ഇച്ഛാശക്തിയും ദീര്‍ഘവീക്ഷണവുമുണ്ടെങ്കില്‍ വികസനത്തിന് ഏറെ സാധ്യതകളുള്ള മേഖലകള്‍ കേരളത്തിലുണ്ട്. കേരളത്തിലെ ആരോഗ്യ-വിദ്യാഭ്യാസ രംഗം, കാര്‍ഷിക ടൂറിസം, അണക്കെട്ടുകളുടെ പുനരുദ്ധാരണം തുടങ്ങി നിരവധി മേഖലകള്‍ ഇത്തരത്തില്‍ പരിഗണിക്കേണ്ടതുണ്ട്.
കേരളത്തിലെ നിരവധി ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പഠനനിലവാരം അന്താരാഷ്ട്രനിലവാരത്തില്‍ ഉയര്‍ത്താന്‍ 2020ലെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ പശ്ചാത്തലത്തില്‍ ശക്തവും ആസൂത്രിതവും സമഗ്രവുമായ അപ്ഗ്രഡേഷനും സാങ്കേതിക മികവും നല്‍കാനായാല്‍ കേരളത്തെ ഒരു വിദ്യാഭ്യാസ ഹബ്ബായി ഉയര്‍ത്താന്‍ കഴിയും. 15 സംസ്ഥാനസര്‍വ്വകലാശാലകളും ഒരു കേന്ദ്രസര്‍വ്വകലാശാലയും ഓരോ ഐ.ഐ.ടി. ഐ.ഐ.എം, ഐസര്‍, ഐ.ഐ.ഐ.ടി.എം. കെ. (IIITMK) എന്നിവയും 24 മെഡിക്കല്‍ കോളേജുകളും 188 എഞ്ചിനീയറിംഗ് കോളേജുകളുമുള്ള സംസ്ഥാനത്തിന് ഇതിനുള്ള വ്യവസ്ഥാപിത പശ്ചാത്തലമുണ്ട്. എന്നാല്‍ അവയെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുക എന്ന ദൗത്യമാണ് അടിയന്തരമായി നിര്‍വ്വഹിക്കേണ്ടത്.
സംസ്ഥാനത്ത് 24 മെഡിക്കല്‍ കോളേജുകളും നിരവധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും മികച്ച ആയുര്‍വ്വേദ ചികിത്സാ കേന്ദ്രങ്ങളും നിലവിലുണ്ട്. ഇവയെ ആവശ്യമായ തരത്തില്‍ അപ്‌ഗ്രേഡ് ചെയ്തു അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാനായാല്‍ കേരളത്തെ ഒരു ഹെല്‍ത്ത് കെയര്‍ ഹബ്ബായി മാറ്റാനാകും. ഗള്‍ഫ് മേഖല, ഏഷ്യാ-പെസഫിക് മേഖല, ആഫ്രിക്കന്‍ രാജ്യങ്ങളടങ്ങിയവ ഈ സൗകര്യം വിപുലമായി ഉപയോഗപ്പെടുത്താന്‍ സാദ്ധ്യതയുണ്ട്. മറുവശത്ത് ആയുര്‍വ്വേദ-യോഗ സ്ഥാപനങ്ങളുടെ സേവനനിലവാരവും ഗുണനിലവാരവും ഫലപ്രദമായി ഉയര്‍ത്തുകയും ഇവയെ യുക്തിസഹമായി സംയോജിപ്പിച്ച് സ്വാസ്ഥ്യ ചികിത്സാവ്യവസ്ഥ ഏര്‍പ്പെടുത്തുകയും ചെയ്താല്‍ വിദേശികളെ ആകര്‍ഷിക്കാവുന്ന ആരോഗ്യ-സ്വാസ്ഥ്യ-ടൂറിസമാക്കി ഇതിനെ വികസിപ്പിക്കാനാകും. ഹെല്‍ത്ത് കെയര്‍ ഹബ്ബിന്റെയും സ്വാസ്ഥ്യകേന്ദ്രങ്ങളുടെയും പ്രചരണത്തിനും മാര്‍ക്കറ്റിങ്ങിനും സംസ്ഥാനത്തേയ്ക്കു തിരിച്ചുവന്നവരും വിദേശത്തു തുടരുന്നവരുമായ പ്രവാസികളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്യാം.
