വ്യാപരിച്ച മേഖലകളിലെല്ലാം ഒന്നുപോലെ മാതൃകയായ അപൂര്‍വ്വതയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ പെരുമ. കവിതയും അദ്ധ്യാപനവുമായിരുന്നു പൊതുരംഗത്തെ അദ്ദേഹത്തിന്റെ പ്രമുഖ കര്‍മ്മക്ഷേത്രങ്ങള്‍. അവ രണ്ടിലും അദ്ദേഹം നൂറുമേനിക്കുടമയായിയെന്ന് ഈ ലേഖകനുള്‍പ്പെടെ ജീവിക്കുന്ന ശിഷ്യരും അനശ്വരമായ രചനകളും സാക്ഷ്യം പറയുന്നു. വ്യക്തിജീവിതത്തിലെ വിവിധങ്ങളായ മാനുഷബന്ധങ്ങളിലും പൗരോഹിത്യം എന്ന മഹോന്നത പദവിയിലും അദ്ദേഹം ഇതുപോലെ തന്നെ തിളക്കമാര്‍ന്നു വിളങ്ങിയതിനുമുണ്ട് നിരവധിയനുഭവങ്ങള്‍.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി ലോകചരിത്രത്തില്‍ പ്രകമ്പനങ്ങളുടെ കാലമായിരുന്നല്ലോ. രണ്ടു ലോകയുദ്ധങ്ങള്‍, ക്ഷാമദുരിതങ്ങള്‍, രോഗവേദനകള്‍ എന്നിങ്ങനെ കെടുതിയുടെ പരമ്പരകള്‍. ഭാരതത്തില്‍ സ്വാതന്ത്ര്യസമരമെന്ന തീച്ചൂള, സ്വാതന്ത്ര്യലബ്ധി, രാഷ്ട്രവിഭജനം, വര്‍ഗ്ഗീയ ലഹളകള്‍, വിഭജനത്തിന്റെ മുറിവുകള്‍. കേരള നവോത്ഥാനത്തിന്റെ വെളിച്ചമേറ്റ് സ്വാതന്ത്ര്യപ്പുലരിയിലേക്കു കണ്ണുമിഴിച്ചു. എങ്കിലും കീഴ്‌മേല്‍ മറിഞ്ഞ സാമൂഹികതയില്‍ കൂട്ടുകുടുംബങ്ങള്‍ തകര്‍ന്നും പുത്തന്‍ അധീശത്വങ്ങള്‍ ഉയര്‍ന്നും മര്‍ത്ത്യജീവിതത്തില്‍ സംഘര്‍ഷങ്ങളുടെ തിരയിളക്കമുണ്ടായി.
ഇങ്ങനെ കലങ്ങിയുലഞ്ഞ അനുഭവഭാരവും പേറി പുതുലോകത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ പരമസാത്വികനാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി. പടയോട്ടത്തിന്റെയും കൂട്ടക്കുരുതിയുടെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെയും നൊമ്പരങ്ങളുമായി തെക്കോട്ടു രക്ഷപ്പെട്ട പൂര്‍വ്വികര്‍. വൈദികവൃത്തിയുടെയും ജന്മിത്വത്തിന്റെയും പാരമ്പര്യം അപരാധമായി മാറിയ സാഹചര്യം. നിത്യവൃത്തിയുടെ നിവൃത്തികേടു കടിച്ചമര്‍ത്തേണ്ട വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം. ഇതിനിടയില്‍ നേര്‍ച്ചകളുടെയും പ്രാര്‍ത്ഥനകളുടെയും വരലാഭമായി പിറന്നുവീണു ഈ ഉണ്ണി. പാരമ്പര്യത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടു. അതിലെ നേരുകളെ വേര്‍തിരിച്ചറിഞ്ഞു. അരുതുകളെ അരിച്ചുപെറുക്കിയെടുത്തു വലിച്ചെറിഞ്ഞു. സത്യത്തിലും ധര്‍മത്തിലും അധിഷ്ഠിതമായ മനുഷ്യത്വത്തിനും പ്രപഞ്ചവീക്ഷണത്തിനുമൊപ്പം പുലര്‍ന്നു. അതിനാല്‍ ഇല്ലായ്മ വല്ലായ്മകളെ നിശ്ശബ്ദം സഹിക്കാന്‍ തെല്ലും പ്രയാസപ്പെട്ടില്ല. തിതിക്ഷയുടെ അനുശീലം സൗമ്യോദാരതകളായി ജീവിതാവസാനം വരെ നിലനിര്‍ത്താന്‍ ഇതുപകരിച്ചു.
