റെസാങ് ലായിലെ പോരാട്ടത്തെക്കുറിച്ച് മേജര്‍ ജനറല്‍ ഇയാന്‍ കാര്‍ഡോസോ തന്റെ പുസ്തകത്തില്‍ (Param Vir, Our Heroes in Battle) എഴുതിയിരിക്കുന്ന ഹൃദയസ്പൃക്കായ വരികള്‍.
‘പിന്നീട് റെസാങ് ലാ സന്ദര്‍ശിച്ചപ്പോള്‍ കണ്ടത് ട്രഞ്ചുകളില്‍ മരിച്ചു മരവിച്ച ജവാന്മാര്‍ ആയുധത്തില്‍ പിടിമുറുക്കിത്തന്നെ ഇരിക്കുന്നതാണ്. ഈ കമ്പനിയിലെ ഓരോ സൈനികന്റെ മൃതദേഹവും ട്രഞ്ചുകളില്‍ കണ്ടത് നിരവധി ബുള്ളറ്റുകള്‍ തുളഞ്ഞു കയറിയും ഷെല്‍ചീളുകള്‍ തറച്ചുകയറിയും മരിച്ച അവസ്ഥയില്‍. 2 ഇഞ്ചു മോര്‍ട്ടാര്‍ വിക്ഷേപിക്കാന്‍ ചുമതലപ്പെട്ട സൈനികന്‍ മരിച്ചു മരവിച്ചപ്പോഴും അദ്ദേഹം മോര്‍ട്ടാര്‍ ഷെല്‍ മുറുകെ പിടിച്ചിരുന്നു. മെഡിക്കല്‍ ഓര്‍ഡേര്‍ലി ചൈനീസ് വെടിയേറ്റു വീണപ്പോള്‍ അദ്ദേഹത്തിന്റെ കയ്യില്‍ സിറിഞ്ചും ബാന്‍ഡേജും ഉണ്ടായിരുന്നു.’ ജമ്മു കാഷ്മീരില്‍ ലഡാക് മഞ്ഞുമേഖലയിലെ ചുഷൂല്‍ (Chushul valley) താഴ്‌വരയിലേക്കു നയിക്കുന്ന ചുരം (Mountain Pass) ആണ് റെസാങ് ലാ (Razang La). 16000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പര്‍വ്വത മാര്‍ഗ്ഗം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതീവ തന്ത്രപ്രധാനമാണ്. 1962 ലെ ഇന്തോ-ചൈനീസ് യുദ്ധ ത്തില്‍ ഈ സ്ഥലത്തിന്റെ സംരക്ഷണം ഏല്പിച്ചിരുന്നത് മേജര്‍ ഷൈത്താന്‍ സിങ് കമാന്‍ഡു ചെയ്യുന്ന സേനാ വ്യൂഹത്തെയാണ്.
1962 നവംബര്‍ 8-ന് ഇന്ത്യന്‍ സൈന്യത്തിലെ ‘വീര അഹിറുകള്‍’ ഇവിടെ നടത്തിയ യുദ്ധം ചരിത്രപ്രധാനമാണ്. അത്യാധുനിക ആയുധങ്ങളുമായി ആക്രമിച്ചു കയറിയ ആയിരക്കണക്കിനു ചൈനീസ് പട്ടാളക്കാരെ തടഞ്ഞുനിര്‍ത്തിയത് മേജര്‍ ഷൈത്താന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സേനയിലെ 120 അഹിര്‍ സേനാനികളാണ്. 120 ല്‍ 114 പേരും രക്തസാക്ഷികളായിക്കൊണ്ട് അവര്‍ പിന്മാറാതെ പിടിച്ചുനിന്നു. അല്ലായിരുന്നെങ്കില്‍ റെസാങ് ലാ ചുരം ചൈന പിടിക്കുമായിരുന്നു. ലോക ചരിത്രത്തില്‍നിന്നു യുനെസ്‌കോ (UNESCO) തെരഞ്ഞെടുത്തു പ്രസിദ്ധീകരിച്ച 8 വീരയുദ്ധ കഥകളില്‍ ഒന്ന് റെസാങ് ലായിലെ പോരാട്ടമാണ്.
