1971 ഡിസംബര്‍ 16
വൈകിട്ട് 4.30
ഇന്നത്തെ ബംഗ്ലാദേശിലെ ധാക്ക
പാകിസ്ഥാന്റെ ഈസ്‌റ്റേണ്‍ കമാന്‍ഡ് ചീഫായ ലഫ്റ്റനന്‍ഡ് അമീര്‍ അബ്ദുള്‍ ഖാന്‍ നിയാസി ഇന്ത്യയുടെ ഈസ്‌റ്റേണ്‍ കമാന്‍ഡ് മേധാവി ജഗജിത് സിംഗ് അറോറയ്ക്ക് മുന്നില്‍ 90,000 പാക് പട്ടാളക്കാരുടെ കീഴടങ്ങലില്‍ ഒപ്പിടുന്നു. ഒരു രാജ്യം അവിടെ പിറക്കുകയായിരുന്നു.
ഇനി നമുക്ക് കാല്‍നൂറ്റാണ്ട് പിന്നിലേക്ക് പോകാം.
1947 ആഗസ്ത് 15
ബ്രിട്ടീഷ് മേധാവിത്വത്തില്‍നിന്ന് സ്വാതന്ത്ര്യം പ്രാപിക്കുമ്പോള്‍ നാം മതിമറന്നു സന്തോഷിക്കേണ്ടതായിരുന്നു. യൂണിയന്‍ ജാക്ക് താഴ്ത്തി ത്രിവര്‍ണ പതാക ഉയരുമ്പോള്‍ എല്ലാ കണ്ണുകളും അഭിമാനത്താല്‍ ഈറനണിയേണ്ടതായിരുന്നു. പക്ഷേ ആ സന്തോഷത്തെ മറികടക്കുന്ന രക്തച്ചൊരിച്ചിലും അഭയാര്‍ത്ഥി പ്രവാഹവുമാണ് നാം കണ്ടത്. സഹസ്രാബ്ദങ്ങളുടെ സാംസ്‌കാരിക പാരമ്പര്യമുള്ള ഒരു രാഷ്ട്രം പിളര്‍ക്കപ്പെട്ടു. ആ മുറിവുകള്‍ ഇന്നും ഉണങ്ങിയിട്ടില്ല. മതത്തിന്റെ പേരില്‍ ഇന്ത്യ വിഭജിക്കപ്പെട്ടു. 1948ലാണ് ആദ്യം പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കുന്നത്. അവര്‍ക്ക് വേണ്ടത് നമ്മുടെ കാശ്മീരായിരുന്നു. വിഷയം അനാവശ്യമായി ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കുക വഴി നമുക്ക് പാക് അധീന കാശ്മീര്‍ എന്നു വിശേഷിപ്പിക്കപ്പെട്ട പ്രദേശം നഷ്ടപ്പെട്ടു. പാകിസ്ഥാന്റെ ശത്രുതാ സമീപനം പിന്നെയും തുടര്‍ന്നു. പാകിസ്ഥാന്‍ രൂപീകരണ കാലത്തെ സംഘര്‍ഷങ്ങളും 1965ലെ യുദ്ധവും കഴിഞ്ഞാണ് വീണ്ടും പാകിസ്ഥാന്‍ 1971ല്‍ ഇന്ത്യയ്ക്ക് നേരെ തിരിയുന്നത്. 1500ല്‍ അധികം കിലോമീറ്റര്‍ അകലമുണ്ടായിരുന്നു കിഴക്കന്‍ പാകിസ്ഥാനും പടിഞ്ഞാറന്‍ പാകിസ്ഥാനും തമ്മില്‍. എല്ലാ അര്‍ത്ഥത്തിലും ഇവ രണ്ടു രാജ്യങ്ങളായിരുന്നു. അവരില്‍ പൊതുവായി ഉണ്ടായിരുന്നത് മതം മാത്രമായിരുന്നു. മറ്റെല്ലാറ്റിനും സമാനതകളേക്കാളേറെ വൈരുദ്ധ്യവും വൈജാത്യവുമാണ് ഉണ്ടായിരുന്നത്. ഭാഷ, ഭൂപ്രകൃതി, വേഷം, ഭക്ഷണരീതി, പാരമ്പര്യം, രാഷ്ട്രീയ സമീപനം എല്ലാത്തിലും വ്യത്യസ്തത മാത്രം. പാക് ജനസംഖ്യയുടെ 60ശതമാനവും കിഴക്കന്‍ പാകിസ്ഥാനിലായിരുന്നു. എന്നാല്‍ വിഭവങ്ങളുടെ 70 ശതമാനവും പടിഞ്ഞാറന്‍ പാകിസ്ഥാനായിരുന്നു കിട്ടിയത്.
