വിജയദശമി ആഘോഷങ്ങളില്‍ പങ്കെടുക്കാവുന്ന സംഖ്യയില്‍ ഈ വര്‍ഷം നിയന്ത്രണങ്ങളുണ്ടെന്ന് നമുക്കറിയാം. കൊറോണ വ്യാപനം കാരണം എല്ലാ പൊതുപരിപാടികളിലും നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്തിട്ടുള്ളതെന്ന ബോദ്ധ്യവും നമുക്കുണ്ട്.
കഴിഞ്ഞ മാര്‍ച്ചുമുതല്‍ ലോകത്തിലെ സംഭവങ്ങളെയെല്ലാം സംബന്ധിച്ച ചര്‍ച്ചകളിലും കൊറോണ നിഴല്‍ പരത്തിയിരിക്കുകയാണ്. കഴിഞ്ഞ വിജയദശമി മുതല്‍ ഇന്നുവരെയുള്ള സമയത്ത് ശ്രദ്ധേയമായ നിരവധി സംഭവങ്ങളുണ്ടായി. 2019-ലെ വിജയദശമിക്കു മുമ്പുതന്നെ പാര്‍ലമെന്ററി നടപടിക്രമങ്ങളെല്ലാം പാലിച്ചുകൊണ്ട് ഭരണഘടനയുടെ 370-ാം വകുപ്പ് ഭേദഗതി വരുത്തിയിരുന്നു. ദീപാവലിക്ക് ശേഷം 2019 നവംബര്‍ ഒന്‍പതിന് രാമജന്മഭൂമി കേസില്‍ ബഹുമാനപ്പെട്ട സുപ്രീംകോടതി അസന്നിഗ്ധവും ഐതിഹാസികവുമായ വിധി പ്രഖ്യാപിച്ചു. കോടതിവിധിയെ ഭാരതീയ ജനസമൂഹം എത്ര സംയമനത്തോടെയും ധാരണയോടെയും, എന്നാല്‍ ഉത്സാഹവും ഭക്തിയും കൈവിടാതെയുമാണ് സ്വീകരിച്ചത് എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ആഗസ്റ്റ് അഞ്ചിന് അയോദ്ധ്യയില്‍ നടന്ന, ഉടനെ നിര്‍മ്മിക്കേണ്ട രാമക്ഷേത്രത്തിന്റെ ശിലാന്യാസവും ഭൂമിപൂജയും.
ഭരണഘടനാനുസൃതമാര്‍ഗങ്ങളിലൂടെ പൗരത്വനിയമ ഭേദഗതിയും പാര്‍ലമെന്റ് പാസ്സാക്കി. ചില അയല്‍രാജ്യങ്ങളില്‍ മതത്തിന്റെ പേരില്‍ പീഡനത്തിനും വിവേചനത്തിനും വിധേയരായി, ഭാരതത്തിലേക്ക് അഭയാര്‍ത്ഥികളായി വരേണ്ടിവന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് ഭാരതപൗരത്വം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു നിയമനിര്‍മാണം. മതപീഡനത്തിന്റെ ചരിത്രമാണ് പ്രസ്തുത അയല്‍രാജ്യങ്ങള്‍ ക്കുള്ളത്. പൗരത്വനിയമഭേദഗതി ഏതെങ്കിലും മതവിഭാഗത്തിന് എതിരല്ല. ഭാരതത്തിലേയ്ക്ക് വരുന്ന വിദേശീയര്‍ക്ക് പൗരത്വം ലഭിക്കുവാനുള്ള ഭരണഘടനാചട്ടങ്ങള്‍ അതേപടി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ നിയമത്തെ എതിര്‍ക്കാന്‍ ആഗ്രഹിച്ചവര്‍, മുസ്ലീം ജനസംഖ്യയെ നിയന്ത്രിക്കുന്നതിനുള്ള ഒന്നാണ് ഈ നിയമഭേദഗതി എന്ന തെറ്റായ പ്രചരണത്തിലൂടെ നമ്മുടെ മുസ്ലീം സഹോദരന്മാരെ വഴിതെറ്റിക്കാന്‍ പരിശ്രമിച്ചു. ഇത്തരം കുപ്രചരണങ്ങളെ മുതലെടുത്ത്, ആസൂത്രിതമായി അതിക്രമങ്ങള്‍ അഴിച്ചുവിട്ട് സാമൂഹ്യ അസ്വസ്ഥത സൃഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെ, ചില