പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും പാര്‍ട്ടികളും പലവട്ടം പല രീതിയില്‍ വിശകലനം ചെയ്തുകഴിഞ്ഞു. ആ വിശകലനങ്ങളും വിലയിരുത്തലുകളും വിരല്‍ചൂണ്ടുന്നത് പ്രധാനമായും നാലു കാര്യങ്ങളിലേക്കാണ്. ഭാരതീയ ജനതാ പാര്‍ട്ടി മുന്നോട്ടുവച്ച രാഷ്ട്രീയത്തെയും കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നരേന്ദ്രമോദി ഗവണ്‍മെന്റ് നടത്തിയ പ്രവര്‍ത്തനങ്ങളെയും ഒരു സംശയത്തിനും ആശങ്കയ്ക്കും ഇടയില്ലാത്ത തരത്തില്‍ രാജ്യത്തെ ജനങ്ങള്‍ പിന്തുണച്ചു എന്നുള്ളതാണ് ഒന്നാമത്തെ കാര്യം.
രാഹുല്‍ഗാന്ധി നേടിയെടുത്തു എന്ന് പറയുന്ന രാഷ്ട്രീയ പക്വതയും ആര്‍ജിച്ചെടുത്തു എന്ന് അവകാശപ്പെടുന്ന നേതൃവൈഭവവുമെല്ലാം സ്തുതിപാഠകരുടെയും മാധ്യമങ്ങളുടെയും സൃഷ്ടി മാത്രമാണെന്ന് തിരഞ്ഞെടുപ്പ് ഫലവും അതിനുശേഷമുള്ള രാഹുലിന്റെ ചെയ്തികളും വ്യക്തമാക്കുന്നു എന്നുള്ളതാണ് രണ്ടാമത്തെ കാര്യം. ദേശീയ രാഷ്ട്രീയത്തില്‍ പ്രാദേശിക പാര്‍ട്ടികള്‍ തീര്‍ത്തും അപ്രസക്തമാകുന്നു എന്നുള്ളതാണ് മൂന്നാമത്തെ നിരീക്ഷണം. ഒരു കാലത്ത് മിക്ക സംസ്ഥാനങ്ങളിലും പ്രവര്‍ത്തനവും പാര്‍ലമെന്റില്‍ പ്രധാന പ്രതിപക്ഷം എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ ശേഷിയും ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നില പ്രാദേശിക പാര്‍ട്ടികളേക്കാള്‍ പരിതാപകരമായി എന്നുള്ളതാണ് നാലാമതായി കാണാന്‍ കഴിയുന്ന വസ്തുത.
സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് കോണ്‍ഗ്രസ് തുടര്‍ച്ചയായി പത്തു വര്‍ഷം അധികാരത്തില്‍ നിന്നും അകന്നു നില്‍ക്കുന്നത്. അവര്‍ക്ക് ഭൂരിഭാഗം സംസ്ഥാനങ്ങളില്‍ നിന്ന് ലോക്‌സഭയിലേക്ക് പ്രതിനിധികള്‍ ഇല്ല. വളരെക്കുറച്ചു സംസ്ഥാനങ്ങളില്‍ മാത്രമാണ് ഭരണം ഉള്ളത്. അവിടങ്ങളില്‍ തന്നെയും നേതാക്കന്മാരുടെ തമ്മില്‍തല്ല് രൂക്ഷവുമാണ്. എല്ലാത്തിനുമുപരി ശക്തി ക്ഷയിച്ച ദേശീയ നേതൃത്വവും ആത്മവിശ്വാസം തകര്‍ന്ന രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കന്മാരും. അധികാരമോഹികള്‍ ഏറെയുള്ള ആ പാര്‍ട്ടി ഈ പ്രതിസന്ധിയെ എങ്ങനെ അതിജീവിക്കും എന്ന് കണ്ടുതന്നെ അറിയണം. എന്നിരുന്നാലും കോണ്‍ഗ്രസ്സിന്റെ ദേശീയ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. 12 കോടി ജനങ്ങള്‍ ഇപ്പോഴും ആ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നുണ്ട്, ദേശീയ പാര്‍ട്ടി എന്ന നിലയിലും പ്രധാന പ്രതിപക്ഷ കക്ഷി എന്ന നിലയിലും ജനാധിപത്യപരമായ വലിയ ഉത്തരവാദിത്വങ്ങള്‍ ആ പ്രസ്ഥാനത്തിന് നിര്‍വഹിക്കാനുണ്ട്. പക്ഷേ ആ പാര്‍ട്ടിയെ നയിക്കുന്നവര്‍ ഈ ഉത്തരവാദിത്വത്തെക്കുറിച്ച് എത്രമാത്രം ബോധവാന്‍മാരാണെന്ന കാര്യം സംശയമാണ്.
