2020 ജൂലായ് 24ന് തുര്‍ക്കിയിലെ ഇസ്താംബൂളില്‍ ഉള്ള ഹാഗിയ സോഫിയ അഥവാ സാങ്ടാ സോഫിയ എന്ന ക്രിസ്ത്യന്‍ പള്ളി മുസ്ലിം മസ്ജിദ് ആക്കി മാറ്റിയിരിക്കുന്നു. 1500 വര്‍ഷത്തിലധികം വര്‍ഷം പഴക്കമുള്ള ക്രൈസ്തവ ദേവാലയം മതത്തിന്റെ വിശാലത പറയുന്ന ഇസ്ലാമിന്റെ കൈകളില്‍ അമര്‍ന്നിരിക്കുന്നു. മറ്റു മതങ്ങളോട് വളരെയേറെ വിശ്വാസവും ആദരവുമുള്ള മതമാണ് ഇസ്ലാം എന്നാണ് അതിന്റെ നേതാക്കന്മാര്‍ പറയാറുളളത്. അവയുടെ വിശ്വാസികളോടും ആരാധനാലയങ്ങളോടും ഏറ്റവും ശ്രദ്ധയും ഭക്തിയുമുള്ളവരാണെന്നും അവകാശപ്പെടാറുണ്ട്. എന്നാല്‍ അതൊക്കെ വെറും വീണ്‍വാക്കുകള്‍ ആണെന്നതിന്റെ ഏറ്റവും ഒടുവിലത്തെ പ്രത്യക്ഷമാണ് ഹാഗിയ സോഫിയ.
ലോകത്തില്‍ മതത്തിന്റെ പേരിലുള്ള സംഘര്‍ഷം തുടങ്ങിയത് എന്നു മുതലാണ്? മതങ്ങള്‍ തമ്മില്‍ത്തമ്മില്‍ ആക്രമിക്കാനും കീഴടക്കാനും നശിപ്പിക്കാനും തുടങ്ങിയത് എപ്പോള്‍ മുതല്‍? മറ്റു മതത്തില്‍നിന്നും സ്വമതത്തിലേക്ക് ആളെച്ചേര്‍ക്കാന്‍ കാരണമെന്താണ്? തന്റെ മതം വളരുകയും മറ്റു മതങ്ങള്‍ നശിക്കുകയും ചെയ്യണമെന്ന വികാരം എന്തുകൊണ്ടുണ്ടാവുന്നു? മറ്റു മതങ്ങളെ നശിപ്പിച്ചാല്‍ എന്താണ് നേട്ടം?
സെമറ്റിക് മത സങ്കല്പമാണ് ലോകത്ത് മത സംഘര്‍ഷങ്ങളെ അവതരിപ്പിച്ചത്. ഒരേ പാരമ്പര്യം, ഒരേ പൈതൃകം, ഒരേ സങ്കല്പം – ഇവയാണ് സെമറ്റിക് മതങ്ങളുടെ അടയാളം. അസഹിഷ്ണുതയാണ് അടിസ്ഥാന സ്വഭാവം. ശാസ്ത്രീയം, പുരോഗമനം എന്നെക്കെപ്പറഞ്ഞാലും സാമാന്യബുദ്ധിക്കു പോലും സ്വീകരിക്കാന്‍ കഴിയാത്ത ആശയങ്ങളാണ് കൂടുതലും. ശാസ്ത്ര വിരുദ്ധതയാണ് സെമറ്റിക് മതങ്ങളുടെ മൂലം. സാമൂഹ്യ വിരുദ്ധതയാണ് പ്രവൃത്തികളില്‍ പലതും. അതുകൊണ്ടാണ് ഉണ്ടായ കാലം മുതല്‍ സംഘര്‍ഷ മേഖലയായി മാറിയത്. എവിടെ സെമറ്റിക് സങ്കല്പമുണ്ടോ അവിടെ സംഘര്‍ഷമുണ്ട്, ഉന്മൂലനമുണ്ട്, കീഴടക്കലുണ്ട്.
അസഹിഷ്ണുതയാണ് അടിസ്ഥാന സ്വഭാവമെന്നതുകൊണ്ട് അതാതു മതത്തിനുള്ളില്‍ത്തന്നെ വിഭജനങ്ങള്‍ ഉണ്ടായി. മതകല്പനകളിലുള്ള വ്യാഖ്യാനവും സംശയവുമാണ് വിഭജനങ്ങള്‍ സൃഷ്ടിക്കുന്നത്. അതിന്റെ ഫലമായി ആഭ്യന്തര സംഘര്‍ഷവും നിരന്തര പോരാട്ടവും നിലനില്ക്കും. അത്തരം ആഭ്യന്തര സംഘട്ടനങ്ങളുടെ ചരിത്രമാണ് ഓരോ മതത്തിനുമുള്ളത്. പിന്നീട് അതേ വംശപരമ്പരയുടെ പേരില്‍ പുതിയ മതങ്ങളുണ്ടായപ്പോള്‍ ആ മതങ്ങള്‍ തമ്മിലായി സംഘര്‍ഷം. ഒരേസമയം മതത്തിനുള്ളിലെ വിവിധ ഗ്രൂപ്പുകള്‍ തമ്മിലും ഒപ്പം പിന്നാലെ വന്ന പുത്രപൗത്രിമാര്‍ തമ്മിലും സംഘട്ടനം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അതിന്റെ വര്‍ത്തമാനകാല ഉദാഹരണമാണ് ഹാഗിയ സോഫിയ എന്ന ക്രിസ്ത്യന്‍ പള്ളി.
