നിറയെ കുന്നായ്മയും കുശുമ്പും കൂടോത്രവും
കരളില്‍ പകനിറച്ചെത്തുന്ന ബന്ധുക്കളും
വഴിയിലൊക്കെയസ്ഥിയറുപ്പന്‍ പുല്ലാലെന്റെ
വിരലുപൊട്ടി ചോരയൊലിച്ചു പലപ്പോഴും
തൊടുമ്പോഴെല്ലാം ലജ്ജാഭാരത്താല്‍ തലതാഴ്ത്തു –
മെങ്കിലും മുള്ളാല്‍ കുത്തി നോവിക്കും തൊട്ടാവാടി
നിറയെ കശുമാവു നില്‍ക്കുന്ന പറമ്പിന്റെ –
യടിയില്‍ പതുങ്ങുന്നോരിരുളിന്‍ പരുങ്ങലും
ഇരവിലൊറ്റക്കുഞാന്‍ നടന്ന കാലത്തൊക്കെ
വഴിപിണക്കികള്‍ വന്നെനിക്കു വഴികാട്ടി
കാഞ്ഞിരമരത്തിങ്കല്‍ തടവുകാരായ്‌പോയ
നിസ്സഹായരാം നാട്ടുപ്രേതങ്ങള്‍, അറുകൊല
രാത്രിയില്‍ മാത്രം വരും വിരുന്നുകാരാലെന്റെ
ഹൃദയമന്ദിരത്തില്‍ തിരക്ക ണെല്ലായ്‌പോഴും
ശരണംവിളിയുമായ് ചൂട്ടുകറ്റകള്‍ പോയ
പഴയകാഴ്ചക്കാലം മനസ്സില്‍ നൃത്തം ചെയ്‌വു
എന്റെ കാല്‍ ചുവട്ടിലീ കുടങ്ങള്‍, കിരിയാത്ത്,
ഔഷധസാന്ത്വനത്തിന്‍ കിഴുകാനെല്ലിത്തയ്യും
വയസ്സന്‍ നാട്ടുമാവിന്‍ ജരബാധിച്ച കൊമ്പില്‍
എനിക്കായ് മാത്രം കായ്ച്ച കടശ്ശിക്കുലകളും
ഞാന്‍ നട്ട തുളസിത്തൈ ആദ്യമായിലവീശി
മുറ്റത്തു മിഴിച്ചതിന്‍ മണമുണ്ടിന്നുമുള്ളില്‍
വഴിയിലുപേക്ഷിച്ചു കടന്ന കാമുകിയെ
മനസ്സിന്‍കൂട്ടില്‍ നിര്‍ത്തി ഞാന്‍ വിചാരണചെയ്ത
പാറപ്പുറങ്ങളാരോ പൊട്ടിച്ചു കടത്തുന്നു
അതുപോലെന്മനസും പൊട്ടിപ്പോയ് പകുതിയും
പഴയമാര്‍ദ്ദവങ്ങള്‍ മനസ്സില്‍ മാത്രം ബാക്കി
മലര്‍ന്നുകിടക്കാനാ പാറയുമിനിയില്ല
നിറയെ വേര്‍പാടിന്റെ കഥയെ ചൊല്ലാനുള്ളു
പകുതിനിര്‍ത്തി പോയ എത്രയോ സൗഹൃദങ്ങള്‍
പറമ്പില്‍ നാട്ടുമാങ്ങ പകുത്ത സുഹൃത്തുപോയ്
അന്തിയിലൊരുമിച്ചു നടന്ന കൂട്ടാളിയും
എപ്പോഴും എന്നോടൊപ്പം നടന്ന പുഴയുംപോയ്
വഴിയില്‍ ചിരിപ്പൂക്കള്‍ പകുത്ത സുനേത്രയും ആവതും
സ്‌നേഹിച്ചുഞാനീ മണ്ണിന്‍ കവിതയെ പകരം തന്നൂ
പക്ഷെ കൊടിയ വിഷാദത്തെ എങ്കിലുമീ
ഗ്രാമത്തിന്‍ സങ്കടവഴികളില്‍ നിന്നു
ലോകത്തെകാണാന്‍ മാത്രമേയാശിപ്പു ഞാന്‍.