ചില പദങ്ങളെ സംഘം ഏതര്‍ത്ഥത്തിലാണ് ഉപയോഗിക്കുന്നതെന്നും അവകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്. ‘ഹിന്ദുത്വം’ എന്നത് ഇത്തരമൊരു വാക്കാണ്. അതിനെ ആരാധനയുമായി ബന്ധപ്പെടുത്തി സങ്കുചിതമാക്കി കാണിക്കുന്നു. ഹിന്ദുത്വം എന്നതുകൊണ്ട് അത്തരം സങ്കുചിതമായ അര്‍ത്ഥമല്ല സംഘം ഉദ്ദേശിക്കുന്നത്. നമ്മുടെ അസ്തിത്വം, ആദ്ധ്യാത്മികതയിലധിഷ്ഠിതമായ പാരമ്പര്യത്തിന്റെ നൈരന്തര്യം, മൂല്യങ്ങള്‍ എന്നിവയുടെ പ്രകടീകരണമാണ് ഹിന്ദുത്വം എന്നതുകൊണ്ട് സംഘം അര്‍ത്ഥമാക്കുന്നത്. ഭാരതവര്‍ഷത്തെ സ്വന്തമായി കണക്കാക്കുന്നവരും, അതിന്റെ സംസ്‌കാരത്തേയും മൂല്യങ്ങളേയും ആചരിക്കുന്നവരും, ഇത്തരം മൂല്യങ്ങളെ ജീവിതത്തില്‍ ആവിഷ്‌ക്കരിച്ച പൂര്‍വികപരമ്പരയില്‍ അഭിമാനിക്കുന്നവരുമായ 130 കോടി ജനങ്ങള്‍ക്കും ഈ വാക്ക് ബാധകമാണ് എന്നാണ് സംഘം വിശ്വസിക്കുന്നത്. ഈ വാക്ക് മറക്കുന്നതിലൂടെ നമ്മുടെ ദേശത്തേയും സമാജത്തെയും കോര്‍ത്തിണക്കുന്ന ഏകാത്മതയുടെ ധാര ദുര്‍ബലമാകും. രാജ്യത്തേയും സമാജത്തേയും തകര്‍ക്കാനും ഭിന്നിപ്പിക്കാനും ആഗ്രഹിക്കുന്നവര്‍, ഈ വാക്കിനെത്തന്നെ വിമര്‍ശനത്തിന്റേയും തിരസ്‌കരണത്തിന്റേയും തങ്ങളുടെ പ്രഥമലക്ഷ്യമാക്കുന്നത് ഇക്കാരണത്താലാണ്.
കാലങ്ങളായി ഹിന്ദുതത്ത്വചിന്തയുടെ ഭാഗമായി നിലനിന്നുപോരുന്ന വൈവിധ്യങ്ങളെ, ഭിന്നതകളായി ചിത്രീകരിച്ച് ഹിന്ദുത്വത്തെ അതില്‍ തളച്ചിടാനാണ് ശ്രമം. ഹിന്ദു എന്നത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെയോ ജാതിയുടെയോ പേരല്ല. ഏതെങ്കിലും പ്രാദേശിക ചിന്താഗതിയെയോ ഏതെങ്കിലും പ്രത്യേക ഭാഷ സംസാരിക്കുന്നവരെയോ അത് സൂചിപ്പിക്കുന്നില്ല. ഈ സവിശേഷമായ വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട്, ഭാരതഭക്തിയുടേയും മാനവസംസ്‌കാരത്തിന്റേയും വിശാലമായ പശ്ചാത്തലത്തില്‍ എല്ലാവരേയും ഒന്നിപ്പിക്കുന്ന വാക്കാണ് ഹിന്ദുത്വം. ഈ വാക്കിനെ അംഗീകരിക്കാന്‍ ഇഷ്ടമില്ലാത്ത ചിലരുണ്ടാകാം. മേല്‍പ്പറഞ്ഞ അര്‍ത്ഥം മനസ്സില്‍വെച്ചുകൊണ്ട് മറ്റൊരു വാക്ക് ഉപയോഗിക്കാന്‍ അവര്‍ക്കു കഴിയുമെങ്കില്‍ നാമതിനെ എതിര്‍ക്കുന്നില്ല. എന്നാല്‍ രാഷ്ട്രത്തിന്റെ ഏകാത്മതയും സുരക്ഷയും മുന്‍നിര്‍ത്തിയാണ് ഹിന്ദു എന്ന വാക്കിനെ, അതിന്റെ പ്രാദേശികവും വൈശ്വികവുമായ എല്ലാ അര്‍ത്ഥങ്ങളെയും ആവാഹിച്ചുകൊണ്ട് സംഘം ബോധപൂര്‍വം ഉപയോഗിക്കുന്നത്. ഹിന്ദുസ്ഥാനം ഹിന്ദുരാഷ്ട്രമാണെന്നു സംഘം പറയുമ്പോള്‍ അതിന് രാഷ്ട്രീയമോ അധികാരകേന്ദ്രീകൃതമോ ആയ ഒരു അര്‍ത്ഥവുമില്ല. ഹിന്ദുത്വം എന്നത് രാഷ്ട്രത്തിന്റെ സ്വത്വമാണ്. സമസ്ത രാഷ്ട്രജീവിതത്തിന്റേയും സാമാജികവും