തൃശൂര്‍: വളരുന്ന തലമുറയില്‍ സേവനമനോഭാവം സൃഷ്ടിക്കാന്‍ സാധിക്കുക മാതൃശക്തിക്കാണെന്ന് മുന്‍ സംസ്ഥാന വനിതാ കമ്മീഷന് അംഗവും ബിജെപി സംസ്ഥാന ഉപാധ്യക്ഷയുമായ ഡോ.ജെ.പ്രമീളദേവി പറഞ്ഞു. സേവാഭാരതി സംസ്ഥാന മാതൃ പ്രതിനിധി സമ്മേളനം തൃശൂര്‍ പരമേശ്വരീയത്തില് വെച്ച് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
തങ്ങളുടെ വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും ചിന്തയിലൂടെയും സാമൂഹ്യബോധം സൃഷ്ടിക്കാന്‍ കഴിയുക അമ്മമാര്‍ക്കാണ്. സമൂഹത്തില്‍ നിശ്ശബ്ദതയോടെ നിരന്തരമായി സേവനം ചെയ്യുന്ന സേവാഭാരതിയിലൂടെ ഇത്തരം കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ മാതൃശക്തി തയ്യാറാകണമെന്നും അവര്‍ സൂചിപ്പിച്ചു. ബാലഗോകുലം സംസ്ഥാന ഭഗിനി പ്രമുഖ് ഡോ.ആശ ഗോപാലകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി.
സേവാഭാരതി ദേശീയ സമിതി അംഗം വി.ഭാനുമതി സേവാസന്ദേശം നല്കി. സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ.കെ.പ്രസന്നമൂര്‍ത്തി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി.വിജയന് സ്വാഗതവും പുനര്‍ജ്ജനി കൗണ്‍സിലിങ് കോര്‍ഡിനേറ്റര്‍ സീതു അനീഷ് കൃതജ്ഞതയും രേഖപ്പെടുത്തി.