‘നാലാള്‍ അറിയപ്പെടുന്ന’ ഒരു രാഷ്ട്രീയ നേതാവാകണമെങ്കിലുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ചില്ലറയൊന്നുമല്ല. മാധ്യമങ്ങളുടെ, പിന്നെ പൊതുജനത്തിന്റെ അംഗീകാരം കിട്ടണമെങ്കില്‍ ‘പെടാപ്പാടുപെടുക’ തന്നെ വേണം. അതിനാവട്ടെ നിരവധി വര്‍ഷങ്ങളുടെ പ്രയത്‌നം ആവശ്യമാണുതാനും. നേരായ മാര്‍ഗം മാത്രമല്ല, കുറച്ചൊക്കെ നടന വൈഭവവും ആവശ്യമുള്ള ഒരു പ്രക്രിയയാണ് ഇത്.
കലാരംഗത്തുള്ളവര്‍ക്ക് – പ്രത്യേകിച്ചും സിനിമ, ടെലിവിഷന്‍, സംഗീതം എന്നീ മേഖലകളില്‍ വ്യാപരിക്കുന്നവര്‍ക്ക് – രാഷ്ട്രീയത്തില്‍ പ്രവേശിച്ച് അംഗീകാരം നേടുക എന്നുള്ളത് പ്രായേണ എളുപ്പമുള്ള കാര്യമാണ്. അവരുടെ പൊതുജീവിതം പോലെതന്നെ സ്വകാര്യജീവിതവും ജനങ്ങള്‍ക്ക് ഏറെക്കുറെ അറിവുള്ളതായിരിക്കും. അങ്ങ് അമേരിക്കന്‍ ഐക്യനാടുകള്‍ മുതല്‍ ഇങ്ങ് ഫിലിപ്പൈന്‍സ് വരെയുള്ള രാജ്യങ്ങളില്‍ ചലച്ചിത്ര നടന്മാര്‍ രാഷ്ട്രത്തലവന്മാരായിട്ടുണ്ടെങ്കിലും നമുക്ക് ഉദാഹരണങ്ങള്‍ തേടി അങ്ങോട്ടൊന്നും പോകേണ്ടതില്ല – ഇവിടെ, ദക്ഷിണേന്ത്യയില്‍ തന്നെയുണ്ട്, രണ്ടുപേര്‍. തമിഴ്‌നാട്ടില്‍ ‘മക്കള്‍ തിലക’മായ ‘പുരട്ചി നടികര്‍’ എം.ജി. രാമചന്ദ്രനും ആന്ധ്രാപ്രദേശില്‍ എന്‍.ടി.രാമറാവുവും.
എം.ജി.ആറിന്റെ (‘യുനെസ്‌കോ’ വരെ പ്രശംസിക്കുകയും അംഗീകരിക്കുകയും ചെയ്ത) ‘ഉച്ചഭക്ഷണ പരിപാടി’ ഒന്നുമാത്രം മതി ഒരു കലാകാരനും മികച്ചൊരു ഭരണാധികാരിയാകുമെന്ന് തെളിയിക്കാന്‍. അദ്ദേഹത്തെ ‘മലയാളത്താന്‍’എന്നു മുദ്രകുത്തി മാറ്റിനിര്‍ത്താന്‍ ശ്രമിച്ച മുത്തുവേല്‍ കരുണാനിധിക്ക് എം.ജി.ആര്‍. ജീവിച്ചിരുന്ന കാലംവരെ അധികാര കസേരയുടെ അടുത്തുപോലും എത്താന്‍ കഴിഞ്ഞിരുന്നില്ലെന്നുള്ളത് എം.ജി.ആറിന്റെ രാഷ്ട്രീയപടുത്വത്തിന്റെ നിദര്‍ശനമാണ്. പിന്നെ, കലാകാരന്മാര്‍ രാഷ്ട്രീയത്തിലിറങ്ങുന്നതില്‍ ആരും അപകാതയൊന്നും കാണേണ്ട ആവശ്യമില്ല.
