Saturday, July 11, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

വിമര്‍ശനകലയുടെ വെളിച്ചങ്ങള്‍ (സാംസ്കാരികദേശീയതയുടെ ഉള്ളുണർവ്വുകൾ തുടർച്ച)

ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍
5 March 2021

മലയാള വിമര്‍ശന ശാഖയ്ക്ക് അഭികാമ്യമായ ദിശാവ്യതിയാനം നിര്‍ദ്ദേശിച്ച അനേകം പഠനഗ്രന്ഥങ്ങളുടെ കര്‍ത്താവ് കൂടിയാണ് പി.നാരായണക്കുറുപ്പ്. മലയാളത്തിലെ സാഹിത്യവിമര്‍ശനത്തിന്റെ ചരിത്രമെഴുതിയവരാരുംതന്നെ ഈ വസ്തുത സത്യസന്ധമായി രേഖപ്പെടുത്തിയിട്ടില്ല എന്നതാണ് ഖേദകരമായ യാഥാര്‍ത്ഥ്യം. ഭാരതീയസാഹിത്യമീമാംസയിലും പാശ്ചാത്യസാഹിത്യദര്‍ശനങ്ങളിലും പരിനിഷ്ഠിതമായ പാണ്ഡിത്യത്തിനുടമയാണ് ഈ സാഹിത്യനായകന്‍. സാഹിത്യവിമര്‍ശനം പലപ്പോഴും സിദ്ധാന്തപരമായ അടിമത്തത്തിന്റെയും കേവലസ്തുതിപാഠങ്ങളുടെയും കൂത്തരങ്ങുകളായി അധഃപതിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാമിന്ന് കടന്നുപോവുന്നത്. ഈ ദുരവസ്ഥയ്ക്ക് അറുതിവരുത്തുവാന്‍ ദൃഢപ്രതിജ്ഞയെടുത്ത ഒരു വിമര്‍ശക പ്രതിഭയാണ് പി.നാരായണക്കുറുപ്പെന്ന് നിസ്സംശയം പറയാനാവും. കവിയും കവിതയും(1980), കവിയും കവിതയും കുറേക്കൂടി(1985), കാവ്യബിംബം ഹിന്ദിയിലും മലയാളത്തിലും(1988), കവിതയിലെ റിയലിസം(1993), കവിയും കവിതയും പരിഷ്‌കരിച്ച പതിപ്പ്(2004), തനതു കവിത തനതു നാടകം(2007), തിരനോട്ടം(2009), വിമര്‍ശവിചാരം(2012) തുടങ്ങിയ നിരൂപണഗ്രന്ഥങ്ങള്‍ പി.നാരായണക്കുറുപ്പിന്റെ ഉന്നതമായ സഹൃദയത്വത്തിന്റെയും നിശിതമായ അപഗ്രഥനബുദ്ധിയുടെയും നേര്‍തെളിവുകളാണ്.

