വാഹനങ്ങളൊന്നും നിരത്തില്‍ കാണാതായപ്പോള്‍ ഏതെങ്കിലും രാഷ്ട്രീയ കക്ഷികള്‍ പൊടുന്നനെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആകും എന്നാണ് രാമേട്ടന്‍ കരുതിയത്. മാനുട്ടിയുടെയും കുഞ്ഞാപ്പുട്ടിയുടെയും പലചരക്ക് കടകളും ചില മെഡിക്കല്‍ സ്റ്റോറുകളും മാത്രം തുറന്നിട്ടുണ്ട്.
രാമേട്ടന്‍ മാനുട്ടിയോട് പറഞ്ഞു: ”പഹയാ കട അടച്ചോ … അല്ലാച്ചാല്‍ ഓല് പൂട്ടിക്കും!”
”അയിന് സര്‍ക്കാര് പറഞ്ഞീനെ പ്രകാരാ ഞങ്ങള് കട തുറന്നീക്ക്ണത്.”
”ഹര്‍ത്താല് കാരുടെ ഏറ് കിട്ടുമ്പോള്‍ സര്‍ക്കാര് ണ്ടാകില്ല മാനുട്ട്യേ…!”
”ഹര്‍ത്താലാരോ?… രാമേട്ടോയ്… ങ്ങക്ക് നേരം വെള്ത്ത്ട്ടില്ലല്ലേ!”
മാനുട്ടി പൊട്ടിച്ചിരിച്ചു.
”പൊട്ടന്മാര് വെറുതെ
ചിരിക്ക്യേ..? എന്തെങ്കിലും
ആയ്‌ക്കോട്ടെ… അശ്രീകരങ്ങള്‍.”
എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് രാമേട്ടന്‍ ആപ്പീസിലേക്ക് നടന്നു. ആപ്പീസില്‍ ആരും എത്തിയിട്ടില്ല. രാമേട്ടന്‍ വാച്ചിലേക്ക് നോക്കി. സമയം
പത്തുമണി.
‘നിയ്ക്കല്ല നേരം വെളുക്കാത്തത് ഇവിടെ ള്ളോര്‍ക്കാ…’ രാമേട്ടന്‍
പിറുപിറുത്തു.
പരിപൂര്‍ണ്ണ അടച്ചിടലില്‍ നിന്നും അവശ്യ സര്‍വീസുകള്‍ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചപ്പോള്‍ ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കാന്‍ രാഘവന്‍ മാഷിനും
നിര്‍ദ്ദേശം കിട്ടി.
വാഹന സൗകര്യം ഒന്നും ഇല്ലാത്തതു കൊണ്ട് ഓഫീസിലേക്ക്
അഞ്ച് കിലോമീറ്റര്‍ ദൂരം നടന്ന്
വന്നു രാഘവന്‍ മാഷ്.
പോസ്റ്റോഫീസില്‍ എത്തിയപ്പോള്‍, അടച്ചിടലും മഹാമാരിയും
ഒന്നും തലയില്‍ കേറിയിട്ടില്ലാത്ത
രാമേട്ടന്‍ മാത്രം ഹാജരായിട്ടുണ്ട്.
മറ്റാരും തന്നെ വന്നിട്ടില്ല.
കുറച്ചു കഴിഞ്ഞപ്പോള്‍ പോസ്റ്റ്മാന്‍ ഗോപാലനും ശ്രീനിവാസനും ഓടിക്കിതച്ചെത്തി… വന്നപാടേ ചോദിച്ചു: ”വല്ല കാര്യവുമുണ്ടോ മാഷെ ഇങ്ങനെ വന്നിട്ട്? ഒരു മനുഷ്യന്‍ പുറത്തിറങ്ങുന്നില്ല.”
ഇതു കേട്ടതും രാമേട്ടന്‍ ഇടപെട്ടു
”ആരും ഇറങ്ങൂല ശ്രീനിവാസാ … ഹര്‍ത്താല് ന്ന് കേക്കാന്‍ കാത്ത്ക്കല്ലേ ആള്‍ക്കാര്!”
”ഹര്‍ത്താലോ…, എന്താ രാമേട്ടാ ങ്ങള് ഇവടൊന്ന്വല്ലേ ജീവിക്കുന്നത്?”
”നിക്കറിയാം ശ്രീന്യേ… യ്യ് ന്നെ പഠിപ്പിക്കണ്ട… ചൈനേല് എന്തോ വന്നേനല്ലേ ഇവടെ ഹര്‍ത്താല്…”
”എന്റെ പൊന്നു രാമേട്ടാ ഹര്‍ത്താലല്ല ലോക്ക് ഡൗണാ, ലോക്ക് ഡൗണ്‍…! എന്ന് പറഞ്ഞാല്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍…” രാഘവന്‍ മാഷ്
രാമേട്ടനെ പറഞ്ഞ് ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചു.
ജനത കര്‍ഫ്യൂ, അടച്ചിടല്‍, ബ്രേക് ദ ചെയ്ന്‍, പരിപൂര്‍ണ്ണ ലോക്ക് ഡൗണ്‍… പുതിയ പുതിയ വാക്കുകള്‍ പലതും കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ച ആകുന്നേയുള്ളൂ. ഒട്ടും പരിചിതമല്ലാത്ത ഒരു ജീവിത രീതിയിലേക്ക് ഒരു ജനത ഒന്നടങ്കം പതുക്കെ പതുക്കെ മാറുകയാണ്.
രാമേട്ടന് കാര്യമായൊന്നും മനസ്സിലായില്ല. ചൈനേല് എന്തെങ്കിലും പടര്‍ന്നു പിടിച്ചുന്ന് വെച്ച്
ഇവിടെ എന്തിനാ അടച്ച്ട്ണത്?
എന്നായിരുന്നു രാമേട്ടന്റെ ന്യായമായ സംശയം.
”അതിന് രാമേട്ടാ ചൈനയില്‍
നിന്നോ മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നോ വരുന്നവരില്‍ നിന്നും ഈ അസുഖം ഇവിടെയും പടര്‍ന്നു
പിടിക്കാം.”
”അത് പടര്‍ന്ന് പിടിക്കുമ്പളല്ലേ..? അവിടെ മഴ പെയ്യുമ്പള്‍ക്കും ഇവിടെ മഴക്കോട്ട് ഇട്ട് നിക്കണോ?” രാമേട്ടന്‍ വിടാന്‍ ഭാവമില്ല.
