ഏറെ അധികമൊന്നും പിന്നോട്ടല്ലാത്ത, കണ്ണെത്താവുന്ന ഒരു കാലത്ത് നടന്ന സംഭവത്തെക്കുറിച്ചു പോലും പെരുങ്കള്ളം പറയുക, അത് നിരന്തരമായി ആവര്‍ത്തിക്കുക, അസത്യത്തെ സത്യമെന്ന തോന്നലിലെത്തിക്കുക ഇതാണ് മാറാട് സിബിഐ അന്വേഷണത്തെക്കുറിച്ച് സിപിഎം നടത്തുന്ന വ്യാജ പ്രചാരവേല. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പെരുങ്കള്ളത്തിന്റെ വ്യാജ കാപ്‌സ്യൂളുകള്‍ മൊത്തമായി വിതരണം തുടങ്ങിയത്. സിപിഎം സൈബര്‍ ഗുണ്ടകള്‍ ഇത് എറ്റെടുക്കുകയും ചെയ്തു. മാറാട് കൂട്ടക്കൊലക്കേസ് സിബിഐ അന്വേഷിക്കുന്നില്ലെന്നായിരുന്നു സപ്തംബര്‍ 26 ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.
2017 ജനുവരിയില്‍ സിബിഐ കേസ് ഏറ്റെടുത്ത്, മുസ്ലീം ലീഗ്, എന്‍ ഡി എഫ് നേതാക്കളെ പ്രതികളാക്കി, എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത്, അന്വേഷണം നടത്തുന്ന കേസ്സിനെക്കുറിച്ചാണ് സിപിഎം സെക്രട്ടറി പെരുങ്കള്ളം പറഞ്ഞത്. പ്രചാരണം കമ്മ്യൂണിസ്റ്റ് സംഘടനാ പ്രവര്‍ത്തന ശൈലിയുടെ അടിസ്ഥാന ഘടകമാണ്. അതിന് ഇവിടെ ഉപയോഗിക്കുന്നത് വ്യാജ വസ്തുതകള്‍ ആയെന്ന് മാത്രം.
സിബിഐ തിരുവനന്തപുരം യൂണിറ്റിന് കീഴിലാണ് നിലവില്‍ മാറാട് ഗൂഢാലോചനക്കേസിന്റെ അന്വേഷണം നടക്കുന്നത്. ലീഗ് നേതാക്കളായ പി.പി. മൊയ്തീന്‍കോയ (ഒന്നാം പ്രതി), മായിന്‍ഹാജി (രണ്ടാം പ്രതി), എന്‍ ഡിഎഫ് നേതാക്കള്‍, മഹല്ല് കമ്മറ്റി ഭാരവാഹികള്‍, ഭീകരവാദ സംഘടനാ നേതാക്കള്‍ എന്നിവരെ പ്രതിചേര്‍ത്താണ് അന്വേഷണം നടക്കുന്നത്. സിബിഐ ഡിവൈഎസ്പി കെ.ജെ. ഡര്‍വിന്‍ ആരംഭിച്ച അന്വേഷണം ഡിവൈഎസ്പി അനന്തകൃഷ്ണനാണ് തുടരുന്നത്. സിബിഐ അന്വേഷണത്തെ ആദ്യം മുതല്‍എതിര്‍ത്ത ചരിത്രമുള്ള സിപിഎം ഭരണത്തിലിരിക്കേ സിബിഐ അന്വേഷണ സംഘത്തിന് കേസ് രേഖകള്‍ കൈമാറാന്‍ തയ്യാറായില്ല.
സംസ്ഥാന സര്‍ക്കാര്‍ വഴി അന്വേഷണം അട്ടിമറിക്കാനാണ് സിപിഎം ശ്രമിച്ചത്. പലതവണ ആവശ്യപ്പെട്ടിട്ടും കേസിന്റെ രേഖകള്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് കൈമാറാത്തതിനാല്‍ 2019 ഫെബ്രുവരി 8 ന് സിബിഐക്ക് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കേണ്ടി വന്നു.
രേഖകള്‍ കൈമാറണമെന്ന് 2017 ജൂണ്‍ മാസത്തില്‍ സിബിഐ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. രണ്ട് മാസങ്ങള്‍ക്ക് ശേഷം 33 ഫയലുകള്‍ മാത്രമാണ് കൈമാറിയത്. ബാക്കിയുള്ള ഫയലുകള്‍ കാണാനില്ലെന്നും കണ്ടെത്തുന്ന മുറയ്ക്ക് ഏല്‍പ്പിക്കാമെന്നുമായിരുന്നു സര്‍ക്കാര്‍ നല്‍കിയ വിശദീകരണം.
