അനശ്വര കവി ജി. ശങ്കരക്കുറുപ്പ് കവിതയിലൂടെ നിവേദിതയെ മാധവീലതയായി സംബോധന ചെയ്യുന്നു.
”അനേക ലക്ഷ ജന്മങ്ങ-
ളാചരിച്ച തപസ്യയാല്‍
പൂവിരിഞ്ഞിങ്ങു നില്‍ക്കുന്നു
ഭൂവിലീ മാധവീലത”
ഭാരതീയ ബാല്യത്തെ ഭാരതം, അമ്മ – അമ്മ എന്ന് ജപിയ്ക്കുവാന്‍ പഠിപ്പിച്ച ദേശീയതയുടെ കാവലാളാണ് ഭഗിനീ നിവേദിത. നേതാജീ സുഭാഷ് ചന്ദ്രബോസ് പറയുന്നു ”വിവേകാനന്ദ സാഹിത്യം വായിച്ചാണ് ഞാന്‍ ഭാരതത്തെ സ്‌നേഹിക്കുവാന്‍ തുടങ്ങിയത്. എന്നാല്‍ വിവേകാനന്ദനെ അടുത്തറിഞ്ഞത് ഭഗിനീ നിവേദിതയുടെ സാഹിത്യത്തില്‍ നിന്നുമാണ്.” ഇന്ത്യന്‍ മണ്ണില്‍ പ്രവര്‍ത്തിക്കുന്നവര്‍ അനുഗ്രഹീതരാണ്. ആ വിചാരത്തോടെയല്ലാതെയുള്ള ഒരു പ്രവൃത്തിയും യുക്തമല്ല. കര്‍മ്മം ജപം പോലെ ശുദ്ധമായിരിക്കണം. അതു ജീവിതത്തിന്റെ സംഗീതമാണ്. ഇതായിരുന്നു വിവേകാനന്ദസ്വാമി ഭഗിനീ നിവേദിതയ്ക്ക് കൊടുത്ത ഉപദേശം.
അയര്‍ലണ്ടിലെ ഡംഗാണനില്‍ 1867 ഒക്‌ടോബര്‍ 28 ന് മാര്‍ഗരറ്റ് എലിസബത്ത് നോബിള്‍ പിറന്നു. പിതാമഹനായ റവറന്റ് ജോണ്‍ നോബിള്‍ പള്ളി വികാരിയും പിതാവായ സാമുവേല്‍ റിച്ച്മണ്ട് പുരോഹിതനുമായിരുന്നു. നിവേദിതയുടെ മാതാവായ മേരി ഇസ്ബല്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ തനിക്കൊരു മകള്‍ ജനിച്ചാല്‍ കന്യാസ്ത്രീയാക്കാമെന്ന് പള്ളിയില്‍ പോയി നേര്‍ന്നിരുന്നു. മാര്‍ഗരറ്റ് നോബിളിന്റെ ജനനശേഷം ഭാരതം സന്ദര്‍ശിച്ചു മടങ്ങിയ പിതൃ സ്‌നേഹിതനായ പുരോഹിതന്‍ ഒരു ദിവസം വീട്ടിലെത്തിയിരുന്നു. കന്യാസ്ത്രീയാക്കുവാന്‍ നിശ്ചയിച്ച മാര്‍ഗരറ്റിനോട് ഭാരത വര്‍ഷം ഒരു ദിവസം നിന്നെ വിളിക്കും എന്നു പറഞ്ഞു. കന്യാസ്ത്രീയാകുവാന്‍ വ്രതംകൊണ്ട് മാര്‍ഗരറ്റ് ഭാരതത്തിലെത്തിയത് ദരിദ്ര കോടികളുടെ കണ്ണീരൊപ്പി ഭാരതത്തെ ആത്മീയ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുവാനായിരുന്നു.
