ഒരു ജനാധിപത്യ സമൂഹത്തില്‍ ഏത് തരത്തിലുള്ള ഭരണാധികാരിയാവും മാധ്യമങ്ങളെ ഭയപ്പെടുക? ആര്‍ക്കാണ് മാധ്യമ സ്വാതന്ത്ര്യം തടയണമെന്ന് തോന്നുക? രണ്ടു ചോദ്യങ്ങള്‍ക്കും ഉത്തരം ലളിതമാണ്; ജനങ്ങളെ ഭയപ്പെടുന്ന ഭരണാധികാരികളാണ് അതിനൊക്കെ സാധാരണ നിലക്ക് തയ്യാറാവുക. സത്യമാണ് പുലര്‍ത്തുന്നത്, നീതിയാണ് ചെയ്യുന്നത് എങ്കില്‍ എന്തിന് മാധ്യമങ്ങളെ ഭയപ്പെടണം?
ഈ ചോദ്യങ്ങള്‍ ഇപ്പോളുയര്‍ന്നത് എന്തുകൊണ്ടാണ് എന്നത് വ്യക്തമാണല്ലോ. അടുത്ത ദിവസം കേരളം കണ്ട പത്രമാരണ നിയമം തന്നെ. അതിന് ഏതാനും മണിക്കൂര്‍ മാത്രമേ ആയുസ്സുണ്ടായുള്ളു എന്നത് കേരളത്തിലെ ജനാധിപത്യ സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും വിജയമാണ്. സിപിഎമ്മിനെയും അവരുടെ മുഖ്യമന്ത്രിയെയും സംബന്ധിച്ചിടത്തോളം മുഖം നഷ്ടപ്പെട്ട അവസ്ഥയാണുണ്ടായത് എന്നതുകൂടി പറഞ്ഞാലേ ഈ ആമുഖം പൂര്‍ത്തിയാവൂ.
എന്താണ് കാരണം പറഞ്ഞത്?
ഒരു സ്ത്രീ അപമാനിക്കപ്പെട്ട സംഭവമുണ്ടാവുന്നു; അവര്‍ സിനിമാ രംഗത്ത് പ്രശസ്തയും. ആ സ്ത്രീയെ അപമാനിച്ച വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. അയാള്‍ ജയിലില്‍ അടക്കപ്പെട്ടു. അതേസമയം സിനിമ രംഗത്തെ ഈ സ്ത്രീയടക്കമുള്ളവര്‍ അയാളെ കയ്യേറ്റം ചെയ്തു തുടങ്ങിയ ആക്ഷേപങ്ങളുമുയര്‍ന്നു. കൗണ്ടര്‍ കേസ്. അത് പരിഗണിക്കുമ്പോള്‍ കേരള ഹൈക്കോടതി നടത്തിയ ഒരു പരാമര്‍ശം ഉയര്‍ത്തിപ്പിടിച്ചാണ് സോഷ്യല്‍ മീഡിയയിലെ അനാവശ്യ പ്രവണതകള്‍ നിയന്ത്രിക്കാന്‍ ശക്തമായ നിയമം വേണമെന്ന അഭിപ്രായ സ്വരൂപണത്തിന് മുതിര്‍ന്നത്. സ്ത്രീകളെ അപമാനിച്ച വിഷയമായതിനാല്‍ അതില്‍ ഇടപെടേണ്ടതില്ല എന്ന് പലരും കരുതി. ആ സാഹചര്യം പ്രയോജനപ്പെടുത്തി ഒരു കരിനിയമത്തിന് രൂപം നല്‍കാനാണ് സര്‍ക്കാര്‍ തയ്യാറായത്. അതാണിതിലെ പ്രശ്‌നവും.
