മാനനീയ ഹോ. വേ. ശേഷാദ്രിജിയുടെ ജീവിതത്തില്‍ നിന്ന്
”ഹോ.വേ. ശേഷാദ്രി – ജീവനദര്‍ശന” എന്ന പേരില്‍ കന്നട ഭാഷയില്‍ പുസ്തകമെഴുതിയ മഞ്ചുനാഥ് അജ്ജംപുരയുടെ സംഘബന്ധം ഒരു തരത്തില്‍ പറഞ്ഞാല്‍ വിചിത്രമായ ഒരനുഭവമാണ് നമുക്ക് പ്രദാനം ചെയ്യുക. അതായത്, ”ഒന്നിച്ചു പോന്നവരിടയ്ക്ക് മടങ്ങിയേക്കാം, നന്നെന്നു വാഴ്ത്തിയവര്‍ നാളെ മറിച്ചു ചൊല്ലാം” എന്ന് സംഘാഷ്ടകത്തില്‍ പറഞ്ഞ പതിതാവസ്ഥയിലായി ഇടക്കാലത്ത് അദ്ദേഹം. കര്‍ണാടകയിലെ ദാവണഗേരെയില്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അവസരത്തിലായിരുന്നു അദ്ദേഹം സംഘബന്ധത്തില്‍ വന്നത്. ആ കാലത്ത് ഇന്നത്തെപ്പോലെ ടെലിവിഷന്‍, വീഡിയോ, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് മുതലായ ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല എന്നതു പോട്ടെ, വിദ്യാര്‍ത്ഥികള്‍ക്ക് അവിടെ റേഡിയോ പോലും നിഷിദ്ധമായിരുന്നു. വര്‍ത്തമാന പത്രങ്ങള്‍ പോലും അധികമൊന്നും ഉണ്ടായിരുന്നില്ല. കോളേജിലെ വായനാമുറിയില്‍ താത്വികവിഷയങ്ങളെക്കുറിച്ച് പ്രതിപാദിച്ചിരുന്ന ബംഗളൂരുവിലെ ‘രാഷ്‌ട്രോത്ഥാന്‍ സാഹിത്യ’യുടെ ‘ഉത്ഥാന്‍’ എന്ന മാസിക മുടങ്ങാതെ വരുമായിരുന്നു. അത് വായിക്കാനാകട്ടെ എല്ലാവര്‍ക്കും വലിയ തിരക്കും! ആ മാസികയില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളുടെ ‘ശ്രദ്ധാഞ്ജലിയോ തിലാഞ്ജലിയോ?’, ‘സമരസതയുടെ യുഗം പിറക്കട്ടെ’, ‘അമ്മേ, വാതില്‍ തുറക്കൂ’, ‘ഈ ശീല്‍ക്കാരം എന്നാണ് അവസാനിക്കുക’ മുതലായ രോമാഞ്ചം ജനിപ്പിക്കുന്ന തലക്കെട്ടുകള്‍ മറ്റൊരു പ്രസിദ്ധീകരണങ്ങളിലും കാണാന്‍ കഴിഞ്ഞിരുന്നില്ല. കൂടാതെ ചാട്ടൂളി പോലത്തെ വാക്യങ്ങള്‍, ഉദ്ധരണികള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന താത്വിക ലേഖനങ്ങള്‍, നര്‍മ്മം, ജീവിതയാഥാര്‍ത്ഥ്യങ്ങളുമായി ബന്ധപ്പെട്ട ബോധകഥകള്‍ എന്നിങ്ങനെ അനുവാചകരെ ഹഠാദാകര്‍ഷിക്കുന്ന കൃതികളുടെ സമാഹാരമായിരുന്നു ഓരോ പതിപ്പും. അതില്‍ മഞ്ചുനാഥിന് ഏറ്റവും ഇഷ്ടപ്പെട്ടത് ശേഷാദ്രിജിയുടെ ലേഖനങ്ങളായിരുന്നു.