”രാമേട്ടനറിയോ ചൈനയില്‍ നിന്നും ഇറ്റലിയില്‍ നിന്നുമെല്ലാമായി പലരും നാട്ടിലെത്തിയിട്ടുണ്ട്. സുരക്ഷയെ മുന്‍നിര്‍ത്തി
അവരൊക്കെ ഇപ്പോള്‍ ക്വോരന്റൈനിലാണ്.”
”കോരന്‍ ണ്ടായ്യേന് നമ്മള്
എന്തിനാ വെഷമിക്ക്ണത്. ഓന്റ കാര്യം ഓന്‍ നോക്കിക്കോളില്ലേ
മാഷെ?”
”അയ്യോ രാമേട്ടാ ക്വോരന്റൈനിലാണ് എന്ന് പറഞ്ഞാല്‍ കര്‍ശന നിരീക്ഷണത്തിലാണ് എന്നാണ്.”
”എന്ത് ഒലക്കട മൂട് ആയാലും വേണ്ടീല… 200 മില്ലി റമ്മ് ണ്ടായാല്‍ ഒരു കോരന്റോനും നമ്മളെ പിടിക്കില്ല…! രാമേട്ടന്‍ വാചാലനായി.
”ങ്ങക്ക് അറിയോ വയസ്സ് അറുപതായി നിക്ക്, ഞാനിത് വരെ ഒരാസ്പത്രീലും പോയിട്ടില്ല… വല്ലപ്പളും ഒരു പനിവരും, അപ്പോ കുരുമുളക് പൊടിയിട്ട് ഒരു നില്‍പ്പന്‍ അങ്ങട്ട് കാച്ചും… ന്നിട്ട് പുതച്ചുമൂടി ഒറ്റ കിടത്താണ്. രാവിലെ ആകുമ്പളയ്ക്കും പനി പമ്പ കടക്കും.”
ഏകദേശം ആറടി പൊക്കം,
ഒത്ത തടി. ഇരു നിറം, നരകേറാത്ത ചുരുണ്ട മുടി… കൊമ്പന്‍ മീശ…. രാമേട്ടന്‍ മാസാണ്!
രാമേട്ടന് മുറുക്കുന്ന സ്വഭാവമുണ്ട്. പിന്നെ ഇടക്കിടക്ക് പൊടിച്ചായ കുടിക്കണം. ഇല്ലാച്ചാല്‍ രാമേട്ടന് എന്തോ വേവലാതിയാണ്. റമളാന്‍ കാലത്താണ് രാമേട്ടന്‍ എടങ്ങേറാകുക. അടുത്തുള്ള ചായപ്പീടികയൊന്നും നോമ്പ് തീരും വരെ തുറക്കില്ല. പിന്നെ ഇരുനൂറ് മീറ്റര്‍ അകലെയുള്ള വിശ്വന്റെ ചായക്കടയാണ്. അവിടെ പൊടിച്ചായ ഇല്ല. ഇനി അഥവാ രാമേട്ടന് വേണ്ടി ഉണ്ടാക്കിയാലും വാപ്പൂന്റെ പൊടിച്ചായയുടെ അടുത്തൊന്നും എത്തില്ല. അതുകൊണ്ട് ആ കാലങ്ങളില്‍ രാമേട്ടന്‍ നന്നായി മുറുക്കും. കണ്ണൊക്കെ നന്നായി ചുമന്നിട്ടുണ്ടാകും, രാമേട്ടന്‍ മുറുക്കി വരുമ്പോള്‍. ഒരിക്കല്‍ ചോദിച്ചു; ”അല്ല രാമേട്ടാ മുറുക്കിയാല്‍ ചുണ്ടല്ലേ ചുവക്കുക കണ്ണല്ലല്ലോ? എന്താ നിങ്ങളുടെ കണ്ണ് ഇങ്ങനെ ചുവന്നിരിക്കുന്നത്?”
മറുപടിയായി രാമേട്ടന്‍ പൊട്ടിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു: അത്
മാഷെ, ഈ തെയ്യത്തിന്റെ കണ്ണ് ചോന്നിട്ടല്ലേ… ഉറഞ്ഞു തുള്ളണ വെളിച്ചപ്പാടിന്റെ കണ്ണില് കനല് കത്ത്ണത് കണ്ട്ട്ട്‌ണ്ടോ? പ്രഭാത സൂര്യനും അസ്തമന സൂര്യനും ചോപ്പന്നെല്ലേ? ചോപ്പ് വഴി കാട്ട്യാണ്.., മുമ്പില്‍ക്ക്ള്ള പ്രയാണത്തിന്ള്ള ഉത്തേജനാ.., ചോപ്പ്.., അതൊരു ബലല്ലേ മാഷെ?”
എന്തോ ഒരു പന്തികേട് രാഘവന്‍ മാഷ്‌ക്ക് തോന്നി. രാഘവന്‍ മാഷ് പതുക്കെ പറഞ്ഞു: ”ചുവപ്പ് അപായവും ആണ് രാമേട്ടാ! രാമേട്ടനത് കേട്ടോ എന്നറിയില്ല… മറുപടി ഒന്നും പറഞ്ഞില്ല.
