കൃഷ്ണദ്വൈപായനനെന്നും ബാദരായണനെന്നും കൂടി പേരുള്ള വേദവ്യാസന്‍ ഭാരതനാടിന്റെ ഏറ്റവും ഉന്നതഭൂമിയായ ബദരീപീഠത്തില്‍ ഇരുന്നുകൊണ്ട് വടക്ക് ഹിമാദ്രിമുതല്‍ തെക്ക് സേതുസമുദ്രം വരെ വ്യാപിച്ചുകിടക്കുന്ന വൈവിദ്ധ്യം നിറഞ്ഞ ഈ പ്രദേശത്തെ ആകെയും ഒന്നായി കണ്ടുകൊണ്ട് ഇതിന്റെ കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ മനുഷ്യജീവിതങ്ങളേയും അവരുടെ അനന്തവൈവിദ്ധ്യമാര്‍ന്ന പ്രവര്‍ത്തന പഥങ്ങളേയും പ്രതിജനഭിന്നമായ സ്വഭാവരീതികളേയും തന്റെ സ്‌നേഹസാന്ദ്രമായ മനസ്സിലേക്കും വിശാലമായ ബുദ്ധിയിലേക്കും ഒന്നാകെ ആവാഹിച്ചെടുത്തു. അവരുടെ ജീവിതസരണി മുഴുവന്‍ ഉന്നിദ്രമായ മാനവമൂല്യങ്ങളില്‍ അധിഷ്ഠിതമകണമെന്നും അതുകൊണ്ടുമാത്രമേ ഭാരതത്തിന്റെ വിജയയാത്രയില്‍ ലോകഗുരുവായി ഈ നാട് വാഴ്ത്തപ്പെടുകയുള്ളൂവെന്നും ബോദ്ധ്യം വന്നിരുന്ന സര്‍വ്വ ഭൂതഹിതേരതനായ അദ്ദേഹം നിരന്തരസാധനയിലും വിചാരതപസ്സിലും മുഴുകി ജീവിതം സാര്‍ത്ഥകമായി കഴിച്ചു.
ഒന്നായികെട്ടുപിണഞ്ഞു കിടന്നിരുന്ന വേദസംഹിതകളെ അടുക്കും ചിട്ടയുമുള്ള പ്രയോഗക്ഷമതയോടുകൂടിയതായി തരംതിരിച്ചു വച്ചു. ഇത്ര മഹത്തായ കാര്യം നിര്‍വഹിച്ച അദ്ദേഹത്തെ വേദവ്യാസനെന്നുവിളിച്ച് ജനങ്ങള്‍ അഭിനന്ദിച്ചു. പക്ഷേ അദ്ദേഹത്തിനു തൃപ്തി ആയില്ല. വേദങ്ങളില്‍ നിന്ന് താന്‍ സ്വാംശീകരിച്ച സാരതത്ത്വങ്ങളേയും തത്ത്വചിന്തകളേയും സ്വജീവിതാനുഭവങ്ങളേയും സാധാരണ ജനങ്ങളില്‍ നൂറ്റാണ്ടുകളായി നിലനിന്നുവന്ന ശുഭാനുദ്ധ്യായികളായ പ്രയത്‌നങ്ങളേയും സാമഞ്ജസ്യപൂര്‍വ്വം ഏകോപിപ്പിച്ച് സമന്വയാത്മകമായും സര്‍വ്വസമാശ്ലേഷിയായും ഉള്ള ഒരു ഇതിഹാസ കഥ നിര്‍മ്മിച്ചു. അതിനെ അടിസ്ഥാനപ്പെടുത്തി സമസ്തജനരഞ്ജകമായ മഹാഭാരതമെന്ന പഞ്ചമവേദം ‘ജ്ഞാനമയപ്രദീപമായി പ്രോജ്വലിപ്പിച്ച് ലോകത്തിന് വഴികാട്ടിയായി.
‘ജയം’ എന്ന പേര്
അനേകം പ്രത്യേകതകളുള്ള ഈ അദ്ഭുത രചന തന്റെ ആത്മകഥ തന്നെയാണെങ്കിലും അതില്‍ തന്റെ ചുറ്റുപാടും നടന്നുകൊണ്ടിരിക്കുന്നതും നടക്കാന്‍ സാദ്ധ്യതയുള്ളതും ആയ സംഭവപരമ്പരകള്‍ക്ക് അവശ്യം വേണ്ട കാല്പനികപരിവേഷം നല്കി കൗതുകവര്‍ദ്ധകമായ വിധത്തില്‍ ഐതിഹാസികമായ കഥാകാവ്യമായാണ് സംവിധാനം ചെയ്തിട്ടുള്ളത്. ഇതില്‍ താന്‍ ജീവിച്ച ദ്വാപരയുഗത്തിന്റെ അവസാനകാലത്തെ ജനങ്ങളുടെ ഉത്ഥാന-പതനങ്ങളുടെയും സന്തോഷ-സന്താപങ്ങളുടെയും സമാശ്വാസ- സന്ത്രാസങ്ങളുടെയും അവയുടെയെല്ലാം സൂക്ഷ്മവും ആന്തരവുമായ ശാശ്വതഭാവങ്ങളുടെയും മനോവൃത്തികളുടെയും വാസ്തവസ്ഥിതികളെ ഋഷികവിയായ ആ മഹാത്മാവ് സ്വകീയമായക്രാന്തദര്‍ശിത്വം കൊണ്ട് സാക്ഷാത്കരിച്ച് സന്ദര്‍ഭാനുരോധേന ഈ ആഖ്യായികാകാവ്യത്തില്‍ ഇണക്കി ചേര്‍ത്തു. ഇതിലെ ആധികാരികമായ കഥ ഭരതന്മാരുടെ ജീവിതമാകായാല്‍ ഭാരതം എന്നോ ഇതിന്റെ പരപ്പും ആഴവും അഥവാ വിരാടതയും മഹത്ത്വവും മനസ്സിലാക്കി മഹാഭാരതം എന്നോ എല്ലാം അഭിജ്ഞന്മാരാല്‍ അഭിഹിതമാക്കപ്പെട്ടു. എങ്കിലും വ്യാസഭഗവാന്‍ ഇതിനു നല്കിയിരുന്ന പേര് ‘ജയം’ എന്നായിരുന്നു.
