‘ദോ പഹര്‍ കി ധൂപ് മേം
മേരെ ബുലാനേ കേലിയെ
വോ തേരാ കോത്തെ പേ
നന്‌ഗെ പാവ് ആനാ യാദ് ഹെ’
ഗുലാം അലിയുടെ മനോഹര ശബ്ദം തെരുവിന്റെ ഏതോ കോണില്‍ നിന്നും കേള്‍ക്കുന്നുണ്ടായിരുന്നു. ആ ഗാനം കേട്ടതുമുതല്‍ മനസ് വല്ലാതെ അസ്വസ്ഥമായി തുടങ്ങി.
സമയമെത്രയായി?
‘എത്രയായാല്‍ എനിക്കെന്താണ്?’
ആത്മഗതം തെല്ലുക്കെയായി….
തെരുവില്‍ അങ്ങിങ്ങ് കത്തുന്ന നിയോണ്‍ ബള്‍ബുകള്‍ മാത്രം എന്നെ പോലെ ഉറങ്ങാതിരുന്നു. ഞാന്‍ പതിയെ എഴുന്നേറ്റു. സിമന്റു തിണ്ണയില്‍ ചാരിവെച്ച അഴുക്കുപുരണ്ടു കറുത്ത ക്രച്ചസെടുത്ത് വലതു കക്ഷത്തിലേക്ക് കയറ്റി, തലയിലെ മുഷിഞ്ഞ തൊപ്പി ഇടതു കൈയാല്‍ ഒന്നുകൂടി ഉറപ്പിച്ച ശേഷം ഒറ്റത്തുകല്‍ ചെരുപ്പ് ഇടതുകാലിലേക്ക് കയറ്റി, മുട്ടിനു കീഴെ ശൂന്യമായ വലതുകാല്‍ വീശി ഇടതുകാല്‍ തറയില്‍ അമര്‍ത്തിച്ചവിട്ടി ഞാന്‍ നടന്നു..
ക്രച്ചസിന്‍ തുഞ്ചിലെ ലോഹത്തകിട് കല്ലുപാകിയ റോഡില്‍ തട്ടി വലിയ ശബ്ദമുണ്ടാക്കി. എതിരെ എലിക്കൊപ്പം ഓടിപ്പോയ വെളുത്ത പൂച്ച ക്രച്ചസിന്‍ ശബ്ദം കേട്ട് മതിലോട് ചേര്‍ന്നു പതുങ്ങി. അത് എന്നും എന്നെ കണ്ടുകണ്ടു പരിചിതമായിട്ടുണ്ടെങ്കിലും ദൂരെ നിന്നേ വീക്ഷിക്കാറുള്ളൂ. റോഡരികിലെ തണല്‍വൃക്ഷത്തിലെ ചുവന്ന ഇലകള്‍ എന്റെ കവിളിനെ ചുംബിച്ചു റോഡില്‍ വീണു..
എതിരെ വരുന്ന രണ്ട് സ്വര്‍ണക്കണ്ണുകള്‍ അയൂബ് മസ്താന്റെ ചുവന്ന കാറിന്റെയാണ്. ഈ വഴിയിലെ ഓരോ ദിവസത്തിന്റേയും അവസാന യാത്രക്കാരനാണ് അയൂബ് മസ്താന്‍…… ഈ തെരുവു പോലും ആ മഹാന്റെ ദാനമാണ്. നഗരത്തിലെ ഏക പഞ്ചനക്ഷത്ര ബാറും അദ്ദേഹത്തിന്റെയാണ്.
സൗഭാഗ്യങ്ങളുടെ നടുവില്‍ നില്‍ക്കുമ്പോഴാണ് അയാളുടെ ഭാര്യ മരണപ്പെട്ടത്. അതോടെ അയാള്‍ മദ്യത്തില്‍ വേദനകള്‍ മറക്കാന്‍ ശ്രമിച്ചു, ബോധമില്ലാത്തവനായി.
കാര്‍ ഓടിക്കുന്ന ഡ്രൈവര്‍ എന്നത്തേയും പോലെ വലതുകൈ പുറത്തിട്ട് തലയാട്ടി പുഞ്ചിരിയോടെ കടന്നു പോയി. ഇനിയീ റോഡില്‍ ഭ്രാന്തിന്റെ മേലങ്കിയണിഞ്ഞ ഞാനെന്ന മനുഷ്യന്‍ മാത്രം…..
