ഭാരതത്തിലെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതികളായ പദ്മ അവാര്‍ഡുകള്‍ അര്‍ഹിക്കുന്ന കരങ്ങള്‍ക്ക് തന്നെ നല്‍കി നാം നമ്മുടെ 72-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. വ്യത്യസ്ത മേഖലകളില്‍ മികവ് തെളിയിക്കുന്നവര്‍ക്ക് രാജ്യം നല്‍കുന്ന ആദരവ് കൂടിയാണ് ഈ അവാര്‍ഡുകള്‍. ഭാരതത്തിന്റെ സാംസ്‌കാരിക തനിമയോടിണങ്ങി, സേവനം ജീവിതവ്രതമാക്കിയവരെ കണ്ടെത്തി ആദരിച്ചു എന്നതാണ് ഇത്തവണത്തെ പദ്മ അവാര്‍ഡുകളെ ശ്രദ്ധേയമാക്കുന്നത്.
റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് പ്രഖ്യാപിക്കുന്ന പദ്മ അവാര്‍ഡുകള്‍ പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍, പദ്മശ്രീ എന്നിങ്ങനെ മൂന്ന് വിധമാണ്. ഭാരതരത്‌ന കഴിഞ്ഞാല്‍ രണ്ടാമത്തെ ഉയര്‍ന്ന ബഹുമതിയായ പദ്മവിഭൂഷണ്‍ രാഷ്ട്രപതിയാണ് സമ്മാനിക്കുന്നത്. സ്വന്തം കര്‍മ്മമേഖലയില്‍ മികച്ച സേവനം കാഴ്ചവെക്കുന്ന വ്യക്തികള്‍ക്ക് നല്‍കുന്ന ആദരവാണ് പദ്മഭൂഷണ്‍. കല, വിദ്യാഭ്യാസം, സാഹിത്യം, ശാസ്ത്രം, കായികം, പൊതുസേവനം എന്നീ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഭാരതീയര്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണ് പദ്മശ്രീ. മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെയ്ക്കും ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിനും (മരണാനന്തരം) അടക്കം ഏഴ് പേര്‍ക്ക് പദ്മവിഭൂഷണും ഗായിക കെ.എസ്.ചിത്ര, മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് (മരണാനന്തരം), രാംവിലാസ് പാസ്വാന്‍ (മരണാനന്തരം) അടക്കം പത്തുപേര്‍ക്ക് പദ്മഭൂഷണും കൈതപ്രം ദാമോദരന്‍ നമ്പൂതിരി അടക്കം 102 പേര്‍ക്ക് പദ്മശ്രീയും ലഭിച്ചു.
മലയാളക്കരയെ തേടിയെത്തിയ അവാര്‍ഡുകളില്‍ ഓരോ മലയാളിക്കും അഭിമാനിക്കാം. പദ്മഭൂഷണ്‍ ജേതാവ് മലയാളിയുടെ പ്രിയ ഗായിക കെ.എസ്. ചിത്ര, പദ്മശ്രീ നേടിയ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കോച്ച് ഒ.എം. നമ്പ്യാര്‍, കെ.കെ. രാമചന്ദ്ര പുലവര്‍, ബാലന്‍ പൂതേരി, ഡോ. ധനഞ്ജയ് ദിവാകര്‍ സഗ്‌ദേവ് എന്നിവരാണ് മലയാളത്തിന്റെ യശസ്സ് ഉയര്‍ത്തിയ വ്യക്തിത്വങ്ങള്‍. ഇതോടൊപ്പം ലക്ഷദ്വീപില്‍ നിന്നുള്ള സമുദ്രഗവേഷകന്‍ അലി മണിക് ഫാനും പദ്മശ്രീ നേടി.
