‘മാനിഷാദ’. അരുത് കാട്ടാളാ അരുത്! സ്‌നേഹവാത്സല്യത്തിന്റെ പരകോടിയില്‍ ആനന്ദിക്കുകയായിരുന്ന നിഷ്‌കളങ്കരായ ഇണക്കുരുവികളില്‍ ഒന്നിനെ അമ്പെയ്തു വീഴ്ത്തിയ വേടനോട് മഹാമുനി പറഞ്ഞു. ‘മാനിഷാദാ…’
‘മാനിഷാദാ…’ എന്നതാണ് രാമായണത്തിന്റെ സന്ദേശം. അരുത് കാട്ടാളാ എന്നുപറയുന്നത് കാട്ടാളനോടുമാത്രമല്ല; എല്ലാ തിന്മകളോടും ക്രൂരതകളോടുമാണ്.
തമസാനദിയില്‍ സ്‌നാനം ചെയ്തുകൊണ്ടിരുന്ന വാല്മീകി മഹര്‍ഷിയാണ് മാനിഷാദാ… എന്നു വിലക്കിയത്. ഒരു വേടന്‍ ക്രൗഞ്ചമിഥുനങ്ങളില്‍ ഒന്നിനെ അമ്പെയ്തു വീഴ്ത്തിയതു കണ്ടപ്പോള്‍ മഹര്‍ഷിയിലുണ്ടായ വികാരക്ഷോഭം, ഉല്‍ക്കടമായ ദുഃഖം ”മാനിഷാദ പ്രതിഷ്ഠാം…” എന്ന ശ്ലോക രൂപത്തില്‍ ലോകത്തിലെ ആദ്യ കവിതയായി പ്രവഹിക്കുകയായിരുന്നു.
ഈ സന്ദര്‍ഭത്തില്‍ അവിടെ എത്തിപ്പെട്ട ബ്രഹ്മാവ് ആ ശ്ലോകരൂപത്തില്‍ സൂര്യവംശത്തിലെ ശ്രീരാമചന്ദ്രന്റെ കഥ രചിക്കുവാന്‍ ഉപദ്ദേശിച്ചതായി ഐതിഹ്യം.
”ആരുണ്ടീലോകത്തില്‍ ഗുണവാനും വീര്യവാനും ആയിട്ടു മഹര്‍ഷേ, ഇത്തരമൊരാളെ അറിയാന്‍ കഴിവുള്ള ആളാണല്ലൊ അങ്ങ്.”വാല്മീകിയുടെ ഈ ചോദ്യത്തിനു നാരദന്‍ നല്‍കിയ മറുപടി ”അറിഞ്ഞുകൊണ്ടു ഞാന്‍ പറയാം. അല്ലയൊ മുനേ ഇക്ഷ്വാകു വംശത്തില്‍ പിറന്നവനും രാമനെന്ന പേരില്‍ ജനശ്രുതിയുള്ളവനുമായ ആ നരനെക്കുറിച്ച് അറിഞ്ഞാലും.” ഇങ്ങനെയാണ് രാമായണം രൂപപ്പെട്ടത്.
യഥാര്‍ത്ഥ നരനെ അവതരിപ്പിച്ച വാല്മീകിക്ക് യഥാര്‍ത്ഥ നാരിയെ അവതരിപ്പിക്കാതെ നിവൃത്തിയില്ലാതെ വന്നു. രാമായണം; രാമന്റെ അയനമായിരിക്കാം. എന്നാല്‍ അത് സീതയുടെ അയനം കൂടിയാണ്. രാമന്റെ ജീവിതത്തിനു പൂര്‍ണ്ണത കൊടുക്കാന്‍ മണ്ണിന്നടിയില്‍ നിന്നും കൊണ്ടുവരപ്പെട്ട ജാനകി; ദശരഥി. അങ്ങിനെയാണ് ഭാരതീയ സംസ്‌കാരത്തിന്റെ ഉറവ വറ്റാത്ത അമൃതധാരകളിലൊന്നായ വാല്മീകി രാമായണം രചിക്കപ്പെട്ടത്.