സാംസ്‌കാരികവു മായ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ദിശ നല്‍കുന്ന മൂല്യങ്ങളാണ് അത്. കൂടാതെ, വ്യക്തിപരവും കുടുംബപരവും തൊഴില്‍പരവും സാമൂഹികവുമായ ജീവിതത്തിലെ ഈ മൂല്യങ്ങളുടെ പ്രകടീകരണവുമാണ് ഹിന്ദു എന്ന വാക്കുകൊണ്ട് നിര്‍വ്വചിക്കുന്നത്. ഈ വാക്കിന്റെ പരിധിയില്‍ ഉള്‍പ്പെടാനോ ജീവിക്കാനോ ആരുംതന്നെ തങ്ങളുടെ ആരാധനാക്രമം, പ്രദേശം, ഭാഷ തുടങ്ങിയ ഒരു സവിശേഷതയും ഉപേക്ഷിക്കേണ്ടതില്ല. സ്വന്തം മനസ്സില്‍നിന്ന് വേറിടല്‍ മനോഭാവം അവസാനിപ്പിച്ചാല്‍ മാത്രം മതി. ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും അധീശത്വത്തിന്റെ തെറ്റായ സ്വപ്‌നങ്ങള്‍കാട്ടി വിഭാഗീയത വളര്‍ത്തുകയും ചെയ്യുന്നവരെ കരുതിയിരിക്കുകയും വേണം.
ഭാരതത്തിന്റെ വൈവിദ്ധ്യങ്ങള്‍ക്കിടയില്‍ അതിശക്തമായി നിലകൊള്ളുന്ന ഏകതയുടെ ചരടിനെ ഇല്ലാതാക്കാന്‍ നിന്ദ്യമായ പരിശ്രമങ്ങള്‍ നടന്നുവരുന്നു. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കിടയിലും ന്യൂനപക്ഷങ്ങളെന്ന് വിളിക്കപ്പെടുന്നവര്‍ക്കിടയിലും തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കിയും വിദ്വേഷപ്രചരണങ്ങള്‍ നടത്തിയുമാണ് ഈ ശ്രമം പുരോഗമിക്കുന്നത്. ‘ഭാരത് തേരെ ടുകഡെ ഹോംഗെ’ (ഭാരതത്തെ ഛിന്നഭിന്നമാക്കും) തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നവരാണ് ഈ ഗൂഢാലോചനാ സംഘത്തിന് നേതൃത്വം നല്‍കുന്നത്. സ്വാര്‍ത്ഥമതികളായ രാഷ്ട്രീയക്കാര്‍, വേറിടല്‍ മനോഭാവമുള്ളവര്‍, ഭാരതത്തോട് ശത്രുതയുള്ളവര്‍, ആഗോള അധിനിവേശം ആഗ്രഹിക്കുന്നവര്‍ എന്നിവരുടെ ഒരു വിചിത്രകൂട്ടായ്മയാണ് ഭാരതത്തിന്റെ ദേശീയ ഏകാത്മതയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നത്. ഇതു മനസ്സിലാക്കി ക്ഷമയോടെ പ്രവര്‍ത്തിക്കണം. ഇവരുടെ സ്വാധീനത്തില്‍പ്പെടാതെ സമാധാനപരവും ഭരണഘടനാനുസൃതവുമായ മാര്‍ഗങ്ങളിലൂടെ സമാജത്തെ ഏകോപിപ്പിക്കുവാന്‍ നമുക്കാകണം. സംയമനത്തോടും സമചിത്തതയോടും എല്ലാവരുടെയും താത്പര്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടും മുന്നേറാനായാല്‍ പരസ്പരവിശ്വാസത്തിന്റേതായ അന്തരീക്ഷം നിലനിര്‍ത്താനാകും. സമന്വയത്തിലൂടെയുള്ള പ്രശ്‌നപരിഹാരം ഇത്തരം അന്തരീക്ഷത്തിലേ സാദ്ധ്യമാകൂ. ഇതിന് വിപരീതമായ ആചരണം പരസ്പരം അവിശ്വാസം വളര്‍ത്തും. അവിശ്വാസത്തിന്റെ കണ്ണിലൂടെ നോക്കിയാല്‍ പ്രശ്‌നപരിഹാരം സാദ്ധ്യമല്ല. പ്രശ്‌നത്തിന്റെ സ്വഭാവം മനസ്സിലാക്കാനും വിഷമമാവും. പ്രതിക്രിയാത്മകവും ഭയജന്യവുമായ എതിര്‍പ്പുകള്‍ അനിയന്ത്രിതമായ കലാപത്തിനും അതുവഴി ജനങ്ങളില്‍ വിഭാഗീയത ശക്തിപ്പെടാനും ഇടനല്‍കും.