അങ്ങനെയിരിക്കുമ്പോഴാണ് മഞ്ചുനാഥിന്റെ ഒരു സുഹൃത്ത്, ദാവണഗേരെയിലെ രാജനഹള്ളി ഹനുമന്തപ്പ ധര്‍മ്മശാലയില്‍ സ്ഥിതിചെയ്യുന്ന സുനന്ദ രംഗ മണ്ഡപത്തില്‍ ശേഷാദ്രിജിയുടെ പ്രഭാഷണം നടക്കുന്ന വിവരം അറിയിച്ചത്. കര്‍ണാടകയിലെ സാഹിത്യരംഗത്തെ ദിഗ്ഗജങ്ങളും വിശ്വവിഖ്യാതരുമായ ശിവറാം കാറന്ത്, രാജരത്‌നം മുതലായവരുടെ പരിപാടികള്‍ അരങ്ങേറിയിരുന്ന ആ രംഗമണ്ഡപത്തില്‍ ശേഷാദ്രിജിയുടെ പ്രഭാഷണം കേള്‍ക്കാന്‍ മഞ്ചുനാഥുമെത്തി. എന്നാല്‍, അതുവരെ അവിടെവെച്ചു നടന്ന താന്‍ പങ്കെടുത്ത പരിപാടികളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ പരിപാടിയെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മഞ്ചുനാഥിന് ബോധ്യമായി. കാക്കിട്രൗസറും വെള്ളഷര്‍ട്ടും ധരിച്ചവരായിരുന്നു ബഹുഭൂരിപക്ഷം പേരും. അതോടൊപ്പം തികഞ്ഞ അച്ചടക്കവും കുറ്റമറ്റ വ്യവസ്ഥയും. അത് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കാര്യക്രമമായിരുന്നുവെന്ന് മഞ്ചുനാഥ് മനസ്സിലാക്കിയത് പിന്നീടായിരുന്നു. പരിപാടിയില്‍ പ്രഭാഷണം നടത്തിയ ശേഷാദ്രിജിയെ പരിചയപ്പെടുത്തിയത് കര്‍ണാടക പ്രാന്തപ്രചാരക് എന്നായിരുന്നു.
ശേഷാദ്രിയുടെ പ്രഭാഷണം മഞ്ചുനാഥ് അന്നോളം കേട്ടിരുന്ന രാജനൈതിക പ്രസംഗങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു. രാഷ്ട്രഭക്തിയും ആദര്‍ശങ്ങളും തുളുമ്പിനില്‍ക്കുന്ന സരളവും സ്പഷ്ടവും പ്രേരണയേകുന്നതുമായ അത്തരമൊരു പ്രഭാഷണം കേള്‍ക്കുന്നത് മഞ്ചുനാഥിന്റെ ജീവിതത്തിലെ ആദ്യാനുഭവമായിരുന്നു. പരിപാടിയവസാനിച്ചതും തന്റെ ഓട്ടോഗ്രാഫുമായി മഞ്ചുനാഥ് ശേഷാദ്രിയുടെ അരികിലേക്ക് പാഞ്ഞെത്തി; ഒരു സന്ദേശമെഴുതി ഒപ്പിട്ടുതരുവാന്‍ അപേക്ഷിച്ചു. ‘ഓട്ടോഗ്രാഫെന്തിന്! ഞാന്‍ നിങ്ങള്‍ക്ക് ഒരു കത്ത് തന്നെ എഴുതി അയക്കാം” പുഞ്ചിരിച്ചുകൊണ്ടുള്ള ശേഷാദ്രിജിയുടെ മറുപടി. ഈ മറുപടി മഞ്ചുനാഥിനെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമായിരുന്നു. അയാള്‍ ശേഷാദ്രിജിയുടെ മേല്‍വിലാസം അദ്ദേഹം പറഞ്ഞപ്രകാരം എഴുതിയെടുത്തു: ”ഹോ. വേ. ശേഷാദ്രി, കേശവകൃപ, ശങ്കരപുരം, ബംഗളൂരു – 4.”
അവധിക്ക് നാട്ടില്‍ പോയപ്പോഴാണ് മഞ്ചുനാഥ് ശേഷാദ്രിജിക്ക് എഴുത്തയച്ചത്. വളരെ പെട്ടെന്നുതന്നെ മറുപടി കിട്ടുകയും ചെയ്തു. മഞ്ചുനാഥിന്റെ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. വാത്സല്യവും മമതയും സ്‌നേഹവും നിറഞ്ഞുകവിയുന്ന, പൂര്‍ണ്ണമായും കന്നടഭാഷയിലെ വാക്കുകള്‍ മാത്രം ഉപയോഗിച്ച് വടിവൊത്ത അക്ഷരങ്ങളില്‍ ശേഷാദ്രി സ്വയം എഴുതിയ ആ കത്ത് മഞ്ചുനാഥ് വീട്ടുകാര്‍ക്കും പരിചയക്കാര്‍ക്കും മാത്രമല്ല തന്റെ നാട്ടുകാരെ മുഴുവന്‍ കാണിച്ചു.
