കൊല്ലം: കേരള അഭിഭാഷക ക്ഷേമനിധിയിലെ കോടികളുടെ തട്ടിപ്പിനെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയെ എതിര്‍ക്കുന്ന നിലപാടില്‍ നിന്ന് ബാര്‍ കൗണ്‍സില്‍ പിന്മാറണമെന്ന് ഭാരതീയ അഭിഭാഷക പരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ.ആര്. രാജേന്ദ്രന് ആവശ്യപ്പെട്ടു.
ബാര്‍ കൗണ്‍സില്‍ നിലപാട് രാഷ്ട്രീയ പ്രേരിതമാണ്. ബാര്‍കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാതെയാണ് ഇടതുപക്ഷത്തിന് ഭൂരിപക്ഷമുള്ളതും സിപിഐ പ്രതിനിധി ചെയര്‍മാനുമായ ബാര്‍ കൗണ്‍സില്‍ സര്‍ക്കാരിനോട് ചേര്‍ന്ന് ഹര്‍ജിയെ എതിര്‍ക്കുന്നത്. ബാര്‍കൗണ്‍സില്‍ നിലപാട് അഭിഭാഷക വിരുദ്ധവും അഴിമതിക്കാരെ സഹായിക്കലുമാണ്. നിലവിലെ വിജിലന്‍സ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷക പരിഷത്ത് പ്രതിനിധി അടക്കമുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്. വര്‍ഷാവര്‍ഷം നിയമാനുസരണം നടക്കേണ്ടുന്ന ഓഡിറ്റിങ്ങ് പത്തുവര്‍ഷക്കാലം നടത്താതെയാണ് ഏകദേശം എട്ടുകോടിയോളം രൂപ ക്ഷേമനിധിയില്‍ നിന്നും തട്ടിയെടുത്തതെന്നും ആര്. രാജേന്ദ്രന് ആരോപിച്ചു.