ഞാന്‍ നടന്നു, തെരുവിലെ പതിമൂന്നാം നമ്പര്‍ വീടാണ് ലക്ഷ്യം.
എന്റെ വിശ്വാസം തെറ്റാണ്!
ഈ റോഡില്‍ ഞാന്‍ മാത്രമല്ല!
പിന്നെ?
റോഡില്‍ ഒരു നിഴല്‍. അത് പിന്നീട് രണ്ടായി…. വീണ്ടും ഒന്നായി……. ഞാന്‍ അവര്‍ക്കടുത്തേക്ക് നടന്നു.
അതൊരു പെണ്‍കുട്ടിയും ആണ്‍കുട്ടിയുമായിരുന്നു. അവര്‍ പരസ്പരം പുണരുകയും ചുംബിക്കുകയും ചെയ്യുന്നുണ്ട്. തൊട്ടുമുന്നിലെത്തിയ എന്നെയവര്‍ കണ്ടില്ല.
‘ഹേയ്… അസമയത്ത് ഇവിടെന്താ ?.’
എന്റെ ചോദ്യത്തെ അവര്‍ പാടെ അവഗണിച്ചുകൊണ്ട് സുദീര്‍ഘമായ ചുംബനത്തിലായി. ഞാന്‍ കാത്തിരുന്നു.
‘ചുപ്‌കെ ചുപ്‌കെ രാത് ദിന്‍
ആന്‍സൂ ബഹാന യാദ് ഹെ
ഹംകോ അബ് തക്ആഷികി കാ
വോ സമാന യാദ് ഹെ.’
ഗുലാം അലിയുടെ പ്രേമ നിര്‍ഭയമായ ശബ്ദ്ദത്തിനു ഉയര്‍ച്ച ഉണ്ടായോ? എനിക്ക് ദേഷ്യം ഇരച്ചുകയറുന്നു.
സുരക്ഷിതത്വം നഷ്ടമായ ഈ രാത്രിയില്‍ ഇവരെന്താ ഇങ്ങനെ?
‘നിങ്ങള്‍ക്കെന്താ പറഞ്ഞാല്‍ മനസിലാവില്ലെ? ഈ തെരുവ് നല്ലതല്ല. വേഗം വീടണയൂ…. ‘
എതിരെ പോയ പൂച്ച എന്നെ പുച്ഛിച്ചുകൊണ്ടു മതിലിന്മേല്‍ ചാടിക്കയറിയിരിപ്പായി. ആണിന്റെ ചുണ്ടുകള്‍ക്കിടയില്‍ നിന്നും സ്വന്തം ചുണ്ടുകള്‍ വിടുവിച്ചെടുത്തു കൊണ്ടാണ് അവളെന്നെ നോക്കിയത്…..
പ്രണയ പരവശയായ ആ മിഴികളില്‍ ഒരു തരം പരവേശം…..
‘ഹേ കിളവാ താന്‍ മാറി നില്‍ക്ക് ഇന്ന് ഞങ്ങളുടെ ദിനമാണ്….പ്രണയിക്കുന്നവരുടെ ദിനം… വാലന്റയ്‌സ് ഡെ.’
അവന്‍ ആര്‍ത്തു ചിരിച്ചു …. ആ പെണ്‍കുട്ടിയുടെ ചുമലിലൂടെ കൈകോര്‍ത്ത് കഴുത്തില്‍ ചുംബിച്ച് തെരുവിലൂടെ വീണ്ടും അവര്‍ നടന്നു നീങ്ങി. കാഴ്ചയില്‍ നിന്നും മറയുവോളം ആ പെണ്‍കുട്ടി തിരിഞ്ഞു എന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു.
മതിലില്‍ ഇരുന്ന വെളുത്ത പൂച്ച ഒന്നു നടുനിവര്‍ത്തിയ ശേഷം അവര്‍ പോയ ദിക്കിലേക്കു ഓടിപ്പോയി.
തെരുവില്‍ വീണ്ടും ഞാന്‍ തനിച്ചായി…. ചുമലിലെ ഭാണ്ഡത്തില്‍ ഞാന്‍ കൈ വെച്ചമര്‍ത്തി.
ഭാഗ്യം! അതവിടെയുണ്ട്.
‘ചുപ്‌കെ ചുപ്‌കെ രാത് ദിന്‍….
