ഖുര്‍ദ്ദുകളും ഇറാനുമായിരുന്നു. ഖുര്‍ആന്റെയും പ്രവാചകന്റെയും പാത പിന്‍പറ്റുന്ന ഷിയാ വിഭാഗം എങ്ങനെ ഇസ്ലാമിനുള്ളിലെ തന്നെ സുന്നികളുടെ ശത്രുവായി എന്നത് കൗതുകമുണര്‍ത്തുന്ന വിഷയമാണെങ്കിലും അതൊരു യാഥാര്‍ത്ഥ്യമാണ്.
ഷിയാക്കളോടുള്ള ഈ ശത്രുത കാരണം കൊണ്ടുതന്നെ സദ്ദാമിന് രാജ്യത്തെ ക്രിസ്ത്യാനികളെ രണ്ടാം തരാം പൗരന്മാരായിട്ടെങ്കിലും കണക്കാക്കേണ്ടി വന്നു എന്ന് മാത്രമല്ല പലപ്പോഴും സൈന്യത്തിലും സര്‍ക്കാര്‍ തലങ്ങളിലും വരെ അവര്‍ക്ക് ചെറുതെങ്കിലും മികച്ച പരിഗണന ലഭിച്ചിരുന്നു. സദ്ദാമിന്റെ വിദേശകാര്യമന്ത്രിയായിരുന്ന താരിഖ് അസീസ് ക്രിസ്ത്യന്‍ ആയിരുന്നു.
എന്നാല്‍ 1989 ലെ ഇറാഖിന്റെ കുവൈറ്റ് അധിനിവേശം, തുടര്‍ന്നുണ്ടായ ഗള്‍ഫ് യുദ്ധം എന്നിവ പിന്നീടുള്ള പതിറ്റാണ്ടില്‍ ഇറാഖിനെ ലോകത്തിലെ ഏറ്റവും അസ്വസ്ഥബാധിത പ്രദേശമാക്കി മാറ്റി. 2003 ല്‍ സദ്ദാം ഹുസ്സൈന്‍ അധികാരഭ്രഷ്ടനായി, ഇറാഖ് പൂര്‍ണ്ണമായും മാറി. പിന്നീട് അമേരിക്കന്‍ സഖ്യസേന ഇറാഖില്‍ നിന്ന് പിന്‍വാങ്ങിയ ശേഷം അവിടവിടെയായി ഒതുങ്ങിക്കിടന്ന ഇസ്ലാമിക തീവ്രവാദം വീണ്ടും പച്ചപിടിച്ചു. അത് വന്‍തോതിലുള്ള അക്രമങ്ങളിലേക്കും മനുഷ്യത്വം മരവിക്കുന്ന ക്രൂരതകളിലേക്കും വഴിമാറി. സൗദിയും മറ്റ് സമ്പന്ന ഇസ്ലാമിക രാജ്യങ്ങളും പിന്തുണക്കുന്ന മതമൗലികവാദ ഗ്രൂപ്പുകള്‍ ഇറാഖിനെ വിഴുങ്ങാന്‍ തുടങ്ങി. അങ്ങനെയാണ് ഭീകരവാദ ചരിത്രത്തിലെ ഏറ്റവും ക്രൂരന്മാരായ ഇസ്ലാമിക് സ്റ്റേറ്റ് പിറവിയെടുക്കുന്നത്.
കഴിഞ്ഞ പതിറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഐ എസ് മൊസൂള്‍ അടക്കമുള്ള ഇറാഖിന്റെ വലിയൊരു പ്രദേശവും സിറിയ ഏതാണ്ട് മുഴുവനായും നിയന്ത്രണത്തിലാക്കി. തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ സമാനതകളില്ലാത്ത ക്രൂരതയാണ് അവര്‍ അഴിച്ചുവിട്ടത്. മാത്രവുമല്ല തങ്ങളുടെ ക്രൂരതയുടെ ദൃശ്യങ്ങളുടെ വീഡിയോ ലോകം മുഴുവന്‍ പ്രചരിപ്പിക്കുന്നതില്‍ അവര്‍ പ്രത്യേകശ്രദ്ധ വെച്ചിരുന്നു.