ജൂതമതമാണ് സെമറ്റിക് വിഭാഗത്തിലെ ആദ്യകണ്ണി. പിന്നീട് അതില്‍ നിന്നു തന്നെ ക്രിസ്തുമതം ഉടലെടുത്തു. അപ്പോഴാണ് ലോകത്ത് മത സംഘര്‍ഷവും അസഹിഷ്ണുതയും അവതരിച്ചത്. പുതിയ മതത്തിനായിരിക്കുമല്ലോ എപ്പോഴും ആകര്‍ഷണീയത. അനുഭവമില്ലാത്തതുകൊണ്ട് അതിലേക്ക് ആകര്‍ഷിക്കപ്പെടും. വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളുംകൊണ്ട് സമൂഹം വീര്‍പ്പുമുട്ടും. ഏതൊരു വ്യക്തിയെയും സമൂഹത്തെയും പ്രലോഭിപ്പിക്കാന്‍ പോന്ന പ്രതീക്ഷകളായിരിക്കും അവ മുന്നില്‍ വയ്ക്കുക. കോഴിക്കോട് സാമൂതിരിയുടെ കാലത്ത് അറേബ്യയില്‍ നിന്നു വന്ന പുതുവിശ്വാസികളും 1498 ല്‍ അവിടെത്തന്നെ വന്നിറങ്ങിയ യൂറോപ്യന്‍ പാതിരിമാരും ഈ പ്രലോഭനങ്ങളാണല്ലോ ഹിന്ദുക്കളുടെ മുന്നില്‍ വച്ചത്. ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ അവര്‍ സൃഷ്ടിച്ച കാര്യങ്ങള്‍ എന്തെന്ന് അറിയാനുള്ള സാഹചര്യം ഇന്നത്തെപ്പോലെ അന്നുണ്ടായിരുന്നുമില്ല. വരുന്നവര്‍ പറയുന്നത് വിശ്വസിക്കുകയേ നിര്‍വ്വാഹമുണ്ടായിരുന്നുള്ളൂ. പ്രലോഭനങ്ങളില്‍ ആകൃഷ്ടരായ ഹിന്ദുക്കള്‍ അതു വിശ്വസിച്ചു. ലോകത്തിലെ എല്ലാ സമൂഹങ്ങളുടെ അവസ്ഥയും ഇതുതന്നെയായിരുന്നു. ചരിത്രം പരസ്പരം കൈമാറ്റപ്പെട്ടപ്പോള്‍ മാത്രമാണ് കൂട്ടക്കൊലകളുടെയും പീഡനങ്ങളുടെയും അകമ്പടിയോടുകൂടിയാണ് ഈ മതങ്ങള്‍ എല്ലായിടത്തേയ്ക്കും കടന്നുകയറിയത് എന്നറിയുന്നത്. യൂറോപ്പിന്റെ ഏതാണ്ട് എല്ലാ പ്രദേശങ്ങളിലും അരങ്ങേറിയ മത കുറ്റവിചാരണയുടെ ചരിത്രം മാത്രം പരിശോധിച്ചാല്‍ മതി ക്രൈസ്തവ മതം ഒഴുക്കിയ രക്തപ്പുഴകളുടെ അളവറിയാന്‍. അതിന്റെ ഒരു പങ്ക് ഭാരതത്തിലും ഉണ്ടായി; ഗോവ ഇന്‍ക്വിസിഷന്‍. അന്നുവരെ ലോകത്തിലൊരിടത്തും നടന്നിട്ടില്ലാത്തത്ര ക്രൂരതകള്‍ അനുഭവിച്ചവരാണ് ഗൗഢസാരസ്വതര്‍. കേരളത്തിലും നിരവധി ക്ഷേത്രങ്ങളെ ക്രൈസ്തവ പള്ളികളാക്കി മാറ്റി. മലയാറ്റൂര്‍, പാലയൂര്‍, നിരണം തുടങ്ങി ഏഴ് പ്രധാനക്ഷേത്രങ്ങള്‍ തകര്‍ത്താണ് അതാതിടത്ത് പള്ളികള്‍ പണിതത് എന്ന് അവര്‍ തന്നെ എഴുതി വച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ പള്ളികള്‍ അവയാണ്. ദൈവസ്‌നേഹം പ്രസംഗിക്കുകയും പൈശാചികത പ്രയോഗിക്കുകയും ചെയ്തു എന്നു മനസ്സിലാക്കാം.