ടൂറിസവും അഗ്രോടൂറിസവും
പ്രകൃതിഭംഗി കൊണ്ട് അനുഗൃഹീതമായ കേരളത്തില്‍ ടൂറിസത്തിന് വലിയ സാദ്ധ്യതകളാണുള്ളത്. എന്നാല്‍ ടൂറിസം മേഖലയുടെ കുതിച്ചുചാട്ടത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ട്. സുരക്ഷിതവും സാധാരണക്കാര്‍ക്കും ഇടത്തരം വരുമാനക്കാര്‍ക്കും പ്രാപ്യമായ തരത്തിലുള്ള ഹോട്ടല്‍ സൗകര്യം, ഹോംസ്റ്റേ സൗകര്യം, യാത്രാസൗകര്യം എന്നിവ ആസൂത്രിതമായി ഒരുക്കേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ രണ്ട് പ്രധാന പദ്ധതികളായ സ്വദേശ് ദര്‍ശന്‍ സര്‍ക്യൂട്ടുകളും ‘പ്രസാദ്’ എന്ന പേരിലുള്ള ആത്മീയ ടൂറിസവും കേരളത്തിന് അനുയോജ്യമായ പദ്ധതികളാണ്. ഇവയുടെ പൂര്‍ണ്ണ പ്രയോജനമെടുക്കാനായാല്‍ ടൂറിസം മേഖലയില്‍ കുതിച്ചുചാട്ടം ഉറപ്പാണ്.
മറ്റൊരു മേഖല അഗ്രോ ടൂറിസമാണ്. ഭാരതത്തിലേയ്ക്ക് വരുന്ന വിദേശ ടൂറിസ്റ്റുകളുടെ 5 ശതമാനത്തിലധികമാണ് കേരളത്തിലെത്തുന്നത്. ഇവരില്‍ നല്ലൊരു ശതമാനത്തിന് താല്പര്യം പ്രകൃതിയോടിണങ്ങിയ ആവാസവ്യവസ്ഥകളാണ്. അതില്‍ ഏറ്റവും ഫലപ്രദമായത് അഗ്രോടൂറിസമാണ്. ഇപ്പോള്‍ വളരെ പരിമിതമായി വയനാട്ടിലും ഇടുക്കിയിലും, നെല്ലിയാമ്പതി, മൂന്നാര്‍, ഏലക്കാടുകള്‍ തുടങ്ങിയ സ്ഥലങ്ങളിലും വളരെ കുറച്ച് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഈ സ്ഥാപനങ്ങളൊന്നും ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ പര്യാപ്തമല്ല. നല്ല വൃത്തിയോടെ തികച്ചും പ്രകൃതി സൗഹൃദവും സുരക്ഷിതവും നല്ല ഭക്ഷണവുമടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ധാരാളം ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും കര്‍ഷകര്‍ക്ക് വലിയൊരു വരുമാന സ്രോതസ്സ് സൃഷ്ടിക്കാനും കഴിയും. അതോടൊപ്പം ആവശ്യമായ പ്രചരണവും ടൂറിസ്റ്റുകളെ ഇത്തരം കേന്ദ്രങ്ങളില്‍ എത്തിക്കാനുള്ള സൗകര്യങ്ങളും ഫലപ്രദമായി ഏര്‍പ്പെടുത്തണം.
നാടന്‍ ഭക്ഷണശാലകളുടെ ശൃംഖല
കേരളത്തിലെ ദേശീയ-സംസ്ഥാന പാതകളില്‍ ഗുണനിലവാരമുള്ള നാടന്‍ ഭക്ഷണശാലകള്‍ താരതമ്യേന വളരെ കുറവാണ്. ഇത് വലിയൊരു അവസരമാണ്. തിരിച്ചുവരുന്ന പ്രവാസികളുടെ കൂട്ടായ്മയില്‍ ഇന്ത്യന്‍ കോഫി ഹൗസ് സൊസൈറ്റിയുടെ മാതൃകയില്‍ ഓരോ 25 കിലോമീറ്റര്‍ ഇടവിട്ട് ദേശീയ പാതയിലും പ്രധാന സംസ്ഥാന പാതകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഇത്തരം ഭക്ഷണശാലകളുടെ ശൃംഖല സ്ഥാപിക്കാനായാല്‍ ഒരേ സമയം യാത്രക്കാര്‍ക്ക് ആശ്വാസവും ആയിരക്കണക്കിന് പേര്‍ക്ക് ജീവിതമാര്‍ഗ്ഗവും ലഭ്യമാകും. സംസ്‌കരിച്ച ഭക്ഷ്യവിഭവങ്ങള്‍ കൂടി പാക്ക് ചെയ്ത് വില്‍ക്കാനായാല്‍ അത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. അതോടൊപ്പം കഴിയാവുന്നത്ര സ്ഥലങ്ങളില്‍ ഇവയോടനുബന്ധമായി ഓര്‍ഗാനിക് ഉല്പന്നങ്ങള്‍ക്കുള്ള ഔട്ട്‌ലെറ്റുകളും ഏര്‍പ്പെടുത്തിയാല്‍ ആ മേഖലയ്ക്കും വികസനസാദ്ധ്യത ഉണ്ടാകും.