അക്രമകാരികള്‍ പ്രതിഷേധപരിപാടികളില്‍ നുഴഞ്ഞുകയറി. ഇതിന്റെ പ്രത്യാഘാതമെന്നോണം രാജ്യത്ത് ഉത്കണ്ഠാജനകമായ ഒരു അന്തരീക്ഷമുണ്ടാവുകയും മതസൗഹാര്‍ദ്ദത്തില്‍ വിള്ളലുണ്ടാവുകയും ചെയ്തു. ഇതു പരിഹരിക്കുന്നതിനായി എന്തെങ്കിലും ആലോചിക്കുവാന്‍ കഴിയുംമുമ്പുതന്നെ കൊറോണ മഹാമാരി കടന്നുവന്നതിനാല്‍ ജനങ്ങളുടേയും മാധ്യമങ്ങളുടേയും ചര്‍ച്ചകളില്‍നിന്ന് ഇത്തരം വിഷയങ്ങള്‍ അപ്രത്യക്ഷമായി. കലാപകാരികളും അവസരവാദികളും സംഘര്‍ഷം ഊതിക്കത്തിക്കാന്‍ അണിയറയില്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ കൊറോണയെ പറ്റിയുള്ള ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കിടയില്‍, ഇത്തരം ശക്തികളെ പിന്താങ്ങു ന്ന ചിലരിലൊഴിച്ച്, ജനമനസ്സുകളിലോ മാധ്യമങ്ങളുടെ തലക്കെട്ടിലോ ഇവര്‍ക്ക് സ്ഥാനം ലഭിച്ചില്ല.
കൊറോണ മഹാമാരിയും അതിജീവനവും
കൊറോണയുടെ കാര്യത്തില്‍ ലോകം മുഴുവന്‍ ഇന്ന് സമാനസാഹചര്യമാണുള്ളത്. പക്ഷെ, മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, ഈ വിഷമഘട്ടത്തില്‍ ഭാരതം കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് കാണാം. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഭാരതത്തില്‍ ഇതിന്റെ ദുഷ്പ്രഭാവം കുറഞ്ഞതിന് ചില കാരണങ്ങളുണ്ട്. ഭരണസംവിധാനം ഈ മഹാമാരിയെക്കുറിച്ച് മുഴുവന്‍ ജനങ്ങളേയും വളരെ താല്‍പര്യത്തോടെ ജാഗരൂകരാക്കി. ഈ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട വഴികള്‍ ജനങ്ങള്‍ക്ക് പറഞ്ഞുകൊടുത്തു. അതിലേറെ കരുതലോടെ അവ നടപ്പാക്കുന്നതിനുള്ള വ്യവസ്ഥകളും ചെയ്തു. മാധ്യമങ്ങളിലും ഇതുതന്നെയായിരുന്നു പ്രധാനവാര്‍ത്ത. ഇതുമൂലം സാധാരണക്കാര്‍ക്കിടയില്‍ ഒരു ഭീതി ഉടലെടുത്തെങ്കിലും ജാഗ്രത പുലര്‍ത്തുന്നതിലും നിയമം പാലിക്കുന്നതിലും അവര്‍ കൂടുതല്‍ ശ്രദ്ധ കാണിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിവിധ ചികിത്സാപദ്ധതികളിലുള്ള ഡോക്ടര്‍മാര്‍, സുരക്ഷാഉദ്യോഗസ്ഥര്‍, ശുചീകരണപ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരും അനിതരസാധാരണമായ കര്‍ത്തവ്യബോധത്തോടെയാണ് രോഗബാധിതരെ പരിചരിച്ചത്. സ്വന്തം കുടുംബാംഗങ്ങളില്‍നിന്ന് അകന്നുനിന്നുകൊണ്ട,് വൈറസ് ഭീതിയിലും യുദ്ധമുഖത്തെന്ന പോലെ പൂര്‍ണസമയവും സാഹസികമായി ഇവര്‍ പ്രവര്‍ത്തിച്ചു.
