ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ പശ്ചിമബംഗാള്‍ ഭാരതത്തില്‍ നിന്ന് വിട്ടുപോകും എന്ന കുപ്രസിദ്ധമായ പ്രസ്താവന നടത്തിയത് മുഖ്യമന്ത്രിയും സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളുമായിരുന്ന ജ്യോതിബസുവാണ്. ഭാരതം ഒരൊറ്റ രാഷ്ട്രമല്ലെന്നും, പതിനാറ് വ്യത്യസ്ത ദേശീയതകളുടെ സംഘാതമാണെന്നും സ്വയം നിര്‍ണയാവകാശത്തിലൂടെ പിരിഞ്ഞുപോകാന്‍ ഈ ദേശീയതകള്‍ക്ക് അവകാശമുണ്ടെന്നും സ്വാതന്ത്ര്യസമരകാലത്ത് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ച നിലപാട് പുറത്തെടുക്കുകയായിരുന്നു ജ്യോതിബസു.
ശക്തവും ഏകീകൃതവുമായ ഒരു ഭാരതത്തെ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ഇഷ്ടപ്പെട്ടിരുന്നില്ല. സ്വാതന്ത്ര്യാനന്തരമുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാരുകളുടെ നയങ്ങള്‍ ഇതിന് അനുസൃതമായിരുന്നതിനാല്‍ ഇടതുപാര്‍ട്ടികള്‍ തങ്ങളുടെ വിഘടനവാദം പൂര്‍ണമായി പുറത്തെടുത്തിരുന്നില്ല എന്നുമാത്രം. എന്നാല്‍ ഭാരതത്തിന്റെ ഐക്യത്തിലും അഖണ്ഡതയിലും ദൃഢമായി വിശ്വസിക്കുകയും, അതിനനുകൂലമായി നയരൂപീകരണം നടത്തുകയും ചെയ്യുന്ന ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ ഒരു രാഷ്ട്രമെന്ന നിലയ്ക്ക് ശക്തിയാര്‍ജിക്കും എന്നുള്ളതുകൊണ്ടാണ് ഭരണഘടനാപദവിയിലിരുന്നുകൊണ്ട് വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ജ്യോതിബസു തുടക്കത്തില്‍ സൂചിപ്പിച്ച വിഘടനവാദ നിലപാട് സ്വീകരിച്ചത്.
മോദി വിരോധമോ ദേശവിരോധമോ?
ഭാരത റിപ്പബ്ലിക്കിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഭീകരമായ അലസത പുലര്‍ത്തിയ ഭരണമായിരുന്നു കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാര്‍ 10 വര്‍ഷം നടത്തിയത്. പ്രത്യക്ഷമായും പരോക്ഷമായും ഈ ഭരണത്തിന്റെ ഭാഗമായിരുന്നപ്പോഴും ഇടതുപാര്‍ട്ടികള്‍ക്ക് വലിയ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. എന്നാല്‍ കോണ്‍ഗ്രസ്സ് മുക്ത ഭാരതം എന്ന മുദ്രാവാക്യമുയര്‍ത്തി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി ഒരിക്കല്‍ക്കൂടി അധികാരത്തില്‍ വന്നതോടെ കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്ന് ഇടതുപാര്‍ട്ടികള്‍ രാഷ്ട്രത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കാനും, രാജ്യത്തിന്റെ ഭരണനേതൃത്വത്തെ നിരാകരിക്കാനും തുടങ്ങി. രാഷ്ട്രത്തിന്റെ ഉത്തമ താല്‍പ്പര്യങ്ങളെ മുന്‍നിര്‍ത്തി മോദി സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളെ വര്‍ഗീയവാദികളും വിഘടനവാദികളും അരാജകവാദികളുമായി കൈകോര്‍ത്ത് എതിര്‍ക്കുകയെന്ന നയമാണ് ഇടതുപാര്‍ട്ടികള്‍ സ്വീകരിക്കുന്നത്. രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും കനത്ത പരാജയം സംഭവിച്ച് നിരാശയും അമര്‍ഷവുമായി നടക്കുന്ന കോണ്‍ഗ്രസ്സ് ഇക്കാര്യത്തില്‍ ഇടതുപാര്‍ട്ടികളുടെ സ്വാഭാവിക സഖ്യകക്ഷികളായി മാറുകയും ചെയ്തു.
