പഞ്ചസൂനാ ഗൃഹസ്ഥസ്യ
ചൂല്ലീ പേഷണ്യുപസ്‌കര:
കണ്ഡനീ ചോദകുംഭശ്ച
ബധ്യതേ യാസ്തു വാഹയന്‍
(മനുസ്മൃതി)
അടുപ്പ്, അരകല്ല് (അമ്മി), ചൂല്, ഉരല്‍- ഉലക്ക, വെള്ളം കോരുന്ന കുടം ഈ അഞ്ച് കര്‍മ്മസ്ഥാനങ്ങള്‍ ഗൃഹസ്ഥരായ മനുഷ്യര്‍ക്ക് ഹിംസാസ്ഥാനങ്ങളാണ്. ഈ അഞ്ച് പ്രവൃത്തിയും ചെയ്യാതെ ഒരാള്‍ക്കും ജീവിക്കാന്‍ സാധിക്കുകയില്ല. ഇന്ന് ഇതെല്ലാം യന്ത്രത്തിനെ ഏല്‍പ്പിച്ച് മനുഷ്യന്‍ സ്വസ്ഥനാണെങ്കില്‍പോലും ഈ കര്‍മ്മങ്ങളുടെ കര്‍തൃത്വം മനുഷ്യന് തന്നെയാണ്. ദൈനംദിനം വന്നുചേരുന്ന ഈ ദോഷങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ആര്‍ദ്രിതഹൃദയരായ മഹര്‍ഷിമാരാല്‍ വ്യവസ്ഥ ചെയ്യപ്പെട്ട പ്രായശ്ചിത്തങ്ങളാണ് പഞ്ച മഹായജ്ഞങ്ങള്‍. ബ്രഹ്മയജ്ഞം, ദേവയജ്ഞം, പിതൃയജ്ഞം, ഭൂതയജ്ഞം, മനുഷ്യയജ്ഞം എന്നിവയാണിത്.
അധ്യയനവും അദ്ധ്യാപനവും ബ്രഹ്മയജ്ഞം, ഹോമപൂജാദികള്‍ ദേവയജ്ഞം, അന്നം (ചോറ്) കൊണ്ടും, വെള്ളം കൊണ്ടും പിതൃക്കള്‍ക്ക് സമര്‍പ്പിക്കുന്നത് പിതൃയജ്ഞം, ഭൂതങ്ങള്‍ക്കുള്ള ബലികള്‍ ഭൂതയജ്ഞം, അതിഥിപൂജ (ജനങ്ങളെ സേവിക്കല്‍) മനുഷ്യയജ്ഞം. മാനവകുലത്തിന്റെ നിലനില്പിനും വളര്‍ച്ചക്കും ഇത് അത്യന്താപേക്ഷിതമാണെന്ന് ചുറ്റുപാടുകള്‍ വിലയിരുത്തുമ്പോള്‍ നമുക്ക് ബോദ്ധ്യപ്പെടുന്നതാണ്. ബ്രഹ്മയജ്ഞത്തിന്റെ അപര്യാപ്തത കൊണ്ട് അറിവില്ലായ്മയും ദേവയജ്ഞത്തിന്റെ അപര്യാപ്തതകൊണ്ട് സമഗ്രമായ പ്രാപഞ്ചിക വീക്ഷണവും ഭൂതയജ്ഞത്തിന്റെ അപര്യാപ്തതകൊണ്ട് സഹജീവിസ്‌നേഹവും മനുഷ്യയജ്ഞത്തിന്റെ അപര്യാപ്തതകൊണ്ട് മാനവദര്‍ശനമെന്ന മഹത്തായ കാഴ്ചപ്പാടും നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. അഞ്ചാമത്തേതായ പിതൃയജ്ഞത്തിന്റെ അപര്യാപ്തത മനുഷ്യനെ മൃഗത്വത്തിലേക്കാണ് നയിക്കുന്നത്.
