ആയിരത്താണ്ടുകളായി അടിമത്തത്തിലായിരുന്ന ഒരു രാഷ്ട്രത്തിന്റെ ആത്മപ്രകാശനമായിരുന്നു 2020 ആഗസ്ത് 5ന് ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കരങ്ങളാല്‍ നിര്‍വ്വഹിക്കപ്പെട്ടത്. അയോദ്ധ്യയിലെ രാമജന്മഭൂമിയില്‍ ഭവ്യമായ രാമക്ഷേത്രനിര്‍മ്മാണത്തിനുള്ള 40 കിലോ വെള്ളിയില്‍ തീര്‍ത്ത ആധാരശിലയുടെ സ്ഥാപനവും ഭൂമിപൂജയും ലോകത്താകമാനമുള്ള രാമഭക്തരേയും ദേശസ്‌നേഹികളേയും ഹര്‍ഷപുളകിതരാക്കി. 492 വര്‍ഷം മുന്നെ വിദേശ അക്രമിയായ ബാബറിന്റെ സൈന്യാധിപന്‍ മീര്‍ബാക്കിയുടെ നേതൃത്വത്തിലുള്ള മുഗള്‍പ്പട നിലംപരിശാക്കിയ ശ്രീരാമക്ഷേത്രത്തിന്റെ പുനരുജ്ജീവനത്തിനുള്ള നൂറ്റാണ്ടുകളുടെ പേരാട്ടത്തിന്റെ വിജയ പര്യവസാനമായിരുന്നു അന്ന്. ചരിത്രം രേഖപ്പെടുത്തിയതനുസരിച്ച് 5 നൂറ്റാണ്ടിനിടയില്‍ നാല് ലക്ഷത്തോളം ശ്രീരാമഭക്തര്‍ക്ക് രാമക്ഷേത്രത്തിന്റെ വീണ്ടെടുപ്പിനായി ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്നു എന്നത് ലോകചരിത്രത്തില്‍ സമാനതകളില്ലാത്തതും ആശ്ചര്യമുളവാക്കുന്നതുമാണ്. വൈദേശിക അക്രമകാരികള്‍ മാത്രമല്ല സ്വതന്ത്രഭാരതത്തില്‍ സ്വദേശീയരായ ആസുരിക ഭരണകൂടവും രാമഭക്തരെ വെടിയുണ്ടകള്‍ക്കിരയാക്കുകയും സരയൂവിന്റെ ആഴങ്ങളില്‍ മുക്കിത്താഴ്ത്തുകയും ചെയ്തു എന്നത് വിസ്മരിക്കാവുന്നതല്ല. സായുധ പോരാട്ടവും നിയമപോരാട്ടവും വ്യത്യസ്ത കാലഘട്ടങ്ങളില്‍ നടത്തിയതില്‍ നിയമപോരാട്ടമാണ് ആത്യന്തികമായി വിജയത്തിലെത്തിയത് എന്നത് അംഗീകരിക്കപ്പെടേണ്ടതാണ്.
രാമക്ഷേത്ര നിര്‍മ്മാണം കേവലം ഒരു ആരാധനാലയത്തിന്റെ പുനര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിഷയമല്ല. അതിനപ്പുറം അതൊരു പ്രതീകമാണ്. ഭാരതം അതിന്റെ മഹിത ഭൂതകാലത്തെ തിരിച്ചറിയുകയും ആദരിക്കുകയും ചെയ്യുന്നതോടൊപ്പം സുശോഭിതമായ ഭാവി സംരചിക്കാന്‍ അതില്‍ നിന്ന് ഊര്‍ജ്ജം ആവാഹിക്കുകയും ചെയ്യുകയാണ്. ഒരു ജനതയും രാഷ്ട്രവും അതിന്റെ സ്വത്വം തിരിച്ചറിഞ്ഞ് അതിലേക്കുള്ള പടരലും അതിനോടൊപ്പമുള്ള ഉയിര്‍ത്തെഴുന്നേല്പുമാണ്. അതുകൊണ്ടാണ് രാമക്ഷേത്രം പൂര്‍ണ്ണമായും തങ്ങള്‍ നിര്‍മ്മിച്ചുതരാം എന്ന ചില കുബേരന്മാരുടെ വാഗ്ദാനത്തെ നിരസിച്ച് സാധാരണക്കാരില്‍ സാധാരണക്കാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി 10 രൂപ മുതലുള്ള ധനശേഖരണത്തിന് 5 ലക്ഷം ഗ്രാമങ്ങളിലെ 10 കോടി ഹൈന്ദവ ഭവനങ്ങളിലേക്ക് ഹിന്ദുസംഘടനാപ്രവര്‍ത്തകര്‍ എത്തിച്ചേരുന്നത്. അഞ്ചുലക്ഷത്തി ഒരുന്നൂറു രൂപ സമര്‍പ്പിച്ചുകൊണ്ട് ബഹുമാനപ്പെട്ട ഭാരതത്തിന്റെ പ്രഥമപൗരന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അതിന്റെ ഉദ്ഘാടനം മകരസംക്രമദിനത്തില്‍ നിര്‍വ്വഹിച്ചു കഴിഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മറ്റ് മന്ത്രിമാരും ഗവര്‍ണ്ണര്‍മാരും ധനസമര്‍പ്പണയജ്ഞത്തില്‍ പങ്കാളികളായി. കേരളത്തിനുപുറത്ത് വ്യാപകമായി ആരംഭിച്ച ധനശേഖരണത്തിന് കേരളത്തില്‍ ജനുവരി 31ന് തുടക്കം കുറിക്കും. ഫെബ്രു. 21 വരെ നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനത്തിന് പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ സജ്ജരായിരിക്കുകയാണ്.