ഇതേ സമയത്തായിരുന്നു മഞ്ചുനാഥിന്റെ നാട്ടില്‍ ആദ്യമായി സംഘശാഖയാരംഭിച്ചത്. ശുഭ്രവസ്ത്രധാരിയായ സംഘപ്രചാരകന്റെ സരളമായ ജീവിതം, പെരുമാറ്റ ശൈലി ഇതെല്ലാം അവിടത്തെ ജനങ്ങളില്‍ ചെലുത്തിയ പ്രഭാവം വളരെ വലുതായിരുന്നു. പ്രചാരകന്റെ അറിവിന്റെ ആഴവും പരപ്പും കണ്ടപ്പോഴാണ് മഞ്ചുനാഥിനും സുഹൃത്തുക്കള്‍ക്കും തങ്ങളുടെ അറിവ് വളരെ പരിമിതമാണെന്ന് ബോധ്യപ്പെട്ടത്. വേനല്‍ക്കാല അവധി കഴിഞ്ഞ് ദാവണഗേരെയില്‍ തിരിച്ചെത്തിയ മഞ്ചുനാഥ് അവിടെയും ശാഖയില്‍ പങ്കെടുത്തു തുടങ്ങി. പുതിയ സ്വയംസേവകരെയും കാര്യകര്‍ത്താക്കളെയും പരിചയപ്പെട്ടു. ജഗലൂരുവില്‍ നടന്ന ചിത്രദുര്‍ഗ ജില്ലയുടെ പ്രാഥമിക ശിക്ഷണ വര്‍ഗ്ഗില്‍ ശിക്ഷാര്‍ത്ഥിയായി പങ്കെടുത്തു. ശേഷാദ്രിജിയും കൃഷ്ണസ്വാമി റാവുജിയും വര്‍ഗ്ഗില്‍ വരുമെന്ന് അറിഞ്ഞപ്പോള്‍ മഞ്ചുനാഥിന് വളരെ സന്തോഷവും ആവേശവും തോന്നി. അച്ചടക്കത്തിന്റെ കാര്യത്തില്‍ ശേഷാദ്രിജിക്കുണ്ടായിരുന്ന നിഷ്‌ക്കര്‍ഷയെക്കുറിച്ച് നേരിട്ടുള്ള അനുഭവവും വര്‍ഗ്ഗില്‍ മഞ്ചുനാഥിനുണ്ടായി. പുഞ്ചിരിച്ചുകൊണ്ട് സ്വയംസേവകരുടെ ചോദ്യത്തിനു മറുപടി പറയുന്ന ശേഷാദ്രിജിയുടെ രൂപം തന്റെ മനസ്സില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകില്ലെന്ന് മഞ്ചുനാഥ് പറയുമായിരുന്നു.
പിന്നീട് ദാവണഗെരെയില്‍ സംഘത്തിന്റെ താലൂക്ക് ഉപരി കാര്യകര്‍ത്താക്കളുടെ ശിബിരത്തില്‍ മഞ്ചുനാഥ് പ്രബന്ധകായി പങ്കെടുത്തു. സംഘവസ്തുഭണ്ഡാറിന്റെ ചുമതലയാണ് വഹിച്ചിരുന്നത്. അവിടെവെച്ചാണ് പരമപൂജനീയ സര്‍സംഘചാലക് ശ്രീഗുരുജിയെ ആദ്യമായി മഞ്ചുനാഥ് കണ്ടത്. ”സംഘത്തിന്റെ മറ്റ് ഉന്നത അധികാരികളെ കാണാനുള്ള അവസരവും ലഭിച്ചു. 1974ല്‍ ദാംഡേലിയില്‍ നടന്ന സംഘശിക്ഷാവര്‍ഗില്‍ ശിക്ഷാര്‍ത്ഥിയായി പങ്കെടുത്ത മഞ്ചുനാഥ് പിന്നീട് 1977 വരെ ശേഷാദ്രിജിക്ക് എഴുത്തയക്കുകയും അദ്ദേഹം മറുപടി അയക്കുകയും ചെയ്തിരുന്നു.
