വിസ്മരിക്കാനാവാത്ത ഓര്‍മ്മകളാണ് ജീവിതത്തില്‍; പലപ്പോഴും അത് കുട്ടിക്കാലത്തുണ്ടായവയുമാകാം.
1956 ഫെബ്രുവരി മാസം. ഒന്നാം തീയതി മുതല്‍ മാര്‍ച്ച് ഒന്നാം തീയതി വരെ, ഞങ്ങളുടെ വീട്ടില്‍ ഒരു ഉത്സവക്കാലം ആയിരുന്നു. ഞങ്ങളുടെ വീട്, പാലക്കാട് ജില്ലയില്‍ പട്ടാമ്പി എന്ന സ്ഥലത്തായിരുന്നു. പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ പ്രധാന കവാടത്തിന്റെ നേരെ എതിര്‍വശത്ത്. വീട്ടുപേര്‍ ‘കമലാ മന്ദിര്‍’. (ഇന്ന് ആ വീട് ഞങ്ങളുടെതല്ല.) എന്റെ അച്ഛന്‍ ഡോക്ടര്‍ ഏ.കെ. വാരിയര്‍ സംഘ കാര്യവാഹ് ആയിരുന്നു. വീട് പ്രധാന റോഡിന്റെ വക്കത്തുതന്നെ ആയിരുന്നു. വീടിന്റെ പടി കടന്ന് മുറ്റത്തേക്ക് കുറച്ച്, ഒരു ചെറിയ കയറ്റം കയറണം. ആ കയറ്റം കയറി വീടിന്റെ മുന്‍പില്‍ എത്തുമ്പോള്‍ ഗാന്ധിജിയുടെ ഒരു പ്രതിമ. ഒറ്റക്കരിങ്കല്ലില്‍ പണിചെയ്ത രണ്ടര അടി ഉയരത്തിലുള്ള നല്ലൊരു പ്രതിമ. നല്ലൊരു കലാകാരനായ ശില്പിയെ അച്ഛന്‍ വീട്ടില്‍ ഇരുത്തി ഉണ്ടാക്കിച്ചതായിരുന്നു ആ പ്രതിമ. ഇന്ന് ആ പ്രതിമ അവിടെ ഇല്ല. വീട്ടില്‍ താമസക്കാര്‍ ആരുമില്ലാത്തപ്പോള്‍ ആരോ തച്ചുടച്ച് തകര്‍ത്ത് കളഞ്ഞു.
ഗാന്ധിജി പ്രതിമ കഴിഞ്ഞ് ചെല്ലുമ്പോള്‍ വീടിന് മുന്‍പില്‍ നല്ലൊരു തുളസിത്തറ. പന്തലിച്ച് നില്‍ക്കുന്നൊരു തുളസി. വീട്ടില്‍ അച്ഛന്‍, അമ്മ കമലം, പിന്നെ ഞങ്ങള്‍ മൂന്ന് മക്കള്‍. ഞാന്‍ ഇന്ദിര, എന്റെ ഏട്ടന്‍ ഉണ്ണികൃഷ്ണന്‍, (ഉണ്ണി എന്ന് വിളിക്കും), പിന്നെ അനിയത്തി ഉഷ.
അപ്പോള്‍ ഉത്സവക്കാലം എന്ന് പറഞ്ഞത്, നിറയെ ആള്‍ക്കാര്‍. ആള്‍ക്കാര്‍ എന്നുപറഞ്ഞാല്‍ സംഘ പരിവാര്‍ ആള്‍ക്കാര്‍ തന്നെ. അന്ന് സര്‍സംഘചാലക് ആയിരുന്ന ശ്രീ മാധവ സദാശിവ ഗോള്‍വല്‍ക്കര്‍, (പരം പൂജനീയ ശ്രീ ഗുരുജി) ഒരു മാസം ഞങ്ങളുടെ വീട്ടില്‍ ഉണ്ടായിരുന്നു. അങ്ങിനെ ഒരു മഹാഭാഗ്യം ഞങ്ങള്‍ക്ക് കിട്ടി. ഒരു ആയുര്‍വേദ ചികിത്സക്ക് വേണ്ടിയായിരുന്നു അദ്ദേഹം ഞങ്ങളുടെ വീട്ടില്‍ ഒരു മാസം താമസിച്ചത്.