രാഘവന്‍ മാഷ്‌ക്ക് ഒരു പഴയ സംഭവം ഓര്‍മ്മ വന്നു. എക്‌സ് മിലിട്ടറി ആയത് കൊണ്ട് രാഘവന്‍ മാഷ്‌ക്ക് മിലിട്ടറി ക്യാന്റീനില്‍ നിന്നും ലിക്കര്‍ ക്വോട്ടയുണ്ട്. ഇതറിഞ്ഞപ്പോള്‍ മുതല്‍ രാമേട്ടന് ഒരു പൂതി. മാഷെ ങ്ങള് ഒരീസം കോട്ട കൊണ്ടരീന്‍ ഒരു ചെകരം നാവ്മ്പില് വെച്ച് നോക്കാനാ… ഈ തുക്കടാ ജെഡിഎഫും എം സി യും ഒക്കെ കഴിച്ച് മടുത്തോണ്ടാ മാഷെ… പറ്റും ച്ചാല്‍ …”
അങ്ങനെയാണ് രാഘവന്‍ മാഷ് സാധനം കൊണ്ടുവന്നത്. നാട്ടുകാരറിഞ്ഞ് അലമ്പാകരുത് എന്ന് കരുതി രാഘവന്‍ മാഷ്, മണം അത്ര പെട്ടെന്ന് അറിയാത്ത ബ്ലൂറിബാന്റ് ജിന്‍ ആണ് കൊണ്ടുവന്നത്. കളര്‍ ഇല്ലാത്തതു കൊണ്ടാണ് എന്നു തോന്നുന്നു, ഇതു കണ്ടതും തൃപ്തിയാകാത്ത പോലെ രാമേട്ടന്‍ ചോദിച്ചു:
”ഇതെന്താ ചാരായാ?” എന്തായാലും സെവനപ്പില്‍ മിക്‌സ് ചെയ്ത്
ഒരൊറ്റ വലിയില്‍ത്തന്നെ ആദ്യ
ഗ്ലാസ് തീര്‍ന്നു. അങ്ങനെ രണ്ടു മൂന്നണ്ണം അകത്തായപ്പോഴേക്കും രാമേട്ടന്റെ കണ്ണുകള്‍ നന്നായി ചുവന്നു വന്നു. ഒപ്പം രാമേട്ടന്‍ നന്നായി മുറുക്കി ചുണ്ടുകളും ചുവപ്പിച്ചു. ഷര്‍ട്ടിന്റെ അവസാനത്തെ രണ്ട് കുടുക്കുകള്‍ ഒഴിച്ച് ബാക്കിയെല്ലാം അഴിച്ചു… ബാഗ് തുറന്ന് ഒരു രുദ്രാക്ഷമാലയെടുത്തണിഞ്ഞു. പിന്നെ ഒരു ഡപ്പിയില്‍ നിന്ന് കുറച്ച് ഭസ്മമെടുത്ത് നെറ്റിയിലും നെഞ്ചത്തും തേച്ചു. അമ്പലത്തിലെ വെളിച്ചപ്പാടിനെയെന്ന പോലെ ഉറഞ്ഞു തുള്ളാന്‍ തുടങ്ങി. എന്നിട്ട് പറഞ്ഞു: ”മാഷെ ങ്ങള് ദൈവത്തെ കണ്ട്ട്ട്‌ണ്ടോ? ല്യാച്ചാല്‍ ന്നെ പിടിച്ച് നിന്നോളിന്‍, ദൈവത്തെ കാണാം… ഇവിടെ ചോര വീഴും… എല്ലാം ചോപ്പില്‍ പൊതിയണം…”
എങ്ങനെയൊക്കയോ രാമേട്ടനെ പറഞ്ഞ് സമാധാനിപ്പിച്ചു. കെട്ട് ഇറങ്ങാന്‍ മോരും വെള്ളം നന്നായി കുടിപ്പിച്ച് ഒരു ഓട്ടോയില്‍ കയറ്റി വിട്ടു. അതിനു ശേഷം രാഘവന്‍ മാഷ് ആര്‍ക്കും ക്വോട്ട കൊടുത്തിട്ടില്ല.
* * *
പോസ്റ്റല്‍ സ്റ്റോര്‍സ് ഡിപ്പോയിലെ (പി. എസ്.ഡി) വാച്ച്മാന്‍ റിട്ടയര്‍ ആയ ഒഴിവിലേക്കാണ് പോസ്റ്റ് ഓഫീസിലെ ഇ ഡി ജീവനക്കാരനായ രാമേട്ടന്‍ ഒഫിഷ്യേറ്റിംഗായി നിയമിക്കപ്പെടുന്നത്. അതിന് കാരണവും ഉണ്ട്. രാമേട്ടനെ അപ്പോയിന്റ് ചെയ്ത പോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ കുഞ്ഞുകുഞ്ഞാണ് ഇപ്പോള്‍ പോസ്റ്റല്‍ സ്റ്റോര്‍സ് ഡിപ്പോയുടെ സൂപ്രണ്ട്. സുമുഖനും അര്‍പ്പണബോധമുള്ളവനും ചെറുപ്പക്കാരനുമായ രാമേട്ടനെ കുറിച്ച് സൂപ്രണ്ട് കുഞ്ഞുകുഞ്ഞിന് നല്ല മതിപ്പായിരുന്നു. അങ്ങനെ ഇ ഡി പാക്കര്‍ ആയ രാമേട്ടന്‍ വാച്ച്മാനായി. കാക്കി യൂണിഫോമിട്ട് തൊപ്പിയും വെച്ച് കൊമ്പന്‍ മീശ പിരിച്ച് രാമേട്ടന്‍ ഡിപ്പോയ്ക്കു മുന്നില്‍ സദാ ജാഗരൂകനായി.
പോസ്റ്റല്‍ സ്റ്റോര്‍സ് ഡിപ്പോ സ്ഥിതി ചെയ്യുന്നത് നഗരത്തില്‍ നിന്നും അല്പമകലെ വിജനമായ ഒരിടത്താണ്. ഡിപ്പോയോട് ചേര്‍ന്ന് ഉണ്ടായിരുന്നത് എല്‍മക്ക് എന്ന സോപ്പ് ഫാക്ടറിയും ഗ്വാളിയോര്‍ റയോണ്‍സിന്റെ ഉത്പാദന യൂണിറ്റും ആയിരുന്നു. തൊഴില്‍ സമരങ്ങള്‍ കാരണം കുറെ കാലങ്ങളായി രണ്ട് ഫാക്ടറികളും പൂട്ടിയിട്ടിരിയ്ക്കുകയാണ്. ഏക്കറുകണക്കിന് സ്ഥലം അങ്ങനെ കാടുമൂടി കിടക്കുകയാണ്. ഇഴജന്തുക്കളുടേയും തെരുവ് നായ്ക്കള്‍, കുറുനരികള്‍ തുടങ്ങി മറ്റനവധി നാല്‍ക്കാലികളുടെയും വിഹാരകേന്ദ്രമാണ് ഡിപ്പോക്കു ചുറ്റും. ഇവയെയെല്ലാം വേണ്ടിവന്നാല്‍ സധൈര്യം നേരിടാന്‍ ഒരു കരുതല്‍ രാമേട്ടനുണ്ട്.
വളരെ രഹസ്യമായി രാമേട്ടന്‍ അരയില്‍ ഒരു കഠാര സൂക്ഷിയ്ക്കുന്നത് ഇതുകൊണ്ടൊക്കെയാകാം.
