”ഇദം നമ: ഋഷിഭ്യ: പൂര്‍വജേഭ്യ: പൂര്‍വ്വേഭ്യ: പഥിക് ഋദ്ഭ്യ: – ഋഷിമാര്‍ക്കും പൂര്‍വ്വജന്മാര്‍ക്കും പുതിയ തലമുറയ്ക്കും ആയി ജീവിതം സമര്‍പ്പിക്കുന്നു’ എന്ന ഋഗ്വേദവാണി ‘ഇദം രാഷ്ട്രായ സ്വാഹ’ എന്ന ഒറ്റവരി മന്ത്രത്തില്‍ സാക്ഷാത്കരിച്ച ആധുനിക മനീഷിയാണ് ശ്രീഗുരുജി ഗോള്‍വല്‍ക്കര്‍ എന്ന മാധവ സദാശിവ റാവു ഗോള്‍വല്‍ക്കര്‍.
അദ്ദേഹത്തിന്റെ തപോമയവും തേജോമയവും ത്യാഗോജ്ജ്വലവുമായ ജീവിതത്തിന്റെ പ്രസ്ഫുരണമാണ് ഇന്ന് ഭാരതത്തിലുടനീളം ദൃശ്യമാകുന്ന ദേശീയ മുന്നേറ്റം. ഭാരതത്തിന്റെ വൈവിധ്യത്തേയും ഏകാത്മതയേയും അദ്ദേഹം എത്രത്തോളം ഉള്‍ക്കൊണ്ടിരുന്നു എന്ന് കാണിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ പലരുടേയും അനുഭവക്കുറിപ്പുകളില്‍ നിന്ന് നമുക്ക് കണ്ടെത്താന്‍ കഴിയും. ദേശീയ വിഷയങ്ങളിലുള്ള സത്യസന്ധമായ കാഴ്ച്ചപ്പാട് ചിലപ്പോള്‍ വിമര്‍ശനങ്ങളും വിദ്വേഷങ്ങളും വിളിച്ചു വരുത്തിയിട്ടുണ്ടാവും. ഗോ ബാക്കിനേയും ഹര്‍ഷാരവത്തേയും നിറഞ്ഞ പുഞ്ചിരിയോടെ നിസ്സംഗനായി അദ്ദേഹം സമീപിച്ചു. ഗുരുജി പ്രഫസറായിരുന്നതും ഗവേഷണം നടത്തിയതും ദ്വീക്ഷ സ്വീകരിച്ചതും മാത്രമല്ല അറിയേണ്ടത്. സ്വതന്ത്ര ഭാരതം പല നാട്ടുരാജ്യങ്ങളായി വിഭജിച്ചു കിടന്നപ്പോള്‍ അതിനെ ഒരുമിച്ചു ചേര്‍ത്ത സര്‍ദാര്‍ പട്ടേലിനെ നമുക്ക് അറിയാം. ആധുനിക ഭാരതത്തിലെ ഉരുക്കുമനുഷ്യന്‍ എന്നാണ് ആദരപൂര്‍വ്വം വിളിക്കുന്നത്. പലതായി പിരിഞ്ഞൊഴുകിയ ആദ്ധ്യാത്മിക – സാംസ്‌കാരിക ധാരകളെ ഒന്നായി ചേര്‍ത്ത അവതാര പുരുഷനാണ് ശ്രീഗുരുജി- സമന്വയത്തിന്റെ ശില്പി.
