ആത്മനിര്‍ഭര്‍ഭാരതത്തിന്റെ ലക്ഷ്യപ്രാപ്തിക്കുവേണ്ട വ്യക്തമായ നിര്‍ദ്ദേശങ്ങളുള്ള ബജറ്റാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചിട്ടുള്ളത്. കൊറോണാ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആത്മനിര്‍ഭര്‍ ഭാരത് എന്ന പേരില്‍ 3 ഗഡുക്കളായും റിസര്‍വ്വ് ബാങ്ക് മുഖേനയും പ്രഖ്യാപിച്ച 27.1 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജന പരിപാടികളുടെ തുടര്‍ച്ചയായാണ് വരും സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. തുടക്കത്തില്‍ സാമ്പത്തിക വളര്‍ച്ച 23 ശതമാനത്തോളം ഇടിഞ്ഞെങ്കിലും പിന്നീടത് 7.7 ശതമാനമായി കുറയുകയുണ്ടായി. ഈ സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തില്‍ (ത്രൈമാസം) വളര്‍ച്ചാനിരക്ക് 2 മുതല്‍ 3 ശതമാനം വരെ ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക മേഖല തിരിച്ചു വരവിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കുന്നുണ്ട്. ആദ്യമായി 2021 ജനുവരിയില്‍ ജി.എസ്.ടി വരുമാനം 1.2 ലക്ഷം കോടിയായി സര്‍വ്വകാല റെക്കാര്‍ഡിലെത്തിയത് ശുഭോദര്‍ക്കമാണ്. നടപ്പു വര്‍ഷം മിക്ക കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ഉയര്‍ന്ന ലാഭവിഹിതമുണ്ടാക്കിയതും ഓഹരി വിപണി 30,000 ല്‍ നിന്നും 50,000 വരെ ഉയര്‍ന്നതുമെല്ലാം സമ്പദ്‌വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലായതിന്റെ സൂചനകളാണ്. 2021-22 സാമ്പത്തികവര്‍ഷം 11ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഐ.എം.എഫും ഭാരതം അടുത്തവര്‍ഷം ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തുമെന്ന് പ്രവചിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പുതിയ ബജറ്റിനെ വിലയിരുത്തേണ്ടത്.
കോവിഡുകാലത്ത് തുടര്‍ച്ചയായ ലോക്ക് ഡൗണും തൊഴിലില്ലായ്മയുമൊക്കെ ഉണ്ടായ സമയത്ത് പട്ടിണി ഉണ്ടാകാതെ കഴിഞ്ഞതും ഇപ്പോള്‍ തിരിച്ചു വരവിന് വഴിയൊരുക്കിയതും കാര്‍ഷികമേഖലയുടെ 3.4 ശതമാനം വളര്‍ച്ചയായിരുന്നു. അതുപോലെ സ്വന്തം ജീവന്‍ പോലും പണയം വെച്ചാണ് ആരോഗ്യ മേഖലയിലെ ദശലക്ഷക്കണക്കിന് ജീവനക്കാര്‍ കൊറോണയെ നേരിട്ടത്. ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളും മറ്റ് പലതരം തൊഴിലാളികളും തൊഴിലും വരുമാനവും നഷ്ടപ്പെട്ട് കഷ്ടതയില്‍ കഴിയുന്നുണ്ട്. അതോടൊപ്പം സാമ്പത്തിക രംഗത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള ഉത്തേജനവും സഹായവും ആവശ്യമാണ്. ഈ ഘടകങ്ങളാണ് ബജറ്റ് നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നതില്‍ ധനകാര്യമന്ത്രി പ്രത്യേകം ശ്രദ്ധചെലുത്തിയിട്ടുള്ളത്. അതുകൊണ്ട് ആരോഗ്യമേഖലയുടെ സമഗ്രവികസനം, കര്‍ഷക ക്ഷേമം, അടിസ്ഥാന സൗകര്യ വികസനത്തിലൂടെ തൊഴില്‍സൃഷ്ടി, മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിക്ക് ഊന്നല്‍, ഈസ് ഓഫ് ബിസിനസ്സ് ശക്തമാക്കുക തുടങ്ങിയ മേഖലകള്‍ക്കാണ് ബജറ്റില്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത്. മിനിമം ഗവണ്‍മെന്റ് മാക്‌സിമം ഗവര്‍ണന്‍സ് എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ നിയന്ത്രണ-നിയമപരിഷ്‌കാരങ്ങളും ബജറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സമഗ്ര സ്വാസ്ഥ്യ വികസനം