സഹജീവികളുടെ ആവശ്യകതകള്‍ കണ്ടറിഞ്ഞ് അവ പൂര്‍ത്തീകരിക്കാനായി എല്ലാവരും സ്വയം മുന്നോട്ടുവന്നു. പരാധീനരുടെ ആവശ്യങ്ങളെ സ്വന്തം താത്പര്യത്തിനായി ചൂഷണം ചെയ്യുന്നതും പലയിടത്തും ശ്രദ്ധയില്‍പ്പെട്ടു. എങ്കിലും ഭരണനിര്‍വഹണസംവിധാനങ്ങളും പൊതുസമൂഹവും തമ്മിലുള്ള പരസ്പരവിശ്വാസവും സഹകരണവും തന്നെയാണ് പ്രധാനമായും കാണാന്‍ കഴിഞ്ഞത്. നമ്മുടെ സമൂഹത്തിലെ മാതൃശക്തിയും സ്വയം പ്രേരിതരായി ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. മഹാമാരിമൂലം മാറിത്താമസിക്കേണ്ടിവന്നവരും ജോലി നഷ്ടപ്പെട്ടവരും വിശപ്പും മറ്റ് വിഷമതകളും പേറേണ്ടിവന്നവരും അതിനെയെല്ലാം ക്ഷമയോടെ ഉള്‍ക്കൊണ്ടു. സ്വന്തം കഷ്ടതകളെ മറന്നും മറ്റുള്ളവരുടെ സഹായത്തിനായി ഇറങ്ങിവന്നവരുടേതായ അനുഭവങ്ങളും ഇക്കൂട്ടത്തിലുണ്ട്. വിദൂരസ്ഥലങ്ങളില്‍ പെട്ടുപോയവരെ വീട്ടിലെത്തിക്കുന്നതിനും യാത്രാമദ്ധ്യേ അവര്‍ക്ക് ഭക്ഷണവും താമസവും ഒരുക്കുന്നതിനും രോഗബാധിതരുടെ വീട്ടുപടിക്കല്‍ മരുന്നും നിത്യോപയോഗസാധനങ്ങളും എത്തിക്കുന്നതിനുമെല്ലാം സമൂഹം നടത്തിയ പരിശ്രമങ്ങള്‍ വളരെയേറെയാണ്. ഏകതാബോധത്തിന്റെയും സംവേദനത്തിന്റേയും തെളിവുകളെന്നോണം തീക്ഷ്ണമായ ഈ വിപത്തിനെ മറികടക്കുന്ന തരത്തില്‍ വലിയ തോതിലുള്ള സഹായസംരംഭങ്ങള്‍ക്കും തുടക്കമിട്ടു. വ്യക്തിജീവിതത്തിലെ ശുചിത്വപാലനം, ആരോഗ്യപാലനം, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയവയ്ക്ക് നമ്മുടെ പരമ്പരാഗതരീതികളും ആയുര്‍വേദവും ഈ ഘട്ടത്തില്‍ പ്രയോജനപ്പെട്ടു.
നമ്മുടെ സമാജത്തിന്റെ ഏകരസത, സഹജമായ സഹാനുഭൂതി, പ്രതിസന്ധിഘട്ടങ്ങളില്‍ ഒരുമിച്ചു നില്‍ക്കാനുള്ള കഴിവ് എന്നിങ്ങനെ, ‘സാമൂഹ്യമൂലധനം’ (Social Capital) എന്ന പേരില്‍ നൂറ്റാണ്ടുകളായുള്ള നമ്മുടെ സാംസ്‌കാരികപാരമ്പര്യം അവകാശപ്പെടുന്നവയെല്ലാം പ്രതിഫലിച്ചുകണ്ട സമയമായിരുന്നു ഇത്. ഇത്തരത്തിലുള്ള ഒരു ആത്മവിശ്വാസവും ക്ഷമയും കൂട്ടായ്മയും സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായാണ് പലര്‍ക്കും അനുഭവപ്പെട്ടത്. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ, ജീവിക്കുന്നവരും ബലിദാനികളുമായ എല്ലാ സഹോദരീസഹോദരന്മാരേയും ഡോക്ടര്‍മാരേയും ആരോഗ്യപ്രവര്‍ത്തകരേയും സമൂഹത്തിന്റെ വിഭിന്നമേഖലകളില്‍ ഉള്ള സേവനതത്പരരായ വ്യക്തികളേയും സംഘടനകളേയും ഞാന്‍ ആദരപൂര്‍വ്വം നമിക്കുകയാണ്. അവരെല്ലാം ധന്യരാണ്. ബലിദാനികളുടെ പാവനസ്മരണയ്ക്ക് നമ്മുടെ ഹൃദയപൂര്‍വമായ ആദരാഞ്ജലികള്‍ അര്‍പ്പിക്കാം.
