കേരളം ആര് ഭരിക്കണം എന്ന് നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പ് അടുത്തു കഴിഞ്ഞു. രാഷ്ട്രീയപാര്‍ട്ടികള്‍ അവരുടെ പതിവ് യാത്രകള്‍ ആരംഭിക്കുകയായി. മുദ്രാവാക്യങ്ങള്‍ വ്യത്യസ്തമാണ്. ഇക്കഴിഞ്ഞ പഞ്ചായത്ത്തല തിരഞ്ഞെടുപ്പിലെ വിജയവും വോട്ടിന്റെ ശതമാനവും ആണ് രാഷ്ട്രീയപാര്‍ട്ടികളുടെ യാത്രകളുടെ മുദ്രാവാക്യം നിശ്ചയിക്കുന്നത്.
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിശ്ശബ്ദതപാലിക്കുക മാത്രമല്ല മുസ്ലീങ്ങളെ പ്രീണിപ്പിക്കാന്‍ വേണ്ടി പ്രസ്താവനകളില്‍ പോലും ശ്രദ്ധചെലുത്തിയ കോണ്‍ഗ്രസ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ ഉദ്ഘാടനം മുതല്‍ മുഴുവന്‍ സ്വീകരണ വേദികളിലും ശബരിമല മുഖ്യവിഷയമാക്കുന്നു.
ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് പോലും കോണ്‍ഗ്രസ്…..! ശബരിമല അധികാരത്തിലേയ്ക്കുള്ള ചവിട്ടുപടിയാണ് എന്ന് കേരളത്തെ ആദ്യം ബോധ്യപ്പെടുത്തിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. അവര്‍ക്ക് അത് ചവിട്ടു പടിമാത്രമല്ല കുറുക്കു വഴികൂടിയായിരുന്നു.
ഐക്യകേരളത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് നടന്നത് 1957ലാണ്. അന്ന് ചതുഷ്‌കോണ മത്സരമായിരുന്നു നടന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, അവിഭക്ത കമ്മ്യുണിസ്റ്റ് പാര്‍ട്ടി, പ്രജാസോഷ്യലിസ്റ്റുപാര്‍ട്ടി (പി.എസ്.പി), റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി (ആര്‍.എസ്.പി) എന്നി പാര്‍ട്ടികളായിരുന്നു പരസ്പരം മത്സരിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പി.എസ്പിയുമായും ആര്‍.എസ്.പിയുമായും സഖ്യത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. വിജയിക്കാനായി ഹിന്ദുക്കളുടെ, വിശേഷിച്ച് തിരുവിതാംകൂറിലെ ഹിന്ദുക്കളുടെ പിന്‍തുണ ആവശ്യമാണെന്ന് കണ്ടപ്പോള്‍ ശബരിമല തീവെപ്പ്‌കേസിനെ വിഷയമാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ശബരിമല തീവെപ്പുമായി ബന്ധപ്പട്ട കേശവമേനോല്‍ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുമെന്നും ശബരിമലതീയിട്ട കുറ്റവാളികളെ ശിക്ഷിക്കുമെന്നും പാര്‍ട്ടി പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തു. ആയിരക്കണക്കിന് വിശ്വാസികളുടെ വോട്ടുനേടി അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വാഗ്ദാനം പാലിച്ചില്ല. അത് അന്ന് തിരഞ്ഞെടുപ്പിന് നേതൃത്വം വഹിച്ച എം.എന്‍. ഗോവിന്ദന്‍ നായരുടെ ഒരു തന്ത്രമായിരുന്നു. ഇന്ന് അതേപാര്‍ട്ടിക്ക് വേണ്ടത് സംഘടിത മുസ്ലീമിന്റെ വോട്ടാണ്. അതുകൊണ്ട് കമ്മ്യുണിസ്റ്റ് പാര്‍ട്ടി മുസ്ലീങ്ങളെ പ്രീണിപ്പിക്കാനുള്ള തത്രപ്പാടിലാണ്.
