”ഉപേയുഷാമപി ദിവം സം നിബന്ധ വിധായിനാം
ആസ്ത ഏവ നിരാതങ്കം കാന്തം കാവ്യമയം വപുഃ”
(നല്ല കവിതയെഴുതിയവര്‍ വിണ്ണിലേക്ക് പോയാലും അവരുടെ സുന്ദരവും രോഗരഹിതവുമായ കാവ്യമയ ശരീരം നിലനില്‍ക്കുന്നു. തീര്‍ച്ച.) – ആചാര്യ ദണ്ഡി
ജ്വലിച്ചുണര്‍ന്ന ചിതാഗ്നിനാളങ്ങള്‍ മഹാകവി അക്കിത്തത്തിന്റെ ഭൗതികശരീരം ഭസ്മീകരിച്ചിരിക്കുന്നു. നിത്യസ്രവന്തിയായ കാലമഹാനദിയുടെ തീരത്തുനിന്നുകൊണ്ട് പുണ്യപൂരിതമായ ആ മഹാജന്മത്തിന് മുന്നില്‍ ഭക്ത്യാദരപൂര്‍വ്വം നമസ്‌കരിക്കട്ടെ. ചിതയിലെ അഗ്നിജ്വാലകള്‍ക്കും കാലമെന്ന വലിയചിതലിനും ആഹരിക്കാനാവാത്ത അമൃതസ്രോതസ്വിനിയായ ആ കാവ്യപ്രപഞ്ചമാണ് ഇനി അവശേഷിക്കുന്നത്. സഹൃദയോത്തമന്മാരുടെ ചിദാകാശത്തില്‍ വാടാത്ത താമരയായി, കെടാത്ത സൂര്യനായി ഭാഷയുള്ള കാലത്തോളം അദ്ദേഹത്തിന്റെ ഭാവനാഗര്‍ഭത്തില്‍ പിറന്ന കവിതകള്‍ നിലനില്‍ക്കുമെന്നുറപ്പാണ്. ഇടതു വലതു ചേരികളില്‍ അണിചേരാതെ സാംസ്‌കാരികദേശീയതയുടെ ദീപശിഖയുമേന്തി നടക്കാനെന്നും ധൈര്യം കാട്ടിയ മഹാകവിയായിരുന്നു അക്കിത്തം അച്യുതന്‍ നമ്പൂതിരി. ജനകീയമായ അംഗീകാരത്തിനു വേണ്ടിയും പുരസ്‌കാരലബ്ധിക്കുവേണ്ടിയും നട്ടെല്ല് പണയം വെക്കാതെ ഉന്നതശീര്‍ഷനായി നിലകൊണ്ട ഭാരതീയതയുടെ കാവലാള്‍. സ്തുതിപാഠകവൃന്ദത്തിന്റെ കരഘോഷങ്ങള്‍ക്ക് കാതോര്‍ക്കാതെ കാവ്യദേവതയുടെ ഹൃദയത്തുടിപ്പുകളേറ്റു വാങ്ങാന്‍ ബദ്ധശ്രദ്ധനായ കാവ്യസൂര്യന്‍. ഇടശ്ശേരിയുടെയും വൈലോപ്പിള്ളിയുടെയും പി.കുഞ്ഞിരാമന്‍ നായരുടെയും ബാലാമണിയമ്മയുടെയും എന്‍.വി. കൃഷ്ണവാര്യരുടെയും കക്കാടിന്റെയും വരിഷ്ടഗോത്രത്തില്‍ പിറന്ന വാഗ്‌ദേവതയുടെ വീരഭടന്‍.
മഹാകവി അക്കിത്തം സമ്പുഷ്ടമാക്കിയത് സത്കവിതയുടെ പൈതൃകദണ്ഡാഗാരത്തെയായിരുന്നു. ഈ സത്യം തിരിച്ചറിഞ്ഞവര്‍ വിരളം. എം.പി. ശങ്കുണ്ണിനായര്‍, എം. ലീലാവതി, കെ.പി. ശങ്കരന്‍, ആത്മാരാമന്‍, പി. നാരായണക്കുറുപ്പ്, മേലത്ത് ചന്ദ്രശേഖരന്‍, ആര്‍. വിശ്വനാഥന്‍ എന്നീ നിരൂപകപ്രതിഭകള്‍ക്ക് മഹത്തായ കവിതയുടെ ഉടലാര്‍ന്ന സ്വരൂപമായിരുന്നു ഈ മഹാകവി. ദീര്‍ഘകാലം തപസ്യകലാസാഹിത്യവേദിയുടെ അദ്ധ്യക്ഷപദവി അലങ്കരിച്ച അക്കിത്തം, ദേഹത്തില്‍ നിന്ന് ദേഹി വിട്ടൊഴിയും വരെ തപസ്യയുടെ രക്ഷാധികാരിയായും വിളങ്ങിനിന്നു. തപസ്യ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശം എക്കാലവും അക്കിത്തത്തിന്റെ ദാര്‍ശനിക സത്തയായിരുന്നു. ഈശ്വര നിയോഗമെന്നോണമാണ് അക്കിത്തം തപസ്യയുടെ ഭാഗമായത്. ഈ കലാസാഹിത്യസംഘടനയ്ക്ക് തപസ്യ എന്ന് പേര് വന്നതും ഒരു നിയോഗമാണെന്ന് അക്കിത്തം വിശ്വസിച്ചു. തപസ്വികളുടെയും, സാധകരുടെയും കൂട്ടായ്മയായതുകൊണ്ടാണ് തപസ്യ എന്ന പേര് വന്നത് എന്ന് അദ്ദേഹം നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. ആവിഷ്‌കാരസ്വാതന്ത്ര്യം ഹനിക്കപ്പെട്ട അടിയന്തരാവസ്ഥയുടെ ഇരുണ്ടനാളുകളില്‍ ഉദയംകൊണ്ട തപസ്യയുടെ ദൗത്യം എന്തെന്ന് തിരിച്ചറിയുകയും അതിനെ മുന്നോട്ട് നയിക്കുകയും ചെയ്തത് മഹാകവിയുടെ ആശയാദര്‍ശങ്ങളാണ്. 1991 നവംബര്‍ പത്താം തീയതി മുതല്‍ 25-ാം തീയതിവരെ തപസ്യ സംഘടിപ്പിച്ച സാംസ്‌കാരിക തീര്‍ത്ഥയാത്ര നയിച്ചത് അക്കിത്തമായിരുന്നു. കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെ നീണ്ട ആ തീര്‍ത്ഥയാത്ര കേരളീയ സംസ്‌കൃതിയെ തൊട്ടറിയുന്നതായിരുന്നു. ”പുറ്റുമണ്ണിന്റെ കരളിലെ കണ്ണുനീരിറ്റില്‍ നിന്നാദ്യം വിടര്‍ന്ന പൂവേ” എന്നാരംഭിക്കുന്ന തപസ്യയുടെ നാന്ദിഗീതത്തിന്റെ കര്‍ത്താവും മഹാകവി തന്നെ. രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെ ആശയാദര്‍ശങ്ങളോട് തനിക്കുള്ള ആത്മബന്ധം പരസ്യമായി സാക്ഷ്യപ്പെടുത്തുവാന്‍ ഒരുകാലത്തും അദ്ദേഹം മടിച്ചുനിന്നില്ല. സംഘപ്രചാരകരായ മാധവ്ജി, പരമേശ്വര്‍ജി, എം.എ.സാര്‍ എന്നിവര്‍ അക്കിത്തത്തിന് സഹോദരന്മാര്‍ തന്നെയായിരുന്നു. പരമേശ്വര്‍ജിയുടെ കവിതാസമാഹാരമായ ‘യജ്ഞപ്രസാദ’ത്തിന് അവതാരികയെഴുതിയതും അക്കിത്തമായിരുന്നല്ലോ. ജന്മഭൂമിയുടെയും കേസരിയുടെയും വളര്‍ച്ചയില്‍ തനിക്കുള്ള അനല്പമായ ആഹ്ലാദവും അഭിമാനവും പരസ്യമായി രേഖപ്പെടുത്തുവാനും അക്കിത്തം മടിച്ചിരുന്നില്ല. സംഘപ്രസ്ഥാനങ്ങളൊന്നടങ്കം അദ്ദേഹത്തെ ഗുരുതുല്യനായി ആദരിച്ചുപോന്നിരുന്നു. അതിന്റെ പേരില്‍ പല കോണുകളില്‍ നിന്ന് ഒളിഞ്ഞും തെളിഞ്ഞും കല്ലേറുകളുണ്ടായപ്പോഴും തെല്ലും പതറാതെ കവിതയുടെ നിധികുംഭങ്ങള്‍ മലയാളഭാവനയ്ക്ക് മുന്നില്‍ സമര്‍പ്പിച്ച് ബ്രഹ്‌മവര്‍ച്ചസ്വിയായി അദ്ദേഹം മുന്നോട്ട് തന്നെ സഞ്ചരിച്ചു. വാക്കിന്റെ അധിദേവതയായ അഗ്നി, സര്‍ഗാത്മകതയുടെയും ഉത്കര്‍ഷേച്ഛയുടെയും വൈദികബിംബമാണെന്ന് തിരിച്ചറിഞ്ഞവര്‍ക്കൊക്കെ അദ്ദേഹം മഹാകവിയായിത്തീര്‍ന്നു. അക്കിത്തം അഗ്നിതത്വമാണെന്ന സത്യം ദര്‍ശിച്ചവര്‍ അക്കിത്തം കവിതകളുടെ ഗര്‍ഭഗൃഹത്തിന് മുന്നില്‍ തൊഴുകയ്യോടെ നിലകൊണ്ടതും ഇതിനാലാവണം.