Google NewsAdd Kesari Weekly as a preferred source on Google

‘കവിയും കവിതയും’ എന്ന പഠനഗ്രന്ഥമാണ് ഈ ഗണത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്. കാലാകാലങ്ങളില്‍ ഈ ഗ്രന്ഥം പരിഷ്‌കരിച്ചു പുറത്തിറക്കുന്നതില്‍ കുറുപ്പ്‌സാര്‍ പ്രകടിപ്പിച്ച ജാഗരൂകത അഭിനന്ദനാര്‍ഹമാണ്. കവിത്രയാനന്തരകാലശേഷം മലയാളകവിതയുടെ സ്വര്‍ണഗോപുരങ്ങളായി നിലകൊണ്ട ആറുമഹാകവികളുടെ (ജി.ശങ്കരക്കുറുപ്പ്, പി,കുഞ്ഞിരാമന്‍ നായര്‍, വൈലോപ്പിള്ളി ശ്രീധരമേനോന്‍, ഇടശ്ശേരിഗോവിന്ദന്‍നായര്‍, എന്‍.വി.കൃഷ്ണവാര്യര്‍, ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട്) കാവ്യലോകത്തിലൂടെയുള്ള തീര്‍ത്ഥയാത്രയാണ് വരിഷ്ടമായ ഈ നിരൂപണകൃതി. കവിത്രയത്തിന് ശേഷം മലയാള കവിതാമണ്ഡലത്തില്‍ രൂപപ്പെട്ട പാരമ്പര്യത്തോടുള്ള സഫലമായ പ്രതികരണത്തിന്റെ സ്വഭാവസവിശേഷതകള്‍, നിഷ്‌കൃഷ്ടമായി കുറുപ്പ് സാര്‍ ഈ കൃതിയിലൂടെ വിശദീകരിച്ചിട്ടുണ്ട്. സാമൂഹികവും രാഷ്ട്രീയവുമായ പരിതോവസ്ഥകള്‍ ശരിയായി തിരിച്ചറിഞ്ഞും ഭാവുകത്വപരിവര്‍ത്തനമെന്ന മഹത്തായ സാംസ്‌കാരികപ്രക്രിയയുടെ മര്‍മ്മമെന്തെന്ന് ഗ്രഹിച്ചും കവിതയുടെ അന്തരാത്മാവിലേക്ക് പ്രവേശിക്കുന്ന തനതായ ഒരു വിമര്‍ശന സമീപനമാണ് അദ്ദേഹം സഫലമായി പിന്തുടര്‍ന്നത്. കവിയുടെ അന്തരംഗവ്യാപാരങ്ങളിലേക്കും ശില്‍പനിര്‍മാണകുശലതയിലേക്കും ആവിഷ്‌കാരപാടവത്തിലേക്കും ബിംബനിര്‍മ്മിതിയിലെ മികവിലേക്കും മാത്രമല്ല, ദര്‍ശനമണ്ഡലത്തിലേക്കു കൂടി മിഴി പായിക്കുന്നുണ്ട് പി.നാരായണക്കുറുപ്പിലെ പാകശാലിയായ വിമര്‍ശകപ്രതിഭ. മുന്‍വിധികളില്ലാതെ മൂല്യനിര്‍ണയനം നടത്തുന്ന നിരൂപണ സമ്പ്രദായത്തിന്റെ വക്താവായിട്ടാണ് അദ്ദേഹം എക്കാലവും നിലകൊണ്ടിട്ടുള്ളത്. സ്വതന്ത്രമായ ഒരു കവിതാസ്വാദനപദ്ധതിക്ക് മലയാളത്തില്‍ തുടക്കം കുറിച്ച കാവ്യപഠനഗ്രന്ഥങ്ങളുടെ മുന്‍നിരയിലാണ് ഈ വിമര്‍ശനഗ്രന്ഥത്തെ ഉള്‍പ്പെടുത്തേണ്ടത്. തന്റെ വീക്ഷണം സ്വയം പൂര്‍ണ്ണമാണെന്നോ പിഴവുകള്‍ തീണ്ടാത്തതാണെന്നോ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല ഈ നിരൂപകന്‍. കാവ്യാന്തരീക്ഷത്തിലും ഭാവുകത്വസങ്കല്‍പത്തിലും കാലാകാലങ്ങളില്‍ വരുന്ന മാറ്റങ്ങളെ സ്വാഗതം ചെയ്യുവാനെന്നും ഉത്സുകനായിരുന്നു കുറുപ്പ്‌സാറിലെ വിമര്‍ശകന്‍. മൂല്യനിര്‍ണയനത്തിനും ആസ്വാദനത്തിനും പണ്ട് താന്‍ സ്വീകരിച്ച സമീപനം അപര്യാപ്തമാണെന്ന് സ്വയം തിരിച്ചറിഞ്ഞ്, ഈ ഗ്രന്ഥം പലവട്ടം പരിഷ്‌കരിക്കുവാന്‍ അദ്ദേഹം തയ്യാറായത് ഇതിനാലാണ്. നവീനമായ വിമര്‍ശനോപാധികള്‍ ഔചിത്യപൂര്‍വം ഉപയോഗപ്പെടുത്തി കവിതയെ കാലാനുകൂലമായി പഠിക്കുവാനും വ്യാഖ്യാനിക്കുവാനും പി.നാരായണക്കുറുപ്പ് എന്നും തയ്യാറായിരുന്നു. മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ ദാര്‍ശനികതയിലേക്കും കുഞ്ഞിരാമന്‍ നായരുടെ പ്രകൃത്യുപാസനയിലേക്കും വൈലോപ്പിള്ളിയുടെ സൗന്ദര്യബോധത്തിലേക്കും ഇടശ്ശേരിയുടെ ആദിരൂപാവാഹനപാടവത്തിലേക്കും എന്‍.വി കൃഷ്ണവാര്യരുടെ ആധുനികതാബോധത്തിലേക്കും ഒളപ്പമണ്ണയുടെ തനതുവ്യക്തിത്വത്തിലേക്കും ഇടറാത്ത കാല്‍വെയ്പ്പുകളുമായി നടന്നടുക്കുന്ന ഒരു മികച്ച വിമര്‍ശകനെ ഈ നിരൂപണഗ്രന്ഥം കാട്ടിത്തരുന്നുണ്ട്.

