Monday, March 1, 2021
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വെബ് സ്പെഷ്യൽ

സങ്കടനിവൃത്തിക്കായുള്ള ആരാധനാ സമ്പ്രദായം

ചോറോട് ഒ.ബാലന്‍ മാസ്റ്റര്‍

Jul 30, 2019, 05:13 pm IST

തെയ്യം അഥവാ തിറ എന്ന അനുഷ്ഠാന നൃത്തകലാരൂപം കാണാത്ത കേരളീയര്‍ ഉണ്ടായിരിക്കുകയില്ല. കേരളത്തില്‍ വടക്കെ മലബാറിലാണ് തെയ്യങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. വളര്‍പട്ടണം പുഴയ്ക്ക് തെക്ക് ഭാഗത്ത് പൊതുവെ തിറ എന്ന പേരിലും. വടക്ക്ഭാഗത്ത് തെയ്യം എന്ന പേരിലും അറിയപ്പെടുന്ന ഈ കലാരൂപം കാഞ്ഞങ്ങാട്, കാസര്‍കോട്,  നീലേശ്വരം ഭാഗങ്ങളില്‍ കളിയാട്ടം, കാളിയാട്ടം എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ദൈവം എന്ന പദത്തിന്റെ പരിണിതരൂപമാണ് തെയ്യം. വ്യക്തിയുടെയും കുടുംബത്തിന്റെയും തറവാടിന്റെയും ഗ്രാമത്തിന്റെയും നാടിന്റെയും കൃഷിയുടെയും കന്നുകാലികളുടെയും രോഗത്തിന്റെയും സര്‍വ്വദുരിതങ്ങളുടെയും ശാന്തിക്കും സമാധാനത്തിനും വേണ്ടി തെയ്യം കെട്ടിയാടുമ്പോള്‍ ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നു ഭക്തജനങ്ങള്‍. തെയ്യം ഒരു അനുഷ്ഠാന കലാരൂപമാണ്.

അനുഷ്ഠാനം എന്ന പദത്തിന് വിശാലമായ അര്‍ത്ഥമുണ്ട്. ആചരണം, പ്രയോഗം, കാര്യം നടത്തല്‍, ശാസ്ത്രവിഹിതമായ കര്‍മ്മം നടത്തല്‍, മതകര്‍മ്മാചരണം എന്നീ പദങ്ങളും അനുഷ്ഠാനം എന്ന പദവും തമ്മില്‍ വളരെയേറെ ബന്ധമുണ്ട്. കേരളത്തിന്റെ മണ്ണും കാലാവസ്ഥയും കേരളീയരുടെ ജീവിതരീതിയും ബന്ധപ്പെടുത്തി ധാരാളം കലാരൂപങ്ങളുണ്ട്. ഇതില്‍ മതകര്‍മ്മാചരണവുമായി ബന്ധപ്പെടുത്തിയുള്ള കലകളാണ് അനുഷ്ഠാന കലകള്‍. ഇത്തരം അനുഷ്ഠാന കലകളില്‍ ഏറ്റവും പ്രാചീനവും മനോഹരവും ഭക്തിനിര്‍ഭരവുമായ ഒരു കലാരൂപമാണ് തെയ്യം അഥവാ തിറയാട്ടം.