ഈ യുദ്ധത്തില്‍ ഷൈത്താന്‍ സിങ്ങിനു തുണയായി നിന്ന വീര അഹിറുകളെക്കുറിച്ച് ഏതാനും വാക്കുകള്‍ പറയേണ്ടതുണ്ട്. ഹരിയാനയിലെ ‘രെവാഡി’ (Rewari) മേഖലയില്‍ അധിവസിക്കുന്ന യാദവ ജനമാണ് അഹിറുകള്‍. ദല്‍ഹി റെയില്‍വേ സ്റ്റേഷനില്‍നിന്ന് 82 കിലോമീറ്ററും ഗുരുഗ്രാമ (Gurgaon) ത്തില്‍നിന്ന് 51 കിലോമീറ്ററും ദൂരത്തില്‍ രെവാഡി സ്ഥിതി ചെയ്യുന്നു. യാദവ വംശത്തിന്റെ കേന്ദ്രമായി രെവാഡി കണക്കാക്കപ്പെടുന്നു. മഹാഭാരത കാലഘട്ടത്തില്‍ ഉത്തരേന്ത്യയില്‍ രേവത് (Rewat) എന്നു പേരുള്ള രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പുത്രിയാണ് രേവതി(Rewati). മകളെ അദ്ദേഹം വാത്സല്യപൂര്‍വ്വം ‘രേവാ’ എന്നു വിളിച്ചു. മകള്‍ക്കുവേണ്ടി അദ്ദേഹം ഒരു നഗരം പണിതു. അതിന് രേവാ-വാഡി(Rewa wadi) എന്നു നാമകരണം ചെയ്തു. രേവതിയെ വിവാഹം ചെയ്തത് ശ്രീകൃഷ്ണന്റെ ജ്യേഷ്ഠന്‍ ബലരാമനാണ്. വിവാഹാനന്തരം രേവത് രാജാവ് രേവാ-വാഡി മകള്‍ക്കു സമ്മാനമായി നല്‍കി. കാലക്രമേണ രേവാ-വാഡി രെവാഡി(Rewari)) എന്നറിയപ്പെട്ടുതുടങ്ങി. പുരാണങ്ങളിലെ യാദവരെക്കുറിച്ചു പറയുംപോലെതന്നെ ഈ കാലഘട്ടത്തിലെ യാദവരും’അഭീരു’ക്കളാണ്. എന്നുവച്ചാല്‍ നിര്‍ഭയര്‍. ‘അഭീരു’ എന്ന വാക്കിന്റെ പരിണിത രൂപമാണ് ‘അഹീര്‍’ എന്നും പറയപ്പെടുന്നു.
1962 നവംബര്‍ 18-ാം തീയതി അതിപ്രഭാതം. 16404 അടി ഉയരമുള്ള റെസാങ്‌ലാ ചുരത്തിലൂടെ തണുത്ത സൂചികള്‍ പോലെ അടിച്ചുകയറി വരുന്ന ശീതക്കാറ്റ്. 13-ാം കുമയോണ്‍ ബറ്റാലിയന്റെ സി കമ്പനിയിലെ ജവാന്മാര്‍ അവിടെ ജാഗരൂകരായി നില്ക്കുന്നു. അവരെല്ലാം ഹരിയാനയിലെ രെവാഡിയില്‍ നിന്നുള്ള അഹിര്‍ പോരാളികളാണ്. മരണത്തെ മുഖാമുഖം കണ്ടാല്‍പോലും ഭയപ്പെടാത്തവര്‍. 3 പ്ലാറ്റൂണ്‍ സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. അതിഘോരമായ കാലാവസ്ഥ ഉള്‍പ്പെടെ നിരവധി പ്രതികൂല സാഹചര്യങ്ങള്‍ അവരെ തുറിച്ചുനോക്കുന്നുണ്ട്. ധീരത ഒഴിച്ച് എല്ലാം അവര്‍ക്കു പരിമിതമാണ് എന്നു പറയാം. പീരങ്കി ഇല്ല എന്നുള്ളത് ഈ പോസ്റ്റില്‍ പിടിച്ചുനില്ക്കാനുള്ള കഴിവിനെ ദോഷകരമായി ബാധിച്ചു.