കെ.എസ്. ചിത്ര

തന്റെ സ്വരമാധുരികൊണ്ട് മലയാളികളുടെ മനസ്സില്‍ ചേക്കേറിയ കെ.എസ്. ചിത്ര, സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണന്‍ നായരുടെയും ശാന്തകുമാരിയുടെയും രണ്ടാമത്തെ പുത്രിയായി 1963-ല്‍ ജനിച്ചു. 2005ല്‍ പദ്മശ്രീ നേടിയ ഈ ഗായിക, ഒട്ടുമിക്ക ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പ്രാവശ്യം മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരവും (6 തവണ) നിരവധി സംസ്ഥാന പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
എം.ജി.രാധാകൃഷ്ണന്റെ സംഗീതത്തില്‍ അട്ടഹാസമെന്ന ചിത്രത്തില്‍ പാടിക്കൊണ്ടായിരുന്നു ചിത്ര സംഗീതരംഗത്തേക്ക് ചുവടുവെച്ചത്. വിവിധ ഭാഷകളിലായി 25000ത്തോളം ഗാനങ്ങള്‍ പാടിയ ചിത്ര, മലയാളിക്ക് സ്വന്തം വാനമ്പാടിയും തമിഴിന്റെ ചിന്നക്കുയിലും കര്‍ണ്ണാടകയുടെ കന്നഡ കോകിലയും ആന്ധ്രയുടെ സംഗീത സരസ്വതിയുമാണ്. രാജഹംസമേ മഴവില്‍ കുടിലില്‍ (ചാമരം), കാര്‍മുകില്‍വര്‍ണ്ണന്റെ ചുണ്ടില്‍ (നന്ദനം), മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി (നഖക്ഷതങ്ങള്‍), ഇന്ദുപുഷ്പം ചൂടിനില്‍ക്കും രാത്രി (വൈശാലി), കളഭം തരാം ഭഗവാനെന്‍ മനസ്സും തരാം (വടക്കുംനാഥന്‍) തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങള്‍ ചിത്രയുടെ സ്വരമാധുരിയിലൂടെ മലയാളികളുടെ മനം കവര്‍ന്നിട്ടുണ്ട്.
കൈതപ്രം ദാമോദരന്‍ നമ്പൂതിരി

കണ്ണൂര്‍ കൈതപ്രം ഗ്രാമത്തില്‍ കണ്ണാടി ഇല്ലത്ത് കേശവന്‍ നമ്പൂതിരിയുടെയും അദിതി അന്തര്‍ജ്ജനത്തിന്റെയും മകനായി 1950-ല്‍ ജനിച്ച കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഗാനരചയിതാവ്, സംഗീതസംവിധായകന്‍, എഴുത്തുകാരന്‍, ഗായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നാനൂറിലേറെ സിനിമകള്‍ക്കായി ആയിരത്തിലേറെ ഗാനങ്ങള്‍ രചിച്ച കൈതപ്രം, 1985ല്‍ ഫാസില്‍ സംവിധാനം ചെയ്ത എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിലൂടെയാണ് തന്റെ സംഗീതസപര്യക്ക് തുടക്കം കുറിച്ചത്. സോപാനം എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ ഇദ്ദേഹം, ഹിസ്‌ഹൈനസ് അബ്ദുള്ള, ഭരതം, ദേശാടനം തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനേതാവായും തിളങ്ങി. കൈതപ്രത്തിന്റെ തൂലികയില്‍ നിന്നും ഉതിര്‍ന്നുവീണ ഗാനങ്ങള്‍ താരാട്ടുപാട്ടായും പ്രണയമായും വിരഹമായും മലയാളിയുടെ മനസ്സിനെ തലോടി. കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി, പ്രമദവനം, ഏതോ വാര്‍മുകിലിന്‍, വികാരനൗകയുമായ്, ദേവാങ്കണങ്ങള്‍, ലജ്ജാവതിയെ തുടങ്ങി നിരവധി ഗാനങ്ങള്‍ കൈരളിക്ക് സമ്മാനിച്ചു.
