മലയാളം വാരികയുടെ ഉപദേഷ്ടാവ് ടി.ജെ.എസ് ജോര്‍ജ്ജ് മാര്‍ച്ച് 1 ലക്കം മലയാളം വാരികയില്‍ ഇ.ശ്രീധരന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് ആള്‍മാറാട്ടം എന്ന വിയോജനക്കുറിപ്പ് എഴുതിയിരിക്കുന്നു. ഇ.ശ്രീധരനല്ല ആ ശ്രീധരന്‍ എന്നിങ്ങനെ പേരിന്റെ ഇനീഷ്യലില്‍ പിടിച്ച് ഒരു അലങ്കാര പ്രയോഗവും. ഈ.ശ്രീധരന്‍ എന്ന പേരില്‍ അത്തരം സാധ്യതയെ കണ്ടെത്തിയതിനെ അനുമോദിക്കാം. അതേസമയം തന്റെ വാര്‍ദ്ധക്യത്തിന്റെ പരമോന്നതാവസ്ഥയില്‍ ശ്രീധരന്‍ എന്തുകൊണ്ട് രാഷ്ട്രീയ പ്രവേശനം നടത്തി എന്ന് മനസ്സിലാക്കാനുള്ള വിവേചന ബുദ്ധി ജോര്‍ജ്ജ് കാണിക്കാത്തതില്‍ നമുക്ക് ഖേദിക്കാം. കേരളത്തിലെ കഴുത്തറ്റം അഴിമതിയില്‍ മുങ്ങിയ ഭരണപക്ഷത്തെയും ഇന്നത്തെ ഭരണപക്ഷത്തെക്കാള്‍ ഭേദമാണെങ്കിലും വലിയ വ്യത്യാസമൊന്നുമില്ലാത്ത പ്രതിപക്ഷത്തെയും കണ്ടിട്ട് ഇതുമാത്രമാണ് രാഷ്ട്രീയം എന്നൊരു മുന്‍വിധി മനസ്സിലിട്ടുകൊണ്ടാണ് ലേഖകന്‍ ‘രാഷ്ട്രീയത്തിന്റെ ചെളിക്കുണ്ടിലേയ്ക്ക്’ ശ്രീധരനിറങ്ങി എന്നു പരിഭവിക്കുന്നത്. ഇന്നത്തെ കേരളത്തിനറിയാത്ത ഒരു മുഖം രാഷ്ട്രീയത്തിനുണ്ട്. നേതാജിയും മഹാത്മജിയും ഡോക്ടര്‍ രാജേന്ദ്രപ്രസാദും ഗുല്‍സാരിലാല്‍ നന്ദയും ജയപ്രകാശ് നാരായണനും ശ്യാമപ്രസാദ് മുഖര്‍ജിയും ഒക്കെ നടന്ന ഒരു വഴി. ഒരു സമ്പൂര്‍ണത്യാഗത്തിന്റെ മുഖം. അതു മലയാളിക്ക് പരിചയമുള്ളതല്ല. ഇടതു-വലതു മുന്നണികളുടേത് അഴിമതി രാഷ്ട്രീയം മാത്രമാണ്. ആ രാഷ്ട്രീയത്തിലേയ്ക്കല്ല സംശുദ്ധമായ വ്യക്തിത്വമുള്ള ഈ ശ്രീധരന്‍ ഇറങ്ങിയത് എന്ന് തിരിച്ചറിയാന്‍ ജോര്‍ജ്ജിന് കഴിയുന്നില്ല. അദ്ദേഹം കുറ്റക്കാരനല്ല, അദ്ദേഹവും ഒരു മലയാളിയാണല്ലോ!!