പത്താമത്തെ വയസ്സില്‍ ജീവിതാനന്ദം നഷ്ടപ്പെടുത്തി വിഷാദം കരിനിഴല്‍ വീഴ്ത്തി പിതാവായ സാമുവേല്‍ റിച്ച്മണ്ട് നിര്യാതനായി. മാതാവ് എലിസബത്ത് ഭര്‍ത്തൃഗൃഹം ഉപേക്ഷിച്ച് കുട്ടികളേയുംകൂട്ടി പിതാവിന്റെ വീട്ടിലേക്ക് പോന്നു. ബുദ്ധികൂര്‍മ്മതയും ചിന്താശീലവും നിസ്വാര്‍ത്ഥതയും നേതൃഗുണവും സഹജമായുണ്ടായിരുന്ന മാര്‍ഗരറ്റ് മിടുക്കിയായ വിദ്യാര്‍ത്ഥിനിയായിരുന്നു. കോളേജ് വിദ്യാഭ്യാസത്തിനുശേഷം 1889-ല്‍ ചെസ്റ്ററിലെ സ്‌കൂളില്‍ അദ്ധ്യാപികയായി ജോലി ലഭിച്ചു. കുട്ടികളിലെ സ്വതന്ത്ര ചിന്തകളെ നന്നായി പരിപോഷിപ്പിക്കുന്ന അദ്ധ്യാപികയായി മാറി. കുട്ടികളെ സ്വാര്‍ത്ഥ ബുദ്ധിയോടെ സ്‌നേഹിക്കുന്ന മാതാപിതാക്കളും സ്വന്തം ജീവിത സങ്കല്പം തന്നെ പിന്തുടരണമെന്ന് ആഗ്രഹിച്ച് ഉപദേശം നല്‍കുന്ന അദ്ധ്യാപകരുമാണ് കുട്ടികളുടെ ഏറ്റവും വലിയ ശത്രുക്കള്‍ എന്ന സന്ദേശമാണ് മാര്‍ഗരറ്റ് രക്ഷാകര്‍ത്തൃയോഗത്തില്‍ നല്‍കിയത്. സ്വതന്ത്രമായ വികാസത്തിന് കളമൊരുക്കുന്ന കേന്ദ്രമായി തന്റെ അദ്ധ്യാപന ജീവിതത്തെ രൂപപ്പെടുത്തി.
1895-ല്‍ ജോലി ഉപേക്ഷിച്ച് വിംബിള്‍ഡന്റെ മറ്റൊരു ഭാഗത്ത് റെക്‌സില്‍ സ്‌കൂള്‍ എന്ന പേരില്‍ ഒരു വിദ്യാലയം സ്ഥാപിച്ചു. അതിനോടൊപ്പം സെസാമോ ക്ലബ്ബിനും രൂപം നല്‍കി. ഈശ്വരനിലും സര്‍വ്വവ്യാപിയായ സത്യത്തിലും രൂഢമൂലമായ വിശ്വാസം ഏതുതരം പ്രതിസന്ധികളേയും തരണം ചെയ്യുവാന്‍ അവര്‍ക്ക് കരുത്ത് നല്‍കി. ആയിടയ്ക്ക് സെസാമോ ക്ലബ്ബിലെ അംഗമായ ലേഡി ഇസബല്ലിന്റെ വീട്ടില്‍ വിവേകാനന്ദസ്വാമിയുടെ സന്ദര്‍ശനമുണ്ടായി. വിവേകാനന്ദസ്വാമിജിയെ കാണുവാനും പരിചയപ്പെടുവാനും മാര്‍ഗരറ്റിന് ഇതൊരവസരമായി. നീണ്ട കാഷായ വസ്ത്രം, ചുമന്ന തുണികൊണ്ടുള്ള തലക്കെട്ട്, ദീര്‍ഘകായന്‍, ദൃഢശരീരം, അഗാധമായ ദിവ്യത്വത്തിന്റെ അന്തരീക്ഷം അവിടെ നിറയുന്നതായി മാര്‍ഗരറ്റിന് തോന്നി. അദ്ദേഹത്തിന്റെ വാക്കുകള്‍ അവരെ അത്ഭുതപ്പെടുത്തി. ”തന്നെകൂടാതെ ഈശ്വരന് അസ്തിത്വമില്ലെന്ന് മനുഷ്യര്‍ വിചാരിക്കുന്നു. പക്ഷേ അനന്തതയെ സഹായിക്കുവാന്‍ ആര്‍ക്കു കഴിയും. ഇരുട്ടിലൂടെ നീളുന്ന കൈകളും നമ്മുടേതുതന്നെയായിരിക്കും. അനവസാനമായി സ്വപ്‌നങ്ങള്‍ കാണുന്ന നാം പരിമിതമായ സ്വപ്‌നങ്ങളേ ദര്‍ശിയ്ക്കുന്നുള്ളു.”