മാലിന്യത്തെ സമ്പത്താക്കുക
സംസ്ഥാനത്തിന്റെ ഏറ്റവും ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നവും ആരോഗ്യസംരക്ഷണത്തിനുള്ള ഭീഷണിയും കുന്നുകൂടുന്ന മാലിന്യക്കൂമ്പാരങ്ങളാണ്. ഇവയെ യഥാവിധി സംസ്‌കരിച്ച് ഉപകാരപ്രദമായ ഉല്പന്നങ്ങളാക്കി മാറ്റാനായാല്‍ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും. അതോടെ ഇവ സൃഷ്ടിക്കുന്ന പാരിസ്ഥിതിക-ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമാകും. പ്ലാസ്റ്റിക്കിതര മാലിന്യത്തെ ബയോഗ്യാസായും ഓര്‍ഗാനിക് വളമായും രൂപാന്തരപ്പെടുത്താം. പ്ലാസ്റ്റിക് മാലിന്യത്തെ സംസ്‌കരിച്ച് ടൈലുകള്‍, ഷീറ്റുകള്‍ തുടങ്ങിയവയായോ, റോഡുകളുടെ ടാറിംഗിന്റെ ഭാഗമായി ഉപയോഗിക്കുകയോ ചെയ്യാം. ഇതുവഴി റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ദീര്‍ഘകാലത്തേക്ക് ഒഴിവാക്കാനാകും.
റബ്ബറൈസ്ഡ് ഹൈവേകള്‍
1187 കിലോമീറ്റര്‍ ദേശീയപാതയും 4322 കിലോമീറ്റര്‍ സംസ്ഥാന പാതയുമാണ് കേരളത്തിലുള്ളത്. ഇവയുടെ ഇരട്ടി ജില്ലാ റോഡുകളുമുണ്ട്. എന്നാല്‍ ഇവയുടെ അറ്റകുറ്റപ്പണികള്‍ക്ക് സംസ്ഥാനവും കേന്ദ്രസര്‍ക്കാരും ആയിരക്കണക്കിന് കോടി വര്‍ഷാവര്‍ഷം ചിലവഴിക്കുന്നുവെങ്കിലും മിക്കവയുടേയും സ്ഥിതി ദയനീയമാണ്. അത് നിരവധി റോഡപകടങ്ങള്‍ക്കും വര്‍ഷംതോറും 4500 ഓളം മരണങ്ങള്‍ക്കും കാരണമാകുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ റബ്ബറൈസ് ചെയ്ത റോഡുകള്‍ക്ക് 15 വര്‍ഷം വരെ അറ്റകുറ്റപ്പണികള്‍ ആവശ്യമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ദേശീയപാതകളും സംസ്ഥാന പാതകളും തുടര്‍ന്ന് പ്രധാന ജില്ലാറോഡുകളും ഘട്ടംഘട്ടമായി റബ്ബറൈസ് ചെയ്തു ടാറിട്ടാല്‍ ചുരുങ്ങിയത് 12 വര്‍ഷക്കാലത്തേക്ക് ഈ റോഡുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ ഒഴിവാക്കി ആയിരക്കണക്കിന് കോടി രൂപ ലാഭിക്കാനും ഇന്ധനച്ചിലവും ഒപ്പം മലിനീകരണവും കുറയ്ക്കാനുമാകും. മാത്രവുമല്ല 75 ശതമാനം റോഡപകടങ്ങള്‍ ഒഴിവാക്കാനും 3500 പേരുടെ ജീവന്‍ വര്‍ഷം തോറും രക്ഷിക്കാനും കഴിയും. ഏറ്റവും വലിയനേട്ടം റബ്ബര്‍ കര്‍ഷകര്‍ക്കായിരിക്കും. അവര്‍ക്ക് മെച്ചപ്പെട്ട വിലകിട്ടാന്‍ ഇത് സഹായകമാകും.