ഭാരതം എന്ന വിശാല ഭുഖണ്ഡത്തില്‍ ഏതെങ്കിലുമൊരുകാലത്ത് അധികാരത്തിലെത്തുകയെന്നത് അസാധ്യമാണെന്ന് തിരിച്ചറിഞ്ഞാണ് ഇടതുപാര്‍ട്ടികള്‍ പതിനാറ് രാഷ്ട്രങ്ങളെന്ന വാദമുയര്‍ത്തിയത്. ഇതുവഴി ഇവയില്‍ ചിലതിലെങ്കിലും അധികാരത്തിലെത്താനാവും എന്നായിരുന്നു പ്രതീക്ഷ. കേരളം, പശ്ചിമബംഗാള്‍, ത്രിപുര എന്നിവിടങ്ങളിലേക്ക് ഈ പ്രതീക്ഷ ചുരുങ്ങി. ദീര്‍ഘകാലം ഭരിച്ച ബംഗാളിലും ത്രിപുരയിലും ഭരണം പോയെന്നു മാത്രമല്ല, അവിടങ്ങളിലെ ഇടതുപാര്‍ട്ടികള്‍തന്നെ അപ്രത്യക്ഷമായി. അവശേഷിക്കുന്ന ഒരേയൊരു തുരുത്ത് കേരളമാണ്. ത്രിപുരയില്‍ ഇടതുപക്ഷ സര്‍ക്കാരിനെ പുറന്തള്ളി ഭരണത്തിലേറിയ ബിജെപി പശ്ചിമബംഗാളില്‍ അധികാരം പിടിക്കാനുള്ള പുറപ്പാടിലാണ്. ത്രിപുരയില്‍ ബിജെപിക്ക് അധികാരത്തിലേറാമെങ്കില്‍ എന്തുകൊണ്ട് കേരളത്തിലായിക്കൂടാ എന്ന ചോദ്യം ഇവിടെ ആറ് പതിറ്റാണ്ടിലേറെയായി ഭരണവര്‍ഗ പാര്‍ട്ടിയായി തുടരുന്ന സിപിഎമ്മിന്റെ വലിയ ആശങ്കയായി മാറിയിരിക്കുന്നു. ബിജെപിയെ ചെറുക്കാനുള്ള മറ്റു വഴികളൊക്കെ പരാജയപ്പെട്ടപ്പോള്‍ പ്രാദേശികവാദത്തിലും വിഘടനവാദത്തിലും അവര്‍ അഭയംപ്രാപിച്ചിരിക്കുകയാണ്.
രാജ്യം ബിജെപി ഭരിക്കുമ്പോള്‍,ജ്യോതിബസുവിന് പശ്ചിമബംഗാളില്‍ പ്രയോഗിക്കാന്‍ കഴിയാതെ പോയ തന്ത്രങ്ങളാണ് പിണറായി വിജയന്‍ കേരളത്തില്‍ പയറ്റുന്നത്. കേന്ദ്രവും ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ബിജെപി ഭരിക്കുമ്പോള്‍, കേരളത്തില്‍ എങ്ങനെ പിടിച്ചുനില്‍ക്കാനാവുമെന്ന ചിന്തയാണ് പിണറായിക്ക്. കേരളം വേറെയാണെന്ന വികാരമുണര്‍ത്തിയാല്‍ ശിഥിലീകരണശക്തികളെ ഒപ്പം നിര്‍ത്താനാവുമെന്നും, പാര്‍ട്ടി വോട്ടുകൂടി ചേരുമ്പോള്‍ തുടര്‍ഭരണത്തിനുള്ള വഴിതെളിയുമെന്നുമാണ് പിണറായി കണക്കുകൂട്ടുന്നത്. ഫെഡറല്‍ സംവിധാനത്തിന്റെ മറപറ്റി നിന്നുകൊണ്ട് ഭരണഘടനയെ വെല്ലുവിളിക്കുകയും, റിപ്പബ്ലിക്കിന്റെ പരമാധികാരം തങ്ങള്‍ക്ക് ബാധകമല്ലെന്ന് വരുത്തിത്തീര്‍ക്കുകയുമാണ്. വളരെ മുന്‍പുതന്നെ ഇതിനുള്ള നീക്കങ്ങള്‍ തുടങ്ങിയിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും പ്രമുഖ സിപിഎം നേതാക്കളുമൊക്കെ ആരോപണ വിധേയരായ സ്വര്‍ണ്ണ കള്ളക്കടത്തു കേസും ലൈഫ് മിഷന്‍ കേസും മയക്കുമരുന്നു കടത്തു കേസുമൊക്കെ ഇടതുമുന്നണി സര്‍ക്കാരിന്റെ അധികാരത്തുടര്‍ച്ചയ്ക്ക് മങ്ങലേല്‍പ്പിച്ചതോടെ ഭരണഘടനാ വ്യവസ്ഥകളെയും സംവിധാനങ്ങളെയുമൊക്കെ വെല്ലുവിളിക്കുന്ന അവസ്ഥയിലേക്ക് സര്‍ക്കാര്‍ മാറുകയായിരുന്നു.