ഇവിടെ നിന്നാണ് കോണ്‍ഗ്രസ് പുതിയ തന്ത്രം പയറ്റുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യവിഷയമാക്കാന്‍ കോണ്‍ഗ്രസ്സിന് മറ്റൊരു കാരണംകൂടി ഉണ്ട്. കരുണാകരന്‍ 1995ല്‍ മുഖ്യമന്ത്രി ആയതിന് ശേഷം കോണ്‍ഗ്രസ്സില്‍ നിന്ന് മുഖ്യമന്ത്രിയായത് രണ്ട് വട്ടം വീതം ആന്റണിയും ഉമ്മന്‍ചാണ്ടിയുമാണ്. ഈ വരുന്ന തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനര്‍ത്ഥിയാവേണ്ടത് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയാണ്. എന്നാല്‍ ഇപ്പോള്‍ എന്തുകൊണ്ട് ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നു?ഹിന്ദുവായ രമേശ് ചെന്നിത്തലയെമാറ്റി ക്രിസ്ത്യാനിയായ ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയാക്കുന്നത് എന്തുകൊണ്ടെന്ന് കേരളത്തിലെ ഹിന്ദുക്കളായ കോണ്‍ഗ്രസുകാര്‍ ചോദിച്ചുതുടങ്ങി. അതില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ഉമ്മന്‍ചാണ്ടിതന്നെ ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കുവേണ്ടി പ്രസ്താവനയിറക്കി.
കോണ്‍ഗ്രസ് ശബരിമലവിഷയത്തില്‍ എടുത്ത നിലപാട് എന്തായിരുന്നു? ഒരു കോണ്‍ഗ്രസ് നേതാവുപോലും അയ്യപ്പഭക്തരുടെ കൂടെ നിന്നില്ല. അയ്യപ്പജ്യോതി തെളിയിച്ചുകൊണ്ട് ലക്ഷക്കണക്കിന് അമ്മമാര്‍ അടക്കമുള്ളവര്‍ തെരുവിലിറങ്ങിയപ്പോള്‍ ഒരു കോണ്‍ഗ്രസ് നേതാവുപോലും അരികത്തുപോലും വന്നില്ല. ആചാരാനുഷ്ഠാനങ്ങളോടെ അയ്യപ്പദര്‍ശനത്തിനെത്തുന്നവര്‍ക്ക് വിലക്കും നിയന്ത്രണങ്ങളും, വിശ്വസ സംരക്ഷണത്തില്‍ നില്‍ക്കുന്നവര്‍ക്ക് തടവറയും നല്‍കിയപ്പോള്‍ കോണ്‍ഗ്രസ് എം.എല്‍.എ മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അടൂര്‍പ്രകാശും വി.എസ് ശിവകുമാറും വി.ഐ.പി പരിഗണനയിലാണ് മലകയറിയത്. ഇരുമുടിക്കെട്ടുമായിവന്ന ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് കെ.പി. ശശികല ടീച്ചറേയും അന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി ആയിരുന്ന കെ.സുരേന്ദ്രനേയും വിഴിയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ബീഫ്‌ഫെസ്റ്റ് നടത്തുമ്പോള്‍ തെരുവില്‍ പരസ്യമായി പശുവിനെ കൊന്ന് കൂടെനില്‍ക്കുകയായിരുന്നു കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ്. രാമക്ഷേത്ര നിര്‍മ്മാണത്തിനായി സംഭാവന നല്‍കിയതിന്റെ പേരില്‍ ചേര്‍ത്തല പള്ളിപ്പുറം പട്ടാരിയ സമാജം അധ്യക്ഷനും ആലപ്പുഴ ജില്ല കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ രഘുനാഥപിള്ളയോട് കോണ്‍ഗ്രസ് നേതൃത്വം വിശദീകരണം ചോദിച്ചിരിക്കുകയാണ്. രഘുനാഥപിള്ള ചെയ്തത് സെക്യുലര്‍ വിരുദ്ധമായ പ്രവൃത്തിയാണ് എന്നത്രെ കോണ്‍ഗ്രസ്സിന്റെ കണ്ടെത്തല്‍. ഹിന്ദു ക്ഷേത്രങ്ങളുടെ കാര്യത്തില്‍ മാത്രമേ കോണ്‍ഗ്രസ് സെക്യുലറിസത്തെ ഉയര്‍ത്തിപ്പിടിക്കുന്നുള്ളു!
എന്നാല്‍ ശബരിമല അവസാനത്തെ കച്ചിത്തുരുമ്പാണ് കോണ്‍ഗ്രസ്സിന്. പാര്‍ട്ടിയിലെ അയ്യപ്പഭക്തരുടെ നാവടപ്പിക്കണം – കഴിയുമോ എന്ന് ഇപ്പോഴും സംശയമാണ്. കോണ്‍ഗ്രസ് ശബരിമല വിഷയമാക്കിയതോടെ വിധി വന്നാല്‍ എല്ലാവരുമായി ചച്ച നടത്തുമെന്നുപറഞ്ഞ് മുഖ്യമന്ത്രിയും ഹിന്ദുപ്രീണനത്തിന് ശ്രമിക്കുകയാണ്.
ജനം എല്ലാം കാണുന്നു. ശബരിമല വിഷയത്തില്‍ ആരാണ് ഭക്തരുടെ കുടെനിന്നത്? ഹിന്ദുസംഘടനകളും രാഷ്ട്രീയ സംഘടന എന്ന നിലയില്‍ ബി.ജെ.പിയും മാത്രം. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരിസ്വാമികള്‍, കുമ്മനം രാജശേഖരന്‍, കെ.പി.ശശികല ടീച്ചര്‍, ശബരിമല കര്‍മ്മസമിതി ദേശീയ ഉപാധ്യക്ഷന്‍ ഡോ. ടി.പി. സെന്‍കുമാര്‍, ഈറോഡ് എന്‍.രാജന്‍, പി.ഗോപാലന്‍ കുട്ടിമാസ്റ്റര്‍, കെ.സുരേന്ദ്രന്‍ എന്നിവര്‍ പരസ്യമായി രംഗത്തുവരികയും സഹനസമരത്തിന് ആഹ്വാനം നല്‍കുകയും ചെയ്തു. ശബരിമലകര്‍മ്മസമിതിയിലെ പ്രവര്‍ത്തകരുടെ പേരില്‍ നിരവധി കേസുകള്‍, കെ.സുരേന്ദ്രനെ കോടതികളില്‍ നിന്ന് കോടതികളിലേയ്ക്ക് വലിച്ചിഴയക്കല്‍, ജയിലറയിലെ ക്രുരമര്‍ദ്ദനം, കെ.പി ശശികല ടീച്ചര്‍ക്കെതിരെ നിരവധി കേസുകള്‍.
അയ്യപ്പഭക്തര്‍ നാമജപവുമായി തെരുവിലിറങ്ങി. വിശ്വാസികളുടെ ആത്മവിശ്വാസം തകര്‍ക്കാന്‍ സര്‍ക്കാരും കൂടെ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷവും കഴിയുന്നതെല്ലാം ചെയ്തു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ പത്തനംതിട്ട ബി.ജെ.പിയ്ക്ക് ഒപ്പംനിന്നു. അതുകൊണ്ട് കോണ്‍ഗ്രസ്സിന് വരുന്ന തിരഞ്ഞെടുപ്പില്‍ ശബരിമലയ്ക്ക് ഒപ്പം നിന്നേപറ്റു. പക്ഷേ ജനങ്ങള്‍ക്ക് സത്യമറിയാം.