ജയം എന്ന പേരുകേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ഉദിക്കുന്ന ചോദ്യമാണ് എന്തിന്റെ ജയമാണ് ഇതിലെ വര്‍ണ്യ വിഷയം? ഉത്തരവും കൂടെത്തന്നെ ലഭിക്കുന്നുണ്ട്. ധര്‍മ്മത്തിന്റെ ജയം. ഇക്കാര്യം കാവ്യത്തില്‍ പലപാട് ഉദീരണം ചെയ്തിട്ടുമുണ്ട്-യതോ ധര്‍മ്മസ്തതോജയഃ (എവിടെ ധര്‍മ്മമുണ്ടോ അവിടെയാണ് ജയം) എന്നാല്‍ ധര്‍മ്മം നിരാശ്രയമായി നില്ക്കുകയില്ല. ധര്‍മ്മിഷ്ഠരിലാണ് ധര്‍മ്മം നില്ക്കുന്നത്. ഇങ്ങനെ വരുമ്പോള്‍ ലക്ഷണാശക്തികൊണ്ട് ഇതിന്റെ താത്പര്യം ധര്‍മ്മിഷ്ഠരുടെ അഥവാ ധര്‍മ്മത്തെ സ്വപ്രവൃത്തികളില്‍ അനുവര്‍ത്തിക്കുന്നവരുടെ ജയമാണ് ഇവിടെ അഭിപ്രേതമാവുന്നത്. എന്നാല്‍ ഈ പേര് സാര്‍ത്ഥകമാകണമെങ്കില്‍ അതിന്റെ അര്‍ത്ഥം വ്യഞ്ജിപ്പിക്കുന്നതാകണം, ഈ ചരിത്രാഖ്യായികയിലെ ആധികാരിക കഥ. അതിന് നായകനും അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ അഥവാ അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്നവരുടെ ഒരുപക്ഷം ആവശ്യമാണ്. അതേ പോലെ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പക്ഷത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും മിഴിവേകാന്‍ ഒരു പ്രതിനായകനും അയാളുടെ പക്ഷവും പ്രവര്‍ത്തനങ്ങളും ആവശ്യമാണ്, ഇതിന് ഈ ഇതിഹാസത്തിന്റെ കവി തിരഞ്ഞെടുത്തിട്ടുള്ളത് അന്വര്‍ത്ഥനാമാവായ ധര്‍മ്മ പുത്രരേയും അദ്ദേഹത്തിന്റെ കൂടെയുളളവരെ അഥവാ പാണ്ഡവന്മാരെ ആദ്യപക്ഷമായും പ്രതിനായകപക്ഷത്തെ പ്രധാനി ദുര്യോധനനും അയാളുടെ കൂടെയുള്ളവരെ അഥവാ കൗരവപക്ഷത്തെ രണ്ടാമത്തെ പക്ഷമായും സ്വീകരിച്ചു.
ആദ്യപക്ഷത്തിന് ധര്‍മ്മപക്ഷമെന്നും എതിര്‍പക്ഷത്തിന് അധര്‍മ്മപക്ഷമെന്നും അവരുടെ പ്രവൃത്തികളെ അടിസ്ഥാനപ്പെടുത്തി പറയാവുന്നതാണ്. ഈ രണ്ടു പക്ഷങ്ങളുടേയും പരസ്പര സംഘര്‍ഷത്തിന്റെ പ്രതിപാദനവും ആത്യന്തികമായി ധര്‍മ്മപക്ഷത്തിന്റെ ജയവുമാണ് ഈ കാവ്യത്തിലെ വര്‍ണ്യവസ്തു.
