ആയിരത്തിത്തൊള്ളായിരത്തി അറുപത്തി രണ്ടില്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ അവിഭക്ത കമ്മ്യൂണിസ്റ്റു പാര്‍ട്ടി നേതൃത്വത്തിലെ ഗണ്യമായ വിഭാഗം പൂര്‍ണ്ണമായിത്തന്നെ ചൈനയ്‌ക്കൊപ്പമായിരുന്നു. രണ്ട് വര്‍ഷത്തിനുശേഷം 1964-ല്‍ പാര്‍ട്ടി പിളര്‍ന്ന് സിപിഐ(എം)രൂപപ്പെടാനിടയായത് ഈ വിഭാഗത്തിന്റെ ചൈനീസ് പക്ഷപാതമാണ്. ‘ചൈനയുടെ ചെയര്‍മാന്‍ നമ്മുടെയും ചെയര്‍മാന്‍. ചെയര്‍മാന്‍ നീണാള്‍ വാഴട്ടെ’ എന്ന മുദ്രാവാക്യമുയര്‍ത്തിയത് 1967ല്‍ സിപിഎമ്മിന്റെ ബംഗാള്‍ ഘടകം പിളര്‍ന്നുണ്ടായ നക്‌സലേറ്റു പ്രസ്ഥാനക്കാരാണെങ്കിലും സിപിഎമ്മിനും ചൈനയോട് പൂര്‍ണ്ണമായ അനുഭാവമായിരുന്നു. ഇപ്പോഴത്തെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രമുഖ മാധ്യമ പ്രവര്‍ത്തക ബര്‍ക്ക ദത്തിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ആവേശംകൊണ്ടത് ഇങ്ങനെയാണ്: ”ഞാന്‍ സെന്റ് സ്റ്റീഫന്‍സിലേക്ക് (ദല്‍ഹിയിലെ പ്രശസ്തമായ കോളജ്) പ്രവേശിച്ചപ്പോള്‍ ‘ചെയര്‍മാന്‍ മാവോ നമ്മുടെയും ചെയര്‍മാന്‍’ എന്ന മുദ്രാവാക്യം അവിടുത്തെ ദേവാലയത്തില്‍ എഴുതിവച്ചിരുന്നു. ഇതു ചെയ്ത 13 വിദ്യാര്‍ത്ഥികളെ പുറത്താക്കി. ഇവര്‍ അക്കാലത്തെ മഹത്തായ മാവോയിസ്റ്റുകളായിരുന്നു. അവരില്‍ ചിലര്‍ ഇപ്പോഴത്തെ മികച്ച അക്കാദമിഷ്യന്‍മാരാണ്.”
മാവോയിസ്റ്റുകള്‍ എന്ന് അറിയപ്പെടുന്നത് തീവ്രവാദികളാണെങ്കിലും കമ്മ്യൂണിസ്റ്റ് ചൈനയുടെ സാമ്രാജ്യത്വ താല്‍പ്പര്യം സംരക്ഷിക്കുന്നതില്‍ പിറവിയെടുത്ത കാലം മുതല്‍ സിപിഎം പ്രതിജ്ഞാബദ്ധമായിരുന്നു. ചൈനയുടെ ആയുധശക്തിയും ആണവശേഷിയും പ്രാഥമികമായി ഇന്ത്യയ്‌ക്കെതിരാണ്. പക്ഷേ സിപിഎം ഇക്കാര്യത്തിലും ചൈനയെ പിന്തുണക്കുകയാണുണ്ടായത്. ചൈനയുടെ ആണവശേഷിയെ പൂര്‍ണ്ണമായി പിന്തുണക്കുന്ന സിപിഎം 1998ല്‍ പൊഖ്‌റാന്‍ സ്‌ഫോടനങ്ങളിലൂടെ ഇന്ത്യ ആണവശക്തി നേടിയപ്പോള്‍ അതിശക്തമായി എതിര്‍ക്കുകയായിരുന്നുവല്ലോ.
