കര്‍ഷകസമരത്തിന്റെ പേരില്‍ ഭാരതത്തെ അപമാനിക്കാനും അന്താരാഷ്ട്രതലത്തില്‍ പ്രതിച്ഛായ നഷ്ടപ്പെടുത്താനും ദുര്‍ബ്ബലപ്പെടുത്താനും നടത്തുന്ന ശ്രമങ്ങള്‍ വളരെ ആസൂത്രിതവും ദേശദ്രോഹശക്തികളുടെ പിന്തുണയുള്ളതുമാണ്. ഈ അന്താരാഷ്ട്ര ഗൂഢാലോചനയ്ക്കു പിന്നില്‍ അന്താരാഷ്ട്രതലത്തില്‍ കോണ്‍ഗ്രസ്സിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ചില രാഷ്ട്രീയ നേതാക്കളും കേംബ്രിഡ്ജ് അനലറ്റിക്ക പോലെയുള്ള അന്താരാഷ്ട്ര രാഷ്ട്രീയകാര്യ കണ്‍സള്‍ട്ടിംഗ് ഏജന്‍സികളുമുണ്ട്. അന്താരാഷ്ട്രതലത്തില്‍ ഭാരതത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്താന്‍ ട്വിറ്റര്‍ ഹാഷ്ടാഗിലൂടെ ഇത്തരം ഏജന്‍സികളെ ഉപയോഗിച്ചാണ് പ്രചാരണം നടത്തുന്നത്. ഇതിന്റെ പിന്നില്‍ കോണ്‍ഗ്രസ്സിന്റെ നേതാക്കളുടെ പങ്ക് ബി.ജെ.പി വക്താവ് സംബിത് പത്ര വ്യക്തമാക്കിയിരുന്നു.
അമേരിക്കയിലെ പോപ്പ് ഗായികയായ റിഹാനയുടെ ഹാഷ്ടാഗാണ് ആദ്യം പുറത്തുവന്നത്. ‘നമ്മള്‍ എന്തുകൊണ്ടാണ് ഇതിനെക്കുറിച്ച് സംസാരിക്കാത്തത്, കര്‍ഷകസമരം’ എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ വന്നത്. അമേരിക്കയിലും യൂറോപ്പിലും ധാരാളം ഫോളോവേഴ്‌സ് ഉള്ള റിഹാനയുടെ ഹാഷ്ടാഗിനെ പിന്തുണച്ച് കാര്യമറിയാതെ അവരുടെ ഫോളോവേഴ്‌സ് എത്തി. അമേരിക്കയിലെ സിഖുകാരില്‍ ഒരുവിഭാഗം ഖാലിസ്ഥാന്‍ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നതു കൊണ്ട് റിഹാനയുടെ പിന്നില്‍ അവരുടെ സാമ്പത്തിക സ്രോതസ്സ് ഉണ്ടെന്ന ആരോപണവും ശക്തമായി. ഇതോടൊപ്പം തന്നെ സ്വീഡനിലെ യുവ പരിസ്ഥിതിപ്രവര്‍ത്തകയായ ഗ്രെറ്റയും കര്‍ഷക സമരത്തെ പിന്തുണച്ച് ഭാരതത്തിനെതിരെ രംഗത്തെത്തി. ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ഇതുപയോഗിച്ച് ഇന്ത്യാവിരുദ്ധ നീക്കം ശക്തമാക്കിയപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. ആഭ്യന്തരമന്ത്രി അമിത്ഷാ തന്നെ ഇന്ത്യ ഒറ്റക്കെട്ടാണെന്നും, ഇന്ത്യ ഇന്ത്യാവിരുദ്ധ പ്രചരണത്തിന് എതിരാണെന്നുമുള്ള ഹാഷ്ടാഗ് പങ്കുവെച്ചു. ഇതോടെ സമൂഹത്തിലെ പ്രമുഖ വ്യക്തികള്‍ ഇന്ത്യാവിരുദ്ധ പ്രചരണത്തിനെതിരെ രംഗത്തുവന്നു. ആദ്യം സാമുഹ്യ മാധ്യമങ്ങളില്‍ ഇന്ത്യാ അനുകൂല നിലപാടുമായി രംഗത്തെത്തിയത് സച്ചില്‍ ടെണ്ടുല്‍ക്കറായിരുന്നു.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യാ വിരുദ്ധതയ്ക്ക് എതിരെ അമിത് ഷായുടെ ഹാഷ്ടാഗില്‍ തന്നെ ട്വീറ്റ് ചെയ്തു. ‘ഇന്ത്യയുടെ പരമാധികാരം ഒരിക്കലും അടിയറ വെയ്ക്കാനുള്ളതല്ല. വിദേശ ശക്തികള്‍ക്ക് കാഴ്ചക്കാരാകാം. ഇന്ത്യയിലെ പ്രശ്‌നങ്ങളില്‍ പങ്കാളികളാകാന്‍ ശ്രമിക്കരുത്. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം. ഇന്ത്യക്ക് വേണ്ടത് എന്താണെന്ന് ഞങ്ങള്‍ തീരുമാനിക്കും. ഒരു രാജ്യമെന്ന നിലയില്‍ നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കണം.’ എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. തുടര്‍ന്ന് സിനിമാ പ്രവര്‍ത്തകരായ സുനില്‍ ഷെട്ടി, അജയ്‌ദേവ്ഗണ്‍, കരണ്‍ ജോഹര്‍ എന്നിവരും ട്വീറ്റ് ചെയ്തു. ‘നമ്മള്‍ പ്രശ്‌നങ്ങളില്‍ ഒരു സമഗ്രമായ കാഴ്ചപ്പാടാണ് പുലര്‍ത്തേണ്ടത്. അര്‍ദ്ധസത്യത്തെക്കാള്‍ വലിയ അപകടങ്ങള്‍ വേറെയില്ല-‘ സുനില്‍ ഷെട്ടി പറഞ്ഞു. ഇന്ത്യയുടെ നയങ്ങള്‍ക്ക് എതിരെയും ഇന്ത്യയ്ക്ക് എതിരെയുമുള്ള വ്യാജ പ്രകടനങ്ങളില്‍ കുടുങ്ങരുത്. ആന്തരിക സംഘര്‍ഷത്തിനു പകരം നമ്മള്‍ ഒന്നായി നില്‍ക്കേണ്ട സാഹചര്യമാണുള്ളതെന്ന് അജയ് ദേവഗണ്‍ പറഞ്ഞു. ‘നമ്മള്‍ ഒന്നിച്ച് ഒന്നായ് നില്‍ക്കുകയും എല്ലാവര്‍ക്കും സ്വീകാര്യമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ യത്‌നിക്കുകയും വേണം. കര്‍ഷകര്‍ ഭാരതത്തിന്റെ നട്ടെല്ലാണ്. നമ്മളെ വിഭജിക്കാന്‍ ഒരാളെയും നമ്മള്‍ അനുവദിക്കരുത്’കരണ്‍ ജോഹര്‍ പറഞ്ഞു.
രവി ശാസ്ത്രി, സുരേഷ് റെയ്‌ന, അക്ഷയ്കുമാര്‍, വിരാട് കോഹ്‌ലി, അനില്‍ കുംബ്ലെ, ആര്‍.പി സിംഗ് തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ ഇവര്‍ക്കൊപ്പം രംഗത്തെത്തി. കേരളത്തില്‍ നിന്ന് ട്വിറ്ററില്‍ ആദ്യം വന്നത് പി.ടി ഉഷയായിരുന്നു. നമ്മുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ മാതൃകയിലും നമ്മള്‍ അഭിമാനം കൊള്ളുന്നു. നമ്മുടെ ആഭ്യന്തരകാര്യത്തില്‍ വേറെയാരും ഇടപെടേണ്ട കാര്യമില്ല. നമ്മുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നമുക്ക് അറിയാം. നാനാത്വത്തില്‍ ഏകത്വം ഉയര്‍ത്തിപ്പിടിക്കുന്ന നമ്മള്‍ ഒരു രാഷ്ട്രമാണ്, ഉഷ പറഞ്ഞു.
ഇതിനിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്താരാഷ്ട്ര തലത്തിലുള്ള പ്രചാരണത്തിന് എതിരെ ശക്തമായി രംഗത്തെത്തി. നരേന്ദ്രമോദി സര്‍ക്കാര്‍ 11 തവണ കര്‍ഷകരുമായി ചര്‍ച്ച നടത്തി. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. എന്തുകൊണ്ട് വിദേശപൗരന്മാരായ റിഹാനയും ഗ്രെറ്റയും ഇക്കാര്യത്തില്‍ ഇടപെടണം? ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. നമ്മള്‍ നമ്മുടെ കര്‍ഷക സഹോദരങ്ങളോട് ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കും. സ്ഥാപിത താല്പര്യക്കാരായ വിദേശശക്തികള്‍ ഭാരതത്തെ ദുര്‍ബലപ്പെടുത്താനും അസ്ഥിരപ്പെടുത്താനും നടത്തുന്ന ശ്രമങ്ങളെ അംഗീകരിക്കാനാവില്ല എന്ന് അദ്ദേഹം പറഞ്ഞു.
വിദേശകാര്യ മന്ത്രാലയം ഇവര്‍ക്കൊപ്പം അമേരിക്കയുടെ വൈസ്പ്രസിഡണ്ട് കമലാ ഹാരിസിന്റെ അനന്തരവള്‍ മീന ഹാരിസ് നടത്തിയ പ്രസ്താവനയും എടുത്തുകാട്ടി. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് ശരിയല്ല എന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സുപ്രീം കോടതി കേസില്‍ ഇടപെടുകയും ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തതാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. അതിനിടയില്‍ ഇതില്‍ ഇടപെട്ട് വഷളാക്കാന്‍ ശ്രമിക്കേണ്ട കാര്യമില്ല എന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തവധം പറഞ്ഞു.
