ലോകം കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കുമ്പോള്‍ രാജ്യത്തിന്റെ ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്ക് കുറഞ്ഞുവരുന്നുണ്ട്. ലോക്ഡൗണ്‍ തുടങ്ങുമ്പോള്‍ 18 മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ നമ്മുടെ സര്‍ക്കാറിന്റെ കരുതലായിരുന്നു. ലോക്ഡൗണ്‍ നീണ്ടപ്പോള്‍ ഭക്ഷ്യധാന്യശേഖരണവും കുറഞ്ഞുവരികയാണ് ചെയ്തത്. ‘ഭയപ്പെടുകയല്ല ജാഗ്രതയാണ് ആവശ്യം’ എന്നത് നാം ഇടയ്ക്ക് പറയുകയും കേള്‍ക്കുകയും ചെയ്യുന്നു. അതെ ആ ജാഗ്രതയോട് കൂടി നമുക്കൊന്നായി ഭക്ഷ്യ സുരക്ഷ ഒരുക്കുന്നതില്‍ പങ്കുചേരാം. കേരളത്തിലെ വയലുകള്‍ നികത്തി കൃഷി ഇല്ലാതായ്‌ക്കൊണ്ടിരിക്കുകയാണ് എന്നത് നാം തിരിച്ചറിഞ്ഞതാണ്. പണം, രാഷ്ട്രീയം, അധികാരം എന്നിവയുടെ പിന്‍ബലത്തില്‍ വയലുകള്‍ നികത്തുന്നത് തുടരുകയാണ് കേരളത്തില്‍. വമ്പന്‍മാര്‍ മണിമാളികകളും ഫ്‌ളാറ്റുകളും കെട്ടിപ്പൊക്കികൊണ്ടിരിക്കുന്നു. ഭക്ഷ്യധാന്യങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിച്ചിട്ടാണ് നമ്മുടെ സംസ്ഥാനം കഴിയുന്നത്.
കേരളത്തിലെ വനമേഖലകളില്‍ താമസിക്കുന്ന ഗോത്രജനത മണ്ണിനെയും പ്രകൃതിയെയും ആദരിക്കുന്നവരാണ്. വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ കുറിച്യര്‍, ഇടുക്കി ജില്ലയിലെ മുതവര്‍, കൊല്ലം, തിരുവനന്തപുരം ജില്ലയിലെ കാണിക്കാര്‍ തുടങ്ങിയവര്‍ നനവാര്‍ന്ന ഉഷ്ണമേഖലയില്‍ താമസിക്കുന്നവരാണ്. അതുകൊണ്ട് തന്നെ കുന്നിന്‍ ചെരുവുകളില്‍ തനതായ കൃഷി സമ്പ്രദായമായ പുനം കൃഷി നടത്തിവന്നിരുന്നു. പലയിനം നെല്‍വിത്തുകളുടെ കൃഷി, കൂടാതെ റാഗി, ചോളം, ചാമ എന്നിവയുമായിരുന്നു കൃഷി ചെയ്തുവന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പല ജില്ലകളിലും പുനം കൃഷി ഗോത്രജനത ചെയ്തിരുന്നില്ല. ഉദാഹരണത്തിന് കണ്ണൂര്‍ ജില്ലയിലെ തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്തിലെ നരിക്കോട്ടുമല, വാഴമല എന്നിവിടങ്ങളില്‍ ഈ കൃഷിരീതി ഉണ്ടായിരുന്നു. എന്നാല്‍ കുറച്ചു വര്‍ഷമായി കൃഷി ചെയ്യാറില്ല. കൃഷിക്ക് സ്ഥലം ലഭിക്കാത്തതും, ദീര്‍ഘവിളകളുടെ കടന്നുകയറ്റവും, റബ്ബര്‍ കൃഷി വ്യാപിച്ചതും വലിയ പ്രതിസന്ധിയായിരുന്നു പുനം കൃഷിക്കാര്‍ക്ക്. പിന്നീട് സ്ഥലങ്ങള്‍ കണ്ടെത്താന്‍ പരിശ്രമിക്കാതെ ഗോത്രവര്‍ഗ്ഗക്കാര്‍ പുനം കൃഷി നിര്‍ത്തുകയാണ് ഉണ്ടായത്.