‘കാവ്യബിംബം ഹിന്ദിയിലും മലയാളത്തിലും’ എന്ന പഠനഗ്രന്ഥം അക്കാദമിക മേഖലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. കാവ്യബിംബമെന്താണെന്നും കവിതയില്‍ ബിംബങ്ങള്‍ വഹിക്കുന്ന ധര്‍മ്മങ്ങളെന്തൊക്കെയാണെന്നും മലയാളകവിതയിലെ ബിംബപ്രയോഗത്തിന്റെ സ്രോതസ്സുകളേതൊക്കെയാണെന്നും ഹിന്ദികവിതയിലെയും മലയാളകവിതയിലെയും ബിംബപ്രയോഗങ്ങളുടെ സാജാത്യവൈജാത്യങ്ങള്‍ എന്തെല്ലാമാണെന്നും സ്ഫടികസ്ഫുടമായി വിശദീകരിക്കുന്ന ഈ ഗ്രന്ഥം, ബിംബപഠനശാഖയിലെ ഒരനന്വയമായിട്ടാണ് അറിയപ്പെടുന്നത്. മലയാളകവിതയിലെ ബിംബവിധാനത്തെ ഗൗരവബുദ്ധ്യാ പഠിച്ച പണ്ഡിതന്മാരെയും ഗവേഷകരെയും ഏറെ സ്വാധീനിക്കുവാന്‍ ഈ പുസ്തകത്തിന് സാധിച്ചിട്ടുണ്ടെന്ന വസ്തുത നിസ്തര്‍ക്കമാണ്. കലാതത്വവേദിയായ ഒരു പഠിതാവിന്റെ നിലയില്‍ നിന്നുകൊണ്ട് കാവ്യബിംബങ്ങളെ അപഗ്രഥിക്കുവാനാണ് പി.നാരായണക്കുറുപ്പ് തയ്യാറായത്. താരതമ്യസാഹിത്യത്തിന്റെ ഉള്ളുണര്‍വ്വുകള്‍ യഥോചിതം സ്വാംശീകരിച്ചുകൊണ്ടും പാശ്ചാത്യവും ഭാരതീയവുമായ ബിംബസങ്കല്പനങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടും തന്റെ നിര്‍മ്മലമായ സഹൃദയത്വത്തെ അപഗ്രഥന രീതിശാസ്ത്രത്തിനനുസൃതമായി വിന്യസിച്ചും മലയാളത്തിലെ കാവ്യബിംബപഠനശാഖയെ സമ്പന്നമാക്കുകയായിരുന്നു ഈ ഗ്രന്ഥരചനയിലൂടെ പി.നാരായണക്കുറുപ്പ്.