കോവിഡിന്റെ പശ്ചാത്തലത്തിലും ഭാവിയില്‍ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനും വേണ്ടി സ്വാസ്ഥ്യ മേഖലയ്ക്കും വലിയ മുന്‍ഗണനയാണ് നല്‍കിയിട്ടുള്ളത്. ആരോഗ്യമേഖലയുടെ സമഗ്രവികസനത്തിനായി നിലവിലുള്ള ദേശീയ ആരോഗ്യമിഷനു പുറമെ സംയോജിത പൊതു ആരോഗ്യസംവിധാനം രാജ്യത്താകെ ശക്തിപ്പെടുത്തുന്നതിന് വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ വണ്‍ ഹെല്‍ത്ത് സ്ഥാപിക്കാനും, ഗ്രാമങ്ങളില്‍ 17788 ഉം നഗരങ്ങളില്‍ 11024 ഉം ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററുകള്‍ സ്ഥാപിക്കുമെന്നും പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാതൃകയില്‍ 4മേഖലകളില്‍ ഓരോ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം എല്ലാ ജില്ലകളിലും സംയോജിത പബ്ലിക് ഹെല്‍ത്ത് ലാബുകള്‍, 3382 ബ്ലോക്ക് പബ്ലിക്ക് ഹെല്‍ത്ത് യൂനിറ്റുകള്‍, 602 ജില്ലകളിലും 12 കേന്ദ്ര പ്രദേശങ്ങളിലും അതീവ ഗുരുതരാവസ്ഥയില്‍ എത്തിയ രോഗികളെ പരിചരിക്കാന്‍ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കുകള്‍ എന്നിവയും സ്ഥാപിക്കും. കൂടാതെ, സംയോജിത ആരോഗ്യപോര്‍ട്ടലിന്റെ പ്രവര്‍ത്തനം സംസ്ഥാനങ്ങളിലേക്കുകൂടി വ്യാപിപ്പിക്കും. ഇവയ്ക്ക് പുറമെ 64180 കോടി രൂപ അടങ്കലുള്ള പുതിയ പി.എം. ആത്മനിര്‍ഭര്‍ ആരോഗ്യ പദ്ധതി 6 വര്‍ഷം കൊണ്ട് നടപ്പാക്കുകയും ചെയ്യും.
കോവിഡ് വാക്‌സിന്‍ വിജയകരമായി ഉല്പാദിപ്പിക്കുകയും, വലിയ തോതില്‍ വാക്‌സിനേഷന്‍ നടത്തുകയും ഡസന്‍ കണക്കിന് സുഹൃദ് രാജ്യങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ വിതരണം ചെയ്യുകയും ചെയ്ത് വാക്‌സിന്‍ ഡിപ്ലൊമസിയിലൂടെ ലോകരാജ്യങ്ങളുടെ പ്രശംസക്കു പാത്രമായ ഭാരതം 35,000 കോടി രൂപയാണ് കോവിഡ് വാക്‌സിന്‍ ഉല്പാദനത്തിനും വിതരണത്തിനുമായി മാറ്റി വെച്ചിട്ടുള്ളത്. ഈ വാക്‌സിന്‍ ഡിപ്ലൊമസി ഭാരതത്തെ ലോകാരോഗ്യസംഘടനയുടെ അദ്ധ്യക്ഷസ്ഥാനത്ത് എത്തിക്കുമെന്നാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ ചൂണ്ടിക്കാണിക്കുന്നത്.
സ്വാസ്ഥ്യമേഖലയുടെ മൊത്തത്തിലുള്ള ശാക്തീകരണത്തിന് ആരോഗ്യമേഖലയോടൊപ്പം പ്രാധാന്യമുള്ളവയാണ് ശുചിത്വം, പോഷകാഹാരം, ശുദ്ധജലം, ശുദ്ധവായു എന്നിവയും. അതുകൊണ്ട്, ഈ മേഖലകള്‍ക്കെല്ലാം ബജറ്റില്‍ മുന്തിയ പരിഗണന നല്‍കിയിട്ടുള്ളത് ആശാവഹമാണ്. ആരോഗ്യമേഖലയ്ക്ക് 2.24 ലക്ഷം രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. അതോടൊപ്പം സ്വച്ഛഭാരത് അഭിയാന്റെ 2-ാം ഘട്ടത്തിന് 1.42 ലക്ഷം കോടിയും ശുദ്ധജലത്തിനുള്ള ജലജീവന്‍മിഷന് 2.87 ലക്ഷം കോടിയും സപ്ലിമെന്ററി ന്യൂട്രീഷന്‍ പരിപാടി 412 ജില്ലകളില്‍ നടപ്പാക്കാനായി 2.8 ലക്ഷം കോടിയും അര്‍ബന്‍സ്വച്ഛ് ഭാരതിന് 5 വര്‍ഷത്തേക്ക് 1.4 ലക്ഷം കോടിയും വകയിരുത്തിയിട്ടുണ്ട്. ഇവയെല്ലാം സ്വാസ്ഥ്യ മേഖലയുടെ സമഗ്ര വികസനത്തിനുള്ള അനുബന്ധ ഘടകങ്ങളാണ്.
