ഏപ്രില്‍ 2 ലോക ഓട്ടിസദിനം
മസ്തിഷ്‌കം നമ്മുടെ ശരീരത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ ഘടനയോടുകൂടിയ അവയവമാണ്. മസ്തിഷ്‌കത്തിന്റെ വളര്‍ച്ചാ വികാസത്തില്‍ വ്യത്യസ്തമായ കാരണങ്ങള്‍ കൊണ്ടുണ്ടാവുന്ന ചില വ്യതിയാനങ്ങള്‍ ഓട്ടിസം എന്ന അവസ്ഥയ്ക്ക് കാരണമാവുന്നു. 1980 വരെ വളരെ വിരളമായി കണ്ടിരുന്ന ഈ വളര്‍ച്ചാവികാസപ്രശ്‌നം ഇന്ന് വളരെ സാധാരണമായി കുട്ടികളില്‍ കാണപ്പെടുന്നു. 2019ലെ ഡബ്ല്യുഎച്ച്ഒ കണക്കുകള്‍ പ്രകാരം 160 കുട്ടികളില്‍ ഒരാള്‍ക്ക് ഓട്ടിസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളിലാണ് ഓട്ടിസം കൂടുതലായി കാണപ്പെടുന്നത്. 1:4 അനുപാതത്തില്‍. അമേരിക്കയിലെ സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പ്രിവന്‍ഷന്‍ (സിഡിസി) ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 68 കുട്ടികളില്‍ ഒരാള്‍ക്ക് ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുവരുന്നു എന്നത് ഈ വളര്‍ച്ചാ വികാസ പ്രശ്‌നങ്ങള്‍ തീവ്രമായ തോതില്‍ വര്‍ദ്ധിച്ചു വരുന്നു എന്നത്, വളരെ സവിശേഷമായ ശ്രദ്ധ ഈ രംഗത്ത് പതിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുന്നു.
1943ല്‍ ലിയോകാനര്‍ എന്ന മനോരോഗ വിദഗ്ദ്ധന്‍ ആണ് ഓട്ടിസം എന്ന അവസ്ഥയെ ആദ്യമായി വിശദീകരിച്ചത്. ഇന്‍ഫാന്റീല്‍ ഓട്ടിസം എന്നാണ് അദ്ദേഹം ഈ അവസ്ഥയെ വിളിച്ചത്. സ്വയം കേന്ദ്രീകൃതം എന്നര്‍ത്ഥമുള്ള ഗ്രീക്ക് പദമായ”Autos’ എന്ന വാക്കില്‍ നിന്നാണ് ഓട്ടിസം എന്ന വാക്ക് ഉദ്ഭവിച്ചത്. 1940ല്‍ ഹാന്‍സ് ആസ്പര്‍ജര്‍ സിന്‍ഡ്രം എന്ന അവസ്ഥയെക്കുറിച്ച് വിവരിച്ചു. ഇവരുടെ ഭാഷാപരവും ബുദ്ധിപരവുമായ വികാസത്തില്‍ കാര്യമായ പ്രശ്‌നങ്ങള്‍ കണ്ടിരുന്നില്ല. എന്നാല്‍ സാമൂഹിക ആശയവിനിമയകാര്യങ്ങളില്‍ പിന്നാക്ക അവസ്ഥ പുലര്‍ത്തുകയും വിമുഖത പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് ഓട്ടിസത്തെ പല അവസ്ഥാ വിശേഷങ്ങളായി വേര്‍തിരിച്ചു കാണാതെ ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍ എന്ന ഒറ്റ അവസ്ഥയായി കണക്കാക്കുന്നു. ഇത് രോഗനിര്‍ണ്ണയം എളുപ്പമാക്കുന്നതിനും നേരത്തെതന്നെ ചികിത്സാ, തെറാപ്പി സേവനങ്ങള്‍ ലഭ്യമാകുന്നതിനും സഹായിക്കുന്നു.
ഓട്ടിസത്തെ നേരത്തെ കണ്ടെത്തുന്നതിനുള്ള പ്രാധാന്യം
♠മറ്റെല്ലാ വളര്‍ച്ചാവികാസ പ്രശ്‌നങ്ങളെയും പോലെ ഓട്ടിസത്തിന്റെ ചികിത്സയിലും പുനരധിവാസത്തിലും നേരത്തെയുള്ള നിര്‍ണ്ണയത്തിന് വളരെ പ്രാധാന്യമുണ്ട്.
