പേരാമ്പ്രയിലെ ‘മാതാ തിയേറ്റേഴ്‌സ്’ കേരളത്തിന്റെ കലാ-സാംസ്‌കാരിക വേദികളില്‍ ഇതിനകംതന്നെ ശക്തമായ ഒരു സാന്നിദ്ധ്യമായിക്കഴിഞ്ഞിരിക്കുന്നു. നിര്‍വ്യാജമായ സമര്‍പ്പണമനസ്‌കതയാലും നിസ്തന്ദ്രമായ നിരന്തരപരിശ്രമങ്ങളാലും കാലാനുസൃതമായ നവീനപരിഷ്‌കരണങ്ങളാലും അവര്‍ അവരുടെ സല്‌പേരിന്റെ ഉത്സവക്കൊടി എത്രയോ ഉയരത്തില്‍ കെട്ടിക്കഴിഞ്ഞിരിക്കുന്നു. ഇക്കാലത്ത് ഇവ്വിധമൊരു കലാപ്രസ്ഥാനം കാലിടറാതെ മുമ്പോട്ടുകൊണ്ടുപോവുക എന്നത് തീര്‍ത്തും ദുഷ്‌കരമാണ്, ദുര്‍വ്വഹമാണ്. നൈസര്‍ഗ്ഗികമായ കലാഭിമുഖ്യവും നിശ്ചയദാര്‍ഢ്യവും നിത്യസാധനയും തപസ്സും ഉപാസനയുമൊക്കെ അവര്‍ക്ക് അതിനുള്ള ഊര്‍ജ്ജം സമൃദ്ധമായി പ്രദാനം ചെയ്യുന്നു എന്നത് നമ്മള്‍ – കലാസ്വാദകരുടെ ഒരു ഭാഗ്യം എന്നേ പറയാവൂ.
1250 കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് ‘ജയ്ഹിന്ദ്’. കേരളത്തിന്റെ പൈതൃക-സാംസ്‌കാരിക-കാവ്യപാരമ്പര്യങ്ങളെ ഉന്മീലനം ചെയ്യുന്ന ‘സര്‍ഗ്ഗകേരളം’, വാഗ്ഭടാനന്ദഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രതിബിംബിക്കുന്ന ‘വാഗ്ഭടീയം’ പഴശ്ശിരാജയുടെ വീരസ്മരണ വ്യാഖ്യാനിക്കുന്ന ‘വീരസ്മൃതി’, സ്വാമി വിവേകാനന്ദന്റെ സാന്നിദ്ധ്യം ഉണര്‍ ത്തുന്ന ‘വിശ്വം വിവേകാനന്ദം’ തുടങ്ങിയ രംഗാവിഷ്‌കാരങ്ങളിലൂടെ Malayalam Theatrical Heritage and Arts എന്ന മാതാ തിയ്യേറ്റേഴ്‌സ് നമ്മുടെ ദേശീയാഭിമാനത്തിനു മാറ്റുകൂട്ടുന്ന വിലപ്പെട്ട സേവനങ്ങള്‍ അനുഷ്ഠിക്കുന്നു എന്ന സത്യം എടുത്തുപറയാതെ വയ്യ.