തങ്കവേലു സാര്‍ തമിഴ്‌നാട്ടുകാരനാണ്. പോസ്റ്റ് മാസ്റ്റര്‍ ജനറലായി അദ്ദേഹത്തിന് പോസ്റ്റിംഗ് കിട്ടുന്നത് കേരളത്തിലാണ്. കറുത്ത് നീണ്ട് മുഖത്ത് വസൂരിക്കലയുള്ള തങ്കവേലു സാറിനെ കണ്ടാല്‍ പേടി തോന്നും. എന്നാല്‍ പെരുമാറ്റം വളരെ സൗമ്യമായിട്ടായിരുന്നു.
പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ വിസിറ്റ് കം ഇന്‍സ്‌പെക്ഷന്‍ ആണ് പോസ്റ്റല്‍ സ്റ്റോര്‍സ് ഡിപ്പോയില്‍. ഇന്‍സ്‌പെക്ഷന് വേണ്ടി ഡിപ്പോക്കു ചുറ്റും കുറ്റിക്കാടുകള്‍ എല്ലാം വെട്ടി വൃത്തിയാക്കിയിരിയ്ക്കുന്നു. മതിലും ഗെയിറ്റുമെല്ലാം പെയിന്റടിച്ചു മോടി കൂട്ടിയിരിയ്ക്കുന്നു. ഔദ്യോഗിക സന്ദര്‍ശനത്തിന് വരുന്ന പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ തങ്കവേലു സാറിനെ സ്വീകരിക്കാനായി പോസ്റ്റല്‍ സ്റ്റോര്‍സ് ഡിപ്പോ സൂപ്രണ്ട് കുഞ്ഞുകുഞ്ഞുവും ഡിപ്പോ മാനേജര്‍ ബിന്ദിയ കീനിയയും മറ്റുള്ളവരും വരിവരിയായി നിന്നു. ഒരു റെഡ് കാര്‍പ്പറ്റ് വെല്‍ക്കം തന്നെയാണ് അവിടെ ഒരുക്കിയിരിക്കുന്നത്. ഗേറ്റിനുമുന്നില്‍ അദ്ദേഹത്തെ വരവേല്‍ക്കാന്‍ കേരളീയ വേഷത്തില്‍ താലമെടുത്ത് മഹിളകളെയും സൂപ്രണ്ട് ഒരുക്കിയിട്ടുണ്ട്. ഒട്ടും വൈകാതെ അവിടേക്ക് തങ്കവേലു സര്‍ തന്റെ ഔദ്ദ്യോഗിക വാഹനത്തില്‍ വന്നിറങ്ങി. സൂപ്രണ്ടും മറ്റെല്ലാവരും അദ്ദേഹത്തെ സ്വീകരിച്ച് ആനയിക്കുന്ന തിരക്കിലാണ്. പൊടുന്നനെയാണ് എവിടെ നിന്നോ ഒരു കാളക്കൂറ്റന്‍ അവിടേക്ക് കുതിച്ചെത്തിയത്. സ്ത്രീകളടക്കമുള്ളവര്‍ താലവും മറ്റും ഉപേക്ഷിച്ച് ചിതറിയോടി. എന്തുചെയ്യണം എന്നറിയാതെ സൂപ്രണ്ട് കുഞ്ഞുകുഞ്ഞ് നിന്നു വിയര്‍ത്തു!
കടും നിറത്തിലുള്ള ഷര്‍ട്ട് ധരിച്ചതുകൊണ്ടോ എന്തോ കാളക്കൂറ്റന്‍ തങ്കവേലു സാറിനു നേരെ കുതിച്ചു… ഒരു കൊമ്പകലം മാത്രം..! തങ്കവേലു സാറിന് മലമൂത്രശങ്കയുണ്ടായി! കണ്ണടച്ചു തുറക്കുന്ന മാത്രയില്‍ അവിടെ സംഭവിച്ചത് അവിശ്വസനീയമായിരുന്നു. ഗേറ്റ് കീപ്പര്‍ രാമേട്ടന്‍ ഒരു മിന്നല്‍ പിണര്‍ പോലെ കാളക്കൂറ്റനെ കടന്നുപിടിച്ചിരിക്കുന്നു.
രാമേട്ടനേയും വലിച്ച് കാളക്കൂറ്റന്‍ കുറെ ദൂരം മുന്നോട്ടു നീങ്ങി. രാമേട്ടന്‍ ജല്ലിക്കെട്ട് അനുസ്മരിപ്പിക്കും വിധം ഒരു യോദ്ധാവിനെപ്പോലെ കൊമ്പില്‍ പിടിച്ച് കാളയുടെ കഴുത്തില്‍ ശക്തിയില്‍ തൂങ്ങിയാഴ്ന്നു. മല്‍പ്പിടുത്തത്തില്‍ രാമേട്ടന്റെ കാക്കി യൂണിഫോം കീറിപ്പറിഞ്ഞു, കാല്‍മുട്ടുകള്‍ ഉരഞ്ഞു പൊട്ടി ചോരയൊലിപ്പിച്ചു. അരയില്‍ നിന്നും കഠാര തെറിച്ചുവീണു. രാമേട്ടന് കാര്യമായ പരുക്കുകള്‍ പറ്റി, എന്നിരുന്നാലും രാമേട്ടന്‍ കാളയെ കീഴ്‌പ്പെടുത്തി.
അതിനുശേഷമാണ് രാമേട്ടന്‍ അവിടെ ഹീറോ ആകുന്നത്. പിന്നീട് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ തങ്കവേലു സാര്‍ രാമേട്ടനെ തന്റെ ഓഫീസിലേക്ക് നിയമിച്ചു. സീനിയോരിറ്റിയില്‍
രമേട്ടന് ഇ ഡി പാക്കറില്‍ നിന്നും എം ടി എസ് (മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ്) ആയി സ്ഥാനക്കയറ്റവും നല്‍കി.
തങ്കവേലു സര്‍ റിട്ടയര്‍ ആകും വരെ രാമേട്ടന്‍ പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ റീജിനല്‍ ഓഫീസില്‍ തങ്കവേലു സാറിന്റെ വലങ്കയ്യായി ഉണ്ടായിരുന്നു. തങ്കവേലു സര്‍ പോയതിനു ശേഷം അധികകാലം രാമേട്ടന് ആ ഓഫീസില്‍ തുടരാനായില്ല. അതിന് പല കാരണങ്ങള്‍ ഉണ്ടായിരുന്നു.