ഡാമുകളുടെ പുനരുദ്ധാരണം
കേരളത്തിലെ 81 ഡാമുകളില്‍ മിക്കവയും അഞ്ചുപതിറ്റാണ്ടിലധികം പഴക്കമുള്ളവയാണ്. ഇവയില്‍ കാലങ്ങളായി അടിഞ്ഞുകൂടിയ ചെളിയും മണലും കാരണം സംഭരണശേഷി 40 ശതമാനത്തിലും താഴെയാണ്. അതാണ് കഴിഞ്ഞ 3 വര്‍ഷമായി പ്രളയത്തിനും വെള്ളക്കെട്ടുകള്‍ക്കും പ്രധാന കാരണം. ഈ ഡാമുകളിലെ മണ്ണും മണലും നീക്കിയാല്‍ ഡാമുകളുടെ സംഭരണശേഷി വര്‍ദ്ധിപ്പിക്കാമെന്നു മാത്രമല്ല, ഇവയുടെ വില്പനയിലൂടെ സംസ്ഥാനത്തിന് വരുന്ന അഞ്ചു വര്‍ഷക്കാലത്തേക്ക് വലിയ വരുമാനവും ഉണ്ടാക്കാം. പ്രകൃതിദുരന്തം ഒഴിവാക്കാന്‍ കഴിയുന്നതോടൊപ്പം പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന, കുന്നുകള്‍ ഇടിച്ച് മണ്ണെടുക്കുന്നത് ഒഴിവാക്കാനുമാകും. എല്ലാ നിര്‍മ്മാണമേഖലകള്‍ക്കും ആവശ്യമായ മണ്ണും മണലും ഇതുവഴി ലഭ്യമാകും. കേന്ദ്രസര്‍ക്കാര്‍ ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന ഡാം റിഹാബിലിറ്റേഷന്‍ ആന്റ് ഇംപ്രൂവ്‌മെന്റ് പ്രോജക്ടിന്റെ ഭാഗമായി കേരളത്തിലെ 28 ഡാമുകളുടെ പുനരുദ്ധാരണത്തിനു ലഭിക്കുന്ന സാമ്പത്തിക സഹായം പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തി ഡാം സുരക്ഷ വര്‍ദ്ധിപ്പിച്ച് പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേക താല്പര്യമാവശ്യമാണ്.
ഇവയ്ക്കു പുറമെ മറ്റ് ചെറുതും വലുതുമായ വികസന പദ്ധതികള്‍ കേരളത്തിനനുയോജ്യമായവ ഏറ്റെടുക്കാന്‍ കഴിയും. സ്ഥലപരിമിതികൊണ്ട് എല്ലാ മേഖലകളും ചര്‍ച്ച ചെയ്യാന്‍ കഴിയില്ല.
വെല്ലുവിളികള്‍
കേരളത്തിന്റെ സമഗ്രവികസനത്തിന് നിരവധി സാദ്ധ്യതകളുണ്ടെങ്കിലും അവ കൈവരിക്കണമെങ്കില്‍ ചില പ്രധാന വെല്ലുവിളികളെ അതിജീവിക്കേണ്ടതായിട്ടുണ്ട്. ഇവയാണ് കഴിഞ്ഞ അഞ്ച് ദശാബ്ദമായി കേരള വികസനത്തിന് തടസ്സമായി പ്രവര്‍ത്തിച്ചിരുന്നത്. ഇവയെ നേരിടാന്‍ ദീര്‍ഘവീക്ഷണവും ലക്ഷ്യബോധവും അര്‍പ്പണബോധവുമുള്ള രാഷ്ട്രീയനേതൃത്വവും ഇച്ഛാശക്തിയുള്ള ഒരു സംസ്ഥാന സര്‍ക്കാരുമാണ് ആദ്യമായി വേണ്ടത്. ഇതുതന്നെയാണ് മുഖ്യമായ വെല്ലുവിളി. മാറിമാറിവരുന്ന മുന്നണി കൂട്ടുകെട്ടുകള്‍ക്ക് രാഷ്ട്രീയ താല്പര്യങ്ങള്‍ക്കുപരിയായി വികസനോന്മുഖ നയങ്ങള്‍ രൂപീകരിക്കാനും അവ ആത്മാര്‍ത്ഥമായി നടപ്പാക്കാനുമുള്ള ഇച്ഛാശക്തി ഒരിക്കലുമുണ്ടാകാനിടയില്ല.