കര്‍ഷകക്ഷേമം
കോവിഡിന്റെ കാലത്ത് മറ്റെല്ലാ മേഖലകളും പുറകോട്ടടിച്ചപ്പോള്‍ 3.4 ശതമാനം വളര്‍ച്ചയാണ് കാര്‍ഷികമേഖല കൈവരിച്ചത്. ഇതാണ് മുടക്കം കൂടാതെ രാജ്യത്തെ പാവപ്പെട്ടവര്‍ക്കും തൊഴില്‍രഹിതര്‍ക്കും ഭക്ഷണം ഉറപ്പുവരുത്താന്‍ സഹായകമായത്. അതുകൊണ്ടുതന്നെ കര്‍ഷക ക്ഷേമം കേന്ദ്രസര്‍ക്കാരിന്റെ പ്രധാന അജണ്ടകളിലൊന്നാണ്. കേന്ദ്രബജറ്റിലും ഇത് വ്യക്തമായി പ്രതിഫലിച്ചിട്ടുണ്ട്. നേരത്തെ ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി കാര്‍ഷികമേഖലയുടെ സമഗ്രവികസനത്തിനും കര്‍ഷക ക്ഷേമത്തിനുമായി 15 ഇന പരിപാടി പ്രഖ്യാപിച്ചവ തുടര്‍ന്നും നടപ്പാക്കും. അതോടൊപ്പം പുതിയ കാര്‍ഷികനിയമങ്ങള്‍ കര്‍ഷകര്‍ക്കുണ്ടാക്കിയ ഭയാശങ്കകള്‍ ദുരീകരിക്കാനും ധനകാര്യമന്ത്രി ശ്രമിച്ചിട്ടുള്ളത് സ്വാഗതാര്‍ഹമാണ്. കാര്‍ഷിക വിളകള്‍ക്കുള്ള താങ്ങുവില തുടരുമെന്നും അത് കൃഷി ചിലവിന്റെ ഒന്നര മടങ്ങായിരിക്കുമെന്നും ഉറപ്പു നല്‍കിയിട്ടുണ്ട്. മാത്രവുമല്ല, കേന്ദ്രസര്‍ക്കാര്‍ താങ്ങുവിലയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുന്നത് യാതൊരു കാരണവശാലും നിര്‍ത്തലാക്കില്ലെന്നും ഉറപ്പുകൊടുത്തിട്ടുണ്ട്. ഇതിന് പുറമെ 22 കാര്‍ഷിക ഉല്പന്നങ്ങളെ കൂടി ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഈ നടപടി അവയുടെ സ്റ്റോറേജ് സൗകര്യം വര്‍ദ്ധിപ്പിച്ച് കര്‍ഷകരുടെ വിളനഷ്ടം ഗണ്യമായി കുറയ്ക്കാന്‍ സഹായകമാകും.
മറ്റൊരു പ്രധാന പ്രഖ്യാപനം നാഷണല്‍ ഇന്‍ഫ്രാസ്റ്റ്രക്ച്ചര്‍ ഫണ്ട് രൂപീകരിച്ച് എ.പി. എം.സി. മണ്ഡികളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനു കൂടി ലഭ്യമാക്കും എന്നതാണ്. പെട്രോളിന് ലിറ്ററൊന്നിന് രണ്ടര രൂപയും ഡീസല്‍ ലിറ്ററൊന്നിന് നാല് രൂപയും നിരക്കിലുള്ള സെസ്സ് ചുമത്തിയാണ് ഇതിനുള്ള ധനം സമാഹരിക്കുന്നത്. പെട്രോളിനും, ഡീസലിനും അത്രതന്നെ ഇറക്കുമതിത്തീരുവ കുറച്ചതുമൂലം ഇവയ്ക്ക് വില വ്യത്യാസമുണ്ടാകുകയില്ല. 2016ല്‍ ആരംഭിച്ച ലചഅങ എന്ന കാര്‍ഷിക വിലനിലവാര-വിപണന പോര്‍ട്ടല്‍ ഇപ്പോള്‍ 1000 മണ്ഡികളുമായി മാത്രമെ ബന്ധിപ്പിച്ചിട്ടുള്ളു. മറ്റൊരു 1000 മണ്ഡികളെക്കൂടി ഇതുമായി ബന്ധിപ്പിച്ച് കാര്‍ഷികവിപണനം സുതാര്യമാക്കും. വരുന്ന സാമ്പത്തിക വര്‍ഷത്തെ കാര്‍ഷിക വായ്പ 16.5 ലക്ഷം കോടിയായി ഉയര്‍ത്തിയിട്ടുണ്ട്. 2020-21ല്‍ 43.36 ലക്ഷം ഗോതമ്പ് കര്‍ഷകര്‍ക്കും 1.54 കോടി നെല്ല് കര്‍ഷകര്‍ക്കും കേന്ദ്ര സംഭരണത്തിന്റെ പ്രയോജനം ലഭിച്ചതായി ധനമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സംവിധാനം കൂടുതല്‍ കാര്യക്ഷമമായി തുടരുമെന്നും അവര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. സമരത്തിലേര്‍പ്പെട്ട കര്‍ഷക സംഘടനകളുടെ ആശങ്കനീക്കാന്‍ ഇതു പ്രയോജനം ചെയ്‌തേക്കും.