ഈ അവസരത്തിലാണ് കമ്മ്യൂണിസം തലക്കുപിടിച്ച മഞ്ചുനാഥിന് ഇതെല്ലാം ചൂഷകവര്‍ഗത്തിന്റെ ഗൂഢാലോചനയാണെന്ന ചിന്തയുണ്ടായത്. പൂജയിലും ഉത്സവാഘോഷങ്ങളിലും ഭജനയിലുമൊന്നും യാതൊരു താല്പര്യവുമില്ലാത്ത നിരീശ്വരവാദിയായ താന്‍ സംഘപ്രവര്‍ത്തനത്തില്‍ സക്രിയനാണെന്നതില്‍ മഞ്ചുനാഥിന് അഭിമാനം തോന്നിയിരുന്നു. എന്നാല്‍ മാര്‍ക്‌സിസത്തില്‍ ആകൃഷ്ടനായതോടെ മതം ദരിദ്രരെ ചൂഷണം ചെയ്യുന്ന ഉപാധിയാണെന്നും ഈശ്വരാരാധന പുരോഹിതവര്‍ഗ്ഗം ജന്മം നല്‍കിയ കുടിലതന്ത്രമാണെന്നുമുള്ള ചിന്ത വളര്‍ന്നു. ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്,” ”മാനവരാശിയുടെ ചരിത്രം വര്‍ഗ്ഗസംഘര്‍ഷത്തിന്റെ ചരിത്രമാണ്” എന്നീ ചിന്തകള്‍ മഞ്ചുനാഥിനെ വല്ലാതെ സ്വാധീനിച്ചു.
അതോടെ ശേഷാദ്രിജിയോട് ദേഷ്യം തോന്നി. അദ്ദേഹത്തിന്റെ ലേഖനങ്ങളുടെ സമാഹാരമായ ‘ചിന്തന്‍-ഗംഗ’, ശ്രീ ഗുരുജിയുടെ ‘വിചാരധാര’ യുടെ കന്നട പതിപ്പ് എന്നിവയെ നിശിതമായി വിമര്‍ശിച്ച് ശേഷാദ്രിജിക്ക് അയാള്‍ സുദീര്‍ഘമായ എഴുത്തയച്ചു. ശേഷാദ്രിജി മുതലാളിത്ത ശക്തികളുടെ പിണിയാളാണെന്ന് വരെ അയാള്‍ ആ കത്തില്‍ ആരോപിച്ചു. കൂടാതെ, ശേഷാദ്രിജി തോട്ടം തൊഴിലാളികള്‍ക്കു വേണ്ടിയല്ല, മറിച്ച് തോട്ടം മുതലാളികളുടെ പക്ഷത്തുനിന്നുകൊണ്ടെഴുതുന്ന വ്യക്തിയാണെന്ന് വരെ അധിക്ഷേപിച്ചു.
1978 കര്‍ണാടകത്തിലെ കഡൂര്‍ താലൂക്കില്‍ നടന്ന ഒരു സംഘശിബിരത്തില്‍ ശേഷാദ്രിജി പങ്കെടുത്തു. ‘അവിടെചെന്ന് ശേഷാദ്രിയെ കാണുന്നില്ലെ?’ ~ഒരു സുഹൃത്ത് മഞ്ചുനാഥിനോട് ചോദിച്ചു. അപ്പോഴേക്ക് അയാള്‍ സംഘത്തില്‍ നിന്ന് അകന്നിരുന്നു എന്നു മാത്രമല്ല തികഞ്ഞ സംഘവിരോധിയായി മാറുക കൂടി ചെയ്തിരുന്നു. ഏതായാലും ശേഷാദ്രിജിയെ ചെന്ന് കാണാന്‍ തന്നെ തീരുമാനിച്ചു.