സിബിഐ പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും രേഖകള്‍ കൈമാറാത്തതിനെ തുടര്‍ന്ന് 2018 ഡിസംബറില്‍ വീണ്ടും സിബിഐ ആവശ്യമുന്നയിച്ചു. തുടര്‍ന്നാണ് 25 ഫയലുകള്‍ കൂടി കൈമാറിയത്. ഇതിന് ശേഷമാണ് ഗത്യന്തരമില്ലാതെ സിബിഐ ഹൈക്കോടതിയെ സമീപിച്ചത്. ഇത്രയൊക്കെ ഇക്കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന സംഭവങ്ങളാണ്. ഇതിന്റെ വിശദമായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ അതീവ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതുമാണ്. ഇതൊക്കെ ജനങ്ങള്‍ മറന്നു കാണുമെന്ന് വ്യാമോഹിച്ച കോടിയേരിയാണ് ഗീബല്‍സിന്റെ കുപ്പായവുമണിഞ്ഞ് രംഗത്തെത്തിയത്. കേസന്വേഷണം ഏറ്റെടുത്ത സിബിഐ സംഘം ഫറോക്കില്‍ ക്യാമ്പ് ഓഫീസ് ആരംഭിച്ച് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം മറച്ചുവെച്ചു കൊണ്ടാണ് സിപിഎമ്മും പാര്‍ട്ടി പത്രവും വ്യാജ വാര്‍ത്തകളുമായി ഇപ്പോള്‍ രംഗത്ത് എത്തിയത്.
മാറാട് സിബിഐ അന്വേഷണം സിപിഎമ്മിന് എന്നും ‘പൊള്ളുന്ന വിഷയമാണ്.’ തുടക്കം മുതല്‍ സി ബി ഐ അന്വേഷണത്തെ എതിര്‍ക്കുകയായിരുന്നു സിപിഎം. മുസ്ലീം ലീഗിന്റെയും എന്‍ ഡി എഫിന്റെയും ആവശ്യത്തെ പിന്തുണച്ച് കൊണ്ട് സിപിഎം രംഗത്തെത്തിയതിന് പിന്നിലെ ലക്ഷ്യം കേവലം വര്‍ഗീയ പ്രീണനം മാത്രമായിരുന്നില്ല. കൂട്ടക്കൊലയ്ക്ക് പിന്നാലെ ഗൂഢാലോചന പുറത്തുവന്നാല്‍ തങ്ങളുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയപ്പെടുമെന്ന പേടിയാണ് സിപിഎമ്മിനെ ഏറെ ഭയപ്പെടുത്തുന്നത്. കൂട്ടക്കൊലയില്‍ നേരിട്ട് പങ്കെടുത്തവരില്‍ സിപിഎമ്മുകാര്‍ പ്രതികളാണ്. കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന പുറത്തു വന്നാല്‍ സംസ്ഥാനതലനേതാക്കളടക്കമുള്ളവര്‍ പ്രതിക്കൂട്ടിലാകാമെന്ന യാഥാര്‍ത്ഥ്യം സിപിഎമ്മിനെ വേട്ടയാടുന്നുണ്ട്.
മാറാട് ജുഡീഷ്യല്‍ കമ്മീഷനു മുമ്പാകെ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സിബിഐ അന്വേഷണത്തെ ശക്തിയുക്തം എതിര്‍ത്താണ് മൊഴി നല്‍കിയത്. 2004 ജൂലായ് 16 ന് കമ്മീഷന്‍ മുമ്പാകെ നല്‍കിയ മൊഴിയില്‍ ‘ഈ കാര്യത്തില്‍ വളരെ വ്യക്തമായ നിലപാട് സിപിഎമ്മിന് നേരത്തെ തന്നെയുണ്ട്. അത് സിബിഐ അന്വേഷണം വേണ്ട എന്നാണ്’ എന്നായിരുന്നു പിണറായി വിജയന്‍ പറഞ്ഞത്.
പുനലൂര്‍ നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ പ്രസാദ് കൊല്ലപ്പെട്ടതിനെക്കുറിച്ച് സിപിഎം സിബിഐ അന്വേഷണം ആവശ്യപ്പെട്ട കാലത്താണ് സിപിഎം നേതാവ് കമ്മീഷന് മുമ്പാകെ ഈ മൊഴി നല്‍കിയത്. ഇതിനെക്കുറിച്ച് ചോദിച്ച അഭിഭാഷകന്റെ ചോദ്യത്തിന് അദ്ദേഹം തമിഴ്‌നാട്ടില്‍ വച്ചാണ് കൊല്ലപ്പെട്ടതെന്നും അതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നുമായിരുന്നു കമ്മീഷന് മുമ്പാകെ പിണറായിയുടെ മറുപടി. ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട സിപിഎമ്മാണ് എട്ടു ഹിന്ദുക്കള്‍ കൊല്ലപ്പെട്ട മാറാട് കൂട്ടക്കൊലയില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്തത്. തമിഴ്‌നാട്ടില്‍ വെച്ച് നടന്ന കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന വാദം പരിഹാസ്യവുമായിരുന്നു.