വലിയ തിരുത്തലുകള്‍ നടത്തിയും കഠിന പരിശ്രമം നടത്തിയും ഒരു തിരിച്ചുവരവിന് കോണ്‍ഗ്രസിന് സാധ്യത ഉണ്ടെങ്കിലും പ്രാദേശികപാര്‍ട്ടികളെ സംബന്ധിച്ച് ഒരു തിരിച്ചുവരവിനു വിദൂരസാധ്യത പോലുമില്ല. തമിഴ്-തെലുങ്ക് രാഷ്ട്രീയം ഒഴിച്ചുനിര്‍ത്തിയാല്‍ എന്‍.ഡി.എയില്‍ അംഗമല്ലാത്ത പ്രാദേശിക പാര്‍ട്ടികളെല്ലാം നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലാണ്. ഈ ദുര്‍ബലാവസ്ഥയിലേക്ക് പ്രാദേശിക പാര്‍ട്ടികളെ കൊണ്ടുചെന്നെത്തിച്ചതിനു പ്രധാനകാരണം ആ പാര്‍ട്ടികളുടെ ആവിര്‍ഭാവവും, പ്രവര്‍ത്തനരീതികളും കാഴ്ചപ്പാടുകളും ഇന്ന് അപ്രസക്തമായി എന്നതുതന്നെയാണ്. ഓരോ പ്രാദേശിക പാര്‍ട്ടിയുടെയും പിറവിയെക്കുറിച്ച് പരിശോധിച്ചാല്‍ അത് ഭാഷയുടെയോ ദേശത്തിന്റെയോ ജാതിയുടെയോ വ്യക്ത്യാരാധനയുടെയോ പിളര്‍പ്പിന്റെയോ അടിസ്ഥാനത്തില്‍ രൂപപ്പെട്ടതാണെന്ന് മനസ്സിലാവും. അതുകൊണ്ടുതന്നെ ഇത്തരം പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നതും നിലനില്‍ക്കുന്നതും അതിന്റെ ജന്മ കാരണമായ വികാരത്തെ അടിസ്ഥാനമാക്കിയായിരിക്കും. ഈ പാര്‍ട്ടികളുടെ പരാജയം ജാതി, ഭാഷ, ദേശം മുതലായ പ്രാദേശിക വികാരങ്ങളുടെ തീവ്രത കുറഞ്ഞു എന്നതിന്റെ തെളിവുകൂടിയാണ്.
ദളിത് വികാരമായിരുന്നു മായാവതിയുടെ ശക്തി. യാദവ-മുസ്ലിം പിന്തുണ മുലായംസിംഗ് യാദവിന്റെ പാര്‍ട്ടിയെ വളര്‍ത്തി. ബംഗാളി വികാരവും മുസ്ലിം പ്രീണനവുമാണ് മമതാബാനര്‍ജി ഉപയോഗപ്പെടുത്തുന്നത്. യാദവ- മുസ്ലിം – ദളിത് വികാരമാണ് ലാലു പ്രസാദ് യാദവിനെ വളര്‍ത്തിയത്. ഇതേപോലെ ആന്ധ്രാ വികാരം മുതലാക്കി ടി.ഡി.പിയും തെലുങ്ക് വികാരം വളമാക്കി ടി.ആര്‍.എസ്സും തമിഴ് മക്കള്‍ക്ക് വേണ്ടി ശബ്ദിച്ചു കരുണാനിധിയും ജയലളിതയും പാര്‍ട്ടികള്‍ വളര്‍ത്തി അധികാരം പിടിച്ചു. എന്തിനു ക്രിസ്ത്യന്‍ വികാരമുണര്‍ത്തി കേരളത്തില്‍ പല അക്ഷരത്തിലുള്ള കേരളകോണ്‍ഗ്രസുകള്‍ രൂപപ്പെട്ടു. ഇതുകൂടാതെ ദേവഗൗഡ, ഒഡീഷയിലെ നവീന്‍ പട്‌നായിക്, കാശ്മീരിലെ ഒമര്‍ അബ്ദുള്ളയും മെഹബൂബ മുഫ്തിയും, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിരവധി സംസ്ഥാന പാര്‍ട്ടികള്‍. ഇങ്ങനെ കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും കച്ച് മുതല്‍ കാമരൂപം വരെയുമുള്ള ഭാരതീയരെ ഭാഷയുടെയും പ്രദേശത്തിന്റെയും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വിഭജിച്ചും വിഘടിപ്പിച്ചും രാഷ്ട്രീയ നേട്ടം കൊയ്ത പാര്‍ട്ടികള്‍ ഇന്ന് വലിയ പ്രതിസന്ധിയിലാണ്.