ഐടി നിയമത്തിലെ വകുപ്പ് 66 എ-യും കേരളാ പോലീസ് നിയമത്തിലെ വകുപ്പ് 118 ഡിയും ഏറെക്കുറെ സമാന സ്വഭാവമുള്ളവയാണ് എന്ന് പറഞ്ഞാണ് 2015 -ല്‍ സുപ്രീം കോടതി ശ്രേയ സിങ് കേസില്‍ റദ്ദുചെയ്തത്. അവ രണ്ടും ഭരണഘടനയിലെ അനുചേദം 19 (1) (എ) ക്ക് വിരുദ്ധമാണ് എന്നതായിരുന്നു ജസ്റ്റിസുമാരായ ചെലമേശ്വര്‍, നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിലയിരുത്തല്‍. റദ്ദാക്കപ്പെട്ട നിയമവശങ്ങള്‍ രണ്ടും സൈബര്‍ ക്രൈമുമായി ബന്ധപ്പെട്ടവയുമാണ്. അന്ന് ഇന്ത്യയിലെ പുരോഗമനവാദികള്‍ മുഴുവന്‍ ആഹ്‌ളാദം പ്രകടിപ്പിച്ചിരുന്നു എന്നതോര്‍ക്കുക. യഥാര്‍ത്ഥത്തില്‍ ഈരണ്ടു നിയമവശങ്ങളും സൃഷ്ടിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരുകളാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയക്കുള്ള വലിയ പ്രാധാന്യം കണക്കിലെടുത്ത് അതിന്റെ ദുരുപയോഗം തടയാന്‍ എന്തെങ്കിലും നിയമം വേണ്ടതുണ്ട് എന്ന് പലരും അഭിപ്രായപ്പെട്ടതാണ്. പക്ഷെ അത്യുന്നത നീതിപീഠം വിചാരിച്ചത്, ഇത്തരം കാര്യങ്ങളില്‍ സര്‍വതന്ത്ര സ്വതന്ത്രമായ സാഹചര്യമാണ് നിലവിലുണ്ടാവേണ്ടത് എന്നതാണ്. സിനിമ രംഗത്തുള്ള സ്ത്രീയുടെ കേസില്‍ ഹൈക്കോടതി നിരീക്ഷിച്ചത്, സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും സ്ത്രീകള്‍ അധിക്ഷേപിക്കപ്പെടുമ്പോള്‍ അത് തടയാനും കുറ്റം ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും ഒരു നിയമമില്ലാത്തത് പ്രശ്‌നമാണ് എന്നതാണ്.
അതാണ് പറ്റിയ സമയമെന്നും ഇതിന്റെ മറവിലാണ് കരുക്കള്‍ നീക്കേണ്ടത് എന്നും സിപിഎമ്മിലെ ചിലര്‍ കരുതി എന്നതാണ് യാഥാര്‍ത്ഥ്യം. അങ്ങിനെയാണ് പത്രമാരണ നിയമത്തിന് തയ്യാറെടുപ്പ് നടന്നത്. സാധാരണ നിലക്ക് ഇത്തരമൊരു പ്രധാന നിയമം കൊണ്ടുവരുമ്പോള്‍ ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ച ചെയ്യേണ്ടതല്ലേ? എന്നാല്‍ പുറമെ കേട്ടത്, പാര്‍ട്ടി കമ്മിറ്റികള്‍ പോലും അതിനെക്കുറിച്ചറിഞ്ഞില്ല എന്നാണ്. മന്ത്രിസഭയിലെ സിപിഐ അംഗങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. പക്ഷെ, പതിവുപോലെ അതും അവഗണിക്കപ്പെട്ടു. അങ്ങിനെയാണ് കേരളാ പോലീസ് നിയമത്തിലെ ആ ഭേദഗതി, വകുപ്പ് 118 എ എന്ന നിയമ ഭേദഗതി ഓര്‍ഡിനന്‍സ് ആയി പുറത്തിറങ്ങുന്നത്. അത്തരമൊരു ഓര്‍ഡിനന്‍സ് ശുപാര്‍ശ ചെയ്യപ്പെടുമ്പോള്‍ സാധാരണ നിലക്ക് ഗവര്‍ണ്ണര്‍ ഒന്ന് ചിന്തിക്കേണ്ടതായിരുന്നു, പ്രത്യേകിച്ചും പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ശേഷം ഉണ്ടായ നിര്‍ദ്ദേശം എന്ന നിലക്ക്. പക്ഷെ, സര്‍ക്കാര്‍ അനുഭവിക്കട്ടെ എന്ന് കരുതിയത് കൊണ്ടാവുമോ എന്നതറിയില്ല, ഗവര്‍ണ്ണര്‍ അതില്‍ ഇടപെട്ടതായി കേട്ടില്ല.