ഭാരതത്തിന്റെ ആദികാവ്യമായ രാമായണത്തില്‍ ശ്രീരാമന്റെ ജീവിതകഥയാണ് ഇതിവൃത്തം. വാല്മീകി രചിച്ച ഈ വിശ്വസാഹിത്യകൃതിയെ അവലംബമാക്കി മറ്റു പ്രശസ്ത സാഹിത്യകാരന്മാരും രാമായണം പലഭാഷകളിലുമായി എഴുതിയിട്ടുണ്ട്. വാല്മീകിക്ക് മുമ്പ് തന്നെ രാമകഥ ഉണ്ടായിരുന്നതായും വാമൊഴിയായി ദേശകാലാതിര്‍ത്തികള്‍ കടന്നു പ്രചരിക്കുകയും ഇങ്ങനെ കേട്ടറിഞ്ഞ രാമകഥ വരമൊഴിയായി രേഖപ്പെടുത്തിയത് വാല്മീകിയാവാം എന്നും ചരിത്രകാരന്മാര്‍ വ്യാഖ്യാനിക്കുന്നു.
5000 വര്‍ഷം പഴക്കമുള്ള രാമായണം കള്ളനില്‍ നിന്നും കവിയായി വളര്‍ന്ന വാല്മീകിയിലൂടെയാണ് ലഭ്യമായത്. 24,000 ശ്ലോകങ്ങളുള്ള രാമായണത്തിനു എത്രയോ വകഭേദങ്ങളുണ്ട്. ബാലകാണ്ഡം മുതല്‍ യുദ്ധകാണ്ഡം വരെയുള്ള ആറുഭാഗങ്ങളിലായിട്ടാണ് അദ്ധ്യാത്മ രാമായണം.
ഭാരതത്തില്‍ മാത്രമല്ല ഇന്തോനേഷ്യ, ശ്രീലങ്ക, മലേഷ്യ, തായ്‌ലന്‍ഡ്, ബര്‍മ്മ, ലാവോസ്, കമ്പൂച്ചിയ തുടങ്ങിയ പലരാജ്യങ്ങളിലും രാമായണമുണ്ട്. ഒരു സമൂഹത്തില്‍ ആവശ്യമായ ധര്‍മ്മങ്ങള്‍, ആചാരമര്യാദകള്‍, ഉത്തമരാജനീതി, ജനക്ഷേമധര്‍മ്മം, പുത്രധര്‍മ്മം, സഹോദരസ്‌നേഹം എന്നിവ രാമായണത്തിലെ ആറുകാണ്ഡങ്ങളിലൂടെ (എഴുകാണ്ഡം) വ്യക്തമാക്കുന്നു. ഉത്തരകാണ്ഡത്തില്‍ വാല്മീകി തന്നെ രാമായണത്തിലെ ഒരു കഥാപാത്രമായി മാറുന്നു. രാമനെ ഉത്തമ പുരുഷനായി വാല്മീകി അവതരിപ്പിക്കുകയാണ്. ഭാരതീയ സങ്കല്പമനുസരിച്ച് നാലു യുഗങ്ങളില്‍ ത്രേതായുഗത്തിലാണ് ശ്രീരാമാവതാരം. ശ്രീരാമനെ ദൈവമായി ആരാധിക്കുമ്പോഴും ശ്രീരാമന്‍ നരനാണൊ നാരായണനാണൊ എന്ന യുക്തിചിന്ത നമ്മെ സംശയത്തിലാക്കുന്നു. ധര്‍മ്മാധര്‍മ്മ വിചാരം മനസ്സില്‍ ഉണര്‍ത്തുകയും പാപചിന്തകളില്‍ നിന്നും മോചനം ലഭിക്കുകയും ചെയ്യുന്നു. ഒരു പ്രജക്ക് രാജാവിന്റെ ആത്മശുദ്ധിപോലും ചോദ്യം ചെയ്യാന്‍ കഴിയുന്ന ഒരു രാജ്യമായിരുന്നു വ്യവസ്ഥയായിരുന്നു, രാമായണം വിഭാവനം ചെയ്തത്.
വന്‍കരയിലെ വലിയൊരു ജനസമൂഹത്തിന്റെ ദേശീയതയുടെയും ആദ്ധ്യാത്മികതയുടെയും ഉല്‍കൃഷ്ടമായ മാനവികതയുടെയും രാജധര്‍മ്മത്തിന്റെയും ഉണര്‍ത്തുപാട്ടായി ഈരടികള്‍, തീര്‍ത്ഥജലമായി മനസ്സിലൂടെ കടന്നുപോകുമ്പോള്‍ വിശുദ്ധിയുടെ പാരമ്യത്തിലൂടെ സായൂജ്യമടയുന്നു. ആദ്ധ്യാത്മിക പൈതൃകത്തിന്റെ വിലപ്പെട്ട ഈടുവെപ്പാണ് രാമായണം.
