സ്വാതന്ത്ര്യം ലഭിച്ച് എഴുപത്തിമൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ അതേ വിദ്യാഭ്യാസ സമ്പ്രദായം കാതലായ മറ്റമൊന്നുമില്ലാതെ ഇന്നും നമ്മള്‍ തുടര്‍ന്നുകൊണ്ടുപോകുന്നു. സാമ്രാജ്യ അധീശത്വം നിലനിര്‍ത്തുന്നതിനായി സ്വാഭിമാനവും സ്വാശ്രയബോധവുമില്ലാത്ത പൗരന്മാരെ വാര്‍ത്തെടുക്കാന്‍ സഹായകമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം പിന്തുടരുന്നത് ഒരു പരമാധികാര സ്വതന്ത്ര രാഷ്ട്രത്തിനു കരണീയമല്ല. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞമാസം പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസ നയം, എന്‍.ഇ.പി 2020, ഇക്കാര്യത്തില്‍ വളരെ പ്രതീക്ഷ നല്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തോടു ചെയ്ത സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഇങ്ങനെ പ്രഖ്യാപിക്കയുണ്ടായി: ദേശീയ വിദ്യാഭ്യാസ നയം ‘ആത്മനിര്‍ഭര ഭാരത’സൃഷ്ടിക്കുതകുന്നതാണ്. രാഷ്ട്രജീവിതത്തില്‍ വേരൂന്നിയ വിശ്വപൗരന്മാരെ വര്‍ത്തെടുക്കുവാന്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനും ദേശീയ ഗവേഷണ ഫൗണ്ടേഷനും സാധിക്കുന്നതാണ്’.
ഐ എസ് ആര്‍ ഓ മുന്‍ ചെയര്‍മാന്‍ കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വിദഗ്ദ്ധരും വിചക്ഷണന്മാരുമടങ്ങുന്ന കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ദേശീയ തലത്തില്‍ വിശദമായി ചര്‍ച്ചചെയ്യപ്പെടുകയുണ്ടായി. നിര്‍ദ്ദേശങ്ങള്‍ക്കായി ഡ്രാഫ്റ്റ് റിപ്പോര്‍ട്ട് എം.എച്ച്.ആര്‍.ഡി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അതോടൊപ്പം പഞ്ചായത്തംഗങ്ങള്‍ മുതല്‍ പാര്‍ലിമെന്റ് മെമ്പര്‍മാര്‍ വരെയുള്ള ജനപ്രതിനിധികളുടെ പ്രതിനിധികളുമായും, അദ്ധ്യാപകരുമായും, വിദ്യാര്‍ത്ഥികളുമായും, വിദ്യാഭ്യാസ വിചക്ഷണന്മാരുമായും വിദ്യാഭ്യാസ പ്രവര്‍ത്തകന്മാരുമായും പല തലങ്ങളില്‍ ചര്‍ച്ച ചെയ്തു. അവരുടെയെല്ലാം നിര്‍ദേശങ്ങള്‍ കണക്കിലെടുത്തുകൊണ്ട് ദേശീയവിദ്യാഭ്യാസ നയം 2020 റിപ്പോര്‍ട്ട് അന്തിമമായി സര്‍ക്കാറിനു സമര്‍പ്പിക്കുകയും അവരത് അംഗീകരിക്കുകയും ചെയ്തു. വളരെ സുതാര്യവും പുരോഗമനാത്മകവും വികസനോന്മുഖവും പ്രായോഗികമായി നടപ്പാക്കാന്‍ സാദ്ധ്യമായതുമായ പരിഷ്‌കരണങ്ങളാണെന്ന് ബോദ്ധ്യമായതിനാലാണ്, എതിര്‍പ്പിനുവേണ്ടി എതിര്‍ക്കുന്നവരൊഴിച്ചുള്ള, എല്ലാവിഭാഗം ജനങ്ങളില്‍ നിന്നും ദേശീയവിദ്യാഭ്യാസ നയത്തിന് മുമ്പെങ്ങുമില്ലാത്ത സ്വീകാര്യത ലഭിച്ചത്. നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിലെ പ്രതിസന്ധികള്‍ എന്തെല്ലാമെന്ന് അക്കമിട്ടു നിരത്തിക്കൊണ്ട് അതിനെല്ലാം പ്രായോഗിക പരിഹാരങ്ങള്‍ പുതിയ ദേശീയ നയത്തില്‍ നിര്‍ദ്ദേശിക്കുന്നു.