ഒടുങ്ങാത്ത സ്വാതന്ത്ര്യദാഹം
ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം യാതൊരു മടിയും കൂടാതെ സ്വീകരിക്കുന്ന കിരാത നടപടികളെ കണ്ണുമടച്ച് പിന്തുണയ്ക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നതില്‍ ഇടതുപാര്‍ട്ടികള്‍ പ്രത്യേകിച്ച് സിപിഎം മുന്നില്‍നിന്നു. രണ്ട് കോടിയോളം പേര്‍ കൊല്ലപ്പെട്ടു എന്നു കരുതപ്പെടുന്ന സാംസ്‌കാരികവിപ്ലവം മുതല്‍ ടിയാനന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊലവരെ ഇതു കാണാം. ഇടതുപാര്‍ട്ടികള്‍ മാത്രമല്ല, സ്വതന്ത്ര പരിവേഷമുള്ള മാധ്യമങ്ങളും ‘ചൈനാ സെന്‍ട്രിക്’ ആയ നയനിലപാടുകളാണ് സ്വീകരിച്ചുപോന്നത്. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ടിയാനന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊല. 1989 ജൂണ്‍ നാലിനാണ് ഈ പൈശാചികത അരങ്ങേറിയത്.
കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തില്‍ വീര്‍പ്പുമുട്ടിയ ജനത സ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ പിടച്ചിലായിരുന്നു ടിയാനന്‍മെന്‍ സ്‌ക്വയര്‍ പ്രതിഷേധം. ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിന്റെ ഹൃദയഭാഗത്താണ് ടിയാനന്‍മെന്‍ സ്‌ക്വയര്‍. സ്വര്‍ഗ്ഗത്തിലേക്കുള്ള കവാടം എന്നാണ് ഈ വാക്കിനര്‍ത്ഥം. ജനാധിപത്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം എന്നിവയ്ക്കുവേണ്ടി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധത്തിന് തുടക്കമിട്ടത്. പൗരാവകാശങ്ങള്‍ക്കുവേണ്ടി വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നതില്‍ എന്താണ് തെറ്റെന്ന് ജനാധിപത്യം പുലരുന്ന ഭാരതത്തിലിരുന്ന് ഒരാള്‍ക്ക് ചോദിക്കാം. പക്ഷേ ഇത് ചൈനയാണ്. കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യം നിലനില്‍ക്കുന്ന രാജ്യം.
എന്താണ് യഥാര്‍ത്ഥത്തില്‍ ടിയാനന്‍മെന്‍ സ്‌ക്വയര്‍ പ്രതിഷേധത്തിലേക്കും കൂട്ടക്കൊലയിലേക്കും നയിച്ചത്? അത് ഇങ്ങനെ ചുരുക്കി വിവരിക്കാം: രാഷ്ട്രീയ സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദമുയര്‍ത്തിക്കൊണ്ടിരുന്ന മുന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഹു യാവോബാംഗ് 1989 ഏപ്രില്‍ 15 ന് മരിച്ചു. മൂന്നു ദിവസത്തിനുശേഷം യാവോബാംഗിന്റെ മരണത്തില്‍ അനുശോചിച്ചുകൊണ്ട് സംഘടിച്ച ജനങ്ങള്‍ രാഷ്ട്രീയ സ്വാതന്ത്ര്യം വേണമെന്ന ആവശ്യം ഉന്നയിച്ച് പ്രകടനം നടത്തി. സ്വാതന്ത്ര്യം സ്വപ്‌നംകണ്ടിരുന്ന യാവോബാംഗിനെ ഇങ്ങനെതന്നെയാണ് അനുസ്മരിക്കേണ്ടിയിരുന്നത്. തങ്ങള്‍ക്ക് ചൈനീസ് ഭരണകൂടം സ്വാതന്ത്ര്യം നല്‍കാന്‍ പോകുന്നില്ലെന്ന് ഒരു മാസം പിന്നിട്ട് മെയ് മധ്യത്തില്‍ എത്തിയതോടെ പ്രതിഷേധക്കാര്‍ക്ക് മനസ്സിലായി. 1989 മെയ് 13 ന് 100-ലേറെ വിദ്യാര്‍ത്ഥികള്‍ ടിയാനന്‍മെന്‍ സ്‌ക്വയറല്‍ നിരാഹാര സമരം തുടങ്ങി. തുടര്‍ന്ന് ഇവരോടൊപ്പം ആയിരക്കണക്കിന് ജനങ്ങളും ചേര്‍ന്നു. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി തികച്ചും സമാധാനപരമായ സമരമാണ് നിഷ്‌ക്കളങ്കരായ ഈ മനുഷ്യര്‍ നടത്തിയത്.