പാശ്ചാത്യ ലോകത്തിന്റെ വ്രണങ്ങള്‍ ഉണക്കുവാന്‍ വന്ന പുതിയ ബുദ്ധനാണെന്നാണ് ലണ്ടനിലെ പത്രങ്ങള്‍ സ്വാമിയെ വിശേഷിപ്പിച്ചത്. നമ്മുടെ സമരം സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ളതാണ്. നാം ദുഃഖമോ, സന്തോഷമോ അല്ല തേടുന്നത്. സ്വാതന്ത്ര്യം. സ്വാതന്ത്ര്യമാണ് നാം അന്വേഷിക്കുന്നത്. വിദേശ പര്യടനത്തില്‍ സ്വാമിജിയുടെ സ്വാതന്ത്ര്യ ദാഹം പ്രകടമായിരുന്നു. ഈ വാക്കുകളെല്ലാം, കളിപ്പാട്ടങ്ങള്‍ കിട്ടിയ കുട്ടി അത്ഭുതത്തോടെ കളിപ്പാട്ടങ്ങള്‍ക്കായി സൂര്യചന്ദ്രന്മാര്‍ക്ക് നേരെ കൈനീട്ടിയതുപോലെയാണ് നിവേദിതയ്ക്ക് അനുഭവപ്പെട്ടത്. ഒരു പള്ളിയില്‍ ജനിക്കുന്നതു നല്ലതുതന്നെ, പക്ഷേ അവിടെ മരിച്ച് അടിയുന്നത് ഭയങ്കരമാണ്. പാപഭീതി ജനിപ്പിക്കുന്ന അടിമത്തമല്ല സ്വാതന്ത്ര്യത്തിലേക്കുള്ള ആത്മീയ പുരോഗതി നേടുകയാണനിവാര്യം.
ഉദ്‌ബോധനങ്ങള്‍ മാര്‍ഗരറ്റില്‍ മനഃപരിവര്‍ത്തനത്തിന് കാരണമായി. സ്വാമിജിയെ ഗുരുവായി (Master) സംബോധന ചെയ്ത് സ്വയം ശിഷ്യയായി. 1896 ഏപ്രിലില്‍ സ്വാമിജി വീണ്ടും ലണ്ടനിലേക്ക് എത്തിച്ചേര്‍ന്നു. 1893 സപ്തംബര്‍ 11 ലെ ചിക്കാഗോ സമ്മേളനം മുതല്‍ ശ്രവിച്ചുകൊണ്ടിരുന്ന ഗുരുവചനങ്ങള്‍ മാര്‍ഗരറ്റിനെ പരിവര്‍ത്തിതയാക്കിയിരുന്നു. സ്വാമിജിയോട് മാര്‍ഗരറ്റ് പറഞ്ഞു ”ഗുരു പുതിയൊരു ജീവിതത്തിന് ഞാന്‍ തയ്യാറായിരിക്കുന്നു.” കേട്ടമാത്രയില്‍ സ്വാമിജി പ്രതിവചിച്ചു. എന്റെ രാജ്യത്തെ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് എനിക്ക് ചില പദ്ധതികളുണ്ട്. നിങ്ങള്‍ക്ക് എന്നെ ഇക്കാര്യത്തില്‍ സഹായിക്കുവാന്‍ കഴിയുമെന്ന് ഞാനാശിക്കുന്നു. ലോകത്തെ നാം സഹായിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നാം നമ്മെതന്നെയാണ് സഹായിക്കുന്നത്. ഇന്ത്യയ്ക്ക് മഹതികളായ വനിതകളെ സൃഷ്ടിക്കുവാന്‍ കഴിയുന്നില്ല. അതുകൊണ്ട് മറ്റു രാജ്യങ്ങളില്‍ നിന്ന് കടം കൊള്ളേണ്ടിയിരിക്കുന്നു. നിങ്ങളുടെ വിദ്യാഭ്യാസം, ആത്മാര്‍ത്ഥത, പരിശുദ്ധി, സ്‌നേഹം, ദൃഢനിശ്ചയം, സര്‍വ്വോപരി ഐറിഷ് രക്തം ഇവയെല്ലാം നിങ്ങളെ തികച്ചും ഭാരതത്തിന് അര്‍ഹയായ വനിതയാക്കുന്നു.