തെയ്യത്തിന്റെ ഉത്ഭവം
മനുഷ്യന് ബുദ്ധിവെച്ച നാള്‍ മുതല്‍ക്കുതന്നെ വന്‍വൃക്ഷങ്ങള്‍, അഗ്നി, കാറ്റ്, മിന്നല്‍, ഇടി, സമുദ്രം, ആകാശം, മേഘം, മഴ, സര്‍പ്പം മൃഗങ്ങള്‍ തുടങ്ങിയവയെ ആരാധിക്കുന്ന സ്വഭാവം നിലനിന്നിരുന്നു. കാലക്രമത്തില്‍ അസാധാരണ കഴിവുകളുണ്ടായിരുന്ന – മണ്‍മറഞ്ഞ പിതാമഹന്മാരെയും പരേതാത്മാക്കളെയും ഓര്‍മ്മിക്കുവാനും ആരാധിക്കുവാനും തുടങ്ങി. ഇതിനായി ഒരു പ്രത്യേക സ്ഥാനവും പ്രതിഷ്ഠയും ആവശ്യമായിവന്നു. ഇവരെ പ്രതിഷ്ഠിക്കുമ്പോള്‍ ഇവര്‍ ആരാധിച്ചുവന്ന ശൈവ വൈഷ്ണവ ദേവീദേവന്മാരെയും മറ്റുചില പേരുകള്‍ നല്‍കി പ്രതിഷ്ഠിക്കുവാനും ആരാധിക്കുവാനും തുടങ്ങി. കുടുംബത്തിലെ മുതിര്‍ന്ന കാരണവര്‍ ഭക്തിയോടുകൂടി പ്രാര്‍ത്ഥിച്ച് വ്രതമെടുത്ത് ഒരു മരത്തിന്റെ ശില്പമോ (ദാരുശില്പം) നദിയില്‍ നിന്നെടുത്ത ഒരു ഉരുളന്‍ കല്ലോ ലോഹം കൊണ്ട് നിര്‍മ്മിച്ച കണ്ണാടിയോ പ്രതിഷ്ഠിക്കുന്നു. ഇതിന് പ്രാണപ്രതിഷ്ഠ എന്നുപറയുന്നു. പിന്നീട് ദീപം തെളിയിച്ച് പ്രതിഷ്ഠയ്ക്കു മുമ്പില്‍ വെച്ച് അരിയും പൂവും അര്‍പ്പിച്ച് ആരാധിച്ചു വന്നു. ഈ പ്രതിഷ്ഠയ്ക്ക് ചില സ്ഥലങ്ങളില്‍ അവിഷ്ഠാണപ്രതിഷ്ഠ എന്നും പറയാറുണ്ട്. ശിവനെ ബന്ധപ്പെടുത്തി ഗുളികന്‍, ഖണ്ഡാകര്‍ണ്ണന്‍, കിരാതമൂര്‍ത്തി, വൈരീഘാതകന്‍, പൊട്ടന്‍ ദൈവം, ശ്രീമുത്തപ്പന്‍, ഭൈരവന്‍ എന്നീ മൂര്‍ത്തികളെ പ്രതിഷ്ഠിച്ചുവന്നു. വിഷ്ണുവിനെ ബന്ധപ്പെടുത്തി വിഷ്ണുമൂര്‍ത്തി, കുട്ടിച്ചാത്തന്‍, പാലോട്ടു ദൈവം തുടങ്ങിയ ദൈവങ്ങളെയും ഭഗവതിയെ ബന്ധപ്പെടുത്തി വസൂരിമാല ഭഗവതി, കരിങ്കാളി ഭഗവതി, ചാമുണ്ടേശ്വരി, ചീറുമ്പക്കണ്ടങ്കാളി, ഭദ്രകാളി ശ്രീ പോര്‍ക്കലി ഭഗവതി എന്നീ ഭഗവതിമാരെയും നാഗത്തിനെ ബന്ധപ്പെടുത്തി നാഗകാളി, നാഗഭഗവതി തുടങ്ങിയ ദൈവങ്ങളെയും പ്രതിഷ്ഠിച്ച് ആരാധിച്ചുവന്നു.

ഇന്ന് കെട്ടിയാടുന്ന ഓരോ ദൈവത്തിന്റെയും രൂപവും ഭാവവും മന്ത്രവും സ്തുതികളും തോറ്റങ്ങളും ആടയാഭരണങ്ങളും മുഖത്തെഴുത്തും തിരുമുടി നിര്‍മ്മാണവും താളക്രമങ്ങളും നൃത്തച്ചുവടുകളും രാഗഭാവങ്ങളും മന്ത്രസിദ്ധിവരുത്തി നിഷ്ഠ ഉറപ്പിച്ചാണ് ഉരുത്തിരിഞ്ഞുവന്നത്.

സമൂഹത്തില്‍ ഉന്നതകുലജാതരായ മേലേക്കിടയിലുള്ളവര്‍ സത്വഗുണപ്രധാനികളായ മൂര്‍ത്തികളെ ശാസ്ത്രവിധിപ്രകാരം പ്രതിഷ്ഠിച്ച് ആരാധിക്കുമ്പോള്‍ താഴേക്കിടയിലുള്ളവര്‍ രജോഗുണ പ്രധാനികളായ മൂര്‍ത്തികളെ ആരാധിച്ചുവരുന്നു.

തെയ്യം കെട്ടിയാടുന്ന സ്ഥാപനങ്ങള്‍ കാവ്, താനം (സ്ഥാനം) മുണ്ട്യ, അറ, പള്ളിയറ, കോട്ടം എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്നു എന്നാല്‍ ഇന്ന് പൊതുവെ ക്ഷേത്രം എന്നാണ് പറഞ്ഞുവരുന്നത്.

