ഇ.എസ്. ബിജുവിന്റെ വിജ്ഞാനപ്രദവും, വസ്തുനിഷ്ഠവുമായ ലേഖനം ‘സംവരണ വിഷയത്തിലെ കാണാപ്പുറങ്ങള്‍’ (2020 നവംബര്‍ 27) സശ്രദ്ധം വായിച്ചു. ഈ ലേഖകന്റെ ശ്രദ്ധയില്‍പ്പെട്ട ചില വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നു. 1.ആരംഭത്തില്‍ത്തന്നെ ലേഖകനെഴുതുന്നു. ”സംസ്ഥാനത്ത് 1979നുശേഷം സംവരണം എന്ന വിഷയം സജീവമായ ചര്‍ച്ചയ്ക്ക് കളമൊരുങ്ങിയിരിക്കുകയാണ്. മുന്നാക്കത്തില്‍ പിന്നാക്കമായ സമൂഹത്തിന് 10% സംവരണം ഭരണഘടനാ ഭേദഗതിയിലൂടെ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിലൂടെയാണ് ചര്‍ച്ചയ്ക്ക് ആരംഭം കുറിച്ചത്.”
കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം 2019-2020ല്‍ മാത്രമായിരിക്കേ ലേഖനത്തിലെ ആരംഭത്തിലെ പ്രതിപാദനത്തില്‍ ഒരു വിരുദ്ധതയില്ലേ? ഒ.ബി. സി. എന്ന വിഭാഗത്തില്‍ നിന്നും ഒ. ഇ.സി. (അദര്‍ എലിജിബിള്‍ കമ്മ്യൂണിറ്റി) എന്നൊരു വിഭാഗം ഏതാണ്ട് പത്തുവര്‍ഷം (കൃത്യവര്‍ഷം എനിയ്ക്ക് വശമില്ല) മുന്‍പ് കേരള സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്. അവര്‍ക്ക് 2% സംവരണവും നല്‍കിയിട്ടുണ്ട്. പ്രസ്തുത വിഭാഗത്തിന് എസ്.സി./എസ്.ടി വിഭാഗങ്ങള്‍ക്ക് നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. അതിന്റെ ഉപഭോക്താക്കള്‍ പ്രധാനമായും ധീവര സഭയാണെന്ന് ഇതെഴുതുന്ന ലേഖകന് വ്യക്തിപരമായി അറിയാം.
ന്യൂനപക്ഷ സംവരണത്തിന് അഖിലേന്ത്യാതലത്തില്‍ തുടര്‍ന്നുവരുന്ന മാനദണ്ഡങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന കാര്യത്തില്‍ ഒട്ടും തര്‍ക്കമില്ല.
ഉദാഹരണത്തിന് 2011ലെ സെന്‍സസ് അനുസരിച്ച് കേരളത്തില്‍ 26% മുസ്ലിങ്ങളും 19% ക്രിസ്ത്യാനികളുമാണ്. അതായത് 55% ഹിന്ദുക്കള്‍. പുതിയ സെന്‍സസ്സ് (2021) എടുക്കുകയാണെങ്കില്‍, മാനദണ്ഡം സംസ്ഥാനതലത്തില്‍ നടപ്പാക്കുകയാണെങ്കില്‍ നിലവിലുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പദവി നഷ്ടപ്പെടും. കഷ്ടകാലത്തിന് ഈ കാര്യങ്ങള്‍ ഉന്നയിച്ച് പരമോന്നത കോടതിയിലുന്നയിച്ച എഫ്.ഐ. ആര്‍. കോടതി നിരസിച്ചു. ഇന്ത്യയെന്ന ഒറ്റ രാജ്യത്തെ കണക്കാക്കി മാത്രമേ ന്യൂനപക്ഷ പദവി നല്‍കാന്‍ പറ്റൂ എന്നായിരുന്നു കോടതി പക്ഷം. ചുരുക്കിപ്പറഞ്ഞാല്‍ കേരളമടക്കം പല സംസ്ഥാനങ്ങളിലും ‘ഭൂരിപക്ഷ’ സമുദായമായ ഹിന്ദുക്കള്‍ ന്യൂനപക്ഷ സമുദായത്തിന്റെ കാല്‍ക്കീഴില്‍ നില്‍ക്കേണ്ടിവരുമെന്ന ദുഃഖസത്യം അംഗീകരിച്ചേ പറ്റൂ!