പ്രൊഫഷണല്‍ ജലസി തന്നെ ആയിരുന്നു പ്രധാന കാരണം. തങ്കവേലു സാര്‍ രാമേട്ടനെ അവിടെ നിയമിച്ചതു മുതല്‍ തുടങ്ങിയതാണ്. കൂടാതെ തങ്കവേലു സാറുമായി രാമേട്ടനുള്ള അതിരുവിട്ട അടുപ്പവും പലര്‍ക്കും ശത്രുതക്ക് വളമേകി. തങ്കവേലു സര്‍ റിട്ടയര്‍ ആയി തമിഴ്‌നാട്ടിലേക്ക് പോയതും രാമേട്ടന്റെ കഷ്ടകാലം ആരംഭിച്ചു.
രാമേട്ടന്റെ കൊമ്പന്‍ മീശയെ ചൊല്ലിയാണ് വിവാദം കനത്തത്. സ്റ്റാഫ് ക്ലര്‍ക്ക് കിരണ്‍ ദേവനാണ് അത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. രാമേട്ടന്റെ കൊമ്പന്‍ മീശക്ക് ഷാബി ലുക്ക് ആണെന്നും ഓഫീസ് എറ്റിക്വറ്റ്‌ന് ചേര്‍ന്നതല്ലെന്നും കണ്ടെത്തി നോട്ട് പുട്ടപ്പ് ചെയ്തു. പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ആയി ഒഫീഷ്യേറ്റ് ചെയ്യുന്ന റീജിനല്‍ പോസ്റ്റല്‍ ഡയറക്ടര്‍ രാമേട്ടനെ വിളിപ്പിച്ചു.
‘മീശ വടിക്കണം, അല്ലെങ്കില്‍ ചെറുതാക്കണം’ എന്ന് ഉത്തരവിട്ടു.
മീശ രാമേട്ടന് ഒരു വികാരമായിരുന്നു അതുകൊണ്ട് തന്നെ രാമേട്ടന്‍ പറഞ്ഞു
സാറെ, ഇത്ര കാലായിട്ടും ഒരാപ്പീസറും ന്നോട് ഇത് വടിക്കാനോ ഒഴിവാക്കാനോ പറഞ്ഞിട്ടില്ല… ഈ മീശോണ്ട് ആര്‍ക്കും ഒരു പ്രശ്‌നോം ന്നു വരെ ണ്ടായിട്ടും ല്യ. പിന്നെ പെട്ടെന്ന് നിയമൊക്കെ അങ്ങട്ട് മാറോ സാറേ? ”
ഇത്രയും പറഞ്ഞ് രാമേട്ടന്‍ പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ റൂമില്‍ നിന്നും ഇറങ്ങി. എന്നിട്ട് സ്റ്റാഫ് ക്ലര്‍ക്ക്‌ന്റെ അടുത്തുചെന്ന് മീശ ഒന്നു പിരിച്ചു. മീശ മാധവന്‍ എന്ന സിനിമ
ഇറങ്ങുന്നതിനും എത്രയോ മുമ്പാണ് ഈ സംഭവം. അതുകൊണ്ടുതന്നെ സ്റ്റാഫ് ക്ലര്‍ക്ക് കിരണ്‍ ദേവന് അതിന്റെ അര്‍ത്ഥം അപ്പോള്‍ മനസ്സിലായതും ഇല്ല. എന്തായാലും കുത്തിത്തിരുപ്പിന്റെ ആശാന് പിറ്റേന്ന് മുതല്‍ ഗംഭീര വയറിളക്കവും ഛര്‍ദ്ദിയും. ഡോക്ടര്‍ പറഞ്ഞു ഫുഡ് പോയിസണ്‍ ആണെന്ന്. തലേന്ന് വൈകീട്ട് കാന്റീനില്‍ നിന്നും ഉഴുന്നുവടയും ചട്ണിയും കഴിച്ചിരുന്നു എന്നും ആ സമയത്ത് കാന്റീനില്‍ മുറുക്കിക്കൊണ്ട് രാമേട്ടന്‍ ഉണ്ടായിരുന്നു എന്നും സ്റ്റാഫ് ക്ലര്‍ക്ക് കിരണ്‍ദേവന്‍ ഓര്‍ത്തെടുത്തു. ഒരു പക്ഷെ രാമേട്ടന്‍… പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ആയി ഒഫീഷ്യേറ്റ് ചെയ്യുന്ന റീജിനല്‍ പോസ്റ്റല്‍ ഡയറക്ടര്‍ക്കും വയറിളക്കം സ്ഥിരീകരിച്ചപ്പോള്‍ അവര്‍ ഒരു നിഗമനത്തില്‍ എത്തി. പണി തന്നത് രാമേട്ടന്‍ തന്നെയെന്ന്.
ഒന്നു രണ്ടാഴ്ച അങ്ങനെപോയി. രാമേട്ടനും കിട്ടി പണി! എന്നും അര മണിക്കൂര്‍ മുമ്പ് ഹാജരായി ഓഫീസ് തുറന്നിട്ടും ഒരു ദിവസം വൈകിയതിന് പതിവായി ഓഫീസ് തുറക്കാന്‍ വൈകുന്നു എന്ന കാരണം പറഞ്ഞാണ് രാമേട്ടനെ ഓഫീസ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കി റീജിനല്‍ ഓഫീസിന്റെ ചൗക്കീദാര്‍ ആക്കിയത്.
ചൗക്കീദാര്‍ ഡ്യൂട്ടി അത്ര ബുദ്ധിമുട്ട് ഒന്നുമുണ്ടായിട്ടല്ല രാമേട്ടന്,. പക്ഷെ ഇത് ഒരുതരം ചീപ്പ് പരിപാടി ആയിപ്പോയി. തരം താഴ്ത്താനും ഹുമിലിയേറ്റ് ചെയ്യാനും മന:പ്പൂര്‍വ്വം ചെയ്ത പോലെ. അതുകൊണ്ടാണ് രാമേട്ടന് വിഷമം തോന്നിയത്.
പിന്നെ എല്ലാം നല്ലതിന് എന്ന് കരുതുക തന്നെ. ഒന്നുണ്ട്, സമാധാനത്തോടെ കഠാര കൊണ്ട് അടയ്ക്കയെല്ലാം ചുരണ്ടി ചുണ്ണാമ്പു തേച്ച് നന്നായി മുറുക്കാം ഇപ്പോള്‍. ഒരു ഒളിയും തടയും ഒന്നും വേണ്ട.