വംശപരമ്പരയെക്കുറിച്ചും പിതൃസങ്കല്പത്തെക്കുറിച്ചുമുള്ള നമ്മുടെ കാഴ്ചപ്പാടാണ് മനുഷ്യനെ മനുഷ്യനായി നിലനിര്‍ത്തുന്നതും സംസ്‌കാരംകൊണ്ടും സല്‍ക്കര്‍മ്മങ്ങളെക്കൊണ്ടും ഔന്നത്യത്തിലേക്ക് എത്തിക്കുന്നതും. മനുഷ്യനല്ലാത്ത ഒരു ജീവിക്കും തന്റെ ഉത്പത്തിയെക്കുറിച്ചും നിലനില്പിനെക്കുറിച്ചും യാതൊരു വേവലാതിയുമില്ല. മാതാപിതാക്കളെക്കുറിച്ചോ പാരമ്പര്യത്തെക്കുറിച്ചോ അവരാരും തന്നെ അന്വേഷിക്കാറുമില്ല. മകനെ കാണ്മാനില്ല, നഷ്ടപ്പെട്ട അമ്മയെതിരിച്ച് കിട്ടി എന്ന തരത്തിലുള്ള വാര്‍ത്തകളൊക്കെ മാനവതലത്തില്‍ മാത്രമല്ലെ പ്രസക്തമാവുന്നുള്ളൂ? വേദകാലം മുതല്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി നാം നിലനിര്‍ത്തിക്കൊണ്ടുപോന്ന ഈ പിതൃസങ്കല്പത്തിന്റെ അനുഷ്ഠാനഭാഗങ്ങളാണ് ശ്രാദ്ധവും, ബലിതര്‍പ്പണാദികളും മരണാനന്തരക്രിയകളുംമറ്റും. അനാഥാലയങ്ങളും, മാതൃ-വൃദ്ധസദനങ്ങളും കൂടിവരുന്ന ഇക്കാലത്ത് ഇതിന്റെ പ്രസക്തി വളരെയേറെയാണ്.
”ആത്മാവൈ പുത്രനാമാസി” എന്ന ശ്രുതി വചനമനുസരിച്ച് അച്ഛനമ്മമാരുടെ ആത്മാവ് തന്നെയാണ് പുത്രഭാവത്തില്‍ പിറക്കുന്നത്. ആ പിതൃപുത്രബന്ധം ഒരിക്കലും മാറ്റാന്‍ സാധിക്കാത്തതുമാണ്. മതമോ, രാഷ്ട്രീയമോ എത്ര വേണമെങ്കിലും മാറാന്‍ വലിയ പ്രയാസമൊന്നുമില്ല. കുഞ്ഞിരാമന്‍ മുഹമ്മദോ, ഔസേപ്പോ ആയി മതംമാറിയാലും കോണ്‍ഗ്രസ്സോ, കമ്മ്യൂണിസ്റ്റോ ആയി മാറിയാലും അയാളുടെ മാതാപിതാക്കളും പിതാമഹന്മാരും, കൃഷ്ണനും രാമനും നാരായണിയും ലക്ഷ്മിയുമൊക്കെ തന്നെയായിരിക്കും. പറഞ്ഞുവന്നത് പിതൃസങ്കല്പത്തിന്റെ അന്തസ്സത്ത മാത്രം. നാം ജനിക്കുന്നതോടുകൂടി തന്നെ നമുക്ക് മുമ്പെ ഇവിടെ ജനനം കൊണ്ട എല്ലാവരും നമ്മുടെ പിതൃഭാവനയിലേക്ക് ഉയര്‍ത്തപ്പെടുന്നു. ജീവിച്ചിരിക്കുമ്പോള്‍ നാം അവരെ കാരണവന്മാരെന്നും മരിച്ചുകഴിഞ്ഞാല്‍ പിതൃക്കളെന്നും സംബോധന ചെയ്യുന്നു. ജീവിച്ചിരിക്കുമ്പോള്‍ അവര്‍ക്ക് വേണ്ട പരിരക്ഷയും സംരക്ഷണവും കൊടുക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാകുമ്പോള്‍ മരണാനന്തരം ചെയ്യേണ്ട ശ്രാദ്ധബലിതര്‍പ്പണങ്ങള്‍ നമ്മുടെ ‘കട’മയാണ്. കടമ എന്ന് വെച്ചാല്‍ കടം തന്നെ. മൂന്ന് കടങ്ങളോടെയാണ് ഓരോരുത്തരും ഇവടെ ജനിച്ച് വരുന്നതെന്ന് സ്മൃതികള്‍ പറയുന്നു.