അവരുടെ അക്രമങ്ങള്‍ക്ക് ഏറ്റവുമധികം ഇരയായത് ഇറാഖില്‍ അവശേഷിച്ചിരുന്ന ക്രിസ്ത്യാനികളും നാമമാത്രമായ യസീദികളുമാണ്. ക്രിസ്ത്യന്‍ പള്ളികള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. പുരുഷന്മാരെ കൂട്ടത്തോടെ കൊന്നു കുഴിച്ചുമൂടി. സ്ത്രീകളെ പ്രായവ്യത്യാസമില്ലാതെ ബലാത്സംഗം ചെയ്തു. അടിമച്ചന്തകളില്‍ കാലികളെപ്പോലെ വിലപേശി വിറ്റു.
ഓര്‍ക്കണം, ഇത് നടക്കുന്നത് മധ്യകാലത്തൊന്നുമല്ല. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലാണ്.
ഇതിന് അറുതിവരുത്താന്‍ വീണ്ടും യുഎന്‍ സഖ്യസേന ഇറങ്ങിയതോടെ ആണ് അക്രമങ്ങള്‍ക്ക് ഇത്തിരി ശമനം വന്നത്.മൊസൂള്‍ തിരിച്ചുപിടിച്ചു. അക്രമികളെ വ്യാപകമായി ഉന്മൂലനം ചെയ്തു.ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് ബാഗ്ദാദിയെ വകവരുത്തി. എങ്കിലും അപ്പോഴേക്കും ഇറാഖിലെ നല്ലൊരു ശതമാനം ക്രിസ്ത്യാനികള്‍ തുടച്ചുനീക്കപ്പെട്ടിരുന്നു.
ഈ പശ്ചാത്തലത്തിലാണ് മാര്‍പ്പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തെ വിലയിരുത്തേണ്ടത്.
ചരിത്രത്തില്‍ ആദ്യമായാണ് ഒരു മാര്‍പ്പാപ്പ ഇറാഖ് സന്ദര്‍ശിക്കുന്നതിനപ്പുറം അത് ലോകത്തിനു നല്‍കുന്ന ചില സന്ദേശങ്ങളാണ് ഇവിടെ പ്രധാനം.
മതമൗലികവാദവും ഭീകരപ്രവര്‍ത്തനവും ഒരു തലമുറയിലെയും സമൂഹത്തിന്റെ പ്രത്യയശാസ്ത്രമാകാന്‍ പാടില്ല എന്നതാണ് അതില്‍ ഒന്നാമത്. എല്ലാ വിശ്വാസങ്ങളും സമരസതയോടെ നിലനില്‍ക്കുന്ന ഭാരതത്തിന്റെ കാഴ്ചപ്പാടിലെ വസുധൈവ കുടുംബകം എന്ന സന്ദേശം തന്നെയാണ് ഈ ഐതിഹാസിക സന്ദര്‍ശനം നല്‍കുന്നത്.
മാര്‍പ്പാപ്പ, ഒരു സമയത്തെ ഐഎസ് ശക്തികേന്ദ്രമായിരുന്ന മൊസൂളിലെ തകര്‍ക്കപ്പെട്ട ചില പള്ളികളില്‍ പ്രാര്‍ത്ഥന നടത്തുകയും ഇബ്രിലെ ഒരു സ്റ്റേഡിയത്തില്‍ ഒരു വന്‍ വിശ്വാസിസമൂഹത്തെ അഭിസംബോധന ചെയ്യുകയുമുണ്ടായി. ഇതൊന്നും ഏതാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിന്തിക്കാന്‍ പോലുമാകില്ലായിരുന്നു. എത്ര തുടച്ചുനീക്കിയാലും, എന്ത് അക്രമങ്ങള്‍ നടത്തിയാലും ആത്മീയ ശക്തിയുള്ള ഒരു സമൂഹത്തിനു നശിക്കാനാവില്ല, അത് അതിജീവിക്കുകയും നിലനില്‍ക്കുകയും ചെയ്യും എന്ന് കഴിഞ്ഞ നൂറ്റാണ്ടില്‍ ജൂതര്‍ കാണിച്ചു തന്നതിന്റെ ഒരു ആവര്‍ത്തനമാണ് ഇപ്പോള്‍ ഇറാഖില്‍ സംഭവിച്ചത് എന്നു തന്നെ മനസ്സിലാക്കാം.
എന്തായാലും, അന്താരാഷ്ട്ര രാഷ്ട്രീയത്തില്‍ ഒരുപാട് പ്രാധാന്യമുള്ള ഈ സന്ദര്‍ശനം പശ്ചിമേഷ്യയില്‍ ഭീകരവാദത്തിന്റെ കാര്‍മേഘങ്ങള്‍ പതുക്കെ ഒഴിയുന്നു എന്ന സന്ദേശം തന്നെയാണ് നല്‍കുന്നത്.