കേന്ദ്ര നിയമങ്ങളെ എതിര്‍ക്കുന്നതെന്തിന്?
പൗരത്വനിയമഭേദഗതിക്കെതിരെ രാജ്യത്ത് അക്രമാസക്ത സമരം നടത്തിയത് ഇസ്ലാമിക തീവ്രവാദികളായിരുന്നു. ഇതിന് ചില വൈദേശിക ശക്തികളില്‍നിന്ന് നിയമവിരുദ്ധമായി ഫണ്ട് ലഭിക്കുകയും ചെയ്തു. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്ന് മതപീഡനങ്ങളെ തുടര്‍ന്ന് പലായനം ചെയ്യുന്ന ഹിന്ദു, ക്രൈസ്തവ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങള്‍ക്ക് പൗരത്വം അനുവദിക്കുന്ന നിയമഭേദഗതി ഒരു വിധത്തിലും ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് എതിരല്ലാതിരുന്നിട്ടും ഇതിനെതിരെ ദേശവിരുദ്ധ ശക്തികള്‍ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നു. ദല്‍ഹിയില്‍ അത് വര്‍ഗീയ കലാപമായി മാറുകയും ചെയ്തു.
ഇസ്ലാമിക തീവ്രവാദ ശക്തികളെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണയ്ക്കുക മാത്രമല്ല, നിയമസഭയില്‍ ഇടതുമുന്നണി സര്‍ക്കാര്‍ പ്രമേയം പാസ്സാക്കുകയും ചെയ്തു. ലോക്‌സഭയും രാജ്യസഭയും പാസ്സാക്കി രാഷ്ട്രപതിയുടെ അനുമതിയോടെയാണ് ഈ നിയമഭേദഗതി നിലവില്‍ വന്നത്. ഇതിനെതിരെ പ്രമേയം പാസ്സാക്കേണ്ട അധികാരമോ ആവശ്യമോ ഇല്ലാതിരുന്നിട്ടും പിണറായി സര്‍ക്കാര്‍ അതു ചെയ്തു. പൗരത്വം സംസ്ഥാന സര്‍ക്കാരിന്റെ വിഷയമല്ല. ആര്‍ക്കെങ്കിലും പൗരത്വം നല്‍കാനോ നിഷേധിക്കാനോ സംസ്ഥാന സര്‍ക്കാരുകള്‍ക്കാവില്ല. എന്നിട്ടും രാജ്യവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കുന്നതിനായി നിയമസഭയില്‍ പ്രമേയം പാസ്സാക്കുകയായിരുന്നു. ഇത് തെറ്റും അനാവശ്യവുമാണെന്നും ഗവര്‍ണര്‍തന്നെ വ്യക്തമാക്കിയിട്ടും സര്‍ക്കാര്‍ പിന്മാറിയില്ല. ദേശീയ മുഖ്യധാരയോട് വിഘടിച്ചു നില്‍ക്കുന്ന ശക്തികളെ പിന്തുണയ്ക്കാന്‍ ഭരണഘടനാപരമായ അധികാരം ദുരുപയോഗിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. പൗരത്വ നിയമഭേദഗതിയെ ചോദ്യം ചെയ്ത് പിണറായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത് ശിഥിലീകരണ ശക്തികളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ്. ഒരര്‍ത്ഥത്തില്‍ ഭീകരവാദ കേസില്‍ വിചാരണത്തടവുകാരനായി ജയിലില്‍ കഴിഞ്ഞ അബ്ദുള്‍ നാസര്‍ മദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം പാസ്സാക്കിയതിന്റെ തുടര്‍ച്ചയാണിത്.