ഭാരതത്തില്‍ ഭാഷകളുടെ അടിസ്ഥാനത്തില്‍ വിഭജനവാദം ശക്തമായിരുന്ന കാലത്ത്, സംഘത്തെ പൊതുവില്‍ ഹിന്ദി രാഷ്ട്രീയത്തിന്റെ വക്താക്കളായി അവതരിപ്പിക്കാനാണ് ചില രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും ശ്രമിച്ചിരുന്നത്. അറുപതുകളുടെ തുടക്കത്തില്‍ ഭാഷാവാദം വളരെ ശക്തമായ കാലത്ത് ഒരിക്കല്‍ തമിഴ്‌നാട്ടില്‍ യാത്ര ചെയ്യുന്ന ഗുരുജി ഗോള്‍വല്‍ക്കറെ കണ്ട് നേരിട്ട് പ്രശ്‌നമുന്നയിക്കാന്‍ പ്രമുഖ തമിഴ് ദിനപത്രത്തിന്റെ പത്രാധിപരായിരുന്ന കാരി മുത്തു ത്യാഗരാജ ചെട്ടിയാര്‍ തീരുമാനിച്ചു. കണ്ടുമുട്ടിയ ഉടനെ അദ്ദേഹം ഗുരുജിയോട് ഇങ്ങനെ ചോദിച്ചത്രെ: ‘നമ്മുടെ രാജ്യത്ത് ഹിന്ദി മാത്രം രാഷ്ട്രഭാഷയാക്കുന്നതിന്റെ ആവശ്യമെന്താണ്?’ ഗുരുജിയുടെ ഒട്ടും താമസമില്ലാതെ നല്‍കിയ മറുപടിയും വിശദീകരണവും അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. ”ഞാനും ചോദിക്കുന്നു, എന്തുകൊണ്ട് ഹിന്ദി മാത്രം? എന്റെ അഭിപ്രായത്തില്‍ നമ്മുടെ സംസ്‌കാരത്തിന്റെ മഹത്തായ ആശയങ്ങളെ അവതരിപ്പിച്ച ഈ രാജ്യത്തിലെ ഭാഷകളെല്ലാം നൂറു ശതമാനവും ദേശീയ ഭാഷകള്‍ തന്നെയാണ്. നമ്മുടെ രാജ്യത്തെ രാഷ്ട്രഭാഷ ഹിന്ദി മാത്രമല്ല. അതുകൊണ്ട് തമിഴും ദേശീയ ഭാഷകളുടെ കൂട്ടത്തില്‍ ഒന്നാണ്.” ഗുരുജിയുടെ ഈ അഭിപ്രായപ്രകടനം തമിഴ്‌നാട്ടില്‍ വലിയ പ്രതികരണമാണ് സൃഷ്ടിച്ചത്. അത് ദേശീയ തലത്തിലും ശ്രദ്ധ നേടി. 1957 ലും (1956ല്‍ ഭാഷാ സംസ്ഥാനങ്ങള്‍ രൂപീകരിച്ച പശ്ചാത്തലത്തിലും) 1967 ലും ഭാഷാവൈവിധ്യത്തെ അംഗീകരിച്ചും ഭാരതീയ ഭാഷകളില്‍ അന്തര്‍ലീനമായ ഏകാത്മതയെ കണ്ടെത്തി ശക്തിപ്പെടുത്തേണ്ടതിന്റെ പ്രായോഗിക സമീപനം അവതരിപ്പിച്ചും ഗുരുജിയുടെ അഭിമുഖങ്ങള്‍ പ്രമുഖ ദേശീയപത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. തമിഴ്‌നാട്ടിലെ ഭാഷാ വിഭജനവാദത്തെ മാത്രമല്ല ഇത് കുറേശ്ശേ കുറേശ്ശേ ഇല്ലാതാക്കിയത്, ഭാഷയുടെ അടിസ്ഥാനത്തിലുള്ള കമ്മ്യൂണിസ്റ്റുകാരുടെ രണ്ടാം രാഷ്ട്ര വിഭജനവാദത്തിന്റെ അടിവേരാണ് അറുത്ത് മാറ്റിയത്. അവരുടെ കാഴ്ചപ്പാടില്‍ ഭാരതത്തെ ഭാഷയുടെ അടിസ്ഥാനത്തില്‍ 16 രാജ്യങ്ങള്‍ ആയി വിഭജിക്കണമായിരുന്നു. ഭാരതത്തിലെ ഇന്നത്തെ ഔദ്യോഗിക ഭാഷാനയവും ഇപ്പോള്‍ വന്ന ദേശീയ വിദ്യാഭ്യാസ നയത്തിലെ ഭാഷാ സമീപനവും ഗുരുജിയുടെ കാഴ്ചപ്പാടിന്റെ പ്രതിഫലനങ്ങള്‍ തന്നെയാണ്.
