വിടുതലൈ ചിരുതൈകള്‍ കക്ഷി (വിസികെ) നേതാവ് തോല്‍തിരുമാവലന്റെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധം സംഘടിപ്പിച്ചതിന് ബി.ജെ.പി.നേതാവ് അറസ്റ്റിലായിരുന്നു. വിവാദപ്രസ്താവന, മനുസ്മൃതി സ്ത്രീവിരുദ്ധമാണെന്നും നൂറ്റാണ്ടുകളോളം സ്ത്രീകളെ അടിച്ചമര്‍ത്തിയത് ഈ ഗ്രന്ഥം ഒന്നുകൊണ്ടുമാത്രമാണെന്നും ഒരു വെബിനാറില്‍ ഈ നേതാവ് പറഞ്ഞിരുന്നു. പ്രസ്താവന വാസ്തവവിരുദ്ധമായതുകൊണ്ട് ഹിന്ദുത്വവുമായിച്ചേര്‍ന്നുപോകുന്ന ഗ്രൂപ്പുകള്‍ പ്രതിഷേധിച്ചു. പൊതുസംവത്സരാരംഭത്തിനു നൂറ്റാണ്ടുകള്‍ക്കുമുന്‍പ് രചിക്കപ്പെട്ട ഈ കൃതി ഇന്നു പ്രാബല്യത്തിലില്ല. മാത്രമല്ല, ചുരുങ്ങിയപക്ഷം കഴിഞ്ഞ രണ്ടു സഹസ്രാബ്ദങ്ങളായി വിദേശാധിപത്യത്തിനു മുന്നേതന്നെ മറ്റുസ്മൃതികള്‍, അതായത് യാജ്ഞവല്‍ക്യ, മിതാക്ഷര, ദയാഭാഗ, എന്നീ സ്മൃതികള്‍ നിലവിലുണ്ടായിരുന്നു. നിലവിലുള്ള സ്മൃതി ഭാരതീയ ഭരണഘടനയും അതനുസരിച്ച് പാര്‍ലമെന്റ് പാസ്സാക്കിയ നിയമങ്ങളുമാണ്. അതുകൊണ്ട് ഇന്ന് അസാധുവായിരിക്കുന്ന ഈ കൃതിയെ വിമര്‍ശിക്കുന്നത് ദുഷ്ടലാക്കോടെയല്ലെ എന്നു സംശയിക്കുന്നതില്‍ ന്യായമുണ്ട്.
ശ്രുതിയും സ്മൃതിയും
ഹൈന്ദവര്‍ സനാതനമായ പ്രാമാണിക ഗ്രന്ഥങ്ങളെ ശ്രുതികള്‍ എന്നും ആ ഗ്രന്ഥങ്ങള്‍ക്കനുസൃതമായി കാലാകാലങ്ങളില്‍ ആചരിക്കപ്പെടേണ്ട ധര്‍മ്മസംഹിതകളെ സ്മൃതികള്‍ എന്നും വേര്‍തിരിച്ചുകാണുന്നു. നാലുവേദങ്ങളും ഉപനിഷത്തുക്കളും അടങ്ങുന്നതാണ് ശ്രുതികള്‍. അവയിലെ പരാമര്‍ശങ്ങള്‍- ശാശ്വതസത്യങ്ങള്‍- മാറ്റമില്ലാതെ തുടരുന്നു. സ്മൃതികള്‍ കാലത്തിനനുസൃതമായി മാറ്റങ്ങള്‍ ഉള്‍ക്കൊള്ളേണ്ടവയാണ്. വേദങ്ങള്‍ ഋഷിവര്യന്മാര്‍ക്ക് സമാധിഅവസ്ഥയില്‍ വെളിവായ ശാശ്വതസത്യങ്ങളാണ്. ആ പരിധിക്കുള്ളില്‍ മാത്രമേ മാറ്റങ്ങള്‍ സാധ്യമാവുകയുള്ളൂ. മനുസ്മൃതിതന്നെ ഈ കാര്യം അസന്നിഗ്ധമായി നിഷ്‌കര്‍ഷിക്കുന്നുണ്ട്
വേദോഖിലോധര്‍മ്മമൂലം
സ്മൃതിശീലോചതത്വിദാം
ആചാരശ്ചൈവസാധൂനാ-
മാത്മന്‍സ്തുഷ്ടിരേവച (അദ്ധ്യായം 11 , ശ്ലോകം 6)