ജ്ഞാനപീഠ പുരസ്‌കാരം ഏറ്റുവാങ്ങി ദിവസങ്ങള്‍ക്കുള്ളിലാണ് മഹാകവി യാത്രയായത്. അക്കിത്തത്തിന് എന്നേ ലഭിക്കേണ്ടതായിരുന്നു ആ പുരസ്‌കാരം. ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസകാരന് ജ്ഞാനപീഠം സമ്മാനിച്ചത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണെന്നത് ചരിത്രത്തിന്റെ തീരുമാനം മാത്രമാണോ എന്ന് മനസ്സിരുത്തി ചിന്തിക്കേണ്ട വിഷയമാണ്. നോബല്‍ സമ്മാനത്തിന് വരെ അര്‍ഹമാവേണ്ട കാവ്യപ്രപഞ്ചമാണ് അദ്ദേഹം പടുത്തുയര്‍ത്തിയത്. ലഭിക്കാതെ പോയതും താമസിച്ചുകൈവന്നതുമായ അത്തരം അംഗീകാരങ്ങളെച്ചൊല്ലി പ്രതിഷേധിക്കുവാനോ പരിഭവിക്കുവാനോ ഒരിക്കലും കവി തുനിഞ്ഞിട്ടില്ല. ഋഷിതുല്യമായ നിര്‍മ്മമതയോടെ തിരസ്‌കാരങ്ങളെയും ധൃതരാഷ്ട്രാലിംഗനശ്രമങ്ങളെയും അംഗീകാരങ്ങളെയും അദ്ദേഹം നോക്കിക്കണ്ടു. വിനയത്തിന്റെയും ലാളിത്യത്തിന്റെയും വിളനിലമായ ആ മഹാമനുഷ്യന് പാര്‍ത്ഥസാരഥിയായ ഭഗവാനരുളിചെയ്ത സ്ഥിതപ്രജ്ഞത്വം സഹജഗുണമായിരുന്നു. മലിനഭരിതമായ സാംസ്‌കാരികാന്തരീക്ഷത്തെ തന്റെ കവിതകളിലൂടെയും കര്‍മവ്യാപാരങ്ങളിലൂടെയും പുണ്യാഹം തളിച്ച് ശുദ്ധീകരിക്കുവാനാണ് അക്കിത്തം എന്നും ഉത്സാഹിച്ചുപോന്നത്.
ജീവിതവഴികള്‍
1926 മാര്‍ച്ച് 18ന് പാലക്കാട് ജില്ലയില്‍ കുമരനല്ലൂരില്‍ ആണ് അക്കിത്തം ജനിച്ചത്. അച്ഛന്‍ അമേറ്റൂര്‍ അക്കിത്തം വാസുദേവന്‍നമ്പൂതിരി, അമ്മ ചേകൂര്‍ പാര്‍വ്വതി അന്തര്‍ജനം. മാവറെ അച്യുതവാരിയരായിരുന്നു ആദ്യഗുരു. എട്ടുമുതല്‍ പന്ത്രണ്ടുവയസ്സുവരെ പിതാവില്‍നിന്നും മറ്റും ഋഗ്വേദവും പിന്നീട് കൊടക്കാട്ട് ശങ്കുണ്ണിനമ്പീശനില്‍ നിന്നു സംസ്‌കൃതം, ജ്യോതിഷം എന്നിവയും പതിനാലാം വയസ്സില്‍ തൃക്കണ്ടിയൂര്‍ കളത്തില്‍ ഉണ്ണിക്കൃഷ്ണമേനോനില്‍നിന്ന് ഇംഗ്ലീഷ്. കണക്ക് എന്നിവയും അഭ്യസിച്ചു. ടി.പി.കുഞ്ഞുകുട്ടന്‍ നമ്പ്യാരില്‍നിന്നു കാളിദാസകവിതയും, വി.ടി.ഭട്ടതിരിപ്പാടില്‍നിന്നു തമിഴും പഠിച്ചു. കുമരനല്ലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട് സാമൂതിരിഗുരുവായൂരപ്പന്‍ കോളേജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നുവെങ്കിലും പഠിപ്പു പൂര്‍ത്തീകരിച്ചില്ല. ചിത്രകല, സംഗീതം എന്നിവയിലായിരുന്നു ശൈശവകൗമാരകാലങ്ങളില്‍ താത്പര്യം. എട്ടാം വയസ്സില്‍ കവിത എഴുതാന്‍ തുടങ്ങി. ഇടശ്ശേരി, ബാലാമണിയമ്മ, നാലപ്പാടന്‍, കുട്ടിക്കൃഷ്ണമാരാര്‍, വി.ടി., എം.ആര്‍.ബി. എന്നിവരുടെ സമ്പര്‍ക്കവലയത്തിലെത്തിപ്പെട്ടത് അക്കിത്തത്തിലെ കവിവ്യക്തിത്വത്തെ വളര്‍ത്തി. 1946 മുതല്‍ 49 വരെ ഉണ്ണിനമ്പൂതിരി മാസികയുടെ പ്രിന്ററും പബ്ലിഷറുമായി ജോലി ചെയ്തിട്ടുണ്ട് അക്കിത്തം. യോഗക്ഷേമം ആഴ്ചപ്പതിപ്പ്, മംഗളോദയം മാസിക എന്നിവയുടെ ഉപപത്രാധിപരായിരുന്നു. 1956 ജൂണ്‍ മുതല്‍ 1985 ഏപ്രില്‍ വരെ ആകാശവാണി കോഴിക്കോട്-തൃശ്ശൂര്‍ നിലയങ്ങളില്‍ ജോലിചെയ്തു. 1985-ല്‍ എഡിറ്റര്‍ പോസ്റ്റില്‍നിന്നു വിരമിച്ചു. നിരവധി സംഘടനകളുടെ ചുമതല വഹിച്ചിട്ടുണ്ട് അദ്ദേഹം. അവയില്‍ ചിലത് മാത്രം സൂചിപ്പിക്കട്ടെ.
ഡയറക്ടര്‍ – സാഹിത്യ പ്രവര്‍ത്തകസഹകരണസംഘം, കോട്ടയം (1973-76). വൈസ് പ്രസിഡന്റ്-സംസ്‌കാര്‍ഭാരതി, ആഗ്ര (1986-96). പ്രസിഡന്റ്- തപസ്യ കലാസാഹിത്യവേദി (1984-99). പ്രസിഡന്റ്- വള്ളത്തോള്‍ എജുക്കേഷണല്‍ ട്രസ്റ്റ്, ശുകപുരം (1989 മുതല്‍). വൈസ് പ്രസിഡന്റ്- ചങ്ങമ്പുഴ സ്മാരകസമിതി, കൊച്ചി (1986-96). പ്രസിഡന്റ്- വേദിക് ട്രസ്റ്റ് (സാമവേദപഠനകേന്ദ്രം), പാഞ്ഞാള്‍ (1995 മുതല്‍). പ്രസിഡന്റ്- വില്വമംഗലം സ്മാരകട്രസ്റ്റ്, തവനൂര്‍ (2000 മുതല്‍). പ്രസിഡന്റ്- കടവല്ലൂര്‍ അന്യോന്യ പരിഷത്ത് (2000 മുതല്‍). യോഗക്ഷേമസഭയുടെ അംഗമെന്ന നിലയില്‍, നമ്പൂതിരി സമുദായപരിഷ്‌കരണങ്ങള്‍ക്കുവേണ്ടി നിരന്തരംപ്രയത്‌നിച്ചു. മഹാത്മജിയുടെ നേതൃത്വത്തില്‍ ശക്തമായിരുന്ന ദേശീയപ്രസ്ഥാനത്തിന്റെ സ്വാധീനത ഈ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടായിരുന്നു. 1946-49 കാലത്ത് യോഗക്ഷേമസഭയുടെ പ്രമുഖനേതാക്കളായിരുന്ന വി.ടി.ഭട്ടതിരിപ്പാട്, ഇ.എം.എസ്. നമ്പൂതിരിപ്പാട്, ഒ.എം.സി. നാരായണന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്നു. 1950-52 കാലഘട്ടത്തില്‍ പൊന്നാനി കേന്ദ്രകലാസമിതിയുടെ സെക്രട്ടറി, 1953-54ല്‍ പ്രസിഡന്റ് ഇടശ്ശേരി, വി.ടി., നാലപ്പാടന്‍, വി.എം.നായര്‍, ബാലാമണിയമ്മ, എന്‍.വി.കൃഷ്ണവാരിയര്‍, സി.ജെ.തോമസ്, എം.ഗോവിന്ദന്‍, ചിറക്കല്‍ ടി. ബാലകൃഷ്ണന്‍നായര്‍, എസ്.കെ.പൊറ്റെക്കാട് എന്നിവര്‍ക്ക് ഈ കലാസമിതിയുമായി ഗാഢമായ ബന്ധമുണ്ടായിരുന്നു. പൊന്നാനിക്കളരിയിലെ പരിശീലനമാണ് അക്കിത്തത്തിന്റെ കവിപ്രതിഭയെ രാകിരാകിമുനകൂര്‍പ്പിച്ചെടുത്തത്.