![](https://kesariweekly.com/wp-content/uploads/2020/11/hu-yaobang.jpg)
ചരിത്രത്തിലെ ചോരപ്പുഴ
ജനാധിപത്യത്തിലും ജനക്ഷേമത്തിലും വിശ്വസിക്കുന്ന ഏതൊരു ഭരണകൂടവും ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ട അവസരമായിരുന്നു ഇത്. പക്ഷേ മാനവരാശിക്കെതിരെ മഹാപാതകം ചെയ്യാനുള്ള തയ്യാറെടുപ്പ് നടത്തുകയായിരുന്നു ചൈനയിലെ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യം. നിരാഹാര സമരം ആരംഭിച്ച് ഒട്ടും വൈകാതെ പ്രധാനമന്ത്രി ലീ പെംഗ് 1989 മെയ് 19 ന് സൈനിക നിയമം അടിച്ചേല്‍പ്പിച്ചു. ജനാധിപത്യത്തിനുവേണ്ടിയുള്ള മുറവിളികളെ നിഷ്‌ക്കരുണം അടിച്ചമര്‍ത്താനുള്ള നീക്കമായിരുന്നു ഇത്. പക്ഷേ സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധക്കാര്‍ പതറിയില്ല. അവര്‍ ഒന്നുകൂടി കരുത്തരായി. അനുദിനം ശക്തിപ്പെട്ടുവന്ന പ്രക്ഷോഭം ജൂണ്‍ നാല് ആയപ്പോഴേക്കും കൊടുമ്പിരിക്കൊണ്ടു. ഇതോടെയാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടം അതിന്റെ പൈശാചിക ഭാവം പുറത്തെടുത്തത്.
സ്വാതന്ത്ര്യത്തിനുവേണ്ടി സംഘടിച്ച പന്തീരായിരത്തോളം വരുന്ന സ്വന്തം ജനങ്ങളെ സൈനികമായി അടിച്ചമര്‍ത്താന്‍ രാത്രി ഒരുമണിയോടെ ചൈനീസ് ഭരണകൂടം തീരുമാനിച്ചു. ഒരു ദിവസം മുഴുവനും വിദ്യാര്‍ത്ഥികള്‍ക്കും ജനങ്ങള്‍ക്കും നേരെ സൈന്യം വെടിയുതിര്‍ത്തു. കണ്ണില്‍ കണ്ടവരെയെല്ലാം കൊന്നൊടുക്കി. സങ്കല്‍പ്പിക്കാനാവാത്ത വിധത്തിലുള്ള അക്രമവും ചോരപ്പുഴയും സൃഷ്ടിക്കപ്പെട്ടു. ജീവനുവേണ്ടി കേഴുന്നവരുടെ ദീനവിലാപങ്ങളായിരുന്നു എങ്ങും. സ്വാതന്ത്ര്യത്തിനുവേണ്ടി പരസ്പരം കൈകോര്‍ത്തു എന്നതു മാത്രമാണ് ഇവര്‍ ചെയ്ത കുറ്റം!