ധര്‍മ്മത്തിനു പ്രമാണം വേദങ്ങളാണ്. രഘുവംശത്തില്‍ കാളിദാസന്‍, നന്ദിനിയെ കുളിപ്പിച്ച് ശുശ്രൂഷിച്ച് രാജ്ഞി വനത്തിലേക്ക് മേയുവാന്‍ കൊണ്ടുപോകുന്നത് വിവരിക്കുന്നത് ഈ സന്ദര്‍ഭത്തില്‍ എടുത്തു പറയേണ്ടതാണ്:-
തസ്യാഖുരന്യാസ പവിത്രപാംസും
അപാംസുലാനാംധുരികീര്‍ത്തനീയാ
മാര്‍ഗം മനുഷ്യേശ്വരധര്‍മ്മപത്‌നീ
ശ്രുതേരിവാര്‍ഥം സ്മൃതിരന്വഗച്ഛാത്
അകളങ്കിതകളില്‍ അഗ്രഗണ്യയായി കീര്‍ത്തിക്കപ്പെടുന്ന രാജപത്‌നി പശുവിന്റെ കുളമ്പടി പതിഞ്ഞ പവിത്രമായ ധൂളിനിറഞ്ഞ പാതയില്‍ ശ്രുതിയുടെ സാരത്തെ അഥവാ പ്രമാണത്തെ സ്മൃതിയെന്നപോലെ പിന്തുടരുന്നു. മഹാകവിയുടെ അതുല്യമായ ഭാവനാ വിലാസമാണ് ഇവിടെ പ്രസക്തം. പശു ഭാരതീയന് കേവലം വളര്‍ത്തുമൃഗമല്ല. പാലന പോഷണകാരിയായി മാതൃസ്ഥാനത്തുതന്നെയാണ് സ്ഥാനം. പോഷണം സ്ഥൂലശരീരത്തിനു മാത്രമല്ല സൂക്ഷ്മശരീരത്തിനും ആവശ്യമായതുകൊണ്ട് ബ്രഹ്മജ്ഞാനത്തിന്റെ- ശരിയായ അറിവിന്റെ- ഉറവിടമായ വേദങ്ങളുടെ പ്രതീകമായും പ്രതിഷ്ഠിക്കപ്പെടുന്നു. പ്രാമാണികങ്ങളായ ശ്രുതിയെ പിന്തുടരുകമാത്രമാണ് രാജ്ഞി.. ഭരണസംവിധാനം അഥവാ നിയമവ്യവസ്ഥ ശ്രുതിക്കനുസരണം മാത്രം എന്ന് വിവക്ഷ.
മനുസ്മൃതി സ്ത്രീവിരുദ്ധമാണോ?
മനുസ്മൃതി സ്ത്രീവിരുദ്ധമല്ല എന്നുതന്നെ തറപ്പിച്ചുപറയാനാകും. മനുസ്മൃതിയില്‍ സ ്ത്രീപുരുഷ അതായത് ദമ്പതിമാരുടെ ധര്‍മ്മം ഒന്‍പതാം അദ്ധ്യായത്തില്‍ വിവരിക്കുന്നുണ്ട്. അതില്‍ ഒരു ശ്ലോകം മാത്രം മതി ഈ ഗ്രന്ഥത്തില്‍ സ്ത്രീക്കു നല്‍കിയിരിക്കുന്നത് സമുന്നതപദവിയാണെന്ന് സമര്‍ത്ഥിക്കുവാന്‍.
പ്രജനാര്‍ത്ഥം മഹാഭാഗാ:
പൂജാര്‍ഹാ ഗൃഹദീപ്തയ:
സ്ത്രിയ: ശ്രിയശ്ച ഗേഹേഷു
അവിശേഷോസ്തികശ്ചന(9.26)
മഹാഭാഗ്യവതികളായ ഈ സ്ത്രീകളെ സന്താനലബ്ധിക്കുവേണ്ടി ആദരിക്കുകയും കെടാവിളക്കുകള്‍പോലെ സംരക്ഷിക്കുകയും വേണം. ഗൃഹത്തില്‍ സ്ത്രീതന്നെയാണ് ശ്രീ (മഹാലക്ഷ്മി). സ്ത്രീകളെ മഹാഭാഗ്യവതികളായി കണക്കാക്കുന്നത് ഗര്‍ഭധാരണത്തിനുള്ള അവരുടെ മാത്രം സവിശേഷത കൊണ്ടാണ്. ”സ്ത്യായതി ഗര്‍ഭോയസ്യാമിതി”സ്ത്രീ, അതായത് ഗര്‍ഭധാരണത്തിനു കഴിവുള്ളവള്‍ സ്ത്രീ; ഇതാണ് ഈ വാക്കിന്റെ അര്‍ത്ഥം.