പാര്‍ലമെന്റ് പാസ്സാക്കിയ മൂന്നു കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും കേരള നിയമസഭ പ്രമേയം പാസ്സാക്കുകയുണ്ടായി. നിയമപരമായി യാതൊരു സാധുതയുമില്ലാതിരുന്നിട്ടും രാഷ്ട്രീയപ്രേരിതമായി ഇങ്ങനെയൊരു തീരുമാനം ഇടതുമുന്നണി സര്‍ക്കാര്‍ എടുത്തത് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ ദുര്‍ബ്ബലപ്പെടുത്തുന്നതിനായിരുന്നു. കാര്‍ഷിക ബില്ലുകള്‍ക്കെതിരായ പ്രക്ഷോഭം നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ബോധപൂര്‍വം ഉയര്‍ത്തിക്കൊണ്ടുവന്നതാണ്. ഇടനിലക്കാരെ ഒഴിവാക്കി രാജ്യത്തെ ബഹുഭൂരിപക്ഷം കര്‍ഷകര്‍ക്കും ഗുണം ചെയ്യുന്ന ഈ നിയമനിര്‍മ്മാണത്തെക്കുറിച്ച് സംഘടിതവും ആസൂത്രിതവുമായി കുപ്രചാരണം നടത്തി പഞ്ചാബിലെയും ഹരിയാനയിലെയും ഒരു വിഭാഗം കര്‍ഷകരെ ഇളക്കിവിടുകയാണുണ്ടായത്. കര്‍ഷക പ്രക്ഷോഭത്തില്‍ ചില തീവ്രവാദ ശക്തികള്‍ നുഴഞ്ഞുകയറിയതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയുണ്ടായി. അധികാരത്തിനു പുറത്തു നില്‍ക്കേണ്ടി വരുന്നതിന്റെ നിരാശയുമായി നടക്കുന്ന കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഇത്തരമൊരു നിയമനിര്‍മ്മാണത്തിന് അനുകൂലമായ മുന്‍ നിലപാടുകള്‍ കയ്യൊഴിഞ്ഞ് സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഖാലിസ്ഥാന്‍ ഭീകരവാദവുമായി ബന്ധപ്പെട്ട നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ പങ്കാളിത്തം കാര്‍ഷിക ബില്ലിനെതിരായ പ്രക്ഷോഭത്തിനുള്ളതായി വ്യക്തമായിരിക്കെ, അതിനെ പിന്തുണച്ച് നിയമസഭയില്‍ പ്രമേയം പാസ്സാക്കിയ ഇടതുമുന്നണി സര്‍ക്കാരിന്റെ നടപടി രാജ്യദ്രോഹപരമായേ കാണാനാവൂ.
സിഎജിക്കെതിരായ കടന്നാക്രമണം
നിയമസഭയെ ഉപയോഗിച്ച് ഭരണഘടനയെ വെല്ലുവിളിക്കുന്നതാണ് സിഎജിക്കെതിരെ പാസ്സാക്കിയ പ്രമേയം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നികുതിപ്പണം ചെലവഴിക്കുന്നതിനെക്കുറിച്ച് പരിശോധിക്കാന്‍ രൂപീകരിച്ചിട്ടുള്ള ഭരണഘടനാ സ്ഥാപനമാണ് സിഎജി. കിഫ്ബിയുടെ പേരില്‍ കടമെടുത്തിട്ടുള്ളതിന്റെ ബാധ്യത സം സ്ഥാന സര്‍ക്കാരിനാണെന്നും, ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കിഫ്ബി മസാല ബോണ്ട് ഇറക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. റിപ്പോര്‍ട്ടിലെ ഈ ഭാഗം നിരാകരിക്കുന്ന പ്രമേയമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചത്.