ഫീല്‍ഡ് ഗ്ലാസിലൂടെ പരിസരം വീക്ഷിച്ചുകൊണ്ടിരുന്ന ഷൈത്താന്‍ സിങ് ആ കാഴ്ച കണ്ടു. രണ്ടു കുന്നുകള്‍ ചേര്‍ന്നു നില്ക്കുന്നതിനിടയിലെ കനാല്‍ ഇടനാഴിയിലൂടെ ചൈനീസ് സൈന്യം വരുന്നു. 7,8 പ്ലാറ്റൂണുകള്‍ ചൈനീസ് സൈന്യത്തിനു വരവേല്‍പു നല്‍കാന്‍ ഉത്സാഹഭരിതരായി കാത്തിരുന്നു. രാവിലെ 5 മണി. ഇരുട്ട് കുറച്ചുകൂടി വാര്‍ന്നുപോയി. മലഞ്ചെരിവിലെ കാഴ്ച കുറച്ചുകൂടി വ്യക്തമാണ്. കനാലിന്റെ ഇരുഭാഗത്തും നീട്ടിപ്പിടിച്ച തോക്കുകളുമായി കാത്തിരുന്ന ഇന്ത്യന്‍ സൈന്യം ഒരേനിമിഷം വെടി തുടങ്ങി. റൈഫിള്‍, ഗ്രനേഡ്, മോര്‍ട്ടാര്‍ എന്നിങ്ങനെ എല്ലാത്തരം വധയന്ത്രങ്ങളും ചൈനക്കാര്‍ക്കു നേരെ തിരിച്ചുവിട്ടു. അത്രയും വേഗം സംഘടിത ആക്രമണം പ്രതീക്ഷിക്കാതിരുന്ന ചൈനീസ് സൈന്യം ഇന്ത്യന്‍ സാമുറായ്കളുടെ യുദ്ധപാരവശ്യത്തിനു മുന്‍പില്‍ മലച്ചുവീണു. മലയിടുക്കില്‍ മരിച്ചുവീഴുന്ന ചൈനീസ് ഭടന്മാരുടെ എണ്ണം പെരുകിക്കൊണ്ടിരുന്നു. കഠിനമായി പരുക്കേറ്റവര്‍ ജഡങ്ങള്‍ക്കിടയില്‍ കിടന്ന് പ്രാണവേദനയോടെ നിലവിളിച്ചു. പരുക്കേല്‍ക്കാതെ ബാക്കി വന്നവര്‍ ഉരുളന്‍ പാറകള്‍ക്കു പിന്നില്‍ ഒളിച്ചു. പിന്നെയും കുറേ സമയംകൂടി വെടി തുടര്‍ന്നശേഷം ഇന്ത്യന്‍ സേന വെടി നിര്‍ത്തി.

ആ ഇടവേളയില്‍ ഷൈത്താന്‍ സിങ് എല്ലാ പ്ലാറ്റൂണ്‍ കേന്ദ്രങ്ങളിലേയ്ക്കും ഓടി.
‘സബാഷ് സഹോദരങ്ങളെ.. നാം നന്നായി പ്രഹരിച്ചു. ഇനി അവര്‍ പീരങ്കി തുറക്കും. ബങ്കറുകളിലേയ്ക്കു വലിഞ്ഞുകൊള്ളൂ.’
‘ജീ സാബ്… വളരെ സന്തോഷം സാബ്. നമ്മുടെ കുട്ടികള്‍ക്ക് ഒരു പോറല്‍പോലും പറ്റിയിട്ടില്ല.’
‘നന്നായി… ഇനിയും കരുതിയിരിക്കുക.’ഷൈത്താന്‍സിങ് പറഞ്ഞു. അദ്ദേഹം അടുത്ത പ്ലാറ്റൂണ്‍ പോസ്റ്റിലേക്കോടി അവരെ പ്രചോദിപ്പിച്ചു. കൃത്യം 5.40 ന് ചൈനീസ് പീരങ്കികള്‍ ഗര്‍ജ്ജിക്കുമ്പോള്‍ പീരങ്കിയില്ലാത്ത നാം സിംഹത്തിനു മുന്‍പിലെ പൂച്ചക്കുട്ടിയെപ്പോലെ ചെറുതായിപ്പോകുന്നു. തുടരെത്തുടരെ ചൈനീസ് പീരങ്കി ഷെല്ലുകള്‍ പാഞ്ഞുവന്നു പൊട്ടിക്കൊണ്ടിരിക്കുന്നു. നമ്മുടെ 7, 8 പ്ലാറ്റൂണുകളുടെ പൊസിഷന്‍ ശത്രുവിനറിയാം. അവിടെ ലക്ഷ്യം പിടിച്ചാണ് അവരുടെ പീരങ്കി ഷെല്ലുകളും മോര്‍ട്ടാറുകളും വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ 9-ാം പ്ലാറ്റൂണ്‍ ഇരയെക്കാത്ത് നിശ്ചലമായി പതുങ്ങിക്കിടക്കുന്നത് ചൈനക്കാരന്‍ അറിഞ്ഞില്ല. കനത്ത പീരങ്കി വെടിയുടെ മറപറ്റി 350 ചൈനീസ് ഭടന്മാര്‍ ഇരച്ചുകയറി വന്നു. റൈഫിള്‍ വെടിയുടെ പരിധിക്കുള്ളില്‍ അവര്‍ എത്തിച്ചേരാന്‍ 9-ാം പ്ലാറ്റൂണ്‍ കാത്തുകിടന്നു. പിന്നെ അവര്‍ നരകത്തീയ് തുറന്നു വിട്ടു. കൈവശമുള്ള എല്ലാ ആക്രമണ യന്ത്രങ്ങളും ചൈനക്കാരുടെ മേല്‍ പ്രയോഗിക്കപ്പെട്ടു. അവര്‍ ഉടലും തലയും വേര്‍പെട്ട്, കരചരണാദികള്‍ ഛേദിക്കപ്പെട്ട് കശാപ്പുശാലയിലെന്നവണ്ണം ചിതറിവീണു. സര്‍വ്വോപരി മഹാഭാരത കാലഘട്ടം മുതല്‍ യുദ്ധംചെയ്തു ശീലിച്ച വീരപോരാളികളുടെ ഗോത്രവുമായിട്ടാണ് ഇവിടെ ചൈന ഏറ്റുമുട്ടുന്നത്. ഒട്ടും പൊരുത്തപ്പെടാത്ത അംഗബലം കൊണ്ട് അവര്‍ ഒടുവില്‍ ജയിച്ചേക്കാം. പക്ഷേ അതൊരിക്കലും അനായാസ ജയമായിരിക്കില്ല.
350 എണ്ണം വരുന്ന ചൈനീസ് തരംഗം വന്നതുപോലെ ചിതറിപ്പോയി. അവശേഷിച്ചവര്‍ പിന്‍തിരിഞ്ഞോടി. പിന്നെവന്നത് 400 സൈനികര്‍ അടങ്ങുന്ന അടുത്ത തിരമാല. അവര്‍ സര്‍വ്വ ആയുധങ്ങളാലും സജ്ജരായിരുന്നു. 7, 8 പ്ലാറ്റൂണുകളുടെമേല്‍ അവര്‍ തീമഴ കോരിച്ചൊരിഞ്ഞു. പീരങ്കി ഷെല്ലുകളും മോര്‍ട്ടാര്‍ ഷെല്ലുകളും മുകളില്‍നിന്ന് വന്നുവീണു പൊട്ടുന്നതിനിടെ ഇഴഞ്ഞുവരുന്ന ചൈനീസ് സൈന്യം ഇന്ത്യന്‍ ട്രഞ്ചുകള്‍ക്കുനേരെ ഗ്രനേഡുകള്‍ വാരിയെറിഞ്ഞു. ചൈനീസ് ഫീല്‍ഡു ഗണ്ണുകളും ലഘുയന്ത്രത്തോക്കുകളും അവിരാമം നിറയൊഴിച്ചുകൊണ്ടിരിക്കെ ചൈനീസ് സംഘം ഇന്ത്യന്‍ പോസ്റ്റുകളെ വളഞ്ഞുതുടങ്ങി. 120 അംഗങ്ങളുള്ള ചൈനീസ് സംഘം 7-ാം പ്ലാറ്റൂണ്‍ ലക്ഷ്യംവച്ച് അലറി പാഞ്ഞുവന്നു. അവര്‍ തോരാതെ നിറയൊഴിച്ചുകൊണ്ടിരിക്കെ ഇന്ത്യന്‍സൈന്യം 3 ഇഞ്ചു മോര്‍ട്ടാര്‍ ഷെല്ലുകള്‍ തുരുതുരെ വിട്ടുകൊണ്ട് അവരെ ചിതറിച്ചു.
ഈ സമയമൊക്കെ നമ്മുടെ ആള്‍ബലവും ആയുധങ്ങളും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. റെസാങ് ലായില്‍ പടപൊരുതുന്ന 3 പ്ലാറ്റൂണുകള്‍ക്ക് എന്തു സംഭവിച്ചുവെന്ന് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ആരും അറിയുന്നില്ല. പോഷക സൈന്യത്തെയോ ആയുധങ്ങളോ എത്തിക്കാന്‍ യാതൊന്നും ചെയ്യുന്നുമില്ല. മരണംവരെ പോരാട്ടം അവരുടെ വംശസ്വഭാവം ആയതുകൊണ്ട് അവര്‍ മറ്റൊന്നും ചിന്തിക്കാതെ പൊരുതിക്കൊണ്ടേയിരുന്നു.
20 ചൈനീസ് ഭടന്മാര്‍ ഇന്ത്യന്‍ ട്രഞ്ചുകള്‍ക്കു സമീപമെത്തി. അവരെ ദ്വന്ദ്വയുദ്ധത്തില്‍ നേരിടാന്‍ നമ്മുടെ 12 ഭടന്മാര്‍ ബയണറ്റുകളുമായി ചാടിവീണു. പോരാട്ടത്തിന്റെ തീവ്രതയില്‍ ഭ്രാന്തന്മാരായി മാറിയ അവര്‍ പരസ്പരം കുത്തിയും ചവുട്ടിയും പൊരുതി. മുഷ്ടിയുദ്ധത്തിന്റെ നിയമങ്ങള്‍ക്കൊന്നും സ്ഥാനമില്ലാത്ത പോരാട്ടം. അപരന്റെ നെഞ്ചില്‍ ആദ്യം ബയണറ്റു കുത്തിക്കയറ്റാന്‍ ആര്‍ക്കു കഴിയുന്നുവോ അവന്‍ കുറച്ചുസമയംകൂടി ജീവിക്കും. അധികം വൈകാതെ പ്രതിയോഗികള്‍ ഇരുകൂട്ടരും നെഞ്ചുപിളര്‍ന്നും വയര്‍പിളര്‍ന്നും കഴുത്തില്‍ ബയണറ്റ് കുത്തിക്കയറിയും മരിച്ചുവീണു.

ചൈനീസ് പട്ടാളത്തിരമാലകള്‍ പിന്നെയും പിന്നെയും അടിച്ചു കയറിക്കൊണ്ടിരുന്നു. ഇന്ത്യന്‍ പ്രതിരോധനിര ദുര്‍ബ്ബലമാകുകയാണ്. ഒരു കനത്ത പുകപടലത്തിനുള്ളില്‍ ഇന്ത്യന്‍ സേനാ ഘടകങ്ങള്‍ മൂടിപ്പോകുന്നു.
മേജര്‍ ഷൈത്താന്‍ സിങ് ചൈനീസ് വെടിയേറ്റുവീണു. അപ്പോഴും പരുക്കില്ലാതെ അവശേഷിച്ചിരുന്ന രണ്ടോ മൂന്നോ ഇന്ത്യന്‍ സൈനികര്‍ അദ്ദേഹത്തെ എടുത്തുമാറ്റാന്‍ ശ്രമിച്ചു. അവര്‍ക്കുനേരെ ചൈനീസ് തോക്കുകള്‍ തിരിയുന്നതുകണ്ട് ഷൈത്താന്‍ സിങ് ധൃതി കൂട്ടി.
‘എന്നെ വിട്ടിട്ടുപോകൂ.. നിങ്ങളുടെ ജീവന്‍ രക്ഷിക്കൂ.’
‘സാബ്… ഞങ്ങളെങ്ങനെ പോകും.’ അവര്‍ വിസമ്മതിച്ചു.
‘പോകൂ…. പോകൂ.’ഷൈത്താന്‍ സിങ് അജ്ഞാപിച്ചു. അവര്‍ അദ്ദേഹത്തെ ഒരു വലിയ കല്ലിന്റെ മറവില്‍ കിടത്തിയശേഷം പോരാട്ടം തുടരാനായി ഓടി.
7 ഉം 8 ഉം പ്ലാറ്റൂണുകള്‍ ഒരാളും ജീവനോടെ അവശേഷിക്കാതെ തുടച്ചുമാറ്റപ്പെട്ടു. 120 ഇന്ത്യന്‍ സൈനികരില്‍ 114 പേരും പോരാട്ടത്തില്‍ വീരമൃത്യു വരിച്ചു. 6 പേര്‍ ഗുരുതരമായി പരുക്കേറ്റുവീണു. അവരില്‍ 5 പേരെ ചൈനീസ് സേന തടവുകാരായി പിടിച്ചു. ഈ കഥ പുറം ലോകത്തെത്തിക്കാന്‍ ഒരാള്‍മാത്രം അവശേഷിച്ചു. രെവാറിയിലെ യുദ്ധസ്മാരകത്തില്‍ എഴുതിവച്ചിരിക്കുന്നത് ഈ യുദ്ധത്തില്‍ മരിച്ച 114 അഹിര്‍ പോരാളികള്‍ 1300 ചൈനക്കാരെ കൊന്നു എന്നാണ്.
ഷൈത്താന്‍ സിങ്ങിന്റെ ഭൗതികശരീരം തെരഞ്ഞെത്തിയ ഇന്ത്യന്‍ സൈനികര്‍ അത് കണ്ടെടുത്തു. സഹസൈനികര്‍ കിടത്തിയ സ്ഥലത്തുതന്നെ മരിച്ചു മരവിച്ച് വെടിത്തുളയേറ്റ ആ ശരീരം കിടപ്പുണ്ടായിരുന്നു. അപ്പോഴും റൈഫിളിന്റെ ബാരലില്‍ ചുറ്റിയിരുന്ന വിരലുകള്‍ വേര്‍പെടുത്തിയെടുക്കാന്‍ പാടുപെട്ടു. മൃതദേഹം വിമാനമാര്‍ഗ്ഗം ജോഡ്പൂരിലെത്തിച്ച് പൂര്‍ണ്ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു.
അദ്ദേഹത്തിന് അത്യുന്നത സൈനിക ബഹുമതിയായ പരം വീര്‍ ചക്ര നല്‍കി രാജ്യം ആദരിക്കുകയുണ്ടായി.
1924 ഡിസംബര്‍ 1-ന് രാജസ്ഥാനിലെ ജോഡ്പൂരില്‍ ഷൈത്താന്‍ സിങ് ജനിച്ചു. ബിരുദമെടുത്തശേഷം ജോഡ്പൂര്‍ സ്റ്റേറ്റ് ഫോഴ്‌സില്‍ ചേര്‍ന്നു. സ്വാതന്ത്ര്യാനന്തരം ജോഡ്പൂര്‍ സ്റ്റേറ്റ് ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചപ്പോള്‍ ഷൈത്താന്‍സിങ് ഇന്ത്യന്‍ സൈന്യത്തിലെ കുമയോണ്‍ റജിമെന്റില്‍ ചേര്‍ന്നു. നാഗന്‍ കുന്നുകളില്‍ റിബലുകള്‍ക്കെതിരെ നടന്ന പോരാട്ടത്തില്‍ ഇദ്ദേഹം പങ്കെടുത്തു. 1961 ഡിസംബറില്‍ ഗോവ, ദാമന്‍, ദ്യൂ പ്രദേശങ്ങള്‍ പോര്‍ച്ചുഗീസുകാരില്‍നിന്നു പിടിച്ചെടുത്ത് ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാനുള്ള പോരാട്ടത്തിലും ഷൈത്താന്‍ സിങ്ങിന്റെ പങ്കാളിത്തം ഉണ്ടായിരുന്നു. ഗോവയില്‍ 36 മണിക്കൂര്‍ നീണ്ടുനിന്ന സൈനിക പ്രവര്‍ത്തനത്തില്‍ 30 പോര്‍ച്ചുഗീസുകാരും 22 ഇന്ത്യക്കാരും മരണപ്പെടുകയുണ്ടായി.

റസാങ് ലാ – അഹിര്‍ ധാം സ്മാരകം
ഹരിയാനയില്‍ രെവാഡി നഗരത്തില്‍ ഈ വീരസൈനികരെ ആദരിക്കാന്‍ ഒരു സ്മാരകം പണിതിട്ടുണ്ട്. എല്ലാ വര്‍ഷവും കുമയോണ്‍ റെജിമെന്റും ജില്ലാ ഭരണകൂടവും സംയുക്തമായി അവിടെ അനുസ്മരണ ചടങ്ങുകള്‍ നടത്തിവരുന്നു.
ലഡാക്കിലെ ചുസൂളില്‍ ഇന്ത്യന്‍ സൈന്യം പണിതിരിക്കുന്ന സ്മാരകത്തില്‍ രക്തസാക്ഷികളായ അഹിര്‍ സൈനികരെക്കുറിച്ച് ഇപ്രകാരം എഴുതിയിരിക്കുന്നു.
How can a man die better
Than facing fearful odds
For the ashes of his fathers
And temples of his gods.
അവന്റെ പിതാക്കന്മാരുടെ ചിതാഭസ്മത്തിനു വേണ്ടിയും അവരുടെ ദൈവങ്ങളുടെ ക്ഷേത്രങ്ങള്‍ക്കുവേണ്ടിയും ഭീതിജനകമായ വൈരുദ്ധ്യങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് ഇതിലും നന്നായി ഒരാള്‍ക്കെങ്ങനെ മരിക്കാന്‍ കഴിയും.
1962- ലെ ഇന്തോ-ചൈന യുദ്ധത്തില്‍ നമ്മുടെ ധീരജവാന്മാര്‍ ബലി കഴിക്കപ്പെടുകയും നമ്മുടെ ഭൂമി വന്‍തോതില്‍ ചൈന പിടിച്ചടക്കുകയും ചെയ്തതിനു പിന്നിലുള്ള മുഖ്യകാരണക്കാരന്‍ ജവഹര്‍ലാല്‍ നെഹ്രുവാണ്. പ്രജകളെ സംരക്ഷിക്കാന്‍ ചുമതലയേല്‍ക്കുന്ന ഭരണാധികാരി ആദ്യം പഠിക്കേണ്ടത് യുദ്ധം ചെയ്യാനാണ് എന്നുപറഞ്ഞത് ഭാരതത്തിന്റെ ആചാര്യനായ ഗുരു ചാണക്യനാണ്. ചൈനീസ് വ്യാളി വായ് പിളര്‍ത്തുന്നതു കണ്ടപ്പോള്‍ തിരിഞ്ഞു നില്ക്കാതെ ഓടി രക്ഷപ്പെടാന്‍ നെഹ്രു ശ്രമിച്ചു. ടിബറ്റിനെ വിഴുങ്ങിക്കൊണ്ട് ഇന്ത്യയുടെ അതിര്‍ത്തിവരെ ചൈന എത്തിയപ്പോള്‍ ഇന്ത്യയിലെ ദീര്‍ഘവീക്ഷണമുള്ള നേതാക്കളുടെ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് നെഹ്രു അത് കണ്ടില്ലെന്നു നടിച്ചു. ടിബറ്റന്‍ വിഷയം യു.എന്നില്‍ ഇന്ത്യ അവതരിപ്പിച്ചില്ലെന്നു മാത്രമല്ല മറ്റൊരു രാജ്യവും ഈ വിഷയം യു.എന്നില്‍ അവതരിപ്പിക്കാതിരിക്കാന്‍ നെഹ്രു ശ്രദ്ധിക്കുകയും ചെയ്തു. ചൈനയുടെ യു. എന്‍. പ്രവേശനത്തിനു മുന്‍കൈ എടുത്തു പ്രവര്‍ത്തിച്ചുകൊണ്ട് ചൈനയെ പ്രീണിപ്പിക്കാന്‍ നെ ഹ്രു ശ്രമിച്ചു. ‘ചാച്ചാ നെഹ്രു’വിനോട് അന്ധമായ ആരാധനയുണ്ടായിരുന്ന ഇന്ത്യന്‍ ജനതയെക്കൊണ്ട് ‘ഹിന്ദി-ചീനി ഭായി ഭായി’ എന്നു പാടി നടക്കാന്‍ നെഹ്രു പ്രേരിപ്പിച്ചു. അങ്ങനെ ചൈനീസ് വ്യാളിയെ ആരാധിച്ചു പ്രീണിപ്പിക്കാനുള്ള എല്ലാ നടപടികളും ചെയ്തുകൊണ്ട് നെഹ്രു ഉറക്കം നടിച്ചു.
