കേരളചരിത്രത്തില്‍ സമാനതയില്ലാത്ത വ്യക്തിത്വമാണ് സുഗതകുമാരിയുടേത്. ഒട്ടേറെ മഹാവ്യക്തികള്‍ക്കു ജന്മമേകി ധന്യയാകാന്‍ ഭാഗ്യമുണ്ടായതാണ് നമ്മുടെ നാട്. ശങ്കരാചാര്യര്‍, തുഞ്ചത്തെഴുത്തച്ഛന്‍, ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു, രാജാരവിവര്‍മ്മ ഇങ്ങനെ വികസിക്കുന്നു കേരളത്തില്‍ പിറവികൊണ്ട അതിവിശിഷ്ട വ്യക്തികളുടെ പട്ടിക. ഇതില്‍ അര്‍ഹതകൊണ്ട് ഇടംതേടുന്ന ഏകവനിത സുഗതകുമാരിയായിരിക്കും. സേവനത്തിന്റെയും സംഭാവനയുടെയും അടിസ്ഥാനത്തില്‍ സുഗതകുമാരിയെ പിന്നിലാക്കാന്‍ കഴിയുന്ന മറ്റൊരു സ്ത്രീ വ്യക്തിത്വത്തെ കേരളചരിത്രത്തില്‍ കാണാന്‍ കഴിയില്ല. സുഗതകുമാരിയുടെ ഒന്നാമത്തെ മേല്‍വിലാസം കവി എന്നതാണല്ലോ. മലയാള കവിതയില്‍ പ്രവര്‍ത്തിച്ച ഏറ്റവും സമുന്നതരായ ഇരുപത്തിയഞ്ചുകവികളെ തിരഞ്ഞുനോക്കൂ. നിങ്ങളുടെ കണ്ണുകളില്‍ ആദ്യം തെളിയുന്ന രൂപങ്ങളിലൊന്ന് സുഗതകുമാരിയുടേതായിരിക്കും. ആ കവി നിരയില്‍ ഒരു വനിതയെക്കുടി കണ്ടെത്താന്‍ ശ്രമിച്ചാല്‍ സാധിച്ചേക്കില്ല എന്നുകൂടി പറഞ്ഞുകൊള്ളട്ടെ. എന്തിന്, ജ്ഞാനപീഠപുരസ്‌കൃതര്‍ പോലും അദൃശ്യരായിരിക്കും. ഇതൊക്കെക്കൊണ്ടാണു പറഞ്ഞത്, കേരളത്തിന്റെ അറിയപ്പെടുന്ന ചരിത്രത്തിലെ ഏറ്റവും സമുന്നതമായ വ്യക്തിത്വത്തിനുടമ സുഗതക്കുമാരിയാണെന്ന്.
സുഗതകുമാരി ആയുര്‍വ്യയം ചെയ്ത സേവനമേഖലകളുടെയോ സര്‍ഗശേഷി വ്യാപരിപ്പിച്ച കര്‍മമണ്ഡലങ്ങളുടെയോ കണക്കെടുക്കാനോ, ആ വിളവെടുപ്പുകളെ അളന്നു തിട്ടപ്പെടുത്താനോ അവര്‍ക്കു ലഭിച്ച സമ്മാനങ്ങളെ പട്ടികപ്പെടുത്താനോ ഒന്നും ഇവിടെ ശ്രമിക്കുന്നില്ല. അതിനൊക്കെ വേറെ ആളുകളുണ്ട്. അവരുടെ മേച്ചില്‍പ്പുറങ്ങളായി മാറും ഇനിയുള്ള ദിവസങ്ങളില്‍ ഇവിടത്തെ മാധ്യമപ്രതലങ്ങള്‍. ഇപ്പോള്‍ ചെയ്യുന്നത്, സുഗതകുമാരിയുടെ വ്യക്തിസത്തയെ തിരിച്ചറിയാനുള്ള ഒരു എളിയശ്രമം മാത്രം.