പരിപാലിക്കപ്പെടേണ്ടതുകൊണ്ട് ചില നിയന്ത്രണങ്ങളും സംരക്ഷണോദ്ദേശ്യത്തോടു കൂടി വേണ്ടിവന്നിരിക്കാം:-
പിതാ രക്ഷതി കൗമാരേ
ഭര്‍ത്താ രക്ഷതി യൗവ്വനേ
രക്ഷന്തി സ്ഥവിരേ പുത്രോ
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി(9-3)
കൗമാരത്തില്‍ പിതാവും യൗവ്വനത്തില്‍ ഭര്‍ത്താവും വാര്‍ദ്ധക്യത്തില്‍ പുത്രനും സ്ത്രീയെ സംരക്ഷിക്കുന്നു. സ്ത്രീ സ്വതന്ത്രയല്ലാ എന്നുപറയുന്നതിന്റെ വ്യംഗ്യാര്‍ത്ഥം, അവളെ അനാഥയാക്കാതെ സംരക്ഷിക്കപ്പെടേണ്ടതാണ് എന്നാണ്. ആ കാലഘട്ടത്തില്‍ അത് അനിവാര്യമായിരുന്നിരിക്കണം. എന്തിനധികം പറയുന്നു, ഭാരതത്തിന്റെ പ്രധാനമന്ത്രി സ്വേച്ഛാനുസരണം പൊതുജനമധ്യത്തില്‍ ഇറങ്ങുകയില്ല. അഥവാ അനിവാര്യമാണെങ്കില്‍ മതിയായ സുരക്ഷാവലയത്തില്‍ മാത്രമേ ഇറങ്ങുകയുള്ളൂ. അതിന്റെ അര്‍ത്ഥം പ്രധാനമന്ത്രി അസ്വതന്ത്രനാണെന്നല്ലല്ലോ? സുരക്ഷയാണ ്പ്രധാനം. അതിനുവേണ്ടിയുള്ള നിയന്ത്രണം ഒഴിച്ചുകൂടാനാകാത്തതാണ്. മനുസ്മൃതി പറയുന്നു:-
യത്രനാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവതാ:
യത്രൈതാസ്തു ന പൂജ്യന്തേ
സര്‍വാസ്തത്രാ ഫലാഃ ക്രിയാഃ
(3-56)
ഏതൊരു ഭവനത്തില്‍ സ്ത്രീകള്‍ പുരുഷപ്രജകളാല്‍ ആദരിക്കപ്പെടുന്നുവോ അവിടെ ഈശ്വരസാന്നിധ്യം ഉണ്ടാകും. എവിടെ അവര്‍ അനാദരിക്കപ്പെടുന്നുവോ, അവിടെ നടത്തുന്ന പൂജാദിക്രിയകളെല്ലാം വ്യര്‍ത്ഥം. ചുരുക്കത്തില്‍, നേതാവിന്റെ മൊഴി വെറും കളവാണ്. ഒരുപക്ഷേ സംസ്‌കൃതഭാഷയില്‍ പരിചയമില്ലാത്തതുകാരണം ഏതെങ്കിലും ദുര്‍മ്മതിയുടെ വ്യാഖ്യാനത്താല്‍ തെറ്റിദ്ധരിക്കപ്പെട്ടതായിരിക്കാം.