ഇതിനിടെ രാഹുല്‍ഗാന്ധി ഈ വിവാദ വ്യക്തികളെ അപലപിക്കാതെ ഒഴുക്കന്‍ മട്ടില്‍ ‘ഇത് ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന്’പറഞ്ഞ്, ‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ’ എന്ന മട്ടില്‍ തലയൂരി. പക്ഷേ, രാഹുലിന്റെയും തരൂരിന്റെയുമൊക്കെ വിദേശ സുഹൃത്തുക്കളുടെയും സഹചാരികളുടെയും ആശാസ്യമല്ലാത്ത രാത്രികാല അപഥസഞ്ചാരങ്ങള്‍ അറിയുന്നവര്‍ രാഹുലിന്റെ വാക്കുകള്‍ക്ക് അല്പവും വില കല്‍പ്പിക്കുന്നില്ല.
ഐക്യരാഷ്ട്രസഭയേയും ഖാലിസ്ഥാന്‍ വാദികള്‍ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. രിഹാനയുടെയും ഗ്രൈറ്റയുടെയും ട്വീറ്റിനുപിന്നില്‍ ഖാലിസ്ഥാനും സാമ്രാജ്യത്വവാദിയായ ജോര്‍ജ്ജ് സോറോസുമാണെന്നും വാര്‍ത്ത വന്നുകഴിഞ്ഞു. രിഹാനയ്ക്ക് 18 കോടിയാണ് ഖാലിസ്ഥാന്‍വാദിയുടെ അക്കൗണ്ടില്‍ നിന്നും വന്നത്. ഗ്രൈറ്റയുടെ ട്വിറ്റര്‍ കൈകാര്യം ചെയ്ത മലയാളി അജയ്ചന്ദ്രന്‍ തനിക്ക് ഇതില്‍ പങ്കില്ലെന്ന് കയ്യൊഴിയുകയാണ്.
കര്‍ഷകരുടെ ജീവിതം മെച്ചപ്പെടാനും അവര്‍ക്ക് ഉയര്‍ന്ന വില കിട്ടാനും കൃഷി ആദായകരമാക്കാനും ഈ കാര്‍ഷിക നിയമങ്ങള്‍ അനിവാര്യമാണെന്ന് പ്രശസ്ത എഴുത്തുകാരന്‍ ചേതന്‍ഭഗത് ചൂണ്ടിക്കാട്ടി. ഇടനിലക്കാരും വന്‍കിട ഭൂപ്രഭുക്കളും അടങ്ങുന്ന ഒരു വിഭാഗമാണ് കര്‍ഷക സമരത്തിന്റെ മുന്നണിയില്‍. അവരുടെ താല്പര്യങ്ങള്‍ക്ക് അനുസരിച്ച് സര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്താല്‍ ഇന്ത്യയില്‍ ഉടനീളമുള്ള ആയിരക്കണക്കിന് കര്‍ഷകരുടെ താല്പര്യങ്ങളാണ് ഹനിക്കപ്പെടുക. സാമൂഹ്യമാധ്യമങ്ങളിലൂടെ സമ്മര്‍ദ്ദംചെലുത്തുന്ന ഖാലിസ്ഥാന്‍വാദികളുടെയും മോദിവിരുദ്ധ ശക്തികളുടെയും നീക്കങ്ങള്‍ പുറത്തുവരുമ്പോഴും നമ്മുടെ മാധ്യമങ്ങള്‍ ഇതൊന്നും കണ്ടതായി നടിക്കുന്നതേയില്ല.
ഭാരതത്തിലെ ഒരുപറ്റം മാധ്യമങ്ങളും ഈ ഇന്ത്യാ വിരുദ്ധ നിലപാടിന് ഒപ്പമുണ്ട്. റിപ്പബ്ലിക്ക് ദിനത്തിലെ അക്രമങ്ങളെ അനുകൂലിക്കുകയും അതിനുവേണ്ടി ഓശാന പാടുകയും ചെയ്തവരാണ് ഇന്ന് പിന്തുണയുമായി രംഗത്തുള്ളത് എന്ന കാര്യം വിസ്മരിക്കാനാകില്ല. മാധ്യമപ്രവര്‍ത്തനം ജനപക്ഷമാണെന്നും ജനപക്ഷം ഇടതുപക്ഷമാണെന്നും പ്രചരിപ്പിക്കുന്നവരാണ് ഇവര്‍ എന്ന കാര്യവും വിസ്മരിച്ചുകൂടാ. ഇനിയും എന്താണ് വരാന്‍ പോകുന്നതെന്ന് കാത്തിരിക്കാം, കാണാം.