മത പീഡനത്തിന്റെ ഏറ്റവും വലിയ ചരിത്രമുള്ളത് ക്രിസ്തുമതത്തെ പ്രസവിച്ച ജൂതമതത്തിനു തന്നെയാണ്. കുഞ്ഞിനെ തിന്നുന്ന ജീവികളെ നാം പഠിച്ചിട്ടുണ്ട്. എന്നാല്‍ തള്ളയെ തിന്നുതീര്‍ത്ത കുഞ്ഞിന്റെ കഥയാണ് അവര്‍ തമ്മിലുള്ളത്. ആ മത ശിശുവിന്റെ കരാള ദംഷ്ട്രകളില്‍ നിന്നു രക്ഷപ്പെട്ട് ഓടിയവരാണ് ജൂത ജനത. ചെന്ന രാജ്യങ്ങളിലൊക്കെ പീഡിപ്പിക്കപ്പെട്ടു, മതം മാറ്റപ്പെട്ടു, കുത്തിക്കവര്‍ച്ചക്ക് ഇരയായി, അടിമകളാക്കപ്പെട്ടു. ജൂതന്മാരുടെ ആരാധനാലയങ്ങള്‍ തച്ചുതകര്‍ത്തു, ചുട്ടുകരിച്ചു. ലോകത്തില്‍ ഒരേയൊരു ജനത മാത്രമാണ് രണ്ടു കൈയും നീട്ടി അവരെ സ്വീകരിച്ചത്, സംരക്ഷിച്ചത്, കാവല്‍ നിന്നത്. അത് ഹിന്ദു സമൂഹമാണ്. നൂറ്റാണ്ടുകളോളം ഹിന്ദുക്കള്‍ കാത്തുസൂക്ഷിച്ച്, നട്ടുനനച്ച്, വളവും വെള്ളവും നല്‍കി പരിപോഷിപ്പിച്ചു. വളര്‍ന്നു വലുതായ ആ മഹാവൃക്ഷമാണ് ഇസ്രായേല്‍ എന്ന ശക്തിരാഷ്ട്രമായി മാറിയത്. ഒരര്‍ത്ഥത്തില്‍ ജൂത ജനതയുടെ പോറ്റമ്മയാണ് ഭാരതം.
ക്രിസ്തുമതം ഉണ്ടായി ഏതാണ്ട് അഞ്ചു നൂറ്റാണ്ടുകള്‍ക്കു ശേഷമാണ് ഇസ്ലാം മതം സ്ഥാപിതമാകുന്നത്. ജൂതമതവും ക്രൈസ്തവ മതവും പറഞ്ഞ കാര്യങ്ങളൊക്കെത്തന്നെയാണ് പ്രപഞ്ചത്തെപ്പറ്റി ഇസ്ലാമും പറയുന്നത്. എന്നാല്‍ ജൂതമതത്തില്‍ നിന്നും കൂടിയ ക്രൂരത കാട്ടിയാണ് ക്രൈസ്തവ മതം പ്രചരിപ്പിച്ചത്. അതിന്റെ പതിന്മടങ്ങ് ആക്രാമികതയോടെ ഇസ്ലാം മതവും ലോകത്തില്‍ പ്രചരിപ്പിക്കപ്പെട്ടു. അങ്ങനെ വാള്‍കൊണ്ടല്ലാതെ എവിടെയെങ്കിലും ലോകത്തില്‍ ഇസ്ലാം മതം വന്നിട്ടുണ്ടെങ്കില്‍ അതു മലബാറില്‍ മാത്രമാണ്. അതു പക്ഷെ അറബികളുടെ വ്യാപാര ബന്ധം വഴിയാണെന്നു മാത്രം. മത പ്രചാരണത്തിനു വന്നവരല്ല. അവര്‍ക്ക് അങ്ങോട്ട് ആളിനെ ചേര്‍ത്തു കൊടുത്ത് എണ്ണം കൂട്ടിയത് ഹിന്ദുവായ സാമൂതിരിയുടെ വിശാലമനസ്‌കത കൊണ്ടാണ്. അല്ലാതെ ലോകത്തില്‍ മതം പ്രചരിപ്പിക്കാന്‍ അറേബ്യയില്‍ നിന്നും പുറപ്പെട്ടതു മുഴുവന്‍ തീയും വാളുമായിട്ടായിരുന്നു. അങ്ങനെയാണ് തുര്‍ക്കിയും പേര്‍ഷ്യയും ഈജിപ്തുമെല്ലാം നിലംപതിച്ചത്. അവിടെയെല്ലാമുണ്ടായിരുന്ന പ്രാചീന സംസ്‌കൃതികള്‍ തുടച്ചു നീക്കപ്പെട്ടു. ജനതകള്‍ സമ്പൂര്‍ണമായും കീഴടക്കപ്പെട്ടു. എല്ലാവര്‍ക്കും ഖുറാനോ വാളോ നല്‍കപ്പെട്ടു. (മാപ്പിള ലഹളക്കാലത്ത് ഇംഗ്ലണ്ടില്‍ പോകണോ മതം മാറണോ എന്നു ചോദിച്ചപ്പോള്‍ രക്ഷപ്പെടുമെന്നു കരുതി ഇംഗ്ലണ്ടില്‍ പോയാല്‍ മതി എന്ന് പലരും പറഞ്ഞു. അവരെയെല്ലാം കിണറിന്റെ വക്കത്തും കുളത്തിന്റെ കരയിലും പുഴയുടെ നടുവിലും കൊണ്ടുപോയി വാളിന്നിരയാക്കി. അല്ലാത്തവരെയെല്ലാം മതം മാറ്റിയതുപോലെയാണ്, വാളോ മതമോ നല്‍കിയത്)