എല്ലാവരും പോയിക്കഴിഞ്ഞാല്‍ (അധിക ദിവസവും രാത്രി 7 മണി കഴിയും) ഗേറ്റ് എല്ലാം അടച്ച് , മുന്‍ വശത്തെ ഗ്രില്ലും അടച്ചു പൂട്ടി ചില്ലിട്ട് മോടി കൂട്ടിയ ഫ്രണ്ട് ഓഫീസില്‍ രണ്ടു മേശകള്‍ അടുപ്പിച്ചിട്ട് കമ്പിളി വിരിച്ച് കൊതുകുവല അടുത്തുള്ള ജനാലയിലേക്കും അലമാറയിലേക്കും വലിച്ചുകെട്ടി രാത്രിയുറക്കത്തിനുള്ള മെത്ത ഒരുക്കി വെക്കും
രമേട്ടന്‍.
രാത്രി ഏറെ വൈകിയാല്‍ നഗരം വിജനമായാല്‍ അവിടെയെല്ലാം ഹിജഡകളുടെ വിഹാരകേന്ദ്രമാണ്. ലളിതകലാ അക്കാഡമി ഹാളിന്റെ വളപ്പിലൂടെ കടന്ന് മതിലു ചാടി പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ റീജിനല്‍ ഓഫീസിന്റെ മുറ്റത്തേക്ക് കൂട്ടമായി വരാറുണ്ട് അവര്‍, കസ്റ്റമേഴ്‌സുമായി പ്രകൃതി വിരുദ്ധ ബന്ധങ്ങള്‍ക്കായി… മതിലിനോട് ചേര്‍ന്ന് ഉപേക്ഷിച്ച ഗര്‍ഭനിരോധന ഉറകളും മുറുക്കാന്‍ തുപ്പലും കണ്ട് സഹികെട്ട് ഒരു ദിവസം രാത്രി രാമേട്ടന്‍ പുറത്തിറങ്ങി. രാമേട്ടന്‍ നന്നായി മുറുക്കിയിട്ടുണ്ടായിരുന്നു… കണ്ണുകള്‍ ചുമന്ന് തീക്കട്ട പോലെ തോന്നിച്ചു. കൂട്ടം കൂടി നില്‍ക്കുന്ന ഹിജഡകളോട് അവിടെ നിന്നും പോകാന്‍ ആജ്ഞാപിച്ചു. വഴക്കായി കയ്യാങ്കളിയില്‍ എത്തി. കൂട്ടത്തില്‍ രണ്ടു പേര്‍ രാമേട്ടനെ കടന്നു പിടിച്ചു. രാമേട്ടന്‍ ഒന്നു കരണം മറിഞ്ഞു… പിടിച്ചവര്‍ തെന്നിമാറി.
രാമേട്ടന്‍ അരയില്‍ തപ്പി, കഠാര ഊരി എടുത്ത് വീശി. ഹിജഡകള്‍ ചിതറിയോടി…
പിന്നീടവരുടെ ശല്യം അങ്ങനെ ഉണ്ടായിട്ടില്ല. എങ്കിലും ദൂരെ ലളിതകലാ അക്കാഡമി ഹാള്‍ വളപ്പില്‍ നിന്നും അവരുടെ ഉറക്കെയുള്ള വര്‍ത്തമാനങ്ങളും പൊട്ടിച്ചിരികളും കേള്‍ക്കാം. പിറ്റേന്ന് മതിലിനരുകില്‍ ഉപയോഗിച്ചുപേക്ഷിച്ച ഗര്‍ഭനിരോധന ഉറകള്‍ കാണാം.
അന്നൊരു ഗാന്ധിജയന്തി ദിവസമായിരുന്നു. സ്വച്ഛ് ഭാരത് ഒന്നും തുടങ്ങിയിട്ടില്ലെങ്കിലും ഓഫീസ് പരിസരം വൃത്തിയാക്കലും പരിസരത്ത് വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കലുമെല്ലാം അന്നും നടക്കാറുണ്ട്.
ഒരു വിധം എല്ലാ സ്റ്റാഫും വന്നിട്ടുണ്ട് ഓഫീസില്‍. ഉച്ചയോടെ അവരെല്ലാവരും പോയി. രാമേട്ടന്‍ തനിച്ചായി. ഏകദേശം രണ്ട് ദിവസമായി ശരിക്കൊന്ന് മുറുക്കിയിട്ട്… എന്തുചെയ്യാം രാമേട്ടന് മുറുക്കാന്‍ കഴിഞ്ഞില്ല…
ഒക്ടോബര്‍ മാസം അങ്ങനെയാണ് രാമേട്ടന്‍ പെട്ടു പോകുന്ന ദിവസങ്ങളാണ്.
അതുകൊണ്ടുതന്നെ രാമേട്ടന്റെ കണ്ണുകള്‍ ചുവന്ന് തീക്ഷ്ണമായില്ല. ആകെ അസ്വസ്ഥനായി രാമേട്ടന്‍.
എങ്ങനെയൊക്കയോ സമയം തള്ളിവിട്ടു. വൈകുന്നേരമായി രാമേട്ടന് പിടിച്ചു നില്‍ക്കാനാകുന്നില്ല… ആകപ്പാടെ ഒരു പരവേശം. മുറുക്കാനായി കൈയില്‍ കരുതിയ പുകയില എടുത്ത് വായിലേക്ക് തള്ളി രാമേട്ടന്‍..!
കയ്യില്‍ കരുതിയ കോഹിനൂര്‍ ബീഡിയുടെ കടഭാഗം പൊട്ടിച്ചു കളഞ്ഞ് കത്തിച്ചു വലിച്ചു രാമേട്ടന്‍. രാത്രിയായി, രാമേട്ടന് ഒന്നും കഴിക്കാന്‍ തോന്നിയില്ല. അയാള്‍ ആകെ അവശനായ പോലെ…. എത്ര ബീഡി വലിച്ചെന്നോ പുകയിലനീര് എത്ര ചവച്ചിറക്കിയെന്നോ രാമേട്ടന് ഓര്‍മ്മയില്ല. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം…
തന്റെ ശരീരത്തിനെ മെരുക്കാനുള്ള മരുന്നെന്തെന്ന് രാമേട്ടന് വ്യക്തമായറിയാം എന്നിട്ടും… ആദ്യമായി രാമേട്ടന്‍ എന്തിനേയോ ഭയപ്പെടുന്ന പോലെ തോന്നി. വിറയല്‍ തോന്നിയപ്പോള്‍ രാമേട്ടന്‍ കൊതുകുവലയ്ക്കുള്ളിലേക്ക് ചുരുണ്ടു കേറി.