സ്‌കൂള്‍ വിദ്യാഭ്യാസം പ്രാദേശിക ഭാഷയിലോ മാതൃഭാഷയിലോ ആയിരിക്കണം എന്നതു ശാസ്ത്രീയമായും വൈകാരികമായും ഉന്നയിക്കപ്പെടുന്ന ഒരാവശ്യമാണ്. മെക്കാളെ പ്രഭുവിന്റെ പാരമ്പര്യത്തിലഭിമാനം കൊള്ളുന്ന ആംഗലേയഭാഷാപ്രേമികളായ വരേണ്യവര്‍ഗ്ഗത്തിന് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ അപ്രമാദിത്വം നഷ്ടപ്പെടുമെന്ന ആശങ്ക കൊണ്ടുള്ള എതിര്‍പ്പു മാത്രമെ ഇക്കാര്യത്തിലുളളൂ. പ്രാദേശിക/മാതൃഭാഷാമാധ്യമത്തോടൊപ്പം മാതൃഭാഷാ പഠനം പ്രീപ്രൈമറി മുതല്‍ തുടങ്ങുവാനും അതിന്റെ പഠനബോധന രീതിശാസ്ത്രവും വ്യക്തമായി ദേശീയവിദ്യാഭ്യാസ നയത്തില്‍ നിര്‍ദ്ദേശിക്കുന്നു. പ്രാദേശിക ഭാഷയുടെ പദസമ്പത്തും വിജ്ഞാന സമ്പത്തും സാഹിത്യസമ്പന്നതയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതി ആധുനിക വിവരസങ്കേതിക വിദ്യയിലൂടെയും, ഡിജിറ്റലൈസേഷണിലൂടെയും നടപ്പിലാക്കാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് ട്രാന്‍സ്ലേഷന്‍ സ്ഥാപിക്കും. അതുപോലെ സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് സംസ്‌കൃതപഠനവും ക്ലാസ്സിക്ഭാഷാ പഠനവും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യും. എല്ലാ ഭാഷകളും ഒരേ പ്രാധാന്യത്തോടെ പഠിക്കുവാനവസരം നല്കുന്ന പദ്ധതി പ്രാദേശിക ഭാഷാവാദികളുടെ വിമര്‍ശനത്തിന്റെ മുനയും ഒടിക്കുന്നു.
ദേശീയ വിദ്യാഭ്യാസ നയം സ്‌കൂള്‍ വിദ്യാഭ്യാസത്തിനു വളരെയധികം പ്രാധാന്യം നല്കുന്നു. നമ്മുടെ സ്‌കൂള്‍വിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ പോരായ്മ ആറുവയസ്സില്‍ പ്രൈമറി വിദ്യാഭ്യാസം തുടങ്ങുന്ന കുട്ടികളുടെ ബൗദ്ധിക ശക്തിയും പഠനനിലവാരവും വളരെ വ്യത്യസ്തവും അന്തരമുള്ളതുമാണ് എന്നതാണ്. അതുകൊണ്ടുതന്നെ ഉയര്‍ന്ന ക്ലാസ്സിലേക്ക് പോകുന്തോറും കുട്ടികളുടെ കൊഴിഞ്ഞുപോക്കു കൂടിക്കൂടി വരും. അതുപോലെ സ്‌കൂളുകളുടെ ഗുണമേന്മയില്ലായ്മ, ഏകാധ്യാപകസ്‌കൂളുകള്‍, പരിശീലനം ലഭിക്കാത്ത അധ്യാപകര്‍ ഇവയെല്ലാം പൊതു വിദ്യാഭ്യാസത്തെ വളരെ മോശമായ അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ പുതിയ വിദ്യാഭ്യാസ നയം ഭാരതത്തില്‍ ജനിക്കുന്ന ഓരോ കുഞ്ഞിനും ഗുണനിലവാരമുള്ളതും മികവുറ്റതും, തൊഴിലധിഷ്ഠിതവും, മൂല്യാധിഷ്ഠിതവുമായ സ്‌കൂള്‍ വിദ്യാഭ്യാസം ഉറപ്പുനല്കുന്നു. അതിനാവശ്യമായി അടിസ്ഥാനപരമായ മാറ്റങ്ങളാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. മൂന്നുവയസ്സില്‍ തുടങ്ങി അഞ്ചു വര്‍ഷം നീളുന്ന പ്രീപ്രൈമറി, ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി ഫൌണ്ടേഷന്‍ എഡ്യുക്കേഷന്‍ അഥവ ഏര്‍ലി ചൈല്‍ഡ്ഹുഡ് കെയര്‍ എഡ്യുക്കേഷന്‍ (ഇ.