പ്രവാചകനായ മുഹമ്മദിനെ വിമര്‍ശിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമായി പ്രഖ്യാപിക്കുന്ന നിയമം നിര്‍മ്മിക്കണമെന്ന് ആലി സഹോദരന്മാരില്‍ ഇളയവനായ മൗലാന മുഹമ്മദാലി ബ്രിട്ടീഷ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ലാഹോറുകാരനായ ഒരു രാജ്പാല്‍ പ്രവാചകനെ, അദ്ദേഹത്തിന്റെ ബഹുഭാര്യാസക്തിയുടെ പേരില്‍ വിമര്‍ശിക്കുന്ന ഒരു ലേഖനം പ്രസിദ്ധീകരിച്ചു. 1920 ല്‍ ആയിരുന്നു സംഭവം. മുസ്ലീങ്ങള്‍ രാജ്പാലിനെതിരെ കേസ്സെടുപ്പിക്കുകയും വിചാരണക്കോടതി ഇന്ത്യന്‍ ശിക്ഷാനിയമം 153-എ പ്രകാരം രാജ്പാലിനെ ശിക്ഷിക്കുകയും ചെയ്തു. ലാഹോര്‍ ഹൈക്കോടതി രാജ്പാലിനെ കുറ്റവിമുക്തനാക്കി. ഇതില്‍ പ്രതിഷേധിച്ചുകൊണ്ടായിരുന്നു ആലി സഹോദരന്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ടത്.
ദൈവനിന്ദപോലും കുറ്റകൃത്യമായി പരിഗണിക്കാത്ത ഒരു സംസ്‌കാരം നിലനില്ക്കുന്ന രാജ്യത്താണ് പ്രവാചകവിമര്‍ശനം കുറ്റകൃത്യമായി കരുതണമെന്ന ആവശ്യം ഉയര്‍ന്നത് എന്ന കാര്യം രസകരം തന്നെ. 1920 മാര്‍ച്ച് പത്തൊന്‍പത് ഗാന്ധിജിയുടെ ആഹ്വാനപ്രകാരം ഖിലാഫത്ത് ദിനമായി കോണ്‍ഗ്രസ്സ് ആചരിച്ചു. തുര്‍ക്കി സാമ്രാജ്യം ഒന്നാം ലോകമഹായുദ്ധത്തിന് മുന്‍പ് ഉണ്ടായിരുന്ന അവസ്ഥയില്‍ പുനഃസൃഷ്ടിക്കണമെന്നായിരുന്ന ലോകമുസല്‍മാന്‍മാരോടൊപ്പം ഗാന്ധിജിയും ആവശ്യപ്പെട്ടത്. മുസ്ലീങ്ങള്‍ അംഗീകരിക്കാത്തതും ആവശ്യപ്പെടാത്തതുമായ ഒരു കാര്യം ഗാന്ധിജി കൂട്ടിച്ചേര്‍ത്തിരുന്നു. അമുസ്ലീങ്ങളുടെ മൗലികാവകാശങ്ങള്‍ ഇസ്ലാമിക സാമ്രാജ്യത്തില്‍ സംരക്ഷിക്കപ്പെടണമെന്നതായിരുന്നു അത്. ദാറുള്‍ ഇസ്ലാമില്‍, അതായത് മുസ്ലിം സാമ്രാജ്യത്തില്‍, വിശ്വസിക്കുന്ന ഒരു മുസ്ലീമിന് ഇക്കാര്യം അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. ഭൂമിശാസ്ത്രം, വംശം എന്നിവയുടെ പേരിലുള്ള തരംതിരിവും ദേശീയതയും അനിസ്ലാമികമാണ്. ശരിഅത്ത് നിയമപ്രകാരം രൂപീകരിക്കപ്പെടുന്ന ഇസ്ലാമിക സാമ്രാജ്യത്തിന്റെ അതിര്‍ത്തി നിശ്ചയിക്കാന്‍ അല്ലാഹുവിന് മാത്രമാണ് അധികാരം. ഇങ്ങനെ രൂപീകരിക്കപ്പെടുന്ന ഇസ്ലാമിക രാജ്യത്ത് മാത്രമെ ഒരു മുസ്ലീമിന് യഥാര്‍ത്ഥ ഇസ്ലാംമതവിശ്വാസിയായി ജീവിക്കാനും കഴിയൂ; ഇതാണ് ഇസ്ലാമിക വിശ്വാസം.