വികസനത്തിന്റെ അടിസ്ഥാനം ഉല്പാദകമേഖലകളുടെ സമഗ്രമായ വളര്‍ച്ചയും വികാസവുമാണ്. കേരളാ മോഡലില്‍ നിര്‍വൃതി കൊണ്ടിരിക്കുന്ന രാഷ്ട്രീയനേതൃത്വം ഈ അടിസ്ഥാനതത്വം സൗകര്യപൂര്‍വ്വം വിസ്മരിക്കുകയും ഗള്‍ഫ് പണത്തിന്റെ പിന്‍ബലത്തില്‍ ഉപഭോഗസംസ്ഥാനമെന്ന മേനി പറയുകയുമാണുണ്ടായത്. ഉല്പാദന മേഖലകളില്‍ വേണ്ടത്ര മുതല്‍ മുടക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സ്വകാര്യസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുപകരം അവരോട് ശത്രുതാ മനോഭാവമാണ് വെച്ച് പുലര്‍ത്തിയത്. അതോടൊപ്പം ആധുനികവല്‍ക്കരണത്തോടും സാങ്കേതിക വിദ്യയോടുമുള്ള ഇടതുപക്ഷ തൊഴിലാളി സംഘടനകളുടെ എതിര്‍പ്പും അവരെ അനുകൂലിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ നിലപാടും മറ്റൊരു വെല്ലുവിളിയാണ്. വികസനാവശ്യങ്ങള്‍ക്ക് വലിയ തോതില്‍ വിഭവങ്ങള്‍ കണ്ടെത്താന്‍ കഴിയാത്ത സര്‍ക്കാരിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളകാര്യത്തില്‍ സ്വീകരിച്ച പബ്ലിക് -പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് മോഡല്‍ മറ്റു മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കാനും വിമുഖതയാണ്. സര്‍ക്കാരിന്റെ പി.പി.പി.മോഡല്‍ വികസനത്തോടുള്ള പൊതുവായ നിഷോധാത്മകനയവും മറ്റൊരു വെല്ലുവിളിയാണ്.
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പലതും ദശകങ്ങളായി തുടര്‍ച്ചയായി നഷ്ടത്തിലാണ്. ഇവയില്‍ ചിലതിനെ യുക്തിസഹമായി സംയോജിപ്പിച്ച് ഭരണച്ചിലവ് കുറയ്ക്കുകയും സ്ഥിരമായി നഷ്ടമുണ്ടാക്കുന്ന സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുകയും ചെയ്യേണ്ടതാണ്. എന്നാല്‍ മുന്നണി സംവിധാനങ്ങളില്‍ ഇത്തരം നടപടികളോട് നിഷേധാത്മക സമീപനം തീര്‍ച്ചയായും പ്രതീക്ഷിക്കാം.