ആ മുന്നേറ്റത്തിലാണ് സ്വഭാവത്തിന്റെ കാര്യത്തില്‍ ഇരട്ടപെറ്റ മക്കളെപ്പോലുള്ള ക്രൈസ്തവ മതവുമായി കൂട്ടിമുട്ടുന്നത്. രണ്ടുകൂട്ടരും ഓരോ പ്രദേശത്തെയും ഇതര മതവിശ്വാസികളെ കീഴടക്കി. ആരാധനാലയങ്ങള്‍ പിടിച്ചെടുത്തു. പാതിരിമാര്‍ പിടിച്ചെടുത്തവ പള്ളികളാക്കി. മൗലവിമാര്‍ പിടിച്ചടക്കിയത് മസ്ജിദുകളാക്കി. അങ്ങനെയല്ലാത്തവ രണ്ടുകൂട്ടരും അടിച്ചുടച്ചു, കൊള്ളയടിച്ചു, ചുട്ടുകരിച്ചു. അങ്ങനെയുള്ള മുന്നേറ്റത്തിനിടയിലാണ് അവര്‍ മുഖാമുഖം അണഞ്ഞത്. രണ്ടുപേരും തങ്ങളുടേതല്ലാത്ത മതങ്ങളില്‍ വിശ്വസിക്കുന്നവരെ കൊയ്‌തെടുക്കാനുള്ള മത്സരമാരംഭിച്ചു. അവകാശത്തര്‍ക്കത്തിനിടയില്‍ പരസ്പരം ആള്‍ക്കാരെയും ആരാധനാലയങ്ങളെയും പിടിച്ചടക്കി. സ്‌നേഹത്തിന്റെ തീരവും കാരുണ്യത്തിന്റെ കടലും ഏറ്റുമുട്ടി. ലോകത്തിനു മുമ്പില്‍ അനേകം ചോരപ്പുഴകള്‍ സൃഷ്ടിക്കപ്പെട്ടു. എല്ലാം പരമകാരുണികന്റെ പേരില്‍. ആ ചോരപ്പുഴകളുടെ കഥകളാണ് കുരിശുയുദ്ധങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.
ഈസ്റ്റേണ്‍ റോമന്‍ സാമ്രാജ്യത്തിന്റെ നേതൃത്വത്തില്‍ ക്രൈസ്തവ മതത്തിന്റെ ആദ്യകാല കടന്നുകയറ്റത്തിന്റെ വേളയിലാണ് കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചെടുത്തതും പൊതു വര്‍ഷം 537 ല്‍ ഇന്നു കാണുന്ന ഹാഗിയ സോഫിയ നിര്‍മ്മിച്ചതും. ഗ്രീക്ക് നിര്‍മ്മാണ ചാതുരിയുടെ കരവിരുത്. ഇന്നും അത്ഭുതം തോന്നിപ്പിക്കുന്ന ശില്പ വേലകളും അലങ്കാരങ്ങളും. ലോകത്തിലെ ഏറ്റവും വലുതും ആകര്‍ഷണീയവുമായ ക്രൈസ്തവ ദേവാലയം. 1520 ല്‍ സെവില്ലീ ദേവാലയം ((Seville cathedral) നിര്‍മ്മിക്കുന്നതുവരെ ഹാഗിയ സോഫിയ ആ സ്ഥാനം നിലനിര്‍ത്തി. ഇതിനിടയില്‍ ഈസ്റ്റേണ്‍ ഓര്‍ത്തഡോക്‌സ് വിഭാഗവും റോമന്‍ കാത്തലിക് വിഭാഗങ്ങളും പലപ്പോഴും ഏറ്റുമുട്ടുകയും ഹാഗിയാ സോഫിയായുടെ കൈവശാവകാശം പരസ്പരം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അപ്പോഴും ക്രൈസ്ത ദേവാലയമെന്ന ഖ്യാതി നിലനിന്നു. 1453 ല്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ നിലംപതിക്കുകയും ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ കീഴിലാവുകയും ചെയ്തു. അങ്ങനെയാണ് ആദ്യമായി അതിനെ മസ്ജിദ് ആക്കി മാറ്റിയത്. അസഹിഷ്ണുതകള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ തോറ്റവന്റെ ആരാധനാലയം വിജയിച്ചവന്റെ ചവിട്ടടിയിലാക്കി. ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്ത ദേവാലയം ഇസ്ലാമിന്റെ കൈപ്പിടിയില്‍ ഞെരിഞ്ഞമര്‍ന്നു. ഇതേ ചരിത്രമാണ് ഭാരതത്തില്‍ അയോധ്യയ്ക്കും കാശിക്കും മഥുരയ്ക്കും സോമനാഥത്തിനും പറയാനുള്ളത്.