ലോകത്ത് എവിടെയെല്ലാം ശരിഅത്ത് പ്രകാരം ജീവിക്കുന്ന ഇസ്ലാംമതവിശ്വാസികള്‍ ഉണ്ടോ, അവരെയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സാമ്രാജ്യത്തെയാണ് ദാറുള്‍ ഇസ്ലാം എന്നതുകൊണ്ട് ഒരു ഇസ്ലാംമത വിശ്വാസി അര്‍ത്ഥമാക്കുന്നത്. അതുകൊണ്ട് ഒരു തുര്‍ക്കി പൗരന്‍ മുസ്ലിം മതവിശ്വാസിയെ സംബന്ധിച്ചിടത്തോളം വെറുമൊരു വ്യക്തിയല്ല; അവന്റെ മതവിശ്വാസത്തിന്റെ ഭാഗമായ സഹോദരനാണ്. സ്വാഭാവികമായും ഓരോ മുസ്ലിമും ഇസ്ലാമിക സാമ്രാജ്യം സ്ഥാപിക്കപ്പെടണമെന്നാണ് ആഗ്രഹിക്കുന്നത്. ആലി സഹോദരന്മാരും അതുതന്നെയാണ് ആഗ്രഹിച്ചത്. ഇക്കാര്യംപക്ഷേ, ഗാന്ധിക്ക് അറിയില്ലായിരുന്നു. അതുകൊണ്ടാണല്ലോ ഇന്ത്യയിലെ ഇരുപതുകോടി ഹിന്ദുക്കള്‍ ബുദ്ധിപൂര്‍വ്വം ഖിലാഫത്ത് സമരത്തെ സഹായിച്ചാല്‍ ഇന്ത്യയില്‍ ജീവിക്കുന്ന എട്ടുകോടി മുസ്ലിങ്ങളുടെ വിശ്വാസം എന്നേക്കുമായി ആര്‍ജിക്കാന്‍ കഴിയുമെന്ന് ഗാന്ധിജി വിശ്വസിച്ചത്. പക്ഷേ, ഈ പരീക്ഷണത്തില്‍ ഗാന്ധിജി ദയനീയമായി പരാജയപ്പെട്ടു എന്നതാണ് സത്യം. ആ പരാജയത്തിന്റെ സ്മാരകമാണ് മാപ്പിള ലഹള.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്, ബ്രിട്ടീഷ് സര്‍ക്കാരിന് എതിരെ, ഹിന്ദു മുസ്ലിം ഐക്യത്തോടെ നടത്തിയ സമരമായിരുന്നു ഖിലാഫത്ത് പ്രസ്ഥാനം. ഈ സമരം ഏറ്റവും വിജയപൂര്‍വ്വം നടന്നു എന്നു കരുതപ്പെടുന്നത് കേരളത്തിലെ മലബാറിലാണ്. മലബാറില്‍ തന്നെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട്, കുറുമ്പ്രനാട്, വയനാട് എന്നീ താലൂക്കുകളിലാണ് ഖിലാഫത്ത് സമരം രൂക്ഷമായിരുന്നത്. അവിടങ്ങളില്‍ പട്ടാളനിയമം പ്രഖ്യാപിക്കേണ്ടി വന്നു. ഖിലാഫത്തിന് മുന്‍പ്, ടിപ്പുവിന്റെ പടയോട്ടം മുതല്‍, ഇസ്ലാം മതത്തിലേക്ക് നിര്‍ബന്ധിത മതംമാറ്റം ഉണ്ടായിരുന്നു. അതിന്റെ പേരില്‍ ലഹളകളും. 1920 ഏപ്രില്‍ 28 ന് ആരംഭിച്ച ഖിലാഫത്ത് സമരത്തിന് മുന്‍പ് പലവട്ടം മലബാറില്‍ ഹിന്ദു-മുസ്ലിം ലഹളകള്‍ ഉണ്ടായിട്ടുണ്ട്. എല്ലാ ലഹളയുടേയും കാരണം മതഭ്രാന്തായിരുന്നു എന്ന കാര്യത്തിലും സംശയമില്ല. പക്ഷേ 1920 ഏപ്രില്‍ മാസത്തില്‍ മലബാര്‍ പൊതുവെ ശാന്തമായിരുന്നു.
എന്നാല്‍ 1920 ഏപ്രില്‍ 28 ന് മഞ്ചേരിയില്‍ ഖിലാഫത്ത് ജില്ലാ സമ്മേളനം നടന്നു. തുര്‍ക്കി പ്രശ്‌നം, ഇന്ത്യന്‍ മുസ്ലീങ്ങളുടെ വികാരം കണക്കിലെടുത്ത്, ബ്രിട്ടന്‍ പരിഹരിക്കണമെന്നും അല്ലെങ്കില്‍ മൗലാന ഷൗക്കത്ത് ആലിയുടെ നേതൃത്വത്തില്‍ മദ്രാസില്‍ ചേര്‍ന്ന ഖിലാഫത്ത് സമ്മേളനം തീരുമാനിച്ചതുപോലെ ബ്രിട്ടനോട് നിസ്സഹകരിക്കുമെന്നും ഈ സമ്മേളനം ഒരു പ്രമേയത്തിലൂടെ തീരുമാനിച്ചു. മഞ്ചേരി അതിന് മുന്‍പ് നടന്ന മാപ്പിള കലാപങ്ങളുടെയെല്ലാം പ്രഭവ കേന്ദ്രമായിരുന്നു എന്ന കാര്യവും ഓര്‍ക്കാവുന്നതാണ്. സമ്മേളനത്തില്‍ പങ്കാളികളായവര്‍ ആവേശഭരിതരായിരുന്നു. ബ്രിട്ടനെ മാറ്റി മുസ്ലിം സ്വരാജ് സ്ഥാപിക്കലായിരുന്നു ആലി മുസലിയാര്‍ ഉള്‍പ്പെടെയുള്ള ലഹളക്കാല നേതാക്കളുടെ ലക്ഷ്യം. മലബാറില്‍ എമ്പാടും ഖിലാഫത്ത് സമ്മേളനങ്ങള്‍ നടന്നു. സമ്മേളനങ്ങളിലെ മലബാര്‍ മാപ്പിളമാരുടെ സാന്നിദ്ധ്യം, സമ്മേളനങ്ങളില്‍ പങ്കെടുത്ത ദേശീയ നേതാക്കള്‍ അടക്കമുള്ളവരെ ആവേശഭരിതരാക്കി.