എന്താണ് 118 എ; സാഹചര്യമോ ?
സാധാരണ നിലക്ക് ഒരു മാധ്യമ വാര്‍ത്ത മാനനഷ്ടമുണ്ടാക്കുന്നതായാല്‍ അത് ബാധിക്കുന്നയാള്‍ക്ക് നിലവിലെ നിയമപ്രകാരം തന്നെ നടപടികള്‍ സ്വീകരിക്കാനാവും. പ്രിന്റ് മീഡിയ ആണെങ്കില്‍ സിവില്‍- ക്രിമിനല്‍ കോടതികളെ സമീപിക്കാം; പിന്നെ പ്രസ് കൗണ്‍സിലിനെയും സമീപിക്കാം. ന്യൂസ് ചാനലിലാണ് എങ്കില്‍ പരാതി ബോധിപ്പിക്കാനായി എന്‍ബിഎ എന്ന സംവിധാനമുണ്ട്. പക്ഷെ, ആര്‍ക്കാണോ മനനഷ്ടമുണ്ടായത്, അയാള്‍ക്കേ കോടതിയില്‍ പോകാനാവൂ. എന്നാല്‍ ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന പോലീസ് നിയമത്തിലെ ഭേദഗതി പ്രകാരം ഒരുവാര്‍ത്ത മറ്റൊരാള്‍ക്ക് മാനനഷ്ടമുണ്ടാക്കുന്നതാണ് എന്നുപറഞ്ഞ് ആര്‍ക്കും പരാതി കൊടുക്കാം. ഉദാഹരണമായി ഒരു വാര്‍ത്തയോ സോഷ്യല്‍ മീഡിയയിലെ പ്രതികരണമോ ഉണ്ടായാല്‍ അത് മുഖ്യമന്ത്രിക്കോ സിപിഎം നേതാവിനോ അപമാനകരമാണ് എന്ന് വഴിയേ പോകുന്ന ഒരാള്‍ക്ക് തോന്നിയാല്‍ അയാള്‍ക്ക് അടുത്ത പോലീസിനെ സമീപിക്കാം. ആ പരാതി ശരിയാണോ എന്ന് പ്രഥമദൃഷ്ട്യാ പരിശോധിക്കുന്നത് ആ പോലീസുകാരന്‍. വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനും മാധ്യമ പ്രവര്‍ത്തകനുമെതിരെ നടപടി സ്വീകരിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കിയിരിക്കുന്നു. മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും അല്ലെങ്കില്‍ രണ്ടും ചേര്‍ന്നതാണ് ശിക്ഷ. അതായത് ഒരു പരാതി ലഭിച്ചാല്‍ ഒരു പോലീസ് സ്റ്റേഷനിലെ പോലീസുകാരന്‍ വിചാരിച്ചാല്‍ മാധ്യമത്തെയോ അതിന്റെ പത്രാധിപരെയോ ജയിലിലടക്കാന്‍ കഴിയും.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ എന്തിനിങ്ങനെ ഒരു പരാക്രമം എന്നതാണ് ചോദ്യം. ശരിയാണ്, സ്വര്‍ണ്ണക്കടത്ത്, ആ അന്വേഷണത്തിന്റെ വാള്‍ ഭരണകക്ഷി ആഗ്രഹിക്കാത്ത അനവധി പേരിലേക്ക് എത്തിപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് മാത്രമല്ല മറ്റു പലരും പ്രതിക്കൂട്ടിലാവുന്നു. അവര്‍ക്കൊക്കെ സിപി എം ബന്ധമെന്ന ആക്ഷേപവും. കിഫ്ബി വിവാദം, സി എ ജിക്കെതിരായ അട്ടഹാസങ്ങള്‍, പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ചെന്നുപെട്ടത് അതിനേക്കാളൊക്കെ വലിയ കുഴപ്പത്തില്‍. ഇവരില്‍ പലര്‍ക്കും ഇതില്‍നിന്ന് തലയൂരുക എളുപ്പമല്ലെന്ന് വ്യക്തമായിത്തുടങ്ങി. സി പി എം ഇതുപോലെ വിഷമവൃത്തത്തിലായ ഒരു കാലഘട്ടം കേരളത്തിലുണ്ടായിട്ടുണ്ടോ? ഇതൊക്കെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വേളയില്‍ വലിയതോതില്‍ ചര്‍ച്ച ചെയ്യുന്നത് ഒഴിവാക്കിയേ തീരൂ എന്ന് സി പിഎം നേതാക്കള്‍ ചിന്തിച്ചാല്‍ അതിശയിക്കാനുണ്ടോ? ആ ദുര്‍ബല ബുദ്ധിയാണ് ഇത്തരമൊരു കരിനിയമത്തിലേക്ക് അവരെ എത്തിച്ചത്. ദുര്‍ബ്ബലമായ ഒരു രാഷ്ട്രീയ നേതൃത്വത്തിന്റെ വികലമായ ചിന്ത എന്നേ അതിനെ വിശേഷിപ്പിക്കനാവൂ.