ഭരണാധികാരികളും സൈനിക നേതൃത്വവും പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ നിന്നുള്ളവരായിരുന്നു. അവര്‍ കിഴക്കന്‍ പാകിസ്ഥാനെ അവഗണിച്ചുകൊണ്ടേയിരുന്നു. അവരെ ഒരു കോളനിയായി മാത്രം കണ്ടു. 1970 ഡിസംബറിലെ തിരഞ്ഞെടുപ്പില്‍ മുജീബ് റഹ്മാന്റെ നേതൃത്വത്തിലുള്ള അവാമി പാര്‍ട്ടിക്കായിരുന്നു പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലിയില്‍ ഭൂരിപക്ഷം കിട്ടിയിരുന്നത്. 313ല്‍ 167 സീറ്റ്. ബംഗ്ലാദേശിലെ പ്രാദേശിക അസംബ്ലിയില്‍ അവര്‍ക്ക് 96 ശതമാനം സീറ്റും കിട്ടി. ആകെയുള്ള 310ല്‍ 298 ഉം അവാമി പാര്‍ട്ടിക്ക് കിട്ടി. എന്നിട്ടും മുജീബ് റഹ്മാനെ അധികാരത്തിലേറ്റാന്‍ പാകിസ്ഥാനിലെ ഭരണാധികാരികള്‍ തയ്യാറായില്ല. സൈനിക മേധാവി യഹ്യാഖാനും കിഴക്കന്‍ ബംഗാളിലെ സൈനിക മേധാവി ടിക്കാഖാനും ആയിരുന്നു പ്രധാന വില്ലന്മാര്‍. 1971 മാര്‍ച്ചില്‍ പാര്‍ലമെന്റ് രൂപീകരിക്കുന്നത് നീട്ടിവച്ചു. ഇതോടെ കിഴക്കന്‍ പാകിസ്ഥാനില്‍ പണിമുടക്കിന് മുജീബ് റഹ്മാന്‍ ആഹ്വാനം ചെയ്തു. വമ്പിച്ച ജനകീയ പങ്കാളിത്തമായിരുന്നു ഈ പ്രതിഷേധത്തില്‍ പ്രകടമായത്. ഇതോടെ പാക് സൈന്യം ബംഗ്ലാദേശില്‍ ആക്രമണം അഴിച്ചുവിട്ടു. പതിനായിരക്കണക്കിന് സ്ത്രീകളെ മാനഭംഗപ്പെടുത്തി. പുരുഷന്മാരെ കൊന്നു. ഭക്ഷണം കിട്ടാതെ, പട്ടാളത്തിന്റെ ക്രൂരതകള്‍ സഹിക്കാനാവാതെ ബംഗ്ലാദേശികള്‍ ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായി പലായനം ചെയ്തു. ഏതാണ്ട് 80ലക്ഷം പേരാണ് ഇന്ത്യയിലേക്കെത്തിയത്. ഇവര്‍ക്കെല്ലാം ക്യാമ്പുകള്‍ തുറന്ന് ഇന്ത്യ അഭയം നല്‍കി. ഭക്ഷണവും വസ്ത്രവും നല്‍കി. അപ്പോഴും നിരപരാധികളെ ബംഗ്ലാദേശിലെ പാക്ക് പട്ടാളം ആക്രമിച്ചുകൊണ്ടേയിരുന്നു. ത്രിപുരയില്‍ അഭയാര്‍ത്ഥികളായി വന്നവര്‍ക്ക് നേരെ പാക് പട്ടാളം ഷെല്‍ ആക്രമണം നടത്തി.