ആവേശം കൊണ്ട മാപ്പിളമാര്‍ നിയന്ത്രണമില്ലാതെ ലഹളയിലേക്ക് വഴുതി വീഴും എന്നു കണ്ടപ്പോള്‍, 1921 ഫെബ്രുവരി അഞ്ചിന്, സര്‍ക്കാര്‍ ഏറനാട് താലൂക്കില്‍ പൊതുയോഗങ്ങള്‍ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി. പക്ഷേ, ഇതൊന്നും ഖിലാഫത്ത്-കോണ്‍ഗ്രസ്സിലേക്കുള്ള ജനപ്രവാഹം തടഞ്ഞില്ല. നൂറുകണക്കിന് പേര്‍ കോണ്‍ഗ്രസ്സില്‍ ചേരുന്നതില്‍ കെ.പി.കേശവമേനോന്‍ പോലും ആഹ്ലാദവാനായിരുന്നു. ഇതിനിടയില്‍, മുസ്ലീംലീഗു വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന മദ്രാസ് മുസ്ലിം നേതാവ് യാക്കുബ് ഹസ്സന് കോഴിക്കോട് നല്കിയ സ്വീകരണത്തില്‍ കണ്ട ജനപങ്കാളിത്തം അമ്പരപ്പിക്കുന്നതായിരുന്നു. നിരോധനം ലംഘിച്ചു പ്രസംഗിച്ച യാക്കുബ് ഹസ്സനും മറ്റ് നേതാക്കള്‍ക്കും എതിരെ കേസ്സെടുത്തു ശിക്ഷിച്ചത് മാപ്പിളമാര്‍ക്ക് സഹിച്ചില്ല. അവര്‍ നിയന്ത്രണം വിട്ട ആള്‍ക്കൂട്ടമായും അഹിംസാവിരുദ്ധരായും മാറിക്കൊണ്ടിരുന്നു.
മലബാറിലെ ഓരോ കേന്ദ്രത്തിലും കോണ്‍ഗ്രസ്സ്-ഖിലാഫത്ത് സഭകള്‍ വളര്‍ന്നു. 1921 ജൂണ്‍ ആയപ്പോഴേക്കും 189 സഭകളും 18007 അംഗങ്ങളുമായെന്ന് കെ.പി.കേശവമേനോന്‍ ആഹ്ലാദത്തോടെ കണക്ക് ഉദ്ധരിച്ചുകൊണ്ട് പ്രസംഗിച്ചു. അങ്ങനെ മാപ്പിളമാരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സിന്റെ നിസ്സഹകരണപ്രസ്ഥാനവും ഖിലാഫത്തു സമരവും ഒന്നായി. ഖിലാഫത്ത് അസ്സോസിയേഷനുകള്‍ രൂപംകൊണ്ടു. ഈ ഘട്ടത്തിലാണ് തിരുരങ്ങാടിയിലെ മതാദ്ധ്യാപകന്‍ ആലി മുസ്ലിയാര്‍ ഖിലാഫത്ത് നേതാവായി ഉയര്‍ന്നത.് ഖിലാഫത്തിനുവേണ്ടി മരിക്കാന്‍ സന്നദ്ധരായിരുന്ന മാപ്പിളമാരെ ഖുര്‍-ആന്‍ തൊട്ടു സത്യം ചെയ്യിച്ചുകൊണ്ട് ആലി മുസ്ലിയാര്‍ ഖിലാഫത്ത് സേന രൂപീകരിച്ചു. ആവര്‍ യൂണിഫോമണിഞ്ഞ് ആയുധധാരികളായി മാര്‍ച്ച് ചെയ്തു. ഭരണകൂടത്തെ വെല്ലുവിളിച്ചു. 1921 ജൂണ്‍ എട്ട് റംസാന്‍ ദിനത്തില്‍ വാളേന്തിയ ഖിലാഫത്ത് ഭടന്മാര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ മുന്‍ലഹളകളില്‍ മരിച്ച മാപ്പിളമാരുടെ ഖബറിടത്തില്‍ പ്രാര്‍ത്ഥിച്ച് ഉത്തേജിതരായി.
ഈ കാലഘട്ടത്തിലും കേശവമേനോന്‍ അഹിംസാനിഷ്ഠമായ സമരത്തെക്കുറിച്ച് ഉദ്‌ഘോഷിക്കുകയും നിയമലംഘകരെ അഭിനന്ദിക്കുകയും ചെയ്തുകൊണ്ടിരുന്നു; ഒരു അനുഷ്ഠാനംപോലെ. ഇതിനിടയില്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ വിവിധഭാഗങ്ങളില്‍ സായുധ സേനകള്‍ രൂപം കൊണ്ടുമിരുന്നു. കേശവമേനോന്റെ അഹിംസാപ്രസംഗങ്ങളും മുസ്ലിയാരുടെ സായുധസേനാ രൂപീകരണവും ഒരുപോലെ നടന്നു. അതായത് മേനോന്റെ അഹിംസയും മുസ്ലിയാരുടെ ഹിംസയും ഒരുമിച്ചു വളര്‍ന്നു. മാപ്പിളമാര്‍ ജിഹാദിന് തയ്യാറായിരുന്നു. അതിന്റെ മുന്നോടിയായി ശുഹദാക്കളുടെ (ജിഹാദില്‍ പങ്കെടുത്തു വീരമൃത്യുവരിച്ച് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സ്വര്‍ഗ്ഗം പൂകിയവര്‍ എന്നു വിശ്വസിക്കപ്പെടുന്നവരാണ് ശൂഹദാക്കള്‍) പൂക്കോട്ടൂരിലെ ഖബറിടങ്ങളില്‍ മാപ്പിളമാര്‍ കൂട്ടംകൂട്ടമായെത്തി അല്ലാഹു അക്ബര്‍ ആരവത്തോടെ ജിഹാദിന് തയ്യാറായതായി പ്രതിജ്ഞ ചെയ്തു. 1920 ആഗസ്റ്റ് ഇരുപതിന് ജിഹാദ് ആരംഭിച്ചു. പിന്നെ എന്തു സംഭവിച്ചു എന്നത് അനുഭവസാക്ഷ്യങ്ങളില്‍ ഉണ്ട്.
