ഭാരത പാര്‍ലമെന്റ് 1992 ഡിസംബര്‍ 22ന് പഞ്ചായത്ത് രാജ് നഗരപാലിക ബില്ല് പാസ്സാക്കിയതോടെ രാജ്യത്തെ ഗ്രാമപഞ്ചായത്തുകള്‍ക്ക് വിപുലമായ അധികാരങ്ങള്‍ ലഭിക്കുകയും അവ വിനിയോഗിക്കാനായി കോടികളുടെ ഫണ്ടുകള്‍ നീക്കിവെക്കുകയും ചെയ്തിരുന്നു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേയ്ക്ക് തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഫണ്ട് വിനിയോഗത്തില്‍ എല്‍.ഡി.എഫ് – യു.ഡി.എഫ് സര്‍ക്കാരുകള്‍ കാണിച്ച കുറ്റകരമായ അവസ്ഥ വിലയിരുത്തുന്നത് നല്ലതായിരിക്കും.
1996ല്‍ അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ ജനകീയാസൂത്രണം എന്ന പദ്ധതി നടത്തിപ്പിനായി പദ്ധതി വിഹിതത്തിന്റെ മുക്കാല്‍ ഭാഗം പഞ്ചായത്തുതല വികസനത്തിനായി മാറ്റിവയ്ക്കുകയും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. പദ്ധതികള്‍ ഒട്ടുമിക്കതും കടലാസ്സില്‍ മാത്രമായി ഒതുങ്ങുന്ന വിചിത്രമായ കാഴ്ചകളാണ് പിന്നീട് കണ്ടത്. 2018 ഏപ്രില്‍ 24-ാം തീയതി കേരളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളിലും വന്നിരുന്ന ഒരു വാര്‍ത്ത 25 വര്‍ഷം പിന്നിട്ടിട്ടും പഞ്ചായത്ത് നഗരപാലിക നിയമത്തിന് നടപടിച്ചട്ടങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നതായിരുന്നു. ഇതില്‍ നിയമസഭാസ്പീക്കര്‍ അതൃപ്തി പ്രകടിപ്പിക്കുകയും കര്‍ശനമായ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു എന്നതായിരുന്നു വാര്‍ത്തയുടെ കാതല്‍.
ഖജനാവില്‍ നിന്നും അനുവദിക്കപ്പെടുന്ന കോടികള്‍ ചെലവഴിക്കപ്പെടുന്നതിലേക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ ചട്ടങ്ങള്‍ ഉണ്ടാക്കാതെ പറ്റില്ലല്ലോ? 2017-18 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ അനുവദിച്ച തുക 5500 കോടിയായിരുന്നു.
അതില്‍ ചെലവഴിച്ചത് 539 കോടി മാത്രം! നമ്മുടെ സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ സിംഹഭാഗവും സിവില്‍ സര്‍വ്വീസിനെ തീറ്റിപ്പോറ്റുവാനായിട്ടാണ് ഉപയോഗിച്ചു വരുന്നത്. ഖജനാവ് കാലിയാക്കുന്ന ഈ ഉദ്യോഗസ്ഥ സംവിധാനത്തെക്കൊണ്ട് നമ്മുടെ സംസ്ഥാനത്തിന് കാര്യമായ യാതൊരു ഗുണവും ഇല്ലെന്നതാണ് ഇപ്പോള്‍ കണ്ടെത്തുന്നതും.
ലക്ഷക്കണക്കിന് ഫയലുകള്‍ നടപടികള്‍ ഒന്നുമില്ലാതെ ചിലന്തിവല കെട്ടി ഇട്ടിരിക്കുന്നു എന്ന വാര്‍ത്ത കേരളത്തെ നാണം കെടുത്തുന്നുണ്ട്. ചുവപ്പു നാടകള്‍ അഴിയുന്നില്ല. ഭരണത്തിന് വേഗത ഇല്ല; കാര്യക്ഷമതയും ഇല്ല! സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന പല പദ്ധതികളും സമയബന്ധിതമായി നടപ്പാക്കുവാന്‍ കഴിയുന്നില്ല! അതുകൊണ്ടുതന്നെ ഉദ്ദേശിച്ച ഫലം ഒരു പദ്ധതിയില്‍ നിന്നും പൊതുജനത്തിന് ലഭിക്കുന്നുമില്ല.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ വികസനത്തിനായി അനുവദിച്ചതു 7000 കോടി രൂപയായിരുന്നു. അത് എങ്ങനെയെന്നു നോക്കാം.
ഇതില്‍ മെയിന്റനന്‍സ്, പൊതു ആവശ്യം, പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങള്‍ക്ക്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി പലതും ഉള്‍പ്പെടും. അനുവദിച്ച തുക എന്തുകൊണ്ടു ചെലവാക്കുവാന്‍ കഴിയാതെ പോകുന്നു?