ഒരു കാലത്ത്, കഥാപ്രസംഗങ്ങള്‍, സംഗീതക്കച്ചേരികള്‍, നൃത്തനാടകങ്ങള്‍, മറ്റു നാടന്‍ കലാരൂപങ്ങള്‍, ഓട്ടന്‍തുള്ളല്‍, നാടകങ്ങള്‍, കഥകളി, തെയ്യം, വില്ലുപാട്ട് തുടങ്ങിയ നിരവധി ഇനങ്ങള്‍ നമ്മുടെ നാട്ടിന്‍പുറങ്ങളിലും അമ്പലപ്പറമ്പുകളിലും ഉത്സവവേദികളിലും എല്ലാം ധാരാളമായി അവതരിപ്പിച്ചിരുന്നു. പുരോഗമനം വന്നതോടെ പലതും അരങ്ങൊഴിഞ്ഞു. മണ്ണിന്റെ മണമുള്ള കലകള്‍ക്കും കലാകാരന്മാര്‍ക്കും നമ്മള്‍ ഭ്രഷ്ടു കല്പിച്ചു. മണ്ണില്‍ വേരില്ലാത്ത, മനുഷ്യജീവിതവുമായി ബന്ധമില്ലാത്ത, സാംസ്‌കാരികമായി നമുക്ക് ഒരുത്തേജനവും തരാത്ത ചില കോപ്രായങ്ങള്‍ക്കായി സ്ഥാനം. ഒരു കാലത്ത് കേരളത്തില്‍ അങ്ങോളമിങ്ങോളം സാമൂഹ്യമാറ്റങ്ങള്‍ക്കു വഴിതെളിച്ച കെ.പി.എ.സി. പോലൊരു നാടകസംഘം ഇന്നുണ്ടോ? ഉള്ള നാടകസംഘങ്ങള്‍ക്കുതന്നെ വേണ്ടത്ര വേദികളും അംഗീകാരങ്ങളും കിട്ടുന്നുണ്ടോ? ഇല്ല. ഗോത്രകലകളും നാടന്‍കലകളുമെല്ലാം അപൂര്‍വ്വമായി അന്യംനിന്നുകൊണ്ടിരിക്കുന്നു. നാടന്‍ എന്ന പദംതന്നെ നമുക്ക് അവജ്ഞയുടെ പര്യായമായിരിക്കുന്നു. അര്‍ത്ഥമില്ലാത്ത വൈദേശികഭ്രമം അനുദിനം നമ്മളെ കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുന്നു. തന്‍നാട്ടുകലകളെ അതാതു നാട്ടുകാരല്ലാതെ മറ്റാരാണു രക്ഷിക്കുക? അവയെ നിലനിറുത്തുക എന്നത് നമ്മുടെ പൂര്‍വികസംസ്‌കാരത്തിന്റെ ഈടുവയ്പുകളെ സംരക്ഷിക്കുന്നതിനു തുല്യം പ്രധാനമാണ്. നമുക്ക് ആ ശ്രദ്ധ കൂടിയേ പറ്റൂ. അല്ലെങ്കില്‍ വെറും ശൂന്യതനിറഞ്ഞ ഒരു ഭൂതകാലചരിത്രമാവും നമ്മള്‍ വരുംതലമുറയ്ക്കു കൈമാറുക.
എന്തായാലും, നഷ്ടങ്ങളുടെ കാലം മറന്ന് നമ്മള്‍ പുതിയ വീണ്ടെടുപ്പുകളുടെ ശീലത്തിലേയ്ക്കു കാല്‍കുത്തുക. ആ വഴിത്തിരിവും തിരിച്ചറിവും നമ്മെ സമ്പന്നധന്യരാക്കും. അത്തരമൊരു മുഹൂര്‍ത്തമാണ് ഇത്. ആയതിനാല്‍ ഇത് ഏറെ പ്രസക്തമാണ്, ഏറ്റവും പ്രാധാന്യം നിറഞ്ഞതുമാണ്.
‘ചിലപ്പതികാരം’ എന്ന നൃത്തനാടകശില്പം എല്ലാ അര്‍ത്ഥത്തിലും നമ്മുടെ സ്വത്താണ്. സ്വന്തമാണ്. 1800ലധികം വര്‍ഷംമുമ്പ് നമ്മുടെ നാട്ടില്‍, ഈ കേരളത്തില്‍, ഇരിങ്ങാലക്കുട എന്ന സ്ഥലത്തുവച്ച്, നമ്മുടെ ചേരരാജാവായ ചേരന്‍ ചെങ്കുട്ടുവന്റെ അനുജന്‍ ഇളംകോവടികള്‍ രചിച്ച ഐതിഹാസികവും അനശ്വരവുമായ ജീവിതമഹാകാവ്യമാണ് ‘ചിലപ്പതികാരം’. ഒരു ചിലമ്പിനെ അധികരിച്ച് എഴുതിയതുകൊണ്ട് ഇതു ‘ചിലപ്പതികാര’മായി.