എന്നാല്‍ ഇന്ന് പുനം കൃഷി തിരിച്ചുവരുന്നു എന്നത് വളരെ ഏറെ സന്തോഷം തരുന്ന കാര്യമാണ്. ലോകം ഭക്ഷ്യധാന്യ സുരക്ഷ ഒരുക്കാന്‍ ജാഗ്രതയോടെ നീങ്ങുന്ന ഈ സമയത്ത് പുനം കൃഷി തുടങ്ങുമ്പോള്‍ ഈ കൃഷിരീതിയുടെ തുടക്കവും ചരിത്രവും പറയാതെവയ്യ. പ്രത്യേകിച്ച് കണ്ണവം, കൊട്ടിയൂര്‍, പേരിയ, ബെഗൂര്‍, തൊല്‍പ്പെട്ടി, കുറിച്യാട്, ഫോറസ്റ്റ് റെയിഞ്ചുകളിലെ വനത്തിനുള്ളിലും വന അതിര്‍ത്തിയിലും പുനം കൃഷി ചെയ്തുവന്നിരുന്നു.കുറിച്യര്‍. ഇവര്‍ ബ്രിട്ടീഷ് കമ്പനി പട്ടാളത്തിനെതിരെ സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടി. കുറിച്യരുടെ കൃഷി ഉല്‍പ്പന്നങ്ങള്‍ക്ക് അമിത നികുതി ഈടാക്കി ഗോത്ര ജനതയെ ഇല്ലാതാക്കാന്‍ ശ്രമിച്ചപ്പോള്‍ കുന്നിന്‍ ചെരുവുകളില്‍ കാട് വെട്ടിതെളിച്ച് പുനം കൃഷിനടത്തി ഭക്ഷ്യസുരക്ഷ ഉറപ്പാക്കി ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയവരാണ് കുറിച്യര്‍. 1812 മാര്‍ച്ചില്‍ തുടങ്ങിയ കുറിച്യകലാപം മെയ് 25 ന് ബ്രിട്ടീഷ് പട്ടാളം അടിച്ചൊതുക്കിയിട്ടും, കാല്‍കീഴില്‍ വീണ് മാപ്പുപറയാതെ സംഘടിതമായി ജീവിച്ച് വന്ന ഗോത്ര ജനത അന്നും സംഘടിതമായി കൃഷിചെയ്തു ഭക്ഷ്യസുരക്ഷ ഒരുക്കിയിരുന്നു. ഇന്ന് ലോകം മുഴുവന്‍ ഭക്ഷ്യസുരക്ഷ ഒരുക്കാന്‍ ശ്രമിക്കുമ്പോള്‍ തനതായ കൃഷിരീതിയായ പുനംകൃഷി തിരിച്ചുകൊണ്ടുവരികയാണ് ഗോത്രജനത. പുനം കൃഷിക്ക് വലിയ സാധ്യതയാണ്. പണത്തിന്റെയും ആഡംബരത്തിന്റെയും മത്ത് പിടിച്ച ജനത പകുതിയിലധികം കൃഷിയിടങ്ങളും നശിപ്പിച്ചുകഴിഞ്ഞു. വയലുകള്‍ അല്ലാതെ തരിശായി കിടക്കുന്ന എത്രയോ സ്ഥലങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്. അവിടങ്ങളില്‍ പുനം കൃഷിനടത്താന്‍ സര്‍ക്കാര്‍ പ്രോല്‍സാഹനം നല്‍കണം. നമ്മുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം.