വ്യത്യസ്തമായ ഒരു സേവനപന്ഥാവിലൂടെ മാത്രമേ ഇന്നത്തെ സാഹചര്യത്തെ അതിജീവിക്കാനാകൂ. വിദ്യാലയങ്ങള്‍ പുനരാരംഭിക്കണം, അദ്ധ്യാപകര്‍ക്ക് വേതനം നല്‍കണം, ഫീസ് കണ്ടെത്തി കുട്ടികളെ കോളേജുകളിലേയ്ക്കും സ്‌കൂളുകളിലേയ്ക്കും വീണ്ടും അയയ്ക്കണം എന്നു തുടങ്ങിയവയെല്ലാം ഇപ്പോഴത്തെ പ്രശ്‌നങ്ങളാണ്. ഫീസ് ലഭിക്കാതെ വിദ്യാലയങ്ങളില്‍ അദ്ധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാനാവില്ല. ജോലി നഷ്ടപ്പെടുകയോ ബിസിനസ്സ് അടച്ചുപൂട്ടപ്പെടുകയോ ചെയ്ത രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ ഫീസ് കൊടുക്കാന്‍ മാര്‍ഗമില്ലാത്ത അവസ്ഥയാണുള്ളത്. സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനും അദ്ധ്യാപകര്‍ക്ക് വേതനം കിട്ടുന്നതിനും കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും ചില സഹായങ്ങള്‍ ചെയ്യേണ്ടതായി വരും. പലര്‍ക്കും ജോലി നഷ്ടമായിട്ടുണ്ട്. പഴയ മേഖലയില്‍ തൊഴില്‍ സാദ്ധ്യതയില്ലാത്തതിനാല്‍ ഇവര്‍ക്ക് പുതിയവ കണ്ടെത്തേണ്ടിവരും. പുതിയ മേഖലയിലെ ജോലിക്ക് ആവശ്യമായ പരിശീലനം വേണം. ഇവയെല്ലാം തൊഴില്‍ നഷ്ടപ്പെട്ടവരുടെ പ്രശ്‌നങ്ങളായി അവശേഷിച്ചിരിക്കുന്നു. സ്വന്തം സ്ഥലങ്ങളിലേയ്ക്ക് തിരിച്ചുപോയ മുഴുവന്‍ തൊഴിലാളികള്‍ക്കും വീണ്ടും തൊഴില്‍ ലഭിക്കണമെന്നില്ല. പോയവരുടെ ഒഴിവുകള്‍ നികത്താന്‍ എല്ലാ സ്ഥലത്തും പകരക്കാരെ കിട്ടണമെന്നുമില്ല. അതുകൊണ്ടുതന്നെ തൊഴിലവസരങ്ങള്‍ ഉണ്ടാക്കലും തൊഴില്‍ പരിശീലനം നല്‍കലും അത്യാവശ്യമാണ്. ഈ സാഹചര്യത്തില്‍ കുടുംബങ്ങളിലും സമാജത്തിലും മാനസികസമ്മര്‍ദ്ദം രൂപപ്പെടും. വിഷാദരോഗത്തിനടിമപ്പെട്ടും കുറ്റകൃത്യങ്ങള്‍, ആത്മഹത്യ എന്നിവയ്ക്ക് അടിപ്പെട്ടുമെല്ലാം സമാജത്തില്‍ ഉണ്ടായേക്കാവുന്ന തിന്മകളെ ഒഴിവാക്കാന്‍ അത്തരക്കാര്‍ക്ക് വ്യാപകമായി കൗണ്‍സിലിംഗും നല്‍കേണ്ടതുണ്ട്.
ഈ പ്രതിസന്ധികാലത്ത് സമാജത്തിനാവശ്യമായ എല്ലാവിധ പ്രവര്‍ത്തനങ്ങളും മാര്‍ച്ചുമുതല്‍ക്കു തന്നെ സ്വയംസേവകര്‍ ആരംഭിച്ചിട്ടുണ്ട്. സേവനത്തിന്റെ ഈ പുതിയ ഘട്ടത്തിലും അവര്‍ സര്‍വാത്മനാ സക്രിയരായിരിക്കും. സമൂഹത്തിലെ മറ്റു സജ്ജനങ്ങളും ദീര്‍ഘകാലത്തേയ്ക്ക് നീണ്ടുനില്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ അവസരോചിതമായി ഇടപെട്ട് വേണ്ടത് ചെയ്യുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.