സ്ഥ മസ്തിഷ്‌കത്തിന്റെ സങ്കീര്‍ണ്ണമായ വളര്‍ച്ചയും വികാസവും ഏറ്റവും ത്വരിതഗതിയില്‍ നടക്കുന്ന കാലഘട്ടമാണ് ശൈശവവും ബാല്യവും. ഈ കാലയളവില്‍ ആണ് വ്യക്തിയുടെ സമഗ്രമായ വളര്‍ച്ചാ വികാസത്തിന്റെ അടിസ്ഥാന ശിലകള്‍ രൂപപ്പെടുന്നത്. തലച്ചോറ് പൂര്‍ണ്ണ വളര്‍ച്ചയിലേക്കെത്തിക്കൊണ്ടിരിക്കുന്ന ഈ സമയത്താണ് ഓട്ടിസം രൂപപ്പെടാനുള്ള ലക്ഷണങ്ങളുടെ നേരത്തെയുള്ള നിര്‍ണ്ണയം, അനുയോജ്യമായ ഇടപെടല്‍ ((Appropriate intervention); പെരുമാറ്റ പരിശീലനം; ഇന്ദ്രിയ സംവേദനശേഷി സംയോജിപ്പിക്കുന്നതിനുള്ള പരിശീലനം, രക്ഷിതാക്കള്‍ സമപ്രായക്കാര്‍ ഗുണപരമായി സമയം അവരോടൊപ്പം വിനിയോഗിക്കുന്നതിലൂടെയും ഒക്കുപേഷണല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി,~ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍, കളികള്‍ (group play/activity) എന്നിവയിലൂടെ ചുറ്റുപാടുകളെ സ്വാധീനിച്ച് മസ്തിഷ്‌കത്തിന്റെ സാധാരണ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നതിന് സാധ്യമായ ഏറ്റവും അനുയോജ്യമായ സമയമാണ് ബാല്യകാലം. പ്രായം വര്‍ദ്ധിച്ചുവരുന്തോറും അസാധാരണമായ ശീലങ്ങളും, പെരുമാറ്റ രീതികളും, കൂടുതല്‍ രൂഢമൂലമാവുകയും അവയില്‍ നിന്നും മോചനം നേടാന്‍ കുട്ടി വിമുഖത കാട്ടുകയും ചെയ്യും. കുട്ടിയുടെ സാമൂഹിക – ആശയവിനിമയ ശേഷികളെ മെച്ചപ്പെടുത്തുന്നതിനും, നേരത്തെയുള്ള ഇടപെടല്‍ (Early intervention) അനിവാര്യമാണ്. അതായത് ഓട്ടിസം ബാധിച്ച വ്യക്തികളെ കൂടുതല്‍ ഗുണമേന്മയേറിയ ജീവിതം നയിക്കുന്നതിനും സമൂഹത്തില്‍ ക്രിയാത്മകമായി ഇടപെടുന്നതിനും വ്യക്തിമുദ്ര പതിപ്പിക്കുന്നതിനും നേരത്തെയുള്ള നിര്‍ണ്ണായക ഇടപെടലുകള്‍ സഹായിക്കുന്നു.
ഓട്ടിസത്തിന്റെ പ്രധാന ലക്ഷണങ്ങളെ രണ്ട് മേഖലകളായി തരംതരിക്കാം.
1. സാമൂഹികമായ ആശയവിനിമയത്തിലുള്ള പ്രശ്‌നങ്ങള്‍.
2. സ്വഭാവപെരുമാറ്റ രീതിയിലുള്ള വ്യതിയാനം.
ഇവയെ ഇപ്രകാരം വിശദീകരിക്കാം.
♠ മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതിനുള്ള ബുദ്ധിമുട്ട്.
♠ സ്വന്തം താല്‍പ്പര്യങ്ങള്‍ ഇഷ്ടങ്ങള്‍, വികാരങ്ങള്‍ എന്നിവ പങ്കുവെക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും ഉള്ള ബുദ്ധിമുട്ട്.
♠ മുഖത്ത് നോക്കി ആശയവിനിമയം നടത്തുന്നതിനും ആംഗ്യഭാഷ ഉപയോഗിക്കുന്നതിനും, മനസ്സിലാക്കുന്നതിനും ഉള്ള ബുദ്ധിമുട്ട്.
♠മറ്റുള്ളവരുടെ വികാരങ്ങള്‍ മനസ്സിലാക്കുന്നതിനും അനുയോജ്യമായി പ്രതികരിക്കുന്നതിനുമുള്ള ബുദ്ധിമുട്ട്.
♠ കൂട്ടുകൂടുന്നതിനും സുഹൃദ്ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിനുമുള്ള ബുദ്ധിമുട്ട്.
♠ സ്ഥലവും സാഹചര്യവും അനുസരിച്ച്, ഉചിതമായി പെരുമാറാന്‍ കഴിയാത്തത്.
♠ ഭാവന സാങ്കല്‍പ്പിക കാര്യങ്ങളില്‍ ഇടപെടാനുള്ള ബുദ്ധിമുട്ട്.
♠ മറ്റുള്ളവരുടെ സാന്നിധ്യം അറിയാത്തതുപോലെ സ്വന്തം താല്‍പ്പര്യങ്ങളില്‍ മുഴുകി ഇരിക്കുക.
♠ കേള്‍വിക്കുറവുണ്ടോ എന്ന് സംശയിക്കത്തക്ക രീതിയില്‍ വിളിക്കുന്ന പേരിനോട് പ്രതികരിക്കാതിരിക്കുകയും അതേസമയം താല്‍പ്പര്യമുള്ള ശബ്ദങ്ങള്‍ക്കും വാക്കുകള്‍ക്കും സംഗീതത്തിനും ശ്രദ്ധകൊടുക്കുകയും ചെയ്യുന്നു.
♠ കുട്ടിക്ക് ആവശ്യം വേണ്ട വസ്തുക്കള്‍ ചൂണ്ടിക്കാണിക്കുന്നതിന് വിമുഖത കാണിക്കുകയും മുതിര്‍ന്നവരെ ആ വസ്തുവിന്റെ അടുത്തേക്ക് വലിച്ചെത്തിക്കുകയും ചെയ്യുന്നു.
♠ അസാധാരണമായ ചില ശാരീരിക ചലനങ്ങള്‍ – ഒരേ രീതിയില്‍ മടുപ്പ് തോന്നാതെ ആവര്‍ത്തിച്ചുള്ള കളികളില്‍ ഏര്‍പ്പെടുക.
♠ ചില വസ്തുക്കളോടോ, നിറങ്ങളോടോ, ഭക്ഷണത്തിനോടോ അസാധാരണമായ താല്‍പ്പര്യം കാണിക്കുക.
♠ പതിവ് ദിനചര്യയില്‍ നിന്ന് മാറാനുള്ള വിമുഖത.
സ്ഥ ഇന്ദ്രിയ സംവേദന ക്ഷമതയോട് അസാധാരണമായി പെരുമാറുക. എന്നിവയെല്ലാം പ്രധാനലക്ഷണങ്ങളാണ്.
ഓട്ടിസം രൂപപ്പെട്ടുവരുന്ന കുട്ടികളില്‍ അവരുടെ വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ തന്നെ (3 വയസ്സിന് മുന്‍പെ) ഇത്തരം ലക്ഷണങ്ങള്‍ കാണപ്പെടുന്നു.
ഓട്ടിസം ഉള്ള നല്ല ശതമാനം കുട്ടികളിലും ബുദ്ധിപരമായ പിന്നാക്കാവസ്ഥ കാണപ്പെടുന്നു. അപസ്മാരം, പിരിപിരിപ്പ് (hyper activity), ശ്രദ്ധ ഇല്ലായ്മ എന്നിവയും കണ്ടുവരുന്നുണ്ട്.
ഓട്ടിസം;രക്ഷിതാക്കള്‍ ചെയ്യേണ്ടത്
♠ ഓട്ടിസത്തെ നേരത്തെ തിരിച്ചറിയുന്നതിലും, പരിശീലനം കൊടുക്കുന്നതിലും ഗുണപരവും ക്രിയാത്മകവുമായ സാമൂഹിക ജീവിതത്തിലേക്ക് അവരെ കൈ പ്പിടിച്ചുയര്‍ത്തുന്നതിലും രക്ഷിതാക്കള്‍ക്ക്, വലിയ പങ്ക് വഹിക്കാനുണ്ട്.
♠ ഓട്ടിസത്തെ നേരത്തെ കണ്ടെത്താന്‍ വൈകിയാല്‍, അത് അവരുടെ പരിശീലനത്തേയും പുനരധിവാസത്തേയും ദോഷകരമായി ബാധിക്കും.
♠ ഓട്ടിസത്തിന്റെ ലക്ഷണങ്ങളെ നേരത്തെ തന്നെ തിരിച്ചറിയുക എന്നത്, രക്ഷിതാക്കള്‍ പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്.
♠ ഓട്ടിസം ഉള്ള കുട്ടികളില്‍ അവരുടെ ചലനവുമായി ബന്ധപ്പെട്ടുള്ള (Motor development) വലിയ കാലതാമസം കാണാത്തതിനാലും പുറമെ കാഴ്ചയില്‍ സാ ധാരണ കുട്ടികളെപ്പോലെ കാണപ്പെടുന്നതിനാല്‍ അവരുടെ സ്വഭാവ, പെരുമാറ്റ, പ്രവൃത്തി വ്യതിയാനങ്ങളെ വേണ്ടരീതിയില്‍ തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സാ-തെറാപ്പി സേവനങ്ങള്‍ ലഭ്യമാക്കുന്നത് വൈകാന്‍ കാരണമാവുന്നു. അപ്രകാരം ശാ സ്ത്രീയമായ ചികിത്സാ സേവനങ്ങള്‍ ചികിത്സയുടെ ഫലപ്രാപ്തിയെ കുറയ്ക്കുന്നതിന് കാരണമാവുന്നു.