ഇന്നും ഉസ്ബക്കിസ്ഥാന്‍ മുതല്‍ ഫിലിപ്പീന്‍സ് വരെയും മൗറീഷ്യസ് മുതല്‍ വിയറ്റ്‌നാം വരെയുമുള്ള പതിനാലോളം ഏഷ്യന്‍ രാജ്യങ്ങളിലെ സാംസ്‌കാരിക ജീവിതത്തില്‍ രാമായണത്തിനു സ്വാധീനമുണ്ട്. ജൈനമതത്തിലും രാമകഥയ്ക്ക് പ്രധാന സ്ഥാനമുണ്ട്. ശ്രീരാമനെ ശ്രീബുദ്ധന്റെ മുന്‍കാല ജന്മങ്ങളില്‍ ഒന്നായി കാണുന്നു. രാമനെ ബോധിസത്വന്‍ എന്നാണ് ബുദ്ധമതക്കാര്‍ വിളിക്കുന്നത്. ജൈനമത സാഹിത്യത്തില്‍ ‘രാമ ലവവണച്ചരിതം’, ‘സീതാചരിതം’ എന്നിങ്ങനെയുണ്ട്. ചൈനീസ് ഭാഷയിലും ടിബറ്റന്‍ ഭാഷയിലും രാമായണമുണ്ട്. ഇന്തോനേഷ്യക്കാരുടെ ജീവിതത്തില്‍ രാമായണത്തിനു വളരെ സ്വാധീനമുണ്ട്. സേതുബന്ധനം, പ്രയാഗ, സരയൂ, അയോദ്ധ്യ എന്നിങ്ങനെയുള്ള പേരുകള്‍ അവിടെയുണ്ട്. തായ്‌ലന്‍ഡുകാരുടെ പഴയ തലസ്ഥാനം ‘അയോത്തീയ’ ആയിരുന്നു. അവിടത്തെ ചക്രവര്‍ത്തിയുടെ സ്ഥാനപ്പേര് ‘ഭൂമിബാല്‍ ശ്രീഅതുല്ല്യഭാഗ്യശ്രീരാമ’ എന്നാണ്. ശ്രീരാമനെ മതേതരത്വത്തിന്റെ പ്രതീകമായും നീതിമാനായും ചിലര്‍ ആദരിക്കുന്നു. പല മുസ്ലീം രാഷ്ട്രങ്ങളിലും രാമായണം ബാലെ രാമായണോത്സവങ്ങള്‍ നടക്കുന്നുണ്ട്.
ശ്രീരാമന്റ കാലഘട്ടത്തില്‍ വാല്മീകിയും ജീവിച്ചിരുന്നതായി പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അയോധ്യയുടെ തെക്കുഭാഗത്തുള്ള തമസ്സാനദി തീരത്തായിരുന്നു വാല്മീകിയുടെ ആശ്രമം. അവിടെ വെച്ചായിരുന്നു അദ്ദേഹം രാമായണം രചിച്ചത്. ക്രിസ്തുവിനും 800വര്‍ഷങ്ങള്‍ക്കുമുമ്പാണ് രാമായണം രചിക്കപ്പെട്ടതെന്ന് ആധുനിക ചരിത്രകാരന്മാര്‍ പറയുമ്പോള്‍ ഭാരതീയ വിശ്വാസമനുസരിച്ച് ത്രേത്രായുഗത്തിന്റെ അന്ത്യത്തിലാണ് ശ്രീരാമന്‍ വസിച്ചിരുന്നത്. വരുണന്റെ പുത്രനായ വാല്മീകിക്കു കര്‍മ്മദോഷത്താല്‍ കൊള്ളക്കാരനായി വനത്തില്‍ കഴിയേണ്ടി വന്നു. സപ്തര്‍ഷികളാണ് രത്‌നാകരനെ വാല്മീകി മഹര്‍ഷിയാക്കി മാറ്റിയത്. ത്രേതായുഗത്തില്‍ ജീവിച്ചിരുന്ന ഒരു കാട്ടാളനായ രത്‌നാകരന്റെ ഭാര്യ അയാളോട് ചോദിച്ച ചോദ്യം ലോകനീതിയുടെ തത്ത്വശാസ്ത്രമായിരുന്നു. ”താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍; താന്താനനുഭവിച്ചീടുകെന്നെ വരൂ…”
ഭാരതീയ ചിന്താധാരയിലെ ഇത്തരം അമൂല്യ ധര്‍മ്മശാസ്ത്ര തത്ത്വങ്ങളാണ് സനാതന ധര്‍മ്മത്തിലെ അടിവേരുകള്‍.