ശാസ്ത്രീയ സംഗീതത്തിലെ ആജീവനാന്ത പ്രവര്‍ത്തനത്തിന് തുളസീവന പുരസ്‌കാരം, മികച്ച ഗാനരചയിതാവിനുള്ള അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍ എന്നിവ ഇദ്ദേഹത്തെ തേടിയെത്തിയ ബഹുമതികളില്‍ ചിലത് മാത്രം. തീച്ചാമുണ്ഡി, കൈതപ്രം കവിതകള്‍ എന്നീ കവിതാസമാഹാരങ്ങളുടെ രചയിതാവാണ്. കോഴിക്കോട് തിരുവണ്ണൂരിലെ സ്വാതിതിരുനാള്‍ കലാകേന്ദ്ര മ്യൂസിക് തെറാപ്പി ഫൗണ്ടേഷന്റെ സ്ഥാപകനും കൂടിയാണ് ഇദ്ദേഹം. കേരളത്തില്‍ സംഗീത ചികിത്സയ്ക്കും കൂടി നേതൃത്വം നല്‍കുന്ന ഇദ്ദേഹത്തിന്റെ ജീവിതം സംഗീതത്തിനായി സമര്‍പ്പിക്കപ്പെട്ടതാണ്. ഭാര്യ: ദേവി. മക്കള്‍: ദീപാങ്കുരന്‍, ദേവദര്‍ശന്‍.
ഒ.മാധവന്‍ നമ്പ്യാര്‍

കേരളത്തിലെ പ്രശസ്ത അത്‌ലറ്റിക് കോച്ചുകളില്‍ ഒരാളാണ് ഒതയോത്ത് മാധവന്‍ നമ്പ്യാര്‍ എന്ന ഒ.എം. നമ്പ്യാര്‍. പി.ടി.ഉഷയുടെ പരിശീലകന്‍ എന്ന നിലയില്‍ അംഗീകാരവും പ്രശസ്തിയും നേടിയ ഇദ്ദേഹം മികച്ച പരിശീലകര്‍ക്ക് നല്‍കുന്ന ദ്രോണാചാര്യ പുരസ്‌കാരത്തിന്റെ (1985) പ്രഥമ ജേതാവും കൂടിയാണ്. പട്യാലയില്‍ നിന്ന് കോച്ചിംഗ് ഡിപ്ലോമ നേടിയ ശേഷം ജി.വി.രാജയുടെ ക്ഷണപ്രകാരം 1970ല്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ കോച്ചായി ചേര്‍ന്നു. പിന്നീട് 1976ല്‍ കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്റെ ചുമതല വഹിച്ചു. പി.ടി. ഉഷയുടെ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ക്ക് പിന്നില്‍ ഈ ശിക്ഷകന്റെ പരിശീലനം കൂടി ഉണ്ടെന്നത് അംഗീകരിച്ചേ മതിയാകൂ. 32 വര്‍ഷത്തോളം കേരളത്തിന്റെ അത്‌ലറ്റിക് കോച്ചായിരുന്നു. ഒരു മലയാളി പരിശീലകന് പദ്മശ്രീ ലഭിക്കുന്നത് ഇതാദ്യമായാണ്. 86 വയസ്സുള്ള ഇദ്ദേഹം പയ്യോളി അങ്ങാടിയിലെ ഒതയോത്ത് വീട്ടില്‍ വിശ്രമജീവിതം നയിക്കുകയാണ് ഇപ്പോള്‍.