ജാതിക്കും ഭാഷയ്ക്കും ദേശത്തിനും അതീതമായി ദേശീയത എന്ന വികാരം ഇന്നത്തെ ഭാരതീയനെ സ്വാധീനിക്കുന്നു എന്നതാണ് ആ പ്രതിസന്ധി. നാമെല്ലാം ഒരമ്മ പെറ്റ മക്കളാണെന്ന വലിയ സങ്കല്‍പത്തിലേക്ക് ഈ രാഷ്ട്രത്തിലെ ജനത വളരെ പെട്ടെന്ന് മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് പാകിസ്ഥാനെതിരെയുള്ള സൈനിക നീക്കത്തെ രാജ്യത്തെ ജനത ആവേശത്തോടെ വികാരപരമായി പിന്തുണച്ചത്. ആ നീക്കത്തെ എതിര്‍ത്ത ചില രാഷ്ട്രീയക്കാര്‍ ഒറ്റപ്പെട്ടു. ഇത് തിരഞ്ഞെടുപ്പിനെ മാത്രം സ്വാധീനിച്ച ഒരു ഘടകമല്ല; വലിയ ഒരു സാമൂഹ്യമാറ്റം തന്നെയാണ്.
പല രാഷ്ട്രീയ നിരീക്ഷകരും മാധ്യമപ്രവര്‍ത്തകരും ബിജെപിയുടെ വലിയ വിജയത്തിനുപിന്നില്‍ ആര്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനമാണെന്ന് വിലയിരുത്തുകയുണ്ടായി. തിരഞ്ഞെടുപ്പു രംഗത്തെ ആര്‍.എസ്.എസ്സിന്റെ സജീവ സാന്നിധ്യമാണ് ഈ വിലയിരുത്തലിനു കാരണമെന്നു ചിലര്‍ പറയുന്നു. ആ വിലയിരുത്തല്‍ ഒരുപരിധിവരെ ശരിയാണെങ്കിലും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ സാന്നിധ്യത്തിനപ്പുറം ജാതിക്കും ഭാഷയ്ക്കും ദേശത്തിനും അതീതമായി ഒരു ദേശീയബോധം രാജ്യമാകെ സൃഷ്ടിക്കുന്നതിന് കഴിഞ്ഞ 94 വര്‍ഷക്കാലത്തെ പ്രവര്‍ത്തനം കൊണ്ട് ആര്‍.എസ്.എസ്സിന് സാധിച്ചിട്ടുണ്ട്. ഈ സാമൂഹ്യ മാറ്റമാണ് ബിജെപിയെ വലിയതോതില്‍ സഹായിക്കുകയും പ്രാദേശിക കക്ഷികളെ തളര്‍ത്തുകയും ചെയ്തിട്ടുള്ളത്. അതുകൊണ്ട് ആര്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനങ്ങളെ കേവലം തിരഞ്ഞെടുപ്പുരംഗത്തെ ഇടപെടലുകള്‍ മാത്രമായി വിലയിരുത്തുന്നതിന് പകരം ഈ നിലയില്‍ വിലയിരുത്തേണ്ടതാണ്.