മാപ്പിള ജിഹാദിനെ സാമ്രാജ്യത്വ വിരുദ്ധസമരമായും ജന്മിത്വവിരുദ്ധസമരമായും ബ്രിട്ടീഷ് വിരുദ്ധസമരമായും കര്‍ഷകകലാപമായും എന്തിനേറെ വര്‍ഗ്ഗസമരമായും ഓരോ ചരിത്രകാരനും അദ്ദേഹത്തിന്റെ താല്പര്യത്തിന് അനുസരിച്ച് വ്യാഖ്യാനിച്ചിട്ടുണ്ട്. എന്നാല്‍, ഖിലാഫത്ത് സമരം ഒരിക്കലും സാമ്രാജ്യത്വ വിരുദ്ധസമരമായിരുന്നില്ല. കാരണം, ജിഹാദികള്‍ ഒരിക്കലും സാമ്രാജ്യത്വത്തിന് എതിരല്ല എന്നു മാത്രമല്ല ആലോകവ്യാപ്തമായ ഇസ്ലാമിക സാമ്രാജ്യം വേണം എന്ന അഭിപ്രായക്കാരുമാണ്. ലോകം മുഴുവന്‍ ഏകശാസനത്തിലാക്കി അടക്കി നിര്‍ത്തണം എന്നതാണ് ഏതൊരു സാമ്രാജ്യവാദിയും ആത്യന്തികമായി ആഗ്രഹിക്കുന്നത്. ലോകത്തിലെ ജിഹാദികളുടെ ആഗ്രഹവും അതുതന്നെയാണ്. ഈ ആഗ്രഹത്തെയാണ് അവര്‍ ദാറുള്‍ ഇസ്ലാം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അതായത്, ലോകം മുഴുവന്‍ ഇസ്ലാംമതശാസനത്തിന് കീഴില്‍ ഭരിക്കപ്പെടണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. ആഗോളഇസ്ലാമിക സാമ്രാജ്യം വരണമെന്നു സാരം.
തുര്‍ക്കി സുല്‍ത്താന്റെ നേതൃത്വത്തിലുള്ള ഖിലാഫത്ത് ആഗോള ഇസ്ലാമിക സാമ്രാജ്യത്തിന്റെ വരവായിട്ടാണ് മുസ്ലീങ്ങള്‍ കണ്ടിരുന്നത്. അതിനെ ബ്രിട്ടന്റേയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളുടേയും നേതൃത്വത്തിലുള്ള സാമ്രാജ്യങ്ങള്‍ തകര്‍ക്കുന്നതിനെയാണ് അവര്‍ എതിര്‍ത്തത്. സാമ്രാജ്യത്വത്തെയല്ല ബ്രിട്ടീഷ് സാമ്രാജ്യത്തെയാണ് അവര്‍ എതിര്‍ത്തത്. ബ്രിട്ടീഷ് സാമ്രാജ്യം മാറി ഇസ്ലാമിക സാമ്രാജ്യം സ്ഥാപിക്കണമെന്ന ആവശ്യത്തോടെ നടത്തിയ സമരത്തെ സാമ്രാജ്യത്വവിരുദ്ധസമരമായി കാണുന്നത് സൂക്ഷ്മജ്ഞാനത്തിന്റെ അഭാവത്തെയാണ് സൂചിപ്പിക്കുന്നത്. മറ്റൊരു കോണിലൂടെ നോക്കുകയാണെങ്കില്‍ കുരിശുയുദ്ധകാലം മുതല്‍ നിലനിന്നിരുന്ന ക്രൈസ്തവ-ഇസ്ലാമിക സാമ്രാജ്യപ്പോരാട്ടപ്പകയുടെ അവശേഷിപ്പും ഖിലാഫത്ത് സമരത്തില്‍ മുസല്‍മാനെ പ്രേരിപ്പിച്ചിട്ടുണ്ടാകാം എന്നു കരുതുന്നതും തെറ്റാകില്ല.