പുനം കൃഷി
ആദ്യമായി പാകമായ (മൂപ്പെത്തിയത്) കാടു കണ്ടെത്തുന്നു. കുംഭമാസത്തില്‍ ഈ കാട് വെട്ടിത്തെളിക്കുന്നു. വെട്ടിയ കാട് ഉണങ്ങാനായി ഒരുമാസത്തോളമെടുക്കും. ഉണങ്ങിയശേഷം അരിക് ചെത്തി തീവക്കുന്നു. അരിക് ചെത്തുന്നത് അടുത്തുള്ള കാട്ടിലേക്ക് തീപടരാതിരിക്കാനാണ്. കത്തിയ കാടിന്റെ അവശിഷ്ടങ്ങളും വെന്ത വെണ്ണീറും ചണ്ടിയും മറ്റും ചേര്‍ന്ന നല്ല വളമായിത്തീരും. പിന്നീട് കൈക്കോട്ട് ഉപയോഗിച്ച് വേരും നാരും കുറ്റികളും മാറ്റി കൃഷിഭൂമി വൃത്തിയാക്കുന്നു. അതിനുശേഷം വിത്ത് വിതക്കുന്നു. വിഷുവിനു മുന്നേ തന്നെ വിതയ്ക്കല്‍ കഴിഞ്ഞിരിക്കും. വിതച്ച ശേഷം രണ്ടാഴ്ചയെങ്കിലും മണ്ണില്‍ കിടന്ന് വിത്ത് കായാനിടുന്നു. വിത്ത് ഉഴുന്ന പതിവില്ല, പകരം മണ്ണിളക്കാതെ വെറുതെ വിതറുന്ന രീതിയാണുള്ളത്. മണ്ണ് അല്‍പം കൊത്തിയിട്ടേക്കാം. ഇങ്ങനെ കൊത്തിയിടുന്ന മണ്ണ് അടഞ്ഞു നില്‍കുന്നതിനാല്‍ മഴ പെയ്താല്‍ വിത്ത് ഒലിച്ചു പോകാറില്ല. മണ്ണ് കൊത്താനായി ‘പേരക്കൊക്ക’ എന്ന പണിയായുധം ഉപയോഗിക്കുന്നു. തുടര്‍ച്ചയായി മൂന്ന് ദിവസം വിതയുണ്ടെങ്കില്‍ നാലാം ദിവസം വിശ്രമമായിരിക്കും. പിന്നെ അഞ്ചാം ദിവസമേ വിതയ്ക്കുകയുള്ളൂ. ഇതിനെ ‘മുമ്മൂട്’എന്നാണ് പറയുക.
പുനം കൃഷിയില്‍ ഭൂമി തട്ടാക്കുന്ന പരിപാടി ഇല്ല. ചെരിവുള്ള സ്ഥലമാണെങ്കില്‍ അല്പം മണ്ണ് ഒലിച്ച് പോകും. എന്നാല്‍ ഇത് തടയാനായി മരത്തടികള്‍, കുറ്റികള്‍ എന്നിവ കൊണ്ട് തടസ്സം ഉണ്ടാക്കും. കള പറിക്കുന്നത് രണ്ടു തവണയാണ്. മഴപെയ്ത് രണ്ടാഴ്ച കഴിഞ്ഞാല്‍ കളയും കാടുമൊക്കെ പൊടിച്ചുവരാന്‍ തുടങ്ങുന്നതോടെ ആദ്യത്തെ കളപറിക്കല്‍ ആരംഭിക്കുന്നു. അതോടെ നെല്ല് പൊന്തിവരും. തുടര്‍ന്ന് കതിര് പുറത്തേക്ക് വരുന്നതിനു മുന്‍പ് രണ്ടാമത്തെ കള പറിക്കലും നടത്തുന്നു.
കന്നി-തുലാം മാസത്തോടെ വിളവെടുപ്പെല്ലാം അവസാനിക്കുന്നു.
പുനം കൃഷി ചടങ്ങ്
$ ആചാരം
$ നൃത്തം
$ പാട്ട്
$ ആഘോഷം
മണ്ണിനേയും പ്രകൃതിയേയും ആദരിക്കുന്ന ഗോത്രവര്‍ഗ്ഗക്കാരുടെ തനിമയുള്ള കൃഷിരീതിയാണ് പുനം കൃഷി എന്നു പറയാം. വിത്തിനെ അമൂല്യമായും വളരെ ആദരവോടെയുമാണ് അവര്‍ കണ്ടിരുന്നത്. പട്ടിണി കിടന്ന് മരിക്കേണ്ടി വന്നാലും അവര്‍ വിത്ത് സൂക്ഷിച്ചു വച്ചിരുന്നു. ആദിമഗോത്രങ്ങളുടെ സംസ്‌കാരം രൂപപ്പെടുത്തുന്നതില്‍ കൃഷി വളരെയധികം പങ്ക് വഹിച്ചിട്ടുണ്ട്. പാട്ടുകളിലും നൃത്തങ്ങളിലും കൃഷിയുമായുള്ള ബന്ധം നിഴലിക്കുന്നു. കൃഷിയുമായുള്ള എല്ലാ അനുഷ്ഠാനങ്ങളിലും സംഗീതവും നൃത്തവും ഇടകലര്‍ന്നിരിക്കുന്നു.
