അഭയ കേസിലെ വിധി യഥാര്‍ത്ഥത്തില്‍ കേരളം കാതോര്‍ത്തിരുന്നതാണ്. 28 വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി തീര്‍പ്പാക്കിയത്. ഇത് ഒരു കൊലപാതകം സംബന്ധിച്ച വിഷയം മാത്രമല്ല ഒരു സമൂഹം നേരിടുന്ന വലിയ പ്രതിസന്ധിയുടെ ആഴമെത്രയാണ് എന്നത് വിളിച്ചോതുന്ന കാര്യം കൂടിയാണ്. മറ്റൊന്ന് സത്യത്തെ അട്ടിമറിക്കാന്‍ ഒരു സംഘടിത മത സമൂഹത്തിന് എന്തൊക്കെ ചെയ്യാനാവും, എത്രത്തോളം പോകാനാവും എന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് ഈ കേസിന്റെ ചരിത്രം. സ്വന്തം മതത്തിന്, സമുദായത്തിനുവേണ്ടി ഏതറ്റം വരെയും പോകാന്‍ തയ്യാറുള്ളവര്‍ ചില സുപ്രധാന കേന്ദ്രങ്ങളില്‍ വിരാജിക്കുമ്പോള്‍ സത്യവും നീതിയും അട്ടിമറിക്കപ്പെടും എന്നതും നമ്മളെ ഇത് ബോധ്യപ്പെടുത്തുന്നു.
ചരിത്രം ഏറെ വിവരിക്കേണ്ടതില്ല എന്നറിയാം; എന്നാല്‍ ചിലത് സൂചിപ്പിക്കാതെയും വയ്യല്ലോ. കോട്ടയത്ത് ക്‌നാനായ സഭയുടെ കീഴിലെ ടെന്‍ത് പയസ് കോണ്‍വെന്റില്‍ 1992 മാര്‍ച്ചിലാണ് ദാരുണമായ മരണം നടന്നത്. രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന സിസ്റ്റര്‍ അഭയ ആ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. മുങ്ങിമരിക്കാന്‍ തക്കവിധമുള്ള വെള്ളം ആ കിണറ്റില്‍ ഇല്ലായിരുന്നു എന്നത് ആദ്യമേ വ്യക്തമായി. എന്നാല്‍ ക്രൈസ്തവ സഭക്ക് ഭരണ – പോലീസ് മേഖലയിലുള്ള സ്വാധീനമുപയോഗിച്ച് ആദ്യമേ തന്നെ ആ ദാരുണ മരണത്തെ ആത്മഹത്യയാക്കാന്‍ തീരുമാനിച്ചു. കേരള പോലീസ്, ക്രൈം ബ്രാഞ്ച് ഒക്കെയും ക്രൈസ്തവ സഭയുടെ താല്പര്യസംരക്ഷണത്തിനായി നിലകൊണ്ടു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് മുതല്‍ അട്ടിമറിശ്രമങ്ങള്‍ നടന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അപ്പോള്‍ കൂടുതല്‍ ഒന്നും പറയേണ്ടതില്ലല്ലോ. അതൊക്കെ ഇപ്പോള്‍ സിബിഐ കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ അവസാനം കേസ് സിബിഐക്ക് കൈമാറി. അത് ഈ കേസിലെ വഴിത്തിരിവായിരുന്നു എന്നത് ഇപ്പോള്‍ പറയാതെ വയ്യ.