സി.സി.ഇ) എന്നു പുനര്‍ നിശ്ചയിച്ചിരിക്കുന്നു. ഇസിസിഇ കാലഘട്ടം പൂര്‍ത്തിയാക്കുന്നതോടെ കുട്ടികള്‍ക്കു തുടര്‍ വിദ്യാഭ്യാസത്തിന് പ്രേരണയും പ്രോല്‍സാഹനവും ലഭിക്കുന്നു. പന്ത്രണ്ടാം ക്ലാസ്സില്‍ സ്‌കൂള്‍ വിദ്യാഭ്യാസം കഴിയുന്നതോടെ സ്വന്തം കാലില്‍ നില്ക്കാന്‍ കഴിവുള്ള തുടര്‍പഠനം തല്ക്കാലികമായി നിര്‍ത്തിവച്ചു തൊഴില്‍ സ്വീകരിക്കുന്നതോ അതല്ല ഉന്നത വിദ്യാഭ്യാസം തുടരുന്നതോ ഏതാണു ആഭികാമ്യമെന്നു തീരുമാനമെടുക്കാന്‍ കഴിവുള്ള ഉത്തരവാദിത്തബോധമുള്ള പൗരന്മാരെ സൃഷ്ടിക്കുന്നതിനും അതിനുള്ള സാധ്യത ഒരുക്കുന്നതിനുമുള്ള പദ്ധതിയാണു ദേശീയ വിദ്യാഭ്യാസ നയം ആവിഷ്‌കരിച്ചിരിക്കുന്നത്. ഈ ഫലസിദ്ധി ഉറപ്പുവരുത്തുന്നതിന്റെ ഉത്തരവാദിത്തം അദ്ധ്യാപകര്‍ക്കാണ്. അദ്ധ്യാപകരാണ് വിദ്യാഭ്യാസത്തിന്റെ നിയന്താവും ചാലകശക്തിയും. ഉന്നത യോഗ്യതയും വിദഗ്ദ്ധ പരിശീലനവും സേവന സന്നദ്ധതയും സമര്‍പ്പണ ബുദ്ധിയും ഉല്‍ക്കടമായ പ്രതിബദ്ധതയും ചുമതലാബോധവും അദ്ധ്യാപനത്തോടുള്ള അഭിനിവേശവും ഉള്ളവരെയായിരിക്കണം അദ്ധ്യാപകരായി നിയമിക്കാന്‍. അദ്ധ്യാപകവൃത്തി വളരെ ഉല്‍കൃഷ്ടവും ആകര്‍ഷകവുമാക്കി മാറ്റും. അദ്ധ്യാപക നിയമനം, പരിശീലനം, സേവനകാല ശാക്തീകരണം, ഉദ്യോഗക്കയറ്റം, ആകര്‍ഷകമായ സേവനവേതന വ്യവസ്ഥ ഇവയ്‌ക്കെല്ലാം വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ നല്കുന്നു. അദ്ധ്യാപക നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതയായ ബി.എഡ് പ്രോഗ്രാം ഇനി മുതല്‍ നാലുവര്‍ഷ സംയോജിത അണ്ടര്‍ ഗ്രാജുവേറ്റ് ഡിഗ്രി കോഴ്‌സ് ആയി മറ്റും. എഞ്ചിനീയറിങ്, മെഡിസിന്‍ മുതലായ പ്രൊഫെഷണല്‍ കോഴ്‌സുകളെ പോലെ അഖിലേന്ത്യാ മല്‍സര പരീക്ഷയിലൂടെ ആയിരിക്കും പ്രവേശനം. നിലവിലുള്ള ഏകഫാക്കല്‍ടി കോളേജുകളും അഫിലിയേറ്റഡ് കോളേജുകളും നിര്‍ത്തലാക്കും. നാലുവര്‍ഷ സംയോജിത അണ്ടര്‍ ഗ്രാജുവേറ്റ് ഡിഗ്രി കോഴ്‌സ് ബഹുതല സമീപനത്തോടെയുള്ളതായതിനാല്‍ (multidisciplinary approach) സര്‍വ്വകലാശാലയിലെ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ വേണം ബിരുദബിരുദാനന്തര കോഴ്‌സുകള്‍ നടത്താന്‍. അധ്യാപക നിയമനം സുതാര്യവും, കര്‍ശന ഗുണനിലവാരമുള്ളതും, മെറിറ്റടിസ്ഥാനത്തിലുമായിരിക്കും.
ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസ സംവിധാനം ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ഒന്നാണ്. ഏന്നാല്‍ ഗുണനിലവരത്തില്‍ വികസിത രാജ്യങ്ങളെക്കാള്‍ വളരെ പിന്നിലാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. അവയുടെ ഗുണനിലവാരം ഉറപ്പിക്കുവാനും ലോകോത്തരനിലവാരത്തിലേക്ക് ഉന്നത വിദ്യാഭ്യാസ മേഖലയെ എത്തിക്കുവാനും ഘടനാപരവും അക്കാദമികവുമായ ഒരുടച്ചുവാര്‍ക്കലാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നത്. മാനവവിഭവശേഷി മന്ത്രാലയം വിദ്യാഭ്യാസമന്ത്രാലയം (മിനിസ്ട്രി ഓഫ് എഡ്യുക്കേഷന്‍) ആയി മാറും. ‘ലളിതം, എന്നാല്‍ കര്‍ക്കശം’ (light but tight) എന്ന തത്ത്വത്തിലധിഷ്ഠിതമായ ഒരു ഭരണസംവിധാനമാണ് വിഭാവന ചെയ്യുന്നത്. ഒറ്റ പരമാധികാര സ്ഥാപനത്തിന്റെ, ഹയര്‍ എഡ്യുക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ (എച്ച്.ഇ.സി.ഐ) കീഴില്‍ ആയിരിക്കും രാജ്യത്തെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസവും. ഇതിന്റെ തൊട്ട് കീഴിലായി ഭരണനിര്‍വ്വഹണം( National Higher Education Regulatory Council, NHERC) അക്രഡിറ്റേഷന്‍,-( National Accreditation Council, NAC), സാമ്പത്തികം (Higher Education Grants Council, HEGC)അക്കാദമികം General Education Council, GEC) ഇങ്ങനെ നാല് ദേശീയ ഉന്നതാധികാര കാര്യനിര്‍വ്വഹണ സമിതികളുമുണ്ടാകും. വൈദ്യം, നിയമം-ഇതുരണ്ടും ഒഴികെ മറ്റെല്ലാ പ്രൊഫഷണല്‍ കൌണ്‍സിലുകളും പ്രൊഫഷണല്‍ സ്റ്റാന്‍ഡേര്‍ഡ് സെറ്റിങ് ബോര്‍ഡുകളായി മാറ്റപ്പെടും. നിലവിലുള്ള യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മീഷന്‍ Higher Education Grants Council, (HEGC) ആയി മാറും. നിലവിലുള്ള അഫിലിയേറ്റഡ് സമ്പ്രദായം പാടേ മാറ്റി കുട്ടികളുടെ അഡ്മിഷന്‍ അനുസരിച്ചു ഹയര്‍ എഡ്യുക്കേഷന്‍ സ്ഥാപനങ്ങളെ മള്‍ട്ടിഡിസിപ്‌ളിനറി സ്വയംഭരണ സ്ഥാപനങ്ങളായും ദേശീയ പഠന ഗവേഷണ സര്‍വ്വകലാശാലകളായും മാറ്റും. രണ്ടായിരത്തിനാല്പതോടെ ദേശീയവിദ്യാഭ്യാസനയം പൂര്‍ണ്ണമായി നടപ്പില്‍ വരുത്തി സ്വാഭിമാനവും സ്വാശ്രയത്വവും നേതൃ ഗുണവും മേധാശക്തിയുമുള്ള ഒരു യുവതലമുറയെ വാര്‍ത്തെടുത്ത് ‘ആത്മനിര്‍ഭര ഭാരതം’ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കും.