2500 കോടി രൂപ ചിലവിട്ട് നിര്‍മ്മിക്കുന്ന രാമക്ഷേത്രം ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായി മാറുമെന്നാണ് കരുതുന്നത്. 70 ഏക്കറിലായി പടര്‍ന്നു കിടക്കുന്ന ക്ഷേത്രത്തിന് 360 മീറ്റര്‍ നീളവും 230 മീറ്റര്‍ വീതിയും 161 മീറ്റര്‍ ഉയരവും ഉണ്ടാകും. ഗ്രന്ഥശാല, മ്യൂസിയം, ഗവേഷണകേന്ദ്രം, അന്നദാന മണ്ഡപം, ധര്‍മ്മശാല, എക്‌സിബിഷന്‍ സെന്റര്‍, ഓഡിറ്റോറിയം മുതലായവയും അനുബന്ധമായി നിര്‍മ്മിക്കും. രാമായണ സംഭവങ്ങളെ അനുസ്മരിപ്പിക്കുന്ന സ്വര്‍ണ്ണനിറമുള്ള നിര്‍മ്മിതികള്‍ ക്ഷേത്ര സമുച്ചയത്തിലുണ്ടാകും. ഇതിനുപുറമെ ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രം എന്ന നിലയില്‍ അയോദ്ധ്യയില്‍ എയര്‍പോര്‍ട്ട്, റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്റ് എന്നിവ ഏറെ സൗകര്യങ്ങളോടെ വിപുലപ്പെടുത്തും. വലിയൊരു ടൗണ്‍ഷിപ്പ് അയോദ്ധ്യയില്‍ നിര്‍മ്മിക്കും. പതിനായിരക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് താമസിക്കാനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യം ഏര്‍പ്പെടുത്തും. ഭാരതീയ സാഹിത്യങ്ങളും ദര്‍ശനങ്ങളും പഠിപ്പിക്കാനുള്ള വേദ യൂണിവേഴ്‌സിറ്റിയും പദ്ധതിയില്‍ ഉണ്ട്.
ഇസ്ലാമിക ഭരണാധികാരികളാല്‍ 17 തവണ തകര്‍ക്കപ്പെട്ട ഗുജറാത്തിലെ സോമനാഥക്ഷേത്രം സ്വാതന്ത്ര്യാനന്തരം ഉപപ്രധാനമന്ത്രി സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ നേതൃത്വത്തില്‍ പുനര്‍നിര്‍മ്മിക്കുകയും പ്രഥമ പ്രസിഡന്റ് ഡോ.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. എന്നാല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ചടങ്ങില്‍ പങ്കെടുത്തില്ല. 70 വര്‍ഷങ്ങള്‍ക്കുശേഷം സമാനമായ സാഹചര്യത്തില്‍ പ്രസിഡന്റും പ്രധാനമന്ത്രിയും ഭരണകൂടം പൂര്‍ണ്ണമായും പിന്തുണച്ചുകൊണ്ടുള്ള ക്ഷേത്രനിര്‍മ്മാണം എന്നത് നിയതിയുടെ നിയോഗമായിട്ടേ കാണുവാന്‍ സാധിക്കുകയുള്ളൂ. ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവതിന്റെ ചടങ്ങിലെ സാന്നിധ്യം ലോകത്തുള്ള മുഴുവന്‍ ഹൈന്ദവ പ്രസ്ഥാനങ്ങളുടേയും സാന്നിധ്യമായും കരുതാവുന്നതാണ്.