ആരൊക്കെയോ നടന്നടുക്കുന്ന പോലെ… രാമേട്ടന്‍ കണ്ണടച്ച് പുതപ്പില്‍ നിശബ്ദം കിടന്നു.
രാവിലെ വന്ന സ്വീപ്പറാണ് രാമേട്ടനെ തട്ടി ഉണര്‍ത്തിയത്. മുന്‍വശത്തെ ഗ്ലാസ് എല്ലാം തകര്‍ന്നു കിടക്കുന്നു. ജനല്‍ ചില്ലുകളും പൊട്ടിയടര്‍ന്നിരിക്കുന്നു. സ്വീപ്പര്‍ക്ക് എന്തോ പന്തികേട് തോന്നി. ആരെയൊക്കെയോ ഫോണില്‍ വിളിച്ചു.
അന്വേഷണത്തിനായി അസിസ്റ്റന്റ് സൂപ്രണ്ട്മാരും അസിസ്റ്റന്റ് ഡയറക്ടര്‍മാരും എല്ലാം വരിവരിയായി എത്തി. എന്താ പറ്റിയത് എന്ന അവരുടെ ചോദ്യത്തിന് രാമേട്ടന്‍ പറഞ്ഞു ”ഓല് കുറേ പേര് ണ്ടായിര്ന്നു… ഹിജഡോള്…, ഓല്
തോന്ന്യാസം പറയാനും തുണി
പൊക്കി കാണിക്കാനും തുടങ്ങി.
ഇതു കണ്ടപ്പോള്‍ ഞാന്‍ ഓലോട്
കയര്‍ത്തു. അപ്പോള്‍ ഓലെല്ലാം കൂടി കല്ലുകള് എടുത്തെറിയാന്‍ തുടങ്ങി… അങ്ങനെയാണ് ഈ ചില്ലൊക്കെ പൊട്ടീത്.” രാമേട്ടന്റെ വിവരണത്തില്‍ എന്തോ പന്തികേട് തോന്നി അവര്‍ക്കെല്ലാം. ”ആരെങ്കിലും കല്ലെടുത്തെറിഞ്ഞാണ് ഗ്ലാസ് കവാടം
തകര്‍ന്നതെങ്കില്‍ സ്വാഭാവികമായും ആ കല്ലുകള്‍ ഈ ഓഫീസ് ഹാളില്‍ വന്നു വീഴണമല്ലോ. തെളിവിനായി ഒരു കല്ലു പോലും ഇല്ല. അപ്പോള്‍ പിന്നെ എന്താ സംഭവിച്ചത്? കല്ലേറ് കൊണ്ട് നിങ്ങളുടെ ശരീരത്തിന്
ഒന്നും പറ്റിയിട്ടും ഇല്ല. അപ്പോള്‍
മറ്റെന്തോ ആണ് സംഭവിച്ചത്”
അതെന്താണ് ?
വ്യക്തമായ ഒരു മറുപടി രാമേട്ടന് ഇല്ലായിരുന്നു.
നിരുത്തരവാദപരമായി ഡ്യൂട്ടി ചെയ്തതിനും ഓഫീസ് കെട്ടിടത്തിന് നാശനഷ്ടം നേരിട്ടതിനും രാമേട്ടന്‍ ശിക്ഷിക്കപ്പെട്ടു. ഡീപ്രമോഷന്‍ ആയിരുന്നു, എം ടി എസ്സില്‍ നിന്നും
പഴയ ഇ ഡി പാക്കറിലേക്ക്. അങ്ങനെ നീണ്ട കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം രാമേട്ടന്‍ തന്റെ പഴയ തട്ടകത്തിലേക്ക് ഡീ പ്രമോട്ടായി ആയി നിയമിക്കപ്പെട്ടു. രമേട്ടനെതിരെ നടന്ന അനീതിയെ ചോദ്യം ചെയ്യാനോ അനുകൂല നടപടിക്ക് ശുപാര്‍ശ ചെയ്യാനോ ആരും ഉണ്ടായില്ല.
* * *
കോവിഡ് കാരണം ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നിയന്ത്രണമുണ്ട്. പത്ത് മണി മുതല്‍ മൂന്ന് മണി വരെയാണ് പ്രവര്‍ത്തന സമയം. അത്യാവശ്യം ജോലികള്‍ മാത്രം. രാമേട്ടന് ഫ്രീ ടൈമിന് മേലെ ഫ്രീ ടൈം ആണ്. ഓഫീസിലേക്ക് നടന്നെത്തണം എന്ന ബുദ്ധിമുട്ട് മാത്രം. വരുന്ന വഴി നീളെ ഒട്ടുമിക്ക ഷോപ്പുകളും അടഞ്ഞുകിടപ്പാണ്. ടൗണിലെ ബീവറേജ് പൂട്ടിയതാണ് ഏറ്റവും വലിയ ചതി. എന്നും ഓഫീസിലേക്ക് വരുമ്പോഴും പോകുമ്പോഴും രാമേട്ടന്‍ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലുള്ള ബീവറേജ് പരിസരം വെറുതെ ഒന്ന് നോക്കും. രാവിലെ നേരത്തെ തന്നെ രാമേട്ടനെത്തും ഓഫീസില്‍. കത്തുകളൊന്നും തീരെ ഇല്ല എന്നു തന്നെ പറയാം. വന്ന കത്തുകളിലെല്ലാം ഡെലിവറി ഡേറ്റ് സ്റ്റാമ്പ് പതിച്ച് രാമേട്ടന്‍ ഓഫീസിന്റെ ഒരു ഓരം ചേര്‍ന്ന് മാറിയിരിക്കും. വയറ്‌ല് നല്ല ഗ്യാസാണ് എന്നു പറഞ്ഞ് ഏതോ അരിഷ്ടം രാമേട്ടന്‍ കഴിക്കാറുണ്ട്. അരിഷ്ടം കഴിച്ചാല്‍ രാമേട്ടന് ഒന്ന് നന്നായി മുറുക്കണം. എന്നിട്ട് കണ്ണുകള്‍ ചുവപ്പിച്ച് നില്‍ക്കും അദ്ദേഹം. മാസ്‌ക് നിര്‍ബന്ധമാക്കിയത് രാമേട്ടന്
ചില്ലറ പ്രശ്‌നമല്ല ഉണ്ടാക്കിയത്.