പരിഷ്‌കൃത ലോകത്തിലെ ഏറ്റവും പൈശാചികമായ ഈ സൈനിക നടപടികളില്‍ എത്ര പേര്‍ കൊല്ലപ്പെട്ടു എന്ന കണക്ക് പുറത്തുവിടാന്‍ ചൈനീസ് ഭരണകൂടം തയ്യാറായില്ല. 200 പ്രക്ഷോഭകരും ‘ഡസന്‍ കണക്കിന്’ സുരക്ഷാഭടന്മാരും മരിച്ചതായി ജൂണ്‍ അവസാനത്തോടെ പ്രഖ്യാപിച്ചു. സ്വാതന്ത്ര്യത്തോടെന്നപോലെ സത്യത്തോടും ആജന്മശത്രുതയുള്ള ഒരു ഭരണകൂടത്തിന്റെ വലിയ നുണയായിരുന്നു ഇത്. എത്ര ആയിരങ്ങളാണ് മരിച്ചതെന്ന് നീണ്ട 39 വര്‍ഷത്തിനുശേഷവും വ്യക്തമല്ല. ചൈനയിലെ ബ്രിട്ടീഷ് അംബാസഡര്‍ അലന്‍ ഡൊണാള്‍ഡ് നല്‍കിയ കണക്കനുസരിച്ച് 2017ല്‍ ബിബിസി പുറത്തുവിട്ടത് 10,000 പേരെ കൂട്ടക്കൊല ചെയ്തു എന്നാണ്. ഔദ്യോഗികമല്ലെങ്കിലും ഏറ്റവും വിശ്വസനീയമായ ഒരു കണക്കാണിത്.
അവരുടെ ചങ്കിലെ ചൈന
ഭരണകൂട ഭീകരതയുടെ കിരാത നടപടിയായിരുന്നു ടിയാനന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊല. സംഭവമറിഞ്ഞ് ലോകം ഞെട്ടി. എന്നാല്‍ സൈനികമായ ഈ അടിച്ചമര്‍ത്തലിനോട് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം സ്വീകരിച്ച അതേ നിലപാടാണ് സിപിഎം സ്വീകരിച്ചത്. കാലഹരണപ്പെട്ട ഒരു തത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ സൃഷ്ടിച്ചെടുത്ത കൃത്രിമ സമൂഹമാണ് ചൈനയിലുള്ളത്. ഇത് നിലനിര്‍ത്താന്‍ അടിച്ചമര്‍ത്തലും ചോരചിന്തലും അനിവാര്യമാണെന്ന് കമ്മ്യൂണിസ്റ്റ് ഭരണകൂടം കരുതുന്നു. സ്വതന്ത്ര ചിന്തയും അഭിപ്രായ സ്വാതന്ത്ര്യവും പൗരാവകാശങ്ങളും അനുവദിച്ചാല്‍ ഈ വ്യവസ്ഥിതി തകരുമെന്ന് ചൈനയിലെ ഒരേയൊരു പാര്‍ട്ടിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭയക്കുന്നു. ഇതാണ് ടിയാനന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊലയ്ക്ക് ചൈനീസ് ഭരണകൂടത്തെ പ്രേരിപ്പിച്ചത്.
സ്വാതന്ത്ര്യ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി സൈനിക നിയമം പ്രഖ്യാപിച്ച് മൂന്ന് ലക്ഷം സൈനികരെയാണ് ബീജിങ് തെരുവുകളില്‍ വിന്യസിച്ചത്. സായുധരായ ഈ സൈനികര്‍ മെയ് നാലിന് പുലര്‍ച്ചെ നിരായുധരായ പ്രക്ഷോഭകരെയും അവരെ പിന്തുണച്ചെത്തിയ ജനങ്ങളെയും നിഷ്‌ക്കരുണം കൊന്നൊടുക്കുകയായിരുന്നു. സംഭവത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ഓരോവര്‍ഷവും ആദരാഞ്ജലി അര്‍പ്പിക്കുന്ന ചൈനീസ് ഭരണകൂടം സൈന്യം ജീവനോടെ ചതച്ചരച്ചവരെക്കുറിച്ച് നിശ്ശബ്ദത പുലര്‍ത്തുകയാണ് പതിവ്. സ്വന്തം ചരിത്രത്തില്‍ നിന്നുതന്നെ ഈ കറുത്ത അധ്യായം തുടച്ചുനീക്കാനാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഭരണകൂടവും ശ്രമിച്ചത്.