ഭാരതസംസ്‌കൃതി പകര്‍ന്നേകിയ വിവേകം എല്ലാറ്റിനെയും അറിയാനും അനുഭവിക്കാനും അനുവാദമേകി. സാമ്പ്രദായികമായ വൈദിക പഠനം, പൂജാവിധികള്‍, പാരമ്പര്യാനുസാരിയായ കുലധര്‍മ്മങ്ങള്‍, ശീലാചാരങ്ങള്‍, തലമുറകള്‍ കരുതിവച്ച ജ്ഞാനവിജ്ഞാനങ്ങളുടെ സ്വാംശീകരണം, നാട്ടറിവുകളെ സ്വന്തമാക്കല്‍, വിശ്വപ്രകൃതിയും മനുഷ്യപ്രകൃതിയുമായുള്ള സഹവര്‍ത്തിത്വം മുതലായവയിലൂടെ വികസിതമായ ബാല്യകൗമാരങ്ങള്‍ താണ്ടി യുവത്വത്തിലെത്തി. കൂടുതല്‍ വിശാലമായ ലോകങ്ങള്‍. അപരിചിത മനുഷ്യമാതൃകകള്‍, വിജ്ഞാനവേദികള്‍, ശാസ്ത്രവിഷയങ്ങളും ആംഗലസാഹിത്യവും പഠിച്ച് ബിരുദബിരുദാനന്തര വിദ്യാഭ്യാസപൂര്‍ത്തി. അതു കഴിഞ്ഞ് അദ്ധ്യാപനം എന്ന പവിത്രകര്‍മ്മം സ്വധര്‍മ്മമായിത്തീര്‍ന്ന ധന്യത.
കേരളം ദര്‍ശിച്ച പ്രതിഭാധനരായ ഇംഗ്ലീഷ് പ്രൊഫസര്‍മാരിലൊരാള്‍ വിഷ്ണുനാരായണന്‍ നമ്പൂതിരിയാണ്. ഓള്‍ഡ് ഇംഗ്ലീഷിലും മിഡില്‍ ഇംഗ്ലീഷിലുമെല്ലാം നിഷ്ണാതനായ പണ്ഡിതനായിരുന്നു അദ്ദേഹം. സര്‍ഗാത്മകസാഹിത്യം മാത്രമല്ല, വ്യാകരണവും ഭാഷാശാസ്ത്രവും ഫൊണറ്റിക്‌സും വരെ അദ്ദേഹം ഹൃദയംഗമമായി പഠിപ്പിച്ചു. നവീനതയോടും ഇതേ ആഭിമുഖ്യം തന്നെയായിരുന്നു. തന്റെ പ്രഗാഢമായ സംസ്‌കൃതപാണ്ഡിത്യവും ഭാരതീയ ദര്‍ശനവിജ്ഞാനവും കൂടി സമ്മേളിച്ചപ്പോള്‍ ആ ക്ലാസുകള്‍ മറ്റാര്‍ക്കും സൃഷ്ടിക്കാനാകാത്ത ആനുഭൂതിക പ്രപഞ്ചമായി.

മലയാളകവിത നവീനതയെ വാരിപ്പുണരാന്‍ വെമ്പിയ ഘട്ടത്തിലായിരുന്നു വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കടന്നുവരവ്. ആ നവീനതയില്‍ അദ്ദേഹം സ്വന്തമായ ഒരിടം നിര്‍മ്മിച്ചെടുത്തു. പൗരാണികവും സനാതനവുമായ ഭാരത സംസ്‌കൃതിയെ ആത്മസാത്കരിച്ചതിനാല്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തിന് ഒട്ടും ആയാസപ്പെടേണ്ടി വന്നില്ല. നിലനില്‍പിന്റെ രഹസ്യം മനസ്സിലാക്കിയ സത്തയ്ക്കുണ്ടോ അന്യത്വം, അസാദ്ധ്യം എന്നീ മോഹമായികതകള്‍? ഈ സത്യത്തെ, ‘പഞ്ചേന്ദ്രിയങ്ങളിലൂടെ ഞാന്‍ ഉള്‍ക്കൊള്ളുന്ന പ്രപഞ്ചത്തോട് എനിക്കു ചെയ്യാവുന്നതിലേറ്റവും സാര്‍ത്ഥകമായ പ്രതികരണമാണ് എന്റെ കവിത’ എന്ന് അദ്ദേഹം നമ്മോടു പറഞ്ഞു.