ധര്‍മ്മത്തോട് ആഭിമുഖ്യം
ഇങ്ങനെ ധര്‍മ്മത്തിന്റേയും ധര്‍മ്മിഷ്ഠരുടേയും ജയമായി ഈ കാവ്യത്തിലെ പ്രതിപാദ്യം വര്‍ണ്ണിച്ച കവിയുടെ ഉദ്ദേശ്യം എന്തായിരുന്നു? അത് വളര്‍ന്നുവരുന്ന പ്രയത്‌നശാലികളായ പുതിയ തലമുറകള്‍ക്ക് കൂടുതല്‍ കൂടുതലായി ധര്‍മ്മത്തില്‍ ആസ്ഥ അഥവാ ആഭിമുഖ്യം ഉണ്ടാവണമെന്ന ഒരേയൊരു ഉദ്ദേശ്യമാണ്. ഇക്കാര്യം കാവ്യാരംഭത്തില്‍ തന്നെ കവി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. – ധര്‍മ്മേ മതിര്‍ഭവതു വ സ്സതതതോത്ഥിതാനാം” (സതതം ഉത്തിഷ്ഠമാനരായ, വളര്‍ന്നു വരുന്നവരായ നിങ്ങള്‍ക്ക് ധര്‍മ്മത്തില്‍ മതി (ബുദ്ധി, ആസ്ഥ, ആസക്തി അഥവാ താത്പര്യം ഉണ്ടാവട്ടെ) ഇതാണ് കവിയുടെ ആശംസ അഥവാ പ്രാര്‍ത്ഥന. പിന്നീട് ഈ ഇതിഹാസം വികസിക്കുന്നതോടൊപ്പം ഉദാഹരണങ്ങള്‍ വഴിയും ഉപാഖ്യാനങ്ങളിലൂടെയും പ്രമുഖ പാത്രങ്ങളുടെ പ്രവൃത്തികളിലൂടെയും വികസ്വരമാകുന്ന ഈ ധര്‍മ്മ സന്ദേശത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും വര്‍ദ്ധിക്കുന്നതും കാണാവുന്നതാണ്.
സത്യവും ധര്‍മ്മവും
സത്യത്തെക്കാള്‍ പോലും ധര്‍മ്മത്തിനാണ് കൂടുതല്‍ ഊന്നല്‍ നല്‌കേണ്ടത് എന്നാണ് വ്യാസമഹര്‍ഷിയുടെ അഭിപ്രായം. അതാണല്ലോ തന്റെ സത്യപാലനത്തില്‍ സദാ വ്യഗ്രനായിരുന്നെങ്കിലും ധര്‍മ്മം പാലിക്കുന്നതില്‍ അത്രതന്നെ പ്രാധാന്യം കൊടുക്കാതിരുന്ന ഭീഷ്മര്‍ക്ക് ഉണ്ടായ ദുരനുഭവം.
ഭീഷ്മര്‍ മഹാഭാഗവതനായിരുന്നു. മഹാധര്‍മ്മജ്ഞനെന്ന് ലോകത്തില്‍ പുകള്‍ കൊണ്ട മഹാത്മാവുമായിരുന്നു. മഹാഭാരതത്തിലെ ഏറ്റവും വലിയ പര്‍വ്വമായ ശാന്തിപര്‍വ്വം ഏതാണ്ട് മുഴുവനും അനുശാസന പര്‍വ്വത്തിലെ പകുതിഭാഗവും ഭീഷ്മര്‍ നല്കിയ ധര്‍മ്മോപദേശങ്ങളാല്‍ ഘനഗംഭീരമായിരുന്നു. എങ്കിലും ധര്‍മ്മിഷ്ഠനായിരുന്നില്ല അദ്ദേഹം. സ്വപിതാവ് ആവശ്യപ്പെടാതെ തന്നെ സത്യവതിയുടെ പിതാവായ ദാശമുഖ്യന്റെ മുന്‍പിലെത്തി ജീവിതം മുഴുവന്‍ താന്‍ അവിവാഹിതനായിരിക്കുമെന്നു ഭീഷ്മ ശപഥം’ ചെയ്തു. അതിന്റെ പാലനത്തില്‍ സദാ ഉറച്ചുനിന്നെങ്കിലും സ്വധര്‍മ്മമായ രാജധര്‍മ്മം നിറവേറ്റുന്നതിലോ, തന്റെ ഭ്രാതാക്കളായ ചിത്രാംഗദനും വിചിത്രവീര്യനും മരിച്ചു മണ്ണടിഞ്ഞതിനാല്‍ താന്‍ ചെയ്ത സത്യത്തിന്റെ പ്രസക്തിയെല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞു, എങ്കിലും വിചിത്രവീര്യന്റെ അപുത്രകളായ വിധവകളില്‍ സന്തത്യുത്പാദനം നിര്‍വഹിച്ച് അവരെയും ആ രാജകുലത്തെയും രക്ഷിക്കേണ്ടത് പലദൃഷ്ടിയിലും തന്റെ കര്‍ത്തവ്യവും പരമധര്‍മ്മവും ആയിത്തീര്‍ന്നു. അപ്പോള്‍ ആപദ്ധര്‍മ്മമെന്ന് വിചാരിച്ച് സത്യപാലനശാഠ്യം ഉപേക്ഷിക്കണമെന്ന് തന്റെ മാതൃസ്ഥാനത്തുവന്ന സത്യവതി കേണു പറഞ്ഞുനോക്കി. എങ്കിലും ഭീഷ്മര്‍ കൂട്ടാക്കിയില്ല, ധര്‍മ്മപാലനത്തില്‍ ഉപേക്ഷകാണിച്ചതുമൂലമാണ് ഭീഷ്മര്‍ക്ക് ആ നീണ്ട രാജപരമ്പരയുടെ ആതൃന്തിക ദുരന്തത്തിന് പ്രധാനകാരണക്കാരനാകേണ്ടിവന്നത്.