ബംഗ്ലാദേശില്‍ പാക് സൈന്യം ക്രൂരതകള്‍ കാട്ടുകയും ലക്ഷങ്ങള്‍ ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായി എത്തുകയും ചെയ്തപ്പോള്‍ ബംഗ്ലാദേശിലേക്ക് സൈന്യത്തെ വിടാന്‍ കഴിയുമോ എന്ന് ഏപ്രിലില്‍ തന്നെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സൈന്യത്തോട് ചോദിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ സമയമാവശ്യപ്പെടുകയാണ് ജനറല്‍ മനേക്ഷാ ചെയ്തത്. സൈനിക നീക്കത്തിനുള്ള തയ്യാറെടുപ്പിനായി ഈ സമയം സൈന്യം ഉപയോഗിച്ചു. അപ്പോഴേക്കും ബംഗ്ലാദേശിന്റെ മോചനത്തിനായി മുക്തി ബാഹിനി രൂപീകരിച്ച് യുവാക്കളെ സംഘടിപ്പിച്ച് ഒളിപ്പോരിന് തയ്യാറെടുത്തു കഴിഞ്ഞിരുന്നു. കിഴക്കന്‍ ബംഗാളില്‍ ഇന്ത്യന്‍ സൈന്യം ഇവര്‍ക്ക് പരിശീലനം നല്‍കി.
1971 ഡിസംബര്‍ 3 നാണ് പാകിസ്ഥാന്റെ ആദ്യ പ്രകോപനം ഇന്ത്യക്ക് നേരെയുണ്ടായത്. വൈകിട്ട് 5.45 ന് ശ്രീനഗര്‍, പത്താന്‍കോട്ട്, അംബാല, ജോധ്പൂര്‍ തുടങ്ങി ഇന്ത്യയുടെ 11 എയര്‍ഫോഴ്‌സ് കേന്ദ്രങ്ങളിലേക്ക് പാകിസ്ഥാന്‍ എയര്‍ഫോഴ്‌സ് ബോംബാക്രമണം നടത്തി. ഒരു വിമാനത്തിന് പോലും കേടുപറ്റിയില്ല. അന്ന് രാത്രി വീണ്ടും ആക്രമണമുണ്ടായി. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഇന്ത്യ കിഴക്കന്‍ ബംഗാളിലെ പാക് സൈന്യത്തിന് നേരെ ആക്രമണം നടത്തുമെന്നായിരുന്നു പാക് നീരീക്ഷണം. അതേസമയം പടിഞ്ഞാറന്‍ ഭാഗത്ത് ആക്രമണം നടത്താനായിരുന്നു പാക് പദ്ധതി. രാജസ്ഥാന്‍ അതിര്‍ത്തിയായ ലോഗേവാലയില്‍ പാക് സൈന്യം രാത്രി ടാങ്കറുകളുമായി നടത്തിയ ആക്രമണമായിരുന്നു ഇതിലൊന്ന്. ഡിസംബര്‍ നാലിന് രാത്രിയായിരുന്നു ആക്രമണം. 2800 ഓളം പാക് സൈനികരും ടാങ്കറുമായി ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ഇരമ്പി കയറി. 120 പേര്‍ മാത്രമായിരുന്നു അതിര്‍ത്തിയിലുള്ള ആ യൂണിറ്റിലെ ഇന്ത്യന്‍ സൈന്യത്തിന്റെ ആള്‍ബലം. കുല്‍ദീപ് സിംഗ് ചാന്ദ്പുരിയെന്ന സൈനിക മേധാവിയുടെ നേതൃത്വത്തിലായിരുന്നു ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചത്. രാത്രി മുഴുവന്‍ ഈ 120 പേരും ധീരോദാത്തമായി പോരാടി. മറ്റ് ഭാഗങ്ങളില്‍ നിന്ന് വ്യോമസേന ഉള്‍പ്പെടെയുള്ള സൈനിക വിഭാഗങ്ങള്‍ വരുന്നതുവരെ അവര്‍ തന്ത്രപരമായി പെരുമാറി. 51 ടാങ്കുകളായി വന്ന പാകിസ്ഥാന്‍ സൈന്യത്തിന് ഒടുവില്‍ 8 ടാങ്കുകളുമായി തിരികെ പോകേണ്ടി വന്നു. അപ്പോഴേക്കും കറാച്ചി, റാവല്‍പിണ്ടി, ലാഹോര്‍ തുടങ്ങി നാവിക കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള പാകിസ്ഥാന്‍ പട്ടണങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു. മൊത്തത്തില്‍ കനത്ത നാശമാണ് പാകിസ്ഥാനുണ്ടായത്. കിഴക്കന്‍ പാകിസ്ഥാനില്‍ 14 പഞ്ചാബ് ബറ്റാലിയന്‍ ഉള്‍പ്പെടെയുള്ള സൈനിക വ്യൂഹങ്ങള്‍ ശക്തമായ ആക്രമണം നടത്തി. 13 ദിവസം മാത്രമാണ് യുദ്ധം നീണ്ടുനിന്നത്. യുദ്ധത്തിന്റെ ഒടുവില്‍ പാകിസ്ഥാന്‍ കീഴടങ്ങുകയും ചെയ്തു.