ഡോ. ധനഞ്ജയ് ദിവാകര്‍ സഗ്‌ദേവ്

സഗ്‌ദേവ്
ആതുരസേവനം ജീവിതവ്രതമാക്കിയ ഡോ. ധനഞ്ജയ് ദിവാകര്‍ സഗ്‌ദേവ് എന്ന മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശി, വയനാട്ടിലെ വനവാസിമേഖലകളില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി സ്തുത്യര്‍ഹമായ സേവനം നടത്തിവരികയാണ്. മുട്ടില്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ ചീഫ് ഫിസിഷ്യനാണ് ഇദ്ദേഹം. 1980ല്‍ തന്റെ 23-ാമത്തെ വയസ്സില്‍ ആതുര സേവനരംഗത്തേക്ക് ഇറങ്ങിയ ധനഞ്ജയ് സഗ്‌ദേവ് മെഡിക്കല്‍ ബിരുദമെടുത്ത ഉടനെ ആര്‍.എസ്.എസ്. പ്രവര്‍ത്തനത്തിന്റെ ഭാഗമായി വയനാട്ടിലെ വനവാസി മേഖലകളിലേക്ക് ഇറങ്ങിച്ചെന്ന് അവരെ ചികിത്സിക്കാന്‍ തുടങ്ങി. സിക്കിള്‍സെല്‍ അനീമിയ പടര്‍ന്നുപിടിച്ച സമയത്ത് അതിനെക്കുറിച്ച് ഇദ്ദേഹം തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്, ദല്‍ഹി എയിംസില്‍ നിന്നുള്ള വിദഗ്ദ്ധസംഘം വയനാട്ടിലെത്തി പഠനം നടത്തിയത്. വനവാസികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനുവേണ്ടി ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ സ്ഥാപിക്കാനും സഗ്‌ദേവ് മുന്‍കയ്യെടുത്തു. മഹാരാഷ്ട്രയില്‍ കുടുംബ പശ്ചാത്തലമുള്ള കോഴിക്കോട്ടെ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ ശ്രീറാം ഗുര്‍ജറിന്റെ മകള്‍ സുജാതയാണ് ഭാര്യ. വിവേകാനന്ദ മെഡിക്കല്‍ മിഷനില്‍ തന്നെ ജോലി ചെയ്യുന്ന ഡോ. ഗായത്രി, നാഗ്പ്പൂരില്‍ എന്‍ജിനീയറായ അതിഥി എന്നിവര്‍ മക്കളാണ്.
ബാലന്‍ പൂതേരി

മലപ്പുറം ജില്ലയിലെ കരിപ്പൂരിലെ പൂതേരി വീട്ടില്‍ 1955ല്‍ ജനിച്ച ബാലന്‍ പൂതേരിക്ക് ജന്മനാ കാഴ്ചപരിമിതി ഉണ്ടായിരുന്നു. വലതുകണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ട ഇദ്ദേഹം ഇടതുകണ്ണിന്റെ മങ്ങിയ കാഴ്ചയുടെ സഹായത്താലാണ് എഴുത്തിന്റെ ലോകത്തേക്ക് നടന്നത്. 45-ാം വയസ്സില്‍ കാഴ്ചശക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ട ബാലന്‍ പൂതേരി, താന്‍ കൂട്ടുപിടിച്ച എഴുത്തിന്റെ ലോകത്തില്‍ നിന്നും പിന്‍വാങ്ങിയില്ല. ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഈ എഴുത്തുകാരന്‍ 214 ഓളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. 1983ല്‍ രചിച്ച ക്ഷേത്രാരാധനയാണ് ആദ്യ പുസ്തകം.
കണ്ണിലെ ഇരുട്ടിനെ അക്ഷരങ്ങളുടെ വെളിച്ചത്താല്‍ അതിജീവിച്ച ബാലന്‍ പൂതേരി, തന്റെ ശാരീരിക പരിമിതികളില്‍ തളരാതെ പദ്മശ്രീ വരെ നേടിയത് എല്ലാവര്‍ക്കും മാര്‍ഗ്ഗദര്‍ശകവും പ്രേരണാദായകവുമാണ്. സാമ്പത്തികവും ശാരീരികവുമായ പരിമിതികളെ അതിജീവിച്ച സാധാരണക്കാരനായ ഒരാളെ തേടിയാണ് പദ്മശ്രീ എത്തിയത്.
ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനുള്ള കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ പുരസ്‌കാരം (2019), കേരള സര്‍ക്കാരിന്റെ വികലാംഗ പ്രതിഭ പുരസ്‌കാരം, ഗുരുബാബ ട്രസ്റ്റിന്റെ വിജയശ്രീ പുരസ്‌കാരം, ലത്തീന്‍ കത്തോലിക്ക ഐക്യവേദിയുടെ വിശിഷ്യസേവാരത്‌നം എന്നിവ ബാലന്‍ പൂതേരിയെ തേടിയെത്തിയ ആദരവുകളാണ്. ഹരിജനോന്നമനത്തിനായി രൂപീകരിച്ച സംസ്‌കൃതിരക്ഷ യോജനയുടെ കോഴിക്കോട് ജില്ലാ ഓര്‍ഗനൈസര്‍, കാലിക്കറ്റ് സര്‍വ്വകലാശാല വയോജന വിദ്യാഭ്യാസ സെന്ററുകളുടെ സൂപ്പര്‍വൈസര്‍, മലബാര്‍ ക്ഷേത്രട്രസ്റ്റി സമിതി സെക്രട്ടറി തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. ഭാര്യ ശാന്ത, മകന്‍ രാംലാല്‍.