ഈ പ്രഭൃതികള്‍ക്ക് ഹൈന്ദവേതരസമുദായങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അനീതികള്‍ ശ്രദ്ധയില്‍പ്പെടാത്തത് അതിശയംതന്നെയാണ്. ഒരുവര്‍ഷം മുമ്പുവരെ മുത്തലാഖ് എന്ന വാള്‍ മുസ്ലീംസ്ത്രീകളെ ഭയപ്പെടുത്തിയിരുന്നു. ലക്ഷക്കണക്കിന് മൊഴിചൊല്ലിയനാഥയാക്കപ്പെട്ട സ്ത്രീകളും അവരുടെ കുട്ടികളും വേദന തിന്നിരുന്നത് ഈ രാജ്യത്താണ്. എന്തു കൊണ്ടിവര്‍ ഇത്രകാലം നിസ്സംഗതപാലിച്ചു? എന്തുകൊണ്ട് ഇവര്‍ക്ക് ഹൈന്ദവ സമുദായത്തിലെ സ്ത്രീകളുടെ കാര്യത്തില്‍മാത്രം ഈ ശ്രദ്ധ? അതും അസ്ഥാനത്ത്. തീര്‍ച്ചയായും ഇവര്‍ തൊലിയുരിക്കുവാന്‍ശ്രമിക്കുന്നത് ഉണങ്ങാത്തമരത്തേയാണ്. അതുകൊണ്ട് ദുഷ്ടലാക്കാണെന്നും വ്യക്തം.
പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഉറവിടം ഇംഗ്ലണ്ടാണ്. ആ ഇംഗ്ലണ്ടില്‍ 1949വരെ സ്ത്രീകള്‍ക്ക് വോട്ടവകാശംകൂടി ഇല്ലായിരുന്നു. മതവിദ്വേഷത്തിന്റെ പേരില്‍ സ്‌കോട്ടിഷ് റാണി മേരിസ്‌കോട്ടിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ചരിത്രമാണ് ഏറെ വാഴ്ത്തപ്പെടുന്ന ബ്രിട്ടീഷ് ചക്രവര്‍ത്തിനി എലിസബത്തിന്റേത്. പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടുകളില്‍ യൂറോപ്പിലാകമാനം ജൂതസ്ത്രീകളെ ദുര്‍മന്ത്രവാദിനികളെന്നു മുദ്രകുത്തി, കെട്ടി, ചുട്ടുകൊന്ന ചരിത്രം ഇവര്‍ക്കറിയില്ലേ? ആവിധം യാതൊരു അനാചാരവും നടക്കാത്ത രാജ്യം ഭാരതം മാത്രമാണ്.
ഹിന്ദുത്വവിരോധികള്‍ തീര്‍ച്ചയായും സതിയെന്നൊരു ദുരാചാരം ഇവിടെ നിലവിലുണ്ടായിരുന്നുവല്ലൊ എന്ന് ചോദിക്കും. ഉണ്ടായിരുന്നു. പക്ഷെ അതിനു ശാസ്ത്രങ്ങളുടെ അഥവാ ധര്‍മ്മസംഹിതയുടെ സാധുതയില്ലായിരുന്നു. ചരിത്രപരമായ കാരണങ്ങള്‍കൊണ്ട് ഉത്തരഭാരതത്തില്‍ ഏകദേശം രണ്ടുനൂറ്റാണ്ടുകളോളം ഈ ദുരാചാരം നിലനിന്നു. അതിനുകാരണം, ഹൈന്ദവരല്ലാത്ത ആക്രമണകാരികളുടെ ആധിപത്യം മാത്രമാണ്. മനുസ്മൃതിയനുസരിച്ച് രാജാക്കന്മാര്‍ തമ്മില്‍ നടന്നിരുന്ന ധര്‍മ്മയുദ്ധങ്ങളുടെ ഫലം സ്ത്രീകളോ പ്രജകളോ അനുഭവിക്കേണ്ടതില്ലായിരുന്നു. യുദ്ധം യുദ്ധക്കളത്തില്‍ മാത്രമായിരുന്നു. നേരെമറിച്ച് പരാജിതനാക്കുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ ഈ ആക്രമണകാരികള്‍ സ്ത്രീകളെ കൈവശപ്പെടുത്തുകയും അടിമകളാക്കുകയും ചെയ്തിരുന്നു. ഗസ്‌നിയും ഗോറിയും മുഹമ്മദ-്ബിന്‍-കാസിമും ബുകാരോ സാമര്‍കണ്ഡ് ബാഗ്ദാദ് എന്നീ അടിമച്ചന്തകളില്‍ ഇവിടെനിന്നും സ്ത്രീകളെ കടത്തിക്കൊണ്ടുപോയി വിറ്റത് ചരിത്രം. അവര്‍ക്കുംമുന്നേ, മഹാനെന്നു വിശേഷിക്കപ്പെടുന്ന അലക്‌സാണ്ടര്‍ പേര്‍ഷ്യ കീഴടക്കിയതിനു പിന്നാലെ ചക്രവര്‍ത്തിയുടെ സ്ത്രീകളേയും കൈക്കലാക്കി, അമിതഭോഗവിലാസത്താല്‍ അകാലചരമമടഞ്ഞു. കാരണം ഈ വിദേശികള്‍ തങ്ങള്‍ കീഴടക്കിയ രാജ്യത്തിന്റെ എല്ലാ സമ്പത്തും അവര്‍ക്ക് അവകാശപ്പെട്ടതാണ് എന്ന് സിദ്ധാന്തിച്ചിരുന്നു. സ്ത്രീകളും മറ്റു ആടയാഭരണങ്ങള്‍പോലെ ഒരു വിലപിടിപ്പുള്ള വസ്തു മാത്രമാണ് ഇവരുടെ വിവക്ഷയില്‍. ഈ അക്രമത്തില്‍നിന്നും രക്ഷപ്പെടുവാന്‍ ക്ഷത്രിയ സ്ത്രീകള്‍ ഭര്‍ത്താവിന്റെ ചിതയില്‍ചാടി ജീവനൊടുക്കുവാന്‍ തുടങ്ങി. അങ്ങനെ ഒരു ദുരാചാരം ഒരു ചെറിയ കാലഘട്ടത്തില്‍ നിലവില്‍വന്നു. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. സതിസമ്പ്രദായം നിരോധിക്കുവാനുള്ള പ്രചോദനം ഹൈന്ദവസമുദായത്തില്‍നിന്നുതന്നെയാണ് ഉണ്ടായത്. രാജാറാം മോഹന്റോയിയുടെ പരിശ്രമത്തിന്റെ പരിണിതഫലമാണ് വില്യം ബെന്‍ടിങ്ങ് പ്രഭു നടപ്പാക്കിയ നിയമം. ഇതിനുവേണ്ടി ഇംഗ്ലണ്ടില്‍പോയി ബന്ധപ്പെട്ടവരുടെ അംഗീകാരം വാങ്ങിയതും ഈ ഭാരതീയന്‍തന്നെ. അദ്ദേഹം മരണപ്പെട്ടുവെങ്കിലും വലിയൊരുകാര്യം നേടിയതിന്റെ ചാരിതാര്‍ത്ഥ്യത്തോടെ അദ്ദേഹം അന്ത്യശ്വാസം വലിച്ചിരിക്കാം.
ബാബിലോണിയാ-മെസപ്പെട്ടോമിയന്‍ സംസ്‌കാരങ്ങള്‍ നശിപ്പിച്ചത് അസീറിയന്‍ സാമ്രാജ്യമാണ്. ആക്രമിച്ച് കീഴടക്കിയ പ്രദേശങ്ങളില്‍ കെട്ടിടങ്ങളോ, കോട്ടകൊത്തളങ്ങളോ ഇവര്‍ ബാക്കിവെച്ചിട്ടില്ല. ആയുധധാരികളല്ലാത്ത സാധാരണപ്രജകളേയും സ്ത്രീ-പുരുഷവ്യത്യാസമില്ലാതെ അവര്‍ വെട്ടിനുറുക്കി. ഫലം, ആ സംസ്‌കാരങ്ങള്‍തന്നെ എന്നെന്നേക്കുമായി ഇല്ലാതായി. ഇതാണ് പേര്‍ഷ്യന്‍- അറബ്‌നാടുകളുടെ ചരിത്രം. ഇസ്ലാംമതം സ്വീകരിച്ച് അറബികള്‍ ഈ പ്രദേശങ്ങള്‍ ആക്രമിച്ച് കീഴടക്കിയപ്പോള്‍ ജൂതസ്ത്രീകളെ വെപ്പാട്ടികളാക്കി. അങ്ങിനെയുള്ള ബന്ധത്തില്‍ പിറന്ന കുട്ടികളെമാത്രം മുഹമ്മദീയരായി പരിഗണിച്ചു. അതാണ് പാലസ്തീനടക്കമുള്ള ഈ പ്രദേശത്തെ മുസ്ലീംഭൂരിപക്ഷത്തിനു കാരണം. ഒരു ചെറിയ ഭാഗമാണെങ്കിലും ഐ.എസ.് ഭീകരവാദികള്‍ ആയിരക്കണക്കിന് യസീദികളെയാണ് മാനഭംഗപ്പെടുത്തി അടിമകളാക്കിയത്. ഇന്നലത്തെ ഈ ചരിത്രംകൂടി ദ്രാവിഡ പ്രസ്ഥാനക്കാര്‍ക്ക് അറിയില്ലേ?