തൃശ്ശൂര്‍, തിരൂര്‍, കടവല്ലൂര്‍ എന്നിവിടങ്ങളിലെ പ്രശസ്തമായ വേദപാഠശാലകളോടു ബന്ധപ്പെട്ട് വേദവിദ്യാപ്രചാരണത്തിനു പരിശ്രമിച്ചു. 1974-88 കാലത്ത് പാഞ്ഞാളിലും തിരുവനന്തപുരത്തും കുണ്ടൂരിലും നടന്ന യജ്ഞങ്ങള്‍ക്കു പിറകില്‍ പ്രവര്‍ത്തിച്ച ശക്തിയും അക്കിത്തമായിരുന്നു. വൈദികപാരമ്പര്യത്തിന്റെ ഉദാത്തമായ പ്രപഞ്ചദര്‍ശനം കെടാതെ സൂക്ഷിക്കുകയും യാഥാസ്ഥിതികവിരുദ്ധമായ ആധുനികവീക്ഷണം ആവോളമുള്‍ക്കൊണ്ട് അബ്രാഹ്‌മണര്‍ക്കിടയിലും വേദവിജ്ഞാനം പ്രചരിപ്പിക്കണമെന്നു നിശിതമായി വാദിക്കുകയും ചെയ്തു ഈ പുരോഗമനവാദി. പ്രശാന്തവും ധീരവുമായ ആ നിലപാടിന് മുന്നില്‍ യാഥാസ്ഥിതികത്വം മഞ്ഞുപോലെ ഉരുകിപ്പോവുകയും വേദപഠനം സംബന്ധിച്ച് വിശാലവും ഉദാരവും കാലാനുസൃതവുമായ കാഴ്ചപ്പാട് അംഗീകരിക്കപ്പെടുകയും ചെയ്തു. തീണ്ടലിനെതിരെ 1947-ല്‍ നടന്ന പാലിയം സത്യഗ്രഹത്തില്‍ അദ്ദേഹം പങ്കെടുക്കുകയുണ്ടായി. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്, കുളക്കോഴി, കൂട്ടുകൃഷി എന്നീ നാടകങ്ങളില്‍ തന്റെ അഭിനയപാടവം പ്രദര്‍ശിപ്പിച്ചു അദ്ദേഹം. കവിത, നാടകം, ചെറുകഥ, ഉപന്യാസം, വിവര്‍ത്തനം എന്നിങ്ങനെ വിവിധ മേഖലകളിലായി അനേകം പുസ്തകങ്ങള്‍പ്രസിദ്ധീകരിച്ചിട്ടുണ്ട് മഹാകവി. 1978-82 കാലത്ത് ഇന്ത്യാഗവണ്മെന്റിന്റെ സീനിയര്‍ ഫെലോഷിപ്പോടുകൂടി മഹാത്മജിയുടെ ജീവിതത്തേയും കൃതികളേയും സംബന്ധിച്ചു നിര്‍വഹിച്ച ഗവേഷണത്തിന്റെ സത്ഫലമാണ് ധര്‍മ്മസൂര്യന്‍ (1999) എന്ന ഖണ്ഡകാവ്യം. ശ്രീമദ്ഭാഗവതത്തിന്റെ മലയാള പരിഭാഷ (1999) അക്കിത്തത്തിന്റെ ചിരന്തനകാവ്യതപസ്സിന്റെ ഫലവും ആത്മസാക്ഷാത്കാരവുമാണ്. വീരവാദം, വളക്കിലുക്കം, മനഃസാക്ഷിയുടെ പൂക്കള്‍, മധുവിധു, മധുവിധുവിന്നുശേഷം,, അഞ്ചു നാടോടിപ്പാട്ടുകള്‍, കരതലാമലകം, അരങ്ങേറ്റം, മനോരഥം, അനശ്വരന്റെ ഗാനം, ഇടിഞ്ഞുപൊളിഞ്ഞ ലോകം, വെണ്ണക്കല്ലിന്റെ കഥ, സഞ്ചാരികള്‍, കടമ്പിപൂക്കള്‍, ഒരു കുടന്ന നിലാവ്, മാനസപൂജ, നിമിഷക്ഷേത്രം, അമൃതഘടിക, ആലഞ്ഞാട്ടമ്മ, സ്പര്‍ശമണികള്‍, കളിക്കൊട്ടിലില്‍, ഒരു കുല മുന്തിരിങ്ങ, ഉണ്ണിക്കിനാവുകള്‍, സമന്വയത്തിന്റെ ആകാശം, അന്തിമഹാകാലം, പഞ്ചവര്‍ണ്ണക്കിളികള്‍, ശ്ലോകപുണ്യം, അക്കിത്തത്തിന്റെ കുട്ടിക്കവിതകള്‍ (കവിതാസമാഹാരങ്ങള്‍), ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ബലിദര്‍ശനം, കുതിര്‍ന്ന മണ്ണ്, ദേശസേവിക, ധര്‍മ്മസൂര്യന്‍ (ഖണ്ഡകാവ്യങ്ങള്‍), ഈ ഏടത്തി നൊണേ പറയൂ… (നാടകം) അവതാളങ്ങള്‍, കാക്കപ്പുള്ളികള്‍ (ചെറുകഥാസമാഹാരങ്ങള്‍), ഉപനയനം, സമാവര്‍ത്തനം, ഹൃദയത്തിലേക്കു നോക്കി എഴുതൂ, പൊന്നാനിക്കളരി, ശ്രൗതശാസ്ത്രപാരമ്പര്യം കേരളത്തില്‍, സഞ്ചാരീഭാവം, കവിതയിലെ വൃത്തവും ചതുരവും (ലേഖനസമാഹാരങ്ങള്‍), സാഗരസംഗീതം (കവിത – വിവര്‍ത്തനം), സനാതനധര്‍മ്മംതന്നെ ദേശീയത (ശ്രീ അരവിന്ദന്റെ ഉത്തരപ്പാറ പ്രസംഗം-വിവര്‍ത്തനം), നാടോടി തെലുങ്ക് കഥകള്‍ (വിവര്‍ത്തനം), ശ്രീമഹാഭാഗവതം (കവിത – വിവര്‍ത്തനം). അക്കിത്തത്തിന്റെ ലേഖനങ്ങള്‍ എന്നിവയാണ് പ്രധാനഗ്രന്ഥങ്ങള്‍.
അനേക പുരസ്‌കാരങ്ങള്‍ കവിയെ തേടിയെത്തിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1977), കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് (1975), ഓടക്കുഴല്‍ അവാര്‍ഡ് (1973). റൈറ്റേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അവാര്‍ഡ് (1979), ഉള്ളൂര്‍ അവാര്‍ഡ് (1994), ആശാന്‍ പുരസ്‌കാരം (1994), സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1999), ബാലഗോകുലം കൃഷ്ണാഷ്ടമി അവാര്‍ഡ് (2000), കെ.പി. നാരായണപ്പിഷാരടി അവാര്‍ഡ് (2004), അമൃതകീര്‍ത്തി അവാര്‍ഡ് (2004), അബുദാബി മലയാളി അവാര്‍ഡ് (2004), പന്തളം കേരളവര്‍മരാജാ അവാര്‍ഡ് (2000), ജ്ഞാനപ്പാന പൂന്താനം അവാര്‍ഡ് (2004), മധ്യപ്രദേശ് സര്‍ക്കാറിന്റെ ദേശീയ കബീര്‍ സമ്മാനം (2007), ബാലാമണിയമ്മ അവാര്‍ഡ് (2007), എഴുത്തച്ഛന്‍ സമാജത്തിന്റെ എഴുത്തച്ഛന്‍ അവാര്‍ഡ് (2014), അഗ്നിഹോത്രി അവാര്‍ഡ് (2018), റൈക്വിഷി അവാര്‍ഡ് (2004), കേരള സര്‍ക്കാറിന്റെ എഴുത്തച്ഛന്‍ അവാര്‍ഡ് (2008), മാതൃഭൂമി സാഹിത്യ പുരസ്‌കാരം (2006), മലയാള പാഠശാല സഞ്ജയന്‍ അവാര്‍ഡ് (2008), സാഹിത്യപരിഷത്ത് അവാര്‍ഡ് (2008), തപസ്യ പ്രഥമ സഞ്ജയന്‍ പുരസ്‌ക്കാരം (2003), പത്മശ്രീ പുരസ്‌ക്കാരം (2017), പഴശ്ശി പുരസ്‌കാരം (2017), മൂര്‍ത്തീദേവിപുരസ്‌ക്കാരം (2012), ജ്ഞാനപീഠ പുരസ്‌ക്കാരം (2019) എന്നിവ അവയില്‍ ചിലത് മാത്രം. തൃപ്പൂണിത്തുറ സംസ്‌കൃതകോളേജിന്റെ സാഹിത്യനിപുണബിരുദവും സുവര്‍ണമുദ്രയും (1973), പട്ടാമ്പി സംസ്‌കൃതകോളേജിന്റെ സാഹിത്യരത്‌ന ബിരുദവും സുവര്‍ണ മുദ്രയും (1973), കൊച്ചി വിശ്വസംസ്‌കൃതപ്രതിഷ്ഠാനത്തിന്റെ പണ്ഡിതരത്‌നബിരുദം (1997), കേരള സാഹിത്യഅക്കാദമിയുടെ വിശിഷ്ടാംഗത്വം (2006), ജ്ഞാനപീഠം (2019) എന്നിവയ്ക്ക് അര്‍ഹനായിട്ടുണ്ട് മഹാകവി. ഒരുപക്ഷേ ഇത്രയേറെ പുരസ്‌കാരങ്ങള്‍ ലഭിച്ച അധികം എഴുത്തുകാര്‍ നമ്മുടെ ഭാഷയില്‍ ഉണ്ടായിട്ടില്ല. യു.എസ്.എ., കാനഡ, യു.കെ.ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നടന്ന സാഹിത്യസെമിനാറുകളില്‍ അക്കിത്തം പങ്കെടുക്കുകയുണ്ടായി. ഫ്രഞ്ച് റേഡിയോയില്‍ അദ്ദേഹത്തിന്റെ അഭിമുഖം പ്രക്ഷേപണം ചെയ്തതും ശ്രദ്ധേയമായി. നിരവധി കവിതകളുടെ ഫ്രഞ്ച് വിവര്‍ത്തനങ്ങള്‍ യൂറോപ്പിലെ മാസികയില്‍ പ്രസിദ്ധം ചെയ്തിട്ടുണ്ട്. ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം ഇ.എം.ജെ. വെണ്ണിയൂര്‍ ഇംഗ്ലീഷിലും, ഗോപാല്‍ ജെയിന്‍ ഹിന്ദിയിലും പ്രസിദ്ധീകരിച്ചു. അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍ എന്ന പേരില്‍ ഓരോ കൃതികള്‍ ഹിന്ദിയിലേക്ക് യു.കെ.എസ്. ചൗഹാനും, വി.കെ.ഹരിഹരനുണ്ണിത്താനും പരിഭാഷപ്പെടുത്തി. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം തെലുങ്കിലേക്ക് എല്‍.ആര്‍. സ്വാമി വിവര്‍ത്തനം ചെയ്തു. ‘സരോജിനി’ എന്ന തൂലികാനാമത്തില്‍ എഴുതിയിരുന്നു അക്കിത്തം. കോഴിക്കോട് കോലായചര്‍ച്ചകളിലും സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. 1949ല്‍ ഇരുപത്തിമൂന്നാം വയസ്സില്‍ വിവാഹിതനായി. ഭാര്യ പട്ടാമ്പിആയമ്പിള്ളി ശ്രീദേവി അന്തര്‍ജനം. മക്കള്‍ : പാര്‍വ്വതി, ഇന്ദിര, വാസുദേവന്‍, ശ്രീജ, ലീല, നാരായണന്‍.. സഹോദരങ്ങള്‍: അക്കിത്തം നാരായണന്‍ (പ്രശസ്ത ചിത്രകാരന്‍, പാരിസ്), അക്കിത്തം ജയരാമന്‍ നമ്പൂതിരി, അക്കിത്തം കൃഷ്ണന്‍ നമ്പൂതിരി, ലീലാ അന്തര്‍ജ്ജനം, ആര്യ അന്തര്‍ജ്ജനം, സാവിത്രി അന്തര്‍ജ്ജനം, അക്കിത്തം വാസുദേവന്‍ നമ്പൂതിരി, അക്കിത്തം പരമേശ്വരന്‍ നമ്പൂതിരി, ദേവകി അന്തര്‍ജ്ജനം, ഉമാദേവി അന്തജ്ജനം.