കൃഷ്ണന്റെ ധര്‍മ്മരക്ഷോപായങ്ങള്‍
ഭഗവാനായ ശ്രീകൃഷ്ണന്‍ സ്വയം ആയുധമെടുക്കുകയില്ലെന്ന് പ്രതിജ്ഞ ചെയ്തിരുന്നെങ്കിലും ആ സത്യം പാലിക്കുന്നതിന് ഒരു വിലയും കല്പിക്കാതെ യുദ്ധത്തിന്റെ മൂന്നാം ദിവസവും പത്താം ദിവസവും അധര്‍മ്മപക്ഷത്തെ പ്രമുഖനായ ദുര്യോധനന്റെ പക്ഷം ചേര്‍ന്ന് ധര്‍മ്മപക്ഷത്തോട് യുദ്ധം ചെയ്യുന്ന ഭീഷ്മരെ വധിക്കാന്‍ തന്റെ ചക്രായുധവും എടുത്തുകൊണ്ട് രണാങ്കണത്തില്‍ ചാടിവീണത് ധര്‍മ്മത്തിന്റെ വിജയത്തിനായിരുന്നു.
ധര്‍മ്മപക്ഷമായ പാണ്ഡവന്മാരുടെ രക്ഷയ്ക്ക് ഏതെല്ലാം അവസരങ്ങളിലാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ശ്രമിച്ചിരുന്നത്? എണ്ണമറ്റ അവസരങ്ങളില്‍, എന്നു തന്നെ പറയേണ്ടിവരും. പ്രധാനമായി വസ്ത്രാക്ഷേപസമയത്ത് ദ്രൗപദിയേയും ധര്‍മ്മത്തേയും രക്ഷിച്ചതും ഭാരതയുദ്ധസമയത്ത് സ്വധര്‍മ്മപാലനത്തിന് ഊന്നല്‍ നല്കുന്ന ഭഗവദ്ഗീത ഉപദേശിച്ച് അര്‍ജുനനെ ഉദ്ബുദ്ധനാക്കി ധര്‍മ്മത്തിനുവേണ്ടി യുദ്ധം ചെയ്യിക്കുന്നതുമായ അവസരങ്ങള്‍ പ്രത്യേകം ചൂണ്ടിക്കാണിക്കേണ്ടതാണ്. ഇവിടെയെല്ലാം ഈ കവിക്ക് ധര്‍മ്മത്തോടുള്ള പക്ഷപാതിത്വം സ്ഫടികസ്ഫുടമായി തെളിയുന്നുണ്ട്.
മഹര്‍ഷിമാരുടെ ഉപദേശങ്ങള്‍
ധര്‍മ്മത്തിന്റെ ഈ സര്‍വ്വോത്കൃഷ്ടത അനേകം മഹര്‍ഷിമാരുടെ അരുളപ്പാടുകളിലൂടെയും വ്യക്തമാക്കപ്പെട്ടിട്ടുമുണ്ട്, മഹാഭാരതത്തിലെ വനപര്‍വ്വത്തില്‍ മുനിപുംഗവനായ മാര്‍ക്കണ്ഡേയന്‍ രണ്ടുപ്രാവശ്യം വനത്തിലെത്തി യുധിഷ്ഠിരന് ധര്‍മ്മത്തിന്റെ മാഹാത്മ്യം വിവരിച്ചുകൊടുക്കുന്നുണ്ട്. ആദ്യത്തെ തവണ ഇന്ദ്രനൊത്ത പ്രതാപശാലികളായിരുന്ന രാമനും നാഭാഗന്‍, ഭഗീരഥന്‍ തുടങ്ങിയ രാജാക്കന്മാരും സത്യപാലനം കൊണ്ട് ലോകം ജയിച്ചവരായിരുന്നു. അഭൗമബലമുണ്ടായിരുന്ന അവരും അധര്‍മ്മം ആചരിക്കാന്‍ മുതിര്‍ന്നിട്ടില്ല. മഹര്‍ഷി ഇക്കാര്യം “ നേശേ ബലസ്യേതി ചരേദധര്‍മ്മം- ബലസ്യ ഈശേ ഇതി അധര്‍മ്മം ന ചരേദ്” എന്ന് പലപാട് വ്യക്തമാക്കി. നീയും അധര്‍മ്മം ആചരിക്കാന്‍ മുതിരാതെ വനത്തിലേക്ക് പോന്ന് കഷ്ടപ്പാട് സഹിക്കുന്നത് ഉചിതം തന്നെയായി. ഭാവിയില്‍ ഇതുകൊണ്ടു ശ്രയസ്സേ ഉണ്ടാവുകയുള്ളു എന്ന് ആശ്വസിപ്പിച്ച് മടങ്ങിപ്പോയി. രണ്ടാം പ്രാവശ്യം മഹര്‍ഷി പ്രത്യക്ഷപ്പെട്ട് അനേകം ഉദാഹരണങ്ങളിലൂടെ യുധിഷ്ഠിരനുവേണ്ടി ധര്‍മ്മോപദേശങ്ങള്‍ ചെയ്തപ്പോള്‍ ധര്‍മ്മവ്യാധന്റെ കഥയും പരാമര്‍ശവിധേയമായി. ധര്‍മ്മവ്യാധന്റെ വാക്കുകളില്‍ കൂടി യഥാര്‍ത്ഥ സത്യപാലനം ഭൂതഹിതം(ലോകഹിതം) നിറവേറ്റുക എന്നുള്ളുതാണെന്നും ഈ ധാരണയ്ക്ക് വിപരീതമായി പ്രവര്‍ത്തിച്ചാല്‍ അത് അധര്‍മ്മമാവുമെന്നും ധര്‍മ്മത്തിന്റെ രൂപം അത്യന്തം സൂക്ഷ്മമാണെന്നും പറയുകയുണ്ടായി.