പക്ഷെ സിബിഐയും ആദ്യം എന്താണ് ചെയ്തതെന്നതും നാം കണ്ടു; കേരളാ പോലീസിന്റെയും ക്രൈം ബ്രാഞ്ചിന്റെയും പിന്നാലെയാണ് അവരും യാത്രചെയ്തത്. ആത്മഹത്യ എന്ന നിലപാടിലേക്ക് അവരെത്തി. വേറൊന്ന് അവര്‍ നിരത്തിയ ന്യായം, തെളിവുകള്‍ മുഴുവന്‍ ആദ്യത്തെ അന്വേഷണ സംഘങ്ങള്‍ അട്ടിമറിച്ചു എന്നതാണ്. അങ്ങിനെ തുടരന്വേഷണം ആവശ്യമില്ലെന്ന നിഗമനത്തിലേക്ക് അവരെത്തി; അതിനായി ‘ക്‌ളോഷര്‍ റിപ്പോര്‍ട്ട്’ അവര്‍ കോടതിയിലെത്തിച്ചു. ഇവിടെ ശ്രദ്ധിക്കേണ്ടത്, സിബിഐക്ക് മേല്‍ കേസ് തേയ്ച്ചുമാച്ചു കളയാന്‍ അത്രയേറെ സമ്മര്‍ദ്ദമുണ്ടായിരുന്നു എന്നാണ്. സാധാരണ നിലക്ക് ഇത്തരമൊരു റിപ്പോര്‍ട്ട് കോടതി സ്വീകരിക്കാറാണ് പതിവ്. എന്നാല്‍ എറണാകുളത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (സിജെഎം) സ്വീകരിച്ച നിലപാടുകള്‍ ഇവിടെ സത്യം മറച്ചുവെക്കപ്പെടുന്നു എന്ന തോന്നല്‍ ശക്തമാക്കി. അന്ന് സിജെഎം ആയിരുന്ന ആന്റണി മൊറെയ്‌സ് പുറപ്പെടുവിച്ച ഉത്തരവ് അതില്‍ അതീവ നിര്‍ണ്ണായകമായി; 2000-ലായിരുന്നു അത്. തെളിവുകളില്ല എന്ന സിബിഐ നിഗമനത്തെ ചോദ്യം ചെയ്ത കോടതി അത്യാധുനിക ശാസ്ത്രീയ അന്വേഷണ സംവിധാനങ്ങള്‍ ഉണ്ടെന്നും അതിനെ ആശ്രയിക്കാന്‍ തയ്യാറാകണമെന്നും നിര്‍ദ്ദേശിക്കുകയായിരുന്നു. സിജെഎമ്മുമാരായിരുന്ന കെ.കെ ഉത്തരന്‍, പി.ഡി.ശാര്‍ങ്ഗധരന്‍ എന്നിവരുടെ മുന്നിലെത്തിയ ക്‌ളോഷര്‍ റിപ്പോര്‍ട്ടുകളും നിരാകരിക്കപ്പെട്ടു എന്നത് ഓര്‍മ്മിക്കേണ്ടതുണ്ട്. ഒരിക്കലല്ല അനവധി തവണ കേസ് തുടച്ചുനീക്കാന്‍ സിബിഐ ശ്രമിച്ചു എന്നര്‍ത്ഥം. വര്‍ഗീസ് പി. തോമസിനെപ്പോലുള്ള ഉദ്യോഗസ്ഥര്‍ സ്വീകരിച്ച ശക്തമായ നിലപാടുകളും മറന്നുകൂടാ.
തീര്‍ന്നില്ല പ്രശ്‌നങ്ങള്‍; നീതിപീഠം പോലും സിജെഎം കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പ്രതികള്‍ക്ക് നാര്‍കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിംഗ് ടെസ്റ്റുകള്‍ നടത്തിയത്. അതാണ് യഥാര്‍ത്ഥത്തില്‍ വഴിത്തിരിവായത്. കൊലപാതകം നടന്ന രാത്രിയില്‍ നടന്നത് പ്രതികള്‍ വിവരിക്കുന്നത് പുറത്തുവന്നു. കൃത്യമായി അതൊക്കെ അവര്‍ വിശദീകരിക്കുന്നുണ്ട്. അത് പിന്നീട് പൊതുമണ്ഡലത്തിലുമെത്തിയതാണ്. ഒരു ക്രൈസ്തവ കോണ്‍വെന്റില്‍ നടക്കുന്ന അനാശാസ്യത്തിന്റെ ഭയപ്പെടുത്തുന്ന ചിത്രമാണ് ലോകം അതിലൂടെ കണ്ടത്. തീര്‍ച്ചയായും