ഈ കാവ്യത്തിലെ വീരനായികയും ധീരമാതൃകയുമാണ് ‘കണ്ണകി’. ഭാരതീയ സ്ത്രീത്വത്തിന്റെ നിത്യമായ അഭിമാനബിംബം. തമിഴകത്തിന്റെ മാതൃകാപരമായ, ആദര്‍ശനിഷ്ഠമായ, ഗാര്‍ഹികജീവിതസങ്കല്പം; ധര്‍മ്മത്തിന്റെ തീച്ചൂളയില്‍ ഉരുക്കി വാര്‍ത്തെടുത്ത തനിത്തങ്കനിര്‍മ്മിതമായ ഒരു അനന്വയത്തിടമ്പ്.
ഇത് ഓരോ കേരളീയനും സ്വന്തം. നമുക്ക് ഓരോരുത്തര്‍ക്കും അഭിമാനിക്കാം.
അന്ന് ദക്ഷിണേന്ത്യയിലെ തമിഴകം എന്നത് ചേര-ചോഴ-പാണ്ഡ്യരാജ്യങ്ങള്‍ ഉള്‍പ്പെട്ട ഒരു പ്രവിശാല ഭൂവിഭാഗമായിരുന്നു. ഭാഷ മൊത്തത്തില്‍ തമിഴായിരുന്നു. അങ്ങനെയാണ് ആ കാവ്യം തമിഴില്‍ നമുക്ക് കിട്ടിയത്. എന്നുവച്ച് അതു തമിഴരുടെയല്ല, നമ്മുടെ തന്നെയാണ്.
അഞ്ചു മഹാകാവ്യങ്ങളാണ് തമിഴര്‍ക്ക്. ‘ഐപ്പെരും കാപ്പിയങ്കള്‍’ എന്ന് അവര്‍ പറയും. അതായത് പഞ്ചമഹാകാവ്യങ്ങള്‍. ‘ജീവകചിന്താമണി’ തമിഴ് സരസ്വതിയുടെ ചൂഡാമണി. ‘വളൈയാപതി’ തൃക്കൈകളില്‍ വള. ‘കുണ്ഡലകേശി’ കര്‍ണ്ണങ്ങള്‍ക്കു കുണ്ഡലം.
‘ചിലപ്പതികാരം’ കാല്‍ച്ചിലമ്പ്. ‘മണിമേഖല’ ഒഡ്യാണം അഥവാ അരഞ്ഞാണ്‍. ഈ അഞ്ചും അഞ്ച് ആഭരണങ്ങള്‍. ആദ്യത്തേതു മൂന്നും അപൂര്‍ണ്ണമെന്നാണു കേള്‍വി. എങ്കില്‍ തമിഴ്‌സരസ്വതിയുടെ ആദ്യത്തെ പൂര്‍ണ്ണാഭരണം കൂടിയാണ് ‘ചിലപ്പതികാരം’.
ഒരര്‍ത്ഥത്തില്‍ ദ്രാവിഡഭാഷയില്‍ ഒരു വലിയ ലോകമഹാകാവ്യം ആദ്യമായി ഉണ്ടായത് നമ്മുടെ കേരളത്തിലാണെന്നു പറഞ്ഞാല്‍, അതില്‍പ്പരം നമുക്കെന്താണു വേണ്ടത് അഭിമാനിക്കാന്‍? അതിലും, അതൊരു മുത്തമിഴ്കാവ്യം. മുത്തമിഴ് എന്നു പറഞ്ഞാല്‍ ഇയല്‍, ഇശൈ, നാടകം എന്നിങ്ങനെ മൂന്നു വിഭാഗം. ഇയല്‍ എന്നാല്‍ സാഹിത്യം, ഇശൈ എന്നാല്‍ സംഗീതം, നാടകം നാടകംതന്നെ. അപ്പോള്‍, സാഹിത്യവും സംഗീതവും നാടകവും ഒത്തുചേര്‍ന്ന ആദ്യത്തെ കൃതി.