നമ്മുടെ നവോത്ഥാനകാല, സ്വാതന്ത്ര്യസമരഘട്ടങ്ങള്‍ സമ്മാനിച്ച മൂല്യബോധത്തിന്റെ സൃഷ്ടിയാണ് സുഗതകുമാരിയുടെ വ്യക്തിത്വം. ഈ ചരിത്രപ്രക്രിയകളില്‍ പങ്കുചേര്‍ന്ന ആളായിരുന്നു അവരുടെ അച്ഛന്‍. കേശവപിള്ള എന്ന ആ നെയ്യാറ്റിന്‍കരക്കാരനെ ബോധശ്വരനാക്കി മാറ്റിയത് ഈ സാഹചര്യമാണ്. സ്വാതന്ത്ര്യസമരസേനാനിയും പത്രാധിപരും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ മാര്‍ഗദര്‍ശിയും ശ്രീമൂലം പ്രജാസഭാംഗവും ഉജ്ജ്വലവാഗ്മിയുമായിരുന്ന നെയ്യാറ്റിന്‍കര എ.പി.നായരുടെ മുഖത്തുനിന്നാണ് ശ്രീരാമകൃഷ്ണപരമഹംസന്‍, സ്വാമി വിവേകാനന്ദന്‍ എന്നീ പേരുകള്‍ കേശവപിള്ള ആദ്യം കേട്ടത്. പിന്നീട് തീര്‍ത്ഥാടനസ്വഭാവമുള്ള നീണ്ടയാത്ര കഴിഞ്ഞ് അദ്ദേഹം എത്തിച്ചേര്‍ന്നത് ശ്രീനാരായണ ഗുരുവിന്റെ സവിധത്തിലാണ്. ഗുരു അദ്ദേഹത്തെ സദ്ഗുരുവായ ചട്ടമ്പിസ്വാമികളുടെ സന്നിധിയിലേക്കു നയിച്ചു, ‘വ്യാസനും ശങ്കരനും കൂട്ടിച്ചേര്‍ന്നാല്‍ നമ്മുടെ സ്വാമിയായി – മൂലവും ഭാഷ്യവും കൂട്ടിച്ചേര്‍ന്നതാണല്ലോ’ എന്നു പറഞ്ഞുകൊണ്ട്. ചട്ടമ്പിസ്വാമികളാകട്ടെ, തന്റെ കാല്‍ചുവട്ടില്‍ വന്നുവീണ കവിയെ ഉയര്‍ത്തിനിര്‍ത്തിയത്, ”അപ്പനോ, നിന്റെ അമ്മയെയും ഞാന്‍ എടുത്തുകൊണ്ടു നടന്നിട്ടുണ്ട്’ എന്ന് തനതുഭാഷയില്‍ നര്‍മ്മം കലര്‍ത്തി പറഞ്ഞുകൊണ്ടായിരുന്നു. അച്ഛന്റെ ഈ സന്ന്യാസീസഹചാരിത്വം, ലോകം ഏറ്റുവാങ്ങിയ ഏറ്റവും ശാസ്ത്രീയവും സൗമ്യോദാരവും പൂര്‍ണസ്വാതന്ത്ര്യപ്രദായകവുമായ അദ്വൈത ദര്‍ശനപ്പെരുമ ഉള്‍ക്കൊള്ളാന്‍ സഹായിച്ചിട്ടുണ്ടാവും. ഇത് സുഗതകുമാരിയുടെ അന്തര്‍ലോചനവും തുറപ്പിച്ചിട്ടുണ്ടാവും എന്നു പറയേണ്ടല്ലോ. സംസ്‌കൃത പ്രൊഫസറായ അമ്മ കാര്‍ത്ത്യായനിയമ്മയില്‍ നിന്നു ലഭിച്ച ശിക്ഷണം അതിനെ വ്യവസ്ഥാപനം ചെയ്തതും ഓര്‍ക്കണം. പോരാത്തതിന്, ഫിലോസഫിയില്‍ എം.എ.