പ്രവര്‍ത്തന രംഗത്ത് വിശ്രമമില്ലാതെയുള്ള ഓട്ടം കാരണം അദ്ദേഹത്തിന് ദേഹത്തിനാകെ ക്ഷീണമായി. തോളും കൈകളും വേദനയും ക്ഷീണവും മറ്റും ഉള്ളതായി സ്വയംസേവകര്‍ക്ക് മനസ്സിലായി. അദ്ദേഹത്തോട് അതിനെപ്പറ്റി ചോദിച്ചാല്‍, പറഞ്ഞാല്‍ എനിക്കൊന്നും ഇല്ല, അതൊന്നും സാരമില്ല, അത് എന്റെ ദേഹത്തിനല്ലേ എനിക്കല്ലല്ലോ എന്ന് പറയുമായിരുന്നു. കേരളത്തില്‍ ഓ.ടി.സിക്ക് എല്ലാ വര്‍ഷവും അദ്ദേഹം വരുമായിരുന്നു. അല്ലാതെയും ചിലപ്പോള്‍ പരിപാടികള്‍ ഉണ്ടാവും. അപ്പോഴും അദ്ദേഹം വന്ന് സ്വയംസേവകര്‍ക്ക് പല സ്ഥലത്തും ബൈഠക്, പിന്നെ ചില പൊതുസമ്മേളനങ്ങള്‍ ഒക്കെ ഉണ്ടാവും. അത് കേരളത്തില്‍ എവിടെ ആയാലും അച്ഛന്‍ പോകുന്നതിനൊക്കെ അച്ഛന്റെ കൂടെ ഞങ്ങള്‍ കുട്ടികള്‍ മൂന്ന് പേരേയും അച്ഛന്‍ കൊണ്ടുപോകുമായിരുന്നു. പട്ടാമ്പിയിലും പരിപാടികള്‍ ഉണ്ടാവും. അപ്പോള്‍ ഞങ്ങളുടെ വീട്ടില്‍ ആണ് ഗുരുജി താമസിക്കുക. അങ്ങിനെ ഒരു പ്രാവശ്യം വന്നപ്പോള്‍ അദ്ദേഹത്തിന് പിന്‍കഴുത്തില്‍ നല്ല വേദനയുള്ളതായി മനസ്സിലാക്കിയ അച്ഛനും പ്രചാരകന്മാരും എന്താണ് ഇതിന് വേണ്ടത് എന്നാലോചിച്ചു. അച്ഛന്‍ ഇതിന് ആയുര്‍വ്വേദ ചികിത്സയാണ് നല്ലത് എന്നും, ഉഴിച്ചില്‍, ധാര ഒക്കെ ചെയ്യേണ്ടി വരുമെന്നും പറഞ്ഞു. പിന്നെ ഇത് ആര് അദ്ദേഹത്തോട് പറഞ്ഞ് സമ്മതിപ്പിക്കും എന്നതായി പ്രശ്‌നം. അവസാനം അച്ഛനെ തന്നെ എല്ലാവരും കൂടി ആ ചുമതല ഏല്‍പ്പിച്ചു. കാരണം അച്ഛന്‍ ഒരു ഡോക്ടര്‍ കൂടി ആണല്ലോ.
അങ്ങിനെ എന്റെ അച്ഛന്‍ ശ്രീ ഗുരുജിയുമായി ഇതിനെപ്പറ്റി സംസാരിച്ച് സമ്മതിപ്പിച്ചു. അപ്പോള്‍ മുഖത്തൊരു ചിരിയുമായി ഗുരുജി ‘ഇപ്പോള്‍ ഗോള്‍വല്‍ക്കര്‍ ഡോക്ടറുടെ അതിഥി ആണല്ലോ, അപ്പോള്‍ അനുസരിക്കണമല്ലോ’ എന്ന് തമാശയായി പറഞ്ഞു. അങ്ങിനെ 1956 ഫെബ്രുവരി ഒന്നാം തീയതി, ശ്രീ ഗുരുജി യാത്രാ പരിപാടികള്‍ എല്ലാം മാറ്റിവെച്ച് പട്ടാമ്പിയിലെ ഞങ്ങളുടെ വീട്ടില്‍ എത്തി.
അന്നുമുതല്‍ ആ വീട്ടില്‍ ഉത്സവ പ്രതീതി ആയിരുന്നു. ഭാരതത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ള സ്വയംസേവകരും വീട്ടില്‍ സന്ദര്‍ശകര്‍ ആയി എത്തി. എല്ലാവര്‍ക്കും സ്വന്തം വീടുപോലെതന്നെ ആയിരുന്നു ഞങ്ങളുടെ വീട്. വീട്ടില്‍ ഒന്നിനും ആ ദിവസങ്ങളില്‍ ഒരു കുറവും ഉണ്ടായിരുന്നില്ല. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എന്ന് പറഞ്ഞപോലെ എല്ലാം ധാരാളമായി എത്തിക്കൊണ്ടിരുന്നു. പലവ്യഞ്ജന കട നടത്തുന്നവര്‍ അത്, പച്ചക്കറി കട നടത്തുന്നവര്‍ അത്, എല്ലാം കേരളത്തിന്റെ പലേ ഭാഗത്തുനിന്നും എത്തിച്ചുകൊണ്ടിരുന്നു. പ്രത്യേകിച്ച് പാലക്കാട്ടുനിന്നുള്ള സ്വയംസേവകര്‍ അവിടെയുള്ള സാധനങ്ങള്‍, പാലക്കാട്ട് നിന്നും പട്ടാമ്പിക്കുള്ള ബസ്സില്‍ കയറ്റി വിടും. ഞങ്ങളുടെ വീട്ടുപടിക്കല്‍ എത്തുമ്പോള്‍ ബസ്സില്‍ നിന്നും ഇറക്കും. വീട്ടിലെ ഒരു മുറി കലവറയാക്കി. നിറയെ സാധനങ്ങള്‍. കലവറ മാനേജര്‍ ആയി ഗോപാലകൃഷ്ണ മേനോന്‍ എന്നൊരു സ്വയംസേവകന്‍. ഓരോ കാര്യങ്ങളും ചിട്ടയോടെ കൊണ്ടുനടക്കാന്‍ ആര്‍ എസ് എസ്സിനെ ആരും പഠിപ്പിക്കേണ്ട കാര്യമില്ലല്ലൊ. ഓരോ സ്വയംസേവകര്‍ ഓരോ ചുമതല ഏറ്റെടുത്തു.
ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും സംഘത്തിലുള്ളവര്‍ വീട്ടില്‍ എത്തിയിരുന്നു. അവര്‍ വരുമ്പോള്‍ സ്റ്റേഷനില്‍ പോയി, അവരെയൊക്കെ കൊണ്ടുവരാന്‍, തിരിച്ച് യാത്ര അയക്കാന്‍, അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍. അങ്ങിനെ തുടങ്ങി കുളിമുറിയില്‍ വെള്ളം നിറക്കല്‍, മണ്ണെണ്ണ വിളക്കുകള്‍, പെട്രോമാക്‌സുകള്‍ എല്ലാം സന്ധ്യയാവുമ്പോഴക്കും തുടച്ച് എണ്ണ നിറച്ച് കത്തിക്കുക എന്നീ ജോലികള്‍ വരെ എല്ലാം ഓരോരുത്തര്‍ ഏറ്റെടുത്തു. അന്ന് വൈദ്യുതിയോ, വെള്ളത്തിന് പൈപ്പോ ഒന്നും ഉണ്ടായിരുന്നില്ല. വെള്ളം കിണറ്റില്‍ നിന്നും കോരി നിറക്കണം. ഇങ്ങിനെ എല്ലാ കാര്യങ്ങളും വളരെ ചിട്ടയോടുകൂടി നടന്നിരുന്നു. ഞങ്ങളുടെ അമ്മക്ക് അടുക്കള, വീട്ടിലെ എല്ലാ കാര്യങ്ങളുടേയും മേല്‍നോട്ടം എന്നീ ചുമതലകള്‍ ആയിരുന്നു. സഹായത്തിന് രണ്ടു മൂന്ന് സ്ത്രീകള്‍ കൂടി ഉണ്ടായിരുന്നു.
ഞാനും അനിയത്തി ഉഷയും കളിച്ച് നടക്കുന്ന പ്രായം. ഒരു ഉത്തരവാദിത്വവും ഇല്ലാതെ ഓടിച്ചാടി നടന്നിരുന്നപ്പോള്‍ ഞങ്ങള്‍ക്കും കിട്ടി ചില ഉത്തരവാദിത്വങ്ങള്‍. എന്താണെന്നോ? ഗുരുജിയുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണം. ഊണ് കഴിക്കാറായാല്‍ ഗുരുജിയെ വിളിച്ചുകൊണ്ടു വരണം. മലയാളമല്ലാതെ ഒന്നും ഞങ്ങള്‍ക്ക് അറിയില്ല. ഗുരുജിക്ക് മലയാളവും അറിയില്ല. പിന്നെ ആരോ പറഞ്ഞുതന്നു ‘മീല്‍ ഈസ് റെഡി’ എന്ന് പറഞ്ഞാല്‍ മതി എന്ന്. അങ്ങിനെ പറഞ്ഞും ആഗ്യം കാണിച്ചും വിളിച്ച് കൊണ്ടുവരും. പിന്നെ ഒരു ജോലി, ആയുര്‍വ്വേദ ചികിത്സക്കാലത്ത് ചികിത്സ എടുക്കുന്ന ആള്‍ ഉച്ചക്ക് ഉറങ്ങരുത്. ഗുരുജി ഉറങ്ങുന്നുണ്ടോ എന്ന് ഇടക്കിടക്ക് ശ്രദ്ധിക്കണം. ഗുരുജിയുടെ മുറി വീടിന്റെ മുകള്‍ ഭാഗത്ത് ആയിരുന്നു. താഴെ വരുന്ന ആള്‍ക്കാരുടെ ബഹളം ഒന്നും കേള്‍ക്കാതിരിക്കാന്‍ വേണ്ടിയും വിശ്രമത്തിനുവേണ്ടിയും ആണ് അങ്ങിനെ ആക്കിയത്. അപ്പോള്‍ ഞങ്ങള്‍ ഞാനും അനിയത്തി ഉഷയും-ഉച്ചക്ക് പതുക്കെ, പതുക്കെ ശബ്ദമില്ലാതെ കോണി കയറി ജനലില്‍ക്കൂടി ഒളിച്ച് നോക്കും. ഗുരുജിക്ക് ഞങ്ങള്‍ കോണി കയറുമ്പോള്‍ തന്നെ മനസ്സിലാവും ‘ചെക്കിങ്ങിന്’ വരുന്നുണ്ട് എന്ന്. ഞങ്ങള്‍ നോക്കുന്നത് കണ്ടാല്‍ ഒരു ചിരിയുണ്ട്, അല്ലെങ്കില്‍ ഒരു മൂളല്‍.. അതെല്ലാം ഇന്നും മനസ്സില്‍ കാണുന്നു. ആ മൂളല്‍ ഇന്നും കാതുകളില്‍ ഉണ്ട്.