വാര്‍ദ്ധക്യസഹജമായ ക്ലേശങ്ങളാല്‍ പരിക്ഷീണതനായിരുന്നു അവസാനകാലത്ത് മഹാകവി. മക്കളുടെയും ബന്ധുജനങ്ങളുടെയും സ്‌നേഹപൂര്‍ണമായ പരിചരണത്തിന്റെ ശീതളസ്പര്‍ശമേറ്റ് മനസ്സുനിറഞ്ഞാണ് ജീവിതസായാഹ്നം അദ്ദേഹം കഴിച്ചുകൂട്ടിയത്. സഹധര്‍മ്മിണി എന്ന പദത്തിന്റെ അര്‍ത്ഥമറിഞ്ഞു ജീവിച്ച ജീവിതസഖിയുടെ മരണം മഹാകവിയുടെ മനസ്സിനെ പിടിച്ചുലച്ചിരുന്നു. എങ്കിലും തന്നെ തേടിയെത്തുന്നവരെ വലിപ്പച്ചെറുപ്പവ്യത്യാസമില്ലാതെ പുഞ്ചിരിയോടെ ‘ദേവായന’ത്തിലേക്ക് അദ്ദേഹം സ്വാഗതം ചെയ്തുപോന്നു. ചെറുപ്പക്കാരായ എഴുത്തുകാരുടെ കൃതികള്‍ക്ക് പ്രോത്സാഹനജനകങ്ങളായ അവതാരികകള്‍ എഴുതിക്കൊടുക്കുന്നതിന് ഒരുപേക്ഷയും വരുത്തിയില്ല. അതുകൊണ്ടാവണം ഔദ്യോഗികബഹുമതികളേറ്റുവാങ്ങി 2020 ഒക്ടോബര്‍ 15ന് അഞ്ചുമണിക്ക് പഞ്ചഭൂതങ്ങളിലേക്ക് ആ പുണ്യശരീരം വിലയം പ്രാപിച്ചപ്പോള്‍ കേരളത്തിനാകെ ഒരു കാരണവര്‍ നഷ്ടപ്പെട്ട വേദനയുണ്ടായത്. അമൃതഭാഷയായ സംസ്‌കൃതത്തിന്റെ ചൈതന്യവും നാട്ടുമലയാളത്തിന്റെ തെളിമയും ഉചിതമായി വിളക്കിച്ചേര്‍ത്ത ഇംഗ്ലീഷ്പദങ്ങളും ഒത്തുചേര്‍ന്ന കാവ്യഭാഷയിലൂടെ സൗമ്യമായി അക്കിത്തം മന്ത്രിച്ചപ്പോള്‍ ആധുനികകവിതയുടെ പാരമ്പര്യബന്ധം കൂടുതല്‍ കൂടുതല്‍ ദൃഢമാവുകയായിരുന്നു. വജ്രമൂര്‍ച്ചയുള്ള ആ കവിതകള്‍ ദര്‍ശനശക്തിയുടെ ആഴമെന്താണെന്ന് മലയാളകവിതാസ്വാദകര്‍ക്ക് കാട്ടിക്കൊടുത്തു. മുദ്രാവാക്യപ്രായമായ വരികളും പാര്‍ട്ടിസ്തുതിഗീതങ്ങളും കാതിലെത്തിയവിടെത്തന്നെപറ്റിയില്ലാതാവുന്ന പാട്ടു കവിതകളെഴുതുന്നവരല്ല നല്ലകവികളെന്ന് വീണ്ടും വീണ്ടും ബോധ്യപ്പെടണമെന്നുണ്ടെങ്കില്‍ അക്കിത്തത്തിന്റെ കവിതകള്‍, നിലവിളക്കുകൊളുത്തി തൊഴുകയ്യോടെ വായിച്ചു തുടങ്ങിയാല്‍ മതിയാവും. ഉത്തമകവിത മന്ത്രതുല്യമാണെന്ന് അരവിന്ദമഹര്‍ഷി അരുളിചെയ്തതിന്റെ പൊരുള്‍ അപ്പോള്‍ മാത്രമേ നമുക്ക് ഗ്രഹിക്കാനാവൂ.
”നന്മകളാശിച്ചീടുക പറയുക
പറയാനുള്ളവ നേരെ,
നമ്മുടെ മാര്‍ഗം ചെത്തിക്കോരാന്‍
നാമല്ലാതില്ലാരും” എന്നെഴുതിയത് ‘ഉദ്ധരേദാത്മനാത്മാനം’ എന്ന ഗീതാതത്വത്തിന്റെ അടിത്തറയില്‍ നിന്നാണെന്ന് തിരിച്ചറിയുക. മഹാകവിയെഴുതിയ ഈടുറ്റ ലേഖനങ്ങളിലും ഇതേ ചിന്തയുടെ വെളിച്ചം കാണാനാവും. ഭാരതീയമായ ഒരു വിചാരസരണിയും അപഗ്രഥന പദ്ധതിയും ആ ലേഖനങ്ങളില്‍ നിന്ന് ഭാവികാലം ഖനനം ചെയ്‌തെടുക്കുമെന്ന് പ്രതീക്ഷിക്കാം.
അമരകവിതയുടെ മഹാപ്രപഞ്ചം
കവിതാരചന ഈശ്വരപ്രാര്‍ത്ഥന പോലെ വിശുദ്ധമായ ഒരു ദിവ്യകര്‍മമാണെന്ന് തിരിച്ചറിഞ്ഞ ഈ മുതിര്‍ന്ന കവി മലയാളകവിതയുടെ സത്പാരമ്പര്യത്തിന്റെ നേരവകാശിയാണ്. കവിത്രയാനന്തരകവികുലത്തില്‍ സ്വീയദര്‍ശനത്തിന്റെ തേജസ്സ് പ്രസരിപ്പിച്ചുകൊണ്ട് തികച്ചും മൗലികമെന്ന് വിശേഷിപ്പിക്കാവുന്ന പന്ഥാവിലൂടെ ദീര്‍ഘകാലം സഞ്ചരിച്ച് മുന്നേറിയ മലയാളത്തിന്റെ ഈ പ്രിയകവി അനുകൂലവും പ്രതികൂലവുമായ വിമര്‍ശനപാഠങ്ങള്‍ക്കിടയിലും സ്ഥിതപ്രജ്ഞഭാവത്തില്‍ ഉത്തമസഹൃദയരുടെ നിത്യാദരവുകളേറ്റുവാങ്ങിക്കൊണ്ട് ഉന്നതശീര്‍ഷനായി എങ്ങുംനിലകൊണ്ടു. ”ഇന്നലെപ്പോയ ഭടന്റെ കാല്‍പ്പാടുകള്‍ ചിന്തിയ മണ്ണില്‍ ചവിട്ടുകയില്ല ഞാന്‍” എന്നും ” ഇല്ലനുകര്‍ത്താവിനില്ല തന്‍ജീവിതവല്ലരിയില്‍ പൂവിരിഞ്ഞു കാണ്മാന്‍ വിധി” എന്നുമെഴുതിയ മഹാകവി മൗലികതയുടെ വരപ്രസാദം നിറുകയിലേറ്റുവാങ്ങിയ ഒരുകൂട്ടം മികച്ച കവിതകളുടെ കര്‍ത്താവെന്ന നിലയിലാണ് പ്രാതഃസ്മരണീയനാവുന്നത്. ‘എനിക്കിതേ വേണ്ടൂ പറഞ്ഞുപോകരുതിതുമറ്റൊന്നിന്റെ പകര്‍പ്പെന്നു മാത്രം’ എന്നു നമ്മെ ഓര്‍മപ്പെടുത്തിയ ഇടശ്ശേരിയുടെ പ്രിയശിഷ്യനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെയാവണം തനിമയുടെ ജീവചൈതന്യം ആ കവിതകളില്‍ തുടിച്ചുനിന്നതും. കവിത ഒരു വലിയ സത്യമാണെന്ന് സ്വാനുഭവത്തിലൂടെ ബോധ്യപ്പെടുകയും ആ വിവേകത്തിന്റെ ഉത്തമസാക്ഷ്യങ്ങളായി സ്വന്തം കവിതകളെ ജ്വലിപ്പിച്ചുണര്‍ത്തുകയും ചെയ്ത ഹൃദയാലുവായ ഈ അരുള്‍ക്കവി അമൃതസ്രോതസ്വിനികളായ എത്രയെത്ര ഉജ്ജ്വല രചനകളാണ് മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ബലിദര്‍ശനം, മധുവിധു, വാടാത്ത താമരയും കെടാത്ത സൂര്യനും, വെണ്ണക്കല്ലിന്റെ കഥ, കരതലാമലകം, പണ്ടത്തെ മേശാന്തി, സ്പര്‍ശമണികള്‍, അമൃതഘടിക, അന്തിമഹാകാലം, സര്‍വ്വോപരി മഹാഭാഗവതത്തിന്റെ പദാനുപദ മലയാളപരിഭാഷ. ഏതു മാനദണ്ഡങ്ങളുപയോഗിച്ച് നിര്‍വഹിക്കുന്ന മൂല്യനിര്‍ണയനത്തിലും വരിഷ്ടരചനകളെന്ന വിശേഷണം മേല്‍സൂചിപ്പിച്ച കൃതികള്‍ കരസ്ഥമാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ‘ഹൃദയത്തിലേക്ക് നോക്കി എഴുതൂ’ എന്നുദ്‌ഘോഷിച്ച അക്കിത്തത്തിന്റെ കാവ്യസങ്കല്പം ലാഘവബുദ്ധിയോടെ വിശകലനം ചെയ്യുക സാധ്യമല്ല. മലയാളകവിതയുടെ സുദീര്‍ഘപാരമ്പര്യത്തിന്റെ ഉറവകളില്‍ നിന്ന് പൊടിച്ചുവരുന്ന ഋഷിപ്രോക്തമായ ചിരന്തനപുണ്യത്തിന്റെ സമ്പുടമാണ് ബൃഹത്തായ ആ കാവ്യപ്രപഞ്ചം. വൈയക്തികവും സാമൂഹികവും ആത്മീയവുമായ തലങ്ങളില്‍ നിലയുറപ്പിച്ചുകൊണ്ട് അക്കിത്തം രചിച്ച കതിര്‍ക്കനമുള്ള കവിതകള്‍ മലയാളകവിതാചരിത്രത്തിലെ സവിശേഷമായ ഒരു ദശാസന്ധിയില്‍ അഭികാമ്യമായ ദിശാവ്യതിയാനത്തിന്റെ ചൂണ്ടുപലകകളായി നിലകൊണ്ടുവെന്ന് കൃതജ്ഞതാപൂര്‍വ്വം സ്മരിക്കട്ടേ.