ലോക്‌സഭയില്‍ സിപിഎം അംഗങ്ങള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടില്ലേ എന്ന അഭിഭാഷകന്റെ ചോദ്യത്തിന് അങ്ങനെയൊരു നിലപാട് സിപിഎമ്മിനില്ലെന്നും പത്രലേഖകര്‍ക്കുണ്ടായ തെറ്റിദ്ധാരണയില്‍ നിന്നാണ് വാര്‍ത്ത ഉണ്ടായതെന്നുമായിരുന്നു കമ്മീഷനു മുമ്പാകെയുള്ള പിണറായിയുടെ വിശദീകരണം. എല്ലാ വഴികളുപയോഗിച്ചും സിബിഐ അന്വേഷണത്തെ എതിര്‍ത്ത സിപിഎമ്മാണ് സിബിഐ അന്വേഷണത്തിന് തങ്ങള്‍ എതിരായിരുന്നില്ല എന്ന വാദവുമായി ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്.
മാറാട് കൂട്ടക്കൊലയിലെ പ്രതികളായ 43 പേര്‍ സിപിഎമ്മുകാരാണെന്നും അതില്‍ ചിലര്‍ക്ക് എന്‍ഡിഎഫ് ബന്ധമുണ്ടെന്നും മുഖ്യമന്ത്രി ആന്റണി നിയമസഭയില്‍ രേഖാമൂലം ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച്, പാര്‍ട്ടി അന്വേഷണത്തില്‍ ഇക്കാര്യം കണ്ടെത്തിയില്ലെന്നും സിപിഎമ്മില്‍ ആര്‍ക്കും നുഴഞ്ഞുകയറാനാവില്ലെന്നുമായിരുന്നു പിണറായിയുടെ അന്നത്തെ മറുപടി. 2002 ലെ കലാപത്തില്‍ പ്രതികളാക്കപ്പെട്ടവരുടെ നിരപരാധിത്വം തെളിയിക്കാന്‍ കോടതിയില്‍ അവരുടെ കേസ് പാര്‍ട്ടി കൈകാര്യം ചെയ്യുമെന്നും പിണറായി കമ്മീഷന് മുമ്പാകെ പറഞ്ഞു. മാറാട് കൂട്ടക്കൊലയെ തുടര്‍ന്ന് നാടുവിട്ടുപോയവരെ പുനരധിവസിപ്പിക്കാന്‍ എല്‍ഡിഎഫും കോണ്‍ഗ്രസ്സും മുസ്ലിം ലീഗും സഹകരിച്ച് പരിശ്രമിച്ചെന്നും പിണറായി വിജയന്‍ അന്ന് മൊഴി നല്‍കിയിരുന്നു. ഇരകളോടൊപ്പമായിരുന്നില്ല മറിച്ച് വേട്ടക്കാരുടെ മുമ്പില്‍ കുതിച്ചോടുന്ന വേട്ടപ്പട്ടികളാകാനായിരുന്നു സിപിഎമ്മുകാര്‍ അന്ന് വിയര്‍പ്പൊഴുക്കിയിരുന്നത്.
മാറാട് കൂട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 63 പേരില്‍ 62 പേര്‍ക്കും ജീവപര്യന്തം തടവും 139-ാ മത്തെ പ്രതിക്ക് അഞ്ചു വര്‍ഷത്തെ തടവ് ശിക്ഷയും വിധിച്ചു കൊണ്ടായിരുന്നു കേസ് വിചാരണ ചെയ്ത കോഴിക്കോട് മാറാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. 76 പ്രതികളെ വെറുതെ വിടുകയും ചെയ്തു. ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും അതിനാല്‍ 120 (ബി) നിലനില്‍ക്കില്ലെന്നുമായിരുന്നു ജഡ്ജ് ബാബു മാത്യു പി. ജോസഫിന്റെ വിധിയില്‍ വ്യക്തമാക്കിയത്.