ആന്‍സൂ ബഹാന യാദ് ഹെ
ഹംകോ അബ് തക്ആഷികി കാ
വോ സമാന യാദ് ഹെ…. ‘
ഞാന്‍ ചെറുതായി മൂളിക്കൊണ്ട് നടപ്പു തുടര്‍ന്നു….. ഇത്തവണ നടപ്പിനു വേഗതയുണ്ടായിരുന്നു.
പ്രണയത്തിന് മാത്രമായി ഒരു ദിവസമുണ്ടോ?
അറിഞ്ഞിരുന്നില്ല!
അറിയാന്‍ ശ്രമിച്ചതുമില്ല….
വര്‍ഷങ്ങള്‍ എത്ര കടന്നു പോയി?
ഓര്‍മ്മയില്ല.!
നരച്ച താടിക്കും നരച്ച മുടിക്കും ഊര്‍ജ്ജസ്വലതയുടെ ഒരു കാലത്തെ കഥ പറയാനുണ്ട്.
അന്നെന്റെ വയസെത്ര? ഇരുപതാണോ ഇരുപത്തൊന്നാണോ? ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. ഒളിച്ചോട്ടമായിരുന്നു പലതില്‍ നിന്നും.
എന്തിന്?
അറിയില്ല….
പോവരുത് എന്ന് പറയാന്‍ ആരുമുണ്ടായിരുന്നില്ല. പറയാന്‍ അവകാശമുള്ളവര്‍ മൗനവൃതത്തിലായിരുന്നു.
എത്രയെത്ര ദേശങ്ങള്‍…..
ഭാഷകള്‍…..
ഒന്നും നിശ്ചയമില്ല. പറ്റുന്ന ജോലി ചെയ്തു അന്നന്നത്തെ അന്നവും അന്തിയും കഴിച്ചുകൂട്ടി….
അന്നൊരു സന്ധ്യയ്ക്ക് മിത്വൗ തെരുവിലൂടെ നടക്കുമ്പോഴാണ് തെരുവിലെ ഒരു വീട്ടില്‍ നിന്നും ഗസലിന്റെ ഈരടികള്‍ ആദ്യമായി ഒരു പെണ്‍ സ്വരത്തില്‍ കേട്ടത്.
‘ചൗദ്വി കി രാത് ഥി
ഷബ്ബര്‍ രഹാ ചര്‍ച്ചാ തേരാ
കല്‍ ചൗദ്വി കി രാത് ഥി
ഷബ്ബര്‍ രഹാ ചര്‍ച്ചാ തേരാ
കുഛ്‌നേ കഹാ യേ ചാന്ദ് ഹേ
കുഛ്‌നേ കഹാ ചെഹ്രാ തേരാ ‘
അന്ന് രാത്രിയേറെ വൈകിയിരുന്നു. കല്‍മതിലുകള്‍ക്കുള്ളിലെ ഏതോ മുറിയില്‍ നിന്നായിരിക്കാം ആ ഗാനം. അതിനടുത്ത ദിവസങ്ങളിലെ രാത്രികളിലെല്ലാം ഞാനാ മിത്വൗ തെരുവിന്റെ സ്ഥിരയാത്രക്കാരനായി. പലപ്പോഴും ഞാന്‍ ചിന്തിച്ചത് രാത്രിയേറെ കഴിയുമ്പോള്‍ മാത്രം പാടുന്ന വാനമ്പാടി പകല്‍ സമയം എന്തേ മൗനിയാവുന്നതെന്താണെന്നായിരുന്നു.
എന്റെ രാത്രികള്‍ കാത്തിരിക്കുന്നത് തന്നെ പിന്നീടാ സ്വരത്തിനു വേണ്ടിയായി…. ഗാനം കഴിയുവോളം തെരുവിലൂടെ അലയുന്ന എനിക്ക് ഒരു സുന്ദര കാഴ്ച കാണാനായി.
തുറന്നിട്ട ജാലക പാളിയിലൂടെ തെരുവിലേക്കു നോക്കി ഒരു സുന്ദരി…. വിഷാദയാവള്‍ പാടുകയാണ്…..
