‘കാലാന്തരത്തില്‍ നമുക്ക് നമ്മുടെ മാതാപിതാക്കളുടെ പ്രായമായി…’
കാവിലെ ദൈവങ്ങള്‍ക്ക് മുന്നില്‍ തൊഴുതിറങ്ങുമ്പോള്‍ അയാള്‍ക്ക് അപ്പോള്‍ അവളോട് അങ്ങനെ പറയാനാണ് തോന്നിയത്.
പ്രസാദമായി കിട്ടിയ മഞ്ഞള്‍ കുറി നെറ്റിയില്‍ തൊട്ടു കൊണ്ട് അവള്‍ ഒന്നും പറയാതെ നിര്‍വികാരതയോടെ അയാളുടെ മുഖത്തേക്ക് നോക്കി നിന്നു.
അവളുടെ മുഖഭാവം ശ്രദ്ധിച്ച അയാള്‍ക്ക് അവളോട് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു പക്ഷേ ഒരു നിഷ്‌കളങ്കത ഈ പ്രായത്തിലും അവളുടെ മുഖത്ത് കണ്ട അയാള്‍ ഒരു ദീര്‍ഘ നിശ്വാസമുതിര്‍ത്ത് കാവിനു പുറത്തേക്കുള്ള പടവുകളിറങ്ങി, പിന്നെ അവള്‍ വരാനായി കാത്തുനിന്നു.
കാവിന്റെ കല്‍പ്പടവുകള്‍ തൊട്ടു തൊഴുതു സാവധാനം ഇറങ്ങിവരുന്ന അവളെ ആദ്യമായി കാണുന്നതു പോലെ അയാള്‍ നോക്കി നിന്നു.
ആ സായാഹ്നത്തില്‍ അന്നാദ്യമായി വീണ്ടും അയാളുടെ മനസ്സിലേക്ക് വാര്‍ദ്ധക്യത്തെ കുറിച്ചുള്ള ചിന്തകള്‍ സമ്മതം ചോദിക്കാതെ കയറി വന്നു. പിന്നെ അതൊരു ഭയമായി അയാളുടെ മനസ്സില്‍ പടര്‍ന്നു കയറി. അതിനെ പ്രതിരോധിക്കാനെന്നവണ്ണം അയാളുടെ ചുണ്ടുകള്‍ വേഗത്തില്‍ ഈശ്വര നാമങ്ങള്‍ ഉരുവിട്ടുകൊണ്ടിരുന്നു.
നാട്ടു വെളിച്ചത്തില്‍ ഗ്രാമ വഴികളിലൂടെ അവര്‍ രണ്ട് രൂപങ്ങള്‍ സാവധാനം നടന്നു നീങ്ങി. അവര്‍ക്കു മുകളില്‍ ആകാശനീലിമയില്‍ കുങ്കുമപ്പൊട്ടുതൊട്ട് വെള്ളിമേഘങ്ങള്‍ ചിതറിക്കിടന്നിരുന്നു. നാട്ടു മണം പേറിയെത്തിയ ചെറിയ കാറ്റ് അവര്‍ക്കു ചുറ്റും നൃത്തം വച്ചു.
നര കയറിയ മുടിയിഴകള്‍ മാടിയൊതുക്കുമ്പോഴും അവളും മറ്റൊരു ചിന്തയിലായിരുന്നു. കാലപ്രവാഹത്തെ കുറിച്ച് അയാള്‍ പറഞ്ഞത് അവളില്‍ ഒരു പുതിയ ചിന്ത നല്‍കിയിരുന്നു. അയാളുടെ കാലടികള്‍ പിന്തുടര്‍ന്ന് നടക്കവേ അന്നാദ്യമായി ഈ പാദങ്ങള്‍ ഇനി പിന്തുടരാന്‍ കഴിഞ്ഞില്ലെങ്കിലോ എന്നവള്‍ ഭയപ്പാടോടെ ഓര്‍ത്തു. പിന്നെ അയാള്‍ക്കൊപ്പമെത്താന്‍ വെപ്രാളപ്പെട്ടു.