ഭാരതത്തിലേക്ക് ആദ്യമായി കടന്നുവന്ന മുസ്ലീം ആക്രമണകാരി മുഹമ്മദ് ബിന്‍ കാസിം ആണ്. (അതിനു മുമ്പ് ചെറിയ ചെറിയ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്) വൈഷ്ണവരോടുള്ള വിരോധം മൂലം ബുദ്ധമത വിശ്വാസികള്‍ മുഹമ്മദിന്റെ പക്ഷം ചേര്‍ന്നു. ചതിക്കപ്പെട്ട ദാഹിര്‍ പരാജിതനായി. എന്നാല്‍ രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ബുദ്ധമതക്കാരെ മുഴുവന്‍ മതം മാറ്റി. തയ്യാറല്ലാത്തവരെ കൊന്നുകളഞ്ഞു. അങ്ങനെയാണ് ലോകത്തിലെ ഏറ്റവും വലിയ ബൗദ്ധ കേന്ദ്രങ്ങളിലൊന്നായിരുന്ന അഫ്ഗാന്‍ പ്രദേശം ഇസ്ലാമികവല്‍ക്കരിക്കപ്പെട്ടത്. പിന്നീടും ഇതു തന്നെ ആവര്‍ത്തിച്ചു. മുഹമ്മദ് ഗസ്‌നിയും മുഹമ്മദ് ഘോറിയും വന്നു. ചരിത്രം ആവര്‍ത്തിച്ചു. ഭാരതത്തിന്റെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളായ സ്ഥലങ്ങളെല്ലാം ബൗദ്ധ കേന്ദ്രങ്ങളായിരുന്നു. ഇസ്ലാമിക ആക്രമണം മൂലമാണ് ഭാരതത്തില്‍ ബുദ്ധമതം നശിച്ചത്. അല്ലാതെ ശങ്കരാചാര്യര്‍ കാരണമല്ല. അതിന്റെ വിശദാംശങ്ങള്‍ ബുദ്ധമതത്തിന്റെ അപചയം എന്ന പേരില്‍ ഡോ: അംബേദ്ക്കര്‍ നീണ്ട പ്രബന്ധത്തില്‍ എഴുതിയിട്ടുണ്ട്.
അഫ്ഗാനിസ്ഥാന്‍ മുതല്‍ പഞ്ചാബും ദല്‍ഹിയും വഴി ബംഗാളിലേക്കു നീണ്ട സങ്കുചിത മത ആക്രമണത്തിന്റെ ഇരയായിരുന്നല്ലോ മുമ്പു സൂചിപ്പിച്ച മഹാക്ഷേത്രങ്ങള്‍. അതുകൂടാതെ ആയിരക്കണക്കിനു ക്ഷേത്രങ്ങള്‍ അഗ്‌നിക്കിരയാക്കപ്പെട്ടു. ലക്ഷക്കണക്കിനു ഹിന്ദുക്കളെ കൊന്നൊടുക്കി. ദശലക്ഷങ്ങളെ മതം മാറ്റി. എന്നാല്‍ ആറേഴു നൂറ്റാണ്ട് ഇസ്ലാമിന്റെ സര്‍വ്വശക്തിയുമുപയോഗിച്ചിട്ടും മുഴുവന്‍ ഭാരതത്തെയും കീഴടക്കാന്‍ പറ്റിയില്ല. തുര്‍ക്കി പോലെ, ഈജിപ്തു പോലെ, പേര്‍ഷ്യ പോലെ സമ്പൂര്‍ണമായി അസ്തമിച്ചില്ല. രജപുത്രന്മാരും സിഖ് ജനതയും മറ്റു ഹൈന്ദവ ചക്രവര്‍ത്തിമാരും പോരാടി നിന്നതുതന്നെ കാരണം. റാണാ പ്രതാപനും റാണാ കുംഭയും ഗുരു ഗോവിന്ദ സിംഹനും വീരനായ ഛത്രപതി ശിവാജിയും കൃഷ്ണദേവരായരും എല്ലാം വന്‍മതിലുകള്‍ സൃഷ്ടിച്ചതുകൊണ്ടാണ് ഹിന്ദുസ്ഥാന്‍ ഇന്നും അവശേഷിക്കുന്നത്. അത്തരം കയ്യേറ്റങ്ങളുടെയും മത സങ്കുചിതത്വത്തിന്റെയും ഏറ്റവും പ്രധാന അടയാളമായി എല്ലാവരുടെയും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നതാണ് അയോധ്യയിലെ രാമക്ഷേത്രം. 