‘ദോ പഹര്‍ കി ധൂപ് മേം
മേരെ ബുലാനേ കേലിയെ
വോ തേരാ കോത്തെ പേ
നന്‌ഗെ പാവ് ആനാ യാദ് ഹെ’
ചുവന്ന ദുപ്പട്ടയാല്‍ പാതി മറഞ്ഞ അവളുടെ കണ്ണുകള്‍ ആരെയോ തേടുന്നുണ്ടായിരുന്നു.
അവളുടെ നോട്ടം അവസാനിച്ചത് എന്നിലായിരുന്നു. കണ്‍മിഴി ഒന്നു പിടഞ്ഞുവോ?
നനവുതട്ടിയ കണ്‍പീലികള്‍ എന്നോടെന്തോ പറയാന്‍ വെമ്പുന്നതു പോലെ…..
വീടിനു താഴെ ആരുടേയോ ആക്രോശം . അവള്‍ ജനല്‍പ്പാളികള്‍ വലിച്ചടച്ചു ജനലിനു മറവിലായി. എങ്കിലും മുറിയിലെ മങ്ങിയ വെളിച്ചത്തില്‍ എനിക്കവളെ കാണാമായിരുന്നു, അവളവിടെത്തന്നെ നിന്ന് തെരുവിലേക്ക് നോക്കുകയായിരുന്നു.
പിന്നീടുള്ള രാത്രികളിലൊന്നും ആ വാനമ്പാടിയുടെ ഗാനം ഞാന്‍ കേട്ടതില്ല. പക്ഷേ രാവേറെയായാല്‍ ആ ജനല്‍ പാളിയിലൂടെ എനിക്കവളുടെ നിഴല്‍ കാണാം.
ചിലപ്പോള്‍ പച്ചയും ചുവപ്പും കലര്‍ന്ന കുപ്പിവള കൈകളും…….
രാത്രികാലങ്ങളിലെ വരവുപോക്കുകള്‍ കണ്ട് പലതും ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. ആ മിഴിയിലെ നനഞ്ഞ പീലികള്‍ പറയാതെ പറഞ്ഞതെല്ലാം.
അന്ന് സന്ധ്യയ്ക്ക് മിത്വാ തെരുവിലെ വാനമ്പാടിയുടെ വീടിനു മുമ്പിലെത്തിയത് പലതും മനസിലുറപ്പിച്ചാണ്. ആജാനുബാഹുവായ കാവല്‍ക്കാരന്‍ എന്നെ ആട്ടിയോടിക്കാന്‍ ശ്രമിച്ചു. വിയര്‍ത്തുകുതിര്‍ന്ന നോട്ടുകളില്‍ നിന്നും ഒരെണ്ണം വലിച്ചെടുത്തയാള്‍ക്കു നീട്ടിയപ്പോള്‍ ആര്‍ത്തിയോടെ ആ കാവല്‍നായ എന്നെ നോക്കി പല്ലിളിച്ചു. അയാള്‍ നടത്തിപ്പുകാരിക്കു മുന്നില്‍ എന്നെ എത്തിച്ച ശേഷം ഭവ്യതയോടെ മാറി നിന്നു.
പുച്ഛത്തോടെ എന്നെ നോക്കിയ അവര്‍ക്കു മുന്നിലേക്ക് ഞാനെന്റെ സന്തത സഹചാരിയായ ഭാണ്ഡം കുടഞ്ഞു. എന്റെ അത്ര നാളത്തെ സമ്പാദ്യം മുഴുവന്‍ അതിലുണ്ടായിരുന്നു. വെളുത്തു തടിച്ചു മലര്‍ന്ന ചുണ്ടും മലയോളം പോന്ന മുലയുമുള്ള ആ സ്ത്രീയുടെ കണ്ണു തള്ളി.
പതിവിനു വിപരീതമായി അന്ന് ആ വൈകുന്നേരം എന്റെ ചെവിയില്‍ പതിഞ്ഞത് പ്രണയ പരവശയായ കാമുകിയുടെ ഗസലാണ്…..
തടിച്ച സ്ത്രീയുടെ കണ്ണുകള്‍ ഒന്നു കുറുകിയോ?
ഉവ്വ് !
കുറുകി ചെറുതായി . അവര്‍ കാവല്‍ക്കാരനെ ആഗ്യം കാണിച്ചു. അയാള്‍ പഴയ മരഗോവണി കയറും മുന്നേ ഒന്നു തിരിഞ്ഞു നിന്നു എന്നെ നോക്കി….