കേരളത്തിന്റെ റവന്യൂ ചിലവിന്റെ സിംഹഭാഗവും കവര്‍ന്നെടുക്കുന്നത് ഉദ്യോഗസ്ഥരുടെ ശമ്പളവും പെന്‍ഷനുമാണെന്ന ആരോപണത്തിന് ദശകങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ശമ്പളത്തിന്റെയും പെന്‍ഷന്റെയും മൊത്തം ചിലവിന്റെ 35 ശതമാനത്തിലധികവും കൈപ്പറ്റുന്നത് സ്വകാര്യ എയിഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ജീവനക്കാരാണ്. ഇവര്‍ സര്‍ക്കാര്‍ ജീവനക്കാരല്ല. അതേസമയം സര്‍വ്വകലാശാലകള്‍ അവര്‍ക്ക് കിട്ടുന്ന മൊത്തം ഗ്രാന്റില്‍ നിന്നാണ് ശമ്പളമടക്കം എല്ലാ ചിലവുകളും ഭാഗികമായി നിറവേറ്റുന്നത്. ബാക്കി സ്വന്തം വിഭവങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. എന്തുകൊണ്ട് എയിഡഡ് മേഖലയെയും ഗ്രാന്റ് ഇന്‍ എയിഡ് സ്ഥാപനങ്ങളാക്കി മാറ്റിക്കൂടാ? കാലാകാലങ്ങളില്‍ അവരുടെ പൂര്‍ണ്ണമായ ചിലവ് വഹിക്കാന്‍ സര്‍ക്കാരിന് കഴിയില്ല എന്നതാണ് സത്യം. ഈ വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ചൂണ്ടിക്കാട്ടിയ ഈ മേഖലയിലെ അഴിമതി ഇതോടുചേര്‍ത്തുവായിക്കണം. സംസ്ഥാനത്ത് 13255 പ്രൊട്ടക്ടഡ് അദ്ധ്യാപകര്‍ വീട്ടിലിരുന്ന് ശമ്പളം വാങ്ങുമ്പോള്‍ സര്‍ക്കാരിന്റെ അനുമതിയോ, പരിശോധനയോ കൂടാതെ 18119 തസ്തികകള്‍ എയിഡഡ് സ്‌കൂളില്‍ സൃഷ്ടിക്കപ്പെട്ടതാണ് ധനകാര്യമന്ത്രി ചൂണ്ടിക്കാണിച്ചത്. ഇത്തരം നടപടികള്‍ അവസാനിപ്പിക്കാനും സ്വകാര്യ – എയിഡഡ് മേഖലയെ ഘട്ടം ഘട്ടമായി സര്‍ക്കാരിന്റെ ബാദ്ധ്യതയില്‍ നിന്ന് ഒഴിവാക്കാനുമുള്ള ഇച്ഛാശക്തി ഭാവി സര്‍ക്കാരുകള്‍ക്കുണ്ടാകണം. ഇത് തീര്‍ച്ചയായും വലിയൊരു വെല്ലുവിളി തന്നെയാണ്.
സംസ്ഥാനത്തിന്റെ സുസ്ഥിര വികസനത്തിനുള്ള മറ്റൊരു ഭീഷണിയാണ് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളും ആവര്‍ത്തിച്ചുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെ പൂര്‍ണ്ണമായി തിരസ്‌കരിച്ച സംസ്ഥാന സര്‍ക്കാര്‍ കസ്തൂരിരംഗന്‍ കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പോലും നടപ്പാക്കാന്‍ തയ്യാറാകാത്തത് ആശങ്കാകുലമാണ്. ഇക്കാര്യത്തില്‍ രാഷ്ട്രീയ സമവായമുണ്ടായില്ലെങ്കില്‍ നമ്മെ കാത്തിരിക്കുന്നത് ആവര്‍ത്തിച്ചുള്ള പ്രകൃതിദുരന്തങ്ങളായിരിക്കും. ഇതോടൊപ്പം തണ്ണീര്‍തടസംരക്ഷണവും തീരദേശ സംരക്ഷണവും അടിയന്തരമായി നടപ്പാക്കുകയും വേണം.
മറ്റൊരു പ്രധാന വെല്ലുവിളി വികസന ഏജന്‍സികളുടെ പുനസ്സംഘടനയും ശാക്തീകരണവും സംയോജനവുമാണ്. നിലവിലുള്ള സംവിധാനത്തെ യുക്തിസഹമായി സംയോജിപ്പിച്ച് കൂടുതല്‍ കാര്യക്ഷമവും ലളിതവുമാക്കണം. അതില്‍ ഒരു പ്രധാന പുനസ്സംഘടന പഞ്ചായത്ത് രാജ് വ്യവസ്ഥയിലാണ് വേണ്ടത്. പഞ്ചായത്തുകളെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെയും പുനസ്സംഘടിപ്പിച്ച്, ശാക്തീകരിച്ച് പ്രാദേശിക വികസന ഏജന്‍സികളായി രൂപാന്തരപ്പെടുത്തേണ്ടത് പ്രാദേശിക വികസനത്തിന് അനിവാര്യമാണ്. ഭരണപരമായ ധൂര്‍ത്തും കാണാച്ചിലവുകളും ദൈനംദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന അഴിമതിയും സ്വജനപക്ഷപാതവും മറ്റൊരു വൈതരണിയാണ്.