കിഫ്ബിയുടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ടെന്ന് മനസ്സിലാക്കി അന്തിമ റിപ്പോര്‍ട്ട് കരട് റിപ്പോര്‍ട്ടാണെന്ന വ്യാജേന ധനമന്ത്രി തോമസ് ഐസക് വെളിപ്പെടുത്തിയിരുന്നു. നിയമവിരുദ്ധമായ ഈ പ്രവൃത്തി ചെയ്ത ഐസക്കിനെതിരെ അവകാശ ലംഘന പ്രശ്‌നം വന്നെങ്കിലും, പ്രതിപക്ഷം വിയോജിച്ചിട്ടും എത്തിക്‌സ് കമ്മിറ്റിയിലെ ഭൂരിപക്ഷം ഉപയോഗിച്ച് സര്‍ക്കാര്‍ കുറ്റവിമുക്തനാക്കുകയാണുണ്ടായത്. ഇതിനൊപ്പമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സിഎജിക്കെതിരെ പ്രമേയം പാസ്സാക്കിയത്. ഏത് ചട്ടത്തിന്റെയും കീഴ്‌വഴക്കത്തിന്റെയും അടിസ്ഥാനത്തിലാണ് ഇത് ചെയ്തതെന്ന് ചോദിച്ചപ്പോള്‍ ‘ഞങ്ങള്‍ക്ക് അധികാരമുണ്ട്’ എന്ന തരത്തിലുള്ള മറുപടിയാണ് സര്‍ക്കാരിനെ നയിക്കുന്നവരില്‍നിന്നുണ്ടായത്. (ഇത്തരമൊരു സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണല്ലോ പിണറായി ലാവ്‌ലിന്‍ അഴിമതിക്കേസില്‍ പ്രതിയായത്. അന്നു പക്ഷേ സിഎജിക്കെതിരെ പ്രമേയം പാസ്സാക്കിയിരുന്നില്ലെന്ന് ഓര്‍ക്കുക.) സിഎജിയോട് പുലര്‍ത്തുന്ന ഇപ്പോഴത്തേതുപോലുള്ള എതിര്‍പ്പ് നാളെ തിരഞ്ഞെടുപ്പ് കമ്മീഷനോടും കാണിക്കില്ലെന്ന് എന്താണുറപ്പ്?
അടിസ്ഥാനപരമായി ഭരണഘടനയെ അംഗീകരിക്കുന്ന പാര്‍ട്ടിയല്ല സിപിഎം. ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയ ശേഷവും അഞ്ച് വര്‍ഷക്കാലം അത് അംഗീകരിക്കാതിരുന്ന അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാരമ്പര്യമാണല്ലോ സിപിഎമ്മിനുള്ളത്. അധികാരത്തിലെത്താന്‍ മറ്റ് വഴികളില്ലാത്തതിനാല്‍ പാര്‍ലമെന്ററി സംവിധാനത്തിന്റെ ഭാഗമാകുന്നതിനുവേണ്ടി ഭരണഘടനയെ മനസ്സില്ലാമനസ്സോടെ അംഗീകരിക്കുക മാത്രമാണ് സിപിഎം. പക്ഷേ അവസരം കിട്ടുമ്പോഴൊക്കെ അതിനെ തള്ളിപ്പറഞ്ഞതിന്റെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും.
സിപിഎം നേരിടുന്ന അരക്ഷിതാവസ്ഥ
കേരളത്തില്‍ ഭരണമുണ്ടെങ്കിലും സിപിഎം നേരിടുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥ വളരെ വലുതാണ്. ഇപ്പോള്‍തന്നെ പല ഇടതുപാര്‍ട്ടികള്‍ക്കും ദേശീയ പാര്‍ട്ടി എന്ന പദവി ഇല്ല. 2024 വരെ ഇക്കാര്യം തീരുമാനിക്കുന്നത് മാറ്റിവയ്ക്കണമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ്, എന്‍സിപി എന്നീ കക്ഷികള്‍ക്കൊപ്പം സിപിഐ തിരഞ്ഞെടുപ്പ് കമ്മീഷനോട് അപേക്ഷിച്ചത്. പ്രതിപക്ഷത്തെ ഏറ്റവും പഴക്കമുള്ള പാര്‍ട്ടിയാണ് തങ്ങളെന്ന ദുര്‍ബ്ബലമായ വാദമാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ മറുപടിയില്‍ സിപിഐ ഉന്നയിച്ചിരിക്കുന്നത്. ഇപ്പോഴത്തെ നിലയ്ക്ക് വളരെ വൈകാതെ സിപിഎമ്മിനും ദേശീയ പാര്‍ട്ടി പദവി നഷ്ടമാകും. ഏതുവിധേനയും ഇത് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. സോണിയയുടെ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കുന്നതിന്റെ ഒരു കാരണം ഇതാണ്. തന്റെ കാലത്താണ് സിപിഎമ്മിന് ദേശീയപദവി നഷ്ടമായതെന്ന ദുഷ്‌പേര് ഒഴിവാക്കാനാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശ്രമിക്കുന്നത്. വര്‍ഗ്ഗശത്രുക്കളെപ്പോലും വാരിപ്പുണരുന്ന പുതിയ നയരേഖയും മറ്റും അവതരിപ്പിക്കുന്നതിന്റെ താല്‍പ്പര്യം ഇതാണ്.