പിന്നെ ഒരു ജോലി ‘ടീച്ചര്‍ പണി’ ആയിരുന്നു. മലയാളം ടീച്ചര്‍ ആയി. ഗുരുജിയേയും, അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും നോക്കാന്‍ കൂടെ ഉണ്ടായിരുന്ന പ്രൈവറ്റ് സെക്രട്ടറി ഡോക്ടര്‍ ആബാജിയേയും മലയാളം പഠിപ്പിക്കല്‍. അത് നല്ല രസമായിരുന്നു. ഞങ്ങള്‍ക്ക് ഇംഗ്ലീഷോ, ഹിന്ദിയോ അറിയില്ല. ആകെ അറിയുന്നത് മലയാളം മാത്രം. എന്നാലും ഗുരുജിയല്ലെ ആള്. ഒരുമാസം കൊണ്ട് കുറേയൊക്കെ പഠിച്ചു.
ഇതിനിടക്ക് ഞങ്ങള്‍ സ്റ്റോറില്‍ കയറി മാനേജര്‍ കാണാതെ പാല്‍പ്പൊടി എടുത്ത് തിന്നുക, തക്കാളി എടുത്തുകൊണ്ട് ഓടി തൊടിയില്‍ ഏതെങ്കിലും മരത്തിന്റെ ചുവട്ടില്‍ പോയിരുന്ന് ആരും കാണാതെ തിന്നുക എന്നീ പരിപാടികളും ഉണ്ടായിരുന്നു. അന്നത്തെക്കാലത്ത് തക്കാളിയൊക്കെ വീട്ടില്‍ മേടിക്കുന്നത് വളരെ അപൂര്‍വ്വമായിരുന്നു. കുട്ട കണക്കിന് ഇരിക്കുന്ന തക്കാളിയില്‍ നിന്ന് നാലെണ്ണം എടുത്താല്‍ ആരും അറിയുകയില്ലല്ലോ. ഒരു ദിവസം പാല്‍പ്പൊടി വായില്‍ ഇട്ട് പതുക്കെ മുറിയില്‍ നിന്ന് പുറത്തേക്ക് കടക്കുമ്പോള്‍ കലവറ സൂക്ഷിപ്പുകാരന്‍ ഗോപാലകൃഷ്ണ മേനോന്‍ പിടിച്ചു. അദ്ദേഹം നല്ല കഷണ്ടിയുള്ള ആളായിരുന്നു. പിടികൂടി എന്നറിഞ്ഞപ്പോള്‍ ഉഷ കയ്യില്‍ കിട്ടിയ സോപ്പ് പെട്ടി എടുത്ത് അദ്ദേഹത്തിന്റെ കഷണ്ടി തലയില്‍ ഒരു കൊട്ട് കൊടുത്ത് കൈ വിടീച്ച് ഞങ്ങള്‍ ഓടി. ഉഷ കുറച്ച് കുസൃതിക്കാരിയും വായാടിയും ആയിരുന്നു. അച്ഛന്‍ അന്നൊക്കെ അവളെ ഗണവേഷം ധരിപ്പിച്ച് ശാഖക്ക്‌കൊണ്ടുപോകുമായിരുന്നു. ശിവാജി എന്ന പേരും വിളിക്കും. ഗുരുജി വന്നതിന് ശേഷം വൈകുന്നേരം ശാഖ ഞങ്ങളുടെ വീട്ടുമുറ്റത്ത് ആയിരുന്നു. ബാല ശാഖ, തരുണ ശാഖ എല്ലാം.
ഗുരുജിക്ക് പുലാമന്തോള്‍ മൂസിന്റെ ആയിരുന്നു ചികിത്സ. ധാര, ഉഴിച്ചില്‍, എല്ലാം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. അതിനുള്ള പാത്തി, എണ്ണ, തൈലം, കുഴമ്പ് എല്ലാമായി മൂസ്സിന്റെ ആള്‍ക്കാര്‍ മൂസ്സിന്റെ കൂടെ തലേദിവസം തന്നെ എത്തി. രണ്ടാം തീയതി രാവിലെ ഏഴ് മണി മുതല്‍ ചികിത്സ തുടങ്ങി. പത്ത് മണിയോടു കൂടി കുളി കഴിഞ്ഞ് വരും. അദ്ദേഹത്തിന്റെ ഭക്ഷണത്തിന് പഥ്യം ആയിരുന്നതിനാല്‍ എല്ലാം കുരുമുളക് ഇട്ട തക്കാളി കൂട്ടാന്‍, അല്ലെങ്കില്‍ കുരുമുളക് പൊടി ഇട്ട ചേന, കായ കുമ്പളങ്ങ കൂട്ടാന്‍, ഒരു മെഴുക്കുപുരട്ടി, ചുട്ട പപ്പടം, കാച്ചിയ മോര് ഇതായിരുന്നു ഊണിന് വിഭവങ്ങള്‍. ഏത് കൂട്ടാന്‍ ആയാലും അമ്മ തക്കാളി ഇടുമായിരുന്നു. വടക്കെ ഇന്ത്യക്കാര്‍ക്ക് എന്നും എല്ലാറ്റിലും തക്കാളി വേണം എന്ന അമ്മയുടെ തോന്നല്‍ കൊണ്ടാണോ, പുളി ആയുര്‍വ്വേദത്തില്‍ വര്‍ജ്യമായതിനാലോ എന്തോ അറിയില്ല. പഥ്യം ആയതിനാലാവാം.