രാമായണത്തിനുശേഷം ഉണ്ടായ ഇതിഹാസമാണ് മഹാഭാരതം. ഇതില്‍ നാലിടത്ത് രാമകഥ പറയുന്നുണ്ട്. ഇതിവൃത്തത്തിന്റെ മഹത്വംകൊണ്ടും ആഖ്യാനത്തിന്റെ ആകര്‍ഷണീയതകൊണ്ടും ഒരിക്കലും പുതുമ നശിക്കാത്ത ഈ ഇതിഹാസത്തിനു തുല്യമായി വിശ്വസാഹിത്യത്തില്‍ അധികം കൃതികളില്ല. ഭാരതീയ സംസ്‌കൃതിയുടെ ഉറവ വറ്റാത്ത ശക്തിസ്രോതസ്സാണ് വാല്മീകി രാമായണം. കാവ്യങ്ങള്‍, മഹാകാവ്യങ്ങള്‍, കാവ്യനാടകങ്ങള്‍, നാടകങ്ങള്‍, നോവലുകള്‍, ചെറുകഥകള്‍ എന്നീ സാഹിത്യശാഖകളിലെല്ലാം രാമായണകഥകള്‍ പിറന്നിട്ടുണ്ട്.
എ.ഡി 400ല്‍ രാമായണകഥയെ അടിസ്ഥാനമാക്കി രഘുവംശം എന്ന സാഹിത്യകൃതി മഹാകവി കാളിദാസന്‍ രചിച്ചിട്ടുണ്ട്. മലയാളത്തില്‍ സി.എന്‍. ശ്രീകണ്ഠന്‍നായരുടെ ലങ്കാദഹനം, കാഞ്ചനസീത, സാകേതം എന്നീ നാടകങ്ങള്‍, വയലാറിന്റെ രാവണപുത്രി, കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത (ഈ വിശിഷ്ട കൃതിയുടെ ശതാബ്ദി ആഘോഷം നടന്നുകൊണ്ടിരിക്കുകയാണ്) ഇവയൊക്കെ രാമകഥയില്‍ നിന്നും പുനര്‍ജനിച്ചതാണ്. തുളസീദാസ്, കബീര്‍ദാസ്, തുക്കാറാം, കമ്പര്‍, മാധവ കുന്ദുളി തുടങ്ങിയവരൊക്കെ സ്വന്തമായി രാമായണം പുനര്‍ വ്യാഖ്യാനം ചെയ്തിട്ടുണ്ട്. ലോകത്തില്‍ ഒരുഗ്രന്ഥത്തിന്റെ തന്നെ ഏറ്റവും കൂടുതല്‍ വ്യത്യസ്ത വ്യാഖ്യാനങ്ങളായി ഇറങ്ങിയിട്ടുള്ളത് രാമായണമാണ്. സംസ്‌കൃതഭാഷയില്‍ മാത്രമായി 21 രാമായണങ്ങളുണ്ട്.
കേരളീയര്‍ ആദ്യം ഓര്‍ക്കുക എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണമാണ്. മലയാള ഭാഷയുടെ പിതാവായി വിശേഷിപ്പിക്കുന്ന തുഞ്ചത്ത് എഴുത്തച്ഛന്‍ സംസ്‌കൃതത്തിലെ അദ്ധ്യാത്മ രാമായണത്തെ അടിസ്ഥാനമാക്കിയാണ് മലയാളത്തില്‍ അദ്ധ്യാത്മ രാമായണം എഴുതിയത്. കിളി കഥ പറയുന്ന രീതിയില്‍ എഴുതിയിരിക്കുന്നതിനാല്‍ ‘അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്’ എന്നും പേരുണ്ട്.
പതിനാറാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഈ കൃതി ഭക്തിയുടെ കാര്യത്തിലും സാഹിത്യഗുണത്തിലും യഥാര്‍ത്ഥ കൃതിയെക്കാള്‍ വളരെയേറെ മികച്ചതായി വിലയിരുത്തപ്പെടുന്നു. മലയാളത്തില്‍ ഇന്നും ഏറ്റവും അധികം കോപ്പി വില്‍ക്കപ്പെടുന്ന ഗ്രന്ഥം രാമായണമാണ്.