ദേവ, ഋഷി, പിതൃ എന്നീ മുന്ന് കടങ്ങളാണുള്ളത്. പഞ്ചമഹായജ്ഞത്തിന്റെ തന്നെ മറ്റൊരു രൂപമാറ്റമാണിത്. ഈ മൂന്ന് ഗണങ്ങള്‍ക്കും നിത്യേന ഗൃഹസ്ഥന്‍ ചെയ്യേണ്ടതിനെയാണ് തര്‍പ്പണങ്ങള്‍ എന്നു പറയുന്നത്. വാര്‍ഷികമായി അനുസ്മരിക്കുന്ന ചടങ്ങാണ് ശ്രാദ്ധം. ശ്രദ്ധയോടെ ചെയ്യേണ്ടത് എന്ന് തന്നെയാണ് ഇതിന്റെ വാച്യാര്‍ത്ഥം. മരിച്ച പിതൃക്കള്‍ക്ക് വ്യക്തിപരമായി ചെയ്യുന്നതാണ് ശ്രാദ്ധബലി. എന്നാല്‍ കര്‍ക്കിടകവാവ്, തുലാവാവ്, കുംഭവാവ് തുടങ്ങിയ അമാവാസി ദിവസങ്ങളില്‍ ചെയ്യുന്ന ബലിതലര്‍പ്പണങ്ങള്‍ പിതൃഗണങ്ങളെ അനുസ്മരിക്കാനും പ്രീതിപ്പെടുത്താനുമാണ്.
പുത്രപൗത്രാദി വംശപരമ്പര ഇല്ലാത്തവര്‍ക്ക് മോക്ഷഗതി ഇല്ലെന്നാണ് ധര്‍മ്മശാസ്ത്രങ്ങള്‍ പറയുന്നത്. ഇതിന് നിരവധി ഉദാഹരണങ്ങള്‍ ഇതിഹാസങ്ങളിലും നമുക്ക് കാണാന്‍ കഴിയും. രാമായണത്തില്‍ പുന്നാകമെന്ന നരകത്തില്‍ നിന്നും ത്രാണനം ചെയ്യുന്നതിനാലാണ് പുത്രന്‍ എന്ന് പേര് തന്നെ വന്നതെന്ന് ലക്ഷ്മണോപദേശത്തില്‍ കാണാം. ജരല്‍ക്കാരു എന്ന മുനി തപസ്സനുഷ്ഠിച്ചുകൊണ്ടിരുന്നപ്പോള്‍ യാദൃശ്ചികമായി തന്റെ പിതൃക്കള്‍ തലകിഴക്കാംതൂക്കായി അഗാധഗര്‍ത്തത്തിലേക്ക് പതിക്കാന്‍ പോകുന്നത് കാണാന്‍ ഇടവരികയും വംശപരമ്പര ഇല്ലാത്തതിനാലാണ് തങ്ങള്‍ക്ക് ഈ ഗതി വന്നത് എന്നും അതിനാല്‍ വിവാഹം ചെയ്ത് സന്തതിപരമ്പര ഉണ്ടാവണമെന്നുമുള്ള അവരുടെ ആവശ്യം നിറവേറ്റനായി തന്റെ തന്നെ പേരുള്ള കന്യകയെ മാത്രമേ വിവാഹം ചെയ്യൂ എന്ന മുന്‍നിശ്ചയം മാറ്റാതെ നാഗാരാജാവായ വാസുകിയുടെ സഹോദരിയായ ജരല്‍ക്കാരു എന്ന നാഗകന്യകയെ വിവാഹം ചെയ്ത് അതില്‍ അസ്തികന്‍ എന്ന പ്രസിദ്ധനായ മകന്‍ ഉണ്ടാകുകയും അദ്ദേഹം ജനമേജയന്റെ സര്‍പ്പസത്രം അവസാനിപ്പിക്കുകയും ചെയ്തതായി മഹാഭാരതത്തില്‍ കാണാം.