* * *
കാനം പൊതുവെ അഴിമതി വിരുദ്ധമായ ഇമേജുള്ള രാഷ്ട്രീയ നേതാവാണ്. പക്ഷെ ഈയടുത്തകാലമായി ഭരണപക്ഷത്തിന്റെ അഴിമതികള്‍ക്കു മുന്നില്‍ അദ്ദേഹത്തിന്റെ നാവ് നിശ്ശബ്ദമാണ്. എന്താണ് കാരണമെന്നറിയില്ല. പല അഴിമതികളെയും പിന്‍താങ്ങാന്‍ അദ്ദേഹം നിര്‍ബ്ബന്ധിതനായിരിക്കുന്നു. മലയാളത്തില്‍ അദ്ദേഹത്തിന്റെ അഭിമുഖം കാണുമ്പോള്‍ അതാണു മനസ്സിലാവുന്നത്. വല്ലവരും ഭീഷണിപ്പെടുത്തിയോ എന്തോ?
* * *
കേരളത്തിലെ പ്രധാന മാധ്യമങ്ങളുടെ പതിവു വിനോദം സംഭവങ്ങളെ എല്ലാം ജാതീയമായി വ്യാഖ്യാനിക്കുക എന്നതാണ്. ഒരുതരത്തിലുള്ള യാഥാര്‍ത്ഥ്യവും അതിനു പിന്നിലുണ്ടാവുകയില്ല. എങ്കിലും അവരിത് തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിന് ഇവര്‍ക്ക് ആരെങ്കിലും പണം നല്‍കുന്നുണ്ടോ എന്നറിയില്ല. മുഖ്യ മാധ്യമങ്ങളിലൊക്കെ അങ്ങനെ കുറെ കള്ളക്കഥകള്‍ ഉണ്ടാവും. അച്ചടിമാധ്യമങ്ങളില്‍ മാത്രമല്ല ദൃശ്യമാധ്യമങ്ങളിലും അത്തരം കുറെ കഥകള്‍ എല്ലാ ആഴ്ചയിലും കൊടുക്കും. പതിവു വിഭവമായി അത്തരം കാര്യങ്ങള്‍ മാറിയിരിക്കുന്നു. ബോധപൂര്‍വ്വം കൊടുക്കുന്ന നുണക്കഥകളാണ് പലതും എന്നിപ്പോള്‍ മിക്കവാറും എല്ലാവര്‍ക്കും മനസ്സിലായിക്കഴിഞ്ഞതിനാല്‍ പലരും ഇപ്പോള്‍ അത്തരം വാര്‍ത്തകള്‍ ശ്രദ്ധിക്കാറില്ല. മാധ്യമപ്രവര്‍ത്തകര്‍ക്കൊഴികെ മറ്റാര്‍ക്കും അതിലിപ്പോള്‍ താല്പര്യമില്ല. എങ്കിലും വ്യക്തി വിദ്വേഷത്തിന്റെ പേരില്‍ സംഭവിക്കുന്ന സംഘര്‍ഷങ്ങളെ ഒക്കെ ചികഞ്ഞെടുത്ത് അതിലെ വ്യക്തികളുടെ ജാതി അന്വേഷിച്ച് ഊതിപ്പെരുപ്പിക്കുക എന്നതാണ് മാധ്യമവര്‍ഷം എന്നവര്‍ വിശ്വസിക്കുന്നു. അത്തരത്തിലുള്ള മൂന്നു നാലു സംഭവങ്ങളില്ലാതെ ഒരു മാധ്യമവും ഇപ്പോള്‍ കേരളത്തില്‍ പുറത്തിറങ്ങാറില്ല. അതൊരു ആചാരമായിത്തീര്‍ന്നിരിക്കുന്നു. മലയാളം വാരികയില്‍ ഇത്തവണയും തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജില്‍ ഉണ്ടായ ഒരു സംഭവം ജാതി വിവേചനമാണെന്ന് മലയാളം കണ്ടെത്തിയിരിക്കുന്നു. ആര്‍ക്കറിയാം സത്യം? ക്രിക്കറ്റ് ടീമില്‍ കളിക്കാരെ തിരഞ്ഞെടുക്കുന്നതും ജാതി നോക്കിയാണെന്നാണ് മലയാളത്തില്‍ മാളവിക ബിന്നിയുടെ കണ്ടെത്തല്‍! കേരളമേ ഇത്തരം മാധ്യമപ്രവര്‍ത്തകരുടെ പേരില്‍ സഹതപിക്കുക.