മലബാറിലെ മാപ്പിള ജിഹാദ് ജന്മിത്വവിരുദ്ധസമരമായി വ്യാഖ്യാനിക്കുന്നവരുമുണ്ട്. ഈ വ്യാഖ്യാനത്തിന് പുരോഗമനകേരളത്തിന്റെ സ്വീകാര്യതയും ഉണ്ട് എന്നത് നേര്. കേരളത്തിലെ ജന്മികുടുംബങ്ങളിലെ പുരോഗമനാശയക്കാരാണ് എന്ന ഭാവിക്കുന്നവര്‍ ജന്മിത്വത്തിന്റെ എല്ലാ ആര്‍ഭാടങ്ങളും യഥേഷ്ടം അനുഭവിച്ചുകൊണ്ട്, ജന്മിത്വത്തെ വിമര്‍ശിക്കുക എന്നത് അലങ്കാരമായി കരുതുന്നവരാണ്. മാപ്പിള ജിഹാദ് ജന്മിത്വവിരുദ്ധസമരമായിരുന്നു എങ്കില്‍ ഹിന്ദു-മുസ്ലിം ഭേദമില്ലാതെ എല്ലാ ജന്മിമാരെയും ഹാലിളകിയ മാപ്പിളമാര്‍ വധിക്കേണ്ടതായിരുന്നില്ലേ? എന്തിനാണ് അവര്‍ ഹിന്ദു ജന്മിമാരെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിച്ചുകൊന്നൊടുക്കിയത്? എന്തിനാണ് അവര്‍ ഹിന്ദു ജന്മിമാരുടെ വീടുകള്‍ മാത്രം കത്തിച്ചത്? എന്തിനാണ് അവര്‍ ഹിന്ദു ജന്മികുടുംബങ്ങളിലെ സ്ത്രീകളെ മാത്രം ബലാല്‍സംഗം ചെയ്തത്? ചേക്കൂട്ടി എന്ന മുസ്ലിം ജന്മിയെ കൊന്നു എന്നത് നേരാണ്. എന്നാല്‍ ചേക്കുട്ടി ജന്മിയായതുകൊണ്ടല്ലായിരുന്നു കൊന്നത്. പക്ഷേ, അദ്ദേഹം ബ്രിട്ടീഷ് ചാരനായ മുന്‍ പോലീസുകാരനായിരുന്നു. ദീനിനെ ഒറ്റുകൊടുത്ത കാഫിര്‍ വധശിക്ഷ അര്‍ഹിക്കുന്നതുകൊണ്ടാണ് ചേക്കൂട്ടിയെ മാപ്പിള ജിഹാദികള്‍ കൊന്നത്; സ്വര്‍ഗ്ഗം നേടാന്‍ ആ കൊലപാതകം സഹായിക്കുമെന്നും അവര്‍ കരുതിയിരിക്കാം.
മാപ്പിളലഹള ബ്രിട്ടീഷ് വിരുദ്ധസമരമായിരുന്നു എന്നും ദേശാഭിമാനികളായ ധാരാളം മുസ്ലീങ്ങള്‍ ധീരരക്തസാക്ഷികളായിട്ടുണ്ട് എന്നും ചിലര്‍, മുസ്ലീങ്ങളും അല്ലാത്തവരും, അവകാശപ്പെടാറുണ്ട്. ഈ നിഗമനം തീര്‍ത്തും തെറ്റാണ്. കാരണം, ഒരു ഇസ്ലാം മതവിശ്വാസിക്കും ദേശാഭിമാനത്താല്‍ പ്രചോദിതനാകാനാകില്ല. ദേശത്തിന്റെ അതിര്‍വരമ്പുകളില്‍ ഇസ്ലാംമതം വിശ്വസിക്കുന്നില്ല. ഏതുദേശത്തിനും ഭൂമിശാസ്ത്രപരമായ അതിര്‍വരമ്പുകളും സാംസ്‌കാരികസവിശേഷതകളും ഉണ്ട്. ഇസ്ലാംമതവിശ്വാസമാകട്ടെ അതൊന്നും അംഗീകരിക്കുന്നില്ല. ആരെല്ലാമാണോ ഇസ്ലാംമതം സ്വീകരിക്കുന്നത് അവരാണ് ഒരു മുസ്ലീമിനെ സംബന്ധിച്ചിടത്തോളം നാട്ടുകാരനും സഹോദരനും. മതവിശ്വാസമാണ് ഇസ്ലാമിന്റെ രാജ്യാതിര്‍ത്തി നിര്‍ണ്ണയിക്കുന്നത്. അതുകൊണ്ട് ദേശസ്‌നേഹത്താല്‍ പ്രചോദിതരായിട്ടല്ല മതവിശ്വാസത്താല്‍ ആവേശിതരായിട്ടാണ് മാപ്പിളമാര്‍ കലാപത്തില്‍ പങ്കെടുത്തത്. മാപ്പിളലഹളയ്ക്ക് ശേഷം മുസ്ലീങ്ങള്‍ കൂട്ടത്തോടെ വന്നപോലെ കോണ്‍ഗ്രസ്സ് വിട്ടുപോകുകയും ചെയ്തു. അവര്‍ കോണ്‍ഗ്രസ്സുകാരായിട്ടല്ല മുസ്ലീംലീഗുകാരായിട്ടാണ് ജീവിച്ചതും ജീവിക്കുന്നതും. വളരെകുറച്ചുപേര്‍ കോണ്‍ഗ്രസ്സില്‍ ഉറച്ചുനിന്നു; വംശനാശം സംഭവിച്ച അവര്‍ ദേശീയ മുസ്ലീങ്ങള്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