മാസ്‌ക് അഴിച്ചുമാറ്റാതെയാ ഇന്നലെ വിശ്വന്റെ കടയില്‍ നിന്നും പൊടിച്ചായ കുടിച്ചത്… മാസ്‌കിലും ഷര്‍ട്ടിലും എല്ലാം ചുടു ചായ വീണ് അലങ്കോലമായി. മറ്റൊരു ദിവസം മുറുക്കി തുപ്പിയത് മാസ്‌കിലൂടെയായിപ്പോയി!
എണ്ണിച്ചുട്ട അപ്പം പോലെ വന്ന മാസ്‌ക് ഇപ്പോള്‍ രാമേട്ടന് തന്നെ തികയുന്നില്ല. സാനിറ്റൈസര്‍ ആണെങ്കില്‍ 500 മില്ലി ലിറ്ററിന്റെ ഒരു കുപ്പി തുറന്നാല്‍ പിറ്റെ ദിവസത്തേക്ക് അത് തീര്‍ന്നിട്ടുണ്ടാകും. ആദ്യമൊന്നും പോസ്റ്റ് മാസ്റ്റര്‍ രാഘവന്‍ മാഷ് അത് കാര്യമാക്കിയില്ല. എന്നാലും സാനിറ്റൈസറിന്റെ അമിത ഉപഭോഗം ഓഫീസില്‍ എങ്ങനെയോ സംഭവിക്കുന്നുണ്ട്. രാമേട്ടനോട് ചോദിച്ചപ്പോള്‍ പറഞ്ഞത് ഓഫീസില്‍ വരുന്ന കസ്റ്റമേഴ്‌സ്ന്റ കൈകളിലേക്ക് രാമേട്ടന്‍ സാനിറ്റൈസര്‍ ഇറ്റിച്ചു കൊടുക്കാറുണ്ട് എന്നാണ്. ”പിന്നെ മാഷെ ഇത് ഗ്യാസല്ലേ…
ആവിയായി പോകാതിരിക്കോ?”
പോസ്റ്റ് മാസ്റ്റര്‍ രാഘവന്‍ മാഷ്‌ക്ക് ആ ഉത്തരത്തില്‍ തൃപ്തി ആയില്ല. മറ്റ് ഓഫീസുകളെ അപേക്ഷിച്ച് കഴിഞ്ഞ ഒരു മാസത്തിനിടക്ക് നല്ലൊരു തുകക്ക് സാനിറ്റൈസര്‍ വാങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ സ്വന്തം കൈയ്യില്‍ നിന്നും രൂപ എടുത്താണ് രാഘവന്‍ മാഷ് സാനിറ്റൈസര്‍ വാങ്ങുന്നത്. മണവും മറ്റു നിറങ്ങളും ഇല്ലാത്ത ഡാല്‍ട്ടോ കമ്പനി ഇറക്കുന്ന ആള്‍ക്കഹോള്‍ മിശ്രിതമായ സാനിറ്റൈസറിന് താരതമ്യേന വില കുറവാണ് മാര്‍ക്കറ്റില്‍. കൈകളില്‍ പുരട്ടിയാല്‍ നല്ല തണുപ്പ് അനുഭവപ്പെടും. നിമിഷ നേരം കൊണ്ട് അത്
വലിയുകയും ചെയ്യും. മണമില്ലാത്തതുകൊണ്ടാകും ആവശ്യക്കാര്‍ കുറവാണ്.
ഇന്നും രാഘവന്‍ മാഷ് 500 മില്ലി ലിറ്ററിന്റെ ഒരു സാനിറ്റൈസറുമായാണ് ഓഫീസില്‍ വന്നത്. അധികം മെയില്‍ ബാഗുകള്‍ ഇല്ലാതിരുന്നത് കൊണ്ട് രാവിലത്തെ പണികളെല്ലാം വേഗം തീര്‍ന്നു. പോസ്റ്റ്മാന്മാര്‍ എല്ലാം പോയി. സേവിംഗ്‌സ് ബാങ്ക് ഇടപാടുകള്‍ക്കായി വന്ന കുറച്ചു
പേരുണ്ടായിരുന്നു. അവരും പോയിരിക്കുന്നു. സ്‌കെലട്ടന്‍ സ്റ്റാഫ് ആയതു കൊണ്ട് രാഘവന്‍ മാഷും രാമേട്ടനും മാത്രമേ ഇപ്പോള്‍ ഓഫീസിലുള്ളൂ…
രാഘവന്‍ മാഷ് രാമേട്ടനെ വിളിച്ചു. കാണാനില്ല… വല്ല പൊടിച്ചായയോ മുറുക്കാനോ അന്വേഷിച്ച് പോയിക്കാണും വിദ്വാന്‍ എന്ന് കരുതി രാഘവന്‍ മാഷ്. ആ….. വരുമ്പോള്‍ വരട്ടെ… എന്നു പറഞ്ഞു കൊണ്ട് ഒരു മൂളിപ്പാട്ടും പാടി രാഘവന്‍ മാഷ് ടോയ്‌ലറ്റ് കം ബാത്‌റൂമിലേക്ക് നടന്നു. പാന്റിന്റെ സിബ്ബ് ഊരി തുറന്ന് പിടിച്ച് ചാരിയ വാതില്‍ തള്ളി തുറന്നു. പെട്ടെന്ന് ഒരലര്‍ച്ച…! രാഘവന്‍ മാഷിന്റെ കൈകള്‍ക്കിടയിലൂടെ മൂത്രം തുടല്‍ പൊട്ടിച്ച മൃഗക്കരുത്തോടെ പുറത്തേക്ക് ചീറ്റി…! അത് പതിച്ചത് ഞെട്ടിപ്പിടഞ്ഞെഴുന്നേല്‍ക്കുന്ന രാമേട്ടന്റെ മുഖത്തായിരുന്നു. അരിഷ്ടവും സാനിറ്റൈസറും ഗ്ലാസും എല്ലാം രാമേട്ടന്റെ കൈകളില്‍ നിന്നും വഴുതി താഴെ വീണു.