ADVERTISEMENT

‘തനതുകവിത തനതുനാടകം’ എന്ന പഠനഗ്രന്ഥത്തില്‍ സന്നിഹിതമായ ചിന്തകള്‍ മലയാളവിമര്‍ശനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തുനല്‍കുന്നവയാണ്. തനതുകവിതയുടെയും തനതുനാടകത്തിന്റെയും അകക്കാമ്പായി വര്‍ത്തിക്കുന്ന ദേശീയവും പ്രാദേശികവുമായ സംസ്‌കൃതികളിലേക്ക് പി.നാരായണക്കുറുപ്പിന്റെ പ്രതിഭ നീങ്ങിയതിന്റെ സത്ഫലമാണ് ഈ ഗ്രന്ഥം. നമ്മുടെ നാട്യശാസ്ത്രപാരമ്പര്യവും ആചാരാനുഷ്ഠാനബദ്ധമായ നാടകപാരമ്പര്യവും കൃത്യമായി തിരിച്ചറിഞ്ഞ് രേഖപ്പെടുത്തിയ റഫറന്‍സ്മൂല്യമുള്ള പുസ്തകമാണിത്. ഭാരതത്തിന്റെ സ്വത്വത്തിലേക്കും ഭാരതീയമായ പ്രതീകഭാഷയുടെ തനിമയിലേക്കും ഭാരതീയസംസ്‌കൃതിയുടെ കേരളീയമായ ആവിഷ്‌കാരങ്ങളിലേക്കും മിഴിതുറക്കുന്ന ഈ പുസ്തകത്തിന്റെ മഹത്വം വേണ്ടവിധം ഇന്നും നാം തിരിച്ചറിഞ്ഞാദരിച്ചിട്ടില്ല. തനതുനാടകത്തെക്കുറിച്ചും തനതുകവിതയെക്കുറിച്ചും മൗലികമായ കാഴ്ചപ്പാടോടെ പി.നാരായണക്കുറുപ്പ് വിശദീകരിക്കുമ്പോള്‍ നാളിതുവരെ അസ്പഷ്ടമായി നിലകൊണ്ട പല യാഥാര്‍ത്ഥ്യങ്ങളും തെളിഞ്ഞുവരുന്നത് കാണാനാവും. എസ്.ഗുപ്തന്‍നായരുടെ പ്രിയശിഷ്യനായ ഈ നിരൂപകനില്‍ തെളിഞ്ഞുനില്‍ക്കുന്ന സംസ്‌കാരപ്രതിപത്തിയും സ്വപ്രത്യയ സ്‌ഥൈര്യവും പുതുതലമുറയിലെ വിമര്‍ശകര്‍ ഇരുകയ്യുംനീട്ടി സ്വീകരിക്കേണ്ട ഗുണവിശേഷങ്ങളാണ്. ഉണ്ണായിവാരിയരുടെയും ഇരയിമ്മന്‍തമ്പിയുടെയും ആട്ടക്കഥകളുടെ സവിസ്തരമായ മൂല്യവിചാരമാണ് ‘തിരനോട്ടം’ എന്ന പുസ്തകത്തിന്റെ കാതല്‍. കഥകളിയുടെ സാഹിത്യാംശത്തെയും രംഗപ്രയോഗസംബന്ധമായ ദൃശ്യഘടകങ്ങളെയും നിപുണമായി ഇതള്‍ വിടര്‍ത്തിക്കാട്ടുന്നതില്‍ പി.നാരായണക്കുറുപ്പ് പൂര്‍ണ്ണമായും വിജയിച്ചുണ്ടെന്ന് ഈ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