ചെന്നൈയും കൊച്ചിയുമടക്കം 5 പ്രധാന ഫിഷറീസ് ഹാര്‍ബറുകളെ കമേഴ്‌സ്യല്‍ പോര്‍ട്ടുകളായി ഉയര്‍ത്താനുള്ള തീരുമാനം കാര്‍ഷിക വിപണിക്കും കയറ്റുമതിക്കും സഹായകമാകും. അതോടൊപ്പം നേരത്തെ പ്രഖ്യാപിച്ച മത്സ്യസമ്പാദന യോജനയും ബജറ്റില്‍ പ്രഖ്യാപിച്ച സീവീഡ് ഫാമിങ്ങും മത്സ്യത്തൊഴിലാളികള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്നവയാണ്. ഇവ രണ്ടും കേരളത്തിന് വലിയ സാദ്ധ്യതകളാണ് തുറന്നുതരുന്നത്. മറ്റ് നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം തേയിലത്തോട്ട നവീകരണത്തിന് 475 കോടി രൂപയും ഔഷധസസ്യകൃഷിയ്ക്ക് 5000 കോടിയും വകയിരുത്തിയത് കേരളത്തിന് പ്രയോജനകരമാണ്.
അടിസ്ഥാനസൗകര്യമേഖല
ആത്മനിര്‍ഭര്‍ ഭാരതിന്റെ ലക്ഷ്യമായ സ്വാശ്രയഭാരതത്തിന്റെ സൃഷ്ടിക്ക് ഏറ്റവും അനിവാര്യമായത് അടിസ്ഥാന മേഖലകളുടെ വികസനമാണ്. ഇവയുടെ വികസനത്തോടെ സമ്പദ് വ്യവസ്ഥയുടെ പല മേഖലകളെയും ഉത്തേജിപ്പിക്കാനും കൂടുതല്‍ സംയോജിതവും സുസ്ഥിരവുമായ വികസനം കൈവരിയ്ക്കാനുംകഴിയും. അതുകൊണ്ട് ഈ മേഖലയ്ക്ക് വലിയ പ്രാധാന്യമാണ് ബജറ്റില്‍ നല്‍കിയിട്ടുള്ളത്. മാത്രവുമല്ല ഇവ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്സിന് അത്യന്താപേക്ഷിതവുമാണ്. ദേശീയപാതകള്‍, വേഗതയുള്ള ചരക്കുഗതാഗതം, ശീതികരിച്ച ചരക്കുതീവണ്ടികള്‍, നല്ല പോര്‍ട്ടുകളും എയര്‍പോര്‍ട്ടുകളുമെല്ലാം കാര്‍ഷികവിപണനത്തിനും, വ്യാവസായികവികസനത്തിനും ടൂറിസം വികസനത്തിനുമെല്ലാം അത്യന്താപേക്ഷിതമാണ്. ഈ അടിസ്ഥാന മേഖലകളെ കേന്ദ്രീകരിച്ച് നിരവധി ഉല്പാദന-സേവന മേഖലകള്‍ ഉയര്‍ന്നുവന്ന് വികസനം ത്വരിതഗതിയിലാകും. മാത്രവുമല്ല കോറോണ കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട ദശലക്ഷക്കണക്കിന് തൊഴിലാളികള്‍ക്കും സാങ്കേതിക വിഭാഗം തൊഴിലാളികള്‍ക്കും ദീര്‍ഘകാലത്തേക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്താനും അടിസ്ഥാനമേഖലാ വികസനം അനിവാര്യമാണ്.