1526 ല്‍ ഭാരതം ആക്രമിച്ച ബാബറിന്റെ നിര്‍ദ്ദേശപ്രകാരം മീര്‍ബാഖിയാണ് ക്ഷേത്രം തകര്‍ത്ത് അതിന്റെ അവശിഷ്ടം കൊണ്ട് ഇസ്ലാമിക അക്രമികളുടെ വിജയമകുടം കെട്ടിയുയര്‍ത്തിയത്. അന്നുതൊട്ട് നിരന്തര സമരങ്ങളും പ്രാര്‍ത്ഥനകളും ഹിന്ദുക്കള്‍ നടത്തിക്കൊണ്ടേയിരുന്നു. നിയമവഴികളിലൂടെ നൂറ്റാണ്ടുകള്‍ സഞ്ചരിച്ചു. പരമത വിദ്വേഷം കൈമുതലായവര്‍ വിഗ്രഹാരാധനയ്ക്കു ക്ഷേത്രം വിട്ടുതരുമോ? എങ്കിലും ചോദിച്ചുകൊണ്ടേയിരുന്നു. സ്വാതന്ത്ര്യാനന്തരവും ഇതെല്ലാം ആവര്‍ത്തിച്ചു. ഗാന്ധിജിയും പട്ടേലും ജീവിച്ചിരുന്ന കാലം വരെ ഭാരത ജനതക്ക് പ്രതീക്ഷയുണ്ടായിരുന്നു. സോമനാഥക്ഷേത്രം ഗാന്ധിജിയുടെ അനുമതിയോടും പട്ടേലിന്റെ മുന്‍കൈയോടും കൂടിയാണല്ലോ പുനരുദ്ധരിച്ചത്. ഇവര്‍ ജീവിച്ചിരുന്നാല്‍ അത് അയോധ്യയിലേക്കും മഥുരയിലേക്കും കാശിയിലേക്കും നീളുമെന്ന് ഭരണത്തലപ്പത്തുള്ളവര്‍ക്ക് അറിയാമായിരുന്നു. ഗാന്ധിജിയുടെയും പട്ടേലിന്റെയും സാന്നിധ്യം കൊണ്ട് വീര്‍പ്പുമുട്ടിയിരുന്നു ചിലര്‍. ‘അവര്‍’ സൃഷ്ടിച്ച ബോധപൂര്‍വ്വമായ ‘അശ്രദ്ധ’യിലൂടെ ഗാന്ധിജി ഉന്മൂലനം ചെയ്യപ്പെട്ടു. വിധിവശാല്‍ പട്ടേലും. അന്നുതൊട്ടിന്നോളം വര്‍ഗീയ പ്രീണനത്തിന്റെയും സംഘടിത വോട്ടു രാഷ്ട്രത്തിന്റെയും കടകോലായി അയോധ്യയെ കോണ്‍ഗ്രസ് ഉപയോഗിച്ചു. എന്നാല്‍ ഉറങ്ങിപ്പോയിട്ടില്ലാത്ത ഹിന്ദു മനസ്സ് ഉണര്‍ന്നെണീറ്റു, ജാഗ്രത്തായി.
സ്വതന്ത്ര ഭാരതത്തില്‍ വിദേശാക്രമണത്തിന്റെ വികലശേഷിപ്പായി അയോധ്യയില്‍ അസഹിഷ്ണുതയുടെ മകുടങ്ങള്‍ തലയുയര്‍ത്തി നിന്നു; വര്‍ഗീയ രാഷ്ട്രീയക്കാര്‍ക്ക് അത് മതേതരത്വത്തിന്റെ മകുടോദാഹരണമായിരുന്നു.. പൊള്ളുന്ന മനസ്സുമായി ഹിന്ദു ജനത സ്വാതന്ത്ര്യാനന്തരവും നീതിന്യായക്കോടതികളുടെ വരാന്തയില്‍ അലഞ്ഞു. ഇസ്ലാം മതത്തിന്റെ ‘വിശാല സാഹോദര്യത്തിന്റെ’ ആനുകൂല്യത്തിനായി അപേക്ഷിച്ചു. പരിഹാസവും ആക്ഷേപവുമായിരുന്നു പ്രതിഫലം. അവരുടെ കൂടി പൂര്‍വ്വികരുടെ ആരാധനാ കേന്ദ്രമാണെന്ന വസ്തുത അവര്‍ തമസ്‌ക്കരിച്ചു. വിദേശ ആക്രമണകാരികള്‍ നമ്മുടെ എല്ലാവരുടെയും ശത്രുക്കളാണെന്ന യാഥാര്‍ത്ഥ്യം അവര്‍ അവഗണിച്ചു. ആക്രമണകാരിയുടെ മതവും തങ്ങളുടേതുമായി കൂട്ടിക്കെട്ടി. അരുതാത്ത പണിയായിരുന്നു അത്. ആത്മഹത്യാപരമായിരുന്നു ആ നിലപാട്. സ്വദേശത്തോടും അതിന്റെ പൈതൃകത്തോടും ചേര്‍ന്നു നില്‍ക്കുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ മതതീവ്രതയും അസഹിഷ്ണുതയും വര്‍ഗീയതയും കൂടിച്ചേര്‍ന്ന മിശ്രിതം അവരെ അകറ്റി നിര്‍ത്തി.