ഇന്ന് പൊതുവെ തെയ്യംകല, തെയ്യം കലാകാരന്‍, തോറ്റം പാട്ട് എന്നെല്ലാം പ്രയോഗിച്ചുകാണുന്നു. എന്നാല്‍ ഇത് ശരിയല്ല തെയ്യം, തെയ്യക്കാരന്‍, തോറ്റം എന്നു പ്രയോഗിക്കുന്നതായിരിക്കും ഉചിതം. കാരണം തെയ്യം ഒരു കലാപ്രസ്ഥാനം മാത്രമല്ല; പ്രതിഷ്ഠിച്ച് ആരാധിച്ചുവരുന്ന ഒരു മൂര്‍ത്തിയുടെ പ്രതിരൂപമാണ്. കഥ, കവിത, രചന ചിത്രരചന, വാസ്തുശില്പം, സംഗീതം, വാദ്യം, നൃത്തം, ഭാവാഭിനയം, മുദ്ര, വസ്ത്രനിര്‍മ്മാണം, ആഭരണകല, ധ്യാനം, മന്ത്രസിദ്ധി, വ്രതനിഷ്ഠ, ശാരീരിക വ്യായാമമുറകള്‍, അനുഷ്ഠാന കര്‍മ്മങ്ങള്‍ ഇതെല്ലാം ഒത്തുചേര്‍ന്നതാണ് തെയ്യം. തെയ്യം കെട്ടിയാടുന്ന കാവുകളില്‍ നിരവധി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതായിട്ടുണ്ട്. ഇതില്‍ ആദ്യമായി നടക്കുന്നത് തിറ കുറിക്കുക അല്ലെങ്കില്‍ അടയാളം കൊടുക്കുക എന്ന ചടങ്ങാണ്. തിറയാട്ടത്തിന്റെ ഏതാനും ദിവസം മുമ്പായി എല്ലാ സ്ഥാനീകന്മാരും കുടുംബ കാരണവരും നാട്ടുപ്രമാണിമാരും കുടുംബാംഗങ്ങളും ഒരു നല്ല ദിവസവും മുഹൂര്‍ത്തവും നോക്കി കാവിന്റെ തിരുമുറ്റത്ത് ഒത്തു ചേരുന്നു. ക്ഷേത്രത്തില്‍ കലശവും പൂജയും ചെയ്ത ശേഷം എല്ലാവരും അരിയിട്ടു പ്രാര്‍ത്ഥിക്കുന്നു. പിന്നീട് കുടുംബത്തിലെ കാരണവര്‍ വെറ്റിലയില്‍ പണം വെച്ച് തെയ്യക്കാരുടെ കുടുംബകാരണവര്‍ക്ക് കൊടുക്കുന്നു. അവിടെ കൂടിയ എല്ലാവരോടും അനുവാദം ചോദിച്ചശേഷം കാരണവര്‍ ആ കൈനീട്ടം വാങ്ങുന്നു. കുടുംബ കാരണവര്‍ തിറയാട്ടത്തിന്റെ തിയ്യതി എല്ലാവരോടുമായി പറഞ്ഞറിയിക്കുന്നു.

കെട്ടിയാട്ടക്കാര്‍ ശക്തമായ വ്രതം അനുഷ്ഠിക്കേണ്ടതായിട്ടുണ്ട്. മത്സ്യമാംസാദികളും മദ്യവും വര്‍ജ്ജിക്കുകയും ബ്രഹ്മചര്യം അനുഷ്ഠിക്കുകയും വേണം. കൂടാതെ പുല, വാലായ്മ ഉള്ള വീടുകളില്‍ പ്രവേശിക്കരുത്. ചില ദൈവങ്ങളുടെ വള, മാല എന്നിവ ക്ഷേത്രത്തില്‍ നിന്നും വാങ്ങി ധരിക്കുന്ന പതിവും ഉണ്ട്. ഇത് ക്ഷേത്രപ്രതിഷ്ഠയില്‍ പതിവായി സൂക്ഷിച്ചതായിരിക്കും. ചടങ്ങുകള്‍ അവസാനിച്ചാല്‍ ഇത് തിരിച്ച് ക്ഷേത്രത്തില്‍ത്തന്നെ കൊടുക്കണം. തെയ്യം കെട്ടിയാടുന്ന ആളെ ‘കല്ലാടി’ എന്നാണ് വിളിക്കുക. കല്ലാകുന്ന പ്രതിഷ്ഠയെ – ദൈവത്തെ – കെട്ടിയാടുന്നവന്‍ എന്ന അര്‍ത്ഥത്തിലാകാം അങ്ങനെ വിളിക്കുന്നത്. കല്ലാടി വ്രതകാലത്ത് സ്വന്തം ഭവനത്തിന് പുറത്തായിരിക്കും അന്തിയുറങ്ങുക.

തിറയാട്ടത്തിന് ഉപയോഗിക്കുന്ന വാദ്യങ്ങള്‍, വലന്തലച്ചെണ്ട, ഇടന്തലച്ചെണ്ട, ഇലത്താളം, കുറുംകുഴല്‍ എന്നിവയാണ്. വാദ്യക്കാരും അണിയറശില്പികളും കല്ലാടിമാരും തറവാട്ടില്‍ ദീപം തെളിയിച്ച് കലശംവെച്ച് തന്റെ ഉപകരണങ്ങളും ആടയാഭരണങ്ങളുമായി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നു. ഇങ്ങനെ പ്രവേശിക്കുമ്പോള്‍ ക്ഷേത്രകാരണവരും സ്ഥാനീകരും ക്ഷേത്രനടയില്‍ ചെന്ന് സ്വീകരിക്കുന്ന പതിവും ചില ക്ഷേത്രങ്ങളിലുണ്ട്. ഇങ്ങനെ പ്രവേശിക്കുന്നതിന് കാവില്‍ കയറുക, കാവ് തീണ്ടുക എന്നെല്ലാം പറഞ്ഞുവരുന്നു.