തിരുവനന്തപുരത്തെ ജൈവസാങ്കേതിക സ്ഥാപനത്തിന് ശ്രീഗുരുജിയുടെ പേര് നല്‍കാനുള്ള സ്ഥാപനത്തിന്റെ തീരുമാനത്തിനെതിരെ ചില വാര്‍ത്താ അവതാരകര്‍ ഉറഞ്ഞുതുള്ളുന്നത് കണ്ടപ്പോള്‍ അവരോട് സഹതാപം മാത്രമാണ് തോന്നിയത്. ഗുരുജിയെ വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ വക്താവായാണ് അവര്‍ വിശേഷിപ്പിച്ചത്. ഗുരുജി ജീവിച്ചിരുന്ന സമയത്തെ ഭാരതത്തിലെ പ്രമുഖ പത്രപ്രവര്‍ത്തകര്‍, പല വിഷയത്തിലും ഗുരുജിയോട് വിയോജിപ്പ് നിലനിര്‍ത്തുന്ന സമയത്തും ഗുരുജിയെ വിശേഷിപ്പിച്ചത് സമന്വയത്തിന്റെയും സംഘാടനത്തിന്റെയും അത്ഭുതപ്രതിഭയായാണ്. ഭാഷകളെ സമന്വയിപ്പിച്ച കാര്യം നേരത്തെ വിശദീകരിച്ചു. ജാതിവിവേചനവും പോരും കുറച്ചുകൊണ്ടുവരാനും അവരുടെയിടയില്‍ സമന്വയവും സമഭാവനയും സൃഷ്ടിക്കാനും ഗുരുജിയുടെ വീക്ഷണവും നേതൃത്വവും വലിയ പങ്കാണ് വഹിച്ചത്. ജാതി വിവേചനവും വിരോധവും ഊതി പ്പെരുപ്പിച്ച് മതപരിവര്‍ത്തനം നടത്തി ഭാരതത്തെ പല മതങ്ങള്‍ക്കും പങ്കിട്ടെടുക്കാനുള്ള ആഗോള ഗൂഢാലോചനയാണ് ഗുരുജിയുടെ കാഴ്ചപ്പാടിലും കര്‍മ്മ കുശലതയിലും തകര്‍ന്നടിഞ്ഞത്. ക്രൈസ്തവ മിഷനറിമാര്‍ മതപരിവര്‍ത്തന ലക്ഷ്യത്തോടെ ലോകത്തിന്റെ വിവിധ സംസ്‌കാരങ്ങള്‍ക്കുനേരെ നടത്തിയ മനുഷ്യത്വരഹിതമായ കാടത്തത്തെ അദ്ദേഹം തുറന്നെതിര്‍ത്തത് ചില കോണുകളില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമായെങ്കിലും, വര്‍ഷങ്ങള്‍ക്ക് ശേഷം മിഷനറിമാര്‍ നടത്തിയ മനുഷ്യക്കുരുതിയുടെ പാപം ഏറ്റുപറഞ്ഞ് ലോക മാനവികതയോട് ക്ഷമയാചിച്ച മാര്‍പ്പാപ്പയുടെ നടപടി ഗുരുജിയായിരുന്നു ശരി എന്ന് അടിവരയിട്ടു. തുടര്‍ന്ന് ഭാരതത്തിലെ തന്നെ നിരവധി ക്രൈസ്തവ സഭകളും നേതാക്കളും സംഘ നേതൃത്വത്തോട് അടുക്കാനും ആശയ വിനിമയം നടത്താനും മുന്നോട്ട് വന്ന അനുഭവങ്ങള്‍ കേരളത്തില്‍ പോലും നമുക്ക് അറിയാം.
ഭാരതത്തിലെ വിവിധ മത – മഠ സമ്പ്രദായങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങളും ശീതസമരങ്ങളും പരിഹരിച്ച് ഭാരതീയ ധര്‍മ്മാചാര്യന്മാരെയും ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളേയും മതസ്ഥാപനങ്ങളേയും ഒരേ വേദിയില്‍ കൊണ്ടു വന്ന് ഭാരതത്തിന്റെ സമന്വയത്തിന്റെ സന്ദേശം ലോക കല്യാണത്തിനായി അവതരിപ്പിക്കാന്‍ ഗുരുജി നടത്തിയ ശ്രമത്തിന്റെ പരിണതഫലമാണ് വിശ്വഹിന്ദു പരിഷത്ത്. വര്‍ഗ്ഗബോധത്തിനും ഉപരിയായി വിദ്യാര്‍ത്ഥികളെയും അധ്യാപകരേയും തൊഴിലാളികളേയും സംഘടിപ്പിക്കാന്‍ പ്രേരണ നല്‍കി. പ്രകൃതിയേയും ഗ്രാമങ്ങളേയും പാരമ്പര്യ ജീവിതത്തേയും ഗോത്ര സമൂഹങ്ങളേയും സംരക്ഷിക്കാനും ശാക്തീകരിക്കാനും ആയിരങ്ങള്‍ക്ക് പ്രേരണ നല്‍കി. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുത്ത് അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനെ പിരിച്ചുവിട്ട നെഹ്‌റുവിനോട് വിയോജിക്കാനും ചൈനയുടെ കടന്നുകയറ്റത്തെ പിന്താങ്ങിയ കമ്മ്യൂണിസ്റ്റുകാരെ രാജ്യത്തിന്റെ ശത്രുക്കളെന്ന് വിളിച്ചുപറയാനും ഗുരുജിയുടെ അടിസ്ഥാനം ഒന്നു മാത്രമായിരുന്നു ‘രാഷ്ട്രമാണ് വലുത് – അതിന്റെ ജനാഭിലാഷവും സുരക്ഷയും.’