♠ വളര്‍ച്ചാ വികാസത്തിലെ നാഴികക്കല്ലുകള്‍ കുട്ടി യഥാസമയം ആര്‍ജ്ജിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
♠ കാഴ്ച, കേള്‍വി, ശ്രദ്ധിക്കാനുള്ള ശേഷി എന്നിവ ഉണ്ടെന്ന് ഉറപ്പാക്കുക.
♠ സമപ്രായക്കാരും, രക്ഷിതാക്കള്‍, അപരിചിതര്‍ എന്നിവരോടൊക്കെ കുട്ടി ഇടപെടുന്ന രീതി, നിരീക്ഷിച്ച് വ്യതിയാനങ്ങള്‍ ഉണ്ടോ എന്ന് ശ്രദ്ധിക്കുകയും കൂടുതല്‍ ഇടപഴകാന്‍ അവസരം നല്‍കുകയും ചെയ്യുക.
♠ ശൈശവം മുതല്‍ തന്നെ കുഞ്ഞുമായി കൂടുതല്‍ സമയം കളിക്കാനും പരിചരിക്കുന്നതിനും, സംസാരിക്കുന്നതിനും ചിലവഴിക്കുക. (Spend qualitive time)
♠ ഒന്നു ചേര്‍ന്നുള്ള കളികള്‍ പ്രോ ത്സാഹിപ്പിക്കുക.
♠ സ്പര്‍ശം, ചലനം, ബാലന്‍സ്, കാഴ്ച, കേള്‍വി, ഗന്ധം തുടങ്ങിയ ഇന്ദ്രിയ സംവേദന ശേഷി ഏകോപിപ്പിക്കുന്നതിനുതകുന്ന കളികളും പരിശീലനങ്ങളും പ്രോത്സാഹിപ്പിക്കുക.
♠ സ്പീച്ച് തെറാപ്പി, ഒക്കുപേഷണല്‍ തെറാപ്പി, ബിഹേവറല്‍ തെറാപ്പി, സ്‌പെഷ്യല്‍ ഏജുക്കേഷന്‍ എന്നീ മേഖലകളിലുള്ള വിദഗ്ദ്ധരുടെ സേവനങ്ങള്‍ തുടര്‍ച്ചയായി സ്വീകരിക്കുകയും പുരോഗതി വിലയിരുത്തുകയും ചെയ്യുക.
♠ 3 വയസ്സിന് മുന്‍പേ മൊബൈല്‍, കമ്പ്യൂട്ടര്‍, ടി.വി. എന്നിവ കുട്ടികള്‍ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തുക. (Reduce screen time)
♠ കുട്ടിയുടെ ദൈനംദിന കാര്യങ്ങള്‍ ചെയ്യിപ്പിക്കുന്നതും ചെയ്തുകൊടുക്കുന്നതും പരിശീലനത്തിന്റെ ഭാഗമാക്കി സ്വയംപര്യാപ്തതയിലേക്ക് നയിക്കുക.
ഓട്ടിസം കുട്ടികളുടെ പരിശീലനത്തിനും പുനരധിവാസത്തിനുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍
1. എല്ലാ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളോടും അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന റീജണല്‍ ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ (REIC) ഉം ഓട്ടിസം സെന്ററും.
2. ഗവണ്‍മെന്റ് ജില്ലാ ആശുപത്രികളോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന, ഡിസ്ട്രിക്റ്റ് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ (DEIC)
3. ജില്ലകള്‍തോറും സാമൂഹികനീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഇന്റര്‍ വെന്‍ ഷന്‍ യൂണിറ്റ്.
4. കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ഇംഹാന്‍സ് (കങഒഅചട)
5. കോഴിക്കോട് പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കോംപോസിറ്റ് റീജണല്‍ സെന്റര്‍ (IMHANS)
6. തൃശ്ശൂര്‍ ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന (CRC – Kozhikode)
7. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന (NIPMR)
8. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ്സില്‍ പ്ര വര്‍ത്തിക്കുന്ന CDMRP എന്നീ സ്ഥാപനങ്ങളോടൊപ്പം, അനേകം എന്‍ജിഒ സ്വകാര്യസ്ഥാപനങ്ങള്‍, ക്ലിനിക്കുകള്‍, പ്രവര്‍ത്തിക്കുന്നു.
തയ്യാറാക്കിയത്
ജസ്റ്റിന്‍ പി. കുര്യന്‍
(ഏര്‍ളി ഇന്റര്‍വെന്‍ഷനിസ്റ്റ്, ഇംഹാന്‍സ്, കോഴിക്കോട്)
ഡോ. സുനിഷ് ടി.വി.
(അസി. പ്രൊഫസര്‍ സിആര്‍സി, കോഴിക്കോട്)