പഴയകാലങ്ങളിലെ കാവ്യങ്ങളില്‍ ദേവന്മാരോ ദൈവാവതാരങ്ങളോ രാജാക്കന്മാരോ ചക്രവര്‍ത്തിമാരോ ഒക്കെയാണു നായകസ്ഥാനത്ത് വരാറ്. സ്ത്രീകഥാപാത്രങ്ങളും അതേ. അവയുടെ കര്‍ത്താക്കന്മാര്‍ സാധാരണ കവികളുമായിരിക്കും. എന്നാല്‍, ഇവിടെ ഒരു ഇളയരാജാവുതന്നെ ഒരു വിപ്ലവത്തിനു തുടക്കം കുറിച്ചിരിക്കുന്നു. ഒരു സാധാരണ കച്ചവടക്കാരന്റെ മകനെയും മറ്റൊരു സാധാരണ വ്യാപാരിയുടെ മകളെയും നായികാനായകന്മാരാക്കി ഒരു മഹാകാവ്യം അദ്ദേഹം രചിച്ചിരിക്കുന്നു. അതില്‍ ചേരം, ചോഴം, പാണ്ഡ്യം എന്നീ മൂന്നു നാടുകളുടെ ചരിത്രവും ജീവിതവും സംസ്‌കാരവും സാമൂഹ്യാവസ്ഥകളും പ്രകൃതിഭംഗിയും ജലസമൃദ്ധിയും കൃഷി-വിപണന-ധന-സമ്പദ് സമ്പ്രദായങ്ങളും ഭരണവും കുടുംബബന്ധങ്ങളും എല്ലാം വളരെ വിസ്തരിച്ചും മനോഹരമായും പ്രതിപാദിച്ചിരിക്കുന്നു. അതും ലോകത്തില്‍ ആദ്യസംരംഭം. ഇളംകോവടികള്‍ എന്ന കവിചക്രവര്‍ത്തിയുടെ മഹാപ്രതിഭ ലോകം മുഴുവന്‍ പ്രഭാപ്രസരം പരത്തുന്നു.
ഈ കാവ്യത്തിലെ നായികയായ കണ്ണകി ചോഴനാട്ടില്‍ ജനിക്കുന്നു. പാണ്ഡ്യനാട്ടില്‍ അവള്‍ക്കു വൈധവ്യം ഭവിക്കുന്നു. നിരപരാധിയായ അവളുടെ ഭര്‍ത്താവ് കോവലന്‍ പാണ്ഡ്യരാജ്യത്ത് അന്യായമായി വധിക്കപ്പെടുന്നു. ഭര്‍ത്താവിന്റെ നിരപരാധിത്വം തെളിയിച്ച് പാണ്ഡ്യരാജ്യം കോപാഗ്നിയില്‍ എരിച്ച്, ഭസ്മമാക്കി അവള്‍ ചേരരാജ്യത്തിലേയ്ക്കു വരുന്നു. ഇവിടെ കണ്ണകിയുടെ പാതിവ്രത്യമഹിമയും ദൈവികമഹത്വവും കേട്ടറിഞ്ഞ മഹാരാജാവ് ചേരന്‍ ചെങ്കുട്ടുവന്‍ ആ പതിവ്രതാരത്‌നത്തെ ഇവിടെ ഒരു ക്ഷേത്രമുണ്ടാക്കി പ്രതിഷ്ഠിച്ച് അനശ്വരത്വം നേടുന്നു. ഇതാണ് ചുരുക്കിപ്പറഞ്ഞാല്‍ ചിലപ്പതികാരകഥ.
മഹത്തായ മൂന്നു ലോകതത്ത്വങ്ങള്‍ നിലനിര്‍ത്തുവാനാണ് താന്‍ ഈ കാവ്യം രചിച്ചതെന്ന് ഇളംകോ പറയുന്നു. ധര്‍മ്മത്തെ രക്ഷിക്കുന്നവനെ ധര്‍മ്മവും രക്ഷിക്കും; അതല്ല, ഭരണാധികാരിയാണെങ്കില്‍പ്പോലും ധര്‍മ്മത്തെ ഹിംസിക്കുന്നവന് ആ ധര്‍മ്മംതന്നെ അര്‍ഹമായ ശിക്ഷകൊടുക്കും; അത് മരണശിക്ഷവരെ ആകാം; ഇതാണ് ഒന്നാമത്തെ തത്ത്വം. ഇത് പണ്ടല്ല, ഇന്നും നമ്മള്‍ ഉദാഹരണസഹിതം കണ്‍മുമ്പില്‍ കാണുന്നില്ലേ?
‘ധര്‍മ്മചിന്ത വെടിയും മന്നനു
ധര്‍മ്മമന്തകനായ് വരും.’
രണ്ടാമത്തെ തത്ത്വം,
‘പൂര്‍വ്വജന്മകൃതങ്ങള്‍ ഇജ്ജന്മം
പൂര്‍ത്തിയാവും ഫലങ്ങളില്‍’ എന്നതാണ്.
ഈ ജന്മം എത്രത്തോളം മഹാപാപങ്ങള്‍ ചെയ്ത് കണ്ണടയ്ക്കുന്നുവോ, അവിടംകൊണ്ടു കഴിഞ്ഞു എന്ന് ഒരുത്തരും കരുതണ്ട. വാരിക്കൂട്ടിയത് ലാഭം. സുഖിച്ചതു ലാഭം എന്നൊന്നും വിചാരിച്ച് ആനന്ദിക്കണ്ട. കിടക്കുന്നു അടുത്ത ജന്മം പുഴുവരിച്ചു നരകിക്കാന്‍. അവനവന്റെ കര്‍മ്മഫലം അവനവനല്ലാതെ മറ്റാര് അനുഭവിക്കാന്‍?
‘പാതിവ്രത്യപ്പുകഴെഴുന്നോളെ’ പാരിലുള്ളവര്‍ മാത്രമല്ല, ദേവകള്‍പോലും വാഴ്ത്തി വന്ദിക്കും’ – ഇതാണ് മൂന്നാമത്തെ തത്ത്വം. അതിനുദാഹരണമാണ് കണ്ണകിയുടെ ജീവിതം; സ്ഫുടമായ ചാരിത്രശുദ്ധിയുടെ പര്യായമാണ് കണ്ണകി. ‘പത്തിനിത്തെയ്‌വം’ എന്നാണു തമിഴര്‍ പ്രകീര്‍ത്തിക്കുക. ചാരിത്ര്യശുദ്ധി. അതാണ് ഏറ്റവും വിലപ്പെട്ട മൂല്യം. 1800 വര്‍ഷങ്ങള്‍ക്കു മുമ്പും അതിനു പകരം വയ്ക്കാന്‍ മറ്റൊരു നിധി ഉണ്ടായിരുന്നില്ല.
അങ്ങനെ തമിഴ്ഭാഷയില്‍ എഴുതപ്പെട്ട മലയാളിയുടെ ഈ മഹാസമ്പത്ത് മലയാളിക്ക് മലയാളത്തില്‍ത്തന്നെ സ്വന്തമാവണം എന്ന ദൃഢനിശ്ചയത്തോടുകൂടി അഞ്ചുവര്‍ഷത്തെ നിരന്തരയത്‌നംകൊണ്ട് ഞാന്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്തു; കാവ്യമായിത്തന്നെ.
ആ സമ്പൂര്‍ണ്ണപദ്യപരിഭാഷ 1978-ല്‍ കോട്ടയം സാഹിത്യപ്രവര്‍ത്തകസഹകരണസംഘം ഒന്നാംപതിപ്പായി പ്രസിദ്ധീകരിച്ചു. മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്‍ തൃശ്ശൂര്‍ കേരളസാഹിത്യഅക്കാദമി ഹാളില്‍ അതുപ്രകാശനം ചെയ്തു. മഹാകവി വൈലോപ്പിള്ളി, മഹാകവി അക്കിത്തം തുടങ്ങി മലയാളത്തിലെ അനേകം മഹാരഥന്മാര്‍ അന്ന് അതിന്റെ പ്രാധാന്യം വാഴ്ത്തി സംസാരിച്ചു. പിന്നെ അത് എം.എയ്ക്കു പാഠപുസ്തകമായി. ഇപ്പോള്‍ അനവധി പതിപ്പുകള്‍ ആയി. പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത് കോട്ടയത്തെ ഡി.സി.ബുക്‌സ് ആണ്.
എന്റെ ചിലപ്പതികാരപരിഭാഷയെക്കുറിച്ച് മലയാളത്തിന്റെ മഹാനായ കവി ഒ.എന്‍.വി.കുറുപ്പ് എഴുതിയ ചില വരികള്‍ കൂടി ഇവിടെ കുറിക്കാം.
”സ്വന്തമായി കവിത്വസിദ്ധിയുള്ളവര്‍ക്കേ’ചിലപ്പതികാരം’ പോലെയുള്ള കാവ്യഗ്രന്ഥങ്ങള പരിഭാഷപ്പെടുത്തി വിജയിക്കാനാവൂ. താങ്കള്‍ വള്ളത്തോളിന്റെയും കുഞ്ഞുക്കുട്ടന്‍ തമ്പുരാന്റെയും വഴിയിലൂടെയാണു സഞ്ചരിച്ചതും ലക്ഷ്യം കണ്ടതും; ഏതെങ്കിലുമൊരു പഴമ്പുരാണമെടുത്ത് പരിഭാഷപ്പെടുത്തും പോലെയല്ലാ ഇത്.” യുനസ്‌കോ ഇംഗ്ലീഷിലേയ്ക്ക് ഗദ്യത്തില്‍ പരിഭാഷപ്പെടുത്തിയ ‘ചിലപ്പതികാര’ത്തിന് ഉപശീര്‍ഷകമായി കൊടുത്തിരിക്കുന്നത് ‘An Ancient Novel in Poetry’ എന്നാണ്.
ആ പുരാതനകാലത്ത് – രാജാക്കന്മാരുടെ കഥകള്‍ അതിശയോക്ത്യലംകാരബഹുലമായി ഇതരഭാഷകളില്‍ വന്നുകൊണ്ടിരുന്ന ആ കാലത്ത് – ദുഷിച്ച രാജനീതിക്കിരയായ ഒരു സാധാരണ കുടുംബത്തിന്റെ ദുരന്തത്തെയും, പതിവ്രതയായ ഒരു പാവം കുടുംബിനിയുടെ സ്വാഭാവികവും സാഹസികവുമായ പ്രതികാരത്തെയും ചിത്രീകരിക്കുന്ന ഈ കാവ്യം ഇന്ത്യയുടെ മറ്റൊരിതിഹാസകാവ്യമാണ്. അതിലെ ലൗകികജീവിതചിത്രണത്തിന്റെ പ്രഭാവം കണ്ടിട്ടാണ് പാശ്ചാത്യമനസ്സ് അതിന് ‘നോവല്‍’ എന്ന ഗണനാമം ചാര്‍ത്തിക്കൊടുത്തത്.
‘ചിലപ്പതികാര’ത്തിലെ വഞ്ചികാണ്ഡത്തിലെ പല വാക്കുകളും തമിഴ് ഭാഷാദ്ധ്യാപകര്‍ ‘മലൈനാട്ടുവഴക്കം’ എന്ന് ഒഴുക്കന്‍മട്ടില്‍ പറഞ്ഞുതള്ളുകയാണ്. വിവരമില്ലാത്ത ഇന്നാട്ടുകാര്‍, ചിലപ്പതികാരപൈതൃകം തീര്‍ത്തുമങ്ങ് തമിഴകത്തിന് എഴുതിത്തള്ളുകയുമാണ്. മുല്ലപ്പെരിയാര്‍ വെള്ളം തര്‍ക്കിച്ച് തങ്ങളുടേതുമാത്രമാക്കുന്ന വിരുതുതന്നെയാണ് ഇവിടെയും.
ചിലപ്പതികാരപൈതൃകം മലനാടിന്റേതുകൂടിയാണെന്ന് ‘ക്രിയാകേവലമുത്തരം’ എന്ന നിലയ്ക്കു മാതാ അതിന്റെ അവതരണത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നു. മലയാളകവിത പാശ്ചാത്യഫാഷന്‍ ഷോകളില്‍ ഭ്രമിക്കുന്ന ഈ കാലത്ത്, ഈ ഉദ്യമം അര്‍ഹമാംവിധം അംഗീകരിക്കപ്പെട്ടിട്ടില്ല എന്നതാണു സത്യം! എന്നാലും ഭവഭൂതിയുടെ ഉദാത്തമായ ആ അഹന്ത അല്‍പ്പം നമുക്കും ആവാം. ‘കാലോഹ്യയം നരവധിര്‍ വിപുലാ ച പൃത്ഥ്വീ…’
ചിലപ്പതികാരം എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ‘സ്വയംവരം’ എന്ന എന്റെ എളിയ കൃതി രചിക്കുമ്പോള്‍ വ്യാസനും ഇളങ്കോവടികളും എന്റെ ഇടവും വലവും കത്തിച്ചുവച്ച രണ്ടു വിളക്കുകളായിരുന്നു.”
-ഒ.എന്‍.വി. കുറുപ്പ്.
എന്റെ വിവര്‍ത്തനത്തെ ആസ്പദമാക്കി പ്രൊഫസര്‍. കൊടുങ്ങല്ലൂര്‍ മരുമകന്‍ ഏട്ടന്‍ തമ്പുരാന്‍ 1979-ല്‍ ഒരു ആട്ടക്കഥ രചിക്കുകയുണ്ടായി. തൃശ്ശൂര്‍ സംഗീതനാടക അക്കാദമിയുടെ റീജ്യനല്‍ തിയ്യേറ്ററില്‍ നിറഞ്ഞ പണ്ഡിതസദസ്സിനുമുമ്പില്‍ അത് അരങ്ങേറി. അതിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാനുള്ള ഭാഗ്യവും എനിക്കുണ്ടായി.
പിന്നെ 1987-ല്‍ ഒരു മണിക്കൂര്‍ നീണ്ട ഒരു കാവ്യശില്പമായി ആകാശവാണി നിലയങ്ങള്‍ ഇതു പ്രക്ഷേപണം ചെയ്തു. 1990-ല്‍ ‘കണ്ണകി’ എന്ന പേരില്‍ ഇതു റേഡിയോനാടകമായും ആകാശവാണി നിലയങ്ങള്‍ പ്രക്ഷേപണം ചെയ്തു. സുന്ദരശബ്ദത്തിന്റെ ചക്രവര്‍ത്തിനിയായിരുന്ന, കഴിഞ്ഞവര്‍ഷം അന്തരിച്ച, അനുഗൃഹീതകലാകാരി ടി.പി. രാധാമണിയാണ് ശബ്ദംനല്‍കി കണ്ണകിയെ അനശ്വരയാക്കിയത്.
ഇപ്പോഴിതാ നൃത്തശില്പമായി വളരെ മിഴിവോടെ അത് അരങ്ങത്ത് കൊണ്ടുവന്നിരിക്കുന്നു പേരാമ്പ്ര മാതാ തിയ്യേറ്റേഴ്‌സിലെ ഒരുപിടി കലാകാരന്മാരും കലാകാരികളും. ഒപ്പം അതിന്റെ അമരത്തിരുന്ന് നയിക്കുന്ന കലയുടെ സാരഥിയായ എന്റെ ആത്മമിത്രം കനകദാസ് പേരാമ്പ്രയും. അണിനിരക്കുന്നത് നൂറിലധികം കലാകിരണങ്ങള്‍.

നമ്മള്‍ മിഴിനിറയെ ഇതു കണ്ട് മനസ്സ് നിറഞ്ഞ് ആസ്വദിക്കുക. മലയാണ്മയുടെ മഹാപാരമ്പര്യം തിരിച്ചറിയുക. മതിവരുവോളം ഈ കലാദീപങ്ങളെ അഭിനന്ദനപുഷ്പങ്ങളാല്‍ മൂടുക. സ്വയം ആവുന്നത്ര അഭിമാനം കൊള്ളുക.