സിസ്റ്റര്‍ അഭയയുടെ മരണം ആത്മഹത്യയല്ല എന്ന് അതോടെ വെളിവായി അഥവാ തെളിഞ്ഞു. പിന്നീട് സിബിഐയ്ക്ക് ആ കേസ് കോടതി മുന്‍പാകെ തെളിയിക്കുക എന്നതായി ഉത്തരവാദിത്വം. പക്ഷെ, അപ്പോഴും പ്രശ്‌നങ്ങള്‍ അവരെ വേട്ടയാടിക്കൊണ്ടിരുന്നു. നാര്‍കോ ടെസ്റ്റുകള്‍ നടത്തുമ്പോള്‍ പ്രതികളുടെ അനുമതി ആവശ്യമാണ് എന്നും അതില്ലാതെയുള്ള ടെസ്റ്റുകളിലെ ഫലങ്ങള്‍ കോടതി സ്വീകരിക്കേണ്ടതില്ല എന്നും സുപ്രീം കോടതി പറഞ്ഞാലോ? അതും ഇന്ത്യയില്‍ നടന്നു. ആ ഉത്തരവിലെ ന്യായാന്യായങ്ങള്‍ വിശകലനം ചെയ്യാന്‍ ഏറെ സമയമാവശ്യമുണ്ട്; എന്നാല്‍ അത് അഭയ കേസിലെ പ്രതികള്‍ക്ക് രക്ഷയായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. അഭയ കേസിലെ പ്രതികളെ രക്ഷിക്കാനുള്ള ഉത്തരവാണ് അത് എന്നൊന്നും നമുക്ക് പറയാനാവില്ല; കോടതിയെ അവിശ്വസിക്കരുതല്ലോ. മാത്രമല്ല, അത് അത്യുന്നത നീതിപീഠത്തിന്റെ വിലയിരുത്തലാണ്. അതിനെ ബഹുമാനിച്ചല്ലേ തീരൂ.
വേറൊന്ന് ഒരു ന്യായാധിപന്‍, പ്രധാന ചുമതലകള്‍ വഹിക്കവെ, അഭയ കേസിലെ ടെസ്റ്റുകളുടെ ഫലങ്ങള്‍ പഠിച്ചിരുന്ന നാര്‍കോ അനാലിസിസ് ലാബില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയതാണ്. ആ ‘രഹസ്യ സന്ദര്‍ശനം’ ഏറെ വാര്‍ത്താ പ്രാധാന്യം അന്നേ സൃഷ്ടിച്ചിരുന്നു. സാധാരണ നിലക്ക് അങ്ങിനെയൊരു സന്ദര്‍ശനം ഒരു ന്യായാധിപന്‍ പതിവില്ല എന്നതും അന്നൊക്കെ പലരും ചൂണ്ടിക്കാണിച്ചിരുന്നതാണ്. അടുത്തിടെ വിവാദമായ ഒരു കേസില്‍ ഫോറന്‍സിക് ലാബില്‍ കേരളത്തിലെ ഒരു കോടതിയില്‍ നിന്ന് ഒരാള്‍ വിളിച്ചു എന്നത് ഏറെ വാര്‍ത്തയായത് ഓര്‍ക്കുക. ഫോറന്‍സിക് ലാബ്, നാര്‍കോ അനാലിസിസ് ലാബ് ഒക്കെ എന്നും നിഷ്പക്ഷത പുലര്‍ത്തേണ്ടുന്ന ഒന്നാണ്; അതിന് അതിനാവശ്യമായ സ്വാതന്ത്ര്യവുമുണ്ട്. അപ്പോഴേ ഒരു കേസ് തെളിയിക്കാന്‍ ആവശ്യമായ നിലപാടുകളും തീരുമാനങ്ങളും അവര്‍ക്ക് സ്വീകരിക്കാനാവൂ. കേരളത്തിലെ സഭകളുമായി അടുപ്പവും അതിലുപരി സഭയുടെ വക്താവിനെപ്പോലെ പരസ്യവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നയാളുമായ വ്യക്തി വഴിവിട്ട് നീങ്ങിയത് ഈ കേസിലെ ചില താല്പര്യങ്ങള്‍ കൊണ്ടാണ് എന്നത് അന്ന് പലരും പറയുകയുമുണ്ടായി എന്നത് സൂചിപ്പിക്കാതെ ചരിത്രം പൂര്‍ണ്ണമാവില്ല. മുന്‍ സിബിഐ ഡയറക്ടര്‍ എം. നാഗേശ്വര്‍ റാവുവിന്റെ ഒരു ട്വീറ്റ് ഇവിടെ ശ്രദ്ധിക്കേണ്ടതാണ്.