* * *
കംപൂച്ചിയന്‍ യാത്രാവിവരണം എഴുതുന്ന ശ്രീകാന്ത് കോട്ടയ്ക്കല്‍ ഒരുസത്യം എഴുതിക്കണ്ടപ്പോള്‍ സത്യവും ചിലപ്പോഴൊക്കെ എഴുതാറുണ്ട് എന്നു തോന്നിപ്പോയി. ആ സത്യം ഇങ്ങനെയാണ്. ”തിരിച്ചുള്ള യാത്രയില്‍ ഞാന്‍ മനോരോഗിയായപ്പോള്‍ പോട്ടിനെ ഓര്‍ത്തു. അയാളെ എങ്ങനെയെങ്കിലും ന്യായീകരിക്കാന്‍ ശ്രമിക്കുന്ന അപൂര്‍വ്വം കുട്ടിസഖാക്കന്മാരെ ഓര്‍ത്തു. വിപ്ലവം തോക്കിന്‍ കുഴലിലൂടെ തന്നെയാണു വരിക എന്നുവിശ്വസിക്കുന്ന പരമദ്രോഹികളായ വിഡ്ഢികളെ ഓര്‍ത്തു. അവരെ ഈ കൊലനിലത്ത് ഒരു രാത്രി പാര്‍ക്കാന്‍ വിടണം….” ഇതു കേരളമാണെന്ന് ഓര്‍ക്കാതെ എഴുതുന്ന ശ്രീകാന്തിനോട് കേരളത്തിലെ പ്രബുദ്ധ സഖാക്കള്‍ ക്ഷമിക്കട്ടെ…
കൂട്ടത്തില്‍ മലയാളത്തില്‍ രണ്ട് കവിതകളുമുണ്ട്. ഡി.സന്തോഷിന്റെ ‘വേലിപ്പൂക്കളും’ വി.എം. അനൂപിന്റെ ‘അപ്പുവിന്റെ അമ്മ’യും അപ്പൂവിന്റെ അമ്മ മരിക്കുന്നതാണ് അനൂപിന്റെ കവിത. അമ്മ ഇനി എപ്പോഴാണ് ഉണരുന്നതെന്ന് അപ്പു ചോദിക്കുന്നു. എത്ര കവികള്‍ എഴുതിക്കഴിഞ്ഞതാണ് ഇതൊക്കെ. വയലാറിന്റെ ‘ആത്മാവില്‍ ഒരുചിത’ യില്‍ പറയുന്നതും ഇതല്ലേ; ഇതേക്കാള്‍ എത്രയോ കാവ്യാത്മകമായി. കവിതയുടെ വിഷയ ദാരിദ്ര്യം ഇത്രത്തോളമുണ്ടോ? വേലിപ്പൂക്കള്‍ തരക്കേടില്ലാത്ത കവിതയാണ്. കുറച്ചൊരു പുതുമയും ഉണ്ട്. വേലിയ്ക്കല്‍ നില്‍ക്കുന്ന പൂക്കളെയും ചെടികളെയും കുറിച്ചു നടത്തുന്ന നിരീക്ഷണങ്ങള്‍ പുതുമയുള്ളതു തന്നെ.
* * *
മാതൃഭൂമിയില്‍ (മാര്‍ച്ച് 7) വിഷ്ണു നാരായണന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്ന ലേഖനങ്ങള്‍ ഒഴിച്ചാല്‍ വായിക്കാന്‍ തോന്നുന്നത് ലീലാവതി ടീച്ചറുടെ ആത്മകഥമാത്രം. വഴിപാടുപോലെ രണ്ടു കവിതകളുണ്ട്. രണ്ടും ശ്രദ്ധയെ ആകര്‍ഷിക്കുന്നില്ല. ടീച്ചറുടെ ആത്മകഥ മലയാളത്തിലെ ഏറ്റവും പണ്ഡിതയായ നിരൂപകയുടേതായതിനാല്‍ തീര്‍ച്ചയായും വായിക്കേണ്ടതുതന്നെ. പാണ്ഡിത്യം എന്നത് പലരെ സംബന്ധിച്ചും ഉപരിപ്ലവമായ ഒരു നാട്യം മാത്രമാണു കേരളത്തില്‍. എന്നാല്‍ ലീലാവതി ടീച്ചര്‍ എല്ലാ അര്‍ത്ഥത്തിലും പണ്ഡിത തന്നെ. ആഴമേറിയ പാണ്ഡിത്യം, അതിശയിപ്പിക്കുന്ന ഓര്‍മ്മശക്തി. എല്ലാം നമ്മളെ അത്ഭുതപ്പെടുത്തുന്നവതന്നെ. ശരിക്കുള്ള പണ്ഡിതരുടെ അഭാവം നമ്മുടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്ന ഇക്കാലത്ത് ടീച്ചര്‍ ഒരു തണല്‍ മരമാണ്.