നാഷണല്‍ ഇന്‍ഫ്രാസ്റ്റ്രക്ച്ചറല്‍ പൈപ്പ് ലൈന്‍ പദ്ധതിയുടേയും ഭാരത്മാലാ പദ്ധതിയുടെയും ഭാഗമായി നിരവധി അടിസ്ഥാന വികസന പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. 1,11,000 കിലോമീറ്റര്‍ ദേശീയപാതാ കൊറിഡോറുകള്‍ക്കായി 1.1ലക്ഷം കോടിരൂപ വകയിരുത്തിയിട്ടുണ്ട്. റെയില്‍വെ വികസനത്തിന് സര്‍വ്വകാല റെക്കാര്‍ഡായ 1.10 ലക്ഷം കോടിയും നഗരങ്ങളിലെ പൊതുഗതാഗതം ശക്തമാക്കുന്നതിന് 18000 കോടിയും വിവിധ നഗരങ്ങളിലെ മെട്രോ പദ്ധതികള്‍ക്കായി വലിയ തുകയും മാറ്റിവെച്ചിട്ടുണ്ട്. കൊച്ചിയടക്കം അഞ്ച് പോര്‍ട്ടുകളുടെ ആധുനികവല്‍ക്കരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ ഏറ്റവും വലിയ കുതിച്ചുചാട്ടം ഊര്‍ജ്ജ മേഖലയിലാണ്. ഊര്‍ജ്ജ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം പ്രസരണ നഷ്ടം പരമാവധി കുറയ്ക്കാന്‍ സമഗ്രപദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. വിതരണ ശൃംഖലകളെ പരിഷ്‌കരിച്ച് ഉപഭോക്താക്കള്‍ക്ക് ഒന്നില്‍ കൂടുതല്‍ ഏജന്‍സികളില്‍ നിന്ന് ആദായകമായതു തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കുകയും ചെയ്യും. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന് 1000 കോടി രൂപയും റന്യുവബിള്‍ എനര്‍ജി ഡവലപ്പ്‌മെന്റ് ഏജന്‍സിക്ക് 1500 കോടിയും വകയിരുത്തിയത് പാരമ്പര്യേതര ഊര്‍ജ്ജ വികസനത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായാണ്. ക്ലീന്‍ എനര്‍ജി എന്ന ലക്ഷ്യത്തോടെ ഹൈഡ്രജന്‍ എനര്‍ജി മിഷന്‍ 2021ല്‍ ആരംഭിക്കും. ഇവയ്‌ക്കെല്ലാം ചേര്‍ത്ത് മൊത്തം 3.05 ലക്ഷം കോടി രൂപയാണ് ഊര്‍ജ്ജ മേഖലക്ക് വകയിരുത്തിയിരിക്കുന്നത്.
ധനകാര്യമേഖലയിലെ പരിഷ്‌കാരങ്ങള്‍
ധനകാര്യമേഖലയില്‍ നിരവധി പരിഷ്‌കാരങ്ങള്‍ക്കും ബജറ്റില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത് ശ്രദ്ധേയമാണ്. അടിസ്ഥാന സൗകര്യ വികസനത്തിന് അടുത്ത 10 വര്‍ഷത്തേക്ക് 103 ലക്ഷം കോടി വേണ്ടിവരുമെന്ന് കഴിഞ്ഞവര്‍ഷം ധനകാര്യമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. ഇത്രയും തുക ബജറ്റിലൂടെ സമാഹരിക്കാന്‍ കഴിയില്ല. ചില മേഖലകളില്‍ സ്വകാര്യമൂലധനം ഒരളവുവരെ ലഭ്യമാകും. എന്നിരുന്നാലും പൊതുമേഖലയുടെ പങ്കാളിത്തം വളരെ നിര്‍ണ്ണായകമാണ്. പൊതുമേഖലയില്‍ റോഡുകള്‍, റെയില്‍വെ വികസനം, ഊര്‍ജ്ജം തുടങ്ങി പലതും വികസിപ്പിച്ചാല്‍ മാത്രമെ സ്വകാര്യമേഖല അനുബന്ധമേഖലകളില്‍ മുതല്‍ മുടക്കാന്‍ തയ്യാറാകുകയുള്ളു. അതുകൊണ്ട് അടിസ്ഥാന സൗകര്യമേഖലയുടെ സമഗ്രവികസനത്തിന് വിഭവങ്ങള്‍ കണ്ടെത്താനായി ദേശീയ ഇന്‍ഫ്രാസ്റ്റ്രക്ച്ചര്‍ ഡവലപ്പ്‌മെന്റ് ബാങ്ക് സ്ഥാപിക്കാനായി 25000 കോടി രൂപ സീഡ് മണിയായി നല്‍കുന്നതാണ്. പ്രസ്തുത ബാങ്ക് വഴി 3 വര്‍ഷം കൊണ്ട് 5 ലക്ഷം കോടിയുടെ പദ്ധതികള്‍ നടപ്പാക്കുകയാണ് ലക്ഷ്യം. അതോടൊപ്പം കേന്ദ്ര സര്‍ക്കാറിന്റെ അടുത്ത സാമ്പത്തികവര്‍ഷത്തെ മൂലധന ചിലവിന് 5.54 ലക്ഷം കോടി വകയിരുത്തിയിട്ടുണ്ട്. കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശമുള്ള ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയെ മോണിറ്റൈസ് ചെയ്ത് ധനവിഭവസമാഹരണത്തിനും അതുവഴി അവരുടെ മൂലധനനിക്ഷേപം വര്‍ദ്ധിപ്പിക്കാനുമുള്ള ഒരു പദ്ധതിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകളുടെ റീകാപ്പിറ്റലൈസേഷന് 20,000 കോടി മാറ്റിവെച്ചിട്ടുണ്ട്. അതോടൊപ്പം അവരുടെ സ്റ്റ്രസ്ഡ് അസറ്റുകള്‍ (എന്‍.