“അന്യതേന ഭവേത് സത്യം, സത്യേനൈവാന്യതം ഭവേത്
യദ്ഭൂതഹിതമത്യന്തം തത് സത്യമിതിധാരണാ
വിപര്യയകൃതോ ങ്കധര്‍മ്മഃ പശ്യ, ധര്‍മ്മസ്യ സൂക്ഷ്മതാം.” (മഹാഭാരതം, വനപര്‍വ്വം 209-3,4)
ഏതാണ്ട് ഇതേ ആശയം തന്നെ ശാന്തിപര്‍വ്വത്തില്‍ നാരദമഹര്‍ഷി ശ്രീശുകനോട് പറയുന്നതായും ഒരു ഭാഗമുണ്ട്:-
“സത്യസ്യവചനംശ്രേയഃ സത്യാദപിഹിതംവദേത്
യദ് ഭൂതഹിതമത്യന്തം ഏതത്് സത്യം മതം മമ”(ശാന്തിപ്രര്‍വ്വം 329-3)
മഹദ്‌വചനങ്ങള്‍ക്കെല്ലാം പിന്നില്‍
എന്നാല്‍ ഈ ലോകോപകാരപ്രദങ്ങളായ ഉപദേശമുത്തുകള്‍ അമൂല്യങ്ങളായ ഈ മഹദ് വചനങ്ങള്‍ എല്ലാംതന്നെ മഹാപ്രാജ്ഞനായ മഹര്‍ഷി വ്യാസന്‍തന്നെ ലോകാനുഗ്രഹകാതരതയാല്‍ അരുളി ചെയ്തിട്ടുള്ളതാണെന്ന് നമുക്കെല്ലാം അറിയാമല്ലോ. ആരെക്കൊണ്ടെല്ലാമാണ് ഇവയൊക്കെ പറയിപ്പിച്ചിട്ടുള്ളത്? ആലോചിച്ചാല്‍ നാം ആശ്ചര്യപ്പെടും. ഭഗവാന്‍ വാസുദേവന്‍, മഹാമുനികളായ മാര്‍ക്കണ്ഡേയന്‍, ശ്രീനാരദന്‍, ധൗമ്യന്‍, സനല്‍സുജാതന്‍ തുടങ്ങിയവര്‍. വിദുരര്‍, ഭീഷ്മര്‍, യുധിഷ്ഠിരന്‍, സത്യവതി, കുന്തീദേവി, ഗാന്ധാരി ഇവരെപ്പോലെയുള്ള എതിഹാസിക വ്യക്തികള്‍ ഇങ്ങനെ പോകുന്നു അവരുടെ പരമ്പര. പഞ്ചരത്‌നങ്ങളെന്ന് പ്രഖ്യാതമായ ഭഗവദ്ഗീത, അനുഗീത, സനല്‍ സുജാതീയം, വിദുരവാക്യം, ശ്രീവിഷ്ണുസഹസ്രനാമം ഇവകളും ജ്ഞാനസഞ്ചികയായ യക്ഷപ്രശ്‌നത്തില്‍ വിശുദ്ധസത്ത്വനായ ധര്‍മ്മപുത്രര്‍ നല്കുന്ന അദ്ഭുതകരങ്ങളായ ഉത്തരങ്ങള്‍ക്കും പിന്നില്‍ ബഹുജ്ഞമായ തന്റെ വ്യക്തിത്വം നിഗുഹനം ചെയ്തുകൊണ്ടുവര്‍ത്തിക്കുന്നത് ഭഗവാന്‍ വേദവ്യാസനല്ലാതെ മറ്റാരാണ്? ഈ മഹാപുരുഷനെ, മഹാത്മാവിനെ, ജ്ഞാനവിജ്ഞാനനിധിയായ ഈ കവി വേധസ്സിനെ അല്ലാതെ മറ്റാരെയാണ് ഭാരതരാഷ്ട്രത്തിന്റെ സ്രഷ്ടാവ് എന്നു വിളിക്കാവുന്നത്?