* * *
മാധ്യമം (മാര്‍ച്ച് 6) കുറെ തമിഴ് കവിതകളുടെ വിവര്‍ത്തനങ്ങള്‍ കൊണ്ടു നിറച്ചിരിക്കുന്നു. Poetry is what gets lost in translation-(വിവര്‍ത്തനത്താല്‍ നഷ്ടപ്പെടുന്നതെന്തോ അതാണ് കവിത) എന്നു പറഞ്ഞത് അമേരിക്കന്‍ കവിയായ റോബര്‍ട്ട് ഫ്രോസ്റ്റാണ്. ഫ്രോസ്റ്റിന്റെ കവിതകള്‍ പലതും വിവര്‍ത്തനം ചെയ്യാതെ തന്നെ കവിതയല്ലാതാകുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഇംഗ്ലീഷ് പാണ്ഡിത്യം വേണ്ടപോലെ ഇല്ലാത്തതുകൊണ്ടാണോ എന്നറിയില്ല ഫ്രോസ്റ്റിന്റെ പല കവിതകളും ആസ്വദിക്കാന്‍ ഈ ലേഖകനു കഴിഞ്ഞിട്ടില്ല. മാധ്യമത്തിലെ വിവര്‍ത്തന കവിതകളും ആസ്വദിക്കാന്‍ പറ്റുന്നില്ല. തമിഴില്‍ വേണ്ടത്ര പരിജ്ഞാനമുണ്ടായിരുന്നെങ്കില്‍ നേരിട്ടു വായിക്കാമായിരുന്നു.
* * *
ഭാഷാപോഷിണി മാര്‍ച്ച് ലക്കം പ്രധാന ലേഖനം കെ.എസ്. രവികുമാറിന്റെ കടമ്മനിട്ട പഠനമാണ്- ‘കടമ്മനിട്ട കവിതയുടെ കനലാട്ടം.’ ജീവിച്ചിരുന്നപ്പോള്‍ നമ്മുടെ അരങ്ങുകളെ പിടിച്ചു കുലുക്കിയ കടമ്മനിട്ടയെ മരണശേഷം അധികംപേര്‍ ശ്രവിക്കുന്നില്ല എന്നതു ദുഃഖകരമായ സംഗതിയാണ്. പുകാസയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന കവിയെ ഇപ്പോള്‍ അവര്‍ക്കും വേണ്ട. കവിയെ വേണ്ട രീതിയില്‍ പഠിക്കാന്‍ ആരും തയ്യാറായില്ല. എന്നാല്‍ കെ.എസ്. രവി കുമാര്‍ ഒരു നിയോഗം പോലെ കടമ്മനിട്ടയെ ജനമനസ്സുകളിലെത്തിക്കാന്‍ വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ചുള്ള പുസ്തകരൂപത്തിലുള്ള പഠനവും വിപുലമായി പുറത്തിറക്കിയത് രവികുമാറാണ്. ആധുനികതയ്ക്ക് മൂര്‍ത്തമായ മുഖം നല്‍കിയ കവി കടമ്മനിട്ടയാണ്. ശരിക്കും കേരളീയമായി ആധുനിക കവിതയെ വ്യാഖ്യാനിച്ച കവിയും കടമ്മനിട്ട മാത്രമാണ്. ആധുനികര്‍ എന്നു വിളിക്കാവുന്ന അനേകം പേര്‍ മലയാളത്തിലുണ്ടെങ്കിലും അവരാരും കടമ്മനിട്ടയെപ്പോലെ സ്വന്തമായ കാവ്യവ്യക്തിത്വം ആര്‍ജ്ജിച്ചില്ല. കടമ്മന്‍ ആധുനികതക്ക് ഒരു പത്തനംതിട്ട സ്റ്റൈല്‍ തീര്‍ക്കുകയായിരുന്നു. ശരിക്കും പറഞ്ഞാല്‍ അദ്ദേഹം ആധുനികതയെ കടമ്മനിട്ടക്കാവിലേയ്ക്കും പടയണിയിലേയ്ക്കും ആവാഹിക്കുകയായിരുന്നു.