പി.എയില്‍ വരുന്നവ) അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ക്ക് കൈമാറി ബാലന്‍സ് ഷീറ്റ് ക്ലീനാക്കാനുള്ള പദ്ധതിയും നടപ്പാക്കും. ഇത് മന്‍മോഹന്‍സിങ്ങ് ഗവണ്‍മെന്റ് തുടങ്ങിവെച്ച പദ്ധതിയാണ്. കമ്മോഡിറ്റീസ് എക്‌സ്‌ചേഞ്ച്, സ്‌പോട്ട് എക്‌സ്‌ചേഞ്ച് എന്നിവയെയെല്ലാം ഒരു ഏകീകൃത നിയന്ത്രണ സംവിധാനത്തിനു കീഴിലാക്കും. ഇന്‍ഷുറന്‍സ് നിയമം പരിഷ്‌കരിക്കും. അതോടൊപ്പം വിദേശനിക്ഷേപകരുടെ നിക്ഷേപം 74 ശതമാനം വരെ ഉയര്‍ത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കാലഹരണപ്പെട്ട നികുതി നിയമങ്ങള്‍ പരിഷ്‌കരിക്കും. ഇവയില്‍ പ്രത്യക്ഷ നികുതികളും പരോക്ഷനികുതികളും പ്രത്യേകിച്ച് കസ്റ്റംസ് നികുതിയും ഉള്‍പ്പെടുന്നു. ജി.എസ്.ടി. സമ്പ്രദായം കൂടുതല്‍ ലളിതവും സുതാര്യവുമാക്കാനും നിര്‍ദ്ദേശമുണ്ട്.
തൊഴിലാളിക്ഷേമം
എല്ലാവിഭാഗം തൊഴിലാളികള്‍ക്കും മിനിമം വേതനം ഉറപ്പാക്കാനുള്ള വ്യവസ്ഥ നടപ്പാക്കും. അതോടൊപ്പം തൊഴിലുടമകള്‍ ഇ.പി.എഫ്. അടക്കം തൊഴിലാളികളില്‍ നിന്ന് ശേഖരിക്കുന്ന തുക കൃത്യമായി അടക്കാത്തതുകാരണം തൊഴിലാളികള്‍ക്ക് പലിശ നഷ്ടം വരുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. തൊഴിലാളികളില്‍ നിന്ന് പിടിച്ചതുക കൃത്യമായി അടച്ചില്ലെങ്കില്‍ തൊഴിലുടമക്ക് ഇതിന്റെ അടിസ്ഥാനത്തിലുള്ള നികുതി ഇളവ് ലഭിക്കുകയില്ല. കുടിയേറ്റ തൊഴിലാളികള്‍ക്ക് ഉപകാരപ്രദമായ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് സംവിധാനം പൂര്‍ണ്ണമായും നടപ്പാക്കും. അതോടൊപ്പം ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി പ്രഖ്യാപിച്ച കുടിയേറ്റ തൊഴിലാളികള്‍ക്കു നല്‍കുന്ന അഫോര്‍ഡബിള്‍ ഹൗസിങ്ങ് പദ്ധതിയുടെ ആനുകൂല്യം ഒരു വര്‍ഷം കൂടി ലഭ്യമാക്കും. അടിസ്ഥാന സൗകര്യവികസനമേഖലകളില്‍ ഇവര്‍ക്ക് തൊഴിലും ലഭ്യമാകും. സ്ത്രീശാക്തീകരണത്തിനു ചില പദ്ധതികളുണ്ട്. നഴ്‌സുമാരുടെ ക്ഷേമത്തിനുവേണ്ടിയുള്ള ബില്ലും പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
കേരളത്തിന് വലിയ നേട്ടം
ഇത്തവണത്തെ കേന്ദ്രബജറ്റ് കേരളത്തിന് വലിയ നേട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. മൂന്ന് പ്രധാന പദ്ധതികളാണ് കേരളത്തിന് ലഭിച്ചിട്ടുള്ളത്. ഒന്നാമത്തേത് 1100 കിലോമീറ്റര്‍ ദേശീയപാത വികസിപ്പിക്കാന്‍ 65000 കോടി രൂപ. ഇതുവഴി തമിഴ്‌നാട് – കര്‍ണ്ണാടക സംസ്ഥാനങ്ങളിലെ പ്രധാന റോഡുകളിലേക്കും നഗരങ്ങളിലേക്കുമുള്ള കൊറിഡോറുകള്‍ തുറന്നുകിട്ടുന്നതിലൂടെ വലിയ വികസനാവസരങ്ങളാണ് കൈവരുന്നത്. അതോടൊപ്പം കൊച്ചി ഫിഷിങ്ങ് ഹാര്‍ബറിനെ കമേഴ്‌സ്യല്‍ പോര്‍ട്ടായി ഉയര്‍ത്തുന്നത് കൂടുതല്‍ പ്രയോജനം ചെയ്യും. ദേശീയ പാതകള്‍ കര്‍ണ്ണാടക-തമിഴ്‌നാട് പാതകളോടും പ്രധാന നഗരങ്ങളോടും ലിങ്ക് ചെയ്യുന്നത് ഈ സംസ്ഥാനങ്ങള്‍ക്കും കൊച്ചി തുറമുഖത്തെ കയറ്റിറക്കുമതികള്‍ക്ക് ഫലപ്രദ്രമായി