മഞ്ചുനാഥ് ശിബിരത്തിലെത്തിയത് ഉച്ചഭക്ഷണ സമയത്തായിരുന്നു. ശേഷാദ്രിജി ഭക്ഷണശാലയിലേക്ക് പോവുകയായിരുന്നു. ”വരൂ, നമുക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാം. അപ്പോള്‍ സംസാരിക്കുകയും ചെയ്യാമല്ലൊ” ശേഷാദ്രിജി മഞ്ചുനാഥിനോട് പറഞ്ഞു,. ”ഞാന്‍ ഭക്ഷണം കഴിക്കുന്നില്ല” മഞ്ചുനാഥിന്റെ മറുപടി. ”സഹോദരാ, ചൂഷകര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നതില്‍ യാതൊരു കുഴപ്പവുമില്ല.” എന്ന് പറഞ്ഞ് ശേഷാദ്രിജി മഞ്ചുനാഥിനെ പിടിച്ച് ഊണുകഴിക്കാന്‍ തന്റെ അരികിലിരുത്തി. ശേഷം ശേഷാദ്രിജി അയാളോടു പറഞ്ഞു: ”ശ്രീമാന്‍, ഇത്രയും വര്‍ഷങ്ങളായി നിങ്ങള്‍ ഞങ്ങളെല്ലാവരുമായും അടുത്തിട പഴകിയിട്ടുണ്ട്; ശിബിരങ്ങളില്‍ ഞങ്ങളോടൊപ്പം കഴിഞ്ഞിട്ടുണ്ട്. ഞങ്ങള്‍ ചൂഷകരാണെന്ന അനുഭവം എപ്പോഴെങ്കിലും നിങ്ങള്‍ക്കുണ്ടായിട്ടുണ്ടോ? നിങ്ങള്‍ക്ക് നേരിട്ട് എന്നെ കണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമായിരുന്നല്ലൊ! പിന്നെയെന്തിനാണ് അത്രയും കടുത്തഭാഷയില്‍ ഒരെഴുത്തയച്ചത്?” ശേഷാദ്രിജിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ താന്‍ ഭൂമി പിളര്‍ന്ന് ഗര്‍ത്തത്തിലേക്ക് താഴ്ന്നുപോകുന്ന അനുഭവമാണ് മഞ്ചുനാഥിന് ഉണ്ടായത്. അതിനുശേഷം ശേഷാദ്രിയെ ചെന്നു കാണുന്നതിനോ അദ്ദേഹത്തിന് കത്തെഴുന്നതിനോ ഉള്ള മനഃസാന്നിധ്യം തനിക്കൊരിക്കലും ഉണ്ടായില്ലെന്നും ”സാത്വിക വ്യക്തിത്വത്തിനുടമയായ അദ്ദേഹത്തിന്റെ മുമ്പില്‍ ചെല്ലാന്‍ പിന്നീടൊരിക്കലും എനിക്ക് ധൈര്യം വന്നില്ല” എന്നും അദ്ദേഹം പറയുന്നു.
”മാര്‍ക്‌സിസത്തിന്റെയും സോഷ്യലിസത്തിന്റെയും ആവേശം എന്നെ വിട്ടുപിരിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടു. ലേഖകന്‍, കോളമിസ്റ്റ് എന്നീ നിലകളിലെല്ലാം സംഘസിദ്ധാന്തങ്ങള്‍ക്കെതിരായി ഞാന്‍ പടവാള്‍ ചലിപ്പിച്ചിട്ടുണ്ടാവാം. എന്നാല്‍ സംഘത്തിന്റെ മുതിര്‍ന്ന അധികാരികളുടെ വാത്സല്യം, മമത എന്നിവ ക്രമേണയാണെങ്കിലും എന്റെ കണ്ണുകള്‍ തുറപ്പിച്ചു. ഒരുപക്ഷെ, ‘വിപരീത ഭക്തി’ കാരണം ആയിരിക്കാം, ആന്ധ്യം ബാധിച്ച എന്റെ കണ്ണുകള്‍ക്ക് വീണ്ടും കാഴ്ച ലഭിച്ചു. 2002ല്‍ ബംഗളൂരുവില്‍ ഹിന്ദുസംഗമം നടന്നപ്പോള്‍ സംഘസ്ഥാപകനായ ഡോക്ടര്‍ജിയെക്കുറിച്ച് ഒരു പുസ്തകമെഴുതാനുള്ള അവസരം എനിക്ക് കൈവന്നു. പിന്നീട്, ശേഷാദ്രിജിയുടെ ജീവിതദര്‍ശനവുമായി ബന്ധപ്പെട്ട ഒട്ടനേകം വിഷയങ്ങളുടെയും കാര്യങ്ങളുടെയും സങ്കലനം നടത്താനുള്ള അനുമതിയും എനിക്കു ലഭിച്ചു” – തന്റെ മാനസാന്തരത്തെക്കുറിച്ച് കുറ്റബോധത്തോടെ അദ്ദേഹം പിന്നീട് പറഞ്ഞ വാക്കുകളാണിവ.
”ശുദ്ധ സാത്വിക പ്രേമ് അപനേ കാര്യ കാ ആധാര്‍ ഹൈ” എന്ന ഒരു സംഘഗീതത്തിലെ വരിയാണ് സ്വാഭാവികമായും ഇത്തരുണത്തില്‍ നമുക്ക് ഓര്‍മ്മ വരുക. സഹജമായ ഈ സ്‌നേഹഭാവം തന്നെയാണ് സംഘത്തിന്റെ ഏറ്റവും വലിയ കരുത്തും.