കുറച്ചുമാത്രമേ എഴുതിയുള്ളൂവെങ്കിലും എഴുതിയതിനൊക്കെയും ഒരു കടമ്മനിട്ടത്തം ഉണ്ടെന്നതാണ് കവിയുടെ വിജയം. അസാധാരണമാംവിധം ശൈലീകൃതമാണ് ആ രീതി. കാട്ടാളന്‍, കിരാതവൃത്തം, ദേവീസ്തവം, കുറത്തി, ശാന്ത, പുരുഷസൂക്തം, കടമ്മനിട്ട തുടങ്ങിയ കവിതകള്‍ മറ്റൊരാള്‍ക്കും അനുകരിക്കാനാവാത്തവിധം ഈ ‘കടമ്മനിട്ടമുദ്ര’ പതിഞ്ഞ കവിതകളാണ്. അവയൊക്കെ കവിതയുടെ ഒരു കുത്തൊഴുക്ക് പോലെയാണ് അക്കാലത്തെ വായനക്കാര്‍ക്ക് അനുഭവപ്പെട്ടത്. അത്തരത്തില്‍ ഒരു മഹാപ്രവാഹം സൃഷ്ടിക്കാന്‍ പിന്നെ മലയാളത്തില്‍ മറ്റൊരു കവിയ്ക്കും കഴിഞ്ഞിട്ടില്ല. അസാധാരണമായ ചൊല്‍വടിവും കൂടി സമ്മേളിച്ചപ്പോള്‍ കവിതയെക്കൊണ്ടു കാട്ടാള നൃത്തം ചവിട്ടിക്കാന്‍ കടമ്മനിട്ടക്കായി. രവികുമാര്‍ ചെയ്തുകൊണ്ടിരിക്കുന്നത് സദ് കര്‍മ്മം തന്നെ.
* * *
മലയാളത്തിന്റെ മഹായാത്രികനായിരുന്ന പൊറ്റെക്കാടിനെ മകള്‍ സുമിത്ര ജയപ്രകാശ് ഭാഷാപോഷിണിയില്‍ അനുസ്മരിക്കുന്നു. സന്തോഷ് ജോര്‍ജ്ജ് കുളങ്ങര അരങ്ങിലെത്തും വരെ യാത്രയുടെ എഴുത്തുകാരന്‍ പൊറ്റെക്കാട് മലയാളികള്‍ക്ക് അത്ഭുതം തന്നെയായിരുന്നു. രാജ്യങ്ങളുടെ എണ്ണത്തില്‍ സന്തോഷ് ജോര്‍ജ്ജ്, പൊറ്റെക്കാടിനെ ബഹുദൂരം പിന്നിലാക്കിയെങ്കിലും കാഴ്ചകള്‍ പുസ്തകരൂപത്തിലാക്കുന്ന സിദ്ധി പൊറ്റക്കാടിനുള്ളതുപോലെ അയാള്‍ക്കില്ല. പൊറ്റെക്കാടിന്റെ കാലത്ത് ക്യാമറയില്‍ പകര്‍ത്തുന്ന സാങ്കേതിക സിദ്ധിയുണ്ടായിരുന്നില്ലല്ലോ. എന്നിട്ടും അതൊക്കെ ഹൃദയത്തില്‍ പകര്‍ത്തി അക്ഷരങ്ങളിലൂടെ പകര്‍ന്നു അദ്ദേഹം നമ്മെ ആനന്ദിപ്പിച്ചു. കഥയിലും കവിതയിലും നോവലിലും പൊറ്റെക്കാട് തന്റെ ശേഷി തെളിയിച്ചു. ഒരു ദേശത്തിന്റെ കഥയും ഒരു തെരുവിന്റെ കഥയും വിഷകന്യകയും മലയാളഭാഷ മറഞ്ഞുപോകുംവരെയുണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അച്ഛനെ അനുസ്മരിക്കുന്ന മകളുടെ എഴുത്ത് മോശമായില്ല.