“അപാരേ കാവ്യസംസാരേ കവിരേവ പ്രജാപതിഃ
യഥാസൈമ രോചതേ വിശ്വം തഥേദം പരിവര്‍ത്തതേ”
എന്ന് ധ്വന്യാലോകകാരനായ ആനന്ദവര്‍ദ്ധനാചാര്യരുടെ നിരീക്ഷണം എത്ര അന്വര്‍ത്ഥമാണ്! ഈ കവിപ്രജാപതി ആഗ്രഹിച്ചതുപോലെ തന്നെയാണ് ഭാരതത്തിന്റെ മനസ്സ് രൂപീകൃതമായിട്ടുള്ളത്. അതു തന്നെയല്ലേ ഭാരതമെന്ന രാഷ്ട്രം
ലോകാനുഗ്രഹകാരകനായ മഹര്‍ഷി എന്ന് നേരത്തേ വ്യാസദേവനെ വിശേഷിപ്പിച്ചത് സോദ്ദേശ്യമായാണ്. സാധാരണ മുനിമാരും വനൗകസ്സുകളായ ഋഷിമാരും ലൗകികവികാരങ്ങളായ സ്‌നേഹാദിഭാവങ്ങളെ മനഃപൂര്‍വ്വം പരിത്യജിച്ച് ജീവിച്ചവരാണ്. എന്നാല്‍ അവരില്‍ പുത്രീവിയോഗവ്യഥകൊണ്ട് തരളിതചിത്തവൃത്തികളായ കണ്വമഹര്‍ഷിയെപ്പോലെയോ പുത്രവിരഹകാതരനാകുന്ന വ്യാസമഹര്‍ഷിയെപ്പോലെയോ ലോകത്തിന്റെ നന്മ ലാക്കാക്കി ജാഗരൂകരായി പ്രവര്‍ത്തിച്ച എത്രപേരുണ്ട്?(കണ്വന്റെ സ്‌നേഹതരംഗിതമായ ഹൃദയം ശാകുന്തളത്തില്‍ അനാവരണം ചെയ്യപ്പെട്ടിട്ടുണ്ട്.
ദ്വൈപായനവ്യാസന്റെ സ്‌നേഹാര്‍ദ്രമായ ചിത്തം ഭാഗവതത്തിലും സ്പഷ്ടമാക്കപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ ഉപാനയനാദികള്‍ ഒന്നും കഴിക്കാതെ അപേതകൃത്യനായി സന്ന്യാസിയാകാന്‍ പുറപ്പെട്ടു പോയ ശ്രീശുകനെ പുത്രാ””എന്നു നീട്ടി വിളിച്ച് പരിതപിച്ച വ്യാസനെപ്പറ്റി ഭാഗവതത്തില്‍ പ്രസ്താവിക്കുന്നുണ്ട്. ശ്രീശുകന്‍, വ്യാസദേവന്റെ ആദ്യത്തെ പുത്രനാണ്. ശുകന്റെ മാതാവ് ഘൃതാചി എന്ന അപ്‌സരസ്സാണ്. വ്യാസന്റെ യൗവനകാലത്ത് യാഗാഗ്നി ഉത്പാദിപ്പിക്കാന്‍ വേണ്ടി അരണി കടഞ്ഞുകൊണ്ടിരുന്ന വ്യാസന്‍ യാദൃച്ഛികമായി ഘൃതാചിയെ കാണാന്‍ ഇടയായെന്നും അവളുടെ അഭൗമസൗന്ദര്യം കണ്ട്, പാര്‍വ്വതീദേവിയെ മൂന്നു കണ്ണുകള്‍ കൊണ്ടും വീക്ഷിച്ച ഹരനെപ്പോലെ ക്ഷണനേരം വ്യാസനും കിഞ്ചിത് പരിലുപ്തധൈര്യനായെന്നും അദ്ദേഹത്തിന്റെ ശാപം ഭയന്ന് ഒരു ശൂകിയായി ഘൃതാചി പറന്നുപോയെന്നും ഋഷിയുടെ വെളിയിലേക്കു നിസ്സരിച്ച രേതസ്സ് കടഞ്ഞുകൊണ്ടിരുന്ന അരണിയില്‍ നിപതിച്ചെന്നും ആ അരണിയില്‍ നിന്നു അയോനിജനായി ശുകന്‍ ജനിക്കുകയായിരുന്നു എന്നും മറ്റുമുള്ള കഥ ദേവീഭാഗവതം പ്രഥമസ്‌കന്ധത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
തപോധനനായിരുന്നിട്ടും ആദ്ധ്യാത്മിക ജീവിതത്തോടൊപ്പം ലൗകികനായി സ്വജീവിതത്തില്‍ സ്‌നേഹാദിഭാവങ്ങള്‍ പുലര്‍ത്തിയിരുന്ന കവി-സാര്‍വ്വഭൗമനായ വ്യാസന്റെ അനവദ്യങ്ങളായ വ്യക്തിവൈശിഷ്ട്യങ്ങളില്‍ ഒന്നുപോലും നാമമാത്രമായെങ്കിലും ഉപന്യസിക്കാന്‍ ഈ ലഘുലേഖനത്തില്‍ ആവുകയില്ല. ഹിമാലയം പോലുള്ള അദ്ദേഹത്തിന്റെ ഔന്നത്യത്തില്‍ നിന്ന് സതതപ്രവാഹിനിയായ ഗംഗാനദിക്കൊപ്പം ഒഴുകുന്ന മഹാഭാരതമെന്ന അമൃതധാരയാണ് ഭാരതീയരുടെ സാംസ്‌കാരിക ജീവിതത്തിനും സ്വഭാവരൂപീകരണത്തിനും മുഖ്യപങ്കുവഹിച്ചതും ഇപ്പോഴും വഹിച്ചുകൊണ്ടിരിക്കുന്നതും. നമ്മുടെ രാജ്യത്തിലെ ഗവര്‍ണ്ണര്‍ ജനറലായിരുന്ന മഹാശയനായ സി. രാജഗോപാലാചാരി(രാജാജി) പറഞ്ഞിട്ടുള്ളത് കേവല യാഥാര്‍ത്ഥ്യത്തിന്റെ സത്യസ്വീകൃതിമാത്രമാണ്,
“ The Mahabharatha has moulded the character and civilisation of one of the most numerous of the world’s people (Preface to the Mahabharatha – Bharathiya vidya Bhavan Publication.)