ഒരു പന്ത്രണ്ട് മണി വരെ അദ്ദേഹം താഴെ എല്ലാവരേയും കണ്ട് സംസാരിച്ച് ഇരിക്കും. പ്രചാരക്, സ്വയംസേവകര്‍ എല്ലാവര്‍ക്കും വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കും. പിന്നെ മുറിയിലേക്ക് പോകും. പോയില്ലെങ്കില്‍ ഡോ. ആബാജി ഒരു നോട്ടം നോക്കും. ആ നോട്ടം കണ്ടാല്‍, ടീച്ചര്‍മാരുടെ നോട്ടം കണ്ട് പേടിച്ച കുട്ടിയെപ്പോലെ പേടി അഭിനയിച്ച് ഗുരുജി എണീറ്റ് മുറിയിലേക്ക് പോകും. പിന്നെ ആരേയും ആ റൂമിന്റെ പരിസരത്ത് പോകാതെ, സംസാരിക്കാതെ ഡോ. ആബാജി ശ്രദ്ധിക്കും. ഗുരുജിയുടെ തൊട്ടടുത്ത റൂമില്‍ തന്നെ ആയിരുന്നു ഡോ. ആബാജി. റൂമില്‍ ഗുരുജി വായനയും, എഴുത്തുമായി ഇരിക്കും. മൂന്ന് മണിക്ക് ചായ. അപ്പോള്‍ താഴേക്ക് വരും, സന്ദര്‍ശകരുടെ സമയമാണ്. പിന്നെ അഞ്ച് മണി ആവുമ്പോള്‍ ശാഖ. രാത്രി 8 മണി ആകുമ്പോള്‍ ഭക്ഷണം കഴിഞ്ഞ് കിടക്കാന്‍ പോകണം.
ഒരു ദിവസം നമ്മുടെ ശാസ്ത്രിജിക്ക് (ശങ്കര്‍ ശാസ്ത്രി) പോകേണ്ട വണ്ടിക്കുള്ള സമയമായി. ഗുരുജിയോട് പറഞ്ഞ് ഇറങ്ങാം എന്ന് വിചാരിച്ച് പതുക്കെ ആബാജി അറിയാതെ ഗുരുജിയുടെ റൂമില്‍ ചെന്ന് ശബ്ദം താഴ്ത്തി യാത്ര പറയുമ്പോള്‍, ‘ശങ്കര്‍’ എന്ന് വലിയ ശബ്ദത്തില്‍ ഒരു വിളി വിളിച്ച് ആബാജി അങ്ങോട്ട് ചെന്ന് മറാഠിയില്‍ ശാസ്ത്രിജിയോട് എന്തൊക്കെയോ പറഞ്ഞു. വീട് മുഴുവന്‍ എല്ലാവരും ശബ്ദം കേട്ട് ഞെട്ടിപ്പോയി. ഗുരുജി കണ്ണുകൊണ്ട്, വേഗം പൊക്കോളാന്‍ ശാസ്ത്രിജിയോട് ആംഗ്യഭാഷയില്‍ അറിയിച്ചു. ശാസ്ത്രിജി തൊഴുത് തലതാഴ്ത്തി, ആബാജിയോട് ക്ഷമ പറഞ്ഞുപോയി.
ഉഴിച്ചില്‍, ധാര ഒക്കെ ചെയ്യുമ്പോള്‍ അത് നിര്‍ത്തുന്ന സമയം രണ്ട് ദിവസം കൊണ്ട് തന്നെ ശരിക്കും ഗുരുജി മനസ്സിലാക്കിയിരുന്നു. എന്നും ആ കൃത്യസമയത്ത് ഗുരുജി പാത്തിയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ തയ്യാറാവും. ഒരു ദിവസം ആ സമയം ആയപ്പോള്‍ പാത്തിയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ തുടങ്ങി. ആയിട്ടില്ല എന്ന് അച്ഛന്‍ പറഞ്ഞു. അതെല്ലാം കഴിഞ്ഞ് അന്ന് വൈകുന്നേരം ചായ കുടിക്കുന്ന സമയത്ത് ഗുരുജിയോട് അച്ഛന്‍ ചോദിച്ചു ‘എങ്ങിനെയാണ് ഇത്ര കൃത്യമായി ഉഴിച്ചിലിന്റെ സമയം കഴിയുന്നത് അറിയുന്നത്’ എന്ന്. അപ്പോള്‍ സ്വതസിദ്ധമായ ചിരി ചിരിച്ച് അദ്ദേഹം പറഞ്ഞു ‘ഭഗവദ്ഗീത മുഴുവനും ചൊല്ലി കഴിയുമ്പോള്‍ എണീക്കാറാവും. ഇന്ന് ഗീത ചൊല്ലി കഴിഞ്ഞിട്ട് കുറച്ചു നേരം കൂടി കിടക്കേണ്ടി വന്നു.’ അപ്പോള്‍ അച്ഛന്‍ അന്നത്തെ ഉഴിച്ചിലില്‍ അധികമായി ചെയ്തത് വിവരിച്ചു കൊടുത്തു. ചികിത്സയുടെ ഒരു രീതി ആണ് അത് എന്ന കാര്യം പറഞ്ഞു. അച്ഛന് അതിശയമായി. ഏത് കാര്യത്തിനും ചിട്ടയുണ്ട് അദ്ദേഹത്തിന്.