പാര്‍ട്ടി ഭരണത്തിലുള്ള ഒരേയൊരു സംസ്ഥാനമായ കേരളത്തില്‍ എങ്ങനെ അത് നിലനിര്‍ത്താനാവുമെന്ന ചിന്ത സിപിഎമ്മിനെ ഗ്രസിച്ചിട്ട് വളരെക്കാലമായി. ഇതിനുള്ള എളുപ്പവഴികളിലൊന്ന് വിഘടനവാദമാണെന്ന് സിപിഎം കരുതുന്നു. പ്രത്യക്ഷത്തില്‍ ഇസ്ലാമിക വര്‍ഗ്ഗീയവാദം പറയാതെ അത്തരം ശക്തികളുടെ പിന്തുണയാര്‍ജിക്കാന്‍ ഇതിലൂടെ കഴിയുമെന്നും പാര്‍ട്ടി വിലയിരുത്തുന്നുണ്ട്. കാരണം ഈ ശക്തികള്‍ അടിസ്ഥാനപരമായിത്തന്നെ വിഘടനവാദികളാണ്.
കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന്റെ ‘നേട്ടങ്ങള്‍’ ഉയര്‍ത്തിക്കാണിക്കുന്നതിനിടെ പലപ്പോഴും കേരളം മറ്റൊരു രാജ്യമാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബോധപൂര്‍വം ശ്രമിക്കുകയുണ്ടായി. മറ്റ് സംസ്ഥാനങ്ങളുമായല്ല, ചില വിദേശരാജ്യങ്ങളുമായി താരതമ്യം ചെയ്താണ് കേരളം വലിയ മുന്നേറ്റം നടത്തുന്നതായി പിണറായി അവകാശപ്പെട്ടത്. കൊവിഡ് കാലത്ത് പ്രവാസികളെ തിരിച്ചെത്തിക്കാന്‍ മോദി സര്‍ക്കാര്‍ വിജയകരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ തികച്ചും അനാവശ്യമായി, ദുഷ്ടലാക്കോടെ കേന്ദ്രത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസ്സാക്കിയതും വിഭാഗീയതയുടെ രാഷ്ട്രീയം മുന്‍നിര്‍ത്തിയാണ്.
ആശയദാരിദ്ര്യം മറച്ചുപിടിക്കാന്‍
ഹിന്ദി രാഷ്ട്രഭാഷയും പാര്‍ലമെന്റിലെ ഔദ്യോഗിക ഭാഷയുമാണ്. ഭരണഘടനാപരമായ ഈ വസ്തുത മാനിക്കാതെയാണ് ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പാര്‍ട്ടികള്‍ ഹിന്ദിക്കെതിരെ സങ്കുചിത ഭാഷാവികാരം വളര്‍ത്തി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഇത്തരമൊരു ഭാഷാഭ്രാന്തില്ല. ഒരുകാലത്ത് ഹിന്ദി പ്രചാരസഭയുടെയും മറ്റും നേതൃത്വത്തില്‍ രാഷ്ട്രഭാഷാ പഠനം വലിയ ആവേശത്തോടെ ഏറ്റെടുത്തവരാണ് മലയാളികള്‍. കുടിയേറ്റത്തൊഴിലാളികളുടെ വരവോടെ ഹിന്ദി പല മലയാളികള്‍ക്കും മാതൃഭാഷ പോലെയാണ്. വീട്ടമ്മമാര്‍ക്കുപോലും ഇന്ന് ആ ഭാഷയില്‍ ആശയവിനിമയം സാധിക്കും. തൊഴില്‍ മേഖലകളിലൊക്കെ മറുനാടന്‍ മലയാളികള്‍ നിറഞ്ഞതോടെ ഹിന്ദി ശരാശരി മലയാളിക്ക് അനുപേക്ഷണീയമായ ഭാഷയായി മാറിയിരിക്കുന്നു. ഈ സ്ഥിതി കാണാന്‍ കൂട്ടാക്കാതെ ”ഹിന്ദി ഭാഷ ഐക്യമുണ്ടാക്കുമെന്നു പറയുന്നത് അസംബന്ധമാണ്” എന്നായിരുന്നു മുഖ്യമന്ത്രി പിണറായിയുടെ പ്രതികരണം. (പല കാര്യങ്ങളിലും അജ്ഞതയുടെ അവതാരമാണ് പിണറായി വിജയന്‍. പറയുന്നത് ഏത് വിഷയത്തെക്കുറിച്ചായാലും ആ നാവില്‍നിന്ന് നിരന്തരം വരുന്ന ഒരു വാക്കാണ് അസംബന്ധം എന്നതുകൂടി ഇവിടെ ഓര്‍ക്കാം. ഒരുതരം മാനസികാവസ്ഥകൂടിയാണിത്.)