ജപ്പാന്‍സൈനികര്‍, അവര്‍ ആക്രമിച്ച് കീഴ്‌പ്പെടുത്തിയ പ്രദേശങ്ങളിലെ സ്ത്രീകളെ ഉപദ്രവിക്കുമായിരുന്നു. കൊറിയ, വിയറ്റ്‌നാം, ചൈന എന്നിവിടങ്ങളില്‍ സ്ത്രീകള്‍ ഇവരുടെ അതിക്രമത്തിനിരയായിട്ടുണ്ട്. പക്ഷെ മലേഷ്യ, സിംഗപ്പൂര്‍ കീഴടക്കിയപ്പോള്‍ ഭാരതീയരായ സ്ത്രീകളെയാരേയും അവര്‍ ഉപദ്രവിച്ചിട്ടില്ല. സാരി ഉടുത്ത സ്ത്രീകളെ അവര്‍ ഒഴിവാക്കുമായിരുന്നു. ഒരേയൊരു ഇന്ത്യക്കാരന്റെ പത്‌നിയാണ് സിംഗപ്പൂരില്‍ ജപ്പാനികളാല്‍ കൊല്ലപ്പെട്ടത്. കാരണം ഭര്‍ത്താവ് ഭാരതീയനായിരുന്നെങ്കിലും ഭാര്യ ചീനക്കാരിയായിരുന്നു.
ഭാരതീയസ്ത്രീകളോട് ഈ ആദരം, ബൗദ്ധധര്‍മ്മാവലംബികളായ അവര്‍ക്ക് ധര്‍മ്മ സംഹിതയുടെ ഉറവിടം ഭാരതമായതുകൊണ്ട് മാത്രമാണ്. ഇന്‍ഡോ-ചൈന (പണ്ടത്തെ അന്നം) കീഴടക്കിയത് ഫ്രഞ്ചുകാരായിരുന്നു. അവരുടെ പെരുമാറ്റവും വ്യത്യസ്തമായിരുന്നില്ല. പത്തൊന്‍പതാം നൂറ്റാണ്ടുവരെയും അതിനുശേഷം കാലോചിതമായ മാറ്റങ്ങളുള്‍ക്കൊണ്ടും പാശ്ചാത്യസമുദായം പിന്തുടര്‍ന്നത് കാനോന്‍നിയമങ്ങള്‍ തന്നെയാണ്. കാനോന്‍നിയമത്തിനനുസരിച്ച് ഭാര്യമാര്‍ ഭര്‍ത്താക്കന്മാരുടെ നിയന്ത്രണത്തിലും പൂര്‍ണ്ണസുരക്ഷാ ഉത്തരവാദിത്വത്തിലും. കാനോന്‍നിയമം വ്യക്തമാക്കുന്നത,് ദൈവം സ്വന്തം പ്രതിച്ഛായയില്‍ പുരുഷനെ മാത്രമേ സൃഷ്ടിച്ചിട്ടുള്ളൂ. അതുകൊണ്ട് സ്ത്രീ പുരുഷന്റെ ഒരു സഹായി അഥവാ വേലക്കാരിയെപോലെ മാത്രമേ പരിഗണിക്കപ്പെടേണ്ടതുള്ളൂ. ഈ നിയമങ്ങളെ ക്രിസ്തുവിനും ഏഴുനൂറ്റാണ്ടു മുന്നേമാത്രം നിലനിന്ന മനുസ്മൃതിയുമായി തുലനംചെയ്യുകയാണെങ്കില്‍ ഭാരതീയ പൈതൃകത്തിന്റെ മഹത്വം വെളിവാകും. നമ്മുടെ പൂര്‍വ്വികര്‍ സ്ത്രീകള്‍ക്കു തുല്യപരിഗണന മാത്രമല്ല, മാതൃത്വത്തിനു സമ്മാനമായി അധികമാനവും നല്‍കിയിരുന്നു. വില്‍ ഡൂറാന്റ്, എ.എല്‍.ബാഷം എന്നീ പാശ്ചാത്യചരിത്രകാരന്മാരുടെ രേഖപ്പെടുത്തപ്പെട്ട അഭിപ്രായമാണത്. ഉദാഹരണത്തിന് ”വണ്ടര്‍ ദാറ്റ് വാസ് ഇന്ത്യ” എന്ന കൃതിയില്‍ വില്‍ ഡൂറാന്റ് പറയുന്നത് ശ്രദ്ധിക്കാം.