രാമചന്ദ്ര പുലവര്‍

ലക്കാട് ജില്ലയിലെ കൂനന്തറയില്‍ കൃഷ്ണന്‍കുട്ടി പുലവരുടെയും ഗോമതി അമ്മാളിന്റെയും മകനായി 1960-ല്‍ ജനിച്ച രാമചന്ദ്ര പുലവര്‍, തോല്‍പ്പാവക്കൂത്ത് എന്ന ക്ഷേത്രകലയെ ജനകീയവല്‍ക്കരിച്ച കലാകാരനാണ്. പത്താമത്തെ വയസ്സില്‍ കവളപ്പാറ ആര്യങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ പാവക്കൂത്ത് അരങ്ങേറ്റം നടത്തി. 1982 മുതല്‍ അഞ്ച് വര്‍ഷം മഹാരാഷ്ട്രയിലെ സാവാന്തവാടിയില്‍ പാവക്കൂത്ത് പരിശീലിപ്പിച്ചു. ഭാരതത്തിനു പുറമെ വിദേശത്തെയും നിരവധി വേദികളില്‍ പാവക്കൂത്ത് അവതരിപ്പിച്ചു. ഇറ്റലിയിലെ സാംസ്‌കാരിക വകുപ്പുമായി ചേര്‍ന്ന് തോല്‍പ്പാവകളെ ഉപയോഗിച്ചുള്ള പരിപാടി സംഘടിപ്പിച്ചു. റഷ്യയിലെ അന്തര്‍ദ്ദേശീയ പാവകളി മേളയിലും അതിനോടനുബന്ധിച്ചുള്ള ശില്പശാലയിലും സെമിനാറിലും പങ്കെടുത്ത് ഭാരതത്തിന്റെ അഭിമാനമായി മാറി. രാമായണം പാവകളി രൂപത്തില്‍ അവതരിപ്പിക്കുകയും ഗാന്ധിക്കൂത്തടക്കം നിരവധി പരിഷ്‌ക്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. ഈ കല അന്യംനിന്നുപോകാതിരിക്കാന്‍, കൂനത്തറയില്‍ പാവകളി അഭ്യസന കേന്ദ്രവും പാവനിര്‍മ്മാണ കേന്ദ്രവും നടത്തുന്നുണ്ട് ഈ കലാകാരന്‍. കേന്ദ്ര സംഗീത നാടക അക്കാദമിയില്‍ നാടന്‍കലകളും പാവകളിയും എന്ന വിഷയത്തില്‍ റിസോഴ്‌സ് പേഴ്‌സനാണ്. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റേതടക്കം നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
അലി മണിക് ഫാന്‍

ഔപചാരിക വിദ്യാഭ്യാസത്തിന്റെ സഹായമില്ലാതെ തന്നെ, അറിവിന്റെ സമസ്തമേഖലകളേയും കീഴടക്കിയ അപൂര്‍വ്വ വ്യക്തിത്വത്തിനുടമയാണ് അലി മണിക് ഫാന്‍. വെറും എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അലി മണിക് ഫാന്‍ ഗോളശാസ്ത്രം, സമുദ്രശാസ്ത്രം കൃഷിശാസ്ത്രം, ഭാഷ, ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ്, കപ്പല്‍ നിര്‍മ്മാണം തുടങ്ങി കൈവയ്ക്കാത്ത മേഖലകളില്ല. മണിക് ഫാനിലെ പ്രതിഭയെ തിരിച്ചറിഞ്ഞ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എസ്. ജോണ്‍സണ്‍ അദ്ദേഹത്തെ സി.എം.എഫ്.ആര്‍.ഐ മ്യൂസിയം അസിസ്റ്റന്റും പിന്നീട് ഇന്‍ ചാര്‍ജ്ജുമാക്കി. ഉണങ്ങിയ പ്രദേശങ്ങളെ കാര്‍ഷിക പരീക്ഷണങ്ങളാല്‍ ഹരിതാഭമാക്കിയത്, മുന്‍ചക്രത്തില്‍ എന്‍ജിന്‍ ഘടിപ്പിച്ച സൈക്കിളില്‍ ഭാരതം ചുറ്റിസഞ്ചരിച്ചത്, പാരമ്പര്യ തനിമയില്‍ ഇരുമ്പാണി ഉപയോഗിക്കാതെ 27 മീറ്റര്‍ നീളത്തില്‍ കയര്‍ ഉപയോഗിച്ച് കപ്പല്‍ നിര്‍മ്മിച്ചത്, ആഗോള ചാന്ദ്രവര്‍ഷ കലണ്ടര്‍ രൂപീകരിച്ചത് എന്നിങ്ങനെ അദ്ദേഹം നല്‍കിയ സംഭാവനകള്‍ വ്യത്യസ്തവും അദ്ഭുതകരവുമാണ്.