രാജ്യത്തെ വിഘടനവാദത്തിന്റെ ചരിത്രം പഠിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതു കാണാം. പല സന്ദര്‍ഭങ്ങളിലും ‘ഒറിജിനല്‍ സിന്‍’ ആണ് അവരുടേത്. ലെനിന്റെയും സ്റ്റാലിന്റെയും സിദ്ധാന്തങ്ങള്‍ വച്ചാണ് ഭാരതം 16 രാഷ്ട്രങ്ങളാണെന്ന് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി വാദിച്ചിരുന്നത്. സിപിഎമ്മിന്റെ പതിനാലാം പാര്‍ട്ടി കോണ്‍ഗ്രസ്സ് പ്രമേയത്തില്‍ ഈ ലൈനാണ് സ്വീകരിച്ചിട്ടുള്ളത്. മുസ്ലിംലീഗിന്റെ ദ്വിരാഷ്ട്ര വാദത്തെയും സിഖ് വിഘടനവാദത്തെയും പൂര്‍ണമായി പിന്തുണച്ചവരാണ് ഇടതുപാര്‍ട്ടികള്‍. ജമ്മുകശ്മീരിലടക്കം എവിടെയൊക്കെ വിഘടനവാദമുണ്ടോ അവിടങ്ങളിലൊക്കെ ഇടതുപാര്‍ട്ടികള്‍ അവര്‍ക്കൊപ്പമുണ്ട്. ഈ യാഥാര്‍ത്ഥ്യത്തോട് ചേര്‍ത്തുവച്ചുവേണം ഭരണഘടനയെ മാനിക്കാതെ ദേശീയ മുഖ്യധാരയോട് കലഹിക്കുന്ന നടപടികള്‍ സിപിഎമ്മിന്റെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നതിനെക്കുറിച്ച് വിലയിരുത്താന്‍.
മാര്‍ക്‌സിസത്തിന്റെ മാസ്മരികത ഇന്നൊരു പഴങ്കഥയാണ്. സാര്‍വദേശീയ തലത്തില്‍ ഇടതുപക്ഷത്തിന് ഇന്നുള്ളത് പുരാവസ്തു മൂല്യം മാത്രം. മാര്‍ക്‌സിസത്തിന്റെയും സോവിയറ്റ് യൂണിയന്റെയും പ്രതാപകാലത്തുപോലും ആശയപാപ്പരത്തം അനുഭവിച്ചിരുന്നവരാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍. ഇപ്പോഴത്തെ അവസ്ഥയില്‍ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ പ്രസക്തി നഷ്ടപ്പെട്ട ഇവര്‍ ഛിദ്രശക്തികള്‍ക്കൊപ്പംനിന്ന് അതിജീവിക്കാന്‍ ശ്രമിക്കുകയാണ്. കേരളം അവസാനത്തെ അഭയകേന്ദ്രമാക്കിയിരിക്കുന്ന ഈ ശക്തികളെ ചെറുത്തു തോല്‍പ്പിക്കേണ്ടത് ദേശസ്‌നേഹികളുടെയും ജനാധിപത്യ വിശ്വാസികളുടെയും കടമയാണ്.