മുസ്ലിം – ക്രൈസ്തവ മതസ്തരോട് ഗുരുജി ഒരു ഭേദഭാവവും വച്ചു പുലര്‍ത്തിയിരുന്നില്ല. ഈ സമൂഹങ്ങളില്‍നിന്ന് വളര്‍ന്നു വന്ന ഉല്‍പ്പതിഷ്ണുക്കള്‍ എല്ലാം ഗുരുജിയുടെ ആത്മമിത്രങ്ങള്‍ ആയിരുന്നു. പ്രമുഖ പത്രപ്രവര്‍ത്തകനായിരുന്ന ഡോ.സൈഫുദ്ദീന്‍ ജിലാനി തന്റെ അനുഭവം കുറിക്കുന്നത് കാണുക. 1971 ജനുവരി 30 ന് ആണ് അദ്ദേഹം ഗുരുജിയുമായി കല്‍ക്കത്തയില്‍ കൂടിക്കാഴ്ച നടത്തുന്നത്. ‘ശ്രീ ഗുരുജി ഈ രാജ്യത്തെ ഏറ്റവും പ്രമുഖനായ വ്യക്തി മാത്രമല്ല, രാജ്യത്തിന്റെ ഭാഗ്യവിധാതാവുമാണ്. അദ്ദേഹം കല്‍ക്കത്തയില്‍ (കൊല്‍ക്കത്ത) വന്നപ്പോള്‍ എനിക്ക് കാണാന്‍ അവസരം കിട്ടി. വര്‍ഗ്ഗീയവാദ രാക്ഷസനു മേല്‍ സമ്പൂര്‍ണ്ണ വിജയം നേടുക എന്നത് എന്റെ ആഗ്രഹമാണ്. മുസ്ലിം സഹോദരന്‍മാരോട് സന്‍മനസ്സുള്ള ഹിന്ദുക്കളുടെ സംഖ്യ ഏറേയുള്ളതിനാല്‍ എനിക്ക് എന്റെ പ്രയത്‌നത്തിലൂടെ ഏറേ യശസ്സാര്‍ജ്ജിക്കാന്‍ കഴിഞ്ഞു. എങ്കിലും അത് തൃപ്തികരമെന്ന് കരുതാന്‍ വയ്യ. ഇക്കാര്യത്തില്‍ ശ്രീ ഗുരുജിയല്ലാതെ മറ്റാര് സഹായിയായാലും നേട്ടമുണ്ടാവുകയില്ലെന്നാണ് എന്റെ അഭിപ്രായം.” ശ്രീ ഗുരുജിയുമായുളള കൂടിക്കാഴ്ച്ച ജീവിതത്തിലെ ഏറ്റവും പ്രേരണാ ദായകവും അവിസ്മരണീയവുമായ സംഭവമായാണ്, ഹിറ്റ്‌ലര്‍ മുതല്‍ നാസര്‍ വരെയുള്ള ലോക വമ്പന്‍മാരെ നേരിട്ട് കണ്ട് അഭിമുഖം നടത്തിയ ജിലാനി രേഖപ്പെടുത്തുന്നത്.