നമ്മില്‍ എല്ലാവരിലുമായി നിലകൊള്ളുന്ന പൊതു അസ്മിത എന്ന വിശാല സ്വത്വത്തെ അംഗീകരിക്കുക വഴി നമുക്ക് പരസ്പരവിശ്വാസം, സ്‌നേഹം, സാഹോദര്യം എന്നിവയുടെ അന്തരീക്ഷം വളര്‍ത്താനാകും. രാഷ്ട്രീയ ലാഭനഷ്ടങ്ങള്‍ നോക്കി പ്രവര്‍ത്തിക്കുന്ന രീതി നാം ഒഴിവാക്കണം. ഭാരതത്തില്‍ നിന്നും വേര്‍പെട്ട് ഭാരതീയര്‍ക്ക് ജീവിക്കാനാവില്ല; ഇതിനുവേണ്ടി നടന്നിട്ടുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിട്ടേ ഉള്ളൂ എന്ന കാര്യം നാം മറക്കരുത്. ഒരേ ഭാവനയോടെ മുന്നോട്ടുപോയെങ്കിലേ സ്വന്തം പുരോഗതിയും സാദ്ധ്യമാകൂ എന്നത് നാം മനസ്സിലാക്കണം. ഭാരതത്തിന്റെ വൈകാരികമായ ഐക്യത്തിന്റേയും, എല്ലാ വൈവിധ്യങ്ങളേയും ഉള്‍ക്കൊള്ളുന്നതിനും അംഗീകരിക്കുന്നതിനും ഉള്ള മനോഭാവത്തിന്റേയും അടിസ്ഥാനം, ഹിന്ദുസംസ്‌കാരവും ഹിന്ദുപാരമ്പര്യവും ഹിന്ദുസമാജത്തിന്റെ സഹിഷ്ണുതയുമാണ്.
സ്വദേശിയിലൂടെ സ്വാശ്രയത്വം
ഹിന്ദു എന്ന വാക്ക് സംഘത്തിന്റെ എല്ലാ പ്രഭാഷണങ്ങളിലും പതിവാണ്. എങ്കിലും വീണ്ടും ഇതിവിടെ ചര്‍ച്ച ചെയ്യുന്നതിന് കാരണം ഇക്കാലത്ത് മറ്റുചില വാക്കുകളും ഇതുമായി ബന്ധപ്പെട്ട് പ്രചാരത്തില്‍ വന്നിട്ടുണ്ട് എന്നതാണ്. ഉദാഹരണത്തിന് ‘സ്വദേശി’ എന്നത് സ്ഥിരമുള്ള ഒരു പ്രയോഗമാണ്. ഇതിലെ ‘സ്വ’ എന്നതാണ് ഹിന്ദുത്വത്തെ സൂചിപ്പിക്കുന്നത്. മുഴുവന്‍ ലോകത്തേയും ഒരു കുടുംബമായിക്കണ്ട്, സര്‍വമതസമന്വയത്തിന്റേയും സഹിഷ്ണുതയുടേയുമായ ഈ രാഷ്ട്രത്തിന്റെ സനാതനസ്വഭാവമാണ് സ്വാമി വിവേകാനന്ദന്‍ അമേരിക്കയില്‍ ഉദ്‌ഘോഷിച്ചത്. ‘സ്വദേശിസമാജം’ എന്ന പ്രബന്ധത്തിലൂടെ മഹാകവി രവീന്ദ്രനാഥ ടാഗൂറും ഭാരതീയനവോത്ഥാനത്തിന്റെ അടിത്തറയായി സൂചിപ്പിച്ചത് ഇതേ കാര്യം തന്നെയാണ്. ശ്രീ അരവിന്ദന്‍ തന്റെ ഉത്തരപ്പാറ പ്രസംഗത്തിലും ഇതുതന്നെയാണ് ഉദ്‌ഘോഷിച്ചത്. 