എല്ലാറ്റിലുമുപരി കേന്ദ്രപദ്ധതികളോടുള്ള നിഷേധാത്മകമായ സമീപനം മാറ്റിയേ മതിയാകു. കേരളസംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് സഹായകമാകുന്ന നൂറുകണക്കിന് കേന്ദ്രപദ്ധതികള്‍ നിലവിലുണ്ടെങ്കിലും അവയെ വേണ്ടവിധം സംസ്ഥാന വികസനത്തിന് പ്രയോജനപ്പെടുത്താന്‍ രാഷ്ട്രീയ കാരണങ്ങളാല്‍ തയ്യാറാകുന്നില്ല. ഏറ്റെടുത്തവയ്ക്ക് കൃത്യമായ കണക്കുകള്‍ നല്‍കാത്തതുകാരണം തുടര്‍സഹായം ലഭിക്കുന്നത് മുടങ്ങുകയും ചെയ്യുന്നു. കേന്ദ്രപദ്ധതികളെ ഫലപ്രദമായി വിനിയോഗിക്കാനായാല്‍ ഒരളവുവരെ സംസ്ഥാനത്തിന്റെ വികസനത്തിന് അവ മുതല്‍ക്കൂട്ടാകും.
മറ്റൊരു പ്രധാന വെല്ലുവിളി സംസ്ഥാനത്തിന്റെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ്. ഇത് മറികടക്കാന്‍ വിഭവ സമാഹരണം വലിയതോതില്‍ നടത്തേണ്ടതുണ്ട്. മുന്നണി ഭരണം പലപ്പോഴും അതിനൊരു പ്രതിബന്ധമാണ്; കൂടുതല്‍ പി.പി.പി. പദ്ധതികള്‍ ഏറ്റെടുക്കുകയും പരമാവധി കേന്ദ്രപദ്ധതികള്‍ ഏറ്റെടുക്കുകയും ചെയ്ത് വിഭവ പ്രതിസന്ധിമൂലമുള്ള പ്രയാസം ഒരളവുവരെ ഒഴിവാക്കാനാകും. മുകളില്‍ ചൂണ്ടിക്കാണിച്ച വെല്ലുവിളികളോടൊപ്പം മറ്റ് ചില വെല്ലുവിളികള്‍ കൂടി ചേര്‍ക്കേണ്ടതുണ്ടെങ്കിലും സ്ഥലപരിമിതിമൂലം ഒഴിവാക്കുകയാണ്. ഇവിടെ ചൂണ്ടിക്കാട്ടിയ വെല്ലുവിളികളെല്ലാം കേരളത്തിന്റെ സ്ഥായിയായ സമഗ്ര വികസനത്തിന് ചെറുതും വലുതുമായ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നവയാണ്. അവയെ ശക്തമായി നേരിട്ടാല്‍ മാത്രമെ വികേന്ദ്രീകൃത-സ്വാശ്രയ-പങ്കാളിത്ത-സുസ്ഥിര വികസനമെന്ന സ്വപ്‌നം സാക്ഷാത്കരിക്കുകയുള്ളൂ. ഈ വെല്ലുവിളികളെ ശക്തമായി നേരിട്ട്, കൂടുതല്‍ ജനപങ്കാളിത്തത്തോടെ വ്യക്തമായ ദിശാബോധത്തോടെ കേരളത്തിന്റെ സമഗ്രവികസനം നടപ്പാക്കാന്‍ ഇച്ഛാശക്തിയുള്ള ഒരു സംസ്ഥാനസര്‍ക്കാരാണ് ഇതിനാദ്യം ഉണ്ടാകേണ്ടത്.