ടിയാനന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊലയ്ക്ക് എതിരെ അന്താരാഷ്ട്ര സമൂഹം 30 വര്‍ഷമായി നിരന്തരം ശബ്ദമുയര്‍ത്തുകയാണ്. പക്ഷേ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ അപ്പോഴൊക്കെ നിശ്ശബ്ദത പുലര്‍ത്തി. കമ്മ്യൂണിസ്റ്റ് ചൈനയുടെ താല്‍പ്പര്യം സംരക്ഷിക്കാനാണിതെന്ന് പകല്‍പോലെ വ്യക്തം. ചെന്നൈയില്‍ സിപിഎമ്മിന്റെ പതിനാലാം പാര്‍ട്ടി കോണ്‍ഗ്രസ്സ് (1992 ജനുവരി 3-9) നടന്നത് ടിയാനന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊലയ്ക്കു ശേഷമാണ്. ചൈനീസ് വിപ്ലവത്തെ ചരിത്രപരമായ മുന്നേറ്റമെന്ന് വിശേഷിപ്പിച്ച് വാഴ്ത്തിപ്പാടുകയാണ് ഈ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയം ചെയ്തത്. ചൈനീസ് വിപ്ലവം ”മഹത്തായ പ്രചോദനവും സാമ്രാജ്യത്വഭരണം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നടക്കുന്ന വിമോചനപ്പോരാട്ടങ്ങളെ ഊര്‍ജ്ജസ്വലമാക്കുന്നതുമാണ്” എന്നായിരുന്നു പ്രമേയത്തിലെ വരികള്‍. ഇതേ സിപിഎമ്മിന്റെ കോഴിക്കോട്ടു നടന്ന ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ടിയാനന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊലയെ നിസ്സാരവല്‍ക്കരിച്ചു. ആശയപരമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പ്രമേയത്തില്‍ ടിയാനന്‍മെന്‍ കൂട്ടക്കൊല ‘ചൈനയിലെ ആഭ്യന്തരക്കുഴപ്പം’ മാത്രമായിരുന്നു. കൂട്ടക്കൊല എന്നുപോലുമല്ല ‘ടിയാനന്‍മെന്‍ സ്‌ക്വയര്‍ സംഭവ വികാസം’ എന്നാണ് വിളിച്ചത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഭരണകൂടവും എന്തു നിലപാടാണോ എടുത്തത് അതുതന്നെയാണ് സിപിഎമ്മും സ്വീകരിച്ചത്. ചൈനീസ് സൈന്യം നടത്തിയ കൂട്ടക്കുരുതിയെ വിമര്‍ശിച്ചതിന് പി. ഗോവിന്ദപ്പിള്ളക്കെതിരെ സിപിഎം നടപടിയെടുത്തിരുന്നു. ഈ നിലപാടില്‍ മാറ്റം വരുത്താന്‍ സിപിഎം ഇതുവരെ തയ്യാറായിട്ടില്ല.