കൊറോണ വൈറസിനെപ്പറ്റി ലോകത്തിന് വേണ്ടത്ര അറിവില്ല. ജനിതകമാറ്റം സംഭവിക്കുന്നതും വളരെ വേഗം പടര്‍ന്നുപിടിക്കുന്നതുമാണിത്. എന്നാല്‍ മാരകത്വം കുറവാണ്. അതിനാല്‍ ഈ രോഗാണുവിനോടൊപ്പം മുന്നോട്ടുപോയി ദീര്‍ഘകാലത്തേയ്ക്ക് സ്വയം സുരക്ഷ ഉറപ്പാക്കണം. അതോടൊപ്പം നമ്മുടെ സഹജീവികളുടെ സാമൂഹ്യവും സാമ്പത്തികവുമായ വെല്ലുവിളികള്‍ക്ക് പരിഹാരം കാണുവാന്‍വേ ണ്ടി ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും വേണം. ഭയത്തിനടിമപ്പെടാതെ ജാഗ്രത കൈവിടാതെ നമ്മള്‍ സക്രിയരായിരിക്കുകയും വേണം. സാമൂഹ്യജീവിതം സാധാരണനിലയിലാകുമ്പോള്‍ നിയമവും അച്ചടക്കവും പാലിക്കേണ്ടതും മറ്റുള്ളവരെ അതിനുവേണ്ടി പ്രേരിപ്പിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്.
മഹാമാരിക്കെതിരായ പോരാട്ടത്തിനിടയില്‍ സമൂഹത്തിന്റെ നവീനഭാവങ്ങളും തലങ്ങളും കാണാനായി. ആത്മപരിശോധനയുടെ ഒരു ചിന്താധാരയിലേയ്ക്ക് ലോകം മാറിക്കൊണ്ടിരിക്കുകയാണ്.’New Normal” (പുതിയ സാധാരണത്വം) എന്ന പ്രയോഗം വ്യാപകമായി കേട്ടുവരുന്നു. ജീവിതംതന്നെ ഏതാണ്ട് നിലച്ച മട്ടായി. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പലതും മഹാമാരിയുടെ വരവോടെ ഇല്ലാതായി. മനുഷ്യജീവിതത്തില്‍ കൃത്രിമമായി രൂപപ്പെട്ടുവന്ന കാര്യങ്ങള്‍ അപ്രത്യക്ഷമാവുകയും യഥാര്‍ത്ഥ ആവശ്യകതകള്‍ മാത്രം, നാമമാത്രമായിട്ടാണെങ്കിലും നിലനില്‍ക്കുകയും ചെയ്യുന്നു. ആദ്യ ഒരാഴ്ചകൊണ്ടുതന്നെ നാം ശ്വസിക്കുന്ന വായു ശുദ്ധമായി. നദികളും കുളങ്ങളും തോടുകളും മാലിന്യമുക്തമായി. സമീപത്തെ പാര്‍ക്കുകളിലും നഗരങ്ങളിലെ പൊതുസ്ഥലങ്ങളിലും പക്ഷികളുടെ കളകൂജനവും മറ്റും വീണ്ടും കേട്ടുതുടങ്ങി.