അധ്യാപകരെയും അഭിഭാഷകരെയും ഗുമസ്തന്മാരെയും തൊഴിലാളികളെയും പോലെ അവരും സമൂഹത്തിന്റെ ഭാഗം തന്നെയാണ്. ആദ്യകാലത്ത്, ദക്ഷിണേന്ത്യയില്‍ കേരളം മാത്രമാണ് സിനിമാതാരങ്ങള്‍ പൊതുരംഗത്ത് കാര്യമായി വിജയം വരിക്കാതിരുന്ന സംസ്ഥാനം. ‘നിത്യഹരിത’ നായകന്‍ പ്രേംനസീര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുവേണ്ടിയും അടൂര്‍ഭാസി ആര്‍.എസ്.പിക്കുവേണ്ടിയും വോട്ടു പിടിക്കാനിറങ്ങിയപ്പോള്‍ നിരാശയായിരുന്നു ഫലം. കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയായിരുന്ന രാമകൃഷ്ണ ഹെഗ്‌ഡെക്കുപോലും രണ്ടു മൂന്നു ചിത്രങ്ങളില്‍ നായകവേഷം കെട്ടിയ ചരിത്രമുണ്ട്.
സ്വതന്ത്ര ഇന്ത്യയില്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ് ഒരു പ്രമുഖതാരത്തെ ആദ്യമായി രാഷ്ട്രീയത്തിലേക്കു കൊണ്ടുവന്നത്. പക്ഷെ അത് നാമനിര്‍ദ്ദേശത്തിലൂടെ ആയിരുന്നു. അഫ്ഗാനിസ്ഥാനില്‍ കുടുംബ വേരുകളുള്ള, സജീവസാന്നിധ്യം കൊണ്ടുതന്നെ സര്‍വ്വരുടെയും ശ്രദ്ധയാകര്‍ഷിക്കുന്ന (‘മുഗള്‍-ഇ-അസം’ എന്ന സിനിമയിലെ അക്ബര്‍ ചക്രവര്‍ത്തിയെ ഓര്‍മിക്കുക) പൃഥ്വിരാജ് കപൂറിനെ രാജ്യസഭയിലേക്കു നാമനിര്‍ദ്ദേശം ചെയ്തുകൊണ്ടായിരുന്നു ഇത്. പൃഥ്വിരാജിന് കലയായിരുന്നു രാഷ്ട്രീയം. എന്നാല്‍ നെഹ്‌റുവിന്റെ പുത്രി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നവരുടെ സ്വഭാവം മാറി. ബോംബെ സെന്‍ട്രലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വി.കെ. കൃഷ്ണമേനോന്‍ മത്സരിച്ചപ്പോള്‍ അദ്ദേഹത്തിനുവേണ്ടി കവലകള്‍തോറും പൊതുയോഗം സംഘടിപ്പിച്ച ദിലീപ് കുമാറും നര്‍ഗീസും മറ്റുമായി രാജ്യസഭയില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍. എം.പിമാരായിരിക്കെ രണ്ടുപേരും അറിഞ്ഞോ അറിയാതെയോ പരമവിഡ്ഢിത്തം പ്രകടിപ്പിക്കുകയും ചെയ്തു. പാകിസ്ഥാന്റെ പരമോന്നത സിവിലിയന്‍ ബഹുമതി സ്വീകരിച്ചുകൊണ്ട് ഇന്ത്യയെ കുറ്റപ്പെടുത്തി സംസാരിച്ചു. തന്റെ പകുതിപ്രായം പോലുമില്ലാത്ത പത്‌നി നടി സൈരാബാനുവിനു പുറമെ ഒരു ഹൈദരാബാദുകാരി ഭാര്യാപദവി, തെളിവുകള്‍ സഹിതം അവകാശപ്പെട്ടപ്പോഴും ദിലീപ് കുമാര്‍ വെട്ടിലായി. ”ഇന്ത്യയിലെ ദാരിദ്ര്യം വിറ്റ് വിദേശ അവാര്‍ഡുകള്‍ സമ്പാദിച്ചു കൂട്ടുകയാണ് സത്യജിത്‌റേ” എന്ന് രാജ്യസഭയില്‍ പ്രസംഗിച്ചപ്പോഴും ഒരു ലണ്ടന്‍ സന്ദര്‍ശനവേളയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ചില വസ്തുക്കള്‍ മോഷ്ടിച്ചതിന് പിടികൂടപ്പെട്ടപ്പോഴുമാണ് നര്‍ഗീസ് വിവാദത്തിലായത്.