തനിക്കൊപ്പമുള്ള മിക്കവരും കമ്മ്യൂണിസത്തിന്റെ മേച്ചില്‍പ്പുറങ്ങള്‍ തേടി നടന്നപ്പോള്‍ ഈ കവി ആ മാര്‍ഗ്ഗം അവലംബിച്ചില്ല. അത് പലര്‍ക്കും പലതും വച്ചുനീട്ടിയിട്ടുണ്ടാകാം. എന്നാല്‍ അങ്ങനെയൊന്നിനും വിട്ടുകൊടുക്കാനാവാത്ത ഒന്നുണ്ട്. അതാണു സമര്‍പ്പണം. അതിനു സ്വപ്രത്യയസ്ഥൈര്യം ഉണ്ടായിരിക്കണം. നമ്മുടെ അനാദിയായ പൈതൃകത്തിന് അവകാശിയായിരിക്കണം കവിയും ആചാര്യനും. ‘ഇദം ന മമ’ എന്ന സത്യദര്‍ശനം കൈമുതലായവര്‍ ഇവിടെ എന്നും കാണിച്ചുതരുന്നത് ആ ലളിതവും സരളവുമായ അനശ്വരമാര്‍ഗ്ഗമാണ്. ഉള്ളവരും ഇല്ലാത്തവരും അല്ലാതെ വേണ്ടാത്തവര്‍ എന്ന മൂന്നാമതൊരു വിഭാഗം കൂടി മനുഷ്യകുലത്തിലുണ്ടെന്നു ലോകത്തിനു കാട്ടിക്കൊടുത്തിട്ടുണ്ടല്ലോ ഭാരതം, പണ്ടേക്കു പണ്ടേ. ആ വിവേകം കൈവെടിഞ്ഞുകൂടാ. അതിനാല്‍ സ്ഥാനമാനങ്ങളുടെയൊന്നും പിന്നാലെ നടന്നില്ല വിഷ്ണുനാരായണന്‍ നമ്പൂതിരി. എന്നുമാത്രമല്ല, പിന്നാലെ വന്ന സ്ഥാനമാനങ്ങളിലേക്ക് തിരിഞ്ഞു നോക്കുക പോലും ചെയ്തുമില്ല. അതിനെപ്പറ്റി ഈ മനീഷി വിശദമാക്കിയിട്ടുണ്ട്. ‘.. ഇന്ത്യയില്‍ ഇന്നു നിലനില്‍ക്കുന്ന ജനജീവിത സംസ്‌കൃതിയുടെ പ്രകരണത്തിലാകട്ടെ, പാരമ്പര്യത്തിലെ സജീവാംശങ്ങളുടെ സന്തര്‍പ്പണം അവശ്യമനുഷ്ഠിക്കേണ്ട ഒരു മഹാധര്‍മ്മമാണെന്നു ഞാന്‍ കരുതുന്നു. ജീവിതത്തില്‍ വേരോട്ടമുള്ള ധര്‍മ്മിനീതിയുടെയും രാജനീതിയുടെയും ഉജ്ജ്വലചിന്തകള്‍ ഒരിക്കലിവിടെ പൂക്കുകയും കായ്ക്കുകയും ചെയ്തകാര്യം ഞാന്‍ ശ്രദ്ധിച്ചു മനസ്സിലാക്കിയിട്ടുണ്ട്. ഇന്ന് ആ സ്ഥാനത്ത് അനുകരിച്ചെടുത്ത വ്യര്‍ത്ഥവിചാരങ്ങളുടെയും ഇറക്കുമതി ചെയ്ത വികലാദര്‍ശങ്ങളുടെയും കാട്ടുമുള്‍പ്പടര്‍പ്പാണ് ദേശീയതലത്തിലുള്ള പലതരം വചോവ്യായാമങ്ങളില്‍ ഞാന്‍ കാണുന്നത്. ഇതു മാനസികമായ അടിമത്തത്തിന്റെ അവശിഷ്ടമല്ലാതെ മറ്റൊന്നുമല്ല. ആ നിലയ്ക്ക് ഇന്ത്യയുടെ ദാര്‍ശനിക പാരമ്പര്യത്തില്‍ ഊറ്റം കൊള്ളുന്ന – ഒരുവേള സ്വാഭിമാനം മാത്രം കൈമുതലായുള്ള – ഒരു എളിയ കവിയുടെ പ്രതികരണങ്ങള്‍ക്ക് അവയുടേതായ വിലയുണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസം.’