ഹിന്ദു മുസ്ലിം ഐക്യം നിലനിര്‍ത്താമെന്നും ബ്രിട്ടനെതിരെയുള്ള സമരത്തില്‍ ഹിന്ദുവിനോടൊപ്പം മുസ്ലീമിനേയും അണിനിരത്താമെന്നുമുള്ള ഗാന്ധിയുടെ സ്വപ്‌നം തകര്‍ന്ന സന്ദര്‍ഭമായിരുന്നു മാപ്പിളലഹള. ലഹളയെ ഗാന്ധിജി തള്ളിപ്പറഞ്ഞു. ഭ്രാന്തെടുത്ത മാപ്പിളമാര്‍ ചെയ്ത ഹീനകൃത്യത്തെ മുസ്ലിങ്ങളില്‍ മഹാഭൂരിപക്ഷവും അംഗീകരിക്കില്ല എന്നു പറഞ്ഞ് ഗാന്ധിജി സമാശ്വസിക്കുകയും ചെയ്തു. എന്തൊക്കെയായിരുന്നു മതഭ്രാന്തു മുഴുത്ത മാപ്പിളമാര്‍ ചെയ്തത്? അവര്‍ ഹിന്ദുക്കളെ തിരഞ്ഞുപിടിച്ചുകൂട്ടക്കൊല ചെയ്തു. ഹിന്ദുക്കളെ ഭീഷണിപ്പെടുത്തി കൂട്ടമായി മതംമാറ്റി ഇസ്ലാമില്‍ ചേര്‍ത്തു. ഹിന്ദുസ്ത്രീകളെ ബലാല്‍സംഗം ചെയ്തു; വിസമ്മതിച്ചവരെ വെട്ടിക്കൊന്നു. ഹിന്ദുക്കളുടെ സ്ഥാവരജംഗമസ്വത്തുക്കള്‍ കയ്യേറി കയ്യടക്കി സൂക്ഷിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ തീയിട്ടു നശിപ്പിച്ചു. റവന്യൂ രേഖകള്‍ തേടിപ്പിടിച്ചു നശിപ്പിച്ചു. പാലങ്ങളും റോഡുകളും റയില്‍പാളങ്ങളും തകര്‍ത്തു. അങ്ങനെ അവര്‍ ജിഹാദ് വിജയിപ്പിച്ചു.
ലഹളയുടെ അവസാനം ഖിലാഫത്ത് രാജാക്കന്മാരും ഗവര്‍ണര്‍മാരും സ്ഥാനാരോഹണം ചെയ്യപ്പെട്ടു. മലബാറിലെ ഖിലാഫത്തിന് ഒത്താശ ചെയ്ത കോണ്‍ഗ്രസ്സ് നേതാക്കള്‍ നിസ്സഹായരായി ജനങ്ങള്‍ക്ക് മുന്നില്‍ ഉത്തരംമുട്ടി ഒന്നും ഉരിയാടാതെ നിന്നു. 1907 ല്‍ തിരുരങ്ങാടിയില്‍ മതാദ്ധ്യാപകനായി എത്തിയ ആലി മുസ്ലിയാര്‍, 1921 ആഗസ്റ്റ് 22 ന്, ഖിലാഫത്ത് സുല്‍ത്താനായി ജമാഅത്ത് പള്ളിയില്‍ വെച്ച് സ്ഥാനാരോഹണം ചെയ്യപ്പെട്ടു. മുസ്ലിയാര്‍ ഭരണമേറ്റെടുത്ത് കരംപിരിവു തുടങ്ങി; ഭൂമിയും മറ്റു ജംഗമസ്വത്തുക്കളും ഖിലാഫത്തിന്റേതായിരിക്കും എന്നു തിട്ടൂരമിറക്കി. കുറ്റവാളികളായി മുദ്രകുത്തപ്പെട്ടവര്‍ക്ക് മുസ്ലിയാര്‍ വധശിക്ഷ വിധിച്ചു; ശരിഅത്ത് പ്രകാരം വാരിയന്‍കുന്നത്ത് അഹമ്മദ് ഹാജി ഹിന്ദുക്കളുടെ രാജാവും മുസ്ലീങ്ങളുടെ അമീറും ഖിലാഫത്ത് സേനയുടെ കേണലുമായി സ്വയം പ്രഖ്യാപിച്ചു. കുഞ്ഞിഖാദര്‍, കുഞ്ഞിക്കോയ തങ്ങള്‍, സീതിക്കോയ തങ്ങള്‍, ചെമ്പ്രശ്ശേരി ഇച്ചിച്ചിക്കോയ തങ്ങള്‍ ഇങ്ങനെ ഖിലാഫത്ത് ഭരണാധികാരികള്‍ ധാരാളം ഉണ്ടായിരുന്നു.
ഇവരുടെ രാജ്യഭാരം അധികകാലം നീണ്ടുനിന്നില്ല. ആലിമുസ്ലിയാരുടെ രാജ്യഭാരം 1922 ആഗസ്റ്റ് 30 ന് അവസാനിച്ചു. വാരിയംകുന്നത്തിന്റെ ഭരണം ആഗസ്റ്റ് 22 ന് തുടങ്ങി പിടിക്കപ്പെടും വരെ തുടര്‍ന്നു. കുഞ്ഞിക്കോയ തങ്ങള്‍, സീതിക്കോയ തങ്ങള്‍, ചെമ്പ്രശ്ശേരി തങ്ങള്‍, പാലക്കാംതൊടി അവോക്കര്‍ എന്നിവര്‍ വെടിയേറ്റുകൊല്ലപ്പെട്ടു. കൊള്ളയും കൊലയും വാഗണ്‍ ട്രാജഡി ഉള്‍പ്പെടെയുള്ള അത്യാഹിതങ്ങളുമായിരുന്നു മാപ്പിളകലാപത്തിന്റെ ബാക്കിപത്രം. പാളിപ്പോയ ഒരു അഹിംസാസമരത്തിന് ഇത്രയേറെ വില നല്‌കേണ്ടി വന്നു എന്നത് ഗാന്ധിജിയില്‍ ഒരു വേദനയായി അവശേഷിക്കുകയും ചെയ്തു.