പ്രതീകമായ ടാങ്ക് മാന്‍
ഇടതുപാര്‍ട്ടികള്‍ക്കു മാത്രമല്ല ചൈനയോട് വിധേയത്വമുള്ളത്. ഇടതു ബുദ്ധിജീവികളും അവര്‍ വിഹരിക്കുന്ന മാധ്യമങ്ങളും ടിയാനന്‍മെന്‍ കൂട്ടക്കൊലയെക്കുറിച്ച് മൗനം പാലിക്കുന്നു. ജനങ്ങളോടല്ല, കാലഹരണപ്പെട്ട തത്വശാസ്ത്രത്തോടാണ് ഈ ബുദ്ധിജീവികള്‍ക്കും മാധ്യമങ്ങള്‍ക്കും കടപ്പാട്. ടിയാനന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊല എന്നൊന്ന് ലോകത്ത് നടന്നതായിപ്പോലും ഇക്കൂട്ടര്‍ ഭാവിക്കുന്നില്ല. വര്‍ഷംതോറും നിരവധി ദിനാചരണങ്ങള്‍ നടത്തുന്നവര്‍ സ്വന്തം കലണ്ടറില്‍നിന്ന് ജൂണ്‍ നാല് എന്ന ദിനം ഒഴിവാക്കുന്നു. ചൈനയുടെ രക്ഷാകര്‍തൃത്വം മൂലം മനുഷ്യജീവന് അവര്‍ യാതൊരു വിലയും കല്‍പ്പിക്കുന്നില്ല. ജനങ്ങളില്‍നിന്ന് സമ്പൂര്‍ണമായി ഒറ്റപ്പെടുന്നതുപോലും മാറിച്ചിന്തിക്കാന്‍ ചൈനീസ് വിധേയന്മാരെ പ്രേരിപ്പിക്കുന്നില്ല.
ക്രൂരത കമ്മ്യൂണിസ്റ്റ് ചൈനയുടെ ചരിത്രത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. ഇതില്‍ പ്രാകൃതമായ ഒരു അധ്യായമായിരുന്നു ടിയാനന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊല. ഈ കൊടുംക്രൂരത സ്വന്തം ജനതയുടെ മനസ്സില്‍നിന്നും ലോകചരിത്രത്തില്‍നിന്നും മായ്ച്ചുകളയാനാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഭരണകൂടം ശ്രമിക്കുന്നത്. പക്ഷേ ഇക്കാര്യത്തില്‍ അവര്‍ക്ക് വിജയിക്കാന്‍ കഴിയില്ല. കൂട്ടക്കൊല അരങ്ങേറിയതിന്റെ പിറ്റേദിവസം ലോകമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു ചിത്രം ടിയാനന്‍മെന്‍ സ്‌ക്വയറില്‍ എന്തു നടന്നുവെന്ന് വിളിച്ചോതുന്നു. നിരനിരയായി വരുന്ന സൈനിക ടാങ്കുകള്‍ക്കു മുന്നില്‍ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ധീരനായ ഒരു മനുഷ്യന്റെ ചിത്രമാണിത്. ‘ടാങ്ക് മാന്‍’ എന്നുമാത്രം അറിയപ്പെടുന്ന ഈ സ്വാതന്ത്ര്യ ദാഹി ഒരേസമയം കമ്മ്യൂണിസ്റ്റു ഭരണകൂട ഭീകരതയുടെയും അതിനെതിരായ മനുഷ്യ സാധ്യമായ പ്രതിരോധത്തിന്റെയും എക്കാലത്തെയും പ്രതീകമാണ്. 1972 ലെ വിയറ്റ്‌നാം യുദ്ധത്തില്‍ ബോംബാക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് തെരുവിലൂടെ നഗ്നയായി ഓടുന്ന ഒന്‍പതുവയസ്സുള്ള നപാം പെണ്‍കുട്ടിയുടെ ചിത്രം പോലെ ചരിത്രത്തില്‍ സ്ഥാനംപിടിച്ചതാണ് ഉരുക്കിന്റെ സിരകളും സ്വാതന്ത്ര്യം തുടിക്കുന്ന മനസ്സുമായി ചൈനയിലെ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തെ നേരിടുന്ന ഈ ടാങ്ക്മാന്‍.
കൂട്ടക്കൊലയുടെ മഹത്വം!