1857നുശേഷം ഇവിടെ നടന്ന എല്ലാവിധ ആത്മവിശകലനങ്ങളും ചിന്തകളും, സമാജത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള സക്രിയതയുടെ പ്രത്യക്ഷമായ അനുഭവവും നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നമ്മുടെ ഇതേ ആത്മാവിനെത്തന്നെയാണ് ഭരണഘടന ഉദ്‌ഘോഷിക്കുന്നത്. ഇതേ ‘സ്വ’ തന്നെയാകണം നമ്മുടെ ബൗദ്ധികവ്യവഹാരങ്ങളെയും കര്‍മ്മപദ്ധതികളെയും സ്വാധീനിക്കേണ്ടത്. നമ്മുടെ രാഷ്ട്രത്തിന്റെ പൊതുബോധത്തെ പ്രോജ്വലമാക്കി ദിശാബോധം നല്‍കേണ്ടതും ഇതുതന്നെ. നമ്മുടെ ഭൗതികപരിശ്രമങ്ങളുടെ ഫലപ്രാപ്തിയും ഇതേ തത്ത്വത്തിലൂന്നിയാകണം. അപ്പോള്‍ മാത്രമെ ഭാരതം സ്വയംപര്യാപ്തമാകൂ.

ഉല്‍പ്പാദനകേന്ദ്രങ്ങള്‍, ഉല്‍പ്പാദനത്തിനുവേണ്ട ക്രിയാശക്തി, ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ കിട്ടുന്ന ലാഭം, ഉല്‍പ്പാദനത്തിനുള്ള അവകാശം എന്നിവയെല്ലാം നമ്മുടെ രാഷ്ട്രത്തിന്റെ നിയന്ത്രണത്തിലാകണം. എന്നാല്‍ സ്വദേശിമാര്‍ഗം ഇതുകൊണ്ട് പൂര്‍ണമാകില്ല. സ്വാശ്രയത്വത്തിന്റെയും അഹിംസയുടെയും ചേരുവയെയാണ് സ്വദേശി എന്നതിലൂടെ വിനോബാജി ഉദ്ദേശിച്ചത്. ദേശീയ പരമാധികാരം, സ്വാശ്രയത്വം എന്നിവ നേടിയെടുത്തുകൊണ്ടുതന്നെ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉപരിയായി അന്തര്‍ദേശീയ സഹകരണം എന്ന ആശയമാണ് സ്വദേശിയിലൂടെ ആദരണീയ ഠേംഗ്ഡിജി മുന്നോട്ടുവെച്ചതും.
ഭാവിയില്‍ സ്വാശ്രയത്വം നേടുന്നതിനായി, തുല്യതയുടെ അടിസ്ഥാനത്തിലോ നമ്മുടെ നിബന്ധനകളുടെ അടിസ്ഥാനത്തിലോ അന്താരാഷ്ട്ര വ്യാപാരരംഗത്തെ കൊടുക്കല്‍ വാങ്ങലുകളുടെ ഭാഗമായി ചില കമ്പനികളെ ക്ഷണിക്കേണ്ടി വന്നേയ്ക്കാം. നമുക്കില്ലാത്ത സാങ്കേതികവിദ്യ ലഭ്യമാക്കുന്നതിനായി അവര്‍ക്ക് ചില സൗകര്യങ്ങള്‍ ചെയ്തുകൊടുക്കേണ്ടിയും വരാം. ഇതിലൊന്നും എതിര്‍പ്പുകളില്ല. പക്ഷെ ഈ തീരുമാനം സമവായത്തോടെയായിരിക്കണം.