കലാകാരന്മാരെ രാഷ്ട്രീയത്തില്‍ കൊണ്ടുവരുക എന്ന ഇന്ദിരാഗാന്ധിയുടെ ‘കല’യെ തനി കച്ചവടമാക്കിയത് പിന്നീട് പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയും തുടര്‍ന്ന് പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി.) രൂപീകരിച്ച മമതാബാനര്‍ജിയുമാണ്. പ്രധാനമന്ത്രിയായിരുന്ന വി.പി.സിംഗിനെതിരെ (ജനതാപാര്‍ട്ടി) രാജീവ് കോണ്‍ഗ്രസ് ബാനറില്‍ മത്സരിപ്പിച്ചത് ‘ക്ഷോഭിക്കുന്ന യുവതലമുറയുടെ പ്രതിനിധി’യായും മറ്റും വിശേഷിപ്പിക്കപ്പെട്ടിരുന്ന കുടുംബ സുഹൃത്ത് അമിതാഭ് ബച്ചനെയാണ്. (പില്‍ക്കാലത്ത് അവര്‍ പിണങ്ങിപ്പിരിഞ്ഞു എന്നത് മറ്റൊരു കാര്യം!) മമതയാകട്ടെ ‘ടി.എം.സി’ രൂപീകരിച്ചതിനുശേഷമുള്ള ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം. മുഖ്യമന്ത്രിയും ബുദ്ധിജീവിയുമായ ബുദ്ധദേവ് ഭട്ടാചാര്യക്കെതിരെ രംഗത്തിറക്കിയത് ചലച്ചിത്രപ്രതിഭയായ റേയുടെ ‘ചാരുലത’യെ അനശ്വരയാക്കിയ മാധവി മുഖര്‍ജിയെയാണ്. ഈ കച്ചവടം മമത തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്നുണ്ട്, ഇന്നേവരെ!
ഈ പതിനേഴാം ലോകസഭയില്‍ സിനിമയടക്കമുള്ള കലാരംഗത്തുനിന്ന് ഒട്ടാകെ പതിനാറു എം.പിമാരുണ്ട്. അവരില്‍ ഒരേ പാര്‍ട്ടിയില്‍ നിന്ന് ഒരു രണ്ടാനമ്മയും മകനും ഉള്‍പ്പെടുന്നു എന്നത് ഒരു കൗതുകം. ‘ബോളിവുഡി’ലെ ‘സ്വപ്‌ന സുന്ദരി’യായിരുന്ന ചെന്നൈക്കാരി ഹേമമാലിനി (ബി.ജെ.പി) ശ്രീകൃഷ്ണന്റെ ജന്മപ്രദേശമായ മധുരയിലെ സീറ്റ് നിലനിര്‍ത്തിയപ്പോള്‍ ഭര്‍ത്താവ് ധര്‍മ്മേന്ദ്രയുടെ ആദ്യപത്‌നിയിലെ മുത്ത പുത്രന്‍ സണ്ണി ദിയോള്‍ പാകിസ്ഥാന്‍ അതിര്‍ത്തിയിലുള്ള ഗുരുദാസ്പൂരില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. 1998 മുതല്‍ മരണംവരെ (2017) ബി.