ഇടതുപക്ഷക്കാരെ സംബന്ധിച്ചിടത്തോളം മാപ്പിള ലഹള വര്‍ഗ്ഗസമരമായിരുന്നു. മാപ്പിള ലഹള വര്‍ഗ്ഗസമരമായിരുന്നു എന്നു കമ്മ്യൂണിസ്റ്റുകാരനായ അബനി മുഖര്‍ജി ലഹള കഴിഞ്ഞ ഉടനെതന്നെ ലെനിനെ എഴുതി അറിയിച്ചിരുന്നു. ലെനിന്റെ അംഗീകാരത്തോടെ അബനി മുഖര്‍ജിയുടെ ആ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ലെനില്‍ സമ്മതിച്ച ഒരു കാര്യം അവ്വിധമല്ല എന്നു കരുതുന്നതോ പറയുന്നതോ കമ്മ്യൂണിസ്റ്റ് വ്യവസ്ഥയില്‍ ദൈവ കോപത്തിനു തുല്യമായ കുറ്റമാണ്. അതുകൊണ്ട് ഇടതുപക്ഷബുദ്ധിജീവികള്‍ മാപ്പിളലഹളയെക്കുറിച്ചു പഠിക്കാനോ പറയാനോ ശ്രമിച്ചില്ല. ഈ നിലപാടിന് ഇടതുപക്ഷനീതികരണം വേണ്ടുവോളം ഉണ്ട് എന്നതും നേരാണ്.
ഇടതുപക്ഷ ചരിത്രകാരന്മാരായിരുന്നു കൗശലക്കാര്‍. അവര്‍ മാപ്പിളലഹളയില്‍ ഗവേഷണം നടത്തി ഗ്രന്ഥതല്ലജങ്ങള്‍ രചിച്ചുകൊണ്ട് വര്‍ഗ്ഗസമരസിദ്ധാന്തത്തിന് ന്യായീകരണം കണ്ടെത്തി. പക്ഷേ അവര്‍ അബനി മുഖര്‍ജിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ചും ഈ സംഭവത്തെക്കുറിച്ച് ആദ്യം എഴുതപ്പെട്ട പുസ്തകത്തെ കുറിച്ചും ഒന്നും പറഞ്ഞില്ല. മാപ്പിളലഹള വര്‍ഗ്ഗസമരമാണെന്ന് ആദ്യം പറഞ്ഞത് അബനി മുഖര്‍ജിയാണെന്നു വന്നാല്‍ ഇതുവര്‍ഗ്ഗസമരമാണെന്നു താന്‍ ഗവേഷണം നടത്തി കണ്ടെത്തിയതാണെന്ന വാദം പൊളിയും. മാത്രമല്ല, ഗവേഷണത്തിലെ നിഗമനം മൗലികമല്ല എന്നു വരുകയും ചെയ്യും. ഇവ രണ്ടും ഒഴിവാക്കുന്നതിനുള്ള എളുപ്പമാര്‍ഗ്ഗം അബനി മുഖര്‍ജിയെ കണ്ടില്ലെന്നു നടിക്കുക എന്നതാണ്. ഇനി, അബനി മുഖര്‍ജിയുടെ റിപ്പോര്‍ട്ട് സത്യത്തില്‍ കാണാതിരുന്നതാണെങ്കില്‍ ആ ചരിത്രകാരന്റെ ഗവേഷണ ചാതുര്യത്തെ ഓര്‍ത്തുസഹതപിക്കാനേ കഴിയൂ.
ഗോപാലന്‍നായരുടെ പുസ്തകത്തെക്കുറിച്ചു പരാമര്‍ശിച്ചാല്‍ അപകടം ഇതിലും കൂടും. ഈ പുസ്തകം മാപ്പിളലഹള വര്‍ഗ്ഗസമരമല്ല വര്‍ഗ്ഗീയഭ്രാന്തായിരുന്നു എന്നു സമര്‍ത്ഥിക്കുന്നുണ്ട്. അതുകൊണ്ട് മാപ്പിളലഹള വര്‍ഗ്ഗീയഭ്രാന്തല്ല വര്‍ഗ്ഗസമരമായിരുന്നു എന്നു സമര്‍ത്ഥിക്കണമെങ്കില്‍ അതിനാവശ്യമായ വസ്തുതകള്‍ കണ്ടെത്തണം. ഏതെങ്കിലും ഒരു പണിക്കര്‍ക്ക് കവടി നിരത്തി ആ വസ്തുതകള്‍ കണ്ടെത്താനും കഴിയില്ല. തന്റെ കവടിയില്‍ ഒതുങ്ങാത്ത വസ്തുതകളെ കണ്ടില്ലെന്നു നടിക്കുന്നതാണ് ഏതു പണിക്കര്‍ക്കും സൗകര്യം. അതുകൊണ്ട് മാപ്പിളലഹളയെക്കുറിച്ചു ഗവേഷണം നടത്തിയ ഇടതുപക്ഷചരിത്രകാരന്മാര്‍ ലെനിന്‍ സഖാവിന്റെ നിഗമനം അപ്പാടെ അംഗീകരിച്ചു നിര്‍വൃതിയടഞ്ഞു. സ്വാഭാവികമായും ഗോപാലന്‍നായരുടെ പുസ്തകം തമസ്‌കരിക്കപ്പെട്ടു.