പുനം കൃഷി ആരംഭിക്കുന്നതു മുതല്‍ അവസാനിക്കുന്നതുവരെ ആഘോഷങ്ങള്‍ നീണ്ടു നില്‍ക്കുന്നു. ഈ ആഘോഷങ്ങളും സല്‍ക്കാരങ്ങളും പാട്ടും നൃത്തവും മറ്റും കര്‍ഷകര്‍ക്കിടയിലുള്ള കൂട്ടായ്മയും സഹവര്‍ത്തിത്തവും ഊട്ടിയുറപ്പിക്കുന്നു. ആഘോഷങ്ങളെല്ലാം തീ, മഴ, സൂര്യന്‍ എന്നീ പ്രകൃതിശക്തികളെ ആദരിക്കുന്നതിനായാണ് കൊണ്ടാടുന്നത്.
മണ്ണിനോടും പ്രകൃതിയോടും ഗണ്യമായ ആദരവ് പ്രകടിപ്പിച്ചൂകൊണ്ടാണ് കൃഷി ചെയ്യുന്നത്. നല്ല മുഹൂര്‍ത്തം നോക്കിയശേഷമേ കൃഷി ചെയ്യുക പതിവുള്ളൂ. മണ്ണിനെ പൂജിച്ചശേഷം മാത്രമാണ് വിതക്കുന്നത്. കുറിച്യരുടെ പൂജ ഉദാഹരണമാണ്. അവര്‍ കൃഷിയിടത്തിലെ ഏതെങ്കിലും മൂലക്ക് വച്ചാണ് പൂജ ചെയ്യുന്നത്. മുഹൂര്‍ത്തം കണ്ടെത്തി ഒരു താലത്തില്‍ വിത്തും തേങ്ങയും എടുത്ത് കൃഷിയിടത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച ഒരു ഭാഗത്തു കൊണ്ടുപോയി വച്ച്, മണ്ണ് നന്നായി കഴുകിയശേഷം തേങ്ങയെടുത്തു പൊളിച്ച് അതിലെ വെള്ളം താലത്തിലെ നെല്ലിലും നിലത്തും തെളിക്കുന്നു, അതിനുശേഷം മൊഴി പറയുന്നു. മൊഴി എന്നത് മലദൈവങ്ങളോടുള്ള പ്രാര്‍ത്ഥനയാണ്. മലദൈവത്തോടും ഭൂമിയോടും തങ്ങളെ കഷ്ടപ്പാടുകളില്‍ നിന്നും രക്ഷിക്കുന്നതിനും വിളവ് വര്‍ദ്ധിപ്പിച്ച് ഐശ്വര്യം പ്രദാനം ചെയ്യണമെന്നും അകമഴിഞ്ഞ് പ്രാര്‍ത്ഥിക്കുകയാണ് മൊഴിയിലൂടെ അവര്‍ ചെയ്യുന്നത്. കൊയ്ത്തിനുശേഷം മലദൈവങ്ങളോട് നന്ദി പറയുന്ന ചടങ്ങുണ്ട്. നല്ല വിളവുണ്ടാക്കിയതിനു നന്ദി പറയുന്നത് മൊഴിക്കാരനാണ്.