മലയാളകവിതയുടെ വിവിധ പരിണാമഘട്ടങ്ങള്‍ക്ക് സാക്ഷിയാവാന്‍ ഭാഗ്യംസിദ്ധിച്ച കവിയായിരുന്നു അക്കിത്തം. തന്റെ കാവ്യാദര്‍ശത്തില്‍ കാപട്യത്തിന്റെ കറപുരളാതിരിക്കാന്‍ സദാ ജാഗരൂകനായിരുന്നു അക്കിത്തം. ക്രമാനുഗതമായ പരിണാമമായിരുന്നു അക്കിത്തത്തിന്റെ കാവ്യലോകത്തിനുണ്ടായത്. ദേശീയനവോത്ഥാനവും നവോത്ഥാനചിന്താഗതിയും വര്‍ഗസമരത്തിലധിഷ്ഠിതമായ വിപ്ലവബോധവും തുടിച്ചുനിന്ന സാമൂഹ്യാന്തരീക്ഷത്തില്‍ മുദ്രാവാക്യസ്വഭാവം പുലര്‍ത്തുന്ന കവിതകളദ്ദേഹം എഴുതിയിരുന്നു. കാലാന്തരത്തില്‍ ഭാരതീയതയുടെ പൊരുള്‍ തേടലായി ആ കവിതകള്‍ പടര്‍ന്നു പന്തലിച്ചു. നിത്യതയുടെ അനന്താകാശത്തിലേയ്ക്ക് ഉന്മുഖമാകുമ്പോഴും ലോകഹിതത്തിന് ആശിസ്സര്‍പ്പിക്കുന്ന ഉദാത്തമായ ഒരു ഹൃദയം ഈ കവിയെന്നും കാത്തുസൂക്ഷിച്ചിരുന്നു. ഭൗതികതയെ നിരസിക്കാത്ത ആത്മീയതയാണ് തനിക്ക് പഥ്യമെന്ന് നമ്മെ ഓര്‍മപ്പെടുത്തിക്കൊണ്ട് അക്കിത്തമെഴുതിയ വരികള്‍ ശ്രദ്ധിക്കുക:
”കൃഷ്ണപ്പരുന്തു പോല്‍ ദേവ-
മാര്‍ഗത്തില്‍ വിഹരിക്കിലും
പൊഴിച്ചീടുന്നു ഞാന്‍ ലോക-
സമസ്ത സുഖവൈഖരി.”
സങ്കുചിതവലയങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രത്യയശാസ്ത്രങ്ങളെയും സിദ്ധാന്തങ്ങളെയും കയ്യൊഴിയുവാനും വിശ്വപ്രേമത്തിലേക്കും ആത്മസാക്ഷാത്ക്കാരബോധത്തിലേക്കും പിഴയ്ക്കാത്ത ചുവടുകള്‍ വെച്ച് നടന്നുനീങ്ങുവാനും അക്കിത്തത്തിന് സാധിച്ചത് ഭാരതീയമായ ആസ്തിക്യബോധം പകര്‍ന്നേകിയ പ്രസാദോന്മുഖവും സൗമ്യോദാരവുമായ വിശ്വവീക്ഷണത്തിന്റെ പിന്‍ബലത്തിലാണെന്ന് നിസ്സംശയം പറയാനാവും. ആസ്തിക്യദര്‍ശനത്തിന്റെ സൂര്യതേജസ്സിനെ, പ്രാര്‍ത്ഥനാനിര്‍ഭരമായ ഹൃദയത്തോടെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്ത കവികള്‍ മലയാളത്തിലേറെയുണ്ട്. തന്റെ മാനസികഘടനയില്‍ രൂഢമൂലമായി നിലകൊള്ളുന്ന ആര്‍ഷമായ ആസ്തിക്യഭാവന ‘പണ്ടത്തെ മേശാന്തി’ എന്ന ആത്മകഥാംശം നിറഞ്ഞ കവിതയിലൂടെ അക്കിത്തം സ്പഷ്ടമായി വെളിപ്പെടുത്തിയിട്ടുണ്ട്.
‘എന്റെയല്ലെന്റയല്ലിക്കൊമ്പനാനകള്‍
എന്റെയല്ലീ മഹാക്ഷേത്രവും മക്കളേ!
നിങ്ങള്‍ തന്‍ കുണ്ഠിതം കാണ്മതില്‍ ഖേദമു-
ണ്ടെങ്കിലും നിന്ദിപ്പതില്ലെന്‍ വിധിയെ ഞാന്‍
ഗര്‍ഭഗൃഹത്തിലുണ്ടാശ്രിതവാത്സല്യ-
നിര്‍ഭരനായൊരാളെന്റെയായെന്റെയായ്!
പൊള്ളോ, പൊരുളോ പറഞ്ഞു ഞാന്നന്നെന്ന
ഭള്ളെനിക്കിപ്പൊഴുമില്ലൊരു ലേശവും,
കാണായതപ്പടി കണ്ണുനീരെങ്കിലും
ഞാനുയിര്‍ക്കൊള്ളുന്നു വിശ്വാസശക്തിയാല്‍!”
ആര്‍ഷദര്‍ശനത്തിന്റെ ഉത്തമപാഠങ്ങള്‍
സനാതനസംസ്‌കാരത്തിന്റെ തെളിഞ്ഞ പരിസരത്തില്‍ നിന്നു മാത്രം മുളപൊട്ടുന്ന സവിശേഷമായ ആസ്തിക്യഭാവനയാണ് അക്കിത്തത്തിന്റെ കവിതകളുടെ ആയുര്‍സാരത്തെ നിര്‍ണയിക്കുന്ന മുഖ്യഘടകം. ‘ഇദം ന മമ’ എന്ന തത്വം ഇവിടെ പുതിയ ശോഭയാര്‍ജിക്കുന്നു. ആസ്തിക്യദര്‍ശനത്തിന്റെ അക്ഷയമായ പ്രകാശരേണുക്കള്‍ സ്വീകരിച്ചുകൊണ്ട് ജീവിതത്തെ ഗഹനമായും തത്വചിന്താപരമായും വ്യാഖ്യാനിക്കുവാനാണ് സാത്വികപ്രകൃതിയായ അക്കിത്തം എന്നും ശ്രമിച്ചിട്ടുള്ളത്. ശുഭാപ്തിവിശ്വാസത്തിന്റെ അമരസന്ദേശം പ്രസരിപ്പിക്കുന്ന അക്കിത്തം കവിതകളിലെ ആസ്തിക്യഭാവം തമോമയമായ നമ്മുടെ സാമൂഹികസാംസ്‌കാരികപരിസരത്തില്‍ ജ്ഞാനത്തിന്റെയും വിശുദ്ധിയുടെയും സമരസതയുടെയും യജ്ഞതത്വത്തിന്റെയും ഉത്തമപാഠങ്ങളായി. നഷ്ടമൂല്യങ്ങളുടെയും ആശങ്കകളുടെയും രാഷ്ട്രീയസന്ദേശങ്ങളുടെയും സ്വരങ്ങളാല്‍ മുഖരിതമായ ആധുനികകാവ്യപരിസരത്തില്‍ പോലും അക്കിത്തത്തിന്റെ സാത്വികനാദം വേര്‍തിരിഞ്ഞുനിന്നിരുന്നു. വിശ്വസ്‌നേഹത്തിലധിഷ്ഠിതമായ ഈ ഈശ്വരീയാവബോധം അക്കിത്തത്തിന്റെ തത്വചിന്തകളെ മാത്രമല്ല അദ്ദേഹത്തിന്റെ കാവ്യഭാഷയെത്തന്നെയും ഭാവാത്മകമായി സ്വാധീനിച്ചിട്ടുണ്ടെന്ന് കാണാം. വേദോപനിഷത്തുക്കളുടെയും പുരാണേതിഹാസങ്ങളുടെയും ഭാരതീയക്ലാസിക്കവിതകളുടെയും അമൃതസ്രോതസ്സുകളുമായി നിരന്തരം സംവദിച്ചതിന്റെ ഫലമായി ഉരുവംകൊണ്ടതാണ് ഈ ആസ്തിക്യദര്‍ശനം. ഭാരതീയ സാഹിത്യസങ്കേതങ്ങളുടെയും ഐതിഹാസികാഖ്യാനങ്ങളുടെയും സഹസ്രാബ്ദസഞ്ചിതമായ വൈദ്യുതാധാനം നാമെന്തിനു വെറുതേ കളയണം എന്ന് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ‘സ്വാതന്ത്ര്യത്തെ കുറിച്ച് ഒരു ഗീതം’ എന്ന കവിതാസമാഹാരത്തിനെഴുതിയ അവതാരികയില്‍ എന്‍.വി. കൃഷ്ണവാര്യര്‍ ചോദിച്ചിരുന്നു. ഈ ചോദ്യത്തോട് ഭാവാത്മകമായി പ്രതികരിച്ച കവികള്‍ നമുക്കധികമില്ല. വിഷ്ണുനാരായണന്‍ നമ്പൂതിരിയും കക്കാടും അയ്യപ്പപ്പണിക്കരും സുഗതകുമാരിയും ആ ചോദ്യത്തിന്റെ അന്തഃസത്ത തിരിച്ചറിഞ്ഞ കവികളാണ്. മഹാകവി അക്കിത്തം ആ കവികുലത്തിലെ കെടാവിളക്കായിരുന്നു.
കറപുരളാത്ത ശുദ്ധമായ ആത്മീയതയാണ് അക്കിത്തത്തിന്റെ ആസ്തിക്യബോധത്തിന്റെ ഘനകേന്ദ്രമായി നിലകൊള്ളുന്നത്. ആര്‍ഷഭാരതത്തിന്റെ മഹത്തായ സാംസ്‌കാരികമൂല്യം തീവ്രമായ ഒരനുഭവസത്യമായി ഉള്‍ക്കൊണ്ട കവിഹൃദയമാണ് അക്കിത്തത്തിന്റേത്. തത്ത്വമസി, അയമാത്മാ ബ്രഹ്‌മഃ, സര്‍വ്വം ഖല്വിദം ബ്രഹ്‌മഃ, വസുധൈവകുടുംബകം, യത്രവിശ്വം ഭവത്യേകനീഡം, ലോകാഃ സമസ്താഃ സുഖിനോ ഭവന്തു തുടങ്ങിയ മഹിതസങ്കല്‍പങ്ങള്‍ക്ക് ജന്മം കൊടുത്ത പുണ്യഭാരതത്തിന്റെ സന്തതിയാണ് താനെന്ന് സ്വയം അഭിമാനിക്കുന്ന ജീവത്തായ ആ സംസ്‌കൃതിയില്‍ പാകപ്പെട്ട ആസ്തിക്യദര്‍ശനത്തിന്റെ ശക്തനായ വക്താവും പ്രയോക്താവുമായി അദ്ദേഹം ജീവിച്ചുവെന്നതില്‍ അത്ഭുതത്തിനവകാശമില്ല. ഇഷ്ടദേവതക്കര്‍പ്പിക്കുന്ന നൈവേദ്യം പോലെ പരിശുദ്ധമാണ് അദ്ദേഹത്തിന്റെ കവിതകള്‍. ആഹ്ലാദകരമെന്നോ ലോകഹിതാനുസാരിയെന്നോ വ്യവഹരിക്കാവുന്ന ആസ്തിക്യബോധത്തില്‍ നിന്നുകൊണ്ടാണ് അക്കിത്തം സമസ്തവിഷയങ്ങളെയും നോക്കിക്കാണുന്നതും സമീപിക്കുന്നതും. കാലാകാലങ്ങളില്‍ പൊട്ടിമുളയ്ക്കുന്ന സിദ്ധാന്തങ്ങളോ ക്ഷണികായുസ്സുമാത്രമുള്ള പരീക്ഷണങ്ങളോ അക്കിത്തത്തിന്റെ രചനാപ്രപഞ്ചത്തെ തെല്ലും ബാധിക്കാതെ പോയതിന്റെ രഹസ്യം ഇവിടെ വ്യക്തമാവുന്നു. ഇതിനര്‍ത്ഥം ആധുനികജീവിതപ്രശ്‌നങ്ങളോട് അക്കിത്തത്തിന്റെ കവിതകള്‍ വിമുഖത പ്രകടിപ്പിക്കുന്നുവെന്നോ അതിന് കാരണം ആ കവിതകളിലെ ആസ്തിക്യസംസ്‌കാരത്തിന്റെ സാന്നിധ്യമാണെന്നോ തെറ്റിദ്ധരിക്കരുത്. ആധുനികജീവിതത്തിന്റെ അനിവാര്യഭാഗമായി തീര്‍ന്നിരിക്കുന്ന സാംസ്‌കാരികപ്രതിസന്ധിയുടെ മൂലകാരണമെന്തെന്ന് കൃത്യമായി തിരിച്ചറിയാന്‍ അക്കിത്തത്തിന്റെ കവിചേതനയെ പ്രാപ്തമാക്കിയതുതന്നെ സൂക്ഷ്മം ചിന്തിച്ചാല്‍ ആര്‍ഷമായ ആസ്തിക്യചിന്തയുടെ ഉള്‍പ്പൊരുളുകളില്‍ നിന്ന് പ്രസരിച്ച കാന്തിമത്തായ ദര്‍ശനവിശേഷം ആഗിരണം ചെയ്തതിനാലാണെന്ന് നാം മനസ്സിലാക്കണം.