ആദ്യത്തെ ദിവസം പാത്തിയില്‍ നിന്നും എഴുന്നേറ്റ് കുളിമുറിയിലേക്ക് നടക്കാന്‍ തുടങ്ങിയപ്പോള്‍ അച്ഛന്‍ പറഞ്ഞു ‘കാലില്‍ തൈലം ഉള്ളതുകൊണ്ട് തെന്നാതെ (വഴുക്കാതെ) സൂക്ഷിച്ചു നടക്കണം’എന്ന്. ഉടനെ ഗുരുജി പറഞ്ഞു ‘ഗോള്‍വല്‍ക്കര്‍ അങ്ങിനെയൊന്നും വീഴില്ല’എന്ന്..
ഒരു ദിവസം വൈകുന്നേരം സന്ദര്‍ശകരുടെ കൂടെ ഇരിക്കുമ്പോള്‍ അച്ഛനെ കാണാന്‍ ഒരു ആള്‍ വന്നു. അച്ഛന്‍ അയാളെ ‘ശങ്കരനാരായണാ’ എന്ന് വിളിച്ചുകൊണ്ടാണ് ഇറങ്ങിച്ചെന്നത്. അത് വേറെ ആരുമല്ല, ആ ഗാന്ധിജി പ്രതിമ ഉണ്ടാക്കിയ ശില്‍പ്പി ആയിരുന്നു. ഇടക്ക് അച്ഛനെ കാണാന്‍ വരാറുണ്ട്. എന്തെങ്കിലും പണി കിട്ടുമോ എന്നറിയാന്‍. ആരോടെങ്കിലും പറഞ്ഞ് അച്ഛന്‍ എവിടെയെങ്കിലും പണി പിടിച്ച് കൊടുക്കാറുണ്ട്. അച്ഛനുമായി കുറച്ച് സംസാരിച്ച്, ഒരാഴ്ച കഴിഞ്ഞ് വരാന്‍ പറഞ്ഞു. ഗുരുജിയെ ഒന്ന് താണുതൊഴുത് അയാള്‍ പോയി. വീണ്ടും അയാള്‍ ഒരാഴ്ച കഴിഞ്ഞ് വന്നു. വരുന്നത് ഗുരുജി കണ്ടു. ഉടനെ അച്ഛനെ വിളിച്ച് ‘ഡോക്ടര്‍ ശങ്കരനാരായണന്‍ വരുന്നുണ്ട്’ എന്ന് പറഞ്ഞു. ആ പേര് അന്ന് അച്ഛന്‍ വിളിക്കുന്നത് കേട്ടിട്ടെ ഉള്ളൂ. എത്ര പേര്‍ ആ ദിവസങ്ങളില്‍ അവിടെ വന്നിരുന്നു. അതിന്നിടയിലും ‘ശങ്കര നാരായണന്‍’ എന്ന പേരും ആളേയും ഓര്‍ത്ത് വെച്ചിരുന്നു.
ചികിത്സ കഴിയാന്‍ കുറച്ചു ദിവസം ബാക്കിയുള്ളപ്പോള്‍, അതായത് പതിനാല് ദിവസം ഉഴിച്ചില്‍, ധാര ഒക്കെ കഴിഞ്ഞാല്‍ അത്രയും ദിവസം മരുന്നുകള്‍ കഴിച്ച് വിശ്രമിക്കണം. അതിന് ‘നല്ലരിക്ക’ എന്നാണ് പറയുക. അത് കഴിയുന്ന ദിവസം കാലടി ശങ്കരാശ്രമത്തില്‍ ഗുരുജിയെ കൊണ്ടു പോകാന്‍ തീര്‍ച്ചയാക്കിയിരുന്നു. നല്ലരിക്കയുടെ അവസാന ദിവസം ഫെബ്രുവരി ഇരുപത്തി ഒമ്പതാം തിയ്യതി (ആ വര്‍ഷം ഫെബ്രുവരിയില്‍ ഇരുപത്തി ഒന്‍പത് ദിവസം ആയിരുന്നു.) കാലടി ശ്രീ ശങ്കരാചാര്യരുടെ ആശ്രമം സന്ദര്‍ശിക്കാന്‍ പരിപാടി ഇട്ടു. ആ ദിവസം ഓര്‍ക്കുമ്പോള്‍ ഇന്നും, ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ഞെട്ടല്‍, വല്ലാത്ത ഭയം തോന്നുന്നു. അന്ന് സന്ധ്യ കഴിഞ്ഞപ്പോള്‍ ആണ് വലിയൊരു ദുരന്തം, അത്യാഹിതം നടന്നത്. പ്രചാരക് ശര്‍മ്മാജി (കൃഷ്ണശര്‍മ്മ) പട്ടാമ്പിയ്ക്കടുത്തു തന്നെയുള്ള ഒരു ആറേഴ് കിലോമീറ്റര്‍ ദൂരെ, വല്ലപ്പുഴ എന്ന സ്ഥലത്ത് ഒരു ശാഖക്കും ബൈഠക്കിനും ഒക്കെയായി ഉച്ചക്ക് പോയതാണ്. അന്ന് ഗുരുജി, അച്ഛന്‍, കൂടെ ആരൊക്കെയോ കൂടി കാലടി ആശ്രമത്തില്‍ പോയിരുന്നു.