ജെ.പി. ടിക്കറ്റില്‍ തന്നെ മറ്റൊരു ബോളിവുഡ് താരമായ വിനോദ് ഖന്ന വിജയിച്ചുവന്നതായിരുന്നു ഈ സീറ്റ്. സണ്ണിയുടെ ദേശാഭിമാനപ്രചോദിതമായ രണ്ടു ചിത്രങ്ങളാണ് – ‘ഗദ്ദറും’ ‘ബോര്‍ഡറും’ – ഈ നടന് വോട്ടു നേടിക്കൊടുത്തതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
പണ്ടൊരു ഇന്തോ-പാക് സംയുക്തസംരംഭത്തില്‍ ഒരു പ്രധാന റോള്‍ കൈകാര്യം ചെയ്ത കിരണ്‍ ഖേര്‍ ചണ്ഢിഗഢില്‍ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതാണ് ബി.ജെ.പി.യുടെ മറ്റൊരു പ്രധാന നേട്ടം. ഭോജ്പുരി സിനിമയിലെ ‘സൂപ്പര്‍ സ്റ്റാറായ’ രവി കിഷന്‍ (ഗോരഖ്പൂര്‍), ‘ബിഗ്‌ബോസ് താരമായ ഹന്‍സ് രാജ് ഹന്‍സ് (നോര്‍ത്ത് വെസ്റ്റ് ദല്‍ഹി) തുടങ്ങിയവരും ഇതേപാര്‍ട്ടി അംഗങ്ങളാണ്.
മന്ത്രിയെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനുശേഷം ഗാന്ധി കുടുംബവകയായ അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ മലര്‍ത്തിയടിച്ച സ്മൃതി ഇറാനിയെ ഒരിക്കലും അവഗണിക്കുക വയ്യ. മുന്‍ ഹിന്ദി നടന്‍ ജിതേന്ദ്രയുടെ പുത്രിയായ ഏക്താ കപൂറിന്റെ ഉടമസ്ഥതയിലുള്ള ‘ബാലാജി ടെലിഫിലിംസി’ ന്റെ ‘ക്യൂം കി സാസ് ഭി കഭി ബഹു ഥി’ തുടങ്ങിയ ഒട്ടനവധി ടെലിവിഷന്‍ പരമ്പരകളിലൂടെ ഹിന്ദി പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിക്കഴിഞ്ഞതിനുശേഷമാണ് അവരുടെ രാഷ്ട്രീയ പ്രവേശം. കഴിഞ്ഞ തവണ രാഹുലിനോട് പരാജയപ്പെട്ട അവര്‍ ഇത്തവണ മധുരതരമായ പകരം വീട്ടലാണ് നടത്തിയത്, അതും സീരിയലുകളിലെ കഥാപാത്രങ്ങളെപ്പോലെ. ഹിന്ദി പരമ്പരകളില്‍ സ്മൃതി ഇറാനി അവതരിപ്പിച്ച മിക്ക കഥാപാത്രങ്ങളും ഭര്‍തൃഗൃഹത്തില്‍ നിന്ന് നേരിടേണ്ടി വന്ന ദുരിതങ്ങളെ ചെറുത്തു പരാജയപ്പെടുത്തിയ കുടുംബിനിയായിട്ടായിരുന്നു.