‘2016-18 കാലഘട്ടത്തില്‍ സിബിഐയുടെ ചെന്നൈ ജോയിന്റ് ഡയറക്ടര്‍ ആയിരിക്കവേ സിസ്റ്റര്‍ അഭയ കേസ് വേഗത്തിലാക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അത് വിജയിച്ചില്ല. അന്ന് ഒരു ഓഫീസര്‍ എന്നോട് പറഞ്ഞത്, ഒരു മുതിര്‍ന്ന ജഡ്ജിയാണ് (പേര് അദ്ദേഹം അന്ന് പറഞ്ഞില്ല) കേസ് വൈകുന്നതിന് പിന്നില്‍ എന്നാണ്. അതിപ്പോള്‍ വ്യക്തമായി’.
ഇവിടെ ഓര്‍ക്കേണ്ടത്, പി- ഗുരുസ് എന്ന ഓണ്‍ലൈന്‍ മാധ്യമം അഭയ കേസിനെ ആസ്പദമാക്കി പ്രസിദ്ധീകരിച്ച ഒരു ലേഖനം ഷെയര്‍ ചെയ്തുകൊണ്ടാണ് ആ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ഇതൊക്കെ വിളിച്ചുപറഞ്ഞത് എന്നതാണ്. ആ ലേഖനത്തില്‍ ഒരു മുന്‍ സുപ്രീം കോടതി ജഡ്ജിയെ പരാമര്‍ശിക്കുന്നുണ്ട് എന്നതുമോര്‍ക്കുക. ഈ ന്യായാധിപനെക്കുറിച്ച് അഭയ കേസിന്റെ എല്ലാകാലത്തും മുന്നില്‍നിന്ന് പോരാടിയ ജോമോന്‍ പുത്തന്‍പുരക്കലും ആക്ഷേപമുന്നയിച്ചിരുന്നുവല്ലോ.
നീതി വന്നവഴി
ഇവിടെ ഇപ്പോള്‍ എന്താണ് ഇങ്ങനെ ഒരു വിധിയുണ്ടായത് അഥവാ നീതിപൂര്‍വം വിചാരണ ഇപ്പോള്‍ സാധ്യമായത്? മുന്‍കാലങ്ങളില്‍ കേരളാ പോലീസും ക്രൈംബ്രാഞ്ചും സിബിഐയും, ചിലപ്പോഴെങ്കിലും കോടതികളും, സംശയത്തിന്റെ നിഴലിലായി എന്നത് പരക്കെ ഉയര്‍ന്നിട്ടുള്ള ആക്ഷേപമാണ് എന്നത് സൂചിപ്പിച്ചുവല്ലോ. എന്നാലിപ്പോള്‍ സാഹചര്യങ്ങള്‍ മാറിയിരിക്കുന്നു, അതാണ് ശ്രദ്ധിക്കേണ്ടത് എന്നതാണ് തോന്നിയത്. മൂന്ന് കാരണങ്ങള്‍ അതിനുണ്ട്.
ഒന്ന്: അന്വേഷണ ഏജന്‍സികള്‍ക്ക്, പ്രത്യേകിച്ചും കേന്ദ്ര ഏജന്‍സികള്‍ക്ക്, സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. അവരുടെ മേല്‍ രാഷ്ട്രീയമായോ സാമുദായികമായോ ആയ ഒരു ഇടപെടലുമുണ്ടാവുന്നില്ല. ഒരു സമ്മര്‍ദ്ദവുമില്ലാതെ കേസ് നടത്താന്‍ സിബിഐയ്ക്കായി എന്നര്‍ത്ഥം.
രണ്ട്: അന്വേഷണ ഏജന്‍സി മാത്രം സ്വതന്ത്രമായിട്ട് കാര്യമില്ലല്ലോ; നീതിപൂര്‍വം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ഒരു ന്യായാധിപനും ഈ വേളയിലുണ്ടായി. എന്തെല്ലാം തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ ഈ കേസിലുണ്ടായിട്ടുണ്ട് എന്നത് ഒരുപക്ഷെ ആ ന്യായാധിപനേ വിവരിക്കാന്‍ കഴിയൂ. കോടതി മാറ്റാന്‍, കേസ് മാറ്റിവെക്കാന്‍, വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ അതൊക്കെ ഇന്ന് നമ്മുടെ നീതിന്യായ സംവിധാനത്തിന്റെ ഭാഗമായിരിക്കുന്നു എന്ന് കരുതുന്നവരുണ്ടാവാം. എന്നാല്‍ ഒരു കോടതിയില്‍ ഒരു ജഡ്ജിയിരിക്കുമ്പോള്‍ ഒരു കേസിന്റെ വിചാരണ നടന്നുകൂടാ എന്ന് കരുതിയാലോ? പക്ഷെ നിശ്ചയിച്ചത് പ്രകാരം കൃത്യമായ ടൈം ടേബിള്‍ വെച്ച് കേസ് മുന്നോട്ട് കൊണ്ടുപോയി എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്.