പി.നാരായണക്കുറുപ്പിലെ സാഹിത്യവിമര്‍ശകന്‍ ഏതേത് ആശയങ്ങളുടെ വക്താവാണെന്ന് വ്യക്തമാക്കുവാന്‍ പോന്ന ഇരുപത് ലേഖനങ്ങളുടെ സമ്പുടമത്രേ ‘വിമര്‍ശവിചാരം’ എന്ന നിരൂപണഗ്രന്ഥം. രഘുവംശത്തിന്റെ ചരിത്രപരവും സാഹിതീയവുമായ മഹത്വത്തിലേക്കും തുള്ളല്‍ക്കഥയിലെ വൃത്തതാളഭേദങ്ങളിലേക്കും മലയാളവൃത്തഘടനയില്‍ വള്ളത്തോള്‍ വരുത്തിയ മാറ്റങ്ങളിലേക്കും വള്ളത്തോളിന്റെ ‘തോണിയാത്ര’ എന്ന വിശ്രുതകവിതയുടെ അകക്കാമ്പിലേക്കും അക്കിത്തത്തിന്റെ ഋഷിഭാവനയിലേക്കും വൈലോപ്പിള്ളിയുടെ പദശ്രദ്ധയിലേക്കും പി.കുഞ്ഞിരാമന്‍നായരുടെ ദേശഭക്തിയിലേക്കും കക്കാടിന്റെ ഉന്നതമായ കവിത്വസിദ്ധിയിലേക്കും ആധുനികകവിതയുടെ വാഗാര്‍ത്ഥബോധത്തിലേക്കും വിരുദ്ധോക്തിയുടെ വിചാരഭാവനകളിലേക്കും ഹിന്ദികവിതയുടെ മലയാളഭാഷാന്തരങ്ങളിലേക്കും വായനക്കാരെ കൈപ്പിടിച്ചുയര്‍ത്തുന്ന പഠനങ്ങള്‍ ഈ ഗ്രന്ഥത്തെ സമ്പന്നമാക്കുന്നുണ്ട്. കാവ്യഭാഷയുടെ തനിമയും മലയാളത്തിന്റെ മഹിമയും ദേശീയതയുടെ സാഹീതിയമായ മുഖങ്ങളും സഞ്ജയന്റെ ഔന്നത്യവും ഇ.വി.കൃഷ്ണപ്പിള്ളയുടെ രചനാലോകത്തെ പരിചയപ്പെടുത്തുന്ന ‘ഇ.വി പഠനങ്ങള്‍ സ്മരണകള്‍’ എന്ന ഗ്രന്ഥനിരൂപണവും എന്‍.വി.കൃഷ്ണവാര്യരുടെ ചരിത്രഗവേഷകനെന്ന നിലയിലുള്ള സംഭാവനകള്‍ വിശദീകരിക്കുന്ന ലേഖനവും രംഗവേദിയില്‍ കാവാലം നിര്‍വഹിച്ച അതുലമായ സേവനമെന്തെന്ന് വിളിച്ചോതുന്ന പഠനവും പദം, പദാഭിനയം, വിമര്‍ശനം – സമകാലികര്‍ തമ്മില്‍ എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ആലോചനകളും ഈ പുസ്തകത്തിലുള്‍ച്ചേര്‍ന്നിട്ടുണ്ട്. കൃതികളെയും എഴുത്തുകാരെയും പുതിയ സാഹീതിയ പ്രവണതകളെയും സത്യസന്ധമായും വസ്തുനിഷ്ഠമായും പക്ഷപാതരഹിതമായും വിലയിരുത്തുവാന്‍ പി.നാരായണക്കുറുപ്പിന് പ്രത്യേകകഴിവുണ്ടെന്ന് ഉച്ചൈസ്തരം ഉദ്‌ഘോഷിക്കുന്നുണ്ട് ‘വിമര്‍ശവിചാരം’.

‘മലയാളവൃത്തപഠനം’ എന്ന ഗ്രന്ഥവും മലയാളനിരൂപണശാഖയ്ക്ക് കൈവന്ന മികച്ച നേട്ടമാണെന്ന് പറയാനാവും. കാവ്യാസ്വാദനത്തിന് അവശ്യംഭാവിയായി വേണ്ട കൈമുതലാണ് വൃത്തബോധമെന്ന് പി.നാരായണക്കുറുപ്പ് ഉറച്ചുവിശ്വസിക്കുന്നുണ്ട്. കാവ്യാസ്വാദനത്തെ വിപുലതരമാക്കുവാനും അപഗ്രഥനസമ്പ്രദായത്തിന് വിസ്തൃതി സമ്മാനിക്കുവാനും വൃത്തപഠനം സഹായകരമാണെന്ന തിരിച്ചറിവില്‍ നിന്ന് ഉരുവംകൊണ്ട പുസ്തകമാണ് ‘മലയാളവൃത്തപഠനം’. വൃത്തപഠനപ്രക്രിയയെ സര്‍ഗാത്മകമായി സമീപിക്കുന്ന അപൂര്‍വം ഗ്രന്ഥങ്ങളിലൊന്നാണിത്. കാവ്യത്തെ ഹൃദയാഹ്ലാദകാരിയാക്കുന്നതില്‍ വൃത്തവും വൃത്തഭേദങ്ങളും വഹിക്കുന്ന പങ്ക് കൃത്യമായി വിശദീകരിക്കുന്ന ഈ ഗ്രന്ഥം നിരൂപണകലയില്‍ പി.നാരായണക്കുറുപ്പിന്റെ ഉപസ്ഥിതിക്ക് നേര്‍നിദര്‍ശനമത്രെ. ആധുനികകവിതയിലെ വൃത്തങ്ങളെക്കുറിച്ച് ആലോചനാമൃതമായ ചിന്തകളവതരിപ്പിക്കുന്ന ഈ ഗ്രന്ഥത്തെ, അവതാരികയിലൂടെ ശ്ലാഘിച്ചിട്ടുണ്ട് പ്രശസ്തകവിയും നിരൂപകനും അധ്യാപകനുമായ ഡോ.കെ.അയ്യപ്പപ്പണിക്കര്‍. മലയാളകവിതയില്‍ പ്രചാരമുള്ള വൃത്തങ്ങളെയും പാട്ടുവൃത്തങ്ങളെയും ഇത്ര ആധികാരികമായും ലളിതമായും ഉദാഹരണസഹിതം വിശദീകരിക്കുന്ന പുസ്തകം മലയാളത്തിലുണ്ടായിട്ടില്ല.