പ്രധാനമന്ത്രിയാകുമെന്ന് ചിലരെങ്കിലും കരുതിയിരുന്ന രാഹുല്‍ഗാന്ധിയെ തോല്‍പിച്ചത് ഉത്തര്‍പ്രദേശില്‍ സീരിയല്‍ താരമായിരുന്ന സ്മൃതി ഇറാനിയാണെങ്കില്‍ ഒരു മുന്‍ പ്രധാനമന്ത്രിയെ (ദേവഗൗഡ), വീണ്ടും, സ്വന്തം തട്ടകത്തില്‍ (ഹാസന്‍) വീഴ്ത്തിയ കര്‍ണാടകത്തി ല്‍, മലയാളത്തില്‍ മോഹന്‍ലാലിനോടും (‘തൂവാനത്തുമ്പികള്‍’) മമ്മുട്ടിയോടും (‘ന്യൂദല്‍ഹി’) ഒപ്പം അഭിനയിച്ച ഒരു കന്നഡതാരത്തിന്റെ ഉദയവുമുണ്ടായി. കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന നടന്‍ അംബരീഷിന്റെ പത്‌നി സുമലതയാണിത്. അകാലചരമമടഞ്ഞ ഭര്‍ത്താവിന്റെ സീറ്റായ മാണ്ഡ്യ തനിക്കു നിഷേധിക്കപ്പെട്ടപ്പോള്‍ ബി.ജെ.പി. പിന്തുണയോടെ അവര്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തിറങ്ങി, ‘തൂവാനത്തുമ്പികളി’ലെ ക്ലാര അനായാസം ജയിച്ചു കയറുകയും ചെയ്തു.
ദക്ഷിണേന്ത്യയില്‍ ഈ പൊതുതിരഞ്ഞെടുപ്പ് സിനിമക്കാരായ രാഷ്ട്രീയക്കാര്‍ക്ക് / അവരുടെ ബന്ധുജനങ്ങള്‍ക്ക് ദുഃസ്വപ്‌നങ്ങളുടെ ദുരിതകാലമായിരുന്നു. ‘കൊട്ടും കുരവയുമായി’ കമലഹാസന്‍ ‘മക്കള്‍ നീതിമയ്യ’വുമായി വന്ന് ‘എട്ടുനിലയില്‍ പൊട്ടു’ന്നതിന് തമിഴ്‌നാട് സാക്ഷ്യം വഹിച്ചു. കേന്ദ്രഗവണ്‍മെന്റിന്റെ ‘ആസ്ഥാന വിമര്‍ശക’നായ തമിഴ് – മലയാള – കന്നഡ നടന്‍ പ്രകാശ് രാജിന് ബംഗളൂര്‍ സെന്‍ട്രലില്‍ കെട്ടിവെച്ച കാശുപോലും കിട്ടിയില്ല. നടിയെ ആക്രമിച്ച കേസില്‍ ‘അര്‍ത്ഥഗര്‍ഭമായ മൗനം ദീക്ഷിച്ച്, കണ്ണടച്ച് ഇരുട്ടാക്കി’ ഒട്ടും ‘പാവത്താന’ല്ലെന്നു തെളിയിച്ച ഇന്നസെന്റിന് (ഇടതുപക്ഷ സ്വതന്ത്രന്‍) സിറ്റിംഗ് സീറ്റുതന്നെ നഷ്ടമായി.
ബന്ധുജന നിരയില്‍, ഭാര്യാപിതാവ് എന്‍.ടി.രാമറാവുവിനെ ‘കാലുവാരി” ആന്ധ്രാ മുഖ്യമന്ത്രിയായി അവരോധിതനായ ചന്ദ്രബാബു നായിഡു പ്രധാനമന്ത്രി പദം കിനാവുകണ്ട് പ്രതിപക്ഷ ഐക്യത്തിനുവേണ്ടി നാടാകെ ഓടി നടന്ന് തിരിച്ചു വന്നപ്പോള്‍ കണ്ടത് ആന്ധ്രാ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ ‘തെലുഗുദേശം പാര്‍ട്ടി’ ജഗ്‌മോഹന്‍ റെഡ്ഢിയുടെ ‘വൈ.എസ്.ആര്‍.കോണ്‍ഗ്രസി’നു മുന്നില്‍ നിലംപരിശായിരിക്കുന്നതാണ്.
ഉത്തരേന്ത്യയിലും പ്രതിപക്ഷ നിരയില്‍ അണിനിരന്ന സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം ഈ പൊതുതിരഞ്ഞെടുപ്പ് നഷ്ടക്കച്ചവടമായിരുന്നു. ബി.ജെ.പിയില്‍ നിന്ന് അവസാനനിമിഷം കാലുമാറി കോണ്‍ഗ്രസില്‍ ഭാഗ്യം അന്വേഷിച്ച ശത്രുഘ്‌നന്‍ സിന്‍ഹ സിറ്റിംഗ് സീറ്റായ പറ്റ്‌ന നോര്‍ത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി രവിശങ്കര്‍ പ്രസാദിനോട് അടിയറവു പറഞ്ഞു.