പൗരാവകാശങ്ങള്‍ക്കുവേണ്ടിയും സംഘടനാ സ്വാതന്ത്ര്യത്തിനുവേണ്ടിയും ടിയാനന്‍മെന്‍ സ്‌ക്വയര്‍ നരഹത്യയുടെ ഇരകള്‍ ശ്രമിച്ചെങ്കിലും അവരെ ജയിലിലടയ്ക്കുകയായിരുന്നു. ചൈന സോഷ്യലിസ്റ്റ് ഡമോക്രാറ്റിക് പാര്‍ട്ടി, ചൈന ഫ്രീഡം ആന്‍ഡ് ഡെമോക്രാറ്റിക് പാര്‍ട്ടി എന്നിങ്ങനെ പാര്‍ട്ടികള്‍ രൂപീകരിക്കാന്‍ ശ്രമം നടത്തിയെങ്കിലും ചൈനീസ് ഭരണകൂടം അടിച്ചമര്‍ത്തി. ഇന്നത്തെ ചൈനയില്‍ അക്കാദമിക് വൃത്തങ്ങളിലോ ജനങ്ങള്‍ക്കിടയിലോ ടിയാനന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊലയെക്കുറിച്ച് സംസാരിക്കുന്നതിനുപോലും വിലക്കുണ്ട്. കൂട്ടക്കൊല നടന്ന ഓരോ ജൂണ്‍ നാല് പിന്നിടുമ്പോഴും സര്‍ക്കാര്‍ നിയന്ത്രണം ശക്തമാക്കുന്നു. മാതാപിതാക്കള്‍ക്ക് മരണമടഞ്ഞവരെ അനുസ്മരിക്കാന്‍ പോലും അനുവാദമില്ല. വിദേശരാജ്യങ്ങളിലുള്ളവര്‍ക്ക് സ്വന്തം മാതാപിതാക്കളുടെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കുകൊള്ളുന്നതിനായി നാട്ടിലെത്താന്‍ അനുവാദമില്ല. 1989 ലെ പ്രക്ഷോഭത്തെ നയിച്ച ബുദ്ധിജീവികളില്‍ പലരും വിദേശങ്ങളില്‍ പ്രായാധിക്യംകൊണ്ട് മരിച്ചുകഴിഞ്ഞു.
സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയും ടിയാനന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊലയെ മഹത്വവല്‍ക്കരിക്കുകയാണുണ്ടായത്. ഡെംഗ് സിയാവോ പിംഗും ലി പെംഗും നേതൃത്വം നല്‍കിയ ഭരണകൂടത്തെ വാഴ്ത്തിപ്പാടുകയും ചെയ്തു. സ്വാതന്ത്ര്യത്തിനുവേണ്ടി സമരം ചെയ്ത വിദ്യാര്‍ത്ഥികളെ ‘അമേരിക്കന്‍ ചാരന്മാരും പ്രതിലോമകാരികളും’ ആയി മുദ്രകുത്തിയാണ് എസ്എഫ്‌ഐ അധിക്ഷേപിച്ചത്. വിദ്യാര്‍ത്ഥികളുടെ കൂട്ടക്കൊല പാശ്ചാത്യമാധ്യമങ്ങളുടെ വ്യാജനിര്‍മിതിയാണെന്നു വരെ ഇക്കൂട്ടര്‍ പ്രഖ്യാപിച്ചു. സൂര്യനു കീഴിലുള്ള എല്ലാറ്റിനെയും വിമര്‍ശിക്കുന്ന ജെഎന്‍യു ബുദ്ധിജീവികള്‍ ചൈനയിലെ നരനായാട്ടിനെക്കുറിച്ച് കനത്ത നിശ്ശബ്ദത പാലിച്ചു. ഇക്കാലത്ത് പോളണ്ടില്‍ ലേ വലേസയുടെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ നടന്ന വിപ്ലവവും ഇവര്‍ കണ്ടില്ലെന്ന് നടിച്ചു. ഇതിന്റെ പ്രതിഫലനം ആ വര്‍ഷത്തെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിലുണ്ടായി. എസ്എഫ്‌ഐയ്ക്കും എഐഎസ്എഫിനും ജയിക്കാനായില്ല. ജെഎന്‍യുവിന്റെ ചരിത്രത്തില്‍ ഇങ്ങനെയൊരു പരാജയം ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ആദ്യമായിരുന്നു.