‘കവിതയിലെ റിയലിസം’ എന്ന നിരൂപണഗ്രന്ഥത്തിലെ പഠനങ്ങളും ഉന്നതനിലവാരം പുലര്‍ത്തുന്നവയാണ്. കവിതയിലെ യാഥാര്‍ത്ഥ്യ ചിത്രീകരണത്തെക്കുറിച്ചും കഥകളിയിലെ പരീക്ഷണ പ്രവണതകളെക്കുറിച്ചും നീലമ്പേരൂര്‍ മധുസൂദനന്‍നായരുടെ ‘മൗസലപര്‍വ’മെന്ന കാവ്യത്തെകുറിച്ചും പുതിയ കാവ്യഭാഷയെ കുറിച്ചും ചൊല്‍ക്കവിതയെ കുറിച്ചും മലയാളകാവ്യബിംബങ്ങളുടെ വേരുകളെ കുറിച്ചും പി.നാരായണക്കുറുപ്പ് മുന്നോട്ട്‌വെക്കുന്ന ചിന്തകള്‍ നമ്മുടെ ആലോചനകള്‍ക്ക് നവോന്മേഷം പകരുന്നവയാണ്. കക്കാടിന്റെ കാവ്യഭാവനയുടെ സ്രോതസ്സുകളിലേക്കും ഉണ്ണായിവാര്യരുടെ നിസര്‍ഗസുന്ദരമായ കാവ്യലോകത്തിലേക്കും തികഞ്ഞ ആദരവോടെ സഞ്ചരിക്കുന്ന ഒരു നിരൂപകനെയാണ് ഈ ഗ്രന്ഥത്തിലൂടെ നാം കണ്ടുമുട്ടുന്നത്. പുതുനിരൂപണത്തിലെ ബൗദ്ധിക കുട്ടിത്തത്തെയും അനുകരണഭ്രമത്തെയും കിഴുക്കിയിരുത്തുന്ന പഠനം ഇക്കൂട്ടത്തില്‍ വേറിട്ടുനില്‍ക്കുന്നുണ്ട്. ഒ.വി.വിജയന്റെ ലേഖനങ്ങളെ തച്ചും തലോടിയും മുന്നേറുന്ന ലേഖനം – ‘ദുര്‍ബലതയുടെ ദാര്‍ശനികത’, ധീരതയോടെ വിമര്‍ശനമണ്ഡലത്തില്‍ വ്യാപരിക്കുന്ന ഒരു പ്രതിഭയുടെയുള്ളില്‍ നിന്നേ പൂത്തുലയൂ. വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ആര്‍ഷഭാരതപ്രേമത്തിലേക്കും അരവിന്ദമഹര്‍ഷിയുടെ ദാര്‍ശനികലോകത്തിലേക്കും വൈലോപ്പിള്ളിയുടെ ഓണസങ്കല്‍പ്പത്തിലേക്കും നമ്പ്യാര്‍ക്കവിതയുടെ ദ്രാവിഡസ്വത്വത്തിലേക്കും ഒ.എന്‍.വിക്കവിതയുടെ സൗന്ദര്യാത്മകതയിലേക്കും പി.നാരായണക്കുറുപ്പിന്റെ വിമര്‍ശനപ്രതിഭ വ്യാപരിക്കുമ്പോള്‍ പുതുചിന്തയുടെ അര്‍ത്ഥവത്തായ സാന്നിദ്ധ്യം വായനക്കാര്‍ക്ക് അനുഭവവേദ്യമാവുന്നു.