‘വരൂ…. ‘
അയാളുടെ ശബ്ദം എരുമയുടെ ശബ്ദം പോലെ…. പുകയില ഗന്ധമുള്ള അയാളുടെ വിയര്‍പ്പുമണം എന്നില്‍ അലോസരമുണ്ടാക്കി. പഴയ മര ഗോവണി അയാളുടെ ഭാരം താങ്ങാനാവാതെ കരഞ്ഞു.
ഇപ്പോള്‍ ഗസല്‍ കുറച്ചു കൂടി വ്യക്തമായി കേള്‍ക്കാം….. അടഞ്ഞുകിടന്ന ഒരു വാതിലിന്‍ മുന്നില്‍ കാവല്‍ക്കാരന്‍ നിന്നു. പിന്നീട് എന്നെ നോക്കി നാക്കു പുറത്തേക്കിട്ടു കണ്ണുകള്‍ കൊണ്ടെന്തോ വൃത്തികെട്ട ആഗ്യം കാണിച്ചു. ഞാന്‍ മുഖം തിരിച്ച് നീണ്ട ഇടനാഴിയിലേക്ക് നോക്കി.
അയാള്‍ വാതില്‍ പാളിയില്‍ മുട്ടി. അകത്ത് ഗസല്‍ നിന്നു…..
‘ ഇന്നെനിക്കു വയ്യ ‘
വാതിലിനപ്പുറത്തു നിന്നും ഒരു ശബ്ദം.
‘ അതു പറ്റില്ല .വാതില്‍ തുറക്കൂ…. രാക്കിമ്മയ്ക്കു വേണ്ടപ്പെട്ടവരാണ്.’
എരുമയുടെ അമറല്‍ ശബ്ദം.
‘ദയവു ചെയ്തു ഇന്നെന്നെ സ്വതന്ത്രയായി ഉറങ്ങാനനുവദിക്കൂ…. നിങ്ങളവരെ അടുത്തുള്ള ഏതെങ്കിലും മുറിയില്‍ ആക്കൂ….. ‘
എന്റെ നെഞ്ചിനു ഭാരം കൂടി കൂടുവന്നു.
‘ പറയുന്നത് അനുസരിക്കുന്നതാണ് നല്ലത്. രാക്കിമ്മയെ വിടണോ? ‘
ആ ചോദ്യം അവള്‍ ഭയന്നെന്നു തോന്നി. വാതില്‍ മലര്‍ക്കെ തുറന്നു. തൊഴുകൈയുമായി എനിക്കു നേരെ അവള്‍ നിന്നു.
ആ കണ്ണുകളില്‍ ഒരു തിളക്കം. പെട്ടന്നവള്‍ കൈകള്‍ പിന്‍വലിച്ചു.
‘വരൂ…. ‘
എന്നെ മുറിയിലേക്കവള്‍ ക്ഷണിച്ചു. പക്ഷേ മുറിയില്‍ കടന്നിട്ടും ഞാനപ്പോഴും നെഞ്ചിലെ ഭാരം ഇറക്കാനാവാതെ ഇരിക്കുകയായിരുന്നു.
‘ ഇരിക്കൂ…. ‘
ചുണ്ടില്‍ ചായം തേയ്ക്കുന്നതിനിടയില്‍ അവളെന്നെ നോക്കി. ആ മിഴികള്‍ നിറഞ്ഞിരുന്നു.
‘നിങ്ങളൊരിക്കലും ഇവിടെ വരില്ലെന്നു ഞാന്‍ കരുതി….. അല്ലെങ്കില്‍ ആഗ്രഹിച്ചു. അതെന്റെ തെറ്റ്’
അവളെന്നെ തിരിച്ചറിഞ്ഞിരുന്നു, അതെന്നില്‍ സന്തോഷം ഉളവാക്കി. എന്റെ ശബ്ദം നിലച്ചിരുന്നു. അവളപ്പോള്‍ പുറത്തു ഞാന്‍ നില്‍ക്കാറുള്ള സ്ഥലത്തേക്ക് നോക്കി നില്‍ക്കുകയായിരുന്നു. ഞാനവളുടെ കുപ്പിവള കൈയെടുത്ത് മൃദുവായി ചുംബിച്ചു.