അമീര്‍ഖാന്‍, ജാക്കി ഷ്രോഫ് ചിത്രമായ ‘രംഗീല’യിലെ നഗ്നതാ പ്രദര്‍ശനത്തിലൂടെ പ്രശസ്തിയാര്‍ജിച്ച, മോഹന്‍ലാലിന്റെ ‘ചാണക്യന്‍’ പോലുള്ള ചില ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള ഊര്‍മിളാ മതോണ്ഡ്കര്‍ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് കോണ്‍ഗ്രസ് അംഗമായി ചേര്‍ന്ന്, മുംബൈയില്‍ നിന്ന് ജനവിധി തേടിയത്. ‘രംഗീല’ യ്ക്കുശേഷം അവരുടെ സിനിമകളെല്ലാം തിരസ്‌കരിച്ച ജനം തിരഞ്ഞെടുപ്പിലും അവരെ തുണച്ചില്ല. ബംഗാളി സിനിമയിലെ എന്നല്ല ഇന്ത്യന്‍ സിനിമയിലെതന്നെ ‘ഇതിഹാസ’മായ സുചിത്രാ സെന്നിന്റെ പുത്രി മൂണ്‍മൂണ്‍സെന്നും അസന്‍ സോളില്‍ ടി.എം.സി ടിക്കറ്റിലെ ഭാഗ്യപരീക്ഷണത്തില്‍ പരാജയപ്പെട്ടു.
എന്നാല്‍ ടി.എം.സി.യിലെ തന്നെ രണ്ടു യുവ സുന്ദരിമാര്‍ – മിമി ചക്രവര്‍ത്തിയും നുസ്‌റത്ത് ജഹാനും (രണ്ടാം തവണ) – ലോകസഭയിലെത്തിയിട്ടുണ്ട്. പക്ഷെ ആ രണ്ടുപേരും നര്‍ഗീസും ദിലീപ്കുമാറും തെളിയിച്ച വഴിയിലൂടെയാവും സഞ്ചരിക്കുകയെന്ന് തുടക്കത്തിലേ വെളിപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. (അനുഭവ മൊഹന്തി – ബിജു ജനതാദള്‍, കേന്ദ്രപാറ, ഒഡിഷ; ഭഗവന്ത്മന്‍ – ആം ആദ്മി പാര്‍ട്ടി, വാംഗ്‌രൂര്‍, പഞ്ചാബ്; ഡോ. അമോല്‍ കോല്‍ഹേ, എന്‍.സി.പി. ശിശൂര്‍ – മഹാരാഷ്ട്ര എന്നിവരാണ് പ്രതിപക്ഷ നിരയിലുള്ള മറ്റു സിനിമാക്കാര്‍. എ.എ.പിയുടെ ഏക എംപിയാണ് മന്‍). മിമിയും നുസ്രത്തും ടിക്ക് ടോക്ക് ഷോയില്‍ പാശ്ചാത്യനൃത്തം ചെയ്തത് ലോകസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം; അതും പോരാത്തതിന് രണ്ടുപേരും ഒരേതരത്തിലുള്ള വിദേശ വേഷം ധരിച്ച് പാര്‍ലമെന്റിനുമുന്നില്‍ നിന്ന് പോസു ചെയ്ത ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി. ഈ പാര്‍ലമെന്റംഗങ്ങളില്‍ നിന്ന് എന്തു പ്രതീക്ഷിക്കാമെന്നതിന്റെ സൂചനയാവും ഇത് എന്ന് രാഷ്ട്രീയ നിരീക്ഷകന്മാര്‍ അഭിപ്രായപ്പെടുന്നു.