തിരുവനന്തപുരം: മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട കവികളില്‍ മുന്‍നിരയില്‍ തന്നെ നിലകൊണ്ട സുഗതകുമാരി കാലത്തിന്റെ നെറുകയില്‍ സ്വന്തം കയ്യൊപ്പ് ചാര്‍ത്തിയ കിടയറ്റ സാമൂഹിക പ്രവര്‍ത്തക കൂടിയാണെന്ന് ഭാരതീയ വിചാരകേന്ദ്രം അനുസ്മരിച്ചു.
ദേശീയതയിലും സനാതന ധര്‍മ്മസംസ്‌കൃതിയിലും അടിയുറച്ച സാംസ്‌കാരികബോധമാണ് അവരെ നയിച്ചിരുന്നത്. പക്വതയും വിശാലവീക്ഷണവും ചലനാത്മകതയും ഒരുപോലെ പ്രകടമാക്കിയ സുഗതകുമാരിയെപ്പോലുള്ള വ്യക്തിത്വങ്ങള്‍ മലയാളക്കരയില്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍ അധികമുണ്ടായിട്ടില്ല. കഴിഞ്ഞ നാലുപതിറ്റാണ്ടിലധികമായി സൈലന്റ് വാലി സംരക്ഷണ പ്രസ്ഥാനം മുതല്‍ക്ക് നാം സുഗതകുമാരിയെ തിരിച്ചറിയുന്നത് കവി മാത്രമായിട്ടല്ല, സാമൂഹ്യപ്രശ്‌നങ്ങള്‍ക്കെതിരെ ധീരമായി പൊരുതുന്ന ഒരു സാംസ്‌കാരിക പ്രവര്‍ത്തക എന്ന നിലയില്‍ കൂടിയാണ്. കേരളത്തിലെ മനോരോഗചികിത്സാകേന്ദ്രങ്ങളില്‍ നടക്കുന്ന കെടുകാര്യസ്ഥതയെക്കുറിച്ചും മനോരോഗികളായ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും ബഹുജനങ്ങള്‍ അറിഞ്ഞത് സുഗതകുമാരിയുടെ അക്ഷീണമായ പരിശ്രമഫലമായിട്ടാണ്. ‘അഭയ’ എന്ന സ്ഥാപനം ഇന്ന് എല്ലാവരേയും വിസ്മയിപ്പിക്കുന്ന അഭയ ഗ്രാമമായി വളര്‍ന്നിരിക്കുന്നു.
ക്ഷേത്രോത്സവത്തിന്റെ പേരില്‍ നടക്കുന്ന ധൂര്‍ത്തിനെക്കുറിച്ചും മൃഗപീഡനത്തെക്കുറിച്ചുമൊക്കെ അവര്‍ പലപ്പോഴും പ്രതിഷേധ ശബ്ദമുയര്‍ത്തി. തപസ്യ, ബാലഗോകുലം, ഭാരതീ യവിചാരകേന്ദ്രം തുടങ്ങിയ ദേശീയ സാംസ്‌കാരിക പ്രസ്ഥാനങ്ങളോട് സുഗതകുമാരി പ്രീതിപൂര്‍വ്വം സഹകരിച്ചിരുന്നു. ധീരാത്മാവായ ആ കവി പ്രതിഭയ്ക്ക് ഭാരതീയവിചാരകേന്ദ്രം ആദാരഞ്ജലികള്‍ അര്‍പ്പിക്കുന്നതായി ഭാരതീയവിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ അറിയിച്ചു.