ബിരുദം സമ്പാദിക്കുന്നതിനുവേണ്ടി നടത്തിയ വിദ്യാഭ്യാസം ലോകചരിത്രത്തെയും വിശ്വദര്‍ശനങ്ങളെയും താരതമ്യത്തിലും സൂക്ഷ്മവിചിന്തനത്തിലും കൂടി ഗ്രഹിക്കാനും പ്രാപ്തയാക്കിയിരിക്കണം. സകലോപരി, ‘അരവിന്ദദര്‍ശനം’ ഉള്‍പ്പെടെയുള്ള പ്രൗഢഗ്രന്ഥങ്ങള്‍ രചിച്ച ഡോ.കെ.വേലായുധന്‍നായരുടെ പത്‌നിയായത് എല്ലാറ്റിലും വലിയ അനുഗ്രഹമായിരുന്നു എന്നു അറിയണം. ഇതെല്ലാം കൂടി സുഗതകുമാരിയുടെ ജീവിതവീക്ഷണത്തെ ഭാരതീയമായ ദാര്‍ശനികസ്രോതസ്സില്‍ ദൃഢബദ്ധമാക്കി എന്നു വ്യക്തമാണ്.
പക്ഷേ സമത്വത്തിലും സാഹോദര്യത്തിലും സ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായ മഹാദര്‍ശനവും അതിന്റെ ശക്തിദായക സന്ദര്‍ഭങ്ങളായിരുന്ന നവോത്ഥാനവും സ്വാതന്ത്ര്യസമരവും പ്രസരിപ്പിച്ച ആദര്‍ശങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാമത്തെപ്പകുതിയില്‍ നിര്‍ലജ്ജം മലീമസമാക്കപ്പെടുന്നതാണ് സുഗതകുമാരിക്കു കാണേണ്ടിവന്നത്. സ്വാര്‍ത്ഥവും ദുരയും പകയും സ്പര്‍ദ്ധയും അധികാരക്കൊതിയും ഭോഗാസക്തികളും തേര്‍വാഴ്ച നടത്തുന്ന ലോകാനുഭവങ്ങള്‍ക്കും അവര്‍ നേര്‍സാക്ഷിയായി. ആത്മീയവും ഭൗതികവുമായ ഭ്രംശങ്ങളാല്‍ പ്രകൃതിയും അതിന്റെ സൂക്ഷ്മരൂപമായ സ്ത്രീത്വവും സകലതും ചൂഷണത്തിനും പീഡനത്തിനും വിധേയമാക്കുന്ന ഭീകരദൃശ്യങ്ങള്‍ അവരെ നിരന്തരം ആകുലപ്പെടുത്തിക്കൊണ്ടിരുന്നു.
”രാവാണു തണുപ്പാണു, മരവിപ്പിക്കും വര്‍ഷ-
കാലമാണിരുളാണു മന്നിലും മനസ്സിലും
അന്തിക്കു തുടുപ്പില്ലാ, ചിന്തകള്‍ പഴകിയ
മുന്തിരിപ്പഴങ്ങള്‍ പോലിറുന്നുപതിക്കുന്നു.
ചുണ്ടത്തുചിരിയില്ലാ, കാണ്‍കയിപ്പേമാരിയില്‍
ചെമ്പനീര്‍പ്പൂക്കള്‍പോലും മണംപോയ് മരിക്കുന്നൂ.
പാതിയും വിരിവതിന്‍ മുന്‍പിലേ വാടും കൊച്ചു
പാതിരപ്പൂവിന്നൊപ്പം മുഗ്ദ്ധമീ സ്വപ്‌നം പോലും,
വിടര്‍ന്നു, വിടര്‍ന്നാത്തസൗഭഗം തൂവിദ്യോവില്‍
വിളങ്ങാന്‍ കൊതിച്ചു നാം കാത്തൊരീസ്വപ്‌നംപോലും” മുതലായ വരികള്‍ ഇക്കാര്യം വിശദമാക്കുന്നു.