നിങ്ങള്‍ എടുത്തുചാടും മുമ്പ് നന്നായി ആലോചിക്കണം. എനിക്കൊന്നേ പറയുവാനുള്ളൂ. നിങ്ങള്‍ ഇന്ത്യയ്ക്കുവേണ്ടി പ്രവൃത്തി തുടര്‍ന്നാലും ഇല്ലെങ്കിലും, വേദാന്തം ഉപേക്ഷിച്ചാലും ഇല്ലെങ്കിലും ഞാന്‍ മരണംവരെയും നിങ്ങള്‍ക്കുവേണ്ടി നില്‍ക്കും. ആനയുടെ കൊമ്പ് പുറത്തേക്കുവന്നാല്‍ പിന്നെ പിന്നോട്ട് പോകയില്ല. അതുപോലെയാണ് മനുഷ്യന്റെ പിന്മടങ്ങാത്ത വാക്കുകള്‍. വാഗ്ദത്തത്തോടൊപ്പം ഞാനൊരു താക്കീതു നല്‍കുന്നു. നിങ്ങള്‍ സ്വന്തം കാലില്‍തന്നെ നില്‌ക്കേണ്ടതായിവരും. മറ്റാരുടെയും ചിറകുകള്‍ക്ക് താഴെയായിരിക്കുകയില്ല നിങ്ങളുടെ സ്ഥാനം.
റക്‌സില്‍ സ്‌കൂളിലെ ജോലി സഹോദരിക്ക് നല്‍കി മൊംസാബ് എന്ന കപ്പലില്‍ അവര്‍ ഭാരതത്തിലേക്ക് പോന്നു. ‘1898 ജനുവരി 28 വിജയം! ഞാന്‍ ഭാരതത്തില്‍ വന്നു’… മാര്‍ഗരറ്റിന്റെ ഡയറിയില്‍ കുറിച്ചു. വിദേശികളായ സഹയാത്രികള്‍ ഭയപ്പെടുത്തിയിരുന്നു. രാവും പകലും പ്രത്യേകം സൂക്ഷിച്ചുകൊള്ളണം. ഇന്ത്യയില്‍ എല്ലായിടത്തും അപകടം പതിയിരിക്കുന്നു. ജലത്തില്‍ മുക്കികൊല്ലും. പഴങ്ങള്‍ക്ക് വിഷം. പൂക്കള്‍ക്ക് മയക്കുമരുന്നിന്റെ ഗുണം. മനുഷ്യനെ മാത്രമല്ല പശു, കുരങ്ങ്, മയില്‍ തുടങ്ങിയവയെപ്പോലും ഉപദ്രവിക്കുവാന്‍ മടിക്കാത്തവരുടെ രാജ്യമാണിന്ത്യ എന്നായിരുന്നു വിദേശികള്‍ നമ്മെ കണക്കാക്കിയിരുന്നത്. പക്ഷേ സ്വാമിജി മുന്‍പുതന്നെ മാര്‍ഗരറ്റിനെ ധരിപ്പിച്ചിരുന്നു ”ദാരിദ്ര്യം, അധഃപതനം, അവമതി തുടങ്ങിയവ കാണുക. ഈശ്വരനുവേണ്ടി ജീവിക്കുന്നവരെ സന്ദര്‍ശിക്കുക. ഇതിനുവേണ്ടിയാണെങ്കില്‍ വരാം. മറ്റെന്തിനുവേണ്ടിയുമാണെങ്കില്‍ വരേണ്ടതില്ല.