ഒരു ചെങ്കല്ല് ചുവപ്പ് പട്ടുകൊണ്ട് ചുറ്റി അതിനുമുകളില്‍ വെള്ളി, ഓട് എന്നിവകൊണ്ട് നിര്‍മ്മിച്ച ‘തലപ്പാളി’എന്ന ആഭരണം വെക്കുന്നു ഇതാണ് പ്രതിഷ്ഠ. മണ്‍മറഞ്ഞുപോയ 21 പൂര്‍വ്വികരും ഗുരുനാഥന്മാരും ഈ ആഭരണത്തില്‍ ഉണ്ട് എന്നാണ് വിശ്വാസം. ഈ പ്രതിഷ്ഠയ്ക്ക് ‘അവിഷ്ഠാണ പ്രതിഷ്ഠ’ എന്നാണ് പറഞ്ഞുവരുന്നത്. കണ്ണികള്‍ നഷ്ടപ്പെടാത്ത ഒരു വലിയ മടല്‍ കുരുത്തോല, പ്രതിഷ്ഠക്കുമുമ്പില്‍ വെച്ച് പൂജിക്കണം. അതിനുശേഷം കെട്ടിയാട്ടക്കാരും വാദ്യക്കാരും അണിയറശില്പികളും ക്ഷേത്രഭാരവാഹികളും കലശക്കാരന്മാരും എല്ലാവരും ചേര്‍ന്ന് അരിയും പൂവും ചാര്‍ത്തുന്നു. ഇതിന് അണിയറ വന്ദനം എന്ന് പറയപ്പെടുന്നു. പൂര്‍വ്വികരെ അനുസ്മരിക്കുകയും അനുഗ്രഹം വാങ്ങുകയും ചെയ്യുന്ന ഒരു പ്രധാന ചടങ്ങാണ് അണിയറ വന്ദനം. പിന്നീട് പൂജിച്ച കുരുത്തോലയില്‍ നിന്നും ഏതാനും കണ്ണികള്‍ കൂട്ടിപ്പിടിച്ച് വെട്ടിയെടുക്കുന്നു. ഈ കണ്ണികളെ അടിസ്ഥാനമാക്കി രാശി നിര്‍ണ്ണയിക്കുന്നു. രാശിഫലം പറയുന്നു. തെയ്യം കെട്ടുമ്പോള്‍ തലപ്പാളി വന്ദിച്ചശേഷം മന്ത്രം ചൊല്ലി നെറ്റിയില്‍ കെട്ടുന്നു.

കൊടിമരം നാട്ടല്‍
ഉത്സവാരംഭത്തിലാണ് ക്ഷേത്രത്തില്‍ കൊടിമരം നാട്ടുന്നത്. ഇതിന് ഉത്തമമായ മരം കവുങ്ങാണ്. കാരണം കൊടിമരം വളവ് തിരിയലില്ലാതെ ലംബമായിരിക്കണം. മനുഷ്യന്റെ സുഷുമ്‌നാ നാഡിയുടെ പ്രതീകമാണ് കൊടിമരം. കൊടിമരത്തിന്റെ ഏറ്റവും മുകള്‍ ഭാഗത്ത് പ്രധാന ദേവന്റെ വാഹനം പ്രതിഷ്ഠിക്കണം. കവുങ്ങിന്‍തടി ചെത്തി വൃത്തിയാക്കി ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നത് ആശാരി സമുദായത്തിലെ കാരണവരാണ്. കൊടിമരത്തെ പൂജിച്ച ശേഷം വിശ്വകര്‍മ്മാവിനെ ശ്ലോകം ചൊല്ലി സ്മരിച്ചുകൊണ്ടാണ് കൊടിമര സമര്‍പ്പണം. കയറില്‍കെട്ടിയ കൊടി ക്ഷേത്രം കാരണവര്‍ ഉയര്‍ത്തുന്നു. കൊടിമരത്തിന്റെ വടക്കു ഭാഗത്തായിരിക്കണം കൊടിയുടെ സ്ഥാനം. കൊടിയുടെ തൊട്ടടുത്ത് ഒരു മണി കെട്ടണം. കുണ്ഡലിനീ ശക്തിയെ ഉണര്‍ത്താനാണ് മണി കെട്ടുന്നത്. കൊടിമരത്തിന്റെ അടിയിലായി ആലിന്റെയും മാവിന്റെയും ഇലകള്‍ കെട്ടണം. ഇഡ, പിംഗള എന്നീ നാഡികളുടെ പ്രതീകങ്ങളാണ് ഈ ഇലകള്‍. വായുവിന്റെ പ്രതീകമാണ് കയര്‍. അഗ്നിയുടെ പ്രതീകമാണ് തുണികൊണ്ട് നിര്‍മ്മിച്ച കൊടി. പൊതുവെ പറഞ്ഞാല്‍ കുണ്ഡലിനീശക്തിയെ ഉണര്‍ത്താനുള്ള ഒരു ചടങ്ങാണ് കൊടിയേറ്റം.