മൗലികതയുള്ള ആലോചനകളാലും നിഷ്‌കല്മഷമായ സഹൃദയത്വത്തിന്റെ ഉപോത്പന്നമായ പുതുബോധ്യങ്ങളാലും സമ്പന്നമാണ് പി.നാരായണക്കുറുപ്പിന്റെ വിമര്‍ശനപ്രപഞ്ചം. പാരമ്പര്യസംസ്‌കൃതിയെ തിരസ്‌കരിക്കാതെയും ആധുനികതയെ അപ്പടി തള്ളിപ്പറയാതെയും സാഹിത്യത്തെ അവധാനതാപൂര്‍വം അപഗ്രഥിക്കാന്‍ സാധിച്ച ഉന്നതനായ നിരൂപകനാണ് അദ്ദേഹം. നല്ല മലയാളത്തിലെഴുതപ്പെട്ട അദ്ദേഹത്തിന്റെ വിമര്‍ശനഗ്രന്ഥങ്ങള്‍ നിരൂപണകലയുടെ വിജയവൈജയന്തികളാണ്. പാശ്ചാത്യസാഹിത്യവിമര്‍ശനസങ്കേതങ്ങളെ അമിതമായി ആശ്രയിക്കുന്നത് ആപത്കരമാണെന്നും ഭാരതത്തിന്റെ തനതായ വിമര്‍ശനദര്‍ശനത്തിന് ഇന്നും പ്രസക്തി കുറഞ്ഞിട്ടില്ലെന്നും ഉറച്ചുവിശ്വസിക്കുന്ന നിരൂപകനാണ് പി.നാരായണക്കുറുപ്പ്. ദുരൂഹമായ പദപ്രയോഗങ്ങളും വൈദേശികമായ തത്വശാസ്ത്രങ്ങളും പാതിവെന്ത ആശയങ്ങളും കുത്തിനിറച്ച് മലയാളവിമര്‍ശനസാഹിത്യത്തെ വന്ധ്യംകരിക്കുവാന്‍ തുനിഞ്ഞിറങ്ങിയ നവീനവിമര്‍ശകപ്രമാണിമാരെയും, സാഹിത്യകലയെ കേവലം കക്ഷിരാഷ്ട്രീയത്തിന്റെ പ്രചരണോപാധിയായി മാത്രംകണ്ട് തരംതാഴ്ത്തിയ മാര്‍ക്‌സിസ്റ്റ് നിരൂപകന്‍മാരെയും അതിശക്തമായി വിചാരണ ചെയ്യുവാനും ഈ വിമര്‍ശകന്‍ ധൈര്യം കാട്ടിയിട്ടുണ്ട്. ഭാരതീയതയെ തലങ്ങും വിലങ്ങും ആക്രമിക്കുന്ന ദേശവിരുദ്ധ ശക്തികളെ നിര്‍ദ്ദാക്ഷിണ്യം ചോദ്യം ചെയ്യുവാനും അദ്ദേഹം മടികാട്ടിയിട്ടില്ല.