‘നിങ്ങള്‍ വെറുമൊരു പുരുഷന്‍ മാത്രമായിരുന്നു….. വരൂ…. നാളെ പുലരും വരെ നിങ്ങള്‍ക്കൊപ്പമാണ് ഞാന്‍, ധൃതിയില്ലല്ലോ…..’
അവള്‍ പറയുന്നത് ഞാന്‍ കേട്ടെങ്കിലും അവയേക്കാള്‍ അവളുടെ മിഴിനീര്‍ മറ്റെന്തൊയോ എന്നോട് പറയുന്നുണ്ടായിരുന്നു.
‘ഇവിടെ വന്നിരിക്കൂ…. എനിക്ക് വേണ്ടത് നിന്നിലെ ഗാനത്തേയാണ്…. പുലരുവോളം നീയിന്നെനിക്കായി പാടണം’
അവളുടെ നെറ്റിയില്‍ അവിശ്വാസതയുടെ ചുളിവുകള്‍ കണ്ടു. രാവേറെ അവളെനിക്കായി പാടി…..
‘പോകണം… ഇനിയും വരാം ഇതുപോലെ….’
പാതിരാ കോഴി കൂവിയപ്പോള്‍ ഞാന്‍ എഴുന്നേറ്റു….. എന്റെ കൈയിലൊരു പിടുത്തം മുറുകി.
‘ ഞാനും വരട്ടെ? ‘
സകലതും തളര്‍ന്നതു പോലെയായി ഞാന്‍…….
ആ ചോദ്യം ഇപ്പോഴും കാതില്‍ മുഴങ്ങുന്നു. ഞാന്‍ തല ശക്തിയായി കുടഞ്ഞു.
ഇല്ല !
അവളുടെ സജലമിഴികള്‍!
എനിക്കു വയ്യ…….
‘ചുപ്‌കെ ചുപ്‌കെ രാത് ദിന്‍….
ആന്‍സൂ ബഹാന യാദ് ഹെ
ഹംകോ അബ് തക്ആഷികി കാ
വോ സമാന യാദ് ഹെ…. ‘
ഇപ്പോള്‍ ആ ഗാനം കുറച്ചു കൂടി അടുത്തു കേള്‍ക്കാം…
നടന്നു നടന്നു പതിമൂന്നാം നമ്പര്‍ വീടിന്റെ വാതില്‍ക്കലെത്തി. ആ തെരുവിലെ ഏറ്റവും ചെറിയ വീടായിരുന്നു അതെങ്കിലും ആ തെരുവിലെ ഏറ്റവും മനോഹരമായ മുറ്റവും പൂന്തോട്ടവും അവിടുത്തെയായിരുന്നു. അകത്തു നിന്നും കേള്‍ക്കുന്ന ഗാനം നിലച്ചു.
‘വന്നുവോ ഗസല്‍…?’
ഒരു സ്ത്രീ സ്വരം.,…
‘ദോ പഹര്‍ കി ധൂപ് മേം
മേരെ ബുലാനേ കേലിയെ
വോ തേരാ കോത്തെ പേ
നന്‌ഗെ പാവ് ആനാ യാദ് ഹെ’
മറുപടി പറയാതെ ചുണ്ടില്‍ ഗസലിന്റെ ശീലുകള്‍ വന്നു. വാതില്‍ തുറന്നവള്‍ വന്നു ചുളിഞ്ഞ കൈകളില്‍ ചുവപ്പും പച്ചയും കുപ്പിവളകളുമായി……
ഞാന്‍ ഉമ്മറപ്പടിയിലിരുന്നു ഭാണ്ഡം തുറന്നു. അതില്‍ നിന്നും മനോഹരമായ ഒരു ചുവന്ന റോസ്പൂ അവള്‍ക്കായി നീട്ടി.
‘ ഇന്ന് പ്രണയ ദിനമാണത്രേ… തെരുവിലെ ശരീരം കൊണ്ട് പ്രണയിക്കുന്നവര്‍ പറഞ്ഞതാണ്…’
പൂ വാങ്ങും മുന്നേ അവളെന്റെ നെറ്റിയില്‍ തന്ന ചുംബനത്തിനൊപ്പം ഞാന്‍ പാടി
‘ചുപ്‌കെ ചുപ്‌കെ രാത് ദിന്‍
ആന്‍സൂ ബഹാന യാദ് ഹെ
ഹംകോ അബ് തക്ആഷികി കാ
വോ സമാന യാദ് ഹെ’