പ്രാദേശിക വികാരങ്ങള്‍ അസ്തമിക്കുകയും ദേശീയബോധം ജനിക്കുകയും ചെയ്തതാണ് സംസ്ഥാന പാര്‍ട്ടികളുടെ തകര്‍ച്ചയ്ക്ക് പ്രധാന കാരണമെങ്കിലും മറ്റു ചില ഘടകങ്ങള്‍ കൂടി ഈ തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. അതില്‍ ഒന്നാണ് പ്രത്യയ ശാസ്ത്രത്തിന്റെ അഭാവം. നേരത്തെ സൂചിപ്പിച്ച വികാരങ്ങള്‍ക്കപ്പുറം ഒരു ആശയമോ, ആദര്‍ശമോ, അണികള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ നേതാക്കള്‍ക്കോ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് അധികാരമോഹവും ദാഹവും മാത്രം. തന്നെയുമല്ല എതിരിട്ടത് വ്യക്തമായ ആശയാദര്‍ശങ്ങള്‍ മുറുകെ പിടിക്കുന്ന പ്രവര്‍ത്തകരോടും പ്രസ്ഥാനത്തോടും. ഇതുകൊണ്ടാണ് ഒരു തിരിച്ച് വരവ് അസാധ്യം എന്ന് വിലയിരുത്തപ്പെടുന്നത്. മറ്റൊരു കാരണം നേതാക്കന്മാരുടെ വിയോഗമോ പ്രായാധിക്യമോ ആണ്. പല പ്രാദേശിക കക്ഷികളും നിലനില്‍ക്കുന്നത് ഏതെങ്കിലും ഒരു നേതാവിനെ ആശ്രയിച്ചു മാത്രമാണ്. ആ നേതാവിന്റെ വിയോഗം പാര്‍ട്ടിയില്‍ അധികാര തര്‍ക്കത്തിനും പിളര്‍പ്പിനും കാരണമാകുന്നു. അതിനുള്ള ഉദാഹരണം കേരള രാഷ്ട്രീയത്തില്‍ നിന്നു തന്നെ നമുക്ക് ചൂണ്ടിക്കാണിക്കാന്‍ സാധിക്കും.
കെ.എം മാണിയുടെ മരണത്തിനുശേഷം മാസങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ വലിയ അധികാര തര്‍ക്കങ്ങളും കലാപങ്ങളും കാലുമാറലുകളും വരെ നടന്നു ഓദ്യോഗികമായിട്ടല്ലെങ്കിലും പിളര്‍ന്നു കഴിഞ്ഞു. തമിഴ്‌നാട്ടില്‍ ജയലളിതയുടെ മരണാനന്തരം എ.ഐ.എ.ഡി.എം.കെയില്‍ നടന്ന തര്‍ക്കങ്ങള്‍ പിളര്‍പ്പുകള്‍, ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയില്‍ അദ്ദേഹം ജയിലില്‍ പോയതിനുശേഷം മക്കള്‍ തമ്മില്‍ നടക്കുന്ന അധികാരവടംവലി – ഇതെല്ലാം വ്യക്തികേന്ദ്രീകൃത പാര്‍ട്ടികള്‍ നേരിടുന്ന വലിയ വെല്ലുവിളികളാണ്. കുടുംബാധിപത്യമാണ് ഇത്തരം പാര്‍ട്ടികളുടെ നാശത്തിലേക്ക് നയിക്കുന്ന മറ്റൊരു ഘടകം. ചെറുമകനടക്കം നാല് പേരാണ് ദേവഗൗഡയുടെ കുടുംബത്തില്‍നിന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. തമിഴ്‌നാട്ടില്‍ കരുണാനിധി കുടുംബം, എന്‍.സി.പി ശരത് പവാറിന്റെ കുടുംബം, ആര്‍.ജെ.ഡി ലാലുപ്രസാദ് കുടുംബം, എസ്.പിയില്‍ മുലായംസിംഗ് കുടുംബം, നാഷണല്‍ കോണ്‍ഫ്രന്‍സ് ഫാറൂഖ് അബ്ദുള്ളയുടെ കുടുംബം – ഇങ്ങനെയുള്ള കുടുംബവാഴ്ച ആ പാര്‍ട്ടികളുടെ ജനാധിപത്യസ്വഭാവം ഇല്ലാതാക്കുകയും മറ്റാര്‍ക്കും അധികാരമോ അഭിപ്രായമോ ഇല്ലാതെ കുടുംബ സ്വത്തായി അധപ്പതിക്കുകയും ചെയ്തു. ഈ കാരണങ്ങള്‍ കൂടി പ്രാദേശിക കക്ഷികളുടെ തകര്‍ച്ചയ്ക്ക് കാരണമാകുന്നതായി വിലയിരുത്താം.എന്നാല്‍ ചില പ്രാദേശിക കക്ഷികള്‍ പിടിച്ചു നില്‍ക്കുന്നതായി കാണുകയും ചെയ്തു.