പ്രാര്‍ത്ഥനകളും അപേക്ഷകളും നിരസിക്കപ്പെട്ടു. സര്‍ക്കാരും കോടതികളും അലംഭാവം കാണിച്ചു. ശ്രീലങ്കയിലേക്കു കടക്കാന്‍ അനുമതി ചോദിച്ച് വരുണ ദേവനെ പ്രാര്‍ത്ഥിച്ച ശ്രീരാമന്റെ ദയനീയാവസ്ഥയായിരുന്നു ഹിന്ദുക്കള്‍ക്ക്. ഒടുവില്‍ നിവൃത്തികെട്ട് അപേക്ഷകനായ രാമന്‍ ക്രുദ്ധനായ രാമനായി പരിണമിച്ചു.
‘കൊണ്ടുവാ ചാപബാണങ്ങള്‍ നീ ലക്ഷ്മണ
കണ്ടുകൊണ്ടാലും മമശര വിക്രമം
ഇന്നു പെരുവഴിമീളുന്നതല്ലെങ്കി-
ലര്‍ണവം ഭസ്മമാക്കി ചമച്ചീടുവന്‍ ഞാന്‍.’
അതേ അവസ്ഥയില്‍ അപേക്ഷിച്ചു തളര്‍ന്ന ഹിന്ദുജനതയുടെ വൈദേശികമനസ്സില്‍ നിന്നുള്ള വിമോചനപ്പോരാട്ടത്തിന്റെ കുത്തൊഴുക്കില്‍ അടിമത്തത്തിന്റെ മകുടങ്ങള്‍ ഉടഞ്ഞുവീണു. ആത്മാഭിമാനത്തിന്റെ അരുണ പതാക ഉയര്‍ത്തപ്പെട്ടു. 1992 ഡിസംബര്‍ 6 ലെ കര്‍സേവയിലൂടെ അടിമത്തത്തിന്റെ അന്ത്യം. അതിലാരും – ദേശസ്‌നേഹികളായ മുസ്ലീങ്ങളടക്കം – ഖേദിക്കേണ്ടതില്ല. ഇതു നാടിന്റെ മോചനമാണ്. വര്‍ഗ്ഗീയ രാഷ്ട്രീയത്തില്‍ നിന്നുള്ള ഭാരതത്തിന്റെ മോചനം. ആ വിമോചന പ്രഖ്യാപനത്തിന്റെ ശിലാസ്ഥാപനമാണ് 2020 ആഗസ്റ്റ് 5 ന് അയോധ്യയില്‍ നടന്നത്. മതപരമായ ഇട്ടുതട്ടുകളില്‍ നിന്നുള്ള സ്വാതന്ത്ര്യം. മതമല്ല മാനദണ്ഡം, ദേശീയതയാണ്. മതേതരത്വമെന്ന മായപ്പൊന്മാനിനെക്കഴിഞ്ഞും വില ആത്മാഭിമാനത്തിനാണ്. അതുള്ളവര്‍ക്കൊക്കെ അഭിമാനിക്കാം. ഇല്ലാത്തവര്‍ക്ക് വിലപിക്കാം.