ഏറ്റവും പ്രധാന വെല്ലുവിളി സംസ്ഥാനത്തിന്റെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ്. വര്‍ഷം തോറും ഈ പ്രതിസന്ധി രൂക്ഷമാകുകയാണ്. കഴിഞ്ഞ നാലുവര്‍ഷമായി മൂലധനചിലവുകള്‍ 25 മുതല്‍ 35 ശതമാനംവരെ വെട്ടിക്കുറയ്ക്കുകയാണ്. ഇതോടൊപ്പം കേരളം കടക്കെണിയില്‍ അകപ്പെടുകയും ചെയ്തിരിക്കുന്നു. നാലരവര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ കേരളത്തിന്റെ കടബാദ്ധ്യത ഇരട്ടിയായി. 2018-19 ല്‍ സംസ്ഥാനത്തിന്റെ പൊതുകടം 2.37 ലക്ഷംകോടിയായിരുന്നത് ഈ വര്‍ഷം കേന്ദ്രം അനുവദിച്ച 180.87 കോടിയുടെ അധികപരിധി കൂടി ചേര്‍ത്താല്‍ 3 ലക്ഷം കോടിയിലധികമാകും. കിഫ്ബിയുടെ കടബാദ്ധ്യത ഇതിനുപുറമെയാണ്. പ്രതിശീര്‍ഷ കടബാദ്ധ്യത 90,000 രൂപയായി ഉയരും. കിഫ്ബി വായ്പകള്‍ കൂടിചേര്‍ത്താല്‍ ഇത് ഒരു ലക്ഷത്തോളമായി ഉയരും. കടബാദ്ധ്യത വര്‍ദ്ധിക്കുമ്പോള്‍ പലിശ ബാദ്ധ്യതയും തിരിച്ചടവ് ബാദ്ധ്യതയും വര്‍ഷം തോറും വര്‍ദ്ധിക്കുകയും വികസന പരിപാടികള്‍ക്ക് പണം ലഭ്യമല്ലാതാവുകയും ചെയ്യും. പലിശ ബാദ്ധ്യതമാത്രം റവന്യൂ ചിലവിന്റെ 17-18 ശതമാനമായി ഉയര്‍ന്നു കഴിഞ്ഞു. 2018-19ല്‍ പലിശയ്ക്കും തിരിച്ചടവിനുമായി സംസ്ഥാനം ചിലവഴിച്ചത് 39944 കോടിയായിരുന്നത് 2019-20ന് 61169 കോടിയായി ഉയര്‍ന്നിരുന്നു. കിബ്ഫിയുടെ വിദേശ കടം ഭരണഘടനയുടെ 293-ാം വകുപ്പിന്റെ ലംഘനമാണെന്ന ഗുരുതരമായ ആരോപണം സി.എ.ജി ഉന്നയിച്ചിട്ടുള്ളത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. മാത്രവുമല്ല, മോട്ടോര്‍വാഹന നികുതിയുടെ പകുതിയും പെട്രോള്‍ ലിറ്ററൊന്നിന്മേല്‍ ഒരു രൂപ സെസ്സും ചേര്‍ത്ത് 2030 വരെ 98355 കോടി സമാഹരിക്കാമെന്നും, മൊത്തം തിരിച്ചടവ് ബാദ്ധ്യത 89783 കോടി മാത്രമെ വരുകയുള്ളു എന്ന ധനകാര്യ മന്ത്രിയുടെ കണക്കുകള്‍ അസ്ഥാനത്താണ്. ഈ ബാദ്ധ്യതകളുടെ പകുതിയെങ്കിലും ബജറ്റ് ചിലവില്‍ നിന്ന് മാറ്റിവെയ്‌ക്കേണ്ടിവരും. അപ്പോള്‍ വികസനം തികച്ചും സ്തംഭനാവസ്ഥയിലായേക്കും.
മുകളില്‍ ചൂണ്ടിക്കാണിച്ച വെല്ലുവിളികളെല്ലാം കേരളത്തിന്റെ സ്ഥായിയായ സമഗ്രവികസനത്തിന് ചെറുതും വലുതുമായ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നവയാണ്. അവയെ ശക്തമായി നേരിടുകയും മറികടക്കുകയും ചെയ്താല്‍ മാത്രമെ വികേന്ദ്രീകൃത-സ്വാശ്രയ-പങ്കാളിത്ത വികസനമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുകയുള്ളു. ഈ വെല്ലുവിളികളെ ആസൂത്രിതമായി മറികടക്കാനും, കൂടുതല്‍ ജനപങ്കാളിത്തത്തോടെ, വ്യക്തമായ ദിശാബോധത്തോടെ കേരളത്തിന്റെ സമഗ്രവികസനത്തിനാവശ്യമായ പദ്ധതികള്‍ നടപ്പാക്കാനുള്ള ഇച്ഛാശക്തിയും മുള്ള ദേശീയ വീക്ഷണവുമുള്ള ഒരു സംസ്ഥാന സര്‍ക്കാരാണ് ഇതിനാദ്യം ഉണ്ടാകേണ്ടത്.