ഇനി നാം ആരാധിക്കുകയും പൂജിക്കുകയും ചെയ്തുവരുന്ന അവതാരപുരുഷന്മാരും മഹാത്മാക്കളും ഈ പിതൃയജ്ഞവും ബലിതര്‍പ്പണങ്ങളും വളരെ ശ്രദ്ധയോടെ അനുഷ്ഠിച്ചതായി കാണാം. പുരുഷോത്തമനായ ശ്രീരാമന്‍ വനവാസത്തിനിടയില്‍ കാട്ടില്‍വെച്ച് തന്റെ പിതാവിന്റെ ബലികര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതായി രാമായണത്തില്‍ വിസ്തരിച്ച് പ്രതിപാദിക്കുന്നുണ്ട്. തന്റെ അച്ഛന്റെ സുഹൃത്തായിരുന്ന ജടായു എന്ന പക്ഷിശ്രേഷ്ഠന് പോലും ശ്രീരാമന്‍ ശേഷക്രിയകള്‍ ചെയ്യുന്നതും കിഷ്‌കിന്ധാ കാണ്ഡത്തില്‍ ജടായുവിന്റെ സഹോദരനായ സമ്പാതി ജടായുവിന് വേണ്ടി ഇതേപോലെ പിതൃക്രിയകള്‍ അനുഷ്ഠിക്കുന്നതും കാണാവുന്നതാണ്. മഹാഭാരതയുദ്ധാനന്തരം യുദ്ധത്തില്‍ മരണപ്പെട്ട കൗരവര്‍ക്കും മറ്റും ധൃതരാഷ്ട്രരുടെ നിര്‍ദ്ദേശാനുസരണം ധര്‍മ്മപുത്രരെക്കൊണ്ട് വിധിപ്രകാരം ശവസംസ്‌കാരവും ശേഷക്രിയകളും മറ്റും ചെയ്യിപ്പിക്കുന്നുണ്ട്. വ്യാസഭഗവാന്‍ തന്നെ അവിടെ നേരിട്ടെത്തി ഗാന്ധാരിയെയും മറ്റും ഉപദേശ വചനങ്ങളില്‍ കൂടി സാന്ത്വനപ്പെടുത്തുകയും ചെയ്യുന്നു.
ഈ ശ്രാദ്ധാദി ബലിതര്‍പ്പണങ്ങള്‍ എവിടെയെല്ലാം വെച്ച് എങ്ങിനെയെല്ലാം അനുഷ്ഠിക്കണമെന്ന് നോക്കാം. ഈ കര്‍മ്മങ്ങളിലെ പ്രധാന ദ്രവ്യം ജലമായതുകൊണ്ട് പവിത്രമായ നദീതീരങ്ങളിലും സമുദ്രതീരങ്ങളിലും പ്രഥമസ്ഥാനം കൊടുത്തിരിക്കുന്നു. കാശി, ഗയ, രാമേശ്വരം, ഗോകര്‍ണം എന്നിവ ഇതില്‍ പ്രധാനങ്ങളാണ്. ഗയാ ശ്രാദ്ധത്തില്‍ ഒടുങ്ങാത്ത പാപങ്ങളില്ല എന്നാണ് പറയപ്പെടുന്നത്. കേരളത്തില്‍ തിരുനെല്ലി, തിരുന്നാവായ, ആലുവ മണപ്പുറം തുടങ്ങിയവ പ്രധാനങ്ങളാണ്; അവനവന്റെ ഗൃഹത്തില്‍ വെച്ചും ശുദ്ധിയോടെ ഇത് ചെയ്യാവുന്നതാണ്. ഇവിടെയായാലും സ്ഥലശുദ്ധി വളരെ പ്രധാനമാണ്. ഗൃഹത്തിലാണെങ്കില്‍ ചാണകശുദ്ധി വരുത്തേണ്ടതാണ്.