ഇങ്ങനെയായതുകൊണ്ട് വിഷ്ണുനാരായണന്‍ നമ്പൂതിരിക്കവിത സമഗ്ര കവിതയായിത്തീര്‍ന്നിട്ടുണ്ട്. മാനുഷവികാരങ്ങളും പ്രപഞ്ചാനുഭവങ്ങളും അവയില്‍ സകല വൈചിത്ര്യ വൈവിധ്യങ്ങളോടും കൂടി സന്നിഹിതമായി. മലയാളത്തില്‍ മാത്രമല്ല ഇംഗ്ലീഷ്, സംസ്‌കൃതം എന്നീ ഭാഷകളിലും അവ ആവിഷ്‌കാരഭാവം പൂണ്ടു. ധൂര്‍ത്തും ശൈഥില്യവും ആ കവിതകള്‍ക്ക് അപരിചിതമായി. പ്രകടനപരത അനാവശ്യവുമായി. അനുഭവത്തിന്റെ നേരെഴുത്തുകളാകയാല്‍ വിഷ്ണുനാരായണന്‍ നമ്പൂതിരിക്കവിതകള്‍ക്ക് കാലത്തിനോടോ ലോകത്തിനോടോ യാതൊന്നും യാചിക്കേണ്ടതില്ല. എക്കാലവും ലോകവും അവയെ നിലനിര്‍ത്തുകതന്നെ ചെയ്യും.

കവിത്വം, പൗരോഹിത്യം, ആചാര്യത്വം എന്നീ ഔന്നത്യങ്ങളില്‍ വച്ചു സമൂഹം മാനിച്ചപ്പോഴും വിഷ്ണുനാരായണന്‍ നമ്പൂതിരി അവയെയൊന്നും ഗൗനിച്ചില്ല. അദ്ദേഹം നടന്നും സൈക്കിള്‍ ചവിട്ടിയും ബസില്‍ കയറിയും ശിഷ്യരുടെ ഇരുചക്രവാഹനത്തിന്റെ പിന്നിലിരുന്നും യാത്ര ചെയ്ത് കാലം തികയ്ക്കുകയേ ചെയ്തുള്ളൂ. ശിഷ്യരുടെ വീടുകളില്‍ സുഖത്തിലും ദുഃഖത്തിലും പങ്കുകൊണ്ട് അവിശ്വസനീയമായ ജീവിതകാവ്യങ്ങള്‍ രചിച്ചു. അങ്ങനെ മക്കള്‍ക്കൊപ്പം ശിഷ്യര്‍ക്കും തുല്യാവകാശമുള്ള പിതൃസാന്നിധ്യമാവുകയായിരുന്നു.
മറവിയുടെയും മൗനത്തിന്റെയും കയത്തില്‍ ഗുരുനാഥന്‍ പെട്ടുപോയ ഒരു ദശാബ്ദക്കാലമത്രയും വല്ലാത്ത നൊമ്പരഘട്ടമായിരുന്നു എല്ലാവര്‍ക്കും. കര്‍മ്മസാഫല്യത്തിന്റെയും സര്‍വാംഗീകാരത്തിന്റെയും സൂര്യശോഭയില്‍ ജ്വലിച്ചു നില്‍ക്കേണ്ടതായിരുന്നു ആ നീണ്ട ദിനങ്ങള്‍. വിഷ്ണുനാരായണന്‍ നമ്പൂതിരി സാറിന്റെ കാര്യത്തില്‍ എന്തുകൊണ്ടോ അതുണ്ടായില്ല. ഒരുപക്ഷേ അതൊരു ഭാവസമാധി ആയിരുന്നിരിക്കാം. ഇഹപരങ്ങളെ ബന്ധിപ്പിക്കുന്ന ധന്യതയാര്‍ന്ന ധ്യാനവേള. എല്ലാം അവസാനിക്കുന്നതിനു മുന്നോടിയായ ഇടവേള. താനില്ലാതെ, താനല്ലാതെ ആയിത്തീരാനുള്ള തയ്യാറെടുപ്പ്. ഒടുവില്‍ അതും സംഭവിച്ചു. വിഷ്ണുനാരായണന്‍ നമ്പൂതിരി അനശ്വരസത്തയായി.