ഉപയോഗിക്കാനാകും. ദേശീയ പാതാവികസനം സമാന്തരമായ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരകമാകുകയും ചെയ്യും. മാത്രവുമല്ല കൊച്ചി-കോയമ്പത്തൂര്‍ സാമ്പത്തിക ഇടനാഴിയുടെ വികസനത്തിന് വലിയ മുതല്‍ക്കൂട്ടാകുകയും ചെയ്യും. മൂന്നാമത്തെ നേട്ടം കൊച്ചിമെട്രോയുടെ രണ്ടാംഘട്ടത്തിന് 1957 കോടി ലഭിക്കുന്നതാണ്. ഇവ മൂന്നും കേരളത്തിന്റെ ഭാവി വികസനത്തിന് വളരെ സഹായകമാകുമെന്ന് ഉറപ്പാണ്.
ഇവയ്ക്കുപുറമെ കേന്ദ്രനികുതിയുടെ വിഹിതമായി 12812 കോടി സംസ്ഥാനത്തിനു ലഭിക്കും. 15-ാം ധനകാര്യക്കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്തിന്റെ റവന്യു കമ്മി നികത്താനായി 19891 കോടി രൂപ 2021-22ല്‍ ലഭ്യമാകും. ഇവ രണ്ടും ചേര്‍ന്നാല്‍ 32703 കോടി രൂപയുടെ വരുമാനം സംസ്ഥാനത്തിനുണ്ടാകും. അതോടൊപ്പം കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്മോഡിറ്റി ബോര്‍ഡുകളടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ബജറ്റ് വിഹിതമായി 8012 കോടി കൂടി ലഭിക്കും. പുറമെ കേരളത്തിലെ കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ശാസ്ത്ര-സാങ്കേതിക, വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങള്‍ക്ക് ആയിരം കോടിയിലധികവും ലഭിക്കും. വിക്രംസാരാഭായ് സ്‌പേസ്‌സെന്ററിനുള്ള 10250 കോടിയിലെ നല്ലൊരു പങ്കും കേരളത്തിലാണ് ചിലവാക്കുക.
അതോടൊപ്പം പ്രധാനപ്പെട്ട എല്ലാ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പ്രയോജനവും കേരളത്തിന് ലഭ്യമാണ്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, സ്‌കില്‍ വികസനപദ്ധതികള്‍, ജലജീവന്‍ മിഷന്‍, പി.എം. ആവാസ് യോജന, സ്വച്ഛ്ഭാരത് അഭിയാന്‍, അര്‍ബന്‍സ്വച്ഛ്ഭാരത് അഭിയാന്‍, കാര്‍ഷിക ഇന്‍ഫ്രാസ്റ്റ്രക്ച്ചര്‍ ഫണ്ട്, തേയിലത്തോട്ട നവീകരണം, ഒറ്റയാള്‍ കമ്പനികള്‍, വിദ്യാഭ്യാസമേഖലയിലുള്ള പുതിയ പദ്ധതികള്‍, സ്വാസ്ഥ്യമേഖലയിലെ നിരവധി പദ്ധതികള്‍, സീവിഡ് കള്‍ച്ചര്‍ തുടങ്ങി നിരവധി കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പ്രയോജനം സംസ്ഥാനത്തിന് ഉപയോഗപ്പെടുത്താവുന്നതാണ്. 22 കാര്‍ഷിക വിളകള്‍ക്കുള്ള ഓപ്പറേഷന്‍ ഗ്രീന്‍പദ്ധതിയും, തേയിലത്തോട്ട നവീകരണം എന്നിവയും സംസ്ഥാനത്തിനുപകരിക്കും. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വികസനത്തിന് 24000 കോടി വകയിരുത്തിയത് കേരളത്തിന് ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയും. 50,000 കോടി രൂപ ഗവേഷണത്തിന് മാറ്റിവെച്ചത് കേരളത്തിലെ ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും പരമാവധി നേടിയെടുക്കാനുള്ള അവസരവുമുണ്ട്. എന്നാല്‍ കേന്ദ്ര പദ്ധതികളോട് പുറം തിരിഞ്ഞു നില്‍ക്കുന്നതോടൊപ്പം അവയെ സ്വന്തം പദ്ധതികളായി മാര്‍ക്കറ്റ് ചെയ്യുന്ന സംസ്‌കാരം സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചാല്‍ മാത്രമെ കേന്ദ്ര പദ്ധതികളുടെ പൂര്‍ണ്ണമായ പ്രയോജനം സംസ്ഥാനത്തിന് ഉപകാരപ്രദമാകുകയുള്ളൂ. ഇതിന് വികസന ബോധവും ഇച്ഛാശക്തിയുമുള്ള ഒരു സംസ്ഥാന സര്‍ക്കാര്‍ 2021ല്‍ അധികാരമേല്‍ക്കേണ്ടത് അത്യാവശ്യമാണ്.