അരിചാര്‍ത്തല്‍
കെട്ടിയാടുന്ന ദേവപ്രതിഷ്ഠക്കുമുമ്പില്‍ ഒരു പീഠം വെച്ച് ഗണപതിക്കും സരസ്വതിയ്ക്കും ഗുരുവിനും നിവേദ്യം,വെറ്റില, അടയ്ക്ക, ജലം, ധൂപം, ദീപം, പുഷ്പങ്ങള്‍, ചന്ദനം എന്നിവവെച്ച് തിരുവായുധം പൂജിക്കുന്നു. പൂജിച്ച തിരുവായുധം കെട്ടിയാടുന്ന കല്ലാടി ഒരു കയ്യിലെടുത്ത് എല്ലാവര്‍ക്കും അരി കൊടുത്ത് ദൈവത്തെ വരവിളിക്കുന്നു. കെട്ടിയാടുന്ന ദൈവത്തിന്റെ രൂപം കാണാനും നൃത്തം ചെയ്യാനും തോറ്റം കേള്‍ക്കാനും ഗുണദോഷ ഫലങ്ങളെ ഉറഞ്ഞുതുള്ളി ഉരിയാടിപ്പാനുമായി ഭക്തിപൂര്‍വ്വം ദൈവത്തെ വിളിച്ചു വരുത്തുന്ന ഒരു ചടങ്ങാണ് വരവിളി. പിന്നീട് എല്ലാദൈവങ്ങളെയും ഉണര്‍ത്താനും പ്രത്യക്ഷപ്പെടുത്താനുമായി ഈ മേളം നടത്തുന്നു.

വെള്ളാട്ടം അഥവാ വെള്ളാട്ട്

അണിയറ വന്ദനത്തിനുശേഷം തെയ്യത്തിന്റെ തനിരൂപം കെട്ടുന്നതിന്റെ മുന്നോടിയായി കെട്ടുന്ന മറ്റൊരു കോലമാണ് വെള്ളാട്ട്. നൃത്തച്ചുവടുകള്‍ക്ക് ശേഷം ദൈവത്തിന്റെ തോറ്റമാണ്. അതിന് ശേഷം ഒരു വെള്ള തോര്‍ത്തുമുണ്ടില്‍ എല്ലാവരും അരിയിട്ട് വന്ദിച്ചശേഷം ആ മുണ്ട് തലയില്‍ കെട്ടുന്നു. ഇതാണ് വെള്ളകെട്ട് അല്ലെങ്കില്‍ വെള്ളാട്ട്. അതിനുശേഷമുള്ള ആട്ടമാണ് വെള്ളാട്ടം. പിറ്റെദിവസമാണ് തിരുമുടിവെച്ച ദൈവത്തിന്റെ പൂര്‍ണ്ണരൂപം കെട്ടിയാടുന്നത്. വെളളാട്ടിന് തിരുമുടി വെക്കുകയില്ല.

തിരുവായുധ സമര്‍പ്പണം
ഓരോ ദൈവത്തിനും വിവിധ രൂപങ്ങളിലുള്ള ആയുധങ്ങളുണ്ടായിരിക്കും. ഗുളികന്‍ ശാസ്തപ്പന്‍ എന്നീ ദൈവങ്ങളുടെ ആയുധത്തിന്റെ പേര്‍ പൊന്ത്യ എന്നാണ്. ശിവാംശമുള്ള ദൈവങ്ങള്‍ക്ക് ത്രിശൂലമായിരിക്കും. ഭഗവതിമാരുടെ ആയുധം വാള്‍ ആയിരിക്കും. പടയാളിദൈവങ്ങള്‍ക്ക് വാളും പരിചയും അമ്പും വില്ലുമായിരിക്കും.
കൊല്ലന്റെ ഭവനത്തില്‍നിന്നും പൂജിച്ച തിരുവായുധങ്ങള്‍ എഴുന്നള്ളിച്ച് ഘോഷയാത്രയായി വാദ്യഘോഷങ്ങളോടും വെടിക്കെട്ടുകളോടും കൂടി ക്ഷേത്രത്തില്‍ എത്തിക്കുന്നത് ഒരു പ്രധാന ചടങ്ങാണ്. പള്ളിയറയില്‍ സൂക്ഷിക്കുന്ന തിരുവായുധത്തില്‍ ദൈവചൈതന്യം ആവാഹിച്ച് അതാത് ദൈവങ്ങളുടെ തോറ്റം ചൊല്ലിക്കഴിഞ്ഞാല്‍ ദൈവത്തിന്റെ കയ്യില്‍ കൊടുക്കുന്നു. ചടങ്ങുകളെല്ലാം കഴിഞ്ഞാല്‍ ആയുധം തിരിച്ചുകൊടുക്കുകയും അത് പള്ളിയറയില്‍ സൂക്ഷിക്കുകയും ചെയ്യുന്നു.

കണ്ണാടി നോക്കല്‍


ദൈവത്തിന്റെ മുഖത്തെഴുത്ത്, കുരുത്തോലകൊണ്ടുള്ള ആട, മുടി നിര്‍മ്മാണം, പന്തം നിര്‍മ്മാണം എന്നിവ നടത്തുന്ന കലാകാരന്മാരാണ് അണിയറ ശില്പികള്‍. ദൈവത്തിന്റെ പൂര്‍ണ്ണരൂപം കെട്ടിച്ച് ചമയിച്ചശേഷം ഒടുവിലായി അണിയറശില്പി ദൈവത്തിന് കണ്ണാടി കൊടുക്കുന്നു. കണ്ണാടിയില്‍ പൂര്‍ണ്ണരൂപം കാണുന്നതോടുകൂടി തെയ്യക്കാരന്‍ ദൈവമായി മാറുകയും ഉറച്ചല്‍ അനുഭവപ്പെടുകയും ചെയ്യുന്നു. കണ്ണാടി തിരിച്ചുവാങ്ങിയ കലാകാരന്‍ ആദ്യമായി ദൈവത്തിന്റെ പാദങ്ങളില്‍ വീണ് നമസ്‌ക്കരിക്കുന്നു.