അക്കിത്തത്തിന്റെ വൈയക്തികവും സാമൂഹികവുമായ പരിപ്രേക്ഷ്യം ആസ്തിക്യദര്‍ശനത്തിന്റെ പ്രപഞ്ചവീക്ഷണസങ്കല്പങ്ങള്‍ക്ക് തികച്ചും അനുരോധമാണ്. ബാല്യകാലത്തു തന്നെ കേട്ടുതുടങ്ങിയ വേദമന്ത്രങ്ങള്‍, ജീവിതത്തിന്റെ വഴിത്താരകളില്‍ കണ്ടുമുട്ടാനിടയായ മഹാവ്യക്തിത്വങ്ങള്‍, വായനയുടെ വിശ്വലോകത്തില്‍ പരിചയപ്പെട്ട മഹദ്ഗ്രന്ഥങ്ങളിലെ മൂല്യസങ്കല്‍പങ്ങള്‍, ഭാരതീയനവോത്ഥാനത്തിനും സ്വാതന്ത്ര്യസമരത്തിനും നേതൃത്വപരമായ പങ്കുവഹിച്ച മഹാത്മാക്കളുടെ പ്രത്യക്ഷവും പരോക്ഷവുമായ സ്വാധീനത, പ്രകൃതിയിലും മനുഷ്യനിലും ഈശ്വരചൈതന്യം ദര്‍ശിക്കാന്‍ സാധിക്കുന്ന പാകശാലിയായ മനസ്സ് – അക്കിത്തത്തിന്റെ ആസ്തിക്യദര്‍ശനത്തിന്റെ പ്രഭവസ്രോതസ്സുകളാണിവ. അസത്തില്‍ നിന്ന് സത്തിലേക്കും തമസ്സില്‍ നിന്ന് ജ്യോതിസ്സിലേക്കും മൃത്യുവില്‍ നിന്ന് അമൃതത്വത്തിലേക്കും മനുഷ്യരാശി ചുവടുവെച്ച് മുന്നേറുമെന്നും തുടര്‍ന്ന് ശാന്തസുന്ദരമായ ഒരു ഭദ്രലോകം സ്ഥാപിതമാകുമെന്നും ഈ ആസ്തിക്യദര്‍ശനം കവിയോട് മന്ത്രിക്കുന്നുണ്ട്. ഈശ്വരാവസ്ഥ പ്രാപിക്കുന്ന ദിവ്യമനുഷ്യസങ്കല്പം (ഉകഢകചഋ ഒഡങഅച ഇഛചഇഋജഠ) ഈ ദര്‍ശനത്തോടൊപ്പം തന്നെ ഉരുത്തിരിയുന്നുണ്ട് അക്കിത്തത്തിന്റെ സര്‍ഗസാമ്രാജ്യത്തില്‍.
ധര്‍മ്മബോധത്തിന്റെ ശാന്തിപാഠങ്ങള്‍
ധര്‍മത്തിലും സത്യസൗന്ദര്യങ്ങളിലും അധിഷ്ഠിതമായ സനാതനസംസ്‌കാരത്തിന്റെ സ്‌നേഹദര്‍ശനമാണ് അക്കിത്തത്തിന്റെ ആസ്തിക്യഭാവനയുടെ ഉറവിടം. വേദേതിഹാസപുരാണങ്ങളുടെ ഈടുവെയ്പ്പുകളില്‍ നിന്ന് വസ്തുപ്രതീകങ്ങളും കാവ്യബിംബങ്ങളും സാംസ്‌കാരികചിഹ്നങ്ങളും ആദിരൂപങ്ങളും സ്വീകരിക്കുകയും വിദഗ്ദ്ധമായി അവയെ കവിതകളില്‍ സന്നിവേശിപ്പിക്കുകയും അതുവഴി സമകാലികജീവിതത്തിലെ യക്ഷപ്രശ്‌നങ്ങളെ മൊഴിമര്യാദയോടെ അടയാളപ്പെടുത്തുകയും ചെയ്യുന്ന അക്കിത്തത്തിന്റെ പ്രതിഭ അതിന്റെ സമ്പൂര്‍ണരൂപം പ്രകടിപ്പിച്ചത് ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന ക്ലാസിക്കൃതിയിലാണ്. അനനുകരണീയമായ ഭാഷാദര്‍ശനം കൊണ്ടും ആഖ്യാന ശൈലികൊണ്ടും കാലത്തെ കടന്നുകാണാന്‍ കഴിഞ്ഞ കവിതയാണിത്. ദാര്‍ശനികഗരിമയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാലും മലയാളകവിതയിലെ അനന്വയമാണ് മഹത്തായ ഈ കൃതി. ആസ്തിക്യദര്‍ശനത്തിന്റെ ശാന്തിമന്ത്രമാണ് ഈ കൃതിയില്‍നിന്നുയരുന്നത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ആര്യരാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രം സംവഹിക്കുന്ന കമ്മ്യൂണിസ്റ്റ്‌വിരുദ്ധകവിതയായി മാത്രമാണ് മഹത്തായ ഈ കൃതിയെ ചില വിമര്‍ശകരെങ്കിലും ഇന്നും വായിക്കുന്നത്. ഹിംസയില്‍ പടുത്തുയര്‍ത്തിയ വര്‍ഗസംഘര്‍ഷത്തിലധിഷ്ഠിതമായ കമ്മ്യൂണിസ്റ്റ്പ്രത്യയശാസ്ത്രത്തെ ഇത്ര ഗാഢമായി വിചാരണ ചെയ്ത മറ്റൊരു കവിതയും നമ്മുടെ ഭാഷയില്‍ പിറന്നിട്ടില്ല. ഇടതുപക്ഷ വിമര്‍ശകരെ പ്രകോപിപ്പിക്കുകയും അതിലേറെ പരിഭ്രാന്തിയിലാഴ്ത്തുകയും ചെയ്ത കാവ്യമാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം. ചുവപ്പ് രാഷ്ട്രീയത്തിന്റെ കരാളദംഷ്ട്രകളെ തുറന്നു കാട്ടിയ ഈ മഹത്തായ കവിതയോട് വൈരനിര്യാതനബുദ്ധിയോടെയാണ് ഇടതുപക്ഷം നാളിതുവരെ പ്രതികരിച്ചിട്ടുള്ളത്.
പാരമ്പര്യത്തോട് ചേര്‍ന്നുനില്ക്കാനുള്ള അദമ്യമായ അഭിവാഞ്ഛ അക്കിത്തത്തിന്റെ മാനസികലോകത്തില്‍ ശക്തമായി പ്രകടമാകുന്നുണ്ട്. പുതിയ പരിതോവസ്ഥകളോട് ഇഴുകിച്ചേരുന്നതില്‍ അല്പമൊരു പ്രയാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പുതുമയെ പൂര്‍ണമായി തള്ളിപ്പറയുവാന്‍ അക്കിത്തമൊരിക്കലും ശ്രമിച്ചിട്ടില്ല എന്ന വസ്തുത നാം മറന്നുകൂടാ.
”അഴിക്കാന്‍ ഞാനഴിച്ചിട്ടു
മുണ്ടീപ്പൂണൂല്‍ പലപ്പൊഴും;
അഴിഞ്ഞിട്ടില്ലതെന്‍ സൂക്ഷ്മ-
ശരീരത്തിങ്കലിപ്പൊഴും” എന്ന വരികളില്‍ ഈ യാഥാര്‍ത്ഥ്യം വ്യക്തമാകുന്നു. ആധുനികമനുഷ്യന്റെ വിപര്യയങ്ങള്‍ സൂക്ഷ്മായി തിരിച്ചറിയാനും അക്കിത്തം തയ്യാറായിട്ടുണ്ട്. ‘ഇടിഞ്ഞുപൊളിഞ്ഞലോകവും ‘ബലിദര്‍ശനവും’ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസവും’ എഴുതുവാന്‍ അക്കിത്തത്തിന് സാധിച്ചതുതന്നെ പഴമയെയും പുതുമയെയും കുറിച്ച് തനിക്കുള്ള ദൃഢബോധത്തിന്റെ തിളക്കം തിരിച്ചറിഞ്ഞതുകൊണ്ടാണ്. ഉത്പതിഷ്ണുത്വത്തിന്റെ തേജസ്സ് സംവഹിക്കുന്ന പാരമ്പര്യബോധമാണ് അക്കിത്തത്തിന്റെ കവിതകളിലുള്ളത്. സൗഹാര്‍ദ്ദത്തിന്റേയും സമത്വത്തിന്റേയും നന്മയുടെയും ആത്മീയതയുടെയും മൂല്യസങ്കല്‍പങ്ങളാണ് അക്കിത്തത്തിന്റെ ആസ്തിക്യഭാവനയുടെയും കാതലായി നിലകൊള്ളുന്നത്. ‘ബലിദര്‍ശനം’ പോലുള്ള വിശ്രുത കവിതകളില്‍ കടന്നുവരുന്ന ഓണം സമത്വസുന്ദരവും പരമോദാരവുമായ ഈ സൗമ്യദര്‍ശനത്തിന്റെ പ്രകടിതാചാരരൂപമായി സ്ഥാനപ്പെടുന്നുണ്ട്.