ഗ്രീക്ക്, ഫ്രഞ്ച്, ലാറ്റിന്‍, ജര്‍മ്മന്‍, റഷ്യന്‍, പേര്‍ഷ്യന്‍, സംസ്‌കൃതം തുടങ്ങി 15 ഓളം ഭാഷകള്‍ സ്വായത്തമാക്കി. നാനൂറില്‍പരം മത്സ്യങ്ങളെ പറ്റി പഠിക്കുകയും പുതിയ ഒന്ന് രണ്ട് മത്സ്യങ്ങളെ കണ്ടെത്തുകയും ചെയ്തു. അതില്‍ ഒരു മത്സ്യം അറിയപ്പെടുന്നത് മണിക് ഫാനിന്റെ പേരില്‍ തന്നെയാണ്.
മിനിക്കോയ് ദ്വീപിന്റെ ഭരണാധികാരിയായിരുന്ന മുസാമണിക് ഫാനിന്റെ മകനായി ലക്ഷദ്വീപിലാണ് ഇദ്ദേഹം ജനിച്ചത്. ആദ്യഭാര്യ ഖദീജ മരണപ്പെട്ടതിനെ തുടര്‍ന്ന് ഒളവണ്ണ സ്വദേശിനി സുബൈദയെ വിവാഹം കഴിച്ച് കോഴിക്കോട് താമസിക്കുന്നു. നാല് മക്കളും ഔപചാരിക വിദ്യാഭ്യാസ പാത പിന്തുടര്‍ന്നില്ലെങ്കിലും ഇപ്പോള്‍ അദ്ധ്യാപകരും അഭിഭാഷകരുമായി ജോലി ചെയ്യുന്നു.
ഒന്നിന്റെയും പിന്‍ബലമില്ലാതെ സ്വന്തം ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും കൈമുതലാക്കി, പ്രതിസന്ധികളോട് പടവെട്ടി ഇവര്‍ നേടിയെടുത്ത പദ്മ അവാര്‍ഡുകള്‍ വൈകി വന്നതാണെങ്കിലും അര്‍ഹതപ്പെട്ടത് തന്നെയാണ്. പുരസ്‌കാരപ്രഭയില്‍ വീഴാതെ, പ്രസിദ്ധിപരാങ്മുഖരായി സ്വന്തം കര്‍മ്മപഥത്തില്‍ നിസ്വാര്‍ത്ഥസേവനം നല്‍കുന്ന ഈ അവാര്‍ഡ് ജേതാക്കളെ ആദരിക്കുന്നതിലൂടെ പുരസ്‌കാരങ്ങള്‍ക്കും മൂല്യമേറുന്നു. ഇന്ന് അര്‍ഹതയുള്ള സാധാരണക്കാരെ തേടിയും പുരസ്‌കാരങ്ങള്‍ എത്തുന്നുവെന്നത് അഭിനന്ദനീയം തന്നെയാണ്.
Comments