ശാഖക്ക് പോയ ശര്‍മ്മാജിയെ ആ ഭാഗത്തുള്ള മുസ്ലീങ്ങള്‍ അടിച്ചും കുത്തിയും ജീവച്ഛവമാക്കി ഒരു ബസ്സില്‍ ഞങ്ങളുടെ വീടിന് മുന്‍പില്‍ തള്ളിയിട്ട് പോയി. ശര്‍മ്മജിയെ ആസ്പത്രിയില്‍ കൊണ്ടുപോയി. കുറേ മാസങ്ങള്‍ കിടന്നു. ജീവന്‍ തിരിച്ചു കിട്ടി. അതൊക്കെ പറഞ്ഞാല്‍ ഒരുപാട് കഥകള്‍ ഉണ്ട് പറയാന്‍..
അന്ന് രാത്രി മുഴുവന്‍ ഗുരുജി ഒന്നും മിണ്ടാതെ ആലോചനയില്‍മുഴുകി ഉറങ്ങാതെ ഇരുന്നു. പിറ്റേ ദിവസം മാര്‍ച്ച് ഒന്നാം തീയതി ഗുരുജി തിരിച്ച് പോവുകയാണ്. എല്ലാവരും ഭയങ്കര ടെന്‍ഷനില്‍ ആയിരുന്നു. ഇതൊക്കെ അന്‍പതുകളിലെ കാര്യങ്ങള്‍ ആണ്. എത്ര കാലമായി ഹിന്ദുക്കളുടെ നേരെ ഈ അക്രമങ്ങള്‍ തുടങ്ങിയിട്ട്. ഇന്നും തുടരുന്നു.
അന്നൊക്കെ ഭാസ്‌ക്കര്‍ റാവുജി, ഹരി ഏട്ടന്‍, പരമേശ്വര്‍ജി, ഭാസ്‌ക്കര്‍ജി, മാധവ്ജി(മാധവേട്ടന്‍), ഭരതേട്ടന്‍, വേണുഏട്ടന്‍, കേസരി രാഘവേട്ടന്‍, ഗോപാല്‍ജി തുടങ്ങിയവരെല്ലാം നമ്മുടെ വീട്ടിലെ അംഗങ്ങളെപ്പോലെ അവിടെ വരുമായിരുന്നു. അവരില്‍ ആരോടോ അച്ഛന്‍ പറഞ്ഞു ഗുരുജിയുടെ കൂടെ ഒരു ഫോട്ടോ എടുക്കണം എന്ന് ഞങ്ങള്‍ക്കൊരു ആഗ്രഹം ഉണ്ടെന്ന്.
ഫോട്ടോ എടുക്കുന്നത് ഒട്ടും ഇഷ്ടമില്ലാത്ത ഗുരുജിയോട് ഡോക്ടര്‍ തന്നെ പറഞ്ഞു നോക്കൂ എന്നവര്‍ പറഞ്ഞു. അങ്ങിനെ അച്ഛന്‍ ഫോട്ടോഗ്രാഫറെ വരുത്തി. അതിനുശേഷം ഗുരുജിയോട് ചെന്ന് അപേക്ഷിച്ചു. ഒരു ചിരിയും ചിരിച്ച് എതിരൊന്നും പറയാതെ, അച്ഛന്‍ പറഞ്ഞതനുസരിച്ച് അദ്ദേഹം ഫോട്ടോ എടുക്കാന്‍ വന്നിരുന്നു. ചിലപ്പോഴൊക്കെ പറഞ്ഞത് അനുസരിക്കുന്നത് കാണുമ്പോള്‍ കൊച്ചുകുട്ടികളെ പോലെ തോന്നും. ഫോട്ടോ എടുക്കാന്‍ സമ്മതിച്ചതും ഞങ്ങളുടെ ഭാഗ്യം. ഇന്ന് അതെങ്കിലും ഞങ്ങളുടെ കയ്യില്‍ ഉണ്ടല്ലൊ.
ചികിത്സ കഴിഞ്ഞ് ഗുരുജി പോകുന്ന ദിവസം എല്ലാവര്‍ക്കും വല്ലാത്ത സങ്കടമായിരുന്നു. എല്ലാവരോടും അദ്ദേഹം യാത്ര പറഞ്ഞു.
അമ്മയോട് പ്രത്യേകിച്ച് നല്ല ഭക്ഷണം കൊടുത്തതിന് സന്തോഷം ആയിട്ട് നന്ദി പറഞ്ഞു. അദ്ദേഹം പോയതിനുശേഷം അവിടെ ഉണ്ടായിരുന്നവരില്‍ ആരോ അമ്മയോട് ഗുരുജി ചികിത്സക്കാലത്ത് കഴിച്ചിരുന്ന ഭക്ഷണത്തെ കുറിച്ച് ചോദിച്ചു. അമ്മ പറഞ്ഞു. എന്നും തക്കാളി ഇട്ട കറികള്‍ ആയിരുന്നു. ഇത് കേട്ടപ്പോള്‍ അവിടെ ഇരുന്നവരില്‍ ആരോ പറഞ്ഞു ‘ഗുരുജിക്ക് തക്കാളി ഒട്ടും ഇഷ്ടമല്ലല്ലോ,’ എന്ന്. എല്ലാവരും അതിശയിച്ചു. അമ്മക്ക് വിഷമമായി. അമ്മ പറഞ്ഞു ‘ഒരൊറ്റ ദിവസം പോലും അത് കഴിക്കാതിരുന്നിട്ടില്ല. പ്ലേറ്റില്‍ ബാക്കിവെച്ച് കളഞ്ഞിരുന്നുമില്ല’, ഇഷ്ടമല്ല എന്ന് മുഖത്ത് പോലും ഭാവവ്യത്യാസം കണ്ടിട്ടില്ല എന്ന്.