മാറാട് പളളി വളപ്പില്‍ നിന്ന് പകല്‍ വെളിച്ചത്തില്‍ കുഴിച്ചെടുത്ത ആയുധശേഖരവും കൂട്ടക്കൊലയ്ക്ക് തലേ ദിവസം മുസ്ലിം കുടുംബങ്ങള്‍ അയല്‍ക്കാരോട് വ്യത്യസ്ത കാരണങ്ങള്‍ പറഞ്ഞ് സ്ഥലം വിട്ടതുമൊക്കെയുള്ള സാഹചര്യത്തെളിവുകള്‍ മുമ്പിലിരിക്കെ കൂട്ടക്കൊല ആസൂത്രിതമാണെന്ന് ധരിക്കാന്‍ കുറ്റാന്വേഷണ വൈദഗ്ദ്ധ്യമൊന്നും ആവശ്യമില്ല. ഇവിടെയാണ് മാറാട് ജുഡീഷ്യല്‍ കമ്മീഷന്‍ അതിന്റെ റിപ്പോര്‍ട്ടില്‍ കേസന്വേഷണത്തിന്റെ കുറവുകള്‍ അക്കമിട്ട് നിരത്തിയത് ചേര്‍ത്തുവായിക്കേണ്ടത്. ക്രൈംബ്രാഞ്ച് ഐജി മഹേഷ് കുമാര്‍ സിംഗ്ല അന്വേഷണത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെ ശരിവെക്കുന്ന തെളിവുകളാണ് പിന്നീട് പുറത്ത് വന്നത്. എന്തുകൊണ്ട് ഗൂഢാലോചന അന്വേഷിച്ചില്ല എന്ന ചോദ്യത്തിന് അത് അന്വേഷിക്കാന്‍ നിര്‍ദ്ദേശമുണ്ടായില്ലെന്ന വിചിത്രമായ മറുപടിയാണ് ഐ ജി കോടതിയില്‍ ബോധിപ്പിച്ചത്. കുതിരയെ വണ്ടിക്ക് പിന്നില്‍ കെട്ടിയിട്ട് കുതിര വണ്ടി വലിക്കുന്നില്ല എന്നു പറയുന്ന പരിഹാസ്യതയെയാണ് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചത്. കേസന്വേഷണത്തില്‍ കാണിച്ച കുറ്റകരമായ വീഴ്ച തുറന്നു കാണിച്ച കമ്മീഷന്‍ കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന കണ്ടെത്താന്‍ സിബിഐ, റവന്യു ഇന്റലിജന്‍സ് തുടങ്ങിയ ഏജന്‍സികളുടെ സംയുക്ത അന്വേഷണം വേണമെന്നായിരുന്നു ആവശ്യപ്പെട്ടത്.കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച ഉടനെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയാണ് അധികാരത്തിലെത്തിയത്. അന്ന് ആഭ്യന്തര മന്ത്രിയായത് കോടിയേരി ബാലകൃഷ്ണനും. കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചുവെന്നതിനാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കുകയല്ലാതെ കോടിയേരിക്ക് മുമ്പില്‍ വേറെ വഴികളില്ലായിരുന്നു. ചട്ടപ്രകാരം കത്തെഴുതി കാത്തിരുന്ന ഇടത് സര്‍ക്കാരിന് കിട്ടിയത് പ്രതീക്ഷിച്ച മറുപടി ആയിരുന്നു. കേന്ദ്രത്തിലെ യുപിഎ മന്ത്രിസഭ സിബിഐ അന്വേഷണം പറ്റില്ലെന്ന മറുപടിയാണ് നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ നിയമപരമോ രാഷ്ട്രീയപരമോ ആയ സമ്മര്‍ദ്ദം വഴി സിബിഐ അന്വേഷണം സാധ്യമാക്കാനായിരുന്നില്ല കോടിയേരിയെന്ന ആഭ്യന്തര മന്ത്രി ശ്രമിച്ചത്. പകരം ക്രൈംബ്രാഞ്ചിന്റെ കീഴില്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. ഏത് അന്വേഷണ ഏജന്‍സിയാണോ അന്വേഷണം അട്ടിമറിച്ചത് അതേ ഏജന്‍സിയെ തന്നെ അന്വേഷണം ഏല്‍പ്പിച്ചാണ് കോടിയേരി തന്റെ ‘സത്യസന്ധതയും ആത്മാര്‍ത്ഥതയും’തെളിയിച്ചത്. ഈ അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രിച്ചതും അട്ടിമറിച്ചതും എങ്ങിനെയായിരുന്നുവെന്ന് ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. എപ്പോഴെങ്കിലും സിബിഐ അന്വേഷണമെന്ന ആവശ്യം ഉയര്‍ന്നാല്‍ അതിനെ തടയാനായിരുന്നു കോടിയേരി പ്രത്യേക ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ധൃതി പിടിച്ച് ഉത്തരവിട്ടത്. തുടക്കം മുതല്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത സിപിഎമ്മാണ് സിബിഐയെ തങ്ങള്‍ എപ്പോഴും സ്വാഗതം ചെയ്തിരുന്നുവെന്ന് ഇപ്പോള്‍ അവകാശവാദമുന്നയിക്കുന്നത്. നാണക്കേടിന്റെ ആല് കിളിര്‍ത്താല്‍ അതിന്റെ തണലില്‍ കഴിയാമെന്ന വികൃത ചിന്തയാണ് ആ പാര്‍ട്ടിയെ നയിച്ചുകൊണ്ടിരിക്കുന്നത്.
Comments