കഥകളിയടക്കമുള്ള രംഗകലകളിലുള്ള അഗാധപാണ്ഡിത്യം പി.നാരായണക്കുറുപ്പിലെ വിമര്‍ശകന്റെ കരുത്ത് വര്‍ദ്ധിപ്പിച്ച മുഖ്യഘടകമാണ്. ഭാരതത്തിന്റെയും വിശിഷ്യാ കേരളദേശത്തിന്റെ രംഗകലാപാരമ്പര്യത്തെ ഇത്ര സമീചീനമായും സമതുലിതമായും പഠിച്ച നിരൂപകര്‍ നമുക്കധികമില്ല. ‘ഉണ്ണായിവാര്യരുടെ ജീവചരിത്രം’ രചിച്ചുകൊണ്ട് തന്റെ ഈ സിദ്ധി നാരായണക്കുറുപ്പ് തെളിമയോടെ സഹൃദയസഭയില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടുതാനും. സാഹിത്യകലയുടെ സമഗ്രാനുഭൂതിയെന്തെന്ന് കൃത്യമായി വ്യവഛേദിച്ചറിയുവാനും ചിരന്തനമായ ഭാരതീയ മൂല്യസങ്കല്പനങ്ങളുമായി അവയെ ഔചിത്യ ഭാസുരതയോടെ അന്വയിച്ചവതരിപ്പിക്കുവാനും കൃതഹസ്തനായ ഈ നിരൂപകപ്രതിഭക്ക് സാധിച്ചിട്ടുണ്ടെന്ന് അയ്യപ്പപ്പണിക്കര്‍, അകവൂര്‍ നാരായണന്‍ തുടങ്ങിയ നിര്‍മത്സരബുദ്ധികളായ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടതും ഇത്തരുണത്തില്‍ സ്മരിക്കട്ടെ. ഇനിയും സമാഹരിക്കപ്പെടാത്ത കനപ്പെട്ട ലേഖനങ്ങളുടെ നിര നീണ്ടു കിടക്കുന്നതാണെന്നും സൂചിപ്പിക്കട്ടെ. മലയാളഭാഷയുടെ മഹിമ വര്‍ദ്ധിപ്പിക്കുവാന്‍ അക്ഷീണം പ്രയത്‌നിച്ച ഈ പ്രതിഭാശാലിക്ക് ജഗദീശ്വരന്‍ ദീര്‍ഘായുസ്സും കര്‍മ്മശക്തിയും ചൊരിയട്ടെ.

Tags: പി. നാരായണക്കുറുപ്പ്
Share8TweetSendShare

Related Posts

ക്ഷേത്രസ്വത്തുക്കൾ അന്യാധീനപ്പെടുമ്പോൾ

ക്ഷേത്രസ്വത്തുക്കൾ അന്യാധീനപ്പെടുമ്പോൾ

ദത്തോപന്ത് ഠേംഗ്ഡിജിയുടെ പ്രവചനം

ദത്തോപന്ത് ഠേംഗ്ഡിജിയുടെ പ്രവചനം

ജില്ലാവിഭജനം മത വിഭജനത്തിനോ?

ജില്ലാവിഭജനം മത വിഭജനത്തിനോ?

സംഘം സമാജത്തെ സംഘടിപ്പിക്കുന്ന കാര്യം മാത്രം ചെയ്യും

സംഘം സമാജത്തെ സംഘടിപ്പിക്കുന്ന കാര്യം മാത്രം ചെയ്യും

ബാളാസാഹേബ് ദേവറസ് : സാമാജിക സമരസതയുടെ ഉപാസകന്‍

ബാളാസാഹേബ് ദേവറസ് : സാമാജിക സമരസതയുടെ ഉപാസകന്‍

ബംഗാളിന്റെ ചരിത്രപരമായ പരിവര്‍ത്തനം

ബംഗാളിന്റെ ചരിത്രപരമായ പരിവര്‍ത്തനം

Shopping Cart

Latest

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

ആകാശവാണി പ്രാദേശിക നിലയങ്ങളെ അവഗണിക്കരുത് : തപസ്യ

സാംസ്‌കാരിക സ്ഥാപനങ്ങളെ അമിത രാഷ്‌ട്രീയവല്‍ക്കരണത്തില്‍ നിന്ന് മുക്തമാക്കണം: തപസ്യ പ്രമേയം

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

കുടുംബത്തിനുള്ളില്‍ ആശയവിനിമയം വര്‍ധിപ്പിക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

കുടുംബത്തിനുള്ളില്‍ ആശയവിനിമയം വര്‍ധിപ്പിക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

കോണ്‍ഗ്രസ് സർക്കാർ പിന്തുടരുന്നത് ഇടതുസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍: മോഹിനി മോഹന്‍ മിശ്ര

കോണ്‍ഗ്രസ് സർക്കാർ പിന്തുടരുന്നത് ഇടതുസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍: മോഹിനി മോഹന്‍ മിശ്ര

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം നടത്തണം: ബാലഗോകുലം

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം നടത്തണം: ബാലഗോകുലം

സ്വയംസേവകനാവുക എന്നത് ആജീവനാന്തം തുടരുന്ന പരിശീലനം: ഡോ. മോഹന്‍ ഭാഗവത്

സ്വയംസേവകനാവുക എന്നത് ആജീവനാന്തം തുടരുന്ന പരിശീലനം: ഡോ. മോഹന്‍ ഭാഗവത്

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies