ന്യൂദല്‍ഹി: പരസ്പര വിശ്വാസവും തീവ്രവാദ വിരുദ്ധ അന്തരീക്ഷവും സൃഷ്ടിക്കേണ്ടത് സമാധാനം വളര്‍ ത്താന്‍ നിര്‍ണായകമാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനോട് പ്രധാനമന്ത്രി നരേന്ദ്രമോദി വിശദമാക്കി. രണ്ടാംവട്ടവും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനുള്ള ഇമ്രാന്റെ അഭിനന്ദനങ്ങള്‍ക്ക് മറുപടി പറയവെയാണ് മെയ് 26ന് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
ബാലക്കോട്ട് വ്യോമാക്രമണത്തിന് ശേഷം ആദ്യമായാണ് നരേന്ദ്രമോദിയും ഇമ്രാന്‍ഖാനും തമ്മില്‍ സംസാരിക്കുന്നത്. സംഭാഷണത്തില്‍ ദക്ഷിണേഷ്യയുടെ സമാധാനത്തിനും പുരോഗതിക്കും വികസനത്തിനുമുള്ള കാഴ്ചപ്പാടുകള്‍ ഇമ്രാന്‍ഖാന്‍ മോദിയോട് പങ്കുവെച്ചതായി പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് മൊഹമ്മദ് ഫൈസല്‍ വ്യക്തമാക്കി.
പുല്‍വാമയില്‍ സി.ആര്‍.പി.എഫ് സൈനികവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തിന് ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാവുന്നത്. തുടര്‍ന്ന് ഇന്ത്യ പാകിസ്ഥാനിലെ ബാലാക്കോട്ടിലെ ജയ്‌ഷെ ക്യാമ്പുകള്‍ക്ക് നേരെ വ്യോമാക്രമണം നടത്തിയിരുന്നു.