തോറ്റം
ഇത് ദൈവത്തിന്റെ ഉത്ഭവം മുതല്‍ അവസാനം വരെയുള്ള മുഴുവന്‍ ചരിത്രവും പ്രതിപാദിക്കുന്ന അനുഷ്ഠാന ഗാനങ്ങളാണ്.

വേലക്കാടല്‍
എല്ലാ ചടങ്ങുകളുടെയും ഒടുവിലായി ദൈവം സംഗീതം,വാദ്യം എന്നിവ ആസ്വദിച്ച് മയങ്ങുന്ന ഒരു ചടങ്ങാണ് ഇത്. കുറും കുഴല്‍ക്കാരന്‍ ശങ്കരാഭരണം, തോടി, ആനന്ദഭൈരവി, മോഹനം, കല്ല്യാണി തുടങ്ങിയ രാഗങ്ങള്‍ വായിച്ചത് ശ്രവിച്ചശേഷം ഒടുവില്‍ ദൈവം ചെണ്ടവായനക്കനുസരിച്ച് നൃത്തം വെക്കുകയും മേളക്കാരെ അനുഗ്രഹിക്കുകയും ചെയ്യുന്നു. പിന്നീട് വാദ്യക്കാര്‍, ക്ഷേത്രസ്ഥാനീകര്‍,കര്‍മ്മി, തന്ത്രി, അടിച്ചുതളിക്കാരി, നിത്യദീപം തെളിയിക്കുന്ന ആള്‍, കോമരം, കാരണവര്‍, കലശക്കാരന്‍ കരം താങ്ങികള്‍ തുടങ്ങിയവര്‍ക്ക് ദക്ഷിണ നല്‍കുന്നു.

നാടുകെട്ടി പറയല്‍
തിരുമുടിവെച്ചശേഷം ദൈവം ഭക്തന്മാര്‍ക്ക് അരി കൊടുക്കുന്നു. തന്റെ ഉത്ഭവം മുതല്‍ ക്ഷേത്രപ്രതിഷ്ഠ നടന്നതുവരെയുള്ള കാര്യങ്ങള്‍, സഞ്ചരിച്ച വഴികള്‍, കയറിയിറങ്ങിയ ക്ഷേത്രങ്ങള്‍, നേരില്‍ കണ്ടുമുട്ടിയ തറവാട്ട് സ്ഥാനീകര്‍, ഇല്ലങ്ങള്‍, തറവാടുകള്‍,കടന്ന പുഴകള്‍, നെല്‍പ്പാടങ്ങള്‍, കുന്നുകള്‍, ലഭിച്ച ആദരവുകള്‍ എന്നിവ ദൈവം ഭക്തന്മാരെ ചൊല്ലി അറിയിക്കുന്നു. ഒടുവില്‍ ആയുധം തിരിച്ചുകൊടുക്കുമ്പോള്‍ എല്ലാവരും അരി അര്‍ച്ചിക്കുന്നു. അതോടെ ദൈവം മായയില്‍ മറയുന്നു.

ഊതിയടക്കല്‍
എല്ലാ ചടങ്ങുകള്‍ക്കും ഒടുവിലായി നടക്കുന്ന ചടങ്ങാണ് ഊതിയടക്കല്‍. എല്ലാ ദൈവങ്ങളും അണിയറയില്‍ എത്തി. അരങ്ങത്ത് ദൈവക്കോലങ്ങള്‍ ആരും തന്നെ ഇല്ല. ക്ഷേത്രനടയില്‍ ക്ഷേത്രകാരണവന്മാരും തന്ത്രികളും കോമരങ്ങളും കലശക്കാരന്മാരും മേളക്കാരും ഒത്തുചേരുന്നു. മേളങ്ങളുടെ അമരക്കാരനാണ് കുറുംകുഴല്‍ക്കാരന്‍. അദ്ദേഹം വിവിധരാഗങ്ങള്‍ വിസ്തരിച്ച് വായിക്കുന്നു. ഒടുവിലായി മദ്ധ്യമാവതിരാഗം വായിക്കുന്നു. രാഗങ്ങളുടെ മാതാവാണല്ലോ മദ്ധ്യമാവതിരാഗം. ഇതുവരെ വായിച്ചതിലും പ്രവര്‍ത്തിച്ചതിലും വല്ല പിഴവുകളും വന്നുപോയിട്ടുണ്ടെങ്കില്‍ ക്ഷമാപണം യാചിക്കുന്ന ഭാവത്തിലാണ് ഈ രാഗം വായിക്കുന്നത്. ഈസമയം അവിടെ കൂടിയിരിക്കുന്ന എല്ലാവരും തന്നെ നിശ്ശബ്ദരായി പ്രാര്‍ത്ഥനാനിരതരായി നില്ക്കണം. ഒടുവിലായി ചെണ്ടമേളം മുറുകി വാദ്യം അവസാനിക്കുന്നു. അപ്പോള്‍ മൂന്ന് കതിനകള്‍ നിര്‍ബന്ധമായും പൊട്ടിയിരിക്കണം.വെടിക്കെട്ടും ആവാം. ക്ഷേത്രം കാരണവര്‍, വെറ്റിലയില്‍ സാമാന്യം ഭേദമായ ഒരു സംഖ്യ വെച്ച് കുഴല്‍ക്കാരന് വെറ്റിലക്കൈനീട്ടം കൊടുക്കുന്നു. അതിനുശേഷം എല്ലാവരും അരിചാര്‍ത്തി ഉത്സവം അവസാനിക്കുന്നു.