ബംഗ്ലാദേശ് യുദ്ധം ആഗോളതലത്തില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തുകയാണ് ചെയ്തത്. അതൊരു യുദ്ധവിജയത്തിന്റെ യശസ്സ് മാത്രമായിരുന്നില്ല. ലക്ഷക്കണക്കിന് ബംഗ്‌ളാദേശികളാണ് പാക് ആര്‍മിയുടെ ക്രൂരത സഹിക്കവയ്യാതെ ഇന്ത്യയിലേക്ക് പലായനം ചെയ്തത്. നമ്മുടെ സാമ്പത്തിക സ്ഥിതി അത്ര മെച്ചമല്ലാതായിരുന്നിട്ടും അവര്‍ക്കെല്ലാം മേല്‍ക്കൂരയും ഭക്ഷണവും ഇന്ത്യ നല്‍കി. ആദ്യം ഈ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലിനായി ഇന്ത്യ കുറെ ശ്രമിച്ചിരുന്നു. ഇക്കാര്യത്തില്‍ വേണ്ട സഹകരണം ലോക രാജ്യങ്ങളില്‍ നിന്ന് കിട്ടിയിരുന്നില്ല. പാകിസ്ഥാനാകട്ടെ ഇരട്ട ക്ഷീണം സംഭവിക്കുകയും ചെയ്തു. ഒന്ന് യുദ്ധത്തിലുള്ള ദയനീയ പരാജയം തന്നെ. രണ്ടാമത്തേത് പാകിസ്ഥാന്‍ വിഭജിക്കപ്പെട്ടുവെന്നതാണ്. നാമെപ്പോഴും ശാന്തിയും സമാധാനവും ആഗ്രഹിച്ചിരുന്ന നാടാണ്. അതേ സമയം നമ്മുടെ അതിര്‍ത്തിയും സ്വത്തുക്കളും സംരക്ഷിക്കാന്‍ നമുക്ക് ബാദ്ധ്യതയുണ്ട്.
ബംഗ്ലാദേശ് യുദ്ധം പുതിയ രാഷ്ട്രത്തിന്റെ പിറവിയായിരുന്നു. ഇന്ദിരാഗാന്ധി പറഞ്ഞതുപോലെ ഒരു പുതിയ സ്വതന്ത്ര രാജ്യത്തിന്റെ പിറവി. രണ്ടുകൂട്ടരും മുസ്ലിങ്ങളാണെന്നല്ലാതെ പാകിസ്ഥാനും ബംഗ്ലാദേശിനും സമാനമായി ഒന്നുമില്ലായിരുന്നു. ലോകം കണ്ടതില്‍ വച്ചേറ്റവും വലിയ ക്രൂരതയും നരഹത്യയുമാണ് പാക് സൈന്യം ബംഗ്ലാദേശില്‍ നടത്തിയത്. മൂവായിരത്തോളം ഇന്ത്യന്‍ സൈനികര്‍ക്ക് ഈ യുദ്ധത്തില്‍ വീരമൃത്യു വരിക്കേണ്ടിവന്നു. പതിനായിരത്തോളം പേര്‍ക്ക് പരിക്കേറ്റു. പക്ഷേ അവര്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു. ഒരു ജനതയെ ക്രൂരമായ പീഡനങ്ങളില്‍ നിന്ന് രക്ഷിക്കുകയായിരുന്നു അവര്‍ ചെയ്തത്. മാനുഷികത ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു നമ്മുടെ സൈന്യം ചെയ്തത്. ബംഗ്ലാദേശില്‍ പാക് സൈന്യത്തിന്റെ മനുഷ്യത്വ വിരുദ്ധമായ നടപടികള്‍ക്കിരയായ എല്ലാവര്‍ക്കും നമ്മുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കാം.