അദ്ധ്യാത്മ രാമായണത്തിനു മുമ്പെ പതിനാലാം നൂറ്റാണ്ടില്‍ കേരളത്തില്‍ ‘രാമകഥ’ പ്രചരിച്ചിരുന്നു. ചീരാമന്‍ എന്ന ആള്‍ എഴുതിയ ‘രാമചരിതം’ മലയാളത്തില്‍ രൂപപ്പെട്ടുവന്ന ആദ്യകാല കൃതിയാണ്. അയ്യമ്പള്ളി ആശാന്റെ രാമകഥാപ്പാട്ട് പിന്നീടാണുണ്ടായത്. കണ്ണശ്ശ രാമായണം, അദ്ധ്യാത്മ രാമായണം എന്നിങ്ങനെയുണ്ട്. കേരളവര്‍മ്മ രാമായണം, ഇതില്‍ കൂടുതല്‍ പേരും പാരായണം ചെയ്യുന്നത് അദ്ധ്യാത്മ രാമായണമാണ്.
ഉമാമഹേശ്വരസംവാദരൂപത്തിലാണ് ഇത് രചിക്കപ്പെട്ടത്; രാമായണം മാത്രമല്ല മറ്റനേകം ആദ്ധ്യാത്മിക ശാസ്ത്രങ്ങളും ഉമാമഹേശ്വര സംവാദമായിട്ടാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.
സംസ്‌കൃതത്തിലെ അദ്ധ്യാത്മ രാമായണത്തിന്റെ മൊഴിമാറ്റമല്ല എഴുത്തച്ഛന്‍ നിര്‍വ്വഹിച്ചത്; വിവിധ രാമകഥകളുടെ സത്ത ആവാഹിച്ച് പുതിയൊരു രാമായണം സൃഷ്ടിക്കുകയായിരുന്നു. ഒട്ടേറെ സ്വതന്ത്ര കല്‍പനകളും അദ്ധ്യാത്മ രാമായണം കിളിപ്പാട്ടില്‍ ദൃശ്യമാണ്. അദ്ധ്യാത്മ രാമായണം കിളിപ്പാട്ടിലെ ഏറ്റവും പ്രധാന ഭാഗമാണ് ലക്ഷ്മണോപദേശം ”ഭോഗങ്ങള്‍ ക്ഷണപ്രഭാചഞ്ചലമാണെന്നും ജന്തുജീവിതം പെട്ടെന്നു അസ്തമിക്കുമെന്നും രാമന്‍ ലക്ഷ്മണനെ ബോധ്യപ്പെടുത്തുന്നു. ”വത്സ സൗമിത്രേ…” എന്ന സംബോധനയോടെയുള്ള ഈ ഉപദേശം ലോകത്തിനു ശാന്തിമന്ത്രമായി മാറുകയാണ്. മഹാകവി വള്ളത്തോള്‍ എഴുത്തച്ഛനെ വിശേഷിപ്പിച്ചത്. ‘പുതുമലയാണ്മതന്‍ മഹേശ്വരന്‍…!’ എന്നാണ്.
”താന്‍ താന്‍ നിരന്തരം….” കാട്ടാളനും കൊള്ളക്കാരനുമായ രത്‌നാകരന്റെ ഭാര്യ നിരക്ഷരയായ ഒരു ഗോത്രവര്‍ഗ്ഗ സ്ത്രീ ഇത്രയും മഹത്തായ നീതിശാസ്ത്രം ഭര്‍ത്താവിനോടു പറയുമ്പോള്‍ ആര്‍ഷ ഭാരതീയ സംസ്‌കൃതിയുടെ അടിവേരുകള്‍ രാമായണത്തില്‍ നമുക്കു കാണാനാവും. രാമായണത്തിലൂടെ നാം കണ്ടെത്തുന്ന ധാര്‍മ്മിക മൂല്യങ്ങള്‍ ലക്ഷ്‌ണോപദേശം, രാമസീതാതത്വം, ക്രിയാമാര്‍ഗ്ഗോപദേശം, സമ്പാതിവാക്യം, സീതാസ്വയംവരം, അഹല്യാമോക്ഷം, ബാലിവധം, ഹനുമാന്‍, സീതസംവാദം. ഇത്തരം കര്‍മ്മയജ്ഞങ്ങളിലെ ധര്‍മ്മാധര്‍മ്മങ്ങള്‍ സാമാന്യ ജനങ്ങള്‍ക്കു