സ്വാശ്രയ വികസനം
സ്വാശ്രയ വികസനം ശക്തിപ്പെടുത്താന്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ട്. കാര്‍ഷിക മേഖലയിലെ നിര്‍ദ്ദേശങ്ങള്‍ മിക്കതും മേഖലയുടെ സ്വാശ്രയത്തിനും കര്‍ഷകരുടെ സ്വാശ്രയത്തിനും വേണ്ടിയുള്ളവയാണ്. മറ്റ് മേഖലകളുടെ സ്വാശ്രയ വികസനം ലക്ഷ്യമിട്ടാണ് അടിസ്ഥാന സൗകര്യവികസന മേഖലയ്ക്ക് വലിയ നീക്കിയിരുപ്പ് നടത്തിയിട്ടുള്ളത്. സ്വാസ്ഥ്യരംഗത്തും സ്വാശ്രയ വികസനം തന്നെയാണ് ലക്ഷ്യമിടുന്നതും. കഴിഞ്ഞ ഒരു വര്‍ഷത്തിനകം ലാബുകളുടെ കാര്യത്തിലും മാസ്‌ക്കുകളുടെ കാര്യത്തിലും പി.പി.ഒ. കിറ്റുകളുടെ കാര്യത്തിലും നാം ഏറെക്കുറെ സ്വാശ്രയം കൈവരിച്ചതായി തെളിഞ്ഞതാണ്. എന്നാല്‍ ഈ മേഖലയുടെ സ്ഥായിയായ സ്വാശ്രയ വികസനമാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്.
ആഭ്യന്തര ഉല്പാദന മേഖലകള്‍ക്ക് സ്വാശ്രയം കൈവരിക്കാന്‍ ഉതകുന്ന ചില നടപടികളും ബജറ്റിലുണ്ട്. ആഭ്യന്തര ഉല്പാദകര്‍ക്ക് സഹായകരമായ രീതിയില്‍ ചില ഉല്പന്നങ്ങളുടെ ഇറക്കുമതിചുങ്കം വര്‍ദ്ധിപ്പിച്ചത് ശ്രദ്ധേയമാണ്. ഉദാഹരണത്തിന് മൊബൈല്‍ ചാര്‍ജറുകള്‍, ഇവയുടെ ഘടകങ്ങള്‍, സോളാര്‍ ഇന്‍വെര്‍ട്ടറുകള്‍, സോളാര്‍ റാന്തലുകള്‍, ഉരുക്കുപിരിയാണികള്‍, ചെമ്മീന്‍ തീറ്റ, പരുത്തി, പട്ടുനൂല്‍ തുടങ്ങി നിരവധി ഉല്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം ഉരുക്ക് സ്‌ക്രാപ്, നാഫ്ത, ക്രൂഡോയില്‍, സ്വര്‍ണ്ണം, വെള്ളി, ചെമ്പ് തുടങ്ങി ചില ഉല്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചിട്ടുമുണ്ട്. സ്വര്‍ണ്ണത്തിന്റെ ഇറക്കുമതിത്തീരുവ രണ്ടര ശതമാനത്തോളം കുറച്ചത് കള്ളക്കടത്ത് കുറയ്ക്കുന്നതോടൊപ്പം ജം ആന്റ് ജ്വല്ലറി മേഖലയുടെ വികസനത്തിന് സഹായകമാകും. ഇതുവഴി വലിയ കയറ്റുമതി വരുമാനവും പ്രതീക്ഷിക്കുന്നുണ്ട്.
ചെറുകിട വ്യവസായങ്ങള്‍ക്കും ചില പ്രോത്സാഹനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റയാള്‍ കമ്പനികള്‍ക്ക് കൊടുത്തിട്ടുള്ള പ്രോത്സാഹനവും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കു നല്‍കുന്ന പ്രോത്സാഹനവും സ്വാശ്രയ വികസനത്തിന് മുതല്‍ക്കൂട്ടാകും. 7 ടെക്‌സ്‌ടൈല്‍ പാര്‍ക്കുകളും സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.