കേരളം പ്രബുദ്ധത കാണിച്ചു;
സര്‍ക്കാര്‍ നാണം കെട്ടു
ഈ ഓര്‍ഡിനന്‍സ് വന്നതോടെ കേരളം ഇളകിമറിഞ്ഞു എന്നതാണ് വസ്തുത. സര്‍വ മേഖലകളും ഇതിലെ അപകടം ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. സമൂഹ മാധ്യമങ്ങളും അവിടെ സജീവമായവരും 118 എ -യുടെ അപകടം നേരത്തെ തിരിച്ചറിഞ്ഞതിനാല്‍ അവര്‍ മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. ട്വിറ്ററും ഫേസ്ബുക്കും ഒക്കെ ആഘോഷത്തിമിര്‍പ്പിലായതല്ലേ കണ്ടത്. സ്വാഭാവികമായും വാര്‍ത്താ ചാനലുകള്‍ക്ക് മാറിനില്‍ക്കാന്‍ കഴിയുമോ? പുതിയ നിയമത്തെ കൂലങ്കഷമായി വിശകലനം ചെയ്തപ്പോള്‍ സി പി എം നേതാക്കള്‍ക്ക് അതിനെ ന്യായീകരിക്കാന്‍ എന്തൊക്കെ പറയേണ്ടിവന്നു എന്നത് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഊറിയൂറി ചിരിക്കാനാണ് തോന്നുക. കഴിഞ്ഞ കുറേക്കാലമായി സി പി എമ്മുകാര്‍ക്ക് ഇവിടെ ചാനല്‍ ചര്‍ച്ച എന്നാല്‍ കഷ്ടകാലമാണ്. ന്യായീകരിക്കാന്‍ കഴിയാത്ത പലതിനെയും അവര്‍ക്ക് തലയിലേറ്റേണ്ടിവന്നു. അതിനേക്കാളൊക്കെ അപകടകരമാണ് പുതിയ പോലീസ് നിയമ ഭേദഗതി എന്നറിഞ്ഞുകൊണ്ടു തന്നെയാണ് അവര്‍ ന്യൂസ് ചാനലുകളില്‍ എത്തിപ്പെട്ടത്.
അവസാനം, ആ നിയമ ഭേദഗതി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായി. 48 മണിക്കൂര്‍ പോലും നീണ്ടുനില്‍ക്കാത്ത നിയമ നിര്‍മ്മാണം. കേരള ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തപ്പെടുന്ന ഒന്നായി അത് മാറുമെന്ന് തീര്‍ച്ച. ഏകാധിപത്യത്തിന് നമ്മുടെ നാട്ടില്‍ സ്ഥാനമില്ലെന്നാണ് അതിലൂടെ തെളിയിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക്, അവരുടെ സര്‍ക്കാരിന് ഇതിലേറെ അപമാനം ഉണ്ടാവാനുണ്ടോ?