വ്യക്തമാകും വിധം വിവരിക്കുന്നുണ്ട്. ലക്ഷ്മണന്‍ ശ്രീരാമന്റെ കൂടെ വനത്തില്‍ പോകുവാന്‍ ഒരുങ്ങുമ്പോള്‍ ശ്രീരാമനെ അച്ഛനായും സീതയെ മാതാവായും വനത്തെ അയോധ്യയായും കണ്ട് സുഖമായി പോയിവരിക എന്നു പറഞ്ഞാണ് സുമിത്ര മാതാവ് അനുഗ്രഹിച്ചത്. അധികാരവും പദവിയുമല്ല ത്യാഗവും സ്‌നേഹവുമാണ് യഥാര്‍ത്ഥ മാനവികതയെന്നു അധികാരം ത്യജിച്ചുകൊണ്ട് ഭരതന്‍ അനുഷ്ഠിച്ച ‘പാദുക പട്ടാഭിഷേകം’ വ്യക്തമാക്കുന്നു. ”ഞാന്‍ എന്തുതെറ്റു ചെയ്തിട്ടാണ് എന്നെ വധിക്കുന്നത്…” എന്ന ബാലിയുടെ ചോദ്യത്തിനു ”ധര്‍മ്മം രക്ഷിക്കുകയാണ് എന്റെ ദൗത്യം….” എന്നു ശ്രീരാമന്‍ പറയുകയുണ്ടായി. സഹോദര ഭാര്യയെ ബലാല്‍ക്കാരമായി പിടിച്ചുകൊണ്ടു പോയി അന്തഃപുരിയില്‍ താമസിപ്പിച്ചത് രാജധര്‍മ്മമല്ല. ധര്‍മ്മശാസ്ത്രങ്ങള്‍ സ്ത്രീകളെ അപമാനിക്കുന്നത് കടുത്ത അപരാധമായി ചൂണ്ടിക്കാട്ടുന്നുണ്ട്.
രാമായണ കഥാപാത്രങ്ങളില്‍ സമുന്നതസ്ഥാനം അലങ്കരിക്കുന്ന കഥാപാത്രമാണ് ഹനുമാന്‍. രാമായണം മുഴുവന്‍ അരിച്ചുപൊറുക്കിയാലും ഈ വാനരശ്രേഷ്ഠനെ വെല്ലാന്‍ ഒരു കഥാപാത്രമുണ്ടാകില്ല. ഹനുമാന്‍ ഇല്ലായിരുന്നെങ്കില്‍ രാമായണത്തിന്റെ ഗതി തന്നെ എന്താകുമായിരിക്കും….?
”ഒരു കാവ്യത്തിന്റെ അനുശീലനംകൊണ്ട് വര്‍ഷംതോറും ഒരു നിശ്ചിതകാലത്ത് സാംസ്‌കാരികമായ ഉയിര്‍പ്പ് ശീലമാക്കിയ മറ്റൊരു ജനസമൂഹവും ലോകത്ത് വേറെയില്ല. ഇന്ത്യയില്‍ തന്നെ ഭക്തിപ്രസ്ഥാനം എല്ലായിടത്തുമുണ്ടായെങ്കിലും ഇങ്ങനെ ഒരു പതിവ് വേറെയെങ്ങുമില്ല” (സി.രാധാകൃഷ്ണന്‍). സ്വാമി വിവേകാനന്ദന്‍ സീതയെപ്പറ്റി ഇങ്ങനെ എഴുതി. ‘കഴിഞ്ഞകാലത്തെ ലോകസാഹിത്യം മുഴുവന്‍ നിങ്ങള്‍ വായിച്ചുതീര്‍ത്താലും സീതയെ പോലെ ഒരു കഥാപാത്രത്തെ കാണാനാവില്ല.”
പതിവായി പറയാറുള്ള ഒരു വാക്കാണ് ”സീതയോളം ക്ഷമിക്കുക…” എന്നത് രാമായണത്തില്‍ ഏറ്റവും ദുരിതങ്ങളും പരീക്ഷണങ്ങളും ഏറ്റുവാങ്ങേണ്ടിവന്ന കഥാപാത്രമാണ് സീത. ഭൗതിക ജീവിതത്തിലെ പരീക്ഷണ ഘട്ടങ്ങളില്‍ നാം തളര്‍ന്നുവീഴുമ്പോള്‍ ആദികവിയുടെ ഈ ഉണര്‍ത്തുപാട്ട് ശക്തിസ്രോതസ്സായിത്തീരും.