ഈ സന്ദര്‍ഭം വിവിധ രാജ്യങ്ങളിലെ ദേശീയ ജനതക്ക് ഒരു ചൂണ്ടുപലകയാണ്. ഒരിടത്ത് നൂറ്റാണ്ടുകള്‍ നിലനിന്ന ആരാധനാലയം മത തീവ്രവാദത്തിന്റെ പുലിനഖങ്ങളില്‍ അമര്‍ന്നു – ഹാഗിയ സോഫിയ. മറ്റൊരിടത്ത് നൂറ്റാണ്ടുകള്‍ പുലിനഖത്തില്‍ ആണ്ടിരുന്ന പിടുത്തം വിടുവിച്ച് സിംഹപരാക്രമത്തോടെ കുതിച്ചു ചാടി നഷ്ടപ്പെട്ട ആരാധനാലയം വീണ്ടെടുത്തു, അയോധ്യ. എന്നാല്‍ പുതിയ കാലത്ത് അവിടെ ഉയര്‍ത്തുന്നത് വെറുമൊരു ക്ഷേത്രമല്ല. ദേശീയാഭിമാനത്തിന്റെ നിത്യസ്മാരകമാണ്. അതുകൊണ്ട് മതപരിഗണന കൂടാതെ എല്ലാവരുടേതുമാണ്. അതേ മനോഭാവത്തോടെയാണ് സോമനാഥ ക്ഷേത്രം പുനര്‍നിര്‍മ്മിച്ചതും രാഷ്ട്രപതി ഡോ: രാജേന്ദ്രപ്രസാദ് കുംഭാഭിഷേകം നടത്തി ഉദ്ഘാടനം ചെയ്തതും. ഇതറിയാത്ത അല്പബുദ്ധികളാണ് ഇപ്പോള്‍ അയോധ്യയില്‍ ശിലാസ്ഥാപനത്തിനു പോയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കൊഞ്ഞനം കുത്തുന്നത്. ദേശീയാഭിമാനത്തിന്റെ മാനബിന്ദുക്കളെ വര്‍ഗീയവാദികളുടെ കാല്‍ക്കല്‍ അടിമപ്പെടുത്തുന്നതിനെയല്ല മതേതരത്വം എന്നു പറയുന്നത്. തന്റെ മതത്തേപ്പോലെതന്നെ മറ്റു മതങ്ങളെയും ആരാധനകളെയും ആദരവോടെ അംഗീകരിക്കുന്നതാവണം ഭാരതീയ മതേതരത്വം. അങ്ങനെ എല്ലാ മതത്തിനും തുല്യ അംഗീകാരം നല്‍കുന്നവര്‍ക്കു മാത്രമേ മതേതരത്വത്തെപ്പറ്റി പറയാന്‍ അര്‍ഹതയുള്ളൂ. ആ നിലയ്ക്ക് കോണ്‍ഗ്രസ്സിനും കമ്മ്യൂണിസ്റ്റിനും മതേതരത്വത്തെപ്പറ്റി പറയാന്‍ യാതൊരര്‍ഹതയുമില്ലതന്നെ.
അയോധ്യയില്‍ ഉയരുന്ന ശ്രീരാമ ക്ഷേത്രം മതത്തിന്റെയും മതേതരത്വത്തിന്റെയും പ്രതീകമല്ല; പ്രത്യുത ദേശീയാഭിമാനത്തിന്റെ വീണ്ടെടുപ്പാണ്. ദേശീയാഭിലാഷത്തിന്റെ പുനപ്രതിഷ്ഠയാണ്. ദേശീയ സ്വാതന്ത്ര്യത്തിന്റെ മകുടമാണ് അവിടെ ഉയരുക. ആത്മാഭിമാനത്തിന്റെ അരുണപതാകയാണ് അവിടെ പാറിക്കളിക്കുക. ആഹ്‌ളാദിക്കുന്നത് ദേശീയ വാദികളായിരിക്കും. അനുശോചിക്കുന്നത് ദേശീയതയുടെ ശത്രുക്കളായിരിക്കും. പ്രതിഷേധിക്കുന്നത് ദേശവിരുദ്ധരുമായിരിക്കും.
ഈ മഹായജ്ഞത്തില്‍ രാജ്യ സ്‌നേഹികളെല്ലാം മത, രാഷ്ട്രീയ, കക്ഷി ഭേദമെന്യേ പങ്കാളികളാവുക. ഇവിടെ അയോധ്യയില്‍, ഭാരത രാഷ്ട്രത്തിന്റെ ഹൃദയഭൂമിയില്‍, അഞ്ഞൂറാണ്ടത്തെ കളങ്കം കഴുകിക്കളയുമ്പോള്‍ അങ്ങ് തുര്‍ക്കിയില്‍ ആയിരത്തഞ്ഞൂറ് വര്‍ഷത്തെ സ്വാതന്ത്ര്യത്തെ അടിമപ്പെടുത്തുകയാണ്. ഏതാണ് വേണ്ടതെന്ന്, ശരിയായതെന്ന് നമ്മള്‍ വിലയിരുത്തുക. മതത്തിന്റെ പേരില്‍, ന്യൂനപക്ഷത്തിന്റെ പേരില്‍ ദേശീയ വിരുദ്ധ നിലപാടുകളോടു ചേര്‍ന്നു നില്‍ക്കുന്നവര്‍ക്ക് പുനര്‍വിചിന്തനത്തിനുള്ള അവസരമാണിത്. നമ്മുടെ മതമാണോ വലുത്, രാഷ്ട്രമാണോ എന്ന്. രാഷ്ട്രമാണ് വലുത് എന്നു ചിന്തിക്കുന്ന മുഴുവന്‍ പേരെയും ദേശീയതയോടു ചേര്‍ന്നുനില്‍ക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. മതങ്ങള്‍ നമ്മെ വിഭജിക്കാതിരിക്കട്ടെ. രാഷ്ട്രം നമ്മെ ഒന്നിപ്പിക്കട്ടെ.