മഹാഭാരതത്തിന്റെ നാനാ മാഹാത്മ്യങ്ങള്‍ വിസ്തരിച്ചുകൊണ്ട് സംസ്‌കൃതം തുടങ്ങി എല്ലാ ഭാരതീയ ഭാഷകളിലുമുള്ള പ്രഗല്ഭമതികളായ അനേകം വിദ്വാന്മാരും കവികളും മാത്രമല്ല, ഹസ്ലര്‍, മക്‌ഡൊണള്‍ഡ്, വിന്‍ടര്‍ നിറ്റ്‌സ് തുടങ്ങിയ പാശ്ചാത്യപണ്ഡിതന്മാരും എഴുതിയിട്ടുണ്ട്. ഭരതന്മാരുടെ ചരിത്രവും ഭാരതീയരുടെ ഇതിഹാസവും അനുപമകാവ്യവും ആയ മഹാഭാരതമെന്ന മഹാഗ്രന്ഥത്തിന്റെ കര്‍ത്താവായ വ്യാസനെന്ന ഈ മഹാനുഭാവനെപ്പറ്റി വിസ്മയാദരങ്ങളോടെ അഭിജ്ഞന്മാര്‍ പറഞ്ഞിട്ടുള്ളത് അദ്ദേഹം ഭഗവദവതാരം തന്നെയാണെന്നാണ്.
“കോഹ്യന്യ: പുണ്ഡരീകാക്ഷാദ് മഹാഭാരതകൃത്ഭവേത്”(പുണ്ഡരീകാക്ഷനായ ഭഗവാനല്ലാതെ മഹാഭാരതം രചിക്കാന്‍ മറ്റാര്‍ക്ക് സാധിക്കും?) എന്നാണ് പ്രാചീനമായ ഈ ലോകോക്തിയില്‍ ചോദിക്കുന്നത്, അത്രതന്നെയല്ല “ദ്വിബാഹുരപരോഹരി, വ്യാസായ വിഷ്ണുരൂപായ വ്യാസരൂപായ വിഷ്ണുവേ ” ഇങ്ങനെ ഏതെല്ലാം വിധത്തിലാണ് ഈ മഹാത്മാവ് പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ളത്? ഇമ്മാതിരിഅതിശയോക്തികളുടെ പരിവേഷമൊന്നും കൂടാതെ പച്ചമനുഷ്യനെന്ന നിലയില്‍ ആരായിരുന്നു വ്യാസന്‍ എന്ന് നോക്കിക്കാണുന്നതും വിജ്ഞാനപ്രദമാണ്.
വ്യാസന്‍ – അന്നും ഇന്നും
പാരാശര്യനായിരുന്നു, എന്നു മാത്രം പറഞ്ഞാല്‍ മതിയോ? പോര, അല്പം കൂടി വിസ്തരിച്ചു തന്നെ പരിചയപ്പെടുത്തേണ്ടിയിരിക്കുന്നു. യമുനാ നദിയിലെ സാധാരണകടത്തുവഞ്ചിക്കാരിയും അല്പം അവജ്ഞയോടെ കാളി (കറുമ്പി) യെന്നും മത്സ്യഗന്ധിയെന്നും വിളിക്കപ്പെട്ടിരുന്നവളുമായ ഒരു മുക്കുവപ്പെണ്ണില്‍ സ്മൃതികാരനും വിഷ്ണുപുരാണകര്‍ത്താവുമായ പരാശരമഹര്‍ഷിക്ക് പിറന്നവന്‍ (അല്പം കൂടി പിന്നോട്ടു പോയി പാരമ്പര്യം ചിന്തിച്ചാല്‍ ബ്രഹ്മര്‍ഷിയായ വസിഷ്ഠന്റെ നപ്താവ് (പൗത്രന്റെ പുത്രന്‍) എന്നു ചുരുക്കി പറഞ്ഞാലും മതിയായില്ല, വസിഷ്ഠപുത്രനായ ശക്തിക്ക് അദൃശ്യന്തി എന്ന വൈശ്യപത്‌നിയില്‍ (ചിത്രമുഖനെന്ന വൈശ്യനായിരുന്നു അദൃശ്യന്തിയുടെ പിതാവ്. പിന്നീട് തപസ്സുചെയ്ത് ബ്രാഹ്മണ്യം നേടിയത്രേ) പിറന്ന വ്യക്തിയാണ് പരാശരന്‍). വ്യാസന്‍ കാനീനനായാണ് ജനിച്ചത്. തന്നെയല്ല അദ്ദേഹം അനികേതനനും ആയിരുന്നു. ജന്മഗൃഹം ഇല്ലാതിരുന്നതുമൂലം ദ്വീപില്‍ പിറന്നവന്‍ (ദ്വൈപായനന്‍) എന്നുമാത്രം പറഞ്ഞ് അദ്ദേഹത്തെ വിളിച്ചു വന്നു. അദ്ദേഹത്തിന്റെ നിറം കറുത്തതായിരുന്നതുകൊണ്ട് ചിലരെല്ലാം കൃഷ്ണന്‍(കറുമ്പന്‍) എന്നുകൂടി ചേര്‍ത്തു കൃഷ്ണദ്വൈപായനന്‍ എന്നും വിളിച്ചു. ജാതിയുടേയും വര്‍ണ്ണത്തിന്റെയും നിരര്‍ത്ഥകത ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നില്ലേ?
