മുസ്ലീങ്ങള്‍ക്ക് പ്രത്യേകസംവരണം ഏര്‍പ്പെടുത്താനാണ് കഴിഞ്ഞ ഇടതുസര്‍ക്കാര്‍ പാലൊളി കമ്മറ്റിയെ നിയോഗിച്ചത്. അതിന്റെ പേരില്‍ ക്രിസ്ത്യന്‍ സഭകള്‍ക്കുള്ള ചൊടി മാറ്റാനാണ് ക്രിസ്ത്യന്‍ സംവരണം സംബന്ധിച്ച് പഠിക്കാന്‍ വിജയന്‍ സഖാവ് പുതിയൊരു കമ്മറ്റിയെ നിശ്ചയിക്കുമെന്നു പറഞ്ഞത്. ഹിന്ദുക്കളിലെ മുന്നോക്കക്കാരെ തൃപ്തിപ്പെടുത്താന്‍ മുന്നോക്കസംവരണവും പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതൊക്കെ കണ്ണില്‍ പൊടിയിടാനും വോട്ടുകിട്ടാനുമുള്ള സംവരണ തന്ത്രങ്ങളാണ്. യഥാര്‍ത്ഥ സംവരണം ഇതൊന്നുമല്ല. പാര്‍ട്ടി നടപ്പാക്കുന്ന സംവരണം പാര്‍ട്ടി സംവരണമാണ്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ എഡ്യുക്കേഷന്‍ വിഭാഗത്തില്‍ ഒഴിവുള്ള രണ്ടു തസ്തികകളില്‍ ഒന്നു പൊതുവും മറ്റേത് മുസ്ലീമിനു സംവരണം ചെയ്തതുമാണ്. ഇതിലൊന്ന് തലശ്ശേരി എം.എല്‍.എ. എ.എന്‍. ഷംസീറിന്റെ ഭാര്യയ്ക്കും മറ്റേത് ഡിഫി മലപ്പുറം ജില്ലാ സെക്രട്ടറി പി.കെ. അബ്ദുള്ള നവാസിന്റെ ഭാര്യയ്ക്കും പാര്‍ട്ടി ‘സംവരണം’ ചെയ്തു നല്‍കി കഴിഞ്ഞു. അതിനുവേണ്ട ചില കൈക്രിയകളും പാര്‍ട്ടി നടത്തി. പത്തുവര്‍ഷം മുമ്പ് വിരമിച്ച അദ്ധ്യാപകനെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ തിരുകിക്കയറ്റി. സംവരണ തസ്തിക ഏതെന്ന് വിജ്ഞാപനത്തില്‍ നിന്നു മറച്ചുവെച്ചു. ജനറല്‍ സീറ്റ് നവാസിന്റെ ഭാര്യയ്ക്കും സംവരണ സീറ്റ് ഷംസീറിന്റെ ഭാര്യയ്ക്കും പാര്‍ട്ടി വക!
മതമില്ലാത്ത ജീവന്റെ ആൾക്കാരാണെങ്കിലും ജോലികിട്ടാൻ സഖാക്കൾക്ക് മതസംവരണം തന്നെ വേണം. മുൻ. എം.പി. എം.ബി.രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരി കാലടി സർവകലാശാലയുടെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് 212ൽ നിന്നും ഒന്നാം റാങ്കിലേക്ക് കുതിച്ചുയർന്നത് ‘മുസ്ലിം സംവരണം’ എന്ന പിടിവള്ളിയിലാണ്. ഷംസീറിന്റെ ഭാര്യയെ പട്ടികയിൽ നിന്നും ഒഴിവാക്കി മുഖം രക്ഷിച്ചെങ്കിലും നിനിതയുടെ കാര്യത്തിൽ ഇറക്കാനും തുപ്പാനും പറ്റാതെ ഇളിഭ്യരായിരിക്കുകയാണ് പാർട്ടി.
നേരത്തെ കുസാറ്റിലെ നിയമവിഭാഗത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.രാജീവിന്റെ ഭാര്യയ്ക്കും കേരള സര്‍വ്വകലാശാലയിലെ ബയോ കെമിസ്ട്രിയില്‍ മുന്‍ എം.പി. ബിജുവിന്റെ ഭാര്യയ്ക്കും ‘പാര്‍ട്ടി സംവരണം’ വഴി നിയമനം നല്‍കിയിരുന്നു. പാര്‍ട്ടിയ്ക്കു വേണ്ടി എല്ലുമുറിയെ പണിയെടുക്കുന്ന പീറസഖാക്കളാരും ഈ സംവരണ പട്ടികയില്‍ വരില്ല. അത് ‘പാര്‍ട്ടി സവര്‍ണര്‍’ക്കുള്ളതാണ്.