1898 മാര്‍ച്ച് 11 ന് മാര്‍ഗരറ്റ് നോബിളിനെ പരിചയപ്പെടുത്താനായി സ്വാമി വിവേകാനന്ദന്‍ കല്‍ക്കട്ടയിലെ സ്റ്റാര്‍ തീയറ്ററില്‍ ഒരു യോഗം സംഘടിപ്പിച്ചു. ആ യോഗത്തില്‍ വച്ച് സ്വാമി വിവേകാനന്ദന്‍ ഭഗിനീ നിവേദിതയെ ബംഗാളികള്‍ക്ക് പരിചയപ്പെടുത്തി. മാര്‍ഗരറ്റിനെ ഗ്രാമീണ സതീരത്‌നമായ ശാരദാമണിദേവി സ്വീകരിച്ചു. ”എന്റെ മകളേ നീ വന്നത് എനിക്ക് സന്തോഷമായി” ബാഗ്ബസ്സാറിലെ വസതിയില്‍ ശാരദാദേവി മകളെപോലെ അനുഗ്രഹിച്ചു. 1898 മാര്‍ച്ച് 25 ന് നിവേദിത എന്ന പേരോടുകൂടി മാര്‍ഗരറ്റ് ബ്രഹ്മചര്യ ദീക്ഷ സ്വീകരിച്ചു. ”ശിശുവിനെപ്പോലെ എനിക്കെല്ലാം പഠിക്കണം. എന്റെ വിദ്യാഭ്യാസം തുടങ്ങുന്നതേയുള്ളു. എന്നെ സഹായിക്കുക. എന്റെ വഴിത്താര ആയാസകരമാണ്. നിങ്ങളുടെ മുഖത്തെ കാരുണ്യപുരസ്സരമായ സ്വാഗതം എന്നെ ഇക്കാര്യം ഓര്‍മ്മപ്പെടുത്തുന്നു.” ….നിവേദിതയുടെ വികാരപ്രകടനം ഇപ്രകാരമായിരുന്നു.
നിവേദിത ഭാരത്തിലെ ബാലികമാരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനം ഏറ്റെടുത്തു. 1898 നവംബര്‍ 13 ന് ശ്രീരാമകൃഷ്ണ സന്ന്യാസി പരമ്പരയുടെയും മാതൃദേവിയുടെയും അനുഗ്രഹത്തോടെ കൊല്‍ക്കത്തയിലെ ബോസ്പാറ ലെയിനില്‍ വിദ്യാലയം ഉദ്ഘാടനം ചെയ്യപ്പെട്ടു. തൂവലും ചായവുംകൊണ്ട് ചിത്രം വരയ്ക്കുക, മണ്ണുകൊണ്ട് പാവയുണ്ടാക്കുക, തുണികഷ്ണം തയ്ച്ചു ചേര്‍ക്കുക എന്നീ സാധാരണ പഠനങ്ങള്‍ കുട്ടികളില്‍ ഉത്സാഹം വര്‍ദ്ധിപ്പിച്ചു. ധാരാളം സഹോദരിമാരെ ജീവിതം സമര്‍പ്പിച്ച് സമാജ സേവ ചെയ്യുവാന്‍ പ്രേരിപ്പിച്ചു. സ്‌കൂള്‍ നിഷിദ്ധമായിരുന്ന ബാലികമാരെ വിദ്യാസമ്പന്നരാക്കി. ബംഗാളിലെ സാമൂഹ്യ നവോത്ഥാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തി സ്രോതസ്സായി ഭഗിനീ നിവേദിത മാറി.