”ഹിന്ദു ഇന്ത്യയുടെ ചരിത്രത്തില്‍ യുദ്ധം തോറ്റ രാജ്യങ്ങളിലെ ആവാസകേന്ദ്രങ്ങള്‍ നശിപ്പിച്ചതായോ ആ സൈനികരെ കൊലപ്പെടുത്തിയതായോ ഉള്ള സംഭവങ്ങള്‍ വളരെ വിരളമാണ്. അസീറിയന്‍പട്ടാളം, മെസൊപ്പൊട്ടോമിയയിലെ ജനങ്ങളെയും അവരുടെ വസതികളെയും നശിപ്പിച്ചതുപോലെയോ, തടവുകാരെ ജീവനോടെ ചുട്ടെരിച്ചതു പോലെയോ ഒരു സംഭവവും ഭാരതീയ ചരിത്രത്തിലില്ല.” (പേജ് 9, ദി വണ്ടര്‍ ദാറ്റ് വാസ് ഇന്ത്യ)
യവനന്മാരും മുഹമ്മദീയരും, കീഴടക്കിയ പ്രദേശം മാത്രമല്ല അവരുടെ സ്വത്തുക്കളും സ്ത്രീകളേയും കൈവശപ്പെടുത്തുമായിരുന്നു. ഈ ദുര്‍വ്വിധിയില്‍നിന്നും രക്ഷപ്പെടുവാനാണ് രജപുത്രാണികള്‍ സതി അനുഷ്ഠിക്കുവാന്‍ തുടങ്ങിയത്. ഇംഗ്ലീഷുകാരുടെ ആധിപത്യത്തില്‍ സ്ഥിതിമാറിയപ്പോള്‍ അതു നിര്‍ത്തലാക്കുവാന്‍ ആവശ്യം ഉന്നയിച്ചത് ഇന്ത്യക്കാര്‍ തന്നെയായിരുന്നു.
ചുരുക്കത്തില്‍ വിസികെ നേതാവിന്റെ പ്രസ്താവന വസ്തുതാവിരുദ്ധവും പൂര്‍ണ്ണ അസംബന്ധവുമാണ്. അന്നപ്രാശത്തിന് കുട്ടികളെ കുളിപ്പിച്ച് കുറിയിട്ട് കണ്ണെഴുതി, പട്ടു കോണകം ഉടുപ്പിച്ചാണ് അച്ഛന്റെ മടിയിലിരുത്തുക. വൈകാരികമായ കാരണങ്ങളാല്‍ അത് സൂക്ഷിച്ചുവെക്കും. അത് ഉടുക്കുവാന്‍ വേണ്ടിയല്ല. മറിച്ച്, അത് ധരിച്ചിരുന്ന ഒരു ശൈശവാവസ്ഥയും ഉണ്ടായിരുന്നു എന്ന് ഓര്‍മ്മിപ്പിക്കുവാന്‍ മാത്രം. ഭാരതീയ സംസ്‌കാരത്തിന്റെ അഞ്ചുസഹസ്രാബ്ദങ്ങള്‍നീണ്ട പാതയിലെ ആദ്യത്തെ നാഴികക്കല്ലായിരിക്കണം മനുസ്മൃതി. അതുകൊണ്ട് ആ ഗ്രന്ഥത്തെ നമ്മുടെ ചരിത്രത്തിന്റെ ഭാഗമായിമാത്രം കണക്കാക്കിയാല്‍ മതി.