മരിച്ച നക്ഷത്രത്തിലോ തിഥികളിലോ ചെയ്യുന്ന ശ്രാദ്ധബലി വൃഷ്ടിയായിട്ടുള്ളതും അമാവാസിദിനങ്ങളില്‍ ചെയ്യുന്ന ബലി സമഷ്ടിയായി പിതൃഗണങ്ങള്‍ക്കും വേണ്ടിയാണെന്ന് പറഞ്ഞുവല്ലൊ! ദക്ഷിണായന കാലത്തെ കര്‍ക്കിടക മാസത്തിലെ കറുത്തവാവും (അമാവാസി) തുലാമാസത്തിലെ കറുത്തവാവും പിതൃക്കള്‍ക്ക് ഏറ്റവും പ്രധാനമാണെന്ന് പറയപ്പെടുന്നു. നമ്മുടെ ഭൂമിയിലെ ഒരു വര്‍ഷമാണ് പിതൃക്കളുടെ ഒരു ദിവസമായി കണക്കാക്കപ്പെടുന്നത്. ആറുമാസം വീതമുള്ള ദക്ഷിണായനം, ഉത്തരായനം എന്നീ രണ്ട് അയനങ്ങള്‍ യഥാക്രമം പിതൃക്കള്‍ക്ക് പകലും രാത്രിയുമാകുന്നു. പ്രപഞ്ചത്തില്‍ ചന്ദ്രമണ്ഡലത്തിന്റെ മറുഭാഗത്താണ് പിതൃക്കളുടെ വാസസ്ഥാനമായി പറയുന്നത്. അപ്പോള്‍ കറുത്തവാവ് അവര്‍ക്ക് പൗര്‍ണമി ആയിരിക്കും. ഇതാണ് കറുത്ത വാവിന്റെ പ്രത്യേകത.
മരണപ്പെട്ട പ്രേതാത്മാവിന് ഒരു വര്‍ഷത്തെ ബലിക്രിയകളെ കൊണ്ടാണ് പിതൃത്വ പ്രാപ്തി കൈവരുന്നത്. അതായത് അയാള്‍ സപിണ്ഡനാക്കപ്പെടുന്നത്. മരണാനന്തരം പ്രേതസംസ്‌കാരം മുതല്‍ സപിണ്ഡിവരെയുള്ള ഒരു വര്‍ഷത്തെ ക്രിയകളാണ് അവരവരുടെ വര്‍ണാശ്രമധര്‍മ്മങ്ങള്‍ക്കും ഉപാസനാതലത്തിനുമനുസരിച്ച് ഓരോരുത്തരും ചെയ്തുവരുന്നത്. യാജ്ഞവല്‍ക്യന്‍, ഋശ്യശൃംഗന്‍ തുടങ്ങിയ ഋഷിവര്യന്മാരാണ് പിതൃകര്‍മ്മങ്ങളുടെ വക്താക്കളായി അറിയപ്പെടുന്നത്. ഇന്ന് ആചരിച്ചുവരുന്ന പിതൃകര്‍മ്മ സമ്പ്രദായങ്ങള്‍ ഈ ഋഷിമാരാല്‍ വ്യവസ്ഥ ചെയ്യപ്പെട്ടതാണ്.
പിതൃകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുമ്പോള്‍ പാലിക്കേണ്ട ശാരീരികവും മാനസികവുമായ ചര്യകള്‍ വളരെ പ്രധാനമാണ്. ശരീരത്തെയും മനസ്സിനെയും സാത്വികഭാവത്തിലേക്ക് എത്തിക്കാനുതകുന്ന ഭക്ഷണക്രമവും ജപധ്യാനാദികളും വളരെ അത്യാവശ്യമാണ്. തലേദിവസം പൂര്‍ണവൃതശുദ്ധിപാലിക്കുന്നതിനുവേണ്ടി ഒരുനേരം മാത്രം ഭക്ഷണം കഴിച്ചുകൊണ്ട് മുഴുവന്‍ ശ്രദ്ധയും പിറ്റേന്ന് ചെയ്യാന്‍ പോകുന്ന കര്‍മ്മത്തിലേയ്ക്ക് കേന്ദ്രീകരിച്ചുകൊണ്ട് കഴിയണം. ബലികര്‍മ്മാദികള്‍ ശ്രദ്ധയോടെ ചെയ്ത് അനുഗ്രഹത്തിനായി പ്രാര്‍ത്ഥിച്ച് നമസ്‌കരിച്ചതിനുശേഷമേ ഈ വ്രതം അവസാനിപ്പിക്കാന്‍ പാടുള്ളൂ.