”ഞങ്ങളാരെന്നോ? ഞങ്ങള്‍ ചരിത്രഗ്രാമങ്ങളില്‍
മംഗളം വിളയുന്ന കസ്തൂരിനിലങ്ങളില്‍
ആയിരത്താണ്ടില്‍ കര്‍മ്മത്തിക്കെടാകുണ്ഡങ്ങളില്‍
പായസപ്പാത്രത്തോടെ പൊന്തിവന്നവരല്ലേ” (ശ്രാവണ പ്രഹര്‍ഷം.)
ഉപരിവര്‍ഗമനുഭവിക്കുന്ന ധര്‍മസങ്കടങ്ങളെയും അന്യവത്കരണഭീതികളെയും പോലും ആര്‍ഷദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ വ്യാഖ്യാനിക്കുവാനാണ് മഹാനായ ഈ കവി ശ്രമിച്ചത്. ധര്‍മത്തിന്റെ അനുശാസനങ്ങള്‍ക്ക് ചെവിക്കൊടുക്കുന്ന ഈ കാവ്യലോകം യോഗാത്മകമെന്ന് വിളിക്കാവുന്ന ഉത്കൃഷ്ടഭാവത്തിന്റെ തീര്‍ത്ഥജലത്താല്‍ പവിത്രമായതാണ്. ധര്‍മമൂലമെന്നു വിശേഷിപ്പിക്കാവുന്ന വൈദികചിന്താപദ്ധതിയുടെ സ്തന്യം നുകര്‍ന്ന് വിശ്വത്തോളം വികസിച്ച ഈ കവിതകള്‍ ഭേദചിന്തയെ ആഴത്തില്‍ നിരസിക്കുകയും വേദചിന്തയുടെ നിത്യപ്രസക്തി പേര്‍ത്തും പേര്‍ത്തും ഉദ്‌ഘോഷിക്കുകയും ചെയ്യുന്നു. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും സൂക്ഷ്മതലത്തില്‍ വിമര്‍ശിക്കുന്ന നിരവധി കവിതകള്‍ അക്കിത്തത്തില്‍ നിന്ന് നമുക്ക് ലഭിച്ചിട്ടുണ്ട്. സ്ഥൂലമായ പ്രതിഷേധങ്ങള്‍ക്കോ കലാപാഹ്വാനങ്ങള്‍ക്കോ എത്തിപ്പിടിക്കാനാവാത്ത ശ്രേഷ്ഠപാരമ്പര്യത്തിന്റെ ഗൗരീശിഖരങ്ങളാണ് അദ്ദേഹം സൃഷ്ടിച്ചത്. ഇഴയിണക്കത്തോടെ അക്കിത്തം കൊരുത്തെടുക്കുന്ന പദച്ചേരുവകളിലെ യഥാര്‍ത്ഥപൊരുളുകള്‍ ഇതള്‍വിടര്‍ത്തിക്കാട്ടുവാനും വ്യാഖ്യാനിക്കുവാനും ആര്‍ഷസംസ്‌കാരത്തിന്റെ മഹിതസങ്കല്പങ്ങളെ അടുത്തറിഞ്ഞു മാനിക്കുന്ന സഹൃദയന്‍മാര്‍ക്കേ കഴിയൂ. ‘തുളസി’യെന്ന കവിതയിലെ വിനയഭരിതമായ ആത്മനിവേദനം ശ്രദ്ധിക്കുക.
”എങ്കിലുമെന്നിലിരിപ്പൂ രൂക്ഷം
മംഗള പരിമളഭാരം
രുജകളില്‍ നിന്നിദ്ധരണിയെമീട്ടും
രുചിരമൊരൗഷധസാരം.”
ഈ ആത്മപ്രകാശനം വാസ്തവത്തില്‍ സ്വന്തം കവിതയെ കുറിച്ചുള്ള അക്കിത്തത്തിന്റെ സത്യപ്രസ്താവനയായി കണക്കാക്കിയാല്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല.
സ്‌നേഹദര്‍ശനത്തിന്റെ വേദാന്തം
മലയാളകവിതയ്ക്ക് പുതിയ ഗതിഭേദവും ഉണര്‍വ്വും നല്കിയ അക്കിത്തത്തിന്റെ ആസ്തികദര്‍ശനം അരവിന്ദ മഹര്‍ഷിയും വിവേകാനന്ദസ്വാമികളും പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്വായയും പ്രോജ്ജ്വലിപ്പിച്ച സാംസ്‌കാരികദേശീയതാവാദം (ഈഹൗേൃമഹ ിമശേീിമഹശാെ) വിഭാവന ചെയ്യുന്ന രാഷ്ട്രസങ്കല്പത്തിന് വീര്യം പകരുന്ന ഒന്നാണ്. പൗരാണികമായ ഈ ഭാരതവര്‍ഷത്തിന്റെ മാനബിന്ദുക്കളും തത്വശാസ്ത്രങ്ങളും ഉള്‍ച്ചേരുന്ന അക്കിത്തത്തിന്റെ ഭാവനാലോകത്തില്‍ ജ്ഞാനബിംബങ്ങളും പ്രകാശബിംബങ്ങളും ജലബിംബങ്ങളും യുക്തമായ വിധത്തില്‍ ഇണങ്ങിച്ചേരുന്നു.ശ്രീ അരവിന്ദനും സ്വാമിവിവേകാനന്ദനും ശ്രീശങ്കരനും ശ്രീനാരായണഗുരുവും, ഭാരതമാതാവും, സരസ്വതീദേവിയും, മഹാവിഷ്ണുവും ശ്രീകൃഷ്ണനും കൈലാസവും ഗുരുവായൂരപ്പനും വിവേകാനന്ദനും മഹാത്മാഗാന്ധിയും തുഞ്ചത്താചാര്യനും അമ്പലപ്പുഴ പാല്‍പ്പായസവും മഹാക്ഷേത്രപരിസരങ്ങളും വിദ്യാരംഭദിവ്യമുഹൂര്‍ത്തങ്ങളും എന്നു വേണ്ട സാത്വികബിംബങ്ങളെല്ലാം തന്നെ ഈ കാവ്യലോകത്തിടം നേടുന്നുണ്ട്. ആചാര്യപദവിയിലെത്തിച്ചേര്‍ന്ന അനവധി മഹാത്മാക്കളും കവികളും അക്കിത്തത്തിന്റെ കാവ്യപ്രപഞ്ചത്തില്‍ നന്മയുടെ പ്രതിരൂപങ്ങളായും പ്രതിഭയുടെ ദിവ്യാവതാരങ്ങളായും പ്രത്യക്ഷപ്പെടുന്നുണ്ട്. വാസ്തവത്തില്‍ അക്കിത്തത്തിന്റെ കാവ്യാകാശത്തില്‍ ആസ്തിക്യഭാവത്തിന്റെ സൂര്യനുദിച്ചുയര്‍ന്നത് വിലയിരുത്തുമ്പോള്‍ ഇതും സൂചിപ്പിക്കേണ്ടതുണ്ട്. ഈശ്വരചിന്തയോട് ഏതെങ്കിലും വിധത്തില്‍ അന്വയിച്ചു കൊണ്ടാണ് മാനവകുലം നേരിടുന്ന അസ്തിത്വപ്രതിസന്ധികളെയൊക്കെത്തന്നെയും അക്കിത്തം നോക്കിക്കാണുന്നത്. വിശ്വസ്‌നേഹത്തോളം ചെന്നെത്തുന്ന ആത്മീയാനുഭൂതിയും ഭൗതികാതീതമായ തലമാര്‍ജ്ജിക്കുന്ന ജീവിതവ്യാഖ്യാനശ്രമങ്ങളും ആ കാവ്യലോകത്തുണ്ടെന്ന് പറയുന്നതിന്റെ അടിസ്ഥാന കാരണവും ഇതുതന്നെ. ആത്മസമര്‍പ്പണബോധവും ശുഭാപ്തിവിശ്വാസവും അഹിംസാഭാവനയും വിശ്വശാന്തിക്കായുള്ള ഉത്കടാഭിവാഞ്ഛയും പ്രസരിപ്പിക്കുന്ന അക്കിത്തത്തിന്റെ കാവ്യലോകം കവിത ജീവിതപ്രഭവമാണെന്ന യാഥാര്‍ത്ഥ്യത്തെ കൂടുതല്‍ പൊലിപ്പിക്കുന്നതായും കാണാം. രുദിതാനുസാരിയായ മഹാകവിയുടെ മൊഴിമുത്തുകള്‍ ശ്രദ്ധിക്കുക:
”ഒരു കണ്ണീര്‍ക്കണം മറ്റു
ള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവി-
ലായിരം സൗരമണ്ഡലം-
ഒരു പുഞ്ചിരി ഞാന്‍ മറ്റു-
ള്ളവര്‍ക്കായ് ച്ചെലവാക്കവേ
ഹൃദയത്തിലുലാവുന്നു
നിത്യനിര്‍മലപൗര്‍ണമി”
ഇങ്ങനെ പറയുവാന്‍ അക്കിത്തത്തെ പ്രാപ്തനാക്കിയത് തന്നെ താനടിയുറച്ചു വിശ്വസിക്കുന്ന ഹൈന്ദവമായതത്വചിന്തയുടെ സാമൂഹ്യബോധമേകിയ ഊര്‍ജമാണ്. അവാച്യമായ ഗഹനതയും ഇന്ദ്രിയാതീതമായ അനുഭൂതിസംക്രമണവും സാധ്യമാക്കുന്ന ഈ ഊര്‍ജ്ജം, നാസ്തികരായ കവികള്‍ക്കെന്നും അന്യമായിരിക്കും. ധാര്‍മികമായ ദാര്‍ശനികഗരിമയാണ് ഈ വരികളെ കാലാതീതമാക്കിത്തീര്‍ക്കുന്നത്. ജ്ഞാനവിജ്ഞാനസംജ്ഞാനങ്ങളുടെ സമന്വയരൂപമായ ആസ്തിക്യസങ്കല്പത്തിലധിഷ്ഠിതമാണ് ഈ വരികളിലുള്‍ച്ചേര്‍ന്നിരിക്കുന്ന ദര്‍ശനത്തിന്റെ ഉള്‍പ്പൊരുള്‍. അക്കിത്തത്തിന്റെ കാവ്യകലയ്ക്ക് അന്തര്‍ഭാവപരമായ ധ്വനിമൂല്യം പകര്‍ന്നു നല്കുന്ന ഈ ആസ്തിക്യബദ്ധമായ ജീവിതദര്‍ശനം അതിവിപുലവും ഭാവനാസമ്പന്നവുമായ സാംസ്‌കാരികപാഠങ്ങളാക്കി ഓരോ കവിതകളെയും മാറ്റിത്തീര്‍ക്കുന്നുണ്ട്.