ചില പുനംവിത്തുകള്‍
-നെല്ലിനങ്ങള്‍
1. കോഴിയാള, മുളളന്‍ കോഴിയാള, കല്ലൊരക്കോഴിയാള എന്നിങ്ങനെ പലതരത്തിലുണ്ട്. മുളളന്‍ കോഴിയാളയ്ക്ക് നീളത്തിലുളള ഓക്കയുണ്ടായിരിക്കും. കോഴിയാളകള്‍ മുന്തിയ വിളവു തരുന്ന ഇനങ്ങളാണ്. 2. അടുക്കന്‍, കുറച്ചുനേരത്തേ പാകമാകുന്ന വിത്താണിത്. കറുത്ത അടുക്കന്‍, പെന്തിയടുക്കന്‍ എന്നിങ്ങനെ വകഭേദങ്ങളുണ്ട്. 3. അരിക്കഴമ. 4. ചോലപ്പെരുവിത്ത്. നേരത്തെ വിളയുന്ന ഇനമാണിത്. 5. ചീര്‍പ്പാല. വളരെ പുരാതനമായ വിത്താണിത്. നെല്‍മണികള്‍ തീരെ ചെറുതാണെങ്കിലും നീളത്തിലുളള ഓക്ക കാണപ്പെടുന്നു. നല്ലവിളവുളള ഇനമാണ്. 6. എളുവിത്ത്. 7. പാല്‍കഴമ. മൂപ്പുകുറഞ്ഞതും പൊതുവെ വിളവു കുറഞ്ഞതുമായ വിത്താണ് 8. പുനക്കുറുവ. നാലുമാസം മൂപ്പ്. ചെറിയ മണികള്‍. നെല്ലിന് ഇളം ചുവപ്പുനിറം. മഴ ശരിക്ക് ലഭിക്കുകയാണെങ്കില്‍ നല്ലവണ്ണം വിളവു തരുന്ന ഇനമാണ്. നല്ലപോലെ പാകമായാല്‍ നെല്ലിന്റെ തോട് പൊളിഞ്ഞുനില്‍ക്കും.
വനവാസി വിത്തുകളുടെ കൃത്യമായ മൂപ്പെത്രയെന്നോ, എത്രവിളവു കിട്ടുമെന്നോ ഒന്നും കണക്കുവെക്കുന്നില്ല. മേല്‍പ്പറഞ്ഞ വിത്തുകളെല്ലാം വിഷുവിനുമുമ്പേ വിതയ്ക്കും. കന്നി-തുലാം മാസത്തോടെ എല്ലാ കൊയ്ത്തും കഴിയുകയും ചെയ്യും.
മുതുവാന്‍മാര്‍ ഉപയോഗിക്കുന്നവ
മൂപ്പുകുറഞ്ഞവ.
1. അരിമോടന്‍. അരിമോടന്‍ വെളുത്തതും കറുത്തതും കാണപ്പെടുന്നു. 2. ആടിമോടന്‍. കറുപ്പും വെളുപ്പും നിറങ്ങളില്‍ കാണുന്നു. 3.ചോരമോടന്‍. വലിപ്പമുളള മണികള്‍, ചുവന്നിരിക്കും. 4. മഞ്ഞമാലി. 5. കുഞ്ചിനെല്ല്. വെളുത്ത വലിയ മണികള്‍. 6. കുഞ്ചിമുളളന്‍. നല്ല ഉയരമുളള നെല്‍മണികള്‍ക്ക് മങ്ങിയചുവപ്പുനിറം. നീളമുളള ഓക്ക. ‘തൂവല്‍’ എന്ന് മുതുവര്‍ പറയുന്നു.7. തലപിരിച്ചാന്‍നെല്ല്. കറുത്തതും വെളുത്തതുമുണ്ട്. കതിരുകള്‍ പൂമാതിരി വിരിഞ്ഞുവരും. 8. കല്ലുണ്ണി. ചെറിയ മണികളാണ്. 9. ഓണമുട്ടന്‍. ചെറിയ മണികള്‍ വെളുപ്പുനിറം.
മൂപ്പുകൂടിയവ.
1. പെരുവാഴ വിഭാഗത്തില്‍ പെടുന്നവ അഞ്ചു തരമുണ്ട്. 1. വെളളപ്പെരുവാഴ. പേരു സൂചിപ്പിക്കുന്നതുപോലെ നെല്‍മണികള്‍ക്ക് വെളുപ്പുനിറം. 2. കരിമ്പെരുവാഴ. കറുത്ത പെരുവാഴ. 3. മാലിപ്പെരുവാഴ. നെല്‍മണികള്‍ക്ക് ഓക്കയുണ്ടായിരിക്കും. 4. മഞ്ഞപ്പെരുവാഴ. മഞ്ഞളിന്റെ നിറമുളള പെരുവാഴ. അവിലുണ്ടാക്കാന്‍ നല്ലതാണ്. 5. മുണ്ടന്‍ പെരുവാഴ. കറുപ്പും വെളുപ്പും നിറങ്ങളില്‍ കാണപ്പെടുന്നു. പെരുവാഴ ഇനങ്ങളില്‍ ഒട്ടുമിക്കവയുടെയും ചെടികള്‍ നല്ല പൊക്കം വെക്കുന്നവയാണ്. നെല്‍മണികള്‍ക്ക് നല്ല വലിപ്പമുണ്ടായിരിക്കുകയും ചെയ്യും. എന്നാല്‍ മുണ്ടന്‍ പെരുവാഴച്ചെടികള്‍ ഉയരം കുറഞ്ഞവയാണ്. മണികളും ചെറുതായിരിക്കും.