സ്വാശ്രയത്വം എന്ന വാക്കില്‍ തന്നെ ‘സ്വ’ ഉണ്ട്. നമ്മുടെ ലക്ഷ്യവും മാര്‍ഗവും നിര്‍ണയിക്കുന്നത് നമ്മുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ചായിരിക്കണം. ലോകത്തില്‍ മറ്റുള്ളവര്‍ നടത്തുന്ന വൃഥാവ്യായാമങ്ങളിലൂടെ ഏതെങ്കിലും ഉന്നതസ്ഥാനത്തെത്താന്‍ നമുക്കായാല്‍ അത് മഹാകാര്യം തന്നെയാണ്. എന്നാല്‍ അവിടെ ‘സ്വത്വ’ത്തിന്റെ തെളിച്ചമോ പങ്കാളിത്തമോ ഉണ്ടാകില്ല. ഉദാഹരണത്തിന്, കാര്‍ഷികനയം രൂപീകരിക്കുമ്പോള്‍ അതില്‍ നമ്മുടെ കര്‍ഷകര്‍ക്ക് തങ്ങള്‍ക്കാവശ്യമായ വിത്തിനങ്ങള്‍ സ്വയം വികസിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകണം. വളവും കീടനാശിനികളും ഉണ്ടാക്കാനോ തൊട്ടടുത്ത ഗ്രാമങ്ങളില്‍നിന്നും ശേഖരിക്കാനോ അവര്‍ക്ക് കഴിയണം. ഉല്‍പ്പന്നം ശേഖരിക്കാനും സംസ്‌ക്കരിക്കാനുമുള്ള സൗകര്യങ്ങള്‍ സമീപത്ത് ലഭ്യമാകണം. നമുക്ക് വിശാലവും വേരോട്ടമുള്ളതുമായ ഒരു കാര്‍ഷികചരിത്രമുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ നയങ്ങള്‍ അവരെ ആധുനിക കൃഷിശാസ്ത്രം ബോദ്ധ്യപ്പെടുത്തുന്നതും അതിനെ കാലപ്പഴക്കമുള്ള ആനുകാലികപ്രസക്തിയുള്ള പരമ്പരാഗത കൃഷിരീതികളോട് ചേര്‍ത്തുവെയ്ക്കാന്‍ സഹായിക്കുന്നതുമാകണം.
തങ്ങളുടെ താത്പര്യത്തിനനുസരിച്ച് ആധുനികഗവേഷണഫലങ്ങളെ വ്യാഖ്യാനിച്ചുകൊണ്ട് നയങ്ങളെ സ്വാധീനിച്ച് ലാഭം നേടാനുള്ള കമ്പോളശക്തികളുടെ ചതിയില്‍ പെടാതെയും; കമ്പോളത്തിന്റേയും ഇടനിലക്കാരുടേയും ഇടപെടലിന്റെ വലകളില്‍പ്പെട്ടുപോകാതെയും തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള സാഹചര്യം കര്‍ഷകര്‍ക്കുണ്ടാകണം. അത്തരം ഒരു നയം മാത്രമേ ‘സ്വദേശി കാര്‍ഷികനയം’ എന്ന ഭാരതീയസങ്കല്‍പ്പത്തോട് ചേര്‍ന്നുപോകൂ. നിലവിലെ കാര്‍ഷിക-സാമ്പത്തിക സംവിധാനത്തില്‍ ഇതു നടപ്പാക്കുക പ്രയാസമായേക്കാം. അത്തരമൊരു സാഹചര്യത്തില്‍ ഉചിതമായ ഒരു അന്തരീക്ഷം ഉണ്ടാകുവാനുള്ള നയപരിപാടികള്‍ക്ക് ഊന്നല്‍ നല്‍കണം.
നമ്മുടെ സാമ്പത്തിക, കാര്‍ഷിക, തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ ‘സ്വ’ ചേര്‍ത്തുവെയ്ക്കാനുള്ള ചില ക്രിയാത്മകശ്രമങ്ങള്‍ നടന്നിട്ടുണ്ട്. വിശാലമായ ചര്‍ച്ചകള്‍ക്കും കൂടിയാലോചനങ്ങള്‍ക്കും ശേഷമാണ് പുതിയ വിദ്യാഭ്യാസനയം പ്രഖ്യാപിച്ചതും കൊണ്ടുവന്നതും. മുഴുവന്‍ വിദ്യാഭ്യാസ മേഖലയ്ക്കും ഒപ്പം സംഘവും അതിനെ സ്വാഗതം ചെയ്തു. സ്വദേശിയുടെ സാദ്ധ്യതകള്‍ കണ്ടെത്താനുള്ള മഹത്തായ പരിശ്രമമാണ് ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ എന്നുള്ളത്. എന്നാല്‍ ഇത് ഫലപ്രദമായി നടപ്പാക്കണമെങ്കില്‍ അവസാനനിമിഷം വരെയും കൃത്യമായ നിരീക്ഷണവും മേല്‍നോട്ടവും വേണം. മേല്‍പ്പറഞ്ഞ വിശാലമായ പരിപ്രേക്ഷ്യത്തില്‍ കൂടി നമുക്ക് ‘സ്വ’ അഥവാ സ്വത്വം എന്ന വികാരം ഉണ്ടാക്കിയെടുക്കാന്‍ കഴിയണം. ഇതുവഴി നമുക്ക് ശരിയായ ദിശയില്‍ മുന്നേറാനാകും.
(തുടരും)