മൂന്ന്: നേരത്തെ സൂചിപ്പിച്ചതുപോലെ, കോടതിക്ക് മേല്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞിരുന്ന ചില ‘ഇടപെടല്‍’ ഇപ്പോള്‍ നടക്കാതെയായി. അതിനുതക്ക ഉന്നതന്മാര്‍ ഇന്നെവിടെയുമില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്. മതമാണ് സമുദായമാണ് (പള്ളിയാണ്) പ്രധാനം അതുകഴിഞ്ഞേ ന്യായാധിപനാവൂ താന്‍ എന്ന് തുറന്നുപറയാന്‍ ധൈര്യം കിട്ടിയവര്‍ ഇന്നില്ല; അവരില്‍ ചിലരിന്ന് പുറത്തുനിന്ന് കുരയ്ക്കുന്നത് കാണാതെ പോകുകയല്ല. പക്ഷെ പുറത്തുനിന്ന് കുരയ്ക്കാന്‍ മാത്രമേ ഇന്ന് അവര്‍ക്കാവുന്നുള്ളൂ.
രാജ്യത്ത് ഈ സാഹചര്യമുണ്ടായത് എങ്ങിനെയെന്നതും ഓര്‍ക്കേണ്ടതുണ്ട്. അവിടെയാണ് നരേന്ദ്ര മോദിയുടെ മഹിമ ബോധ്യപ്പെടുക. മോദി സര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ നിലപാടുകളും നിഷ്പക്ഷതയുമാണ് സത്യം തെളിയുന്നതിന് കാര്യങ്ങള്‍ വഴിയൊരുക്കുന്നത് എന്നര്‍ത്ഥം. അത് അഭയ കേസില്‍ മാത്രമല്ല മറ്റനവധി കേസുകളില്‍ കാണുന്നുണ്ടല്ലോ. കള്ളന്മാരും കൊള്ളക്കാരും തട്ടിപ്പുകാരും നെട്ടോട്ടമോടുന്നത് അതുകൊണ്ടാണ് എന്നത് ഓര്‍ക്കേണ്ടതുണ്ട്.
അവസാനമായി, അഭയ കേസില്‍ നിന്ന് പാഠമുള്‍ക്കൊള്ളേണ്ടത് ക്രൈസ്തവ സഭയാണ്. സിസ്റ്റര്‍ അഭയ മാത്രമല്ല ഇവിടെ സംശയത്തിന്റെ നിഴലില്‍ മരണമടഞ്ഞത്. എന്നാല്‍ സാമുദായികവും മതപരവുമായ സ്വാധീനം ചെലുത്താന്‍ കഴിയുന്നതുകൊണ്ട് പലതും പുറത്തുവരുന്നില്ല എന്ന തോന്നലുള്ളത് സഭയിലുള്ളവര്‍ക്ക് തന്നെയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ സഭയിലുണ്ട് എന്ന് മാര്‍പ്പാപ്പ പോലും തുറന്നു സമ്മതിച്ചിട്ടുണ്ട്; കേരളത്തില്‍ പോലും സഭയ്ക്കുള്ളില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുമുണ്ട്. എന്നാല്‍ ഇപ്പോഴും തെറ്റ് തിരുത്തല്‍ നടന്നോ? ചില കന്യാസ്ത്രീകള്‍ അനുഭവിച്ച പീഡനങ്ങള്‍ ഇതിനകം മലയാളികള്‍ ഏറെ ചര്‍ച്ചചെയ്തതാണല്ലോ. അത് വിലയിരുത്തേണ്ടത്, തിരുത്തല്‍ നടത്തേണ്ടത് ക്രൈസ്തവ സഭകള്‍ തന്നെയാണ്.