എങ്കിലും സ്വയം തളരാതിരിക്കണമെന്നും ഉണര്‍ന്നു
പ്രവര്‍ത്തിക്കണമെന്നും തളരുന്നവരെ താങ്ങുന്നതും സ്വധര്‍മ്മമെന്നും മനസ്സിലാക്കി സുഗതകുമാരി ലോകരംഗത്തിറങ്ങി, കവിയായി. മാത്രമല്ല, സമരനായികയായും. അതിന്റെ വിസ്താരങ്ങളായ പ്രസ്ഥാനങ്ങള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പേരുകളൊന്നും ഇവിടെ കുറിക്കുന്നില്ല.
ഇതിനെല്ലാമൊപ്പം വ്യക്തി എന്ന നിലയില്‍ സ്ത്രീ, പത്‌നി, അമ്മ, കുടുംബിനി എന്നിങ്ങനെയുള്ള ജീവഭാവങ്ങളിലൂടെ കടന്നുപോവുകയും വേണമായിരുന്നു സുഗതകുമാരിക്ക്. എന്നുവച്ചാല്‍, പച്ചയായ ജീവിതത്തിന്റെ മാനുഷചോദനകളെ മറികടന്നുള്ള മണ്ണിലെ യാത്ര. പതറുകയോ ഇടറുകയോ ചെയ്ത ഇടങ്ങളോ വേളകളോ അതിലുണ്ടാവാതെ വയ്യല്ലോ? എങ്കിലും എപ്പോഴും അവരുടെയുള്ളില്‍ അചഞ്ചല വിശ്വാസം ജനിപ്പിക്കുന്ന ശുഭപ്രതീക്ഷ മുന്നിട്ടുനിന്നിരുന്നു.
പിന്‍കാലിന്മേല്‍ പല്ലുകളാഴ്ത്തി
വലിച്ചുവലിച്ചാഴ്ത്തീടും ഭീതിയൊ-
ടിഞ്ചിഞ്ചായ് തോല്ക്കുമ്പോള്‍ താഴ്ന്നു
തുടങ്ങുമ്പോള്‍ – ഓര്‍മ്മിച്ചേന്‍ നിന്നെ!
തളരും തുമ്പിക്കൈയാലൊരു ചെ-
ന്താമരമലരു പറിച്ചേന്‍, കണ്ണീ-
രണമുറിയുമ്പോള്‍, ‘നീയേ തുണയിനി’ –
യെന്നു വിളിച്ചുകരഞ്ഞര്‍ച്ചിച്ചേന്‍…
ചുടുകണ്ണീരോടു പാര്‍ഷതിയൊന്നു
വിളിക്കെയുഴകൊടണഞ്ഞോനേ, നീ-
യെവിടെ? വിളിച്ചു വിളിച്ചു തളര്‍ന്നേ-
നെവിടെപ്പോയ് നീയെന്നുടയോനേ?
എന്ന് യുഗയുഗാന്തരങ്ങളായി ഏതു ചിത്തം അപേക്ഷിച്ചാലും വന്നണഞ്ഞു രക്ഷിക്കും എന്ന ഉത്തമ ബോദ്ധ്യം. മാനുഷചേതനയിലെ ശാശ്വത പ്രതിഷ്ഠയായ ‘ഭാഗവത’ത്തിലെ ‘ഗജേന്ദ്രമോക്ഷം’ അങ്ങനെ മലയാളകവിതയില്‍ ഒരു നവ്യോപലബ്ധിയായി.