ദൈവത്തെ അകത്തുകൂട്ടല്‍
ഒരു പീഠത്തിന്മേല്‍ പൂജാസാധനങ്ങള്‍ വെച്ച് കല്ലാടി, ദൈവത്തെ പള്ളിയറയിലെ പ്രതിഷ്ഠയിലേക്ക് തിരിച്ചുവിളിക്കുന്ന ചടങ്ങാണ് ഇത്. നൃത്തമാടാന്‍ ഉപയോഗിച്ച പീഠം കഴുകി വൃത്തിയാക്കി അതില്‍ കര്‍പ്പൂരം കത്തിക്കുകയും ദോഷപരിഹാരത്തിനും അറിയാതെ വന്ന പിഴവുകളും മറ്റും പൊറുക്കുവാനുമായി നാളികേരമുടക്കുകയും ഉടയ്ക്കുന്ന അവസരത്തില്‍ എല്ലാവരും ചേര്‍ന്ന് ഓംകാരം മുഴക്കുകയും ചെയ്യുന്നു. ഇതിന് വാളകം കൂടുക എന്നും പറയാറുണ്ട്. കൊടിയിറക്കുന്നതോടെ ചടങ്ങുകള്‍ അവസാനിച്ച് നട അടക്കുന്നു. അണിയറയില്‍ അവിഷ്ഠാണ പ്രതിഷ്ഠയിലെ ദീപം അണക്കുകയും കല്ലാടിമാരുടെ ഗുരുകാരണവന്മാര്‍ക്ക് സ്വന്തം വീടുകളില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ദീപം തെളിയിച്ച് കലശം നടത്തി അരിയും പൂവും ചാര്‍ത്തി നട അടയ്ക്കുകയും ചെയ്യുന്നു. ഇതോടെ വ്രതം അവസാനിക്കുന്നു.

അവകാശപ്പെട്ട സമുദായങ്ങള്‍
എട്ടു സമുദായങ്ങള്‍ തെയ്യം കെട്ടാന്‍ അവാകാശപ്പെട്ടവരാണ്. മലയന്‍, പെരുമലയന്‍, പാണന്‍, വണ്ണാന്‍, പെരുവണ്ണാന്‍, വേലന്‍, മുന്നൂറ്റന്‍, അഞ്ഞൂറ്റന്‍, മാവിലന്‍,പുലയന്‍, ചിങ്കത്താന്‍, ചിറവന്‍, കോപ്പാളന്‍ എന്നീ സമുദായക്കാര്‍ തെയ്യം കെട്ടാറുണ്ട്.

തന്ത്രി
ബ്രാഹ്മണര്‍ക്കിടയിലുള്ള തന്ത്രിയല്ല. കാവുകളില്‍ ദീപം തെളിയിക്കാനും പൂജകള്‍ നടത്താനും തെയ്യങ്ങള്‍ക്കുവേണ്ട തിരുവായുധം,വസ്ത്രം, അരി, പുഷ്പങ്ങള്‍, ചന്ദനം, തേങ്ങ, ഇളനീര്‍, അവില്‍, പഴം, ശര്‍ക്കര, വിളക്ക് മുതലായവ എത്തിച്ചുകൊടുക്കാനും നിയോഗിച്ച ആളാണ് കാവുകളിലെ തന്ത്രി.

കോമരം
ദൈവത്തിന്റെ പ്രതിരൂപമായി ഉറഞ്ഞുതുള്ളി നൃത്തംവെക്കുകയും ഫലം പറയുകയും ചെയ്യുന്ന ആളാണ് കോമരം അഥവാ വെളിച്ചപ്പാട്.

കലശക്കാരന്‍
കാവുകളില്‍ കലശക്കാരന് മാന്യമായ ഒരു സ്ഥാനമുണ്ട്. ചില സ്ഥലങ്ങളില്‍ കലശക്കാരനെ തണ്ടാന്‍ എന്ന് വിളിക്കാറുണ്ട്. ഇദ്ദേഹം തിയ്യസമുദായത്തില്‍പ്പെട്ടവനായിരിക്കണം. കാവുകളില്‍ നിര്‍ദ്ദേശിക്കപ്പെട്ട സ്ഥാനത്ത് ഒരു കാക്കവിളക്കുവെച്ച് ദീപം തെളിയിച്ച് കലശക്കാരന്‍ ഇരിക്കണം. ഇദ്ദേഹത്തെ സഹായിക്കാന്‍ മൂന്നോ നാലോ പേര്‍ കൂടെ ഉണ്ടാകും. കലശക്കാരനെ വാദ്യഘോഷങ്ങളോടുകൂടി ക്ഷേത്രത്തിലുള്ളവര്‍ എത്തിക്കണം. തണ്ടാന്‍ വരവ് എന്നാണ് ഇതിന്റെ പേര്‍.