സേവാ പ്രവര്‍ത്തനത്തിനായി അവര്‍ സ്ത്രീകളെ സംഘടിപ്പിച്ചു. വൃത്തിഹീനമായ കോളനികള്‍ ശുചീകരിച്ചു. പ്ലേഗ് ബാധയ്‌ക്കെതിരെ വീടുകള്‍തോറും കയറിയിറങ്ങി. കുട്ടികളെ പരിചരിച്ച് ബംഗാളികളുടെ സ്വന്തം മാതാവായി അവര്‍ മാറി. ഭാരത സ്വാതന്ത്ര്യ സമരത്തിലെ ധീര ദേശാഭിമാനികള്‍ക്ക് പ്രചോദനമായി. സ്വാമി വിവേകാനന്ദന്റെ സ്വാതന്ത്ര്യ പ്രതീക്ഷകള്‍ നിറവേറ്റാനായി അവര്‍ ദേശീയ നേതാക്കളെ സന്ദര്‍ശിച്ചു. തിലകന്‍, ഗോഖലെ, അരവിന്ദ് ഘോഷ്, ജഗദീഷ് ചന്ദ്രബോസ്, ടാഗൂര്‍ എന്നിവരുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെട്ടു. അരവിന്ദ് ഘോഷ് നിവേദിതയെ ‘അഗ്നിശിഖ’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. നമ്മുടെ റാണി വിക്‌ടോറിയയാണെന്ന് പറഞ്ഞ കുട്ടികളെ ത്യാഗസഹനങ്ങളുടെ മൂര്‍ത്തിമദ്ഭാവമായ സീതാദേവിയാണ് നമ്മുടെ റാണിയെന്ന് പഠിപ്പിച്ചു. സ്വദേശീ പ്രസ്ഥാനത്തിനുവേണ്ടി നിവേദിത തീവ്രമായി പ്രവര്‍ത്തിച്ചു. ബംഗാള്‍ വിഭജനത്തേയും അതിനു കാരണക്കാരനായ കഴ്‌സണ്‍ പ്രഭുവിനേയും പത്രമാദ്ധ്യമങ്ങളിലൂടെയും സാമൂഹ്യമായും തുറന്നുകാട്ടി. ജനങ്ങളെ സംഘടിപ്പിച്ച് പ്രതിഷേധിക്കുന്നതില്‍ നിവേദിതയുടെ പങ്ക് നിസ്തുലമായിരുന്നു.
തിലഭാണ്ഡേശ്വരത്തെ നിവേദിതയുടെ വസതിയില്‍ നേതാക്കളെ സ്വീകരിച്ച് കോണ്‍ഗ്രസ്സ് സമ്മേളനം നടത്തി. നിവേദിതയുടെ കുട്ടികള്‍ തുന്നിയെടുത്ത കാവി തുണിയില്‍ വജ്രായുധം ആലേഖനം ചെയ്ത പതാക 1905-ലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ആദ്യമായി അവതരിപ്പിച്ചത് ഭഗിനീ നിവേദിതയായിരുന്നു. സുബ്രഹ്മണ്യ ഭാരതി 1905-ലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ വച്ച് നിവേദിതയെ പരിചയപ്പെട്ടു. ഈ പരിചയമാണ് സുബ്രഹ്മണ്യ ഭാരതിയെ ദേശസ്‌നേഹപൂരിതമായ കവിതകളെഴുതുവാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
1911 ഒക്‌ടോബര്‍ 11 ന് പരമപദം പ്രാപിക്കുന്നതുവരെ വിവേകാനന്ദ സ്വാമിയുടെ ആത്മീയ പുത്രിയായി ശോഭിക്കുകയും ഭാരത സ്വാതന്ത്ര്യദാഹികളെ പ്രേരിപ്പിക്കുകയും ചെയ്തു. നിവേദിത ധരിച്ച വെളുത്ത വസ്ത്രവും കഴുത്തിലണിഞ്ഞ രുദ്രാക്ഷവും ഭാരതലാളിത്യത്തിന്റേയും വിശുദ്ധിയുടെയും മാതൃകയായി മാറി. ഭാരത പുനഃരുദ്ധാരണത്തിനായി സമര്‍പ്പിത ജീവിതമായിരുന്നു അവരുടേത്. ധാരാളം കൃതികള്‍ അവര്‍ രചിച്ചു. ഡാര്‍ജിലിംഗില്‍ വച്ച് അന്ത്യം സംഭവിക്കുംവരെയുള്ള ഭാരത ജീവിതകാലയളവ് ഉദ്ഗ്രഥിത ഹിന്ദുത്വത്തിനും സ്വാതന്ത്ര്യ സമരത്തിനും ബാലികാ വിദ്യാഭ്യാസത്തിനുംവേണ്ടി അര്‍പ്പിതമായിരുന്നു. മരണ സമയത്ത് അവര്‍ പറഞ്ഞു വഞ്ചി മുങ്ങുകയാണെങ്കിലും ഞാന്‍ സൂര്യോദയം കാണും (The boat is sinking but I shall see Sunrise). സേവനത്തിന്റെ സായൂജ്യമായി സമര്‍പ്പണത്തിന്റെ തിരിനാളമായി ഭാരത മാതാവിനുവേണ്ടി സഫ ലജീവിതം സമര്‍പ്പിച്ച സ്വാധ്വിയായിരുന്നു ഭഗിനീ നിവേദിത.