നേരത്തെ വിഘടനവാദത്തിനും സ്വയംഭരണത്തിനുമെല്ലാം വാദിച്ചിരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികള്‍ രാജ്യത്തെ ജനങ്ങളില്‍ വന്നിട്ടുള്ള മാറ്റത്തെ കണ്ടു തിരിച്ചറിഞ്ഞ് അവരുടെ നയം മാറ്റുകയും ദേശീയതയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തയ്യാറാവുകയും ചെയ്യുന്നു. അതേപോലെ ശിവസേന, ജെഡിയു തുടങ്ങിയ കക്ഷികളും സമാന നിലപാട് സ്വീകരിക്കുകയും സ്വന്തം രാഷ്ട്രീയ അസ്തിത്വം സംരക്ഷിക്കുകയും ചെയ്തു. തമിഴ്‌നാടും ആന്ധ്രയും തെലുങ്കാനയും ആണ് രാജ്യത്തെ മൊത്തം തിരഞ്ഞെടുപ്പു ചിത്രത്തില്‍ നിന്നും മാറി സഞ്ചരിച്ചത്. എന്നാല്‍ അവിടങ്ങളിലെ പ്രത്യേകത, പ്രാദേശിക പാര്‍ട്ടികള്‍ തമ്മിലായിരുന്നു പ്രധാന മത്സരം എന്നതാണ്. അതുകൊണ്ട് അതില്‍ ഒരു കക്ഷി വിജയിച്ചു. അവിടെയും മാറ്റത്തിന്റെ കാറ്റ് വീശി തുടങ്ങിയിരിക്കുന്നു എന്നതുകൂടി ഫലം വ്യക്തമാക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യാമഹാരാജ്യത്ത് പ്രാദേശിക വികാരങ്ങള്‍ അസ്തമിക്കുകയും ദേശീയബോധം കരുത്താര്‍ജ്ജിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്നു ആര്‍ക്കും ബോധ്യപ്പെടും.
പ്രാദേശിക പാര്‍ട്ടികള്‍ അധികാരത്തില്‍ പങ്കാളികളായ സമയത്തെല്ലാം രാജ്യത്തിന്റെ പൊതുതാല്‍പര്യങ്ങളോ, ദീര്‍ഘവീക്ഷണത്തോടെയുള്ള വികസന പദ്ധതികളോ, വിശാലമായ വികസന കാഴ്ചപ്പാടുകളോ ഇല്ലാതെ അവരുടേതായ രാഷ്ട്രീയ സാമുദായിക താല്പര്യങ്ങള്‍ മാത്രം പരിഗണിക്കപ്പെടുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. ഉദാഹരണത്തിന് മമതാബാനര്‍ജി റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ കൂടുതല്‍ ട്രെയിനുകളും, പാതകളും ബംഗാളിനു നല്‍കി. ലാലു പ്രസാദിന്റെ കാലത്ത് ബീഹാറിന് കൂടുതല്‍ പരിഗണന. ശരത് പവാര്‍ കൃഷി മന്ത്രിയായിരുന്നപ്പോള്‍ മഹാരാഷ്ട്രയിലെ കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ കരുതല്‍. ഇങ്ങനെ സ്വജനപക്ഷപാതവും സങ്കുചിത ചിന്തയും പ്രാദേശിക കക്ഷികളുടെ ദൗര്‍ബല്യമാണ്. ഇതിന്റെ ഫലമായി സര്‍ക്കാരിന്റെ സ്ഥിരത പ്രതിസന്ധിയിലാകും.
ഈ കാര്യങ്ങളെല്ലാം വിലയിരുത്തുന്ന സമയത്ത് പ്രാദേശിക പാര്‍ട്ടികളുടെ ശക്തിക്ഷയം എന്തുകൊണ്ടും രാജ്യത്തിന്റെ നല്ല ഭാവിക്ക് ഗുണം ചെയ്യും. ദേശീയ പാര്‍ട്ടികള്‍ക്ക് എല്ലാ പ്രദേശങ്ങളെയും ഉള്‍ക്കൊണ്ട് വിശാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. തുകൊണ്ട് വികസനം എവിടെയെങ്കിലും മാത്രമായി കേന്ദ്രീകരിക്കപ്പെടുകയില്ല. ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടെയോ പേരിലുള്ള അവഗണനയോ, പരിഗണനയോ ഇല്ലാത്തതുകൊണ്ട് ദേശീയ ബോധത്തെ അത് ശക്തിപ്പെടുത്തുകയും രാഷ്ട്രത്തിന്റെ സര്‍വതോന്മുഖമായ പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യും.