മദ്യപന്മാരായ ദൈവങ്ങള്‍ക്ക് വ്രതത്തോടുകൂടി ചെത്തുന്ന കള്ള് തണ്ടാന്‍ തന്റെ വീട്ടുമുറ്റത്തുള്ള സങ്കല്പ സ്ഥാനത്ത് ഒരു പാത്രത്തില്‍ നിലം തൊടാതെ സൂക്ഷിക്കണം. ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നതിനു മുമ്പായി കല്ലാടി കലശപ്പാട്ടുപാടി ശുദ്ധി വരുത്തിയ കലശമാണ് എഴുന്നെള്ളിക്കേണ്ടത്. ക്ഷേത്രത്തിലെത്തിയാല്‍ തന്റെ സ്ഥാനത്ത് ദീപത്തിനടുത്തായി വെക്കണം. അണിയറ നിര്‍മ്മാണം, തേങ്ങ, ഇളനീര്‍, വാഴയില, വാഴപ്പോള, പച്ചപ്പാള, കുരുത്തോല, പന്തം, ചൂട്ട്, കുത്തുവിളക്ക്, തീവെട്ടി, കൊപ്രക്കൂട്, മദ്യം എന്നീകാര്യങ്ങള്‍ ഒരുക്കുന്നതും ശ്രദ്ധിച്ച് നിര്‍വ്വഹിക്കുകയും ചെയ്യുന്ന ആളാണ് കലശക്കാരന്‍.

വണ്ണത്താന്‍
ക്ഷേത്രത്തിലേയ്ക്കാവശ്യമായ തിരൂടാട (തിരുഉടയാട) മാറ്റ് എന്നിവ വ്രതശുദ്ധിയോടെ വാദ്യഘോഷങ്ങളോടുകൂടി ക്ഷേത്രത്തില്‍ എത്തിക്കുന്ന ആളാണ് വണ്ണത്താന്‍.

ക്ഷേത്രപ്രവേശനം താഴേക്കിടയിലുള്ള സമുദായങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട പഴയകാലത്ത് മുഴുവനാളുകള്‍ക്കും ഉള്ളുരുകി പ്രാര്‍ത്ഥിക്കാനും ആരാധിക്കുവാനും സങ്കടനിവൃത്തി വരുത്തുവാനും ഉതകുന്ന ആരാധനാ സമ്പ്രദായം തെയ്യം പോലെ മറ്റൊന്നില്ല.

Tags: തെയ്യംആരാധനസമ്പ്രദായംകോമരംകളിയാട്ടംമലബാർദൈവംതിറതോറ്റം പാട്ട്വെള്ളാട്ട്വേലക്കാടല്‍നാടുകെട്ടി പറയല്‍ഊതിയടക്കല്‍വണ്ണത്താന്‍
Share59TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

തീരദേശം തീറെഴുതിയ കേരളസര്‍ക്കാര്‍

വയലാറില്‍ നടന്നത് ഇടതു പിന്തുണയുള്ള ജിഹാദ്

നന്ദുവിന്റെ കൊലപാതകം ആസൂത്രിതം

വൈരുദ്ധ്യാത്മക ഭൌതിക വാദത്തിന് ഗോവിന്ദന്റെ ഗോപിക്കുറി

അന്ധതയെ അതിജീവിച്ച ബാലൻ പൂതേരി

കർഷകസമരത്തിനു പണം മുടക്കുന്ന അന്താരാഷ്‌ട്ര ഭീകരൻ

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300.00 ₹250.00
  • കേസരി വാരിക വാര്‍ഷിക വരിസംഖ്യ (വിദേശത്തേക്ക്) ₹8,000.00
  • ഭാസ്കർ റാവു പ്രചാരക കർമ്മയോഗി - ആർ ഹരി ₹150.00

Latest

തീരദേശം തീറെഴുതിയ കേരളസര്‍ക്കാര്‍

ഹലാലിന്റെ പിന്നിലെ ഗൂഢാലോചന

കമ്പപ്പുരയിലെ കളിതമാശകള്‍

കൊറോണാനന്തര ലോകത്തിലെ ഭാരതം

ദേശവിരുദ്ധതയുടെ മാധ്യമമുഖം

ശ്രീഗുരുജി-രാഷ്ട്ര ജാഗരണ വീഥിയിലെ അധ്യാത്മതേജസ്സ്

തുഞ്ചന്റെ രാമന്‍ വേണ്ട; സഖാവ് എന്‍.റാം മതി

നാടാര്‍ ക്രിസ്ത്യന്‍ സംവരണം- പതിയിരിക്കുന്ന അപകടങ്ങള്‍

കമ്മ്യൂണിസമാണ് ഏറ്റവും കടുത്ത വര്‍ഗ്ഗീയത

ചക്രാസനം (യോഗപദ്ധതി 35)

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • Contact Us
  • Subscribe
  • Online Shop
  • e-Weekly
  • Advertise
  • Privacy Policy
  • Terms & Conditions

© Kesari Weekly

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • പദാനുപദം
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly