മതം അഥവാ ധര്‍മ്മമാര്‍ഗ്ഗം, മനുഷ്യന്റെ വ്യക്തിഗത ജീവിതത്തിന്റെ ഭാഗം മാത്രമായിരിക്കുമ്പോള്‍, മനുഷ്യന് ആദ്ധ്യാത്മിക ഉന്നതിയോടൊപ്പം തന്നെ സകാരാത്മക ശക്തിയും ഉണ്ടാവുന്നു. എന്നാല്‍ മതം മനുഷ്യന്റെ വ്യക്തിഗത ജീവിതത്തിന്റെ പരിധിയില്‍ നിന്നും പുറത്തുവന്ന്, സാമാജിക ആചരണത്തിന്റെ ഭാഗമാകുമ്പോള്‍ സമൂഹത്തിലും ഒരു സാമൂഹികശക്തിയുടെ വ്യാപനം ഉണ്ടാവുന്നു. എന്നാല്‍ ഈ ശക്തി ആ സമൂഹത്തിന് ഉപയോഗപ്രദമാവുമോ അതോ ദോഷകരമായി ബാധിക്കുമോ എന്നു പറയുക എളുപ്പമല്ല. അതുകൊണ്ടായിരിക്കാം കാറല്‍ മാര്‍ക്‌സ് മതത്തെ, കറുപ്പിനോട് ഉപമിച്ചത്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി മതസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തില്‍ ഉല്പാദകര്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനെപ്പറ്റി ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും ചര്‍ച്ചകള്‍ നടക്കുകയാണ്. ഈയടുത്ത് യൂറോപ്യന്‍ രാഷ്ട്രമായ ബെല്‍ജിയത്തില്‍ ഹലാല്‍ മാംസത്തെപ്പറ്റി കോടതിവിധി വന്നു. മൃഗങ്ങളുടെ അവകാശത്തെ മുന്‍നിര്‍ത്തി യൂറോപ്യന്‍ യൂണിയന്റെ കോടതി, ബോധം കെടുത്താതെ മൃഗങ്ങളെ കൊല്ലരുതെന്ന നിയമം ദൃഢപ്പെടുത്തി. അതായത് ബെല്‍ജിയത്തില്‍ ഏതെങ്കിലും മൃഗങ്ങളെ കൊല്ലുന്നതിന് മുമ്പ് ബോധം കൊടുത്തണം. ഈ വിധി യൂറോപ്യന്‍ യൂണിയനിലെ മറ്റ് രാഷ്ട്രങ്ങള്‍ക്കും മാര്‍ഗ്ഗദര്‍ശകമായി. മതസ്വാതന്ത്ര്യത്തിന്റെ പേരില്‍ ബെല്‍ജിയത്തിലെ മുസ്ലീങ്ങളും യഹൂദ സംഘടനകളും ഈ വിധിയെ എതിര്‍ത്തു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഹലാല്‍ മാംസം നിരോധിക്കണമെന്നാവശ്യപ്പെട്ട് 2020 ഏപ്രിലില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ജനങ്ങളുടെ ഭക്ഷണശീലങ്ങളില്‍ ഇടപെടാന്‍ പറ്റില്ലെന്ന് പറഞ്ഞ് കോടതി ഈ ഹരജി തള്ളി. ദക്ഷിണ ദല്‍ഹിയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനു കീഴില്‍ വരുന്ന ഹോട്ടലുകളിലും മാംസം വില്‍ക്കുന്ന കടകളിലും ഹലാല്‍ ബോര്‍ഡ് തൂക്കണമെന്ന നിയമം വന്നു. കോര്‍പ്പറേഷനിലെ സ്റ്റാന്‍ഡിംഗ് കമ്മറ്റി, ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ഹലാല്‍ ഭക്ഷണം നിഷിദ്ധമാണ് എന്ന് രേഖപ്പെടുത്തി, ഈ നിയമം പാസ്സാക്കി. ക്രിസ്തുമസ്സിനു മുമ്പ് കേരളത്തിലെ ക്രിസ്ത്യാനികളും ഹലാല്‍ മാംസത്തിനെതിരെ രംഗത്തുവന്നു. തങ്ങളുടെ മതാചാരങ്ങള്‍ക്ക് വിരുദ്ധമായ ഹലാല്‍ ഭക്ഷണം വാങ്ങരുതെന്ന്, ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് ചര്‍ച്ചിന്റെ ഓക്‌സിലറി ഫോര്‍ സോഷ്യല്‍ ആക്ഷന്‍, ക്രിസ്ത്യാനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മതസ്വാതന്ത്ര്യത്തിന്റെ പേരില്‍ ലോകം മുഴുവന്‍ വിവാദം സൃഷ്ടിച്ച ഹലാലിനെപ്പറ്റി ആദ്യം മനസ്സിലാക്കാം.
ഹലാല്‍ എന്നത് അറബി വാക്കാണ്. ഖുറാനില്‍ ഭക്ഷ്യവസ്തുക്കളുടെ രൂപത്തില്‍ സ്വീകരിക്കാന്‍ പറ്റുന്ന വസ്തുക്കള്‍ക്കാണ് ഹലാല്‍ എന്ന പദം ഉപയോഗിക്കുന്നത്. ഇസ്ലാമില്‍ പരാമര്‍ശിക്കുന്ന ആഹാരസംബന്ധിയായ നിയമങ്ങളെയാണ് ഹലാല്‍ എന്നു പറയുന്നത്. ഇത് പ്രധാനമായും മാംസാഹാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. തിന്നാനായി അറുക്കുന്ന മൃഗത്തെ എങ്ങനെ കൊല്ലണമെന്ന് വിശദമായി പറഞ്ഞിട്ടുണ്ട്. മൃഗങ്ങളെ കൊല്ലുന്നത് മതനിയമങ്ങള്‍ അനുസരിച്ചാണെന്ന് ഉറപ്പ് വരുത്താന്‍ മുസ്ലീം രാജ്യങ്ങളിലെ ഗവണ്‍മെന്റുകള്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്.
നമ്മുടെ രാജ്യത്തിലെ റെയില്‍വെ, വിമാന സര്‍വ്വീസ് തുടങ്ങി ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ വരെ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. മാക്‌ഡൊണാള്‍ഡ്, ഡോമിനോസ്, ജോമാടോ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ നമ്മുടെ രാജ്യത്ത് ഈ സര്‍ട്ടിഫിക്കറ്റ് ഗവണ്‍മെന്റല്ല നല്‍കുന്നത്. വിഭിന്ന വസ്തുക്കള്‍ക്ക് അവയുടെ ഗുണനിലവാരം കണക്കാക്കി വിഭിന്ന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാണ് ഭാരതത്തിലെ നിയമം. വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ക്ക് ഐ.എസ്.ഐ മാര്‍ക്ക്, കാര്‍ഷികവിഭവങ്ങള്‍ക്ക് എഗ്മാര്‍ക്ക്, സംസ്‌കരിച്ച ഫലങ്ങള്‍, അച്ചാര്‍ എന്നിവയ്ക്ക് എഫ്.പി.ഓ, സ്വര്‍ണ്ണത്തിന് ഹാള്‍മാര്‍ക്ക് എന്നിങ്ങനെയാണ് ഭാരതത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. ഭാരതത്തില്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ഹലാല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ സര്‍വ്വീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജമായത്ത് ഉലമാ എ ഹിന്ദ് ഹലാല്‍ ട്രസ്റ്റ് എന്നിവയാണ്. കയറ്റുമതി ചെയ്യുന്ന, ഡബ്ബകളില്‍ അടച്ച മാംസ്യ ഉല്‍പ്പന്നങ്ങള്‍ക്ക്, വാണിജ്യ തൊഴില്‍ മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള ഭക്ഷ്യ ഉത്പാദന കയറ്റുമതി വികസന അതോറിറ്റിയുടെ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്. കാരണം ലോകത്തിലെ മിക്ക മുസ്ലീം രാജ്യങ്ങളും ഹലാല്‍ മാംസമാണ് ഇറക്കുമതി ചെയ്യുന്നത്. ഈ പ്രശ്‌നം പുറമേയ്ക്ക് കാണുന്നതിലും കൂടുതല്‍ സങ്കീര്‍ണ്ണമാണ്. മതത്തിന്റെ പേരില്‍ മൃഗവധത്തില്‍ തുടങ്ങിയ ഹലാല്‍ സംസ്‌കാരം മരുന്നുകള്‍ തൊട്ട് സൗന്ദര്യവര്‍ദ്ധകവസ്തുക്കളായ ലിപ്സ്റ്റിക്, ഷാംപൂ എന്നിവയിലും ആശുപത്രികള്‍ തൊട്ട് ഫൈവ് സ്റ്റാര്‍ ഹോട്ടല്‍, റിയല്‍ എസ്റ്റേറ്റ്, ഹലാല്‍ ടൂറിസം എന്നിവയിലും ആട്ട, മൈദ, കടലമാവ് തുടങ്ങിയ സസ്യാഹാരങ്ങളിലും വരെ എത്തിനില്‍ക്കുന്നു. ആയുര്‍വ്വേദ ഔഷധങ്ങള്‍ക്ക് വരെ ഹലാല്‍ സര്‍ട്ടിഫിക്കറ്റ്! എന്തെന്നാല്‍ മുസ്ലീം രാജ്യങ്ങളില്‍ ഈ ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്യണമെങ്കില്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബ്ബന്ധമാണ്. ലോകത്തിലെ മാംസ വിപണിയുടെ 19% ഹലാല്‍ മാംസമാണ്. ഇതിന്റെ വില ഏകദേശം 2.5 ട്രില്യണ്‍ വരും. ഇന്ന് മുസ്ലിം രാഷ്ട്രങ്ങളില്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് അവരുടെ ജീവിതശൈലിയായി മാറിയിരിക്കുന്നു. ഹലാല്‍ അല്ലാത്ത ഉല്പന്നങ്ങള്‍ അവര്‍ വാങ്ങില്ല. ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള ആശുപത്രിയില്‍ ചികിത്സ, ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള കോംപ്ലക്‌സിലെ ഫ്‌ളൈറ്റ്, ഹലാല്‍ ടൂറിസം പാക്കേജ് നല്‍കുന്ന ഏജന്‍സികളില്‍ യാത്ര എന്നിങ്ങനെ ഹലാല്‍ സംസ്‌കാരം വ്യാപിക്കുകയാണ്.
കേവലം ഒരു സര്‍ട്ടിഫിക്കറ്റില്‍ ആരംഭിക്കുന്ന ഈ പ്രശ്‌നം വളരെ ദൂരം പോവുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. കാരണം ഹലാല്‍ മാംസത്തിന്റെ കാര്യം എടുക്കുമ്പോള്‍, ആ മൃഗത്തെ അറുക്കുന്നതും സ്വാഭാവികമായും ഒരു മുസ്ലിം തന്നെ ആവണം. അങ്ങനെ ഈ ബിസിനസ്സ് ചെയ്യുന്ന ഹിന്ദുക്കള്‍ അതില്‍ നിന്നും പുറന്തള്ളപ്പെടും. ഫൈവ്സ്റ്റാര്‍ ഹോട്ടലുകളിലേക്കും ഹലാല്‍ സംസ്‌കാരം പിടിമുറുക്കുമ്പോള്‍ അവിടെ പാകം ചെയ്യുന്ന എണ്ണ, മസാല, അരി, പരിപ്പ് തുടങ്ങി എല്ലാറ്റിനും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് വേണം. ഇത് റെയില്‍വെ, വിമാന സര്‍വ്വീസുകളിലേക്ക് വ്യാപിക്കുമ്പോള്‍ ഹിന്ദുക്കള്‍, സിഖുകാര്‍ തുടങ്ങിയ അന്യ മതസ്ഥര്‍ക്കും ഇത് കഴിക്കേണ്ടിവരുന്നു. ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഭീമമായ തുക നല്‍കേണ്ടി വരുന്നു. ഈ പൈസ മുഴുവന്‍ മുസ്ലിം സംഘടനകള്‍ക്ക് ലഭിക്കുന്നു. മാംസത്തില്‍ നിന്ന് തുടങ്ങി അരി, ആട്ട, ധാന്യങ്ങള്‍, സൗന്ദര്യവര്‍ദ്ധക ഉല്പന്നങ്ങള്‍ എന്നിവയിലേക്ക് നീങ്ങുന്ന ഹലാല്‍ സംസ്‌കാരം, ഒരു രാജ്യത്തിന്റെയും ഗവണ്‍മെന്റിന്റെ നിയന്ത്രണമില്ലാത്ത സമാന്തര സാമ്പത്തിക വ്യവസ്ഥ സൃഷ്ടിക്കുന്നു. ഇത് ലോകം മുഴുവന്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. ഹലാലിലൂടെ സമാഹരിക്കപ്പെടുന്ന ധനം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്ന് ഓസ്‌ട്രേലിയന്‍ നേതാവായ ജോര്‍ജ് ക്രിസ്റ്റേല്‍സണ്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര എഴുത്തുകാരനായ നസീം നികോളസ് തന്റെ ‘സ്‌കില്‍ ഇന്‍ ദ ഗേം’ എന്ന പുസ്തകത്തില്‍ ‘ദ മോസ്റ്റ് ഇന്‍ടോളറേറ്റ് വിന്‍സ്’ (ഏറ്റവും അസഹിഷ്ണു വിജയിക്കുന്നു) എന്ന ലേഖനം എഴുതിയിട്ടുണ്ട്. അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ ന്യൂനപക്ഷ ജനസംഖ്യയായ മുസ്ലീങ്ങളും യഹൂദികളും അമേരിക്ക മുഴുവന്‍ ഹലാല്‍ മാംസം ലഭ്യമാക്കിയത് എങ്ങനെയെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മതസ്വാതന്ത്ര്യം എന്ന പേരില്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റിലൂടെ ഹലാലോനോമിക്‌സ് എന്ന സാമ്പത്തിക യുദ്ധത്തിന് അടിത്തറ പാകുകയാണ് എന്ന് അമേരിക്ക, ഓസ്‌ട്രേലിയ, യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ എന്നിവര്‍ക്ക് മനസ്സിലായി. അതുകൊണ്ട് ഓസ്‌ട്രേലിയയിലെ രണ്ട് മള്‍ട്ടിനാഷണല്‍ കമ്പനികളായ കോള്‍ഗേറ്റും സൈനിടേരിയമും, തങ്ങളുടെ ഉല്പന്നങ്ങള്‍ സസ്യാഹാരം (നോണ്‍വെജ്) ആയതുകൊണ്ട് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് പറഞ്ഞു. എന്നാല്‍ നമ്മുടെ രാജ്യത്ത്, ദേശീയതയെക്കുറിച്ച് സംസാരിക്കുന്ന ബാബാ രാംദേവ് വരെ തന്റെ സസ്യാഹാര ഔഷധ ഉല്പന്നങ്ങള്‍ക്ക്, ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നേടുന്നതിന് വേണ്ടി മുസ്ലിം സംഘടനകള്‍ക്ക് പണം നല്‍കുന്നു എന്നത് വളരെ ഖേദകരം തന്നെയാണ്. ബിസിനസ്സില്‍ നഷ്ടം നേരിടുമ്പോള്‍ ഒരു യോഗിയുടെ ദേശഭക്തി കുറയുന്നുവെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും? ഇന്ന് യുദ്ധം ആയുധങ്ങളുടെ സഹായത്താലല്ല മറിച്ച് സാമ്പത്തിക മേഖലയെ കൂട്ട് പിടിച്ചാണ് നടത്തുന്നത്. അതുകൊണ്ട് യോദ്ധാവ് സൈനികരല്ല, മറിച്ച് രാജ്യത്തിലെ ഓരോ പൗരനുമാണ്. ഹലാലിന്റെ പേരില്‍ സാമ്പത്തികയുദ്ധം തുടങ്ങിക്കഴിഞ്ഞു; ഈ യുദ്ധത്തില്‍ സൈനികനായി മാറണോ അതോ മൂകസാക്ഷിയായി ഇരിക്കണോ എന്ന് ഓരോ പൗരനും തീരുമാനിക്കാം.
വിവര്‍ത്തനം: ഡോ.പി.വി.സിന്ധുരവി