പണസമ്പാദനത്തിലും ഉപഭോഗവസ്തുക്കളിലും നോട്ടമിട്ടുപാഞ്ഞ നമ്മള്‍ ചില അടിസ്ഥാനകാര്യങ്ങളില്‍നിന്നും വ്യതിചലിച്ചിരുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ വീണ്ടും അവയെല്ലാം നാം സ്വീകരിച്ചു. അതിന്റെ ആനന്ദം പുതുതായി അനുഭവിക്കുകയും ചെയ്തു. അവയുടെ പ്രാധാന്യവും നമുക്ക് മനസ്സിലായി. നിത്യവും അനിത്യവും, ശാശ്വതവും താല്‍ക്കാലികവുമായ കാര്യങ്ങള്‍ വേര്‍തിരിച്ചറിയാന്‍ ഈ മഹാമാരി ലോകത്തെ പഠിപ്പിച്ചു. സാംസ്‌കാരികമൂല്യങ്ങളുടെ പ്രാധാന്യം വീണ്ടും ജനങ്ങള്‍ക്ക് ബോദ്ധ്യപ്പെട്ടു. ഈ ബോദ്ധ്യത്തെ, ദേശകാലപരിതഃസ്ഥിതികള്‍ക്ക് അനുകൂലമായി എങ്ങനെ നടപ്പാക്കാന്‍ കഴിയുമെന്ന ചിന്ത കുടുംബങ്ങളില്‍ ആരംഭിച്ചു. പ്രകൃതിയോട് ഇണങ്ങി ജീവിക്കുവാനും കുടുംബസംവിധാനങ്ങളുടെ പ്രാധാന്യം ഒരിക്കല്‍ കൂടി മനസ്സിലാക്കുവാനും സമൂഹം സന്നദ്ധമായിരിക്കുന്നു. ഈ തിരിച്ചറിവുകളെല്ലാം മഹാമാരിയുടെ പാര്‍ശ്വഫലങ്ങള്‍ മാത്രമാണോ അതോ മാനവരാശിയുടെ ചിന്തയില്‍ വന്ന ശാശ്വതമായ മാറ്റമാണോ എന്നത് കാലം പറയട്ടെ. ഒന്നുറപ്പാണ്, ശാശ്വതമൂല്യങ്ങളിലേയ്ക്ക് മനുഷ്യബോധത്തെ ആകര്‍ഷിക്കാന്‍ ഈ താല്‍ക്കാലികസാഹചര്യം കാരണമായിട്ടുണ്ട്.
‘കമ്പോളവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ മുഴുവന്‍ ലോകത്തെയും ഏകോപിപ്പിക്കുക’ എന്ന ചിന്താഗതിക്കായിരുന്നു അടുത്തകാലംവരെ പ്രാമുഖ്യം. പുതിയ സംഭവവികാസങ്ങളോടെ നമ്മുടെ നന്മകളെ സംരക്ഷിച്ചും നിലനിര്‍ത്തിയും ലോകത്തോട് ഭാവാത്മകമായി എങ്ങനെ സഹകരിക്കാമെന്ന ചിന്താഗതി പ്രബലമായിട്ടുണ്ട്. സ്വദേശിയുടെ മഹത്വം വീണ്ടും ചര്‍ച്ചയായിട്ടുണ്ട്. ഭാരതീയകാഴ്ചപ്പാടില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളെ കൃത്യമായി നിര്‍വചിച്ചുകൊണ്ട്, നമ്മുടെ കാലാതിവര്‍ത്തിയായ മൂല്യങ്ങളിലേയ്ക്കും പാരമ്പര്യങ്ങളിലേയ്ക്കും മുന്നേറേണ്ടതുണ്ട്.
ചൈനയുടെ അധിനിവേശമോഹം
മഹാമാരിയുടെ പശ്ചാത്തലത്തില്‍ ചൈനയുടെ പങ്ക് തര്‍ക്കവിഷയമാണെന്ന് പറയാം. എങ്കിലും തങ്ങളുടെ സാമ്പത്തിക-സൈനികബലത്താല്‍ ഉന്മത്തരായി ഭാരതത്തിന്റെ അതിര്‍ത്തിയില്‍ അതിക്രമിച്ചുകയറുവാന്‍ അവര്‍ നടത്തിയ ഹീനമായ പരിശ്രമങ്ങള്‍ ലോകത്തിന് ബോദ്ധ്യമുള്ളതാണ്. ഭാരതത്തിലെ ഭരണകൂടവും സൈന്യവും ജനങ്ങളും ഈ കയ്യേറ്റത്തോട് അചഞ്ചലമായി ശക്തമായി പ്രതികരിച്ചു. ഈ ദൃഢനിശ്ചയവും ആത്മാഭിമാനവും ധൈര്യവും ചൈനയ്ക്ക് തിരിച്ചടിയായി. ഇനിയങ്ങോട്ടും നാം കരുതലോടെ ഉറച്ചുനില്‍ക്കണം. ചൈനയുടെ സാമ്രാജ്യവികസനമോഹങ്ങളെ ലോകം മുമ്പും പലതവണ തിരിച്ചറിഞ്ഞിട്ടുള്ളതാണ്. സാമ്പത്തിക-സൈനികമേഖലകളിലും, ആന്തരിക-ബാഹ്യസുരക്ഷാവ്യവസ്ഥകളിലും, അയല്‍രാജ്യങ്ങളോട് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്രബന്ധങ്ങളിലും ചൈനയേക്കാള്‍ മേല്‍ക്കൈ നേടുക എന്നതുമാത്രമാണ് അവരുടെ രാക്ഷസീയമോഹങ്ങളെ നിയന്ത്രിക്കാനുള്ള ഒരേയൊരു വഴി. നമ്മുടെ ഭരണാധികാരികളുടെ നയം ഈ ദിശയിലാണെന്നത് നമുക്ക് കാണാം. ഭാരതത്തിന്റെ അതിര്‍ത്തിയിലുള്ള, സമാനപ്രകൃതമുള്ള ശ്രീലങ്ക, ബംഗ്ലാദേശ്, ബ്രഹ്മദേശ് (മ്യാന്‍മാര്‍), നേപ്പാള്‍ തുടങ്ങി ഇന്ന് നമ്മോട് സൗഹൃദത്തിലുള്ള രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കണം. ഇതിനു തടസ്സമായി വരുന്ന വിവാദങ്ങളെയും എതിര്‍വാദങ്ങളെയും അതിവേഗം ഇല്ലാതാക്കാനും നമുക്ക് കഴിയണം.