ഏകീകൃത സിവില്‍ നിയമനിര്‍മ്മാണത്തെക്കുറിച്ചുള്ള വിവാദം പൊട്ടിപ്പുറപ്പെട്ട എഴുപതുകളുടെ തുടക്കത്തില്‍ പ്രമുഖ പത്രപ്രവര്‍ത്തകനായ കെ.ആര്‍.മല്‍ക്കാനി നടത്തിയ ഒരു അഭിമുഖത്തെ കുറിച്ച് കേരളത്തിന്റെ ബഹുമാന്യനായ ഗവര്‍ണ്ണര്‍ ഡോ.ആരിഫ് മുഹമ്മദ് ഖാനാണ് അടുത്തയിടെ ശ്രദ്ധയില്‍പ്പെടുത്തിയത്. അവ ഇന്നും എന്ന പ്രസക്തമാണ്. തങ്ങളുടെ വ്യത്യസ്തമായ മതാചാരങ്ങള്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന മുസ്ലിം സമുദായം ഏകീകൃത സിവിയില്‍ നിയമത്തിന് എതിരാണല്ലോ, അങ്ങയുടെ അഭിപ്രായം എന്താണ് എന്നായിരുന്നു പത്രപ്രവര്‍ത്തകന്റെ ചോദ്യം. ‘തനിക്ക് ഏതെങ്കിലും ഒരു സമൂഹമോ സമുദായമോ, വിഭാഗമോ അവരുടെ തനിമ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഒരു വിരോധവുമില്ല. അവരുടെ നിലപാടുകള്‍ ദേശീയ താല്‍പര്യത്തിന് വിഘാതമാകരുത് എന്ന് മാത്രം’ എന്നായിരുന്നു ഗുരുജിയുടെ മറുപടി. ധവളവിപ്ലവത്തിന്റെ നായകനായ അമൂല്‍ കുര്യന്റെ അനുഭവങ്ങള്‍ അദ്ദേഹം തന്റെ ആത്മകഥയായ ‘എനിക്കുമുണ്ടായിരുന്നു ഒരു സ്വപ്‌നം’ എന്ന പുസ്തകത്തില്‍ വിവരിക്കുമ്പോള്‍ ഗുരുജിയെക്കുറിച്ച് ആദരവോടെയാണ് പറയുന്നത്.
ഇന്നത്തെ തലമുറ ഭാരതത്തില്‍ കാണുന്ന പരിവര്‍ത്തനത്തിന്റെ പ്രേരണാശക്തിയും ചാലകശക്തിയും സര്‍വ്വസ്വവും സമാജത്തിനായി സമര്‍പ്പിച്ച യോഗിവര്യനായ ശ്രീ ഗുരുജിയുടെ ജീവിതമാണെന്ന് തിരിച്ചറിയുന്നില്ല. അദ്ദേഹത്തിന് അക്കാദമിക രംഗത്തെ കുലപതിയായോ ശാസ്ത്രജ്ഞനായോ നിയമജ്ഞനായോ രാഷ്ട്രീയ നേതാവായോ എന്തിന് സന്ന്യാസിയായി പോലും പ്രശസ്തിയും സര്‍വ്വ സ്വീകാര്യതയും ഉള്ള ജീവിതം സ്വീകരിക്കാമായിരുന്നു. സന്ന്യാസിയേക്കാള്‍ വലിയ സര്‍വ്വ സംഗപരിത്യാഗം ഉണ്ടെന്ന് കാട്ടിത്തന്ന ജീവിതമായിരുന്നു ഗുരുജിയുടേത്. അദ്ദേഹത്തിന്റെ രാഷ്ട്ര നവനിര്‍മ്മാണത്തിലെ സംഭാവനകള്‍ അടുത്തറിയേണ്ടതുണ്ട്. ആദരിക്കാന്‍ മാത്രമല്ല, സ്വതന്ത്ര ഭാരതം അഭിമുഖീകരിച്ച വെല്ലുവിളികളേയും അഗ്നി പരീക്ഷകളേയും അടുത്തറിയാന്‍ കൂടിയാണ്. അത് ഇനി വരുന്ന തലമുറക്കും വെല്ലുവിളികളെ നേരിടാനുള്ള ശക്തിയും അവസരമാക്കാനുള്ള കാഴ്ചപ്പാടും നാടിനായി സ്വയം സമര്‍പ്പിക്കാനുള്ള പ്രേരണയും നല്‍കും.
(മാധവ ഗണിതകേന്ദ്രം സെക്രട്ടറിയാണ് ലേഖകന്‍)