അവര്‍ക്കിടയില്‍ നിശ്ശബ്ദത നിറഞ്ഞു നിന്നു. പക്ഷേ അവളുടെ ഓരോ കാലടി ശബ്ദത്തിനും അയാള്‍ കാതോര്‍ത്തിരുന്നു. എന്നാല്‍ അന്നാദ്യമായി വീടിനടുത്തെത്തിയപ്പോള്‍ അവളുടെ കാലടികളുടെ നനുത്ത ശബ്ദം അയാള്‍ക്ക് അന്യമായതുപോലെ തോന്നി. ഒരു ഭയം പാദം മുതല്‍ തേരട്ട പോലെ അയാളിലേക്ക് ഇഴഞ്ഞുകയറി. ഒരു ഭീതിയോടെ പിന്നിലേക്ക് തിരിഞ്ഞു നോക്കി അവള്‍ തനിക്കു പിന്നില്‍തന്നെ ഉണ്ടെന്ന് അയാള്‍ ഉറപ്പുവരുത്തി.
ഗേറ്റ് തുറന്നു മുറ്റത്തേക്ക് കയറിയപ്പോള്‍ എന്തോ അയാള്‍ക്ക് സാധാരണ ചെയ്യാറുള്ളതുപോലെ വീട്ടിലേക്ക് കയറിച്ചെല്ലാന്‍ തോന്നിയില്ല. മുറ്റത്തെ മുല്ലവള്ളിയില്‍ പാറിക്കളിക്കുന്ന മിന്നാമിനുങ്ങുകളെ അയാള്‍ നോക്കി നിന്നു. അതിനുമപ്പുറം മതിലരികില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഹനുമാന്‍ കിരീടം ചെടിയുടെ പൂക്കള്‍ തന്നെ നോക്കി തലയാട്ടുന്നതായി അയാള്‍ക്ക് തോന്നി. അയാളില്‍ ഒരു പൂക്കാലമുണര്‍ന്നു.
ഓര്‍മ്മകളില്‍ നിലവിളക്കിന്റെ സ്വര്‍ണ്ണ വെളിച്ചത്തില്‍ അച്ഛനും അമ്മയ്ക്കും ഒപ്പം വിഷുക്കണി കാണുന്ന ഒരു കുട്ടിയെ അയാള്‍ കണ്ടു, അവന്റെ കുസൃതികള്‍ കണ്ടു. അവന്റെ വളര്‍ച്ച കണ്ടു, പിന്നെ വിവാഹം..!
ഈ വീട്ടുമുറ്റത്ത് ഈ മണല്‍ തരികളിലോരോന്നിലും ഇവിടെ ജീവിച്ചവരുടെ ശ്വാസനിശ്വാസങ്ങള്‍ ഉണ്ട്. മരങ്ങളോട്, ചെടികളോട്, പുല്‍ നാമ്പുകളോട്, പെയ്തു തീര്‍ന്ന മഴയോട് എല്ലാത്തിനോടും കടപ്പാടുകളുണ്ട്.
ഒരു സങ്കടം മാത്രം ബാക്കിയാവുന്നു. കാലം നമുക്ക് തന്ന മക്കളും കൊച്ചു മക്കളും ഇന്ന് അടുത്തില്ല.
അവര്‍ പഠിച്ചു മിടുക്കരായി ജോലിനേടി ദൂരദേശങ്ങളില്‍…! കാലത്തിന്റെ മത്സരം അവരെ മാതാപിതാക്കളില്‍ നിന്നും അകന്നു നില്‍ക്കാന്‍ നിര്‍ബന്ധിതരാക്കുന്നു…!
താനും ഒരു കാലത്ത് അങ്ങനെയായിരുന്നു. പൂമ്പാറ്റയെ പോലെ പറന്നു നടക്കാന്‍ കൊതിച്ച നാളുകള്‍…
പക്ഷേ എവിടെയോ കര്‍മ്മ സഞ്ചയങ്ങളുടെ മണ്‍കുടുക്കുകള്‍ പൊട്ടിച്ചപ്പോള്‍ ഈശ്വരന്‍ വിധിച്ചതു അച്ഛനോടും അമ്മയോടും ഒപ്പം അവര്‍ക്കു താങ്ങായി തണലായി ഈ ഗ്രാമവീഥികളില്‍ മാമ്പഴം മണക്കുന്ന നാട്ടിടവഴികളില്‍ ഈ തനിമയില്‍ ജീവിക്കുവാന്‍ ആയിരുന്നു.