എല്ലാവരുമായും സൗഹൃദമാണ് നാം ആഗ്രഹിക്കുന്നത്. അതാണ് നമ്മുടെ സ്വഭാവം. എന്നാല്‍ നമ്മുടെ ഈ സദ്ഭാവനയെ ദൗര്‍ബല്യമായി കണ്ട്, തങ്ങളുടെ ശക്തിപ്രദര്‍ശനത്താല്‍ ആരെങ്കിലും ഭാരതത്തെ നിയന്ത്രിക്കാനോ അടിച്ചമര്‍ത്താനോ തുനിഞ്ഞാല്‍ അത് വിലപ്പോവില്ല എന്ന് ഇതിനകം എല്ലാവര്‍ക്കും മനസ്സിലായിക്കാണും. നമ്മുടെ സൈനികരുടെ അചഞ്ചലമായ ദേശഭക്തിയും അദമ്യമായ ധൈര്യവും, ഭരണകൂടത്തിന്റെ സ്വാഭിമാനപൂര്‍ണമായ നയങ്ങളും, കൂടാതെ ജനങ്ങളുടെ അടങ്ങാത്ത നൈതികദാര്‍ഢ്യവും മൂലം ഇക്കാര്യം ചൈനയ്ക്കും ബോദ്ധ്യപ്പെട്ടുകാണും. അവരുടെ പെരുമാറ്റത്തിലും മാറ്റം വരേണ്ടതാണ്. അങ്ങനെ സംഭവിക്കാത്ത പക്ഷം നമ്മുടെ ജാഗ്രതയിലും സജ്ജീകരണത്തിലും നിശ്ചയദാര്‍ഢ്യത്തിലും കുറവൊന്നുമുണ്ടാകില്ലെന്നത് ജനങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്.
രാഷ്ട്രസുരക്ഷയ്ക്കും പരമാധികാരത്തിനും എതിരായ ബാഹ്യഭീഷണികള്‍ക്ക് നേരെ മാത്രമല്ല നാം ജാഗ്രത പുലര്‍ത്തേണ്ടത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്തിനകത്തുണ്ടായ നിരവധി സംഭവങ്ങള്‍ പരിശോധിച്ചുകഴിഞ്ഞാല്‍, ഈ ഗുരുതരസാഹചര്യത്തില്‍ സമൂഹത്തിന്റെ ജാഗ്രത, ധാരണ, സമരസത, കൂടാതെ ഭരണകൂടത്തിന്റെ സന്നദ്ധത എന്നിവയുടെ പ്രാധാന്യവും എല്ലാവര്‍ക്കും മനസ്സിലാകും. അധികാരത്തിനുപുറത്തായവരുടേയും വീണ്ടും അതിനാഗ്രഹിക്കുന്ന രാഷ്ട്രീയകക്ഷികളുടെയും അധികാരത്തിലേറാനുള്ള പരിശ്രമങ്ങള്‍ ജനാധിപത്യപ്രക്രിയയില്‍ സ്വാഭാവികമാണ്. ഈ പ്രക്രിയയിലും വിവേകപൂര്‍വ്വമായ പെരുമാറ്റമാണ് സ്വീകരിക്കേണ്ടത്. ഇത്തരം രാഷ്ട്രീയമത്സരങ്ങള്‍ ശത്രുക്കള്‍ തമ്മില്‍ രക്തച്ചൊരിച്ചിലുണ്ടാകുന്ന യുദ്ധം പോലെയാകരുത്. ആരോഗ്യകരമായ മത്സരം സ്വാഗതാര്‍ഹം തന്നെ. എന്നാല്‍ ഇതുമൂലം സമൂഹത്തില്‍ പക, വിദ്വേഷം, കാലുഷ്യം, ഭേദഭാവം എന്നിവ ഉളവാകരുത്. മത്സരിക്കുന്നവര്‍ക്കിടയിലെ ഭിന്നതകളായി കണ്ടും