സമകാലികജീവിതത്തിന്റെ സങ്കീര്‍ണസമസ്യകള്‍ക്കുത്തരം തേടുമ്പോഴും ആത്മസ്വാസ്ഥ്യത്തിന്റെയും ആത്മോന്നതിയുടെയും ആദര്‍ശദീപ്തി അക്കിത്തത്തിന്റെ കാവ്യലോകത്തിനന്യമാകുന്നില്ല എന്നതാണ് ഏറെ ശ്രദ്ധേയം. യാഥാസ്ഥിതികമതബോധത്തില്‍ നിന്ന് പ്രസരിക്കുന്ന കേവലവിശ്വാസത്തിന്റെ അനുബന്ധമല്ല അക്കിത്തംകവിതകളിലെ ആത്മീയതയും ആസ്തിക്യദര്‍ശനവും. കൈവല്യോപാധിയാണ് ഉത്തമകവിതയെന്ന വിശ്വാസമാണ് അദ്ദേഹത്തെ നയിക്കുന്നത്. മാനസികോത്കര്‍ഷം സാധ്യമാക്കുന്ന ഈ ആത്മീയത ദേശാഭിമാനബോധമായും സ്വാതന്ത്ര്യാഭിവാഞ്ഛയായും അദ്വൈതഭാവമായും ധാര്‍മികനിലപാടുകളായും വിശ്വാസപ്രണയമായും വിഷയാനുസൃതമായി രൂപം മാറിയെത്തുന്നു. ഔപനിഷദികദര്‍ശനത്തിന്റെ വിശുദ്ധിയും സാര്‍വ്വകാലികതയും സാര്‍വലൗകികതയും ഒരുപോലെ ഏറ്റെടുക്കുന്നു അക്കിത്തത്തിന്റെ കാവ്യപ്രപഞ്ചം. വിഷാദത്തിന്റെയോ പാരമ്പര്യവിരുദ്ധതയുടെയോ എന്തിന് ഭൗതികപരാങ്മുഖതയുടെയോ നേരിയ നിഴല്‍ പോലും ഈ ആസ്തിക്യാനുഭൂതിയില്‍ കളങ്കം ചാര്‍ത്തുന്നില്ല എന്ന വസ്തുതയും ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. മനോവാക്കര്‍മങ്ങളാല്‍ നന്മയെ ഉപാസിച്ചുകൊണ്ട് അക്കിത്തം കുറിച്ച ഈ വരികള്‍ ശ്രദ്ധിക്കുക:
”നിരുപാധികമാം സ്‌നേഹം
ബലമായി വരുംക്രമാല്‍
അതാണഴകിതേസത്യം
ഇതു, ശീലിക്കല്‍ ധര്‍മവും”
”എല്ലാ ജീവസ്ഫുരണവും ഈശ്വരന്റെ അംശാവതാരങ്ങളാണ്. എന്നെ അനുഗ്രഹിക്കേണ്ടതും ആ പൂര്‍ണത തന്നെ. അതിന്റെ അനുഗ്രഹം നിലനില്‍ക്കുന്നിടത്തോളം മാത്രമേ ഞനുള്ളൂ. ഇത് വിനയം, ആത്മവിശ്വസം. തന്നിലെ അഹന്തയിലല്ല വിശ്വാസം വേണ്ടത്. തന്നിലുള്ള അനന്തതയിലാണ്, അപാരതയിലാണ്, പൂര്‍ണതയിലാണ്” ഇങ്ങനെയെഴുതിയ കവിയുടെ രചനകള്‍ക്ക് ആസ്തിക്യബോധം സ്വാഭാവികമായ ഒരാത്മസ്വഭാവത്തിന്റെ പ്രകാശനമാണ്.
അക്കിത്തത്തിന്റെ കാവ്യലോകത്തിലെ നിത്യസാന്നിദ്ധ്യമായ ഭാരതീയത മനോഹരമായി പ്രകടമായ ഒരു കവിതയാണ് ‘സ്പര്‍ശമണികള്‍’. ആര്‍ഷബിംബങ്ങളും ആസ്തിക്യചിന്താഗതിയും സനാതനജീവിതദര്‍ശനത്തിന്റെ തെളിമയില്‍ സംഗമിക്കുകയാണ് ഈ കവിതയില്‍. അക്കിത്തത്തിന്റെ കവിതകളിലെ പ്രകൃതി പോലും ഈശ്വരന്റെ പ്രകടിതരൂപമായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. കവിത എന്നത് പ്രകൃതിയും മനുഷ്യഹൃദയവും തമ്മില്‍ സംവദിക്കുന്നതില്‍ നിന്നുളവാകുന്ന അഭൂതപൂര്‍വകമായ ഹൃദ്യാനുഭൂതിയാണെന്ന് അക്കിത്തം ഉറച്ചു വിശ്വസിക്കുന്നതാവാം ഇതിന്റെ കാരണം. പഞ്ചേന്ദ്രിയങ്ങള്‍ക്കതീതമായ ഭാവാവസ്ഥകളെപ്പോലും പിടിച്ചെടുത്താവിഷ്‌ക്കരിക്കുവാന്‍ അക്കിത്തത്തിന്റെ ഭാവന സദാ ജാഗരൂകമായത് തന്നെ ആസ്തിക്യഭാവനയില്‍ നിന്നുദിക്കുന്ന വെളിച്ചത്തിന്റെ ചൂടേറ്റിട്ടാണ്. അണ്ണാറക്കണ്ണനും കാക്കയും പാതിരാക്കിളിയുമെന്നുവേണ്ട മനുഷ്യനുള്‍പ്പെടെയുള്ള സമസ്തജീവജാലങ്ങളും ആത്മീയദൃഷ്ട്യാ നോക്കിക്കണ്ടാല്‍ ഒന്നാണെന്ന് ഈ കവി നന്നായി ഗ്രഹിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആ കാവ്യപ്രപഞ്ചത്തില്‍ ഹിംസാത്മകഭാവനകള്‍ക്കിടമില്ല. അക്കിത്തത്തിന്റെ വരികള്‍ ആ യാഥാര്‍ത്ഥ്യത്തെ ഇങ്ങനെ പ്രകാശിപ്പിച്ചിട്ടുണ്ട്:
”നിന്നെക്കൊന്നവര്‍ കൊന്നൂപൂവേ
തന്നുടെ തന്നുടെ മോക്ഷത്തെ”.
നിരുപാധികമായ സ്‌നേഹവും സഹാനുഭൂതിയുമാണ് ആ കാവ്യലോകത്തെ ധന്യവും മഹിതവുമാക്കിത്തീര്‍ക്കുന്നത്. ജലകാമനയുടെ വേദാന്തവും കണ്ണീരിന്റെ സത്യവുമായി ആ കവിതകള്‍ ഒരാല്‍മരംപോലെ നമുക്ക് തണലേകി.
”പാറുന്നു ചുണ്ടത്തു പുഞ്ചിരിയെങ്കിലു-
മൂറുന്നു കണ്‍കളിലശ്രുബിന്ദു”
എന്ന സത്യം എത്ര സമുജ്വലമാണെന്ന് ചിന്തിക്കുക. പരക്ലേശവിവേകത്തിന്റെ ആസ്തിക്യധാരയാണ് ഇവിടെ വിവക്ഷിതം. അക്കിത്തമൊരിക്കലിങ്ങനെയെഴുതി. ”നിരുപാധികമായ സ്‌നേഹം എന്നു പറയുമ്പോള്‍ ഞാന്‍ വിചാരിക്കുന്നത് അഖണ്ഡമായ വികാസമെന്നാണ്. പ്രണവത്തിന്റെ അഖണ്ഡമായ വികാസമാണ് ഇന്ന് കാണുന്ന പ്രപഞ്ചം മുഴുവന്‍” പ്രത്യയശാസ്ത്രങ്ങളും മാര്‍ഗങ്ങളും വിതച്ച ജീവിതത്തിന്റെ വൈതരണികളില്‍ അഹിംസയും നന്മയും മാനവികതയും വിരിയിച്ചെടുക്കുന്ന അക്കിത്തം ജന്മനാ കവിയാണെന്നും ആത്മാന്വേഷണത്തിന്റെ വഴിയില്‍ മിഴിനീരുറഞ്ഞുണ്ടാകുന്നതാണ് അക്കിത്തത്തിന്റെ കലയെന്നും ശിഷ്യസ്ഥാനീയനായ എം.ടി.വാസുദേവന്‍നായര്‍ ഉപദര്‍ശിച്ചിട്ടുണ്ട്. സഹൃദയമനസ്സുകളില്‍ നിത്യമുദ്രിതങ്ങളായ നിരവധി വരികളെഴുതുവാന്‍ അക്കിത്തത്തിന് സാധിച്ചിട്ടുണ്ട്. മംഗളദായകവും ദുഃഖമോചകവുമായ ആത്മതത്വത്തിന്റെ കാന്തിയാണ് അക്കിത്തത്തിന്റെ കവിതകളില്‍ നിന്ന് പ്രസ്ഫുരിക്കുന്നത്. ജ്ഞാനപീഠത്തില്‍നിന്ന് മോക്ഷപീഠത്തിലേക്ക് നീങ്ങിയ കവിതയുടെ ഈ കൈലാസത്തിന് മുന്നില്‍ സാദരം പ്രണമിക്കട്ടേ.
”വായുരനിലമൃതമഥേദം ഭസ്മാന്തം ശരീരം
ഓം ക്രതോ! സ്മര കൃതംസ്മര
ക്രതോ! സ്മര കൃതം സ്മര”
(പ്രാണവായു നിത്യമായ പ്രപഞ്ചവായുവില്‍ ലയിച്ചുകഴിഞ്ഞു. പിന്നീട് ഈ ശരീരം ഭസ്മമായി അവസാനിച്ചു. അല്ലയോ ചിന്താശീലനായ മനുഷ്യാ! ഇനി നീ മരിച്ചു പോയ ഈ വ്യക്തി ചെയ്ത കര്‍മങ്ങളെയോര്‍ക്കുക”) ഓപനിഷദികമായ ഈ തത്വം ഗ്രഹിച്ച് മഹാകവി അക്കിത്തം കാട്ടിത്തന്ന വഴിയിലൂടെ നമുക്കൊന്നിച്ച് സഞ്ചരിക്കാം, അഗ്നിജിതനായ മഹാകവിക്ക് നിത്യശാന്തി നേരാം.