അതും ചികിത്സയുടെ ഭാഗമായ മരുന്നായി കഴിച്ചു. ആരേയും വിഷമിപ്പിച്ചില്ല.
ഇനിയും ഗുരുജിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരുപാട് ഉണ്ട്. അദ്ദേഹത്തെ ഒരു പ്രാവശ്യം കണ്ടാല്‍ പിന്നെ ആരും മറക്കില്ല.
അദ്ദേഹം പിന്നെയും പല പ്രാവശ്യം ഞങ്ങളുടെ വീട്ടില്‍ വന്നിട്ടുണ്ട്. അങ്ങിനെ വര്‍ഷങ്ങള്‍ കടന്നുപോയി. ഞങ്ങള്‍ കുട്ടികള്‍ വലുതായി.
എന്റെ വിവാഹം കഴിഞ്ഞ് ഞാന്‍ ബോംബെക്ക് പോയി. ഗുരുജി ബോംബെയില്‍ വരുന്ന സമയത്ത് ആബാജി ഞങ്ങളെ അറിയിക്കുമായിരുന്നു. എവിടെയാണ് താമസിക്കുന്നത് എന്നും അറിയിക്കുമായിരുന്നു. ഞാനും ഭര്‍ത്താവ് ബാലേട്ടനും കൂടി പോയി ഗുരുജിയെ കാണാറുണ്ടായിരുന്നു. ഒരു പ്രാവശ്യം ഞങ്ങള്‍ പോയ വീട്ടില്‍ ആ വീട്ടുകാര്‍ ഗുരുജിക്കുള്ള ചായ മഗ്ഗില്‍, പഞ്ചസാരയും, പാലും വേറെ വേറെ പാത്രത്തില്‍ കൊണ്ടുവന്ന് വെച്ചു. അങ്ങിനെയാണ് പതിവ്. കാരണം പഞ്ചസാരയുടേയും പാലിന്റേയും ഒരു പ്രത്യേക അളവുണ്ട്. അത് അദ്ദേഹത്തിന്റെ മുന്‍പില്‍ വെച്ച് ഞങ്ങള്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം എടുത്ത് കൊടുക്കാം. ഇല്ലെങ്കില്‍ തനിയെ എടുക്കും.
ഒരു പ്രാവശ്യം എനിക്ക് ചായക്ക് ഗുരുജി തന്നെ പഞ്ചസാര ഇട്ട് തന്നു. ആ വീട്ടുകാര്‍ എനിക്ക് തന്ന ചായക്കപ്പില്‍ കുറച്ചുകൂടി പഞ്ചസാര ഇട്ടു, എന്നിട്ട് അവരോട് ‘അവള്‍ക്ക് കുറച്ചു മധുരം കൂടുതല്‍ വേണം. അതാണവള്‍ക്ക് ഇഷ്ടം’ എന്ന് പറഞ്ഞു. അതും കൂടി അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. ഞങ്ങളോട് കൊച്ചുമക്കളെപ്പോലെ, വാത്സല്യവും സനേഹവും ആയിരുന്നു. ഞങ്ങള്‍ക്ക് വീട്ടിലെ ഒരു അംഗമായിട്ടേഗുരുജിയെ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ.
ഗുരുജിയുടെ കാര്യങ്ങള്‍ ആരെങ്കിലും സംസാരിക്കുമ്പോള്‍ അമ്മയുടെ കണ്ണ് നിറയുമായിരുന്നു. ഹരിയേട്ടന്‍ എഴുതിയ ഗുരുജിയുടെ ജീവചരിത്രം പുസ്തകം അമ്മക്ക് ഹരിയേട്ടന്‍ തന്നെ തൃശ്ശൂരില്‍ വന്ന് നേരിട്ട് കൊണ്ടുപോയി കൊടുത്തു. അപ്പോഴും അമ്മയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു…
എന്തായാലും ദൈവീക ശക്തിയുള്ള ഒരു മഹാന്‍ തന്നെ ആയിരുന്നു നമ്മുടെ പരം പൂജനീയ ശ്രീ ഗുരുജി. ഈ ജന്‍മത്തിലെ ഏറ്റവും വലിയ മഹാഭാഗ്യം ശ്രീ ഗുരുജിയുടെ കൂടെ ഒരു മാസം മുഴുവനും ഇരിക്കാന്‍ സാധിച്ചു എന്നുള്ളതാണ്. ആ ഓര്‍മ്മകള്‍ മനസ്സില്‍ എന്നും മായാതെ ഉണ്ട്.
ശ്രീ ഗുരുജി ഞങ്ങള്‍ക്ക് ഈശ്വര തുല്യന്‍ തന്നെയാണ്.