ഒടുവില്‍, ഇടവിട്ട വര്‍ഷങ്ങളില്‍ അച്ഛനുമമ്മയും കര്‍ക്കിടക വാവിന് ബലിച്ചോറുണ്ണാന്‍ വരുന്ന ബലി കാക്കകളായി പുനര്‍ജ്ജനിച്ചപ്പോള്‍, കറുക പുല്ലു മോതിര മണിഞ്ഞ് അവര്‍ക്കു നീര് വീഴ്ത്തിയപ്പോള്‍ സംതൃപ്തിയായിരുന്നു മനസ്സില്‍….! പ്രാരാബ്ധങ്ങള്‍ ഹോമിച്ചു തീര്‍ക്കാന്‍ ജന്മം എടുത്ത ആത്മാക്കള്‍ക്കു സേവ ചെയ്യാന്‍ നിയോഗിക്കപ്പെട്ടവന്റെ ആനന്ദം.
‘പക്ഷേ, ഇന്നിപ്പോള്‍ ഭയം തോന്നുന്നു. കാലാന്തരത്തില്‍ നമ്മള്‍ രണ്ടുപേരും ഒറ്റപ്പെടേണ്ടിവരുമെന്ന ഭയം.’
‘അവള്‍ക്കു മുന്‍പേ താനാകരുതെന്ന പ്രാര്‍ത്ഥന…! കൈ പിടിച്ചു കയറി വന്ന നാള്‍ മുതല്‍ എന്നെ പിന്തുടര്‍ന്നവള്‍. എന്റെ പാതി ശരീരം…! ഞാനില്ലാതെ ഈ ലോകത്ത് അവള്‍ ഒറ്റയ്ക്ക്…. ഓര്‍ക്കാന്‍ കൂടി വയ്യ….’
അയാള്‍ക്കു ചുറ്റും ഇരുട്ടു വന്നു മൂടി. ആ കൂരിരുട്ടില്‍ അയാള്‍ക്ക് വെളിച്ചമേകാന്‍ നിലാവുദിച്ചു… പാല്‍ നിലാവ്…! പിന്നെ അയാള്‍ നക്ഷത്രങ്ങള്‍ക്കിടയിലൂടെ മേഘങ്ങളുടെ പുറത്ത് പറന്നു… പുതിയ ലോകം…!
അയാള്‍ക്ക് ആശ്ചര്യമായി… താന്‍ ഒരു ചിത്രശലഭമായിരിക്കുന്നു… സ്വര്‍ണ്ണനിറമുള്ള ചിറകുകള്‍ വീശി ആ ചിത്രശലഭം പറന്നു നടന്നു.
പുതിയ ലോകങ്ങള്‍… നാടുകള്‍… പൂക്കള്‍… വന്‍മരങ്ങള്‍… വള്ളിപ്പടര്‍പ്പുകള്‍… മഞ്ഞുതുള്ളികള്‍… മഴ… കാറ്റ്…. !
പൂമ്പാറ്റയ്ക്ക് ക്ഷീണം തോന്നി. അത് ഒടുവിലൊരു മുല്ലവള്ളിയുടെ മുകളിലിരുന്നു.
‘ഒന്നു മയങ്ങിയോ…. !’
പൂമ്പാറ്റ ഞെട്ടിയുണര്‍ന്നു. ഒരു നനുത്ത മഞ്ഞു തുള്ളി അതിന്റെ തലയില്‍ പതിച്ചു. ഒരു കുളിര് ദേഹം മുഴുവന്‍ പടര്‍ന്നു.
ചുറ്റിനും മുല്ലപ്പൂവിന്റെ സുഗന്ധം… ഇളംമഞ്ഞിന്റെ തണുപ്പ്.
കണ്ണുതുറന്ന് ശ്രദ്ധിച്ചുനോക്കവേ പൂമ്പാറ്റ ഒരു വീട് കണ്ടു… അവിടെ നാമം ചൊല്ലിയിരിക്കുന്ന ഒരു അമ്മയെ കണ്ടു… സജലങ്ങളായ അവരുടെ മിഴികള്‍ കണ്ടു….!
‘എന്തിനെന്നറിയില്ല…. മനസ്സൊന്നു പിടഞ്ഞതുപോലെ….’
പിന്നെ കൊച്ചു ചിറകുകള്‍ ആഞ്ഞു വീശി പൂമ്പാറ്റ അവര്‍ക്കരികിലേക്കൊന്നു പറക്കാന്‍ കൊതിച്ചു..