ആര്‍, ആര്‍ക്കൊക്കെ ബലിയും ശ്രാദ്ധവും ചെയ്യണമെന്ന കാര്യത്തിലും കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആചാര്യന്മാര്‍ തന്നിട്ടുണ്ട്. ഗൃഹസ്ഥന്മാരാണ് ശ്രാദ്ധ ബലിതര്‍പ്പണങ്ങള്‍ ചെയ്യേണ്ടത്. സന്ന്യാസിക്ക് ബലികര്‍മ്മങ്ങള്‍ ഒന്നും ചെയ്യേണ്ടതില്ല. കാരണം സന്ന്യാസം സ്വീകരിക്കുന്നതിന് മുമ്പ് അവനവന്റെ ആത്മപിണ്ഡം വരെ സമര്‍പ്പിക്കുന്ന ചടങ്ങുണ്ട്. ക്രമപ്രകാരം സന്ന്യാസം സ്വീകരിച്ച ഒരാള്‍ക്ക് ഈ ലോകത്ത് ബ്രഹ്മോപാസനയല്ലാതെ കര്‍ത്തവ്യ കര്‍മ്മങ്ങളൊന്നും തന്നെ വിധിച്ചിട്ടില്ല. അച്ഛന്‍, മുത്തച്ഛന്‍, മുതുമുത്തച്ഛന്‍ എന്നീ മൂന്ന് തലമുറയ്ക്കാണ് നാം പ്രത്യേകം ശ്രാദ്ധാദികര്‍മ്മങ്ങള്‍ ചെയ്യേണ്ടത്. അവിടുന്ന് മുകളിലേക്കുള്ള പിതൃഗണങ്ങള്‍ക്ക് വേണ്ടി മേല്‍പ്പറഞ്ഞ കര്‍ക്കിടകവാവ്, തുലാവാവ്, കുംഭവാവ് തുടങ്ങിയ ദിവസങ്ങളിലും തീര്‍ത്ഥാടനവേളകളിലും സമഷ്ടിയായി ബലിതര്‍പ്പണങ്ങള്‍ അനുഷ്ഠിച്ചാല്‍ മതി. കാശി – രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളില്‍ തീര്‍ത്ഥാടനം ചെയ്യുമ്പോള്‍ ഈ സങ്കല്പത്തിലാണ് ബലികര്‍മ്മങ്ങള്‍ ചെയ്യുന്നത്. ശബരിമലയാത്രയിലും പമ്പാബലി പ്രധാന ചടങ്ങാണ്.
സാധാരണയായി സന്ധ്യാവന്ദന സമയത്ത് ഗൃഹസ്ഥന്മാര്‍ എല്ലാ പിതൃക്കള്‍ക്കും തര്‍പ്പണം അനുഷ്ഠിക്കേണ്ടത് ആവശ്യമാണ്. ചതുര്‍വിംശതി (24) വിഭാഗങ്ങളിലായി സപിണ്ഡി തുടങ്ങിയ വിശേഷ ചടങ്ങുകള്‍ തര്‍പ്പണം ചെയ്യുന്നുണ്ട്. പിതൃപിതാമഹ, പ്രപിതാമഹാ, മാതൃപിതാമഹി പ്രപിതാമഹി, മാതാമഹ, മാതുപിതാമഹ, മാതുപ്രപിതാമഹ, മാതാമഹി, മാതുപിതാമഹി, മാതുപ്രപിതാമഹി, ആചാര്യ, ആചാര്യ പത്‌നീ, ഗുരു, ഗുരുപത്‌നീ, സഖീ, സഖീപത്‌നീ, ഞാതി, ഞാതി പത്‌നീ, മാത്യ, അമാത്യ, അമാത്യാ; സര്‍വ, സര്‍വ്വാ എന്നിങ്ങനെ ലോകത്തിലുള്ള എല്ലാ പിതൃക്കള്‍ക്കും ഇത്തരം വേളകളില്‍ പ്രത്യേകം ബലികര്‍മ്മങ്ങള്‍ സമര്‍പ്പിക്കുന്ന ഉദാത്തമായ ചടങ്ങ് നമ്മെ വിശ്വതലത്തോളം ഉയര്‍ത്തുന്ന മഹത്തായ കാഴ്ചപ്പാടാണ്.