അവസരമാക്കാന്‍ കാത്തിരിക്കുന്നവര്‍ ഭാരതത്തിനകത്തും പുറത്തും സജീവമാണ്. നമ്മുടെ വൈവിദ്ധ്യങ്ങളെ ഭിന്നതകളായിക്കണ്ടും, പണ്ടുമുതലേ നിലനില്‍ക്കുന്ന ദൗര്‍ഭാഗ്യകരങ്ങളായ ഭേദഭാവനകളെ കൂടുതല്‍ സങ്കീര്‍ണമാക്കി ചിത്രീകരിച്ചും മുതലെടുക്കാന്‍ അവര്‍ പരിശ്രമിക്കും. അത്തരക്കാര്‍ക്ക് അവസരം ലഭ്യമാക്കുന്ന രീതിയിലുള്ള പെരുമാറ്റം നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. ഇതുപോലെയുള്ള പ്രവണതകളെയും കുറ്റകൃത്യങ്ങളെയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജനങ്ങളുടെ സഹകരണത്തോടെ കണ്ടെത്തി ഇല്ലാതാക്കണം. കുറ്റവാളികള്‍ക്ക് തക്ക ശിക്ഷ നല്‍കുന്നതിലൂടെ മാത്രമേ ഇതു സാദ്ധ്യമാകൂ. രാജ്യത്തിന്റെ ഐക്യത്തെ പ്രതികൂലമായി ബാധിക്കാത്തതാകണം സര്‍ക്കാര്‍നയങ്ങളോടുള്ള നമ്മുടെ എതിര്‍പ്പ്. ഭരണഘടനാതത്ത്വങ്ങളില്‍ നിന്നുകൊണ്ടും ജാതി, മതം, വര്‍ഗം, സംസ്ഥാനം, ഭാഷ എന്നീ പശ്ചാത്തലങ്ങളെ മനസ്സിലാക്കിക്കൊണ്ടും നാം പ്രവര്‍ത്തിക്കണം. ഇത്തരം കാര്യങ്ങളില്‍ ആത്മാര്‍ത്ഥതയില്ലാത്തവരും മൂല്യങ്ങളെ എതിര്‍ക്കുന്നവരുമായ ആള്‍ക്കാര്‍ ജനാധിപത്യം, ഭരണഘടന, നിയമവ്യവസ്ഥ, മതേതരത്വം എന്നിവയുടെ രക്ഷകര്‍ തങ്ങളാണെന്ന് അവകാശപ്പെട്ടുകൊണ്ട് സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ് ഇന്നത്തെ നിര്‍ഭാഗ്യകരമായ സ്ഥിതി. 1949 ആഗസ്റ്റ് 29ന് ഭരണഘടനാനിര്‍മാണസഭയില്‍ ആരാദ്ധ്യനായ ഡോ. ബി. ആര്‍. അംബേദ്കര്‍ ഇത്തരക്കാരെ ‘അരാജകത്വത്തിന്റെ രീതിശാസ്ത്രം'(Grammer of Anarchy)എന്നാണ് വിശേഷിപ്പിച്ചത്. ഇത്തരം പ്രച്ഛന്നശക്തികളെ തിരിച്ചറിഞ്ഞ് അവരുടെ ഗൂഢപദ്ധതികളെ നിര്‍വീര്യമാക്കുവാനും, തെറ്റിദ്ധരിക്കപ്പെട്ട് അവരുടെ കൂട്ടത്തില്‍ അകപ്പെട്ടുപോകാതിരിക്കാനും സമാജം പരിശീലിക്കേണ്ടിവരും. സംഘത്തെപ്പറ്റി ഇത്തരം ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാതെയിരിക്കണം.
(തുടരും)