ചരിത്രരേഖ തമസ്‌കരിച്ചതെന്തിന്?
മാപ്പിളകലാപത്തെക്കുറിച്ച് ഇവിടെ സൂചിപ്പിച്ച വിവരങ്ങള്‍ ഞാന്‍ കവടിനിരത്തി കണ്ടെത്തിയതല്ല. ലഹള അവസാനിച്ചുകഴിഞ്ഞപ്പോള്‍ തന്നെ 1923 ല്‍ ലഹളയെക്കുറിച്ചു ലഭിക്കാവുന്ന വസ്തുതകള്‍ അക്കാലത്തെ പത്രവാര്‍ത്തകളുടേയും കോടതി രേഖകളുടേയും സര്‍ക്കാര്‍ രേഖകളുടേയും അടിസ്ഥാനത്തില്‍ സമാഹരിച്ച സി. ഗോപാലന്‍ നായര്‍ Moplah Rebellion1921 – എന്ന പേരില്‍ ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചു. വസ്തുതകളെ നിരത്തിവെക്കുക എന്നല്ലാതെ ഗ്രന്ഥകാരന്‍ സ്വന്തം നിഗമനങ്ങള്‍ സ്വരൂപിച്ചിരുന്നില്ല. വസ്തുതകള്‍ സ്വയം സംസാരിക്കുന്നവയായിരുന്നതുകൊണ്ട് നിഗമനങ്ങളുടെ ആവശ്യമില്ലെന്ന് അദ്ദേഹം കരുതിയിരിക്കാം. ഒന്നാം പതിപ്പോടെ ഈ പുസ്തകം തമസ്‌കരിക്കപ്പെട്ടു. അതുകൊണ്ട് തുടര്‍പതിപ്പുകള്‍ ഉണ്ടായില്ല.കേരളചരിത്രത്തിലെ ഒരു പ്രധാന സംഭവത്തെക്കുറിച്ച് എഴുതപ്പെട്ട ആദ്യത്തെ ചരിത്രരേഖ എന്തുകൊണ്ട് തമസ്‌കരിക്കപ്പെട്ടു? കാരണങ്ങള്‍ പലതുണ്ട്. കോണ്‍ഗ്രസ് നേതാക്കളെ സംബന്ധിച്ചിടത്തോളം ഈ പുസ്തകത്തില്‍ സമാഹരിക്കപ്പെട്ട വസ്തുതകള്‍ അവര്‍ക്ക് എതിരെയും സംസാരിക്കുന്നുണ്ട് എന്നതാണ് വസ്തുത. ഖിലാഫത്തിന്റെ തുടക്കത്തില്‍ ആഘോഷപൂര്‍വ്വം വന്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ നേതാക്കള്‍ ലഹളക്കാലത്ത് അപ്രസക്തരായിതീര്‍ന്നു എന്നു മാത്രമല്ല ഹിന്ദു-മുസ്ലിം ഐക്യം പ്രസംഗിച്ച അവര്‍ക്ക് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുന്നത് നിസ്സഹായരായി നോക്കി നില്‌ക്കേണ്ടിയും വന്നു. അതുകൊണ്ട് ഗോപാലന്‍നായരുടെ പുസ്തകത്തെ അവര്‍ അകറ്റി നിര്‍ത്തി. ഗാന്ധിയന്മാരാകട്ടെ അങ്കലാപ്പിലായിരുന്നു. ഗാന്ധിയോടുള്ള ഭക്തിമൂലം ഗാന്ധിക്ക് തെറ്റു പറ്റുമെന്നു വിശ്വസിക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. തനിക്ക് പറ്റിയ തെറ്റുകള്‍ ഏറ്റുപറയുമ്പോഴെല്ലാം താന്‍ പൂര്‍വ്വാധികം ശക്തനായിത്തീരുന്നു എന്നു ഗാന്ധി പറഞ്ഞിരുന്നു. മാത്രമല്ല, തെറ്റുമൂടിവെക്കുന്നതിനേക്കാള്‍ സത്യം ഉറക്കെ വിളിച്ചു പറയുന്നതാണ് ശരി എന്നും ഗാന്ധി വിശ്വസിച്ചിരുന്നു. പക്ഷേ, ഖിലാഫത്തില്‍ ഗാന്ധിക്ക് തെറ്റി എന്നു പറയാന്‍ ഗാന്ധിയന്മാര്‍ക്ക് കരുത്തുണ്ടായിരുന്നില്ല.
(Moplah Rebellion 1921 -എന്ന സി. ഗോപാലന്‍നായരുടെ പുസ്തകത്തിന്റെ മലയാള പരിഭാഷയ്‌ക്കെഴുതിയ അവതാരികയില്‍ നിന്ന്)