2. പൂതകാളി. നെല്ല് കറുത്തിട്ടാണെങ്കിലും കരിമ്പെരുവാഴയുടെ അത്രവരില്ല.
വെളളപ്പെരുവാഴ, കരിമ്പെരുവാഴ, മാലിപ്പെരുവാഴ, പൂതകാളി എന്നിവ ഒരുമിച്ച് കൂട്ടിവിതയ്ക്കുക പതിവുണ്ട്.
3. കുരീക്കണ്ണി. 4. പുലിശി. 5. പൂശകന്‍. നല്ല നീളമുളള കറുപ്പു കലര്‍ന്ന നെല്‍മണികള്‍. പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ വിശിഷ്ടമാണ്. 6. വച്ചില നെല്ല്. വെളുപ്പുനിറത്തിലുളള നീളം കൂടിയ മണികള്‍. ചെടികള്‍ ഉയരം കുറഞ്ഞവയാണ്. 7. ചെറക് നെല്ല്. ഈ ഇനം തികച്ചും നാമാവശേഷമായിക്കഴിഞ്ഞിരിക്കുന്നു. പേരു സൂചിപ്പിക്കുന്നതുപോലെ നെല്‍മണികള്‍ക്ക് ഇരുവശങ്ങളിലുമായി ‘ചിറകു’ണ്ടായിരുന്നു. ഇത് പരാഗണത്തെ സഹായിച്ചിരുന്നു. മണികളാകട്ടെ വെളളി നിറമുളളവയും. ഈ പ്രത്യേകതകള്‍ ഉളളതു കാരണം ചിറകുവെച്ച മാലാഖമാരുടെ പ്രതീതി ഇവ ജനിപ്പിച്ചിരുന്നുവത്രെ. കറുപ്പുനിറത്തിലുളള ചിറകുനെല്ലും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. 8. തോക്കാന്‍. വെളുത്ത മണികള്‍. ഓക്കയുണ്ടായിരിക്കും. 9. ഊരാളിച്ചി. വലിയ മണികള്‍. കതിര്‍പ്രായത്തില്‍ നെല്‍മണികള്‍ ചുകന്നിരിക്കുമെങ്കിലും പാകമാകുന്നതോടെ കറുത്തുവരും. പണ്ടുകാലത്തു കൃഷി ചെയ്തുവന്നിരുന്ന വിത്താണിത്. 10. പട്ടത്തിനെല്ല്. പരന്ന് വലിപ്പമുളള സ്വര്‍ണ്ണനിറം പൂണ്ട നെല്‍മണികള്‍. നെല്ലുകണ്ടാല്‍ ആരും കൊതിച്ചുപോകുമത്രെ.
മേല്‍ സൂചിപ്പിച്ച പട്ടികകളിലെ മൂപ്പുകൂടിയ വിത്തുകള്‍ മീനം അവസാനം വിതച്ച് കന്നി-തുലാം മാസത്തോടെ വിളവെടുക്കും. മൂപ്പുകുറഞ്ഞവ മീനമാസം അവസാനം കൃഷിയിറക്കി കര്‍ക്കിടകത്തില്‍ അല്ലെങ്കില്‍ ചിങ്ങമാസം ആദ്യത്തോടെ കൊയ്‌തെടുക്കുകയും ചെയ്യും.
കോറ ഇനങ്ങള്‍
മുതുവാന്‍മാര്‍ പ്രധാനമായും രണ്ടുതരത്തിലുളള ‘കോറ’ ഇനങ്ങളാണ് ഉപയോഗിക്കുന്നത്. മൂന്നുമാസം മാത്രം മൂപ്പുളള ‘ചിരുകോറാനും’ ആറുമാസത്തോളം മൂപ്പുവരുന്ന ‘ചാമ്പല്‍മുടിയനും’.
( കേരള വനവാസി വികാസ കേന്ദ്രം വയനാട് ജില്ല സംഘടന സെക്രട്ടറിയാണ് ലേഖകന്‍)