ഭരണസംവിധാനത്തിന്റെ താളപ്പിഴവുകൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നതെന്നാണ് പറയുന്നതെങ്കില്‍ ഭരണം പരിഷ്‌ക്കരിച്ച് കൂടുതല്‍ ഊര്‍ജ്ജസ്വലത കൈവരിക്കുവാനായി ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ എന്ന പേരില്‍ ഒരു കമ്മീഷന്റെ പ്രതിഷ്ഠ നടത്തിയത് എന്തിനായിരുന്നു? സിവില്‍ സര്‍വ്വീസിന്റെ പരിഷ്‌ക്കരണത്തിനായി ഒട്ടേറെ ശാസ്ത്രീയ നിര്‍ദ്ദേശങ്ങള്‍ ഈ കമ്മീഷനും സമര്‍പ്പിച്ചുവല്ലോ? കോടികള്‍ ചെലവഴിച്ചു നിലനിറുത്തിയ ഈ കമ്മീഷന്‍ സമര്‍പ്പിച്ച പരിഷ്‌കാരങ്ങള്‍ വല്ലതും സര്‍ക്കാരോ ഉദ്യോഗസ്ഥ മേധാവികളൊ പരിശോധിച്ചു നോക്കിയോ?
ഭരണപരിഷ്‌കാരക്കമ്മീഷന്‍ നാലാം റിപ്പോര്‍ട്ടു സമര്‍പ്പിച്ചു കഴിഞ്ഞു. ഭരണത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ഇതില്‍ ഉണ്ടെന്നാണ് കേള്‍ക്കുന്നത്. സംസ്ഥാനത്ത് ഇപ്പോഴും കാര്യക്ഷമമായ പഞ്ചായത്തു സ്വയംഭരണ സമ്പ്രദായം വന്നു ചേര്‍ന്നിട്ടില്ലെന്നു അനുഭവങ്ങള്‍ വിളിച്ചു പറയുന്നുണ്ട്. നമ്മുടെ സര്‍ക്കാര്‍ കാലാകാലങ്ങളില്‍ അനുവദിക്കുന്ന തുകകള്‍ എന്തുകൊണ്ട് ചെലവഴിക്കാതെ വരുന്നുവെന്ന വിഷയം ഈ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കു മുമ്പില്‍ വിശദീകരിക്കുവാന്‍ സംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതു മുന്നണി ബാധ്യസ്ഥരാണ്. 2013 നവംബര്‍ മാസം 15-ാം തീയതി ഒരു ചാനല്‍ പുറത്തുവിട്ട വാര്‍ത്തയില്‍ കേരള സര്‍ക്കാര്‍ അനുവദിച്ച തുകയില്‍ ചെലവഴിക്കാന്‍ കഴിയാതെ വന്നിരുന്ന കോടികളുടെ കണക്കുകള്‍ ഉണ്ടായിരുന്നു.
2013ല്‍ പദ്ധതികള്‍ക്കായി കേരള സര്‍ക്കാര്‍ 4000 കോടിയും കേന്ദ്ര സര്‍ക്കാര്‍ 2207 കോടിയും അനുവദിച്ചിരുന്നു. ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെ 4000 കോടിയില്‍ നിന്നു ആദ്യത്തെ 4 മാസം വരെ ഒരു രൂപപോലും ചെലവു ചെയ്തിട്ടില്ല. ഏപ്രില്‍ മുതല്‍ ജൂലായ് വരെ 1370 കോടി മാത്രമെ ചെലവ് ചെയ്തുള്ളൂ!
ജനങ്ങള്‍ക്ക് കിട്ടേണ്ട പണം അവര്‍ക്ക് കിട്ടാതാക്കുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ അച്ചുതണ്ടിന്റെ ഒത്തുകളിക്കാണ് ഇക്കാലമത്രയും നാം സാക്ഷ്യം വഹിച്ചത്. ഫണ്ടുകള്‍ ചെലവഴിച്ചത് അതില്‍ നിന്ന് എത്ര മുക്കാമെന്നു മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയാണ്. ഇത്തരക്കാരെ വീണ്ടും അധികാരത്തിലേക്ക് കൊണ്ടുവരണോ എന്ന് ജനങ്ങള്‍ തീരുമാനമെടുക്കണം. ജനക്ഷേമഫണ്ടുകള്‍ അര്‍ഹതപ്പെട്ടവന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തിക്കുന്ന മാതൃക കേന്ദ്ര സര്‍ക്കാര്‍ കാട്ടിത്തന്നിട്ടുണ്ട്. അതു കേരള ജനതയുടെ കണ്ണും തുറപ്പിക്കുമെന്നു കരുതാം.
Comments