ഒപ്പം തന്നെ, തന്നിലും എല്ലാവരിലും സദാ സ്ഫുരിക്കേണ്ട പ്രാര്‍ത്ഥനാഭാവമായ കാവ്യചോദനയും
അന്ധതയാലേ പുണരും ജീവിത
ബന്ധനമൊന്നുമഴിഞ്ഞീലാ
നിറുത്തിടൊല്ലേ നിന്‍നൃത്തം ഫണ-
മുയര്‍ത്തി നില്‌പേനാവോളം
വിളര്‍ത്ത കണ്ണീര്‍ച്ചോലകളായെന്‍
വിഷങ്ങളെല്ലാമലിവോളം
സ്വീയവിഷാദമുലര്‍ന്നെരിയുന്നോ-
രീയഭിമാനംക്കാവോളം
നിന്‍കഴല്‍ മതിയാവോളമണിഞ്ഞെന്‍
സങ്കടമെല്ലാം കുറവോളം
കുറിക്കുകില്ലിപ്പത്തികള്‍ കണ്ണാ
മുറയ്ക്കു നര്‍ത്തനമാടൂ നീ.
അറിവിന്റെ വിളവായ വിനയം, അത് തന്നെയും അപരരെയും നന്നാക്കുവാനുള്ള പരിശ്രമമായും പ്രകടമാകും. തിരിച്ചറിവിലൂടെ കൈവരുന്ന അപൂര്‍ണതാബോദ്ധ്യം പ്രാര്‍ത്ഥനയും സേവനവുമായി പരിഭാഷപ്പെടുന്നത് ജ്ഞാനത്തിന്റെ പടവുകളിലൊന്നായ ഭക്തിയുമായി ബന്ധപ്പെട്ടുകൊണ്ടാണ്. ഇവയുടെ ഫലപ്രാപ്തി എത്രമാത്രം വ്യാപകവും മാതൃകായോഗ്യവും കാലാതിവര്‍ത്തിയും ആകാമെന്നതിന്റെ ചരിത്രസാക്ഷ്യമാണ് കവിതയും സമൂഹസേവയും ഒക്കെയായി സുഗതകുമാരി അവശേഷിപ്പിക്കുന്നത്.
എല്ലാറ്റിനുമിടയില്‍ പ്രലോഭനങ്ങളെ അതിജീവിക്കുക എന്ന ഏറെ ദുഷ്‌കരമായ അനുഭവങ്ങള്‍, വിശ്വാസത്തിന്റെയും അധികാരത്തിന്റെയും അധീശത്വങ്ങള്‍ക്കുമുന്നില്‍ നിശ്ശബ്ദയോ അനുകൂലയോ ആകേണ്ടിവരുന്ന ചുരുക്കം സന്ദര്‍ഭങ്ങള്‍, ഒക്കെ യാഥാര്‍ത്ഥ്യങ്ങള്‍ തന്നെയാകാം. എന്നിരുന്നാലും ഭാരതീയമായ വിവേകം പ്രദാനം ചെയ്യുന്ന ധൈര്യവും സ്വപ്രത്യയസ്ഥൈര്യവും സുഗതകുമാരിക്കുണ്ടായിരുന്നു എന്നത് തീര്‍ത്തും അസാധാരണമായ വസ്തുത തന്നെയാണ്. എന്തുകൊണ്ടെന്നാല്‍, വശീകരണത്തിന്, അനുശാസനത്തിന് സ്വയം വശംവദരായി, വിധേയരായി, വിലയില്ലാത്ത ഉപകരണമായി തേഞ്ഞരഞ്ഞ് ഉപയോഗിക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ സുഗതകുമാരിയില്ലായിരുന്നു. അനുഗാമിയാകാതെ, അനുയായിയാകാതെ, ആജ്ഞാനുവര്‍ത്തിയാകാതെ, വ്യത്യസ്തയായി, സമുന്നതയായി, ധീരയായി സുഗതകുമാരി ഇനി ചരിത്രത്തില്‍.