* * *
ചൈനയ്ക്കും ഇന്ത്യയ്ക്കുമിടയില്‍ ഒരിക്കലും ഉണങ്ങാനിടയില്ലാത്ത കണ്ണുനീര്‍തുള്ളിയായ തിബറ്റിന്റെ കാഴ്ചകളിലൂടെയുള്ള തീര്‍ത്ഥാടനത്തെക്കുറിച്ച് ലാമ അനഗരിക ഗോവിന്ദ എഴുതിയ The way of the white clouds നെ വായിക്കാനായതിന്റെ അനുഭവം ശ്രദ്ധയേറിയ ഭാഷയില്‍ അവതരിപ്പിക്കുന്ന ആഷാമേനോന്റെ ഭാഷാപോഷിണി ലേഖനം പാരായണ ക്ഷമതയുള്ളതുതന്നെ.
ആലങ്കോട് ലീലാകൃഷ്ണന്‍ ഭാഷയില്‍ നല്ല സ്വാധീനമുള്ള കവിയാണ്. മറ്റു പല കവികളേക്കാളും അദ്ദേഹത്തിനു മലയാളം നന്നായി വഴങ്ങും. പക്ഷെ വളച്ചുകെട്ടിപ്പറച്ചിലാണ് കവിതയുടെ സൗന്ദര്യം എന്നു പറഞ്ഞ കുന്തകന്റെ വഴിയാണ് ആലങ്കോട് ‘അന്നത്തിന്റെ നാഥന്’ എന്ന ഭാഷാപോഷിണി കവിതയില്‍ സ്വീകരിച്ചിരിക്കുന്നത്. കര്‍ഷകസമരം എന്ന പേരില്‍ ചില സംസ്ഥാനങ്ങളില്‍ നടന്നുവരുന്നത് കര്‍ഷകര്‍ക്ക് എതിരെ ഇടനിലക്കാര്‍ നടത്തുന്ന സമരമാണ് എന്നു മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി ആലങ്കോടിനു തീര്‍ച്ചയായും ഉണ്ടാകും. എന്നാല്‍ ആ സത്യം തുറന്നു പറഞ്ഞാല്‍ തീര്‍ന്നില്ലേ എല്ലാം. പദവികള്‍ അവാര്‍ഡ് എല്ലാം അതോടെ തീര്‍ന്നു; അതുകൊണ്ട് രാജാവിനു കഴുതച്ചെവികളാണ് എന്നു പറയേണ്ടിവന്ന സേവകന്റെ ഗതികേടില്‍ കവി ചെന്നുപെടുന്നു. അന്നത്തിന്റെ നാഥനെ ആര്‍ക്കും പിടികിട്ടാത്ത രീതിയില്‍ അങ്ങ് അവതരിപ്പിച്ചു. കര്‍ഷക സമരത്തോട് ഐക്യദാര്‍ഢ്യമുണ്ട്. പക്ഷെ അതാരും അങ്ങോട്ടു മനസ്സിലാക്കുകയും പാടില്ല. കവിയുടെ ഉന്നം അതാണ്. ചില കക്ഷിനേതാക്കളെ ബോധ്യപ്പെടുത്താന്‍ മാത്രം ഉള്ള എഴുത്ത് – തികച്ചും വ്യംഗ്യം – രാജാക്കന്മാര്‍ തൃപ്തരാകും. മറ്റുള്ളവര്‍ അറിയുകയുമില്ല. ഒളിപ്പിച്ചു പറയുന്നതിലാണല്ലോ കവിതയുടെ ലാവണ്യം കൂടികൊള്ളുന്നത്!