അതിര്‍ത്തി ഭേദിച്ചു ചൈന കടന്നുവന്നു തുടങ്ങിയ ദിവസം പോരാടുന്ന സൈനികരെയും ഇന്ത്യന്‍ ജനതയെയും കൈവിട്ടുകൊണ്ട് നെഹ്രു രാജ്യം വിട്ടു. കോമണ്‍വെല്‍ത്തു സമ്മേളനത്തില്‍ പങ്കെടുക്കണമെന്നുള്ള പേരുപറഞ്ഞ് നെഹൃ ഇംഗ്ലണ്ടിലേയ്ക്കു പോയി. പിന്നെ ആഫ്രിക്കയിലും ഒടുവില്‍ ശ്രീലങ്കയിലുമായി നെഹ്രു ഒളിച്ചു നടന്നു.
ഇന്ത്യന്‍ ജവാനു ധീരതയും മാതൃഭൂമിയോടുള്ള സ്‌നേഹവും മാത്രമേ കൈമുതലായി ഉണ്ടായിരുന്നുള്ളൂ. 16000 അടി ഉയരമുള്ള മഞ്ഞു മേഖലകളില്‍ ആവശ്യത്തിന് ആയുധങ്ങളോ ഭക്ഷണമോ പ്രതിരോധ വസ്ത്രങ്ങളോ കൈ ഉറകളോ മഞ്ഞിന്റെ കടിയേല്‍ക്കാതെ സംരക്ഷിക്കുന്ന ബൂട്‌സുകളോ ഇല്ലാതെ നമ്മുടെ ജവാന്മാര്‍ നരകിച്ചു. രണ്ടാം ലോക മഹായുദ്ധത്തില്‍ ഉപയോഗിച്ചു തള്ളിയ 303 റൈഫിളുമായിട്ടാണ് നമ്മുടെ ജവാന്മാരെ നെഹ്രു അതിര്‍ത്തിയിലേയ്ക്കു വിട്ടത്. ചൈനീസ് പട്ടാളം ഉപയോഗിച്ചിരുന്നത് ആധുനിക മെഷീന്‍ ഗണ്ണുകളാണ്. തന്റെ രാജ്യം ഇന്ത്യയാണോ കമ്മ്യൂണിസ്റ്റു ചൈനയാണോ എന്ന് അപ്പോഴും തിരിച്ചറിഞ്ഞിട്ടില്ലാതിരുന്ന പ്രതിരോധമന്ത്രി വി.കെ കൃഷ്ണമേനോനാകട്ടെ ന്യൂയോര്‍ക്കിലായിരുന്നു. യുദ്ധം കഴിഞ്ഞപ്പോള്‍ നമ്മുടെ അക്‌സായിചിന്‍ പ്രദേശം ചൈനയുടെ കൈവശത്തിലായി. 15000 സ്‌ക്വയര്‍ മൈല്‍ വരുന്ന ഈ പ്രദേശത്തിന്റെ വിസ്തൃതി കേരളത്തിന്റേതിനു തുല്യമാണ്.
58 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും നമ്മുടെ ജവാന്മാര്‍ ചൈനീസ് ഘാതകരെ അഭിമുഖീകരിച്ചുകൊണ്ട് റെസാങ് ലായിലെ മരം കോച്ചുന്ന തണുപ്പില്‍ ഭാരതമാതാവിന് കാവല്‍ നില്‍ക്കുകയാണ്. ആ ചുണക്കുട്ടികളെ ആദരപൂര്‍വ്വം നമുക്ക് സ്മരിക്കാം.