അദ്ദേഹം കാഴ്ചയിലും വളരെ അനാകര്‍ഷകനായിരുന്നു. വിരൂപനും ജടിലനും ദുര്‍വര്‍ണ്ണനും കൃശഗാത്രനും സുഗന്ധേതരഗന്ധ (ദുര്‍ഗ്ഗന്ധ) മുള്ളവനും സര്‍വഥാ ദുഷ്പ്രധര്‍ഷണനും (ആക്രമണത്തിനു വഴങ്ങാത്തവനും) ആയിരുന്നു:
വിരൂപോ ഹി ജടീ വാപി ദുര്‍വ്വര്‍ണ്ണഃ പുരുഷഃ കൃശഃ
സുഗന്ധേതരഗന്ധശ്ച സര്‍വ്വഥാ ദുഷ്പ്രധര്‍ഷണഃ”
ഞാനെന്ന ഭാവത്തെ ഇത്രയധികം അടക്കി ഇല്ലായ്മ ചെയ്ത ഒരു വ്യക്തിക്കു മാത്രമേ തന്നെപ്പറ്റി ഇത്ര മോശമായ രീതിയില്‍ അഭിപ്രായം പുറപ്പെടുവിക്കാന്‍ കഴിയുള്ളു. (ഇത് പ്രത്യക്ഷസത്യം തന്നെ ആയിരുന്നല്ലോ. അതാണല്ലോ മാതാവായ സത്യവതിയുടെ നിര്‍ബന്ധത്തിനുവഴങ്ങി പുത്രോത്പാദനാര്‍ത്ഥം അദ്ദേഹവുമായി സംഗമിച്ചപ്പോള്‍ അംബിക കണ്ണുകള്‍ അടച്ചത്).
തസ്യ കൃഷ്ണസ്യ കപിലാം ജടാം ദീപ്‌തേ ച ലോചനേ
ബഭ്രൂണിചെവ ശ്ര്മശ്രൂണി ദൃഷ്ട്വാ ദേവീ ന്യമീലയത്”
അംബാലികയാണെങ്കില്‍ അദ്ദേഹത്തെ കണ്ടമാത്രയില്‍ തന്നെ വിവര്‍ണ്ണയായി “പാണ്ഡുസങ്കാശയായതുകൊണ്ടാണല്ലോ പാണ്ഡ് പിടിച്ചമകന്‍ ജനിച്ചത്.
ചുരുക്കത്തില്‍ മുക്കുവജാതിയില്‍ കാനീനായി പിറക്കുകയും അനികേതനനും നിരാശ്രയനും അനാകര്‍ഷകനും ഒന്നുമില്ലായ്മയില്‍ നിന്ന് സ്വജീവിതം കെട്ടിപ്പടുത്തവനും ആയിരുന്നിട്ടും സ്വന്തം സാധനകൊണ്ടും മഹാത്മാക്കളുമായുള്ള സംസര്‍ഗം മൂലവും തപസ്സുകൊണ്ടും വിശ്വം മുഴുവന്‍ വളര്‍ന്ന ഒരു ഹൃദയത്തിന്റെ ഉടമയായി, സര്‍വ്വാരാദ്ധ്യനായ മഹര്‍ഷീശ്വരനായി. തന്റെ വിശ്വബന്ധുത്വഭാവനകൊണ്ടും അനുദ്ധതമായ വ്യക്തിത്വം കൊണ്ടും ക്രാന്തദര്‍ശിത്വം മൂലവും മഹാഭാരതമെന്ന അനുപമമായ വിശ്വമഹാകാവ്യത്തിന്റെ കര്‍ത്താവായി. അതിലൂടെ ഈ നാടിന്റെ ധര്‍മ്മഭാവനയ്ക്കു പോഷണവും കരുത്തും നല്കി. സഹസ്രാബ്ദങ്ങള്‍ പലതുകഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ മാഹാത്മ്യങ്ങള്‍ ഇന്നും ജനഹൃദയങ്ങളില്‍ അക്ഷുണ